Thursday, December 7, 2023

ശ്രാദ്ധവിചാരം

 ശ്രാദ്ധവിചാരം...


വൈദിക പ്രകാരം ആയാലും താന്ത്രിക വിധി പ്രകാരം ആയാലും ഭാരതീയ സംസ്കാരത്തിൽ മരണം കഴിഞ്ഞാൽ പുനർജന്മം ഉണ്ടാകുമെന്നാണ് വിശ്വാസം. അങ്ങിനെയാണെങ്കിൽ എങ്ങിനെയാണ് പിതൃലോകത്തിലില്ലാത്തവർക്ക് ശ്രാദ്ധത്തിന്റെ ഗുണം ലഭിക്കുന്നത്. കാരണം അവരേതെങ്കിലും കുലത്തിൽ അതായത് മനുഷ്യരായിട്ടോ മൃഗങ്ങളായിട്ടോ ജനിക്കുമ്പോൾ സ്വാഭാവികമായിട്ടും ശ്രാദ്ധഫലം ലഭിക്കുന്നത് എങ്ങിനെ ?


സംശയം ആയി സുഹൃത്തു ചേദിച്ച ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  വ്യക്തിപരമായി കുറെ പേർക്ക് ഇതിന് ഉത്തരം കൊടുത്തതാണ്. എന്നിരുന്നാലും  ഓരോരുത്തർക്കും ഇതിനുത്തരം പറഞ്ഞ് കൊടുക്കുന്നതിനെക്കാൾ ഇവിടെ പറയാമെന്നു  കരുതി. 


ഹേമാദ്രിയുടെ ശ്രാദ്ധകല്പം എന്ന ഗ്രന്ഥം ഈ വിഷയത്തിൽ  ആധികാരികമായി സ്വീകരിക്കുന്ന ഒന്നാണ്.  അതിൽ ഇപ്രകാരം പറയുന്നു, 


ദേവോ യദി പിതാ ജാതഃ ശുഭകർമാനുസാരതഃ

ശ്രാദ്ധാന്നമമൃതം ഭൂത്വാ ദേവത്വേഽപ്യനുഗച്ഛതി

ദൈത്യത്വേ ഭോഗ്യരൂപേണ പശുത്വേ ച തൃണം ഭവേത്

ശ്രാദ്ധാന്നം വായുരൂപേണ നാഗത്വേഽപ്യനുഗച്ഛതി

പാനം ഭവതി യക്ഷത്വേ ഗൃധ്രത്വേ ച തഥാമിഷം

ദനുജത്വേ തഥാ മാംസം പ്രേതത്വേ രുധിരോദകം

മാനുഷത്വേഽന്നപാനാദി നാനാഭോഗരസം തഥേതി ച

ഇതി. 


അതായത് ആരുടെയെങ്കിലും പിതാവ് സ്വന്തം ശുഭമായ കർമ്മത്തിലൂടെ ദേവത്വം പ്രാപിച്ചു എങ്കിൽ ശ്രാദ്ധ രൂപമായി നാം കൊടുക്കുന്ന അന്നം അമൃത രൂപത്തിൽ അദ്ദേഹത്തിലേക്ക് എത്തിച്ചേരുന്നു. ഇതെ രീതിയിലാണ് നാം ദേവതകൾക്ക് നൈവേദ്യം കൊടുക്കുന്നത്. ദൈത്യനായി ജന്മം സ്വീകരിച്ചാൽ ഭോഗ്യ രൂപത്തിലാകും ശ്രാദ്ധം അവർക്ക് കിട്ടുക. പശു ആയിട്ട് ജനിച്ചാൽ തൃണം അഥവാ പുല്ലായിട്ട് ആകും ലഭിക്കുക. നാഗം ആയിട്ട് ജനിച്ചാൽ ശ്രാദ്ധം ചെയ്ത അന്നം വായു രൂപത്തിലും, യക്ഷനായിട്ട് ജനിച്ചാൽ ജലമായിട്ടും ഗൃധ്രനായിട്ട് അഥവാ കഴുകനെ പോലെയുള്ള  പക്ഷി രൂപത്തിൽ ജനിച്ചാൽ ആമിഷം രൂപത്തിലും, ദനുജനായി ജനിച്ചാൽ മാംസരൂപത്തിലും, പ്രേതമായിട്ട് ജന്മം ഉണ്ടായാൽ രുധിരോദകമായിട്ടും,  മനുഷ്യനായിട്ട് ജനിച്ചാൽ അന്നപാനാദി നാനാ ഭോഗരസ രൂപത്തിലും ശ്രാദ്ധാന്നം അവരിലേക്ക് എത്തിച്ചേരുന്നു എന്നാണ് ഇതിന് അർഥം. 


അതായത് നാം കൊടുക്കുന്ന ശ്രാദ്ധം പിതൃലോകത്തിലേക്ക് മാത്രമല്ല പോകുന്നത്, അത് പിതൃക്കൾ ഏത് തലത്തിലാണോ സ്ഥിതി ചെയ്യുന്നത് ആ തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയിലൂടെ പോകും. അതുകൊണ്ടാണ് ശ്രദ്ധയാ ദീയതേ യസ്മാത് ശ്രാദ്ധം തേ നിഗദ്യതേ, നിങ്ങൾ സ്വന്തം ശ്രദ്ധയോടു കൂടി ചെയ്യുന്നത് ഹേതുവായിട്ടാണ് അതിന് ശ്രാദ്ധം എന്നു പറയുന്നത്. 


പറഞ്ഞു വന്നത് എന്തെന്നാണെങ്കിൽ, നാം ഓരോരുത്തരും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മുൻപിൽ വരുന്നതായ അന്നം, പരമ്പരകളിലെ ഏതെങ്കിലും ഒരു വ്യക്തി ഇതുപോലെ ശ്രദ്ധയോടു കൂടി ചെയ്യുന്ന ശ്രാദ്ധാന്നം  ആണ്. അനേകം കൈകളിലൂടെ കൈ മാറി നമ്മളിലേക്ക് എത്തേണ്ട അന്നമേ എത്തൂ. ആ അന്നമേ തൊണ്ടയിൽ നിന്ന് ഇറങ്ങൂ.  അതുകൊണ്ടാണ് ഹിന്ദിയിൽ പറയുന്നത്. दाने दाने पर लिखा है खाने वाले का नाम, ഓരോ അരിയിലും എഴുതിയിട്ടുണ്ട് അത് കഴിക്കുന്നവരുടെ പേര്.


ഇത്രയും ശ്രദ്ധയോടു കൂടി ആരൊക്കെയോ നാം നന്നായി ഇരിക്കണമെന്ന് ആഗ്രഹിച്ച്  നമുക്ക് വേണ്ടി ചെയ്ത ആഹുതിയുടെ കർമ്മഫലം കൂടിയാണ് നാം കഴിക്കുന്നത്. അതുകൊണ്ടു കൂടിയാണ് അന്നത്തെ നിന്ദിക്കരുത് എന്നു പറയുന്നത്.   പരമ്പരാ ശാപം  ഉണ്ടോ എന്നറിയാൻ ആദ്യമേ തന്നെ അന്നം  ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതിന് കാരണം പരമ്പരകൾ  കൃത്യമായി ശ്രാദ്ധം ഇടുന്നുണ്ടോ എന്ന് അറിയാൻ കൂടിയാണ്. 


ഇതെല്ലാം വിശ്വാസത്തിന്റെ പുറത്തുള്ള കളിയാണ്, വേണ്ടവർക്ക് വിശ്വസിക്കാം വേണ്ടാത്തവർക്ക് വിശ്വസിക്കാതെ ഇരിക്കാം. കാരണം ഇതെല്ലാം ഇന്ന് പറയുന്ന സയൻസ് എന്നതിൽ കൂട്ടികെട്ടി തെളിവ് കൊടുക്കുവാൻ പറഞ്ഞാൽ സാധ്യമാകില്ല. പക്ഷെ ആത്യന്തികമായി നമ്മളെ നമ്മളാക്കിയ അച്ഛൻ, അപ്പുപ്പന്മാരുൾപ്പെടുന്ന പരമ്പരകളെ നമസ്കരിക്കുവാൻ ഇതെല്ലാം നമ്മളെ പ്രാപ്തരാക്കും. ഏറ്റവും കുറഞ്ഞത്  കഴിക്കുന്ന അന്നത്തെ ബഹുമാനിക്കുവാൻ പഠിപ്പിക്കുമെന്നതിൽ സംശയമില്ല. 


ഗീതയിൽ പറയുന്നത് പോലെ. 

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർചിതുമിച്ഛതി

തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം


ഓരോരുത്തരുടേയും സ്വന്തം ഭാവമാണ്. അതുപോലെയാകും ഫലവും. 


അഭിനവ ബാലാനന്ദഭൈരവ

ശാരദാ പ്രതിഷ്ഠാനം.

No comments:

Post a Comment