പരൽപ്പേര് അഥവാ കടപയാദിയും ഭൂതസംഖ്യാ സംപ്രദായവും.
ഭാരതത്തിൽ പുരാതന കാലത്ത് ഭാഷയും ഗണിതവും തമ്മിൽ നല്ല തലത്തിലുള്ള ബന്ധം നിലനിന്നിരുന്നതായി കാണാം. അതിസങ്കീർണ്ണങ്ങളായ ഗണിത വസ്തുതകൾ, തത്വങ്ങൾ, സിദ്ധാന്തങ്ങൾ എന്നിവയെല്ലാം കർണ്ണാനന്ദകരമായ കവിതകളൊ, ശ്ലോകങ്ങളൊ ആയിട്ടാണ് പണ്ട് അവതരിപ്പിച്ചിരുന്നത്. ശാസ്ത്രപരമായ ഉപയോഗത്തിനു പുറമെ ആസ്വാദനപരമായ ഒരു തലം കൂടി അവയ്‌ക്കുക്കുണ്ടായിരുന്നു.
ഭൂരിഭാഗം കവികളും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമൊക്കെ തങ്ങളുടെ ജീവിതകാലത്തെക്കുറിച്ചും ഗ്രന്ഥരചന, കണ്ടുപിടുത്തങ്ങൾ എന്നിവയുറ്റടെ കാലഘട്ടത്തെക്കുറിച്ചും ഗ്രന്ഥത്തിൽ തന്നെ ഗണിതത്തിന്റെ സ ഹായത്തോടെ സൂചിപ്പിക്കുക പതിവായിരുന്നു. ഇത്തരം കാലസൂചനകൾ സാദ്ധ്യമായത് കടപയാദി എന്ന സംഖ്യാസമ്പ്രദായത്തിന്റെയും കലിദിന സംഖ്യയുടെയും ഉപയോഗത്താലാണ്.
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് പരൽപ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു് പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ് അത്യന്തം വിരളമായിരുന്നു" എന്നു് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. എന്നിരുന്നാലും താളിയോലഗ്രന്ഥങ്ങളിൽ കടപയാദി സംഖ്യാസംപ്രദായം ലഭ്യമായതുകൊണ്ട് ഈ സംപ്രദായം വളരെ പുരാതനകാലം മുതൽക്കുതന്നെ നിലനിന്നിരുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്.
1 2 3 4 5 6 7 8 9 0
ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ ശ ഷ സ ഹ ള ഴ, റ
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണു്. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. ഒരു കാര്യം കൂടി: സാധാരണ ‘റ’യ്ക്ക് പൂജ്യം ആണെങ്കിലും കൂട്ടക്ഷരത്തില്‍ അന്ത്യമായിവരുന്ന ‘റ’യ്ക്ക് ‘ര‘യുടെ വില (അതായത് 2) കണക്കാക്കണം.
വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായി ഉപയോഗിക്കണം. സംഖ്യാനാം വാമതോ ഗതിഃ എന്ന നീയമം ആണ് ഇവിടെ പ്രയോഗിക്കുന്നത്. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,
'ഹരി' എന്ന വാക്കിന്‍റെ വില കാണണം. നമ്മുടെ പട്ടിക അനുസരിച്ച് 'ഹ'യുടെ വില 8 ആണ്. 'ര'യുടെ വില രണ്ടും. ചേര്‍ത്തെഴുതിയാല്‍ 82. തിരിച്ചിട്ടാല്‍ 28. അപ്പൊ ഹരിയുടെ വില 28.
കമല = 351 (ക = 1, മ = 5, ല = 3)
സ്വച്ഛന്ദം = 874 (വ = 4, ഛ = 7, ദ = 8 )
ചണ്ഡാംശു = 536 (ച = 6, ഡ = 3, ശ = 5)
സാമാന്യമായി ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതാപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണ് പരൽപേരിന്റെ പ്രധാന ഉപയോഗം കാണപ്പെടുന്നത്.
കർണ്ണാടക സംഗീതത്തിലെ രാഗങ്ങളുടെ ക്രമവും അവയുടെ സ്വരക്രമീകരണവും മനസ്സിലാക്കുവാൻ കടപയാദിയാണ് സഹായിക്കുന്നത്. മേളകർത്താരാഗങ്ങൾ കടപയാദി സംഖ്യാടിസ്ഥാനത്തിൽ പറയാറുണ്ട്. കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്.
ഉദാഹരണമായി,
കല്യാണി രാഗത്തിന്റെ പൂർണ്ണനാമം മേചകല്യാണി എന്നാണ്.
മേച = 56 → 65
അതായത് കല്യാണിരാഗം അറുപത്തിയഞ്ചാമാത്തെ മേളകർത്തരാഗമാണ്.
ശങ്കരാഭരണത്തിന്റെ പൂർണ്ണനാമം ധീരശങ്കരാഭരണം എന്നാണ്.
ധീര = 92 → 29
ഇതിൽ നിന്നും ഇരുപത്തി ഒമ്പതാമത്തെ മേളകർത്തരാഗമാണ് ശങ്കരാഭരണം എന്നു മനസ്സിലാക്കണം. ഇങ്ങനെ കർണ്ണാടക സംഗീതത്തിലെ 72 രാഗങ്ങൾക്കും ക്രമസംഖ്യയും സ്വരവിന്യാസവും കടപയാദി ഉപയോഗിച്ച് നല്കിയിരിക്കുന്നു.
ഇടതു നിന്നു വലത്തോട്ടും അതുപോലെ വലത്തുനിന്ന് ഇടത്തോട്ടും വായിച്ചാൽ ഒരുപോലെ വരുന്ന പദങ്ങൾ വാക്യങ്ങൾ സംഖ്യകൾ എല്ലാം നാം കാണാറുണ്ട്. ഗണിതത്തിലും അങ്ങിനെയുണ്ട്. ഉദാഹരണത്തിന് 41114. ഇതിനെ കടപയാദി ആക്കണം. 4,1 എന്നീ അക്കങ്ങൾക്കുള്ള അക്ഷരങ്ങൾ കണ്ടെത്തി പദമാക്കുക. അർത്ഥപൂർണ്ണമായ നല്ല പദം കണ്ടെത്തുന്നതിലാണ് മിടുക്ക്. 4ന് ഘ, ഢ, ഭ, വ എന്നീ അക്ഷരങ്ങളും 1 ന് ക, ട, പ, യ എന്നീ അക്ഷരങ്ങളും ആവാം. ഇവ കൊണ്ടുള്ള അഞ്ചക്ഷരമുള്ള ഒരു പദത്തെ നോക്കിയാൽ "വികടകവി" എന്ന് കിട്ടും. അതായത് ഗണിതത്തിലും ഈ സരസമായ രീതി നിലവിലുണ്ട് എന്നര്ഥം. ഇതുപോലെ ഉള്ള ഉദാഹരണങ്ങളാണ് 52625 = മോരു തരുമോ , 16661 = പോത്തു ചത്തുപോ എന്നിവ.
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു.
മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ സൂചിപ്പിക്കുന്നു.
ആയുരാരോഗ്യസൗഖ്യം= 0122171
തിരിച്ചെഴുതിയാൽ 1712210 എന്നു കിട്ടും. ഇതിനെ കൊല്ലവർഷത്തിലേക്ക് മാറ്റിയാൽ കൊല്ലവർഷം 762 വൃശ്ചികം 28 എന്നു ലഭിക്കും.മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണ രചന അവസാനിപ്പിച്ച ദിനമാണത്.
നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:
“പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം
ഇല്ലാ പാലെന്നു ഗോപാലൻ - ആംഗ്ലമാസദിനം ക്രമാൽ”
ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും. ഒന്നു കൂടി വിശദീകരിച്ചാൽ
പല = 13 31 ജനുവരി
ഹാരേ = 82 28 ഫെബ്രുവരി
പാലു = 13 31 മാർച്ച്
നല്ലു = 03 30 ഏപ്രിൽ
പുലർ = 130 31 മെയ്
ന്നാലൊ = 03 30 ജൂൺ
കല = 13 31 ജൂലായ്
ക്കിലാം = 13 31 ആഗസ്ത്
ഇല്ലാ = 03 30 സെപ്തംബർ
പാലെ = 13 31 ഒക്ടോബർ
ന്നുഗോ = 03 30 നവംബർ
പാലൻ = 130 31 ഡിസംബർ
സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നതു്. എന്നാൽ അല്ലാതെയും കാണപ്പെടാറുണ്ട്.
ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തിൽ
ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ
ഖലജീവിതഖാതാവഗലഹാലാരസന്ധര”
ഇതു് 31415926 53589793 23846264 33832795 എന്ന പതിനഞ്ച് ദശാംശസ്ഥാനങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ഇത് തന്നെ കടപയാദി അഥവാ പരൽപേര് വിപരീതരീതിയിൽ പ്രയോഗിക്കാറുണ്ട്. കൊച്ചുനമ്പൂതിരി എഴുതിയ ഒരു സരസശ്ലോകത്തിൽ അതായതു്, സംഖ്യ തന്നിട്ടു് വാക്കു കണ്ടുപിടിക്കേണ്ട പ്രശ്നം: ഉദാഹരണമായി,
“എൺപത്തൊന്നതു ദൂരെ വിട്ടു പതിനേഴൻപോടു കൈക്കൊണ്ടുതാ-
ന്നൻപത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചിൽ സ്മരിച്ചീടിലി-
ങ്ങൻപത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചിൽ സുഖിക്കാമെടോ!”
81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സു്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അർത്ഥം മനസ്സിലാവുകയുള്ളൂ. അല്ലെങ്കിൽ ഇത് കുറെ അക്ഷരങ്ങൾ വായിച്ചു പോകാമെന്ന് മാത്രം. അതായത് കടപയാദി സംഖ്യാവിശേഷങ്ങളും അതുപോലെ ഭാഷാവിവേചനവും ഇല്ലാത്തവര്ക്ക് ഇത് മനസ്സിലാവുകയില്ലായെന്നര്ഥം.
ഫോനമ്പറുകൾ ഓര്ത്തുവയ്കുവാൻ തുടങ്ങി ഗോപ്യതയുണ്ടാക്കുവാൻ ഇതിലും നല്ല മാര്ഗ്ഗമില്ലായെന്നതാണ് സത്യം.
ഇത് മറ്റ് പല കാര്യങ്ങള്ക്കും കൂടി ഉപയോഗിക്കാം..
'ശാരദ'യോട് 'കൊല്ലം' കൂട്ടിയാല്‍ ക്രിസ്തുവര്‍ഷം !!! എന്ന് കേട്ടിട്ടുണ്ടോ. കടപയാദിയെ സംബന്ധിക്കുന്ന ഒരു പ്രയോഗമാണത്. നമ്മുടെ പട്ടികപ്രകാരം 'ശാരദ'യുടെ വില നോക്കിയാല്‍ {ശ=5, ര=2, ദ=8} 825 എന്ന് കിട്ടും. കൊല്ലം എന്ന് പറഞ്ഞത് കൊല്ലവര്‍ഷമാണ്. അതായത് ഇപ്പോള്‍ കൊല്ലവര്‍ഷം 1191 അല്ലെ. അപ്പോള്‍ ശാരദയോട് കൊല്ലം കൂട്ടിയാല്‍ , 825+1191= 2016, ക്രിസ്തുവര്‍ഷം, അതാണ് നാം സാമാന്യമായി പറയുന്നത് കൊല്ലവര്‍ഷത്തോടു ‘ശരജം‘ (528 തിരിച്ചിട്ട് 825) കൂട്ടിയാല്‍ ക്രിസ്ത്വബ്ദം കിട്ടും.
കൊല്ലത്തില്‍ “തരളാംഗ“ (3926) ത്തെ- ക്കൂട്ടിയാല്‍ കലിവര്‍ഷമാം; കൊല്ലത്തില്‍ “ശരജം” (825) കൂട്ടി- കൃസ്തുവര്‍ഷം ചമയ്ക്കണം . അതായത് കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവത്സരം കിട്ടും. (കലിവത്സരത്തിൽ നിന്നും 3926 കുറച്ചാൽ കൊല്ലവർഷം ലഭിക്കും).
കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷമായി.
കോളംബം തരളംഗാഢ്യം ഗോത്രഗായകവര്‍ദ്ധിതം
കുലൈരാപ്തഫലം ത്വേകയുക്തം ശുദ്ധകലിര്‍ ഭവേത്.
കോളംബം എന്നു വച്ചാല്‍ കൊല്ലവര്‍ഷം. (”കൊല്ലാബ്ദം” എന്നായിരിക്കുമോ?) അതിനോടു് 3926 കൂട്ടിയാല്‍ കലിവര്‍ഷം കിട്ടും.
അതിനെ 11323 (ഗോത്രനായക) കൊണ്ടു ഗുണിച്ചു് 31 (കുലം) കൊണ്ടു ഹരിച്ചാല്‍, അതായതു് 365.25806… കൊണ്ടു ഗുണിച്ചാല്‍ കലിവര്‍ഷം തുടങ്ങിയതു തൊട്ടുള്ള ദിവസങ്ങളുടെ എണ്ണം കിട്ടും. സാമാന്യമായി ഈ ഉദാഹരണം അനുസരിച്ച് ചിങ്ങത്തിന് പകരം മേടം ആകാനാണ് സാധ്യത. അതനുസരിച്ച് തീയതിയിലേക്കുള്ള ദിവസങ്ങൾ കൂട്ടുകയോ കുറക്കുയോ ചെയ്താൽ കലിദിനം കിട്ടും.
മഹാകവി ഉള്ളൂർ മരിച്ചപ്പോൾ കൃഷ്ണവാരിയർ അദ്ദേഹത്തെ കുറിച്ചൊരു ശ്ലോകം എഴുതി. അതിനിട്ട പേര് "ദിവ്യ തവ വിജയം" എന്നായിരുന്നു. ഇതിനെ കടപയാദി ഉപയോഗിച്ചു സംഖ്യയാക്കിയാൽ,
ദിവ്യ തവ വിജയം= 8164481→1844618
ഈ കലിദിന സംഖ്യയെ ക്രിസ്തുവർഷത്തിലേക്കു മാറ്റുമ്പോൾ 1949 ജൂൺ 15 എന്നാണ് ലഭിക്കുന്നത്. ഇതു തന്നെയാണ് ഉള്ളൂരിന്റെ ചരമദിനം.
പൈ യുടെ വില നാം നോക്കാറുണ്ട്.. ഈ ശ്ലോകം നോക്കൂ..
അനൂനനൂന്നാനനനുന്നനിത്യ - സ്സമാഹതാശ്ചക്ര കലവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമ കുംഭീപാലൈർ - വ്യാസാതദർദ്ധം ത്രിഭമൗവികസ്യാത്.
ഇതുപ്രകാരം 10,000,000,000 യൂണിറ്റ് വ്യാസമുള്ള വൃത്തത്തിനെ വൃത്തപരിധി 31415926536 ആണ് . അതനുസരിച്ച് പൈ (π) = 3.1415926536 ആണ്.
മറ്റൊരു ശ്ലോകം നോക്കുക.
"ഗോപീഭാഗ്യമധുവ്രാത ശൃംഗീ ശോദധിസന്ധിഗം
ഖല ജീവിത ഖാതാവഗഗലഹാല രസധരം"
കേട്ടാലിതൊരു ശ്രീകൃഷ്ണ സ്തുതിയാണ് (ശ്രീ ശങ്കരാചാര്യസ്തുതിയായും വ്യാഖ്യാനിക്കുന്നവരുണ്ട്). പക്ഷെ ഇതനുസരിച്ച് കടപയാദി സംഖ്യ കണക്കാക്കിയാൽ പൈയുടെ മൂല്യം 31 ദശാംശ സ്ഥാനം വരെ കാണിക്കും. പൈ (π) = 3.1415926535897932384626433832792.
"എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, പക്ഷെ 'കമാ'ന്നൊരക്ഷരം മിണ്ടരുത്" നമ്മളൊക്കെ ഇടയ്ക്കെങ്ങിലും പറയുന്ന ഒരു ഡയലോഗാണിത്, അതെന്താണെന്ന് അറിയില്ലെങ്കിലും. ‘കമ’ എന്നത് ഒരക്ഷരം അല്ല എന്ന് നമുക്കറിയാം. അപ്പോള്‍ എങ്ങനെയാണു ഈ പ്രയോഗം ഉണ്ടായത്? കടപയാദി പട്ടിക അനുസരിച്ച്, ‘ക’ യുടെ വില 1, മ=5, അപ്പോള്‍ ‘കമ' എന്ന് പറഞ്ഞാല്‍ 51. മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒന്നുപോലും ഉരിയാടരുത് എന്നാണതിന്‍റെ അര്‍ത്ഥം.
അമ്പത്തൊന്നക്ഷരാളി കലിതതനുലതേ... കേള്ക്കാത്തവർ ചുരുങ്ങും...
ഈ ‘അമ്പത്തൊന്നക്ഷരാളി’ എന്ന് പറയുന്നത് 51 മലയാള അക്ഷരങ്ങളെയെല്ലാം കൂടി ചേര്‍ത്തു പറയുന്നതായിരിക്കുമെന്ന്. ഈ അമ്പത്തൊന്നക്ഷരാളി പ്രയോഗവും കടപയാദി സമ്പ്രദായത്തിലേതാണ്. “ഹരിശ്രീ ഗണപതയേ നമ:” എന്ന മന്ത്രത്തിന്‍റെ സംഖ്യാരൂപമാണ് 51. ഹരിശ്രീ തുടങ്ങിയ അക്ഷരത്തെ കടപയാദി ക്രമത്തിലെഴുതി അക്ഷരം കൂട്ടി നോക്കൂ.. അന്പത്തിയൊന്നു കിട്ടും..
ഭൂതസംഖ്യാ സംപ്രദായത്തിൽ ആകട്ടെ ശ്ലോകരൂപത്തിൽ കൊടുക്കുമ്പോൾ തന്നെ ഓരോ പദങ്ങള്ക്കും സംഖ്യയെ കൊടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഗഗനം എന്നത് പൂജ്യം, ശശി അഖവാ ചന്ദ്രൻ ഒന്ന്, അശ്വിനി രണ്ട്, രാമൻ മൂന്ന്, വേദം നാല്, ബാണം അഞ്ച്, രസം ആറ്, നഗം ഏഴ്, വസു എട്ട്, നിധി ഒന്പത്, ദിശാ പത്ത് എന്നിങ്ങനെ ഓരോന്നിനും പദാര്ഥത്തെ കല്പിച്ച് സംഖ്യയെ പ്രദാനം ചെയ്തിട്ടുണ്ട്.
ഇത് താളിയോലഗ്രന്ഥങ്ങളിലേക്ക് വരുമ്പോൾ ഗുണ നയന രസേന്ദു വര്ഷേ ഭാവപ്രകരണേ എന്ന് കിട്ടിയാൽ നാം ഇതിനെ വിഭജിച്ച് ഗണം നയനം രസം ഇന്ദു എന്നിങ്ങനെ നോക്കുന്നു. ഗുണം 3, നയനം 2, രസം 6, ഇന്ദു 1. ഇവയെ വാമതോ ഗതി എന്നതനുസരിച്ച് തിരിച്ചാൽ 1623 ലഭിക്കും. ഇതുപോലെ മുനി വസു സാഗര സിതകര മിതവര്ഷേ സമ്യക് കൌമുദീ.. അപ്പോൾ മുനി 7, വസു 8, സാഗര 4, സിതകര 1. അതായത് 1487. ഇതുപോലെ ഭൂതസംഖ്യയെ നോക്കി സംഖ്യയെ തിരിച്ചറിയണം എന്നര്ഥം.
കാലഗണയുടെ നീയമങ്ങളറിയുക എന്നതും വളരെ പ്രധാനമാണ്. ഇവിടെ വ്യത്യസ്ത കാലഗണനയും അവയെ എഡി ആക്കുന്നത് എങ്ങിനെയെന്നും ചാര്ട്ടായി ഇടാം. അതു പൊതുവായി ഈ വിഷയത്തെ മനസ്സിലാക്കാൻ ഉപകരിക്കും എന്ന് വിചാരിക്കുന്നു.
നമ്മുടെ പൂർവ്വാചാര്യന്മാർ കണ്ടെത്തി താളിയോലകളിലും മറ്റും രേഗഖപ്പെടുത്തി വച്ചിരിക്കുന്ന പ്രപഞ്ചത്തിന്റെ നിഗൂഢതകൾ കടപയാദി പഠനവും പ്രയോഗവും വഴി മാത്രമെ സാദ്ധ്യമാകു.
വളരെയധികം സങ്കീർണ്ണവും സുദീർഘവുമായ ശാസ്ത്രസത്യങ്ങൾ ഭക്തിയുടെ നിറക്കൂട്ടിൽ മാന്ത്രിക പരിവേഷത്തോടെ അത്യധികം സൂക്ഷ്മരൂപത്തിൽ സൂക്ഷിച്ചിരിക്കുകയാണ് നമ്മുടെ മഹഷിവര്യന്മാർ. ആ പൈതൃകശേഖരം തുറന്ന് മൂല്യനിർണ്ണയം ചെയ്യണമെങ്കിൽ കടപയാദിയെക്കുറിച്ച് നമ്മുടെ യുവ തകലമുറ വിജ്ഞരാകേണ്ടിയിരിക്കുന്നു. ഇത് സാദ്ധ്യമാക്കുന്നതിനായി ഭാരതീയമായ പുരാതന വിജ്ഞാന ശാഖക്കകൾ വിദ്യാലയങ്ങളിൽ പഠനവിഷയമാകണം. കടപയാദി പോലുള്ള ഭാരതീയ രീതികൾ നമ്മുടെ കുട്ടികൾ പഠിക്കണം, നിത്യജീവിതത്തിൽ ഉപയോഗിക്കണം. അങ്ങനെ അവർ ആ രീതികളിൽ നൈപുണി നേടുമ്പോൾ മഹത്തായ ഭാരത പാരമ്പര്യവും പൈതൃകവും സ്വീകരിക്കുവാൻ അവർ പ്രാപ്തരാകും
അവസാനമായി ഒരു പരൽപേരിനാൽ രചിക്കപ്പെട്ട ഒരു കൃതിയാകട്ടെ.. ആചാര്യന്മാരുടെ കഴിവുകളെന്തെന്ന് മനസ്സിലാക്കാനും ഇത് പഠിക്കാനും പ്രചോദനമാകും എന്ന് വിചാരിച്ചു കൊണ്ട് ഹരി ഓം..
അക്കൊല്ലവര്‍ഷമതുപോല്‍ ശകവര്‍ഷമേവം
ചൊല്‍ക്കൊണ്ടതൊക്കെയറിയാന്‍ വഴിയെന്തു നാഥാ?
മല്‍ക്കാമിനിയ്ക്കുടയ ചോദ്യമിതാശു കേട്ടി-
ട്ടക്കമ്രവാണിയൊടു ഞാനിതുപോല്‍ പറഞ്ഞേന്‍
ഓമല്‍പ്രിയേ ! ഭരതഭൂമിയിലങ്ങുമിങ്ങും
പ്രാമാണ്യമോടു നിലനില്പ്പൊരു വര്‍ഷമെല്ലാം
റോമന്‍ കലണ്ടറൊടു ചെര്‍ത്തരിയേണ്ട സൂത്രം
സാമാന്യമായിവിടെ ഞാന്‍ പറയാം ശ്രവിയ്ക്കൂ.
നിസ്തുല്യമായുലകിലെങ്ങുമറിഞ്ഞിടും തത് –
ക്രിസ്ത്വബ്ദമാണിവിടെ മദ്ധ്യമവര്‍ത്തി നൂനം
നിസ്തന്ദ്രമാ “യതിനൊ” ട “ങ്ങിതില്‍നി” ന്നിവണ്ണം
പ്രസ്താവനയ്ക്കൊരു നിദാനമതെന്നുമോര്‍ക്കാം.
വേണ്ടുംനില “യ്ക്കിതിനൊ” ടന്‍പൊടു ചേര്‍ക്കുവാന്‍ കൈ-
ക്കൊണ്ടുള്ള സംഖ്യയിതില്‍നിന്നൊഴിവാക്കുവാനും
വേണ്ടുന്നത “ക്കടപയാ”ദിയതാം പരല്‍പ്പേര്‍
കൊണ്ടും മുറയ്ക്കരുളുമെന്നതുമോര്‍മ്മവേണം.
. ഇക്കേരളത്തിലുളവായൊരു ‘ കൊല്ലവര്‍ഷം’
കേള്‍,ക്കേറെവേഗമറിയാന്‍ ‘ ഇതില്‍നിന്നു’ കാന്തേ!
നീക്കേണമിന്നു വിരഹം മമ താപമെല്ലാം
നീക്കേണ്ടതിന്നുമതുതാന്‍ മതിയായ സൂത്രം.
6 .നേര്‍ക്കാ ‘ യുഗാബ്ദ ‘ മതുപോല്‍ ‘ കലിവര്‍ഷ ‘ മേവം
ചൊല്‍ക്കൊണ്ടൊരാണ്ടറിയുവാ ‘ നിതിനോടു’ ചേര്‍ക്കൂ
ആക്കത്തൊടിന്നുവിമലേ ! കനകാംഗ മെന്മേല്‍
തക്കത്തിലെന്‍റെ ‘ കലിവര്‍ഷ ‘ മടങ്ങുവാനും.
7 . ആര്‍ഷപ്രഭാവമൊടു ‘ ലക്ഷ്മണസേന ‘ യെന്ന
വര്‍ഷം പുരാ മിഥിലയില്‍ പ്രചരിച്ചിരുന്നു.
ഹര്‍ഷത്തൊടായതറിയാ ‘നിതില്‍നിന്നു’ നിന്നുത്-
ക്കര്‍ഷത്തിനും കളക ഹീനപടം മനോജ്ഞ്ഞേ !
8 . ഹെമാംഗി ! ‘ വിക്രമസമ’ യ്ക്കിവിടത്തിലെല്ലാം
പ്രാമാണ്യമുണ്ടതറിയാ ‘ നിതിനോടു ‘ വേഗം
സാമര്‍ത്ഥ്യമാര്‍ന്നു സുമ മന്‍പോടു ചേര്‍ക്ക,ദുര്‍ഗ്ഗാ-
ശ്രീമദ്പദത്തിലുമയേ ശുഭമേറുമെന്നാല്‍
9 . സൂരീന്ദ്രരിന്ത്യയിലെമേക്കുവശത്തു ‘കാല-
ച്ചൂരീ ‘ തി വര്‍ഷഗണനക്രമമാര്‍ന്നതോര്‍ത്താല്‍
സ്വൈരം വരാംഗി ! വഴിപോലിതില്‍നിന്നു നീ സദ്-
വൈരം കുറയ്ക്കുക ;ഗുണം പെരുകാനുമേറ്റം
10. ‘സപ്തര്‍ഷിവര്‍ഷ’ മിനി ‘ ലൌകികവര്‍ഷ’ മേവം
വ്യാപ്താഖ്യ ചേര്‍ന്നുവിലസും സമ കണ്ടുകിട്ടാന്‍
ദീപ്താംഗി ! നീ ‘ യിതിനൊട ‘ ന്‍പൊടു ചേര്‍ക്ക തീര്‍ത്ഥം
തപ്തം മമാംഗമിതിലും കുളിരേറുമെന്നാല്‍
11 . ദേശീയവര്‍ഷപദമേറ്റ ‘ശകാ ‘ ബ്ദ മിന്ന-
ങ്ങാശിച്ച മട്ടിലറിയാന്‍ മറിമാഞ്ചലാക്ഷി !
ക്ലേശിച്ചിടാതെ ‘ യിതില്‍നി ‘ ന്നയി ! ഹിംസ നീക്കൂ
വൈശിഷ്ട്യമാര്‍ന്നരിയ പുണ്യമിണങ്ങുവാനും
12 . കോപിച്ചിടായ്ക ചിരമുത്തമദിക്കിലെല്ലാം
വ്യാപിച്ചിരുന്ന സമ യാകിയ ‘ ഗുപ്തവര്‍ഷം ‘
ലോപിച്ചിടാതെയറിയാ ‘നിതില്‍നി; ന്നു മാറ്റൂ
ധീപീഡ നീ,തവമുഖം തെളിയാനുമാര്യേ !
13 . ലോലാക്ഷി! മദ്ധ്യഭരതക്ഷിതി പണ്ടുകണ്ട
ചാലൂക്യവര്‍ഷമറിയാ ‘ നിതില്‍നി ;ന്നു ഭദ്രേ !
മാലറ്റു തുച്ഛനയ മങ്ങൊഴിവാക്കിടേണം
ചേലാര്‍ന്നു നന്മവരുവാനുമതേവിധം നാം.
14 . സംഭാവ്യമാണു ചെറുമാറ്റമിവയ്ക്കു വര്‍ഷാ-
രംഭം പലേ സമകളില്‍ പലതാക മൂലം.
സംഭാവനീയമതുമെന്നറിയാവു നീയെന്‍
ജംഭാരികുംഭിവരദംഭവിധൂതയാനേ !
15 . ശ്ലോകങ്ങളിത്രയധികം വടിവായ് പഠിയ്ക്കാ –
നാകാ ; പരം വിഷമമെന്നൊരു പക്ഷമെങ്കില്‍
ശോകം തരിമ്പുമിയലായ്കസമസ്തവും ഞാന്‍
ശ്ലോകദ്വയത്തിലൊരുമാതിരിയങ്ങൊതുക്കാം
16 . റോമന്‍ കലണ്ടറിനുമുന്‍പു പിറന്നതെന്ന
കേമത്തമുള്ളൊരു ‘ സമാത്രയ ‘ മാദ്യപദ്യം
വാമാലസാക്ഷി! വെളിവാക്കു,മടുത്തതോ പിന്‍-
പീ മന്നിലൂന്നിയൊരു വത്സരഷള്‍ക്കവും കേള്‍
17 . കേള്‍ക്കേണം ‘ കലിവര്‍ഷ’ മെന്നഖിലരും ചൊല്ലും ‘യുഗാബ്ദം ‘ പരം
ചൊല്‍ക്കൊള്ളുന്നൊരു ‘ വിക്രമാബ്ദ ‘ മതുപോല്‍ സപ്തര്‍ഷിസംവത്സരം
ചിക്കെന്നൊക്കെയറിഞ്ഞിടാന്‍ ക്രമമൊടക്രിസ്ത്വബ്ദമായെപ്പോഴും
ചേര്‍ക്കേണംകനകാംഗ’ വും സുമവുമെന്‍ മുഗ്ദ്ധാനനേ!തീര്‍ത്ഥ വും.
18 . ചൊല്ലാം ‘ലക്ഷ്മണസേന’ ‘ഗുപ്ത’ മയി! ‘ കാലച്ചൂരി’ ‘ചാലൂക്യ’മ-
‘ക്കൊല്ലം’ കേള്‍ ‘ശക’ മാണ്ടിതൊക്കെയറിയാന ക്ക്രിസ്തു വര്‍ഷാത്പരം
കില്ലന്യേ ക്രമമോടു ഹീനപട മ ദ്ധീപീഡ, സദ്‌വൈര മെ –
ന്നല്ലാ തുച്ഛനയം പ്രിയേ ! വിരഹവും നീക്കാവു നീഹിംസയും
ഈ പരല്‍പേര്‍ കവിതയുടെ കര്‍ത്താവ് സുപ്രസിദ്ധ കവി ശ്രീ കൈതക്കല്‍ ജാതവേദന്‍ അവര്‍കളാണ്. ഇതില്‍നിന്നും പറയുന്നത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടറിനെയാണ്. ഇതിലെ പദങ്ങളെ പരലുകളാക്കി ( സംഖ്യകള്‍ ) ” ഇതില്‍നിന്നും ” അതാതു ശ്ലോകങ്ങളില്‍ പറഞ്ഞിട്ടുള്ള ക്രിയകള്‍ ചെയ്‌താല്‍ അതാതു ശ്ലോകങ്ങളില്‍ പറഞ്ഞിട്ടുള്ള വര്‍ഷം കിട്ടും.
ഉദാ: കൊല്ലവര്‍ഷം അറിയാനായി “ഇതില്‍നിന്നും” “വിരഹം ” ഒഴിവാക്കുക. എന്നുവച്ചാല്‍
ഇംഗ്ലീഷ് വര്‍ഷമായ 2010 ള്‍ നിന്നും “വിരഹം” എന്നതിന്‍റെ പരല്‍പ്പേര്‍ കുറയ്ക്കുക എന്നു സാരം. “വിരഹം ” = 824 . 2010 – 824= 1186 എന്നു കിട്ടുന്നു.
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment