സംസ്കൃതഭാഷയും ഭാരതീയ ഭാഷകളും...
കുറച്ച് ദിവസങ്ങളായി സംസ്കൃതഭാഷയേയും മറ്റു ഭാഷകളേയും താരതമ്യം ചെയ്തുള്ള പോസ്റ്റുകളു കാണുന്നു. ഇവിടെ വരുന്ന ആദ്യ ചോദ്യം, ഇത്രയധികം ഭാഷയുണ്ടായിരിക്കെ, ശിക്ഷാദി വേദാംഗങ്ങളെ പ്രത്യേകിച്ച് നിരുക്തത്തേയും വ്യാകരണത്തേയും ആധാരമാക്കി പ്രത്യേകമായി സംസ്കരിച്ച് ഉണ്ടാക്കപ്പെട്ട സംസ്കൃതമെന്ന ഭാഷയുടെ ആവശ്യകതയെന്തായിരുന്നു?
ഉദാഹരണത്തിന് സൌത്ത് ഇന്ത്യയിലെ എന്നല്ല ഭാരതത്തിലെ തന്നെ പഴയ ഭാഷയെന്ന രീതിയിൽ നാം സ്വീകരിക്കുന്ന തമിഴ്. തമിഴ് പോലെ വളരെ മനോഹരമായ ഒരു ഭാഷയുണ്ടായിരിക്കെ സംസ്കൃതമെന്ന ഭാഷയെ തമിഴ് നാട്ടിൽ സ്വീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് അവിടെയുള്ള ആചാര്യന്മാർ സസ്കൃതമെന്ന ഭാഷയെഴുതുവാൻ മാത്രമായി ഗ്രന്ഥയെന്ന ലിപിയുണ്ടാക്കിയത്. തമിഴ് ഭാഷയിൽ എഴുതാമായിരുന്നല്ലോ.
ആദ്യം മനസ്സിലാക്കേണ്ടത്, തമിഴ് എന്ന മനോഹരമായ ഭാഷക്ക് കുറവുള്ളതുകൊണ്ട് അല്ല ഇത്തരത്തിലൊരു ഭാഷയെ നിർമ്മിക്കേണ്ടി വന്നത്.
ഇതു മനസ്സിലാക്കാൻ ഒരുദാഹരണം നോക്കാം (ഉദാഹരണമാണ് യുക്തിയ്കുവേണ്ടി പറയുന്നതാണ്)
നാം ഒരു അഞ്ചു പേരു ചേർന്ന് ഒരു ആശയം ഉണ്ടാക്കി എന്നു വയ്കുു. അത് മലയാളികളായതിനാൽ അത് മലയാളഭാഷയിലാണ് എഴുതിയത് എന്നും വിചാരിക്കു. ഇന്ന് നാം മനസ്സിൽ വിചാരിച്ച അതേ ആശയത്തെ അതേ രൂപത്തിലും, ഭാവത്തിലും അഞ്ഞൂറു വർഷത്തിനു ശേഷവും മനസ്സിലാക്കാനാകുമോ? അതോ ആ സമയത്ത് ഭാഷയിൽ അർഥവ്യതിയാനം സംഭവിക്കുമോ ?
മലയാളത്തിലായാൽ, ഇന്നു തന്നെ 20 വർഷം മുൻപ് സംസാരിച്ച അക്ഷരങ്ങളു ഇന്നില്ല. ഭാഷയിൽ ആണെങ്കിൽ ഇരുപത്തിയഞ്ച് കിലോമീറ്ററിൽ തന്നെ ദേശം അനുസരിച്ച് അർഥം വ്യത്യാസം വരുന്നുണ്ട്. അഞ്ഞൂറു വർഷം പോയിട്ട് നൂറു വർഷം മുൻപുള്ള മലയാളത്തിലെ പദങ്ങളുടെ അർഥം നമുക്ക് മനസ്സിലാക്കാൻ തന്നെ പറ്റുന്നില്ല. (ഇന്നു പഴയ ഗ്രന്ഥങ്ങളെ ഡീകോഡ് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ പ്രശ്നവും അതാണ്). അങ്ങിനെയാണെങ്കിൽ അഞ്ഞൂറു വർഷത്തിനു ശേഷം അല്ലെങ്കിൽ ആയിരം വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു തലമുറക്കു വേണ്ടി ഏത് ഭാഷയിലാകും നമ്മൾ ആശയത്തെ കോഡ് ചെയ്തു വക്കുക.
ഇതാണ് സംസാര ഭാഷയുണ്ടായിട്ടും, അതായത് ഇന്നത്തെ പോലെ തന്നെ അനേകായിരം ലോക്കൽ ഡയലക്റ്റുകളുണ്ടായിട്ടും പുതിയ ഒരു ഭാഷയുടെ ആവശ്യകതയിലേക്ക് നയിച്ചത്. ഇതായിരുന്നു ആചാര്യന്മാർ ചിന്തിച്ച കാര്യം. ഈ പ്രശ്ന പരിഹാരത്തിനാണ് സംസ്കരിക്കപ്പെട്ട ഭാഷയെന്ന ഒരു തലത്തിലേക്ക് ഭാഷയെ അവർക്ക് നിർമ്മിക്കേണ്ടി വന്നത്.
ഇനി എന്തുകൊണ്ട് അത്രയും കാലം ഇത്തരത്തിലൊരു ഭാഷയെ സൃഷ്ടിച്ചില്ലായെന്ന് ചോദിക്കാം. അതിന് കാരണം അത് ശ്രുതി പ്രധാനമായിരുന്നു, കേട്ടു ആശയത്തെ പഠിച്ചാൽ മതിയായിരുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ഭാഷയിൽ പറയാനാകും. ഇതേ കാരണം കൊണ്ട് പ്രത്യേക ഭാഷയിലോ, പ്രത്യേകമായ ലിപിയിലോ ആക്കി വക്കേണ്ട ആവശ്യം ആ കാലത്തില്ലായിരുന്നു. ഉദാഹരണത്തിന് സംസ്കൃത വ്യാകരണം അറിയാത്ത വ്യക്തികൾക്കും സംസ്കൃതത്തിലെ വിഷയത്തെ പഠിപ്പിക്കാനാകും. കാരണം കടിച്ചാൽ പൊട്ടാത്ത രീതിയിൽ സംസ്കൃതം പറയലല്ല സംസ്കൃതജ്ഞാനം, അതിലൂടെയുള്ള ആശയമാണ്. (ഇന്ന് അതിന് നേർവിപരീതമായി കാണുന്നത് കൊണ്ടാണ് സംശയം വരുന്നത്. )
മറ്റു ഭാഷകൾ സംസാരിക്കുന്ന സമയം ദേശകാലങ്ങളിൽ പരിണാമം സംഭവിക്കുമെന്നത് ഉറപ്പായത് കൊണ്ട് തന്നെ അത് സംഭവിക്കാത്ത രീതിയിൽ ഒരു പാറ്റേണ് ആചാര്യന്മാർക്ക് സൃഷ്ടിക്കണമായിരുന്നു.
ആ പ്രശ്ന പരിഹാരത്തിന് സംസ്കൃതത്തിൽ പദങ്ങളുടെ അർഥനിർധാരണത്തിന് റൂട് അഥവാ ധാതു ആധാരമാക്കി ഭാഷയെ ക്രമപ്പെടുത്തി. അതായത് പദങ്ങളുടെ അർഥം സ്വീകരിക്കണമെങ്കിൽ നിങ്ങൾക്ക് ആ പദത്തിന്റെ നിരുക്തി അഥവാ ധാതു അറിഞ്ഞേ തീരൂ. ലതാ എന്നാൽ വള്ളി എന്ന് അർഥം പറഞ്ഞാൽ മാത്രം പോരാ. ലത വേഷ്ടനെ എന്ന ധാത്വർഥം കൊണ്ട് ശാഖാദികളില്ലാതെ ചുറ്റുന്നത് എന്ന അർഥത്തിൽ, വള്ളി അത്തരത്തിലായതുകൊണ്ട് അതിനെ ലതായെന്നു വിളിക്കാം. ഇത്തരത്തിൽ മാറ്റാൻ സാധ്യമല്ലാത്ത വിധത്തിൽ ഭാഷയെ നീയമത്താൽ ഉറപ്പിച്ചു. അതിനു മാത്രമായി വേദാംഗങ്ങളെ നിജപ്പെടുത്തി. കാലം ദേശം അവസ്ഥയിൽ മാറ്റം വരാത്ത വിധത്തിൽ സൂത്രപദ്ധതിയുണ്ടാക്കി.
ഇതെ ആശയത്തെ ബോധിപ്പിക്കാനാണ് സൂത്രലക്ഷണം പറയുന്നത്.
അല്പാക്ഷരം അസന്ദിഗ്ധം സാരവത് വിശ്വതോമുഖം
അസ്തോഭം അനവദ്യം ച സൂത്രം സൂത്രവിദോർവിദുഃ
ആലോചിച്ചു നോക്കൂ, കാലം കൊണ്ട് മാറ്റം വരാത്ത സംസാരിക്കുന്ന ഭാഷയുണ്ടാകുമോ, ഇല്ല. കാരണം ഫോണറ്റിക്സിന്റെ ബേസിക് പ്രിൻസിപ്പിളാണ് സംസാരിക്കുന്നതിന് അനുസരിച്ച് ഭാഷയിൽ വ്യത്യാസം വരും. സംസ്കൃതത്തിൽ മാത്രം അതു വരില്ല. അതായത് സംസ്കൃതം ഉണ്ടാക്കിയത് സാധാരണക്കാർക്ക് മറ്റു ഭാഷകളെ പോലെ സംസാരിക്കാനല്ല. സംസാരിക്കണമോ സംസാരിച്ചുകൊള്ളു, പക്ഷെ അത് അതിന്റെ ആ രീതിയിലുള്ള നിയമത്തിലൂടെ മാത്രമെ സാധ്യമാകൂ. അതുകൊണ്ട് അതിന് കാലാദികളിലുള്ള മാറ്റം സംഭവ്യമല്ല.
ഏത് ഭാഷയിൽ വേണമെങ്കിലും സംസാരിക്കാം, അത് തമിഴോ കന്നടയോ തെലുഗുവോ ആകട്ടെ പക്ഷെ അതിലെ ആശയങ്ങൾ സംസ്കൃതത്തിൽ കോഡ് ചെയ്തു. ഓരോ സ്ഥലത്തും അവർ ഉപയോഗിച്ചിരുന്ന സ്വന്തം ലിപിയിൽ ആണ് എഴുതുക, പക്ഷെ ഭാഷ സംസ്കൃതമാണ്. തമിഴ്നാട്ടില് ഗ്രന്ഥ, കർണ്ണാടകത്തില് അളകന്നട, കാശ്മീരില് ശാരദാ, കേരളത്തിൽ മലയാളം തുടങ്ങി ഓരോ സ്ഥലത്തും താളിയോല ഗ്രന്ഥങ്ങളു കാണാം. അവരെല്ലാവരും സ്വന്തം ഭാഷയിലാണ് സംസാരിച്ചിരുന്നത്. പക്ഷെ ഏവർക്കും സംസ്കൃതമെന്ന ഭാഷയും അറിയാം. കാരണം എഴുതിവക്കേണ്ടത് ആ ഭാഷയിലാണ്. ഇതെ കാരണം കൊണ്ട്, ഭാരതത്തിലെവിടെ വേണമെങ്കിലും പോയി നോക്കിക്കോളൂ അവിടെ സംസ്കൃതമെന്ന ഭാഷയിൽ ഏറ്റവും അധികം താളിയോല ഗ്രന്ഥങ്ങളു കാണാം.
സൌത്ത് ഇന്ത്യയിലെ പ്രധാന ഭാഷയാണ് തമിഴ്. അവർ തമിഴ് ഭാഷയില് എഴുതാതെ എന്തിനാണ് ഗ്രന്ഥയെന്ന ലിപിയെ സംസ്കൃതമെന്ന ഭാഷയെഴുതാൻ ഉണ്ടാക്കിയത്. വളരെ സിമ്പിളാണ്, സൂത്രപദ്ധതിയിൽ ഇരിക്കേണ്ട വിഷയങ്ങളെ ക്രോഡീകരിക്കാൻ സംസ്കൃതമെന്ന ഭാഷയെ യോജിപ്പിച്ചു. പഴയ കാലത്ത് ഇത്തരത്തിൽ എഴുതുന്ന ലിപികൻ തന്നെയുണ്ടായിരുന്നു. അവരുടെ യോഗ്യത എന്നത് ഇന്നത്തെ പ്രൊഫസർമാരേക്കാൾ കൂടുതലായിരുന്നു.
ആദർശലേഖകന്റെ ലക്ഷണം ഇപ്രകാരമായിരുന്നു,
മേധാവീ വാക്ടപടുർധീരോ ലഘുഹസ്തോ ജിതേന്ദ്രിയഃ
പരശാസ്ത്ര പരിജ്ഞാതാ ഏഷ ലേഖകഃ ഉച്യതേ
സർവദേശാക്ഷരാഭിജ്ഞഃ സർവഭാഷാ വിശാരദഃ
ലേഖകഃ കഥിതോ രാജ്ഞഃ സർവാധികരണേഷു വൈ
മേധാവിയും, വാക് സാമർഥ്യത്തോടു കൂടിയവനും, ജിതേന്ദ്രിയനും, സകല ശാസ്ത്രപരിജ്ഞാതാവും, സർവ ദേശങ്ങളിലേയും അക്ഷരങ്ങളെ അറിഞ്ഞവനും, സർവഭാഷകളേയും മനസ്സിലാക്കിയവനും ആണ് ലേഖകനായി ഇരുന്നിരുന്നത്.
എന്തിനാണ് ഗ്രന്ഥം എഴുതുന്ന ലിപികന് ഇത്രയധികം ഭാഷാ വ്യുത്പത്തിയും ശാസ്ത്രജ്ഞാനവും വേണമെന്ന് പറയുന്നത്. കാരണം എഴുതുന്നത് ഓരോ തലമുറയും തന്റെ അനുഭവത്തിലൂടെയുണ്ടാക്കിയ ജ്ഞാനത്തെ അവരു മനസ്സിലാക്കിയ ആശയങ്ങളെ അടുത്ത തലമുറയിലേക്ക് പകരാനാണ് ഭാഷയെ ഉപയോഗപ്പെടുത്തിയത്. ഇവിടെ ജാതിയോ മതമോ ഒന്നും പ്രധാനമേയല്ലായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അൻപത് ലക്ഷത്തിലധികം വരുന്ന ഭാരതത്തിലെ ഗ്രന്ഥങ്ങളെ നോക്കിയാൽ തൊണ്ണൂറു ശതമാനവും എഴുതിയിരിക്കുന്നത് ഗോപാലനും കൃഷ്ണനും ആയ സാധാരണക്കാരാണ്. അതിന് താളിയോല ഗ്രന്ഥങ്ങളിലെ എഴുതിയത് ആരെന്ന് മനസ്സിലാക്കാന് നോക്കുന്ന കൊളോഫോണ് മാത്രം നോക്കിയാൽ മതിയാകും. അതായത് ഭാരതത്തിലെ സാധാരണക്കാർ വരെ ഈ ഭാഷ കൈകാര്യം ചെയ്തിരുന്നു.
അപ്പോൾ ചോദ്യങ്ങള് വരാം, തമിഴുൾപ്പെടെ കൃതികളുണ്ടല്ലോ. തീർച്ചയായും. അത് തമിഴില് മാത്രമല്ല എല്ലാ ഇന്ത്യൻ ഭാഷകളിലും ഉണ്ട്, മലയാളത്തിലുമുണ്ട്, വട്ടെഴുത്ത് ഇവിടെ പ്രധാനമായിരുന്ന. അത് ഉണ്ടാകുകയും ചെയ്യും. ഏത് കാലത്തിലും വ്യക്തികൾ സ്വന്തം ഭാഷയിൽ ആ സമയത്തേക്ക് വേണ്ടി എഴുതും നമ്മളും. ഇത് സഹജമാണ്. കാരണം ഏവർക്കും എഴുതുക എന്നത് എളുപ്പമാകുക സ്വന്തം ഭാഷയിലാകുമല്ലോ. പക്ഷെ സംസ്കൃതമെന്ന ഭാഷയെ ആധാരമാക്കി നോക്കിയാൽ അത് വേറെ തന്നെയായി നിൽക്കുന്നത് ആശയ സ്പഷ്ടതയെ കാലങ്ങൾക്കുശേഷവും വരുത്തുവാനാണ്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തം അമ്മയേയും അച്ഛനേയും വിളിച്ച ഭാഷയ്കുപ്പുറമല്ല മറ്റ് ഏത് ഭാഷയും. പക്ഷെ ഇവിടെ അത്തരത്തിലൊരു ഉയർച്ചയോ താഴ്ച്ചയോ ഒന്നും ചിന്തിക്കേണ്ട ആവശ്യം തന്നെ സംസ്കൃതമെന്ന ഭാഷയെ സംബന്ധിച്ചില്ല കാരണം ഈ ഭാഷയിൽ ഭാരതമെന്ന ദേശത്തിന്റെ സകല ഭാഷകളുടേയും ആശയം അഥവാ സത്ത ഓരോ വ്യക്തികളും ഉൾകൊള്ളിച്ചിട്ടുണ്ട്. അത് മനസ്സിലാക്കിയാൽ സംസ്കൃതമാണോ തമിഴാണോ മറ്റ് ഏതെങ്കിലും ഭാഷയാണോ ആദ്യം വന്നത് എന്ന ചോദ്യമേ ഉണ്ടാകില്ല. കാരണം ഒരു ഭാഷാ പഠിതാവെന്ന രീതിയിൽ, ഭാരതത്തിൽ ഓരോ പരമ്പരയും അവരുടെ അനുഭവം എത്ര മനോഹരമായിട്ടാണ് നമുക്ക് മുന്പിലേക്ക് തന്നിരിക്കുന്നത് എന്നത് മാത്രമാകും എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം.
ഇത്തരത്തിലൊരു ഭാഷയെന്ന ചിന്തയെ കൊണ്ടു വന്നത്, ഇത്രയധികം മനോഹരമായി ഒരു ഭാഷയെ ഒരു വ്യക്തിയല്ലാ ഉണ്ടാക്കിയത് എന്നു മനസ്സിലാക്കാൻ ഇന്ദ്ര ചന്ദ്ര കാശകൃത്സ്നന്മാരായ വൈയാകരണന്മാരുടേയും നിരുക്തകാരന്മാരുടേയും, ശിക്ഷാ കാരന്മാരുടേയും പരമ്പരകളെ നോക്കിയാൽ മതി. ഭാരതം നിറഞ്ഞു നിൽക്കുന്ന ജാതിയോ മതമോ തിരിച്ചറിയാൻ കൂടി പറ്റാത്ത വിധത്തിലുള്ള പരമ്പരകളെ കാണാനാകും. സംസ്കൃതമെന്ന ഒരു ഭാഷ സംസാരിക്കുമ്പോൾ ഭാരതത്തിലെ എല്ലാ പരമ്പരകളേയും കൂടിയാണ് നാം നമസ്കരിക്കുന്നത് എന്നർഥം.
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment