വര്ണ്ണവും ജാതിയും....
ഭാരതത്തിൽ വർണ്ണങ്ങളെ കുറിച്ച് പറയുന്ന ഏതൊരു ഗ്രന്ഥഭാഗങ്ങളേയും ജാതിയെന്ന തലത്തിൽ വ്യാഖ്യാനിക്കുകയും അതുണ്ടാക്കിയത് വൈദികർ പ്രത്യേകിച്ച് ബ്രാഹ്മണരാണ് എന്ന് പറയുകയും ചെയ്യുന്നതാണ് അധികവും കണ്ടിട്ടുള്ളത്.
ഉണ്ടാക്കിയത് ആരായാലും വർണം എന്നത് ജാതിയല്ല, ഓരോരുത്തരും വരിക്കുന്ന സ്വധർമ്മമാണ് എന്നു അതേ ശാസ്ത്രം തന്നെ പറയുന്നുണ്ട്. ഈ പോസ്റ്റ് എന്താണ് വർണം എന്നതിനെ കുറിച്ചല്ല, ഈ വർണ്ണവ്യവസ്ഥ ഇന്നു വരെ പറയപ്പെട്ട തരത്തിൽ, അതായത് ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രത്വം എന്ന ആശയത്തെ ഉണ്ടാക്കിയത് സ്മൃതികാരന്മാരായ മനു തുടങ്ങിയവരാണോ എന്നതാണ്.
ഭാരതത്തിൽ വൈദികം താന്ത്രികം എന്നിപ്രകാരം രണ്ടു തരത്തിലാണ് പ്രമാണങ്ങളെ പറയുന്നത്. അതിൽ സാധാരണക്കാരെ പ്രതിനിധീകരിക്കുന്നതായ തന്ത്രാഗമങ്ങളാണ് ഭാരതത്തിന്റെ അടിസ്ഥാനമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്. അത് സിന്ധൂ നാഗരികത മുതൽ നമുക്ക് കാണാം. ഇവിടെ നമുക്ക് ചിന്തിക്കാനുള്ളത്, പരമ പ്രാമാണ്യമായ ആഗമങ്ങളെ സ്വീകരിച്ചിരുന്ന ആചാര്യന്മാർ പറഞ്ഞത് തന്നെയാണോ സ്മൃതികാരന്മാരായ മനു എന്നിവർ പറയുന്നത് എന്നതാണ്. ഇന്നു നാം മനുസ്മൃതി കത്തിക്കുന്നത് വർണ്ണത്തെയുണ്ടാക്കിയത് അവരാണെന്നു പറഞ്ഞു കൊണ്ടാണല്ലോ. അതു സത്യമാണോ എന്നതാണ് ഇവിടെയുള്ള ചോദ്യം.
വിഷയത്തിലേക്ക് കയറുന്നതിന് മുൻപെ തന്നെ പറയട്ടെ, ജന്മം കൊണ്ട് കേരളത്തിൽ എന്നല്ല എവിടേയും ആരും തന്നെ ബ്രാഹ്മണരാകുന്നില്ല. കേരളത്തിൽ ഇന്ന് ബ്രാഹ്മണരെന്ന് പറയുന്നവർ, ജന്മം കൊണ്ട് മറ്റ് ജാതികളെന്ന പോലെ നമ്പൂതിരി മാത്രമേ ആകുന്നുള്ളു. നമ്പൂതിരി കുലത്തിൽ ജനിച്ചത് കൊണ്ട് മാത്രം സ്വയം ബ്രാഹ്മണരാണെന്ന് അവകാശപ്പെട്ട് അതിന്റെ എല്ലാ അധികാരവും ഫലവും അനുഭവിക്കുമ്പോൾ, സ്വാഭാവികമായി ആ പരമ്പര മുൻപ് ചെയ്തതായ നല്ലതും ചീത്തതും ആയ കർമ്മഫലവും അതിലൂടെയുണ്ടാകുന്ന പ്രത്യാഘാതവും അനുഭവിക്കാൻ അവർ ബാധ്യസ്ഥരാണ്. അല്ലായെങ്കിൽ ബ്രാഹ്മണ ശബ്ദത്തിന്റെ ഔന്നത്യത്തെ സ്വയം അറിഞ്ഞ് അതിന്റെ ധർമ്മം ആചരിക്കേണ്ടത് അവരുടെ ബാധ്യതയാണ്.
ഇനി വിഷയത്തിൽ ആഗമഗ്രന്ഥങ്ങളിൽ വർണ്ണങ്ങളെ പറയുന്നതായ പ്രമാണങ്ങളെ നോക്കാം. ആദ്യമേ തന്നെ ഭാരതത്തിലെ തന്ത്രാഗമ ഗ്രന്ഥങ്ങളിൽ പ്രധാനമായ ആർതർ ആവലോണ് സീരിസിലെ കാളീ വിലാസ തന്ത്രം നോക്കാം.
അതിലെ ആദ്യത്തെ പടലത്തിൽ ആറാമത്തെ ശ്ലോകത്തിൽ പറയുന്നു,
സ്വഹാമന്ത്രത്തോടു കൂടിയും, പ്രണവോച്ചരണവും, ഹോമവും, സാളഗ്രാമശിലയുടെ അർച്ചനയും എല്ലാം ചെയ്താൽ ശൂദ്രൻ പതിതനാകും. ശൂദ്രോ പതിതഃ സ്യാന്ന സംശയഃ, ഇവിടെ ആഗമം പറയുന്ന, ശൂദ്രൻ പതിതനാകും എന്നതിലെ ശൂദ്രത്വം എന്നത് ഏത് അർഥത്തിലാണ്.
പ്രണവോച്ചാരണാത് ശൂദ്രഃ സ്വാഹേത്യുച്ചാരണേന ച
ഏകവർണാ ഭവിഷ്യന്തി സർവേ വർണാ ദ്വിജാതയഃ
പ്രണവോച്ചാരണം കൊണ്ടും സ്വാഹാ എന്നതു കൊണ്ടും ഏകവർണത്വം വരും എന്നു കാളീവിലാസ തന്ത്രം പറയുന്ന വർണ്ണം ഏതാണ്. സർവേ വർണാഃ, എല്ലാ വർണ്ണത്തിലുള്ളവരും എന്നതുകൊണ്ട് തന്ത്രം ഏതൊക്കെ വർണ്ണത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്.
പ്രജപേത് യദി ശൂദ്രോ അപി കന്ദർപോപാസിതാം ശുഭാം
ചതുർവർഗ്ഗമയോ ഭൂത്വാ പരം ബ്രഹ്മാധിഗച്ഛതി
ശൂദ്രനായവൻ ഇവിടെ അംബികയെ ഉപാസിച്ചാൽ ചതുർവർഗ്ഗപ്രാപ്തിയെ പ്രാപിച്ച് ബ്രഹ്മത്വത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഗ്രന്ഥം പറയുന്നത്. ഇവിടെ തന്ത്രം പറയുന്നത് അനുസരിച്ച്, ശൂദ്രത്വം മാറിയാൽ മാത്രമാണോ ബ്രഹ്മത്വ പ്രാപ്തി. ശൂദ്രോ അപി, ശൂദ്രൻ പോലും എന്ന് തന്ത്രം പറയുന്ന ശൂദ്രനാരാണ്.
വിദ്യാമുപാസ്യ ദേവേശി കാളീവിലാസ സമ്മതാം
ശൂദ്രോ അപി വൈശ്യഭാവത്വം യാതി നിശ്ചയമീരിതം
ഈ കാളീവിലാസ സമ്മതമായ വിദ്യയെ ഉപാസിച്ചാൽ ശൂദ്രന് വൈശ്യഭാവത്തിലേക്ക് എത്തിച്ചേരാനാകും എന്നാണ് ഇവിടെ ശ്ലോകാർഥം. ശൂദ്രൻ എന്തിനാണ് വൈശ്യനാകുന്നത്. കർമ്മത്വമാണോ ജന്മത്വം കൊണ്ടുള്ള കുറവാണോ ഇതിന് കാരണം. അങ്ങിനെയാണെങ്കിൽ എന്താണ് അടിസ്ഥാനപരമായി തന്ത്രം പറയാൻ ശ്രമിക്കുന്ന ശൂദ്രത്വം.
നാലാമത്തെ പടലത്തിൽ ഈശാനൻ പറയുന്നു,
ബ്രാഹ്മണൈഃ ക്ഷത്രിയൈഃ വൈശ്യൈഃ ശൂദ്രൈസ്ത്വന്തരജാതിഭിഃ
പശുഭാവേന കർത്തവ്യം കലൌ ച ജപപൂജനം
കലികാലത്തിൽ ബ്രാഹ്മണാദി നാലു ജാതികളെ മാത്രമല്ല ഇവരിലൂടെയുണ്ടാകുന്ന അവാന്തര ജാതികൂടി ഇവിടെ പറയുന്നുണ്ട്. ചോദ്യം തന്ത്രം പറയുന്നത് ജാതിയാണോ വർണ്ണമാണോ. ആണെങ്കിൽ ഇതിന്റെ അടിസ്ഥാനം എന്താണ്. എന്താണ് തന്ത്രം പറയുന്ന മിശ്രജാതി.
നമുക്ക് ഇതിന്റെ അടുത്ത ശ്ലോകം കൂടി നോക്കാം.
ഓം നമഃ ശിവായ മന്ത്രം ന തു ശൂദ്രേഷു സമ്മതം
നമഃ ശിവായേതി മന്ത്രം പ്രശസ്തം ശൂദ്രജാതിഷു.
ഓം എന്ന പ്രണവം യോജിപ്പിച്ച് ശൂദ്രന്മാരു ചൊല്ലുന്നത് യുക്തമല്ല അവർക്ക് നമഃ ശിവായ എന്ന മന്ത്രം മാത്രമാണ് പ്രശസ്തം. എന്താണ് ഇവിടെ ശൂദ്രന് പ്രണവം ചേർത്ത് ചൊല്ലാൻ നിഷിദ്ധമായി തന്ത്രം പറയുന്നതിന് കാരണം.
സ്വാഹാ പ്രണവസംയുക്തം ശൂദ്രോ മന്ത്രം കഥം ജപേത്
ശൂദ്രൻ എങ്ങിനെ ജപിക്കണമെന്ന് ദേവി ചോദിക്കുമ്പോൾ ശ്രീദേവൻ ഇപ്രകാരം പറയുന്നു,
തന്ത്രോക്തം പ്രണവം സ്വാഹാ പ്രശസ്തം ശൂദ്രജാതിഷു
അഥവാ പ്രണവസ്ഥാനേ ദീർഘപ്രണവമീരിതം
തന്ത്രോക്തമായ പ്രണവം സ്വാഹയോടു കൂടിയാണ് ശൂദ്രജാതികൾ ചെയ്യേണ്ടത്. പ്രണവസ്ഥാനത്ത് ദീർഘപ്രണവവും ആകാം. ശൂദ്രനെങ്ങിനെയാണ് പ്രണവത്തോടു കൂടിയ മന്ത്രം ജപിക്കേണ്ടത് എന്നു ചോദിക്കേണ്ട അവസ്ഥ ആഗമത്തിൽ ദേവിക്ക് വരുന്നത്.
ഇനി നമുക്ക് ശ്യാമാ രഹസ്യം നോക്കാം. അതിൽ ആദ്യത്തെ പരിച്ഛേദത്തിൽ,
സാ പുനശ്ചതുർദ്ധാ. ബ്രാഹ്മണീ ക്ഷത്രിയാ വൈശ്യാ ശൂദ്രാ ച. ശ്വേത രക്തകൃഷ്ണപീത പ്രസൂനഭേദാഃ. താസാം ശുദ്ധിർവിജയ കല്പാനുസാരേണ ലിഖ്യതേ.
ഇവിടെ നാലു തരത്തിൽ വർണ്ണങ്ങളെ പറഞ്ഞ് ഇവയുടെ ശുദ്ധി വിജയകല്പമെന്നതിനെ ആധാരമാക്കി പറയാൻ പോവുകയാണെന്നാണ് പറയുന്നത്. ഇവിടെ തന്ത്രത്തിൽ ശ്വേതം, രക്തം, കൃഷ്ണ, പീതമെന്നിങ്ങനെ നിറങ്ങളു വർണ്ണങ്ങൾക്കു പറയുന്നുണ്ട്. വർണ്ണങ്ങളില്ലായെന്നു പറയുന്ന തന്ത്രത്തിൽ എന്താണ് ഇതിന്റെ അടിസ്ഥാനം.
ഇതെ ഗ്രന്ഥത്തിന്റെ അഞ്ചാമത്തെ പരിച്ഛേദത്തിൽ,
രാത്രൌ നഗ്നോ മുക്തകേശീ എന്നുപറഞ്ഞു കൊണ്ട്
ദ്വിജാനാം ചൈവ സർവേഷാം ദിവാ വിധിരിഹോച്യതേ
ശൂദ്രാണാഞ്ച തഥാ പ്രോക്തം രാത്രാവിഷ്ടം മഹാഫലം.
ദ്വിജന്മാർക്ക് പകലും ശൂദ്രന്മാർക്ക് രാത്രിയും വിധി പറയുന്നു. ഇവിടെ ഇവിടെ ശ്യാമാ പൂജയിൽ പറയുന്ന തന്ത്രത്തിലെ ദ്വിജന്മാരാരാണ്. കാല വ്യതിയാനം കണക്കാക്കി ശൂദ്രന് രാത്രിയാണ് ഫലം കൂടുക എന്ന് ആഗമം നിശ്ചയിച്ചിരിക്കുന്നത് ഏതിനെ ആധാരമാക്കിയാണ്.
ശക്തൌ വിശേഷോ യഥാ കുമാരീ, തന്ത്രത്തെ ആധാരമാക്കി ബ്രാഹ്മണീ ശൂദ്രകന്യാ ച തഥാ ഗോപാലകന്യകാ എന്നു പറഞ്ഞുകൊണ്ട് ഒൻപതു കന്യകമാരെ യോനിമണ്ഡലത്തിൽ മൈഥുനത്തിനു വേണ്ടി യോജിപ്പിക്കാൻ ശാക്തതന്ത്രം പറയുന്നുണ്ട്. നടീ, കപാലിനീ, വേശ്യാ, രജകീ, നാപിതാംഗനാ അതായത് ശൂദ്രനിൽ ക്ഷത്രിയനുണ്ടായ കന്യക, ബ്രാഹ്മണീ, ശൂദ്രകന്യകാ, ഗോപാല കന്യകാ, മാലാകാരന്റെ കന്യകാ എന്നിങ്ങനെ ഒൻപതു പേരെയാണ് ഇവിടെ പറയുന്നത്. ഇതിൽ പറയുന്ന ശൂദ്രകന്യയെന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്. യോനിമണ്ഡലത്തിൽ പറയുന്ന ശൂദ്രന്റെ പുത്രിയാരാണ്.
ഇതെ ശ്യാമാരഹസ്യത്തിൽ ഭാവചൂഡാമണിയെ ആധാരമാക്കി കുളാമൃതരസം ബ്രാഹ്മണന്, ക്ഷത്രിയന് ഗൌഡീ, മാധ്വീ വൈശ്യന്, കദളീ മധു സമ്മിശ്രമായത് എല്ലാം ശൂദ്രന് എന്നാണ് വിധി.
വർണ്ണവ്യവസ്ഥ വൈദികത്തിൽ മാത്രമാണെങ്കിൽ തന്ത്രത്തിൽ ദേവിയ്ക് വക്കുന്ന ഉപചാരത്തിൽ പറയുന്ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രന്മാരാരാണ്.
തന്ത്രഗ്രന്ഥത്തിൽ പ്രസിദ്ധമാണ് മഹാകാളാനുമതമായ മേരു തന്ത്രം. അതിൽ നാലു തരത്തിലല്ല മനുഷ്യരെ പറയുന്നത് അഞ്ചു തരത്തിലാണ്.
ബ്രാഹ്മണാഃ ക്ഷത്രിയാഃ വൈശ്യാഃ ശൂദ്രാഃ പൌരസ്ത്യജാതയഃ. പഞ്ചധാ മനവഃ ഖ്യാതാഃ എന്നു പ്രത്യേകം പറയുന്നു. ഇവിടെ പറയുന്ന ശൂദ്രജാതി എന്താണ്. ബാക്കി നാലു വർണ്ണങ്ങൾ വൈദികം പറയുന്ന വർണ്ണങ്ങളു തന്നെയാണോ. അതോ തന്ത്രത്തിൽ പ്രത്യേകമായി വർണ്ണവ്യവസ്ഥയുണ്ടോ.
ഹീനവർണ്ണായ നോ ദദ്യാത് മന്ത്രം ത്വധികവർണകം എന്നു തുടർന്നു പറയുന്ന ശ്ലോകത്തിലെ നാലാമത്തെ വർണം ആരാണ്. ഹീനവർണം എന്നത് ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നത്.
പാശുപതം, സൌദർശനീ, നാരസിംഹ, കാർതവീര്യം ഇത്യാദികളിൽ എന്തുകൊണ്ട് ശൂദ്രന് തന്ത്രാധികാരം നൽകാതെ വർണത്രയങ്ങൾക്ക് മാത്രം വിധിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് നാലാമത്തെ വർണമായ ശൂദ്രന് ഈ മന്ത്രങ്ങളെ ഉപദേശിക്കരുത് എന്നു മേരു തന്ത്രം പറയാൻ കാരണം.
ഇതേ മേരു തന്ത്രത്തിൽ തന്നെ, ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത എന്നത് മൂപ്പത്തിയെട്ടാമത്തെ ശ്ലോകത്തിൽ കാണാം. ശൂദ്രനുണ്ടായത് പാദത്തിൽ നിന്നാണ് എന്നു പറയുന്നത് തന്ത്രമാണ്. സ്മൃതി ഗ്രന്ഥം മാത്രമല്ല. ഈ ഗ്രന്ഥത്തിൽ സെർച്ച് ചെയ്താൽ ഏകദേശം പതിനഞ്ചിലദികം തവണയാണ് ശൂദ്രശബ്ദം പല രൂപത്തിൽ പ്രയോഗിച്ചിരിക്കുന്നത്. എന്താണ് തന്ത്രത്തിൽ ഇതിന്റെ അർഥം.
ഇനി നമുക്ക് യോഗിനീ തന്ത്രം നോക്കാം
നവേന്ദുശാകേ ദേവേശി വിദിതം സർവമേവ തു
ത്ര്യംശം സന്ധ്യാംശകേ ചൈവ യദാ ശൂദ്രോ ഭവേന്നൃപ
ഇവിടെ ശ്ലോകത്തിൽ പറയുന്ന രാജാവ് ശൂദ്രനായി ഭവിക്കും എന്നതിന്റെ യുക്തിയെന്താണ്. ആരാണ് ഇവിടെത്തെ ശൂദ്രൻ.
രാജ്ഞാം ഹി പശവഃ ശസ്താ വൈശ്യാനാം വ്രീഹയസ്തഥാ
ക്ഷൌദ്രം വൃഷലജാതീനാം സർവേഷാം പശവോऽഥവാ
ഇതിൽ പറയുന്ന വൃഷലനെന്നതിന്റെ അർഥം എന്താണ്. ഞാന് മനസ്സിലാക്കിയത് വൃഷളനന്ന പദത്തിന് അർഥം ശൂദ്രനെന്നാണ്. ആഗമത്തിൽ അപ്പോൾ വൃഷളത്വം അഥവാ ശൂദ്രത്വമുണ്ടോ.
സ്വച്ഛന്ദ തന്ത്രത്തിൽ നാലാമത്തെ പടലത്തിൽ
ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാഃ ശൂദ്രാശ്ചാന്യേऽഥവാ പ്രിയേ
സർവേ തേ സമധർമ്മാണഃ ശിവധർമ്മേ നിയോജിതാഃ
ഇവിടെ നാലു തരത്തിലുള്ള വർണ്ണങ്ങളേയും പറഞ്ഞുകൊണ്ട് സമധർമ്മത്തോടു കൂടിയതാണ് വർണ്ണങ്ങളെന്നും അവരെ ശിവധർമ്മത്തിനു വേണ്ടി നിയോഗിച്ചതാണെന്നും പറയുന്നുണ്ട്. അങ്ങിനെയങ്കിൽ ഈ വർണ്ണങ്ങൾ വൈദികരാണ് ഉണ്ടാക്കിയതാണെന്നു എങ്ങിനെ പറയും. ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാഃ ശൂദ്രാ വൈ വീരവന്ദിതേ എന്ന് അല്ലെ ഇതിൽ പറയുന്നത്.
ശൈവസുധാകരമെന്ന ഗ്രന്ഥത്തിൽ സദാനന്ദൻ അതിലെ ഇരുപതാമത്തെ കിരണത്തിൽ ഭഗവാൻ ശിവന്റെ പാർഥിവ ലിംഗപൂജയുടെ വിധാനം പറയുന്നുണ്ട്. ഇവിടെ സ്ത്രീകൾക്കും ശൂദ്രന്മാർക്കും വേണ്ടി പ്രത്യേകമായി വിധാനത്തെ പറയുന്നത് എന്തിനാണ്.
ആയുരാരോഗ്യ വൃദ്ധ്യർഥം എന്നു തുടങ്ങി
സ്ത്രീഭിഃ ശൂദ്രേശ്ച കർത്തവ്യം ധർമ്മകർമ്മാർഥ സിദ്ധയേ
എന്ന് പറഞ്ഞു കൊണ്ട് ആയുരാരോഗ്യത്തിനു വേണ്ടി സ്ത്രീകളും ശൂദ്രന്മാരും ശിവന്റെ പാർഥിവ പൂജ ചെയ്യണമെന്നു പറയുന്നു. എന്തിനാണ് സ്ത്രീകളേയും ശൂദ്രന്മാർക്കും പ്രത്യേകം പൂജ.
കുലാർണവതന്ത്രത്തിന്റെ ഭൂമികയിൽ തന്നെ ചന്ദ്രകലാ, ജ്യോത്സ്നാവതീ, കുലാർണവ, കുലേശ്വരീ, ഭുവനേശ്വരീ, ബാർഹസ്പത്യ, ദുർവാസാമതം എന്നിവയിൽ ത്രിവർണ്ണത്തിന്റെ കൂടെ തന്നെ ശൂദ്രന് അധികാരിത്വം പറയുന്നുണ്ട്. ഇവിടെ ത്രിവർണത്തെ ദക്ഷിണമാർഗ്ഗിയെന്നും ശൂദ്രനെ വാമമാർഗിയെന്നും ആണ് വിളിക്കുന്നത്. എന്താണ് ഇവിടെ പറയുന്ന ശൂദ്രത്വം. എന്താണ് അവർക്ക് ദക്ഷിണമാർഗ്ഗം വിധിക്കാത്തത്. ശൂദ്രജാതികൾക്ക് ഉള്ളവർക്കും സ്ത്രീകൾക്കും ഉള്ള ദീക്ഷാ വിധി എന്തിനാണ് പ്രത്യേകം.
ഇതെ ഗ്രന്ഥത്തിന്റെ അഞ്ചാമത്തെ ഉല്ലാസത്തിൽ
ബ്രാഹ്മണസ്യ സദാ പേയം ക്ഷത്രിയസ്യ രണാഗമേ
ഗോലംഭനേ തു വൈശ്യസ്യ ശൂദ്രസ്യാന്ത്യേഷ്ടി കർമ്മണി
ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരെ കഴിഞ്ഞ് ശൂദ്രന് ശ്രമസാധ്യസമയത്ത് ആണ് മന്ത്രസംസ്കാരത്തിലൂടെ സംശോധിതമായ അമൃതപാനം വിധിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അത് അങ്ങിനെ. എന്താണ് അവർക്ക് അന്ത്യേഷ്ടി കർമ്മം വിധിച്ചത്. ഇവിടെ പറയുന്ന ശൂദ്രനാരാണ്.
കുലധർമ്മപ്രസംഗഞ്ച പശുനാം പുരതഃ പ്രിയേ
കദാചിന്നൈവ കുർവീത ശൂദ്രാഗ്രേ ദേവപാഠവത് 80
അല്ലയോ പ്രിയേ, കുലധർമ്മത്തിന്റെ പ്രസംഗം പശുക്കളുടെ മുൻപിൽ ഒരിക്കലും ചെയ്യരുത്, എപ്രകാരമാണോ ശൂദ്രനു മുൻപിൽ വേദത്തിന്റെ പാഠം ചെയ്യരുതാത്തത് അതുപോലെ ഇതും നിഷിദ്ധമാണ്.
ഇവിടെ കുലാചാര ധർമ്മം പശുക്കളായ മനുഷ്യരുടെ മുൻപിൽ പറയരുത് എന്നു പറഞ്ഞ് ഉദാഹരിച്ചിരിക്കുന്നത് ശൂദ്രന്റെ മുൻപിൽ വേദം കേൾപ്പിക്കരുത് എന്നു പറഞ്ഞു കൊണ്ടാണ്. പറയുന്നത് കുലാർണവവും. എന്താണ് ഇതിന്റെ അർഥ തലം.
ഗതം ശൂദ്രസ്യ ശൂദ്രത്വം വിപ്രസ്യാപി ച വിപ്രതാ
ഇവിടെ ദീക്ഷാ സംസ്കാരം കഴിഞ്ഞാൽ ശൂദ്രന്റെ ശൂദ്രത്വവും വിപ്രന്റെ വിപ്രത്വവും ഇല്ലാതാകുന്നു അതായത് വർണ്ണഭേദം ഇല്ലായെന്നാശയം. ദീക്ഷയില്ലാത്ത സമയം തന്ത്രം പറയുന്ന ശൂദ്രത്വം എന്താണ്. അതുപോലെ ദീക്ഷ കഴിഞ്ഞതിനുശേഷം നഷ്ടപ്പെടുന്ന ശൂദ്രത്വം എന്താണ്. തൊട്ടുകൂടായ്മയാണോ അതോ വർണ്ണമാണോ.
ശൂദ്രസംങ്കരജാതീനാം ആദിശുദ്ധിർവിധീയതേ
പാദോദക പ്രദാനാദ്യൈഃ കുര്യാത് പാപവിമോചനം
ശൂദ്രനും വർണ്ണസങ്കരത്തോടു കൂടിയതുമായ വ്യക്തികൾക്ക് ശുദ്ധി ആവശ്യകമാണ്. എന്തിനു വേണ്ടിയാണ് ശൂദ്രനു ശുദ്ധി. സങ്കര ജാതിയെന്നത് കൊണ്ട് തന്ത്രത്തിൽ മനുഷ്യനല്ലാതാകുന്നുണ്ടോ.
ഏകവർഷം കൊണ്ട് ദ്വിജനും, ക്ഷത്രിയന് രണ്ടു വർഷം കൊണ്ടും, വൈശ്യൻ മൂന്നു വർഷം കൊണ്ടും, ശൂദ്രൻ നാലു വർഷം കൊണ്ടും ദീക്ഷാ യോഗ്യനാകുന്നു. ജനിച്ചതിന്റെ ദോഷം കൊണ്ടാണോ തന്ത്രം ശൂദ്രനു നാലുവർഷം കൊണ്ടു മാത്രമേ ദീക്ഷാ യോഗ്യനാകൂ എന്നു പറയുന്നത്.
വിധവകൾക്ക് ദീക്ഷാ പുത്രന്റെ അനുമതിയോടു കൂടിയും, കന്യകക്ക് പിതാവിന്റെ അനുമതിയോടു കൂടിയും, വിവാഹിതയായ സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയോടു കൂടിയും, ദീക്ഷ കൊടുക്കണം. സ്ത്രീകൾക്ക് സ്വതഃ സ്വരൂപത്തിൽ ദീക്ഷ സ്വീകരിക്കാൻ അനുമതിയില്ല എന്ന് ചതുർദശോല്ലാസത്തിൽ കുളാർണവം പറഞ്ഞു വക്കുന്നു.
സ്ത്രീകൾക്ക് പരമ സ്ഥാനം കല്പിക്കുന്നു എന്നു പറയുന്ന ശാക്തതന്ത്രത്തിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് സ്വയം ദീക്ഷാ സംപ്രദായത്തിന് വിധിയില്ലാത്തത്.
വേദാധ്യയനേ ശൂദ്ര നാധികാരീ യഥാ പ്രിയേ
തഥൈവാദീക്ഷിതശ്ചാപി നാധികാരീ കുലേശ്വരീ
വേദത്തിന്റെ അധ്യയനത്തിൽ ശൂദ്രന് അധികാരിയല്ലാതാകുന്നതുപോലെ അദീക്ഷിതർക്കും സാധനക്ക് അധികാരിയല്ല. വേദാധ്യയനത്തിന് അധികാരിത്വം ശൂദ്രനില്ലായെന്ന് ആഗമം കൂടി ശരി വക്കുന്നുണ്ടോ. ഇല്ലായെങ്കിൽ എന്തിനാണ് ശൂദ്രന് അധികാരമില്ലായെന്ന് ആഗമം വിധിക്കുന്നത്.
തന്ത്രശാസ്ത്രത്തിലെ സർവമാന്യ ഗ്രന്ഥമായി മന്ത്ര മഹോദധിയെ പറയാറുണ്ട്. മന്ത്രമഹോദധിയിൽ
സ്ത്രീശൂദ്രഭാഷണം നിന്ദാ താംബൂല ശയനം ദിവാ
പ്രതിഗ്രഹം നൃത്യഗീതേ കൌടില്യം വർജ്ജയേത് സദാ
സ്ത്രീകളോടും ശൂദ്രന്മാരായവരുടെ ദർശനം ജപകാലത്ത് വർജ്ജിക്കണം. പറഞ്ഞിരിക്കുന്നത് മന്ദ്രമഹോദധിയിലാണ്. ഏത് കാരണം കൊണ്ടാണ്. ഇവിടെ പറയുന്ന സ്ത്രീയും ശൂദ്രന്മാരും വർജിതരാകുന്നത്.
വിപ്രസ്യ ദർശനം തത്ര ശുഭദം പരീകീർത്തിതം
ശൂദ്രാണാം മധ്യമം പ്രോക്തം മ്ലേച്ഛസ്യ ബധബന്ധദം
എന്ന് മന്ത്രമഹോദധി 64 പറയുന്നു.
ഇതിന്റെ അവസാനം സ്ത്രീ ശൂദ്രപതിതാദീനാം സംഭാഷണമപി വർജയേത് എന്നാണ് പറയുന്നത്. ഇവിടെ ശൂദ്രനോട് സംഭാഷണം പോലും വർജ്യമാണ്. വിപ്രന്റെ ദർശനം ആകട്ടെ ശുഭവുമാണ്. ആരാണ് ശുഭത്തെ പ്രദാനം ചെയ്യുന്നു എന്ന് തന്ത്രം പറയുന്ന വിപ്രൻ, മധ്യമരൂപമായ ഭാവത്തെ മാത്രം പ്രദാനം ചെയ്യുന്നതായ തന്ത്രത്തിലെ ശൂദ്രനാരാണ്.
133 ല് പ്രണവാദി മന്ത്രരാജം നൃസിംഹ മന്ത്രം, വൈദിക മന്ത്രം ഇവ ബ്രാഹ്മണർക്കും ക്ഷത്രിയനും വൈശ്യനും ചേരുന്ന ത്രൈവർണികർക്കും കൊടുക്കാം ശൂദ്രന് കൊടുക്കരുത്. എന്താണ് നിയമത്തിന് ആധാരം.
സുദർശനം, പാശുപതം, ആഗ്നേയം, നൃസിംഹം ഇവ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്രമേ കൊടുക്കാവു ബാക്കി രണ്ടു വർണ്ണങ്ങൾക്കും പ്രദാനം ചെയ്തു കൂടാ.
കാമശ്രീ വാചോ ബാഹുജേഭ്യഃ ക്ഷത്രിയേഭ്യഃ
എന്നു പറഞ്ഞു കൊണ്ട് പറയുന്നു മായാ, കാമം, ശ്രീ, ഐം ഇവ ബ്രാഹ്മണർക്കും, മായാം ഒഴിവാക്കി മറ്റ് മൂന്നും ക്ഷത്രിയർക്കും, ശ്രീം ഐം ഇവ വൈശ്യർക്കും വാഗ് ബീജമായ ഐം ശൂദ്രന്മാർക്കും ആയിട്ടാണ് പറയുന്നത്. ഇതെന്തുകൊണ്ടാണ്.
ശേഷനാഗങ്ങളായി പറയുന്ന ശേഷൻ, തക്ഷകൻ, അനന്തൻ, വാസുകി, ശംഖപാല, കംബല, കർക്കോടകൻ ഇവരെ ബ്രാഹ്മണാദി വർണ്ണങ്ങളോട് യോജിപ്പിച്ച് നാഗങ്ങളുടെ വർണ്ണജാതി വിശേഷണം മന്ത്രമഹോദധിയിൽ പറയുന്നുണ്ട്. ഈ നാഗങ്ങളെ ഏത് തരത്തിലാണ് തന്ത്രം ജാതീയമായി വേർതിരിക്കുന്നത്.
പ്രമാണത്തെ ഉദ്ധരിച്ചാൽ,
വിപ്രവർണായ സഹസ്രഫണായ ശേഷായ നമഃ എന്നു ശേഷനെ ബ്രാഹ്മണനും, സപ്തശത ഫണായ വാസുകയേ നമഃ എന്ന് വാസുകിയെ ക്ഷത്രിയനാക്കിയും, സപ്തശതഫലായ ശംഖപാലായ നമഃ എന്നതുകൊണ്ട് ശംഖപാലനെ വൈശ്യനാക്കിയും ആചാര്യന്മാർ നാഗങ്ങളെ വരെ വർണ്ണത്തിലാക്കിയിട്ടുണ്ട്. ഉജ്ജ്വലായ ശൂദ്രവർണായ പഞ്ചശതഫണായ മഹാപദ്മായ നമഃ, ത്രിംശദ്ദഫണായ കംബലായ നമഃ, എന്താണ് ഇവിടെത്തെ ശൂദ്രത്വം.
സമ്പൂർണ്ണമായ സിദ്ധിക്കു വേണ്ടി ബ്രാഹ്മണ കന്യകയേയും, യശസ്സിനു വേണ്ടി ക്ഷത്രിയ കന്യകയേയും, ധനത്തിനു വേണ്ടി വൈശ്യകന്യകയേയും, പുത്ര സന്തതിക്കു വേണ്ടി ശൂദ്ര കന്യയേയും പൂജിക്കണമെന്നു പറഞ്ഞു കാളീ പൂജനവും ചണ്ഡീപാഠവും എന്ന ഗ്രന്ഥത്തിൽ മന്ത്ര മഹോദധിയെ ആധാരമാക്കി പറയുന്നുണ്ട്. ഏത് ശൂദ്രത്വത്തെയാണ് ഇവിടെ ആചാര്യൻ ആചാരത്തിലേക്ക് യോജിപ്പിച്ചിരിക്കുന്നത്. ആരാണ് ശൂദ്രൻ, അവന്റെ കന്യകയേതാണ്.
മന്ത്രങ്ങളുടെ ആധാരമെന്നു പറയുന്നത് അക്ഷരങ്ങളാണ്. അത് വൈദികത്തിലായാലും തന്ത്രത്തിലായാലും. അത് ഭാരതത്തിൽ പ്രയോഗിക്കുന്നത് പാണിനി സൂത്രങ്ങളെ ആധാരമാക്കിയാണ്. ആ പാണിനിയുടെ സൂത്രത്തിൽ ശൂദ്രാണാമനിരവസിതാനാം എന്ന സൂത്രത്തെ പറയുന്നുണ്ട്. അതിനെ നാം ജാതിയായിട്ടാണ് പറയുന്നത് എങ്കിൽ നാം ഇന്നു മന്ത്രമായി പറയുന്ന ഗം ഗണപതയെ നമഃ എന്നത് ക്രോഡീകരിച്ച പാണിനി തന്നെയാകണം ആദ്യം ജാതിയ്ക് നിയമം പറഞ്ഞത്. നിരവസാനം ബഹിഷ്കരണം എന്നു പറഞ്ഞു കൊണ്ട് കാശികാകാരനും ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. സാക്ഷാത് പതഞ്ജലിയും ഈ സൂത്രത്തിന് ഭാഷ്യം പറയുന്നുണ്ട്. ഇവരെല്ലാം വൈദികരാണോ. ഇവർ വർണ്ണത്തെയാണോ പറഞ്ഞിരിക്കുന്നത് ജാതിയെയാണോ.
ചോറു വെന്തോ എന്ന് നോക്കാൻ കലത്തിലെ ഒരു വറ്റു മതിയാകും. അതുപോലെ ഇത്രയും ഉദാഹരണം കൊണ്ടു തന്നെ ആഗമങ്ങളിലും ബ്രാഹ്മണ ക്ഷത്രിയാദി വർണ്ണങ്ങളെ വേർതിരിച്ച് വളരെ വ്യക്തമായി പറയുന്നുണ്ട് എന്നു മനസ്സിലാക്കാനാകും. ഇവിടെ തന്ത്രശാസ്ത്രമായാലും വൈദികമായാലും എഴുതിയിരിക്കുന്നത് ജാതിയല്ല വർണ്ണമാണ് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാനാകും. ആചാര്യന്മാർ തന്ത്രത്തിലായാലും വൈദികത്തിയാലായും വർണ്ണമെന്നതിന് സ്വയം വരിച്ചതായ ധർമ്മമാണ് എന്നതിൽ സംശയമില്ല.. കാരണം സംഗീതത്തിലെ സ്വരങ്ങൾക്കും, വൃക്ഷായുർവേദത്തിൽ വൃക്ഷങ്ങൾക്കും, ദ്രവ്യങ്ങൾക്കും, എന്തിന് സംസാരിക്കുന്ന അക്ഷരങ്ങളെ വരെ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര രൂപത്തിൽ വിഭാഗീകരണം ചെയ്തിട്ടുണ്ട്. അത് ജാതിയായിട്ടല്ലായെന്ന് ശാസ്ത്രം നോക്കിയവർക്ക് മനസ്സിലാക്കാനുമാകും.
ഇനി ചോദ്യം, തന്ത്രങ്ങളിലും വൈദികത്തിലും എന്നു വേണ്ട സകല ഗ്രന്ഥങ്ങളിലും വർണ്ണങ്ങളെ വിവരിച്ചിട്ടുണ്ട് എന്നിരിക്കെ അതുണ്ടാക്കിയത് വൈദികരാണ് പ്രത്യേകിച്ച് ബ്രാഹ്മണരാണ് എന്നു പറയുന്നതിന്റെ യുക്തിയെന്താണ്. മനുസ്മൃതിയാണ് വർണ്ണങ്ങളെ സൃഷ്ടിച്ചത് എന്നു പറഞ്ഞ് അത് കത്തിക്കുന്ന, വേദ ഗ്രന്ഥങ്ങളിലേയും സ്മൃതികളിലും പറഞ്ഞിരിക്കുന്ന വർണ്ണങ്ങളെ ജാതിയാണെന്ന് വ്യാഖ്യാനിക്കുന്നവർ ഭാരതത്തിലെ ബാക്കി ഗ്രന്ഥങ്ങളെ കണ്ടിട്ടില്ലായെന്നാണോ പറയേണ്ടത്. വർണം ജാതിയാണെങ്കിൽ, അടിസ്ഥാന ജനതയുടെ എന്ന് പറയുന്ന തന്ത്രത്തിൽ, സ്വയം ഉണ്ടാക്കിയ ഗ്രന്ഥങ്ങളിൽ സ്വയം പൂജിക്കാൻ അർഹരല്ലായെന്ന് അവർ തന്നെ എഴുതി വച്ചൂ എന്നാണോ ചിന്തിക്കേണ്ടത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയത് വൈദിക ഗ്രന്ഥങ്ങളായ സ്മൃതികളാണ് എന്ന് പറയുന്നവർ ആഗമാദി ഗ്രന്ഥങ്ങളിൽ പറയുന്ന ബ്രാഹ്മണാദി വർണ്ണങ്ങളെ എങ്ങിനെ വ്യാഖ്യാനിക്കും. വൈദികത്തിനു മുന്പ് തന്നെ ഉണ്ടായി എന്നു പറയുന്ന ആഗമാദികളിൽ വർണ്ണങ്ങളുണ്ടായിരിക്കെ അത് വൈദികരാണ് ഉണ്ടാക്കിയത് എന്നു എങ്ങിനെ പറയും.
ഇവിടെ ഈ പറയുന്ന ഒരു ഗ്രന്ഥങ്ങളിലും ജാതിയല്ല പ്രയോഗിച്ചത്, വർണ്ണമാണ്. അത് പ്രായോഗികമായി മനസ്സിലാക്കാൻ സാധിക്കാതെ വന്നതിന്റെയും, സ്വന്തം ശാസ്ത്രത്തിന്റെ ഔന്നത്യവും അർഥ തലവും ശാസ്ത്രാർഥവും മനസ്സിലാക്കാനാകാത്തവർക്ക് ഉണ്ടായ അധഃപതനം തന്നെയാണ് ഇന്നു വന്നുചേർന്നിരിക്കുന്നത്. വർണ്ണത്തെ ജാതിയാക്കി സ്മൃതിയേയും ധർമ്മസൂത്രങ്ങളേയും കുറ്റും പറയുന്നതിന് മുന്പ് സ്വയം ആധാരമാക്കി വച്ച ഗ്രന്ഥങ്ങളിലുള്ള പദങ്ങളെയെല്ലാം എങ്ങിനെ ന്യായീകരിക്കും എന്നത് കൂടി ചിന്തനീയമല്ലെ.
ആഗമം ആദ്യമായി ഉണ്ടായതാണെന്നും അത് അടിസ്ഥാന ജനതയുടെ ആണെന്നും പറഞ്ഞ് വൈദികരെ ജാതി വാദികളാക്കിയാൽ, ആഗമങ്ങളിൽ പറഞ്ഞതായ വർണ്ണ വ്യവസ്ഥയെ വൈദികർ കോപി ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്ന് സ്വീകരിക്കേണ്ടി വരും. അങ്ങിനെയെങ്കിൽ വർണ്ണങ്ങളുണ്ടാക്കിയത് വൈദികരാണോ അല്ല. ആഗമത്തെ, തന്ത്രാഗമങ്ങളെ സ്വീകരിച്ച അടിസ്ഥാന ജനത തന്നെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത് എന്നു പറയേണ്ടി വരും.
ഇത്രയും കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിക്കാമല്ലോ. വർണ്ണധർമ്മം ഉണ്ടാക്കിയത് വൈദികരല്ല. വർണ്ണം ജാതിയുമല്ല. അതു കർമ്മ വിഭാഗമാണ്. അതിന്റെ അന്തഃസത്ത മനസ്സിലാക്കാതെ സ്വയം മറ്റുള്ളവരെ കുറ്റം പറയുന്നതിൽ അർഥവുമില്ല.
അതിനെ വ്യാഖ്യാനിച്ച് സമൂഹത്തിൽ ബ്രാഹ്മണർ ദുരുപയോഗം ചെയ്തിട്ടുണ്ട് എങ്കിൽ അതിന്റെ വിത്ത് ഇട്ട് അതിനെ വളർത്തിയത്, അടിസ്ഥാന ജനതയെന്നു പറഞ്ഞ് ആഗമം കൈകാര്യം ചെയ്തവർ തന്നെയാണ്. സ്വന്തം ശാസ്ത്രത്തെ മനസ്സിലാക്കാൻ കഴിയാത്തതും അടുത്ത തലമുറയിലേക്ക് പകരാത്തത്തിന്റേയും തിക്തഫലം.. അത് അനുഭവിക്കുക മാത്രമേ വഴിയുള്ളു. അല്ലാതെ ജാതീയമായി അതിനെ ബ്രാഹ്മണർ ഉപയോഗിച്ചു എന്നു പറഞ്ഞാൽ താൻ ചെയ്യേണ്ട ധർമ്മം സ്വയം അനുഷ്ഠിക്കാത്തതിന്റെ കർമ്മഫലം ആണ്. സ്വധർമ്മം അനുഷ്ഠിക്കാതെ തലമുറയിലേക്ക് തന്റെ പരമ്പരാധിഷ്ഠതമായ കാര്യം പകരാത്തതിന്റെ തിക്ത ഫലം അതു കാലങ്ങളോളം അനുഭവിക്കുക തന്നെ എന്നു മാത്രം പറയാനുള്ളു.
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment