Monday, December 11, 2023

സംസ്കൃതവും പാണിനിയും ....

 സംസ്കൃതവും പാണിനിയും ....

മൃതഭാഷയായ സംസ്കൃതത്തിന് പാണിനി പതഞ്ജലിയെന്ന രണ്ടു മൂന്നു പേരിൽ കൂടുതലായിട്ട് എന്താണ് പറയാനുള്ളതെന്ന് ഒരു ചർച്ചയിൽ ചോദിച്ചത് കണ്ടു...
ഇതിനുത്തരമായി മൃതഭാഷയെന്നു പറയുന്ന സംസ്കൃത ഭാഷയിലെന്താണ് എന്ന് ഞാൻ പറയാൻ ശ്രമിച്ചാൽ ഏകദേശം ഒരുകോടിയിലധികം ഗ്രന്ഥങ്ങളുടെ പേരുകളും, അൻപത് ലക്ഷത്തിലധികം വരുന്ന പ്രധാനപ്പെട്ട ആചാര്യന്മാരുടെ പേരും ഇവിടെ കോപി ചെയ്യേണ്ടി വരും. കാരണം ഇതെല്ലാം എഴുതിയിരിക്കുന്നത് വ്യാകരണമെന്ന ഒരേ ഒരു ആധാരത്തിലാണ്. അതുകൊണ്ട് അതു വായിക്കുവാൻ ഏറ്റവും കുറഞ്ഞത് എൻ സി സി അഥവാ മാനുസ്ക്രിപ്റ്റ് കാറ്റലോഗ് ഇരുപതിലധികം വോളിയം ആയി ഇറക്കിയിരിക്കുന്നത് ചെന്നൈ കാമ്പസിൽ നിന്ന് മേടിച്ചാൽ മതി.
പക്ഷെ, ഇവിടെ സംസ്കൃത വ്യാകരണ വിദ്യാർഥിയെന്ന നിലയിൽ, ഭാരതത്തിലെ വൈയ്യാകരണന്മാരിൽ കുറച്ച് പേരെ മനസ്സിലാക്കുവാൻ ഞാൻ സഹായിക്കാം..
ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് ഭാരതത്തിലെ ആദ്യത്തെ വൈയ്യാകരണനല്ല പാണിനി. അതിനുമുൻപും ഇവിടെ സംസ്കൃത വ്യാകരണത്തിൽ ആചാര്യന്മാരുണ്ടായിരുന്നു. പാണിനി വ്യാകരണത്തിന് മുൻപ് എണ്പത്തിയഞ്ച് വൈയാകരണന്മാരുടെ പേരുകൾ യുധിഷ്ഠിര മീമാംസകൻ തന്റെ വ്യാകരണ ശാസ്ത്രത്തിന്റെ ഇതിഹാസത്തിൽ പറയുന്നുണ്ട്.
അഷ്ടാധ്യായിയിൽ മാത്രം പാണിനി ഗാർഗ്യൻ, ഗാലവൻ, സ്ഫോടായനൻ, ശാകടായനൻ, ശാകല്യൻ, ആപിശലി എന്നിങ്ങനെ ആചാര്യന്മാരെ ഉദ്ധരിച്ചിട്ടുണ്ട്... അതുകൊണ്ട് തന്നെ പാണിനിക്കു മുന്പു തന്നെ ആചാര്യന്മാരുണ്ടായിരുന്നു എന്നതിൽ തർക്കമില്ല..
ഐന്ദ്രവ്യാകരണം , ചാന്ദ്രവ്യാകരണം, കാതന്ത്രവ്യാകരണം, ജൈനേന്ദ്രവ്യാകരണം, സാരസ്വത വ്യാകരണം, ശാകടായന വ്യാകരണം, മുഗ്ധബോധവ്യാകരണം, കൌമാരവ്യാകരണം, പാണിനി വ്യാകരണം ഇവയാണ് നാം ഇന്നു കുറച്ചെങ്കിലും കേട്ടു പരിചയമുണ്ടാകുക. പാണിനിയ്കു ശേഷവും വ്യാകരണത്തിൽ അനേകം ആചാര്യന്മാരുണ്ടായിട്ടുണ്ട്..
പാണിനിക്ക് പൂർവവർത്തി അതായത് മുൻപുണ്ടായിരുന്നവരിൽ ബ്രഹ്മാ, ബൃഹസ്പതി, ഇന്ദ്രൻ, ശിവൻ, വായുഃ ഭാരദ്വാജൻ, ഭാഗുരി വൈാഘ്രപദ്യൻ, പൌഷ്കരസാദി, ചാരായണൻ, കാശകൃത്സ്നൻ, ശന്തനു, മാധ്യന്ദിനി, രൌഢി, ശൌനകി, ഗൌതമ എന്നിവരെ പ്രധാനികളായി പറയുന്നു,
ഇനി അഷ്ടാധ്യായിക്കു മാത്രം വൃത്തിയെഴുതിവരെ നോക്കിയാൽ,
ശ്വോഭൂതിഃ വ്യാഡിഃ, ദേവനന്ദീ, ചുല്ലിഭട്ടി, നിർലുരഃ, ജയന്തഭട്ടൻ, മേത്രൈയരക്ഷിതൻ, അന്നംഭട്ടൻ, ഭട്ടോജിദീക്ഷിതൻ, അപ്പയ്യദീക്ഷിതൻ, ജയാദിത്യവാമനൻ എന്നിവർ പെടും.
രൂപാവതാരം, പ്രക്രിയാരത്നം, രൂപമാലാ, പ്രക്രിയാ കൌമുദീ, പ്രകാശം, പ്രക്രിയാ പ്രദീപം, തത്ത്വചന്ദ്രം സിദ്ധാന്തകൌമുദീ, പ്രൌഢമനോരമാ, തത്ത്വകൌമുദീ രത്നാകരം, ബൃഹത്- ലഘു ശബ്ദേന്ദുശേഖരം, പ്രദീപം, ദീപികാ, ബാലമനോരമാ, വൈയാകരണ ഭൂഷണസാരം, പദമഞ്ജരീ, അനുന്യാസം പ്രക്രിയാ മഞ്ജരീ, കാശികാ വിവരണ പഞ്ജികാ ഇവയെല്ലാം പ്രധാന വ്യാകരണ ഗ്രന്ഥങ്ങളാണ്. ഇത് ഗ്രന്ഥങ്ങളാണെങ്കിൽ എഴുതാനാചാര്യന്മാരും വേണമല്ലോ...
ഇതിൽ വ്യാകരണത്തിലെ സൂത്രക്രമത്തെ ആധാരമാക്കി പറയുന്ന ഗ്രന്ഥമാണ് കാശികാ. പ്രക്രിയാനുസാരിയാണ് വൈയാകരണ സിദ്ധാന്തകൌമുദീ. ഇതിൽ കാശികയെ ആധാരമാക്കി നോക്കിയാൽ
മൈത്രേയ രക്ഷിതന്റെ തന്ത്രപ്രദീപം
നരപതി മഹാമിശ്രന്റെ വ്യാകരണപ്രകാശം,
മല്ലിനാഥന്റെ ന്യാസോദ്യാതം ഇവയാണ് പ്രസിദ്ധമായത്.
ഇതുകൂടാതെ
ഇന്ദുമിത്രന്റെ അനുന്യാസം മഹാന്യാസം
വിദ്യാസാഗരമുനിയുടെ പ്രക്രിയാ മഞ്ജരീ,
ഹരിദത്ത മിശ്രന്റെ പദമഞ്ജരി
രംഗനാഥയജ്വന്റെ മഞ്ജരീ മകരന്ദം
ജയശങ്കര ലാലത്രിപാഠിയുടെ ഭാവബോധിനീ
നന്ദമിശ്രന്റെ തന്ത്രപ്രദീപോദ്യോതനം
രത്നമതിയുടെ അമരടീകാസർവസ്വം
പുണ്ഡരീക്ഷാ വിദ്യാസാഗരന്റെ ന്യാസടീകാ
മഹാന്യാസകാരന്റെ മഹാന്യാസകാരം
ഹരിദത്തമിശ്രന്റെ മഹാപദമഞ്ജരീ
തുടങ്ങി അനേകം ഗ്രന്ഥങ്ങളുണ്ട്.
ഇനി നമുക്ക് വ്യാകരണത്തിന്റെ പ്രവക്താക്കളെ ആധാരമാക്കി നോക്കാം..
സംസ്കൃത വ്യാകരണത്തിന്റെ ആദ്യ പ്രവക്താവാണ് ബ്രഹ്മാ എന്ന് ഋത് തന്ത്രാദി ഗ്രന്ഥങ്ങളെ നോക്കിയാൽ അറിയാനാകും. അതേ കാരണം കൊണ്ടാണ് ബ്രഹ്മാ ബൃഹസ്പതയേ പ്രോവാച ബൃഹസ്പതിരിന്ദ്രായ ഇന്ദ്രോ ഭാരദ്വാജാ എന്നു പറയുന്നത്.
വ്യാകരണത്തിന്റെ രണ്ടാമത്തെ പ്രവക്താവാണ് ബൃഹസ്പതി. തൈത്തിരീയസംഹിതയിൽ, വാഗ്വൈ പരാച്യവ്യാകൃതാവദത്. തേ ദേവാ ഇന്ദ്രമബ്രുവൻ എന്ന് പറയുന്നത് ഇതെ വ്യാകരണ വിധാനമാണ്.
വ്യാകരണത്തിന് രണ്ട് സംപ്രദായമുണ്ട് മാഹേശ്വരവും ഐന്ദ്രസംപ്രദായവും, ഇതിൽ ഐന്ദ്രസംപ്രദായത്തില് ഇന്ദ്രനാണ് ആദ്യപ്രവക്താവ് . നാലാമത്തെ വ്യാകരണപ്രവക്താവ് വായുവാണ്. തുടര്ന്ന് ഭാരദ്വാജൻ, ഭാഗുരി, പൌഷ്കരസാദി, ചാരായണ, കാശകൃത്സ്ന, ശന്തനു, വൈയാഘ്രപദ്യ, ഗാര്ഗ്യ (നിരുക്തപ്രാതിശാഖ്യം നോക്കിയാൽ പാണിനിയേക്കാൾ പ്രാചീനനാണ്, നിരുക്തത്തിൽ പോലും ഗാര്ഗ്യന്റെ ഉല്ലേഖം ഉണ്ട് അതുകൊണ്ട് യാസ്കനേക്കാൾ പൂർവമാണ്), ഗാലവ, ശാകല്യ, മഹേശ്വര, മാധ്യന്ദിനി, ഗൌതമ, ആപിശലി, കാശ്യപ, ചാക്രവര്മണ, ശാകടായന, വ്യാഡി, സേനക, സ്ഫോടായന, പാണിനി എന്നിങ്ങനെ ആചാര്യന്മാരുടെ നിരയാണ്.
ഇനി വ്യാകരണ ഗ്രന്ഥങ്ങളെയും ആചാര്യന്മാരേയും കൂടി നോക്കാം...
കാത്യായന- വാർതിക സൂത്രം
പതഞ്ജലി-മഹാഭാഷ്യം
ശർവർമ- കാതന്ത്രം
ചന്ദ്രഗോമി- ചാന്ദ്രവ്യാകരണം
ഭര്തൃഹരി- മഹാഭാഷ്യദീപികാ, വാക്യപദീയം- സ്വോപജ്ഞടീകാ- ശതകത്രയം.
ദേവനന്ദീ അഥവാ ജിനേദ്രൻ- ജൈനേന്ദ്രവ്യാകരണം
വാമന- വിശ്രാന്ത വിദ്യാധരവ്യാകരണം
വാമന ജയാദിത്യ -കാശികാ വൃത്തി
ഭട്ട അകലങ്ക- മഞ്ജരീ മകരന്ദ ടീകാ
പാല്യകീർത്തി അഥവാ ശാകടായന-ശാകടായനവ്യാകരണം-അമോഘവൃത്തിടീകാ
ഭോജദേവൻ- സരസ്വതീ കണ്ഠാഭരണ
ദയാപാലമുനി- രൂപസിദ്ധി
ആചാര്യബുദ്ധിസാഗര സൂരി- ബുദ്ധിസാഗര
കൈയട- മഹാഭാഷ്യ പ്രദീപടീകാ
ഭദ്രേശ്വര സൂരി – ദീപകവ്യാകരണം
പുരുഷോത്തമ- അഷ്ടാധ്യായീ ഭാഷാവൃത്തി
ധര്മകീര്തി – രൂപാവതാര
വർധമാന- ഗണരത്നമഹോദധി
ഹേമചന്ദ്രസൂരി- സിദ്ധഹൈമ ശബ്ദാനുശാസനം, സ്വോപജ്ഞടീകാ, മധ്യാ, ബൃഹതീ വൃത്തിത്രയം
ക്രമദീശ്വര- സംക്ഷിപ്തസാര
നരേന്ദ്രാചാര്യ- സാരസ്വതവ്യാകരണ
അഭയചന്ദ്രാചാര്യ – പ്രക്രിയാ സംഗ്രഹ ( ശാകടായന വ്യാകരണം ആധാരമായി).
ബോപദേവ – മുഗ്ധബോധവ്യാകരണം, കവികല്പധ്രുമ ധാതുപാഠ
ശ്രീരാമചന്ദ്രാചാര്യ – പ്രക്രിയാ കൌമുദീ
ഭട്ടോജിദീക്ഷിത- വൈയാകരണ സിദ്ധാന്തകൌമുദീ
ജ്ഞാനേന്ദ്രസരസ്വതീ – തത്ത്വബോധിനീ ടീകാ വൈയാകരണ സിദ്ധാന്തകൌമുദീ
മഹാമഹോപാധ്യാ അന്നംഭട്ട- പാണിനീയ മിതാക്ഷരാ
നാരായണഭട്ട- പ്രക്രിയാസർവസ്വം ( കേരളത്തിലെയാണ്)
വരദരാജൻ- മധ്യസിദ്ധാന്തകൌമുദീ, ലഘുസിദ്ധാന്തകൌമുദീ
പണ്ഡിത കൌണ്ഡഭട്ട- വൈയാകരണ ഭൂഷണം
നാഗേശഭട്ട- മഹാഭാഷ്യപ്രദീപ ഉദ്യോതടീകാ
വാസുദേവ വാജപേയ – ബാലമനോരമാ ടീകാ
രാാമാശ്രമ- സിദ്ധാന്തചന്ദ്രികാ ടീകാ
വൈദ്യനാഥ പായഗുണ്ഡ- മഹാഭാഷ്യ പ്രദീപോദ്യത ഛായാ വ്യാഖ്യാ
മഹർഷി ദയാനന്ദസരസ്വതീ – അഷ്ടാധ്യായീ ഭാഷ്യ
ഇത് എഴുതിയിരിക്കുന്നത് വ്യാകരണത്തിലെ പ്രധാന ഗ്രന്ഥങ്ങളെ ആധാരമാക്കി മാത്രമുള്ള വിവരണമാണ്.. വ്യാകരണമെന്നാൽ പാണിനിയും പതഞ്ജലിയും മാത്രമല്ല.. വൈയാകരണന്മാർ മുനിത്രയത്തെ നമസ്കരിക്കുന്നു എന്നതിൽ സംശയമില്ല.. പക്ഷെ അവരെഴുതിയ ഗ്രന്ഥങ്ങളു മാത്രമാണ് വൈയാകരണന്മാരു പഠിക്കുന്നത് എന്ന് വിചാരിച്ച് ഭാരതത്തിൽ അവരല്ലാതെ എന്താണ് ഉള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരോട് എനിക്ക് പറയാൻ ഉള്ളത് എന്റെ ഗുരുനാഥന്റെ വാക്കുകളാണ്.
ഏത് വിഷയത്തേയും പറയുന്നതിന് മുൻപ് ആ വിഷയത്തെ അറിഞ്ഞു മാത്രം പറയുക.. തനിക്ക് അറിയാത്ത വിഷയം സംസാരിക്കാതെ ഇരിക്കുക.. അത്രയുമെങ്കിലും ലോകത്തിന് ഗുണം ചെയ്യുവാൻ ശ്രമിക്കുക...🙏
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment