Monday, December 11, 2023

ദേവീ മാഹാത്മ്യം- അര്ഗളം കീലകം കവചം

 ദേവീ മാഹാത്മ്യത്തിൽ അര്ഗളം കീലകം കവചം ഇത്യാദികളെ കാണുമ്പോൾ എന്താണ് ഈ അര്ഗളമെന്നു ഒരുപാടു പേരു സംശയമായി ചോദിച്ചിരുന്നു.

അര്ജ ധാതുവിൽ നിന്ന് നിഷ്പന്നമായതാണ് അര്ഗളശബ്ദം. അര്ജയതി കിമപി ലോകഃ സംസ്കരോതീത്യര്ഥഃ. എന്തിനെയെങ്കിലും സംസ്കരിപ്പിക്കുന്നതാണ് അര്ജ്ജനം. അലബ്ധസ്യ ലാഭഃ, അതായത് ലഭ്യമല്ലാത്തത് ലഭിക്കുന്നതിനുള്ള യത്നമെന്നു വേണമെങ്കിൽ പറയാം.
ഇവിടെ സംസ്കരണം ആണ് നിശ്ചയം. ഉപാസകൻ ദേവതാഭാവത്തിലേക്ക് കടക്കുന്നതിനുള്ള ഭാവത്തെ നിശ്ചയിച്ച് അര്ഗളത്തെ ചെയ്യുവാൻ ശ്രമിക്കുന്നു. എങ്ങിനെയെന്നത് ഒരു പ്രധാന ചോദ്യമായി വരുമ്പോൾ പറയുന്നു, കപാടം. അര്ഗളശബ്ദത്തിന് പറയുന്ന അര്ഥമാണ് കപാടം. കം വായും മസ്തകം വാ പാടയന്തീതി. പാടനമെന്നാൽ പട ഗതൌ, ഗതിയെയാണ് പറയുന്നത്. അതായത് പ്രാണായാമാദികളിലൂടെ വാതത്തെ സംസ്കരിച്ചുകൊണ്ട് ദേവതാ ധ്യാനത്തെ ചെയ്യുവാൻ തുടങ്ങുന്നതാണ് അര്ഗളമെന്ന് ആ വാക്കിലൂടെ തന്നെ മനസ്സിലാക്കാം.
ഈ അര്ഥത്ത തലത്തെ വച്ചുകൊണ്ടാകണം അര്ഗളത്തിലെ ഏതൊരു ശ്ലോകത്തിന്റേയും അര്ഥതലത്തെ ചിന്തിക്കുവാൻ. അതായത് ഒരു ഉപാസകൻ തന്റെ ദേവിയെ അറിയാനുള്ള പ്രയത്നം ആരംഭിക്കുമ്പോൾ അതിന് തടസ്സം വരുവാൻ സാധ്യതയുള്ള കാര്യങ്ങളെന്തെല്ലാമാണോ അത് നിവാരണം ചെയ്തു തരണമെന്നാകും പ്രാര്ഥിക്കുക എന്നത് സ്വാഭാവികമാണ്.
അത്തരത്തിൽ നോക്കിയാൽ രൂപം ജയം യശസ് ദ്വിഷോ ജഹി തുടങ്ങിയവയ്ക് എനിക്ക് രൂപത്തെ ജയത്തെ യശസ്സിനെ തന്നാലും എന്നതിനേക്കാൾ അര്ഗളത്തിന് ചേരുന്നതായ ഒരു അര്ഥതലം ഇതിനുണ്ടാകണം.
രൂപം എന്നതിന് ആചാര്യന്മാരു പറയുന്നു, രൂപം രൂപ്യതേ ജ്ഞായതേ ഇതി രൂപം പരമാത്മവസ്തു. അതായത് പരമാത്മവസ്തുവെ അറിയുവാൻ അനുഗ്രഹിക്കൂ. ഇതിന്റെ അര്ഥതലത്തെ കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ, രുപ് വിമോഹനേ എന്നാണ് ധാതു. വൈചിത്തീകരണം, അതായത് ചിത്തത്തിന് സംഭവിക്കുന്ന വിഭ്രാന്തീ. ഈ ലോകത്ത് വ്യാവഹാരദശയിലുള്ള ചിത്തവിഭ്രാന്തിയുണ്ടാകാതെ എന്നെ അനുഗ്രഹിച്ചാലും.
ജയം ദേഹി.. ജയത്തെ തന്നാലും. എന്തു ജയമാണ്.. പരമാത്മനഃ സ്വരൂപമിതി ജയോ വേദസ്മൃതിരാശിസ്തതോ ജയമുദീരയേദിതി. പരമാത്മാവിന്റെ സ്വരൂപത്തെ മനസ്സിലാക്കുന്നതാണ് ജയം എന്ന ഭാവം. അതിന് എനിക്ക് എന്തു തന്ന് അനുഗ്രഹിക്കണം. അതിനാണ് ജി എന്ന ധാതുവിന്റെ അഭിഭവം എന്ന അര്ഥം, അതായത് എന്റെ ഗർവ് അവസാനിപ്പിച്ചു തരൂ.. എന്താണ് ഗർവ്.. ഐശ്വര്യം, രൂപം, താരുണ്യം, കുലം, വിദ്യാ, ബലം, നമുക്ക് ഇഷ്ടമായ വസ്തുവിന്റെ ലാഭ ത്തിൽ മറ്റുള്ളവരോടുള്ള അവജ്ഞ ഇതാണ് ഗർവ് അഥവാ അഭിമാനം. ഇപ്രകാരെ ഉപാസകന്റെ ഉപാസകത്വത്തെ നശിപ്പിക്കുന്ന ഗർവിനെ നശിപ്പിച്ചു തരണേ എന്നാണ് ഉപാസകന്റെ പ്രാര്ഥന.
യശസ്സ് തന്നാലും.. ശ്രുതിപ്രസിദ്ധം തത്ത്വജ്ഞാനസംപാദനജന്യം യശസ്തദ്ദേഹി.. ശ്രുതി പ്രസിദ്ധമായ ആഗമാദിപ്രസിദ്ധമായ തത്ത്വജ്ഞാനത്തെ സംപാദനത്തിലൂടെയുണ്ടാകുന്ന യശസ്സിനെ ലഭിക്കുവാൻ അനുഗ്രഹിച്ചാലും. അതെങ്ങിനെയാണ് എനിക്ക് കിട്ടുക.. അതിനാണ് യശസ്സിന്റെ ധാത്വര്ഥം അശ് ഭോജനേ..
ശരീരത്തിൽ മാനസികമായ ഭാവം രണ്ടു തരത്തിലാണ് സംഭവിക്കുക ഒന്നു പ്രാണനിലൂടേയും അതായത് ഇന്ദ്രിയങ്ങളിലൂടേയും രണ്ടാമത്തേത് അന്നത്തിലൂടേയും. മായായാ ഭോജ്യരൂപേണ പരിണാണാമാത് വിഷ്ണോസ്തദധിഷ്ഠാനത്വാത് തഥാത്വമിതി എന്ന ഭാഷ്യത്തിലൂടെ വ്യവഹരിക്കുന്നത് ഭോജനരൂപമായ മായാ വൈഭവത്തെ തന്നെയാണ്. മനോ വൈചിത്ത്യത്തിനു കാരണമാകാത്ത അതായത് മനോ വിഭ്രമത്തിന് കാരണമാകാത്ത ശുദ്ധമായ ഭോജ്യത്തെ അഥവാ അന്നത്തെ പ്രദാനംചെയ്ത് ദേവീ തത്ത്വം അറിഞ്ഞവനെന്ന യശസ്സിനെ പ്രദാനം ചെയ്യണേ എന്ന് ഉപാസകന്റെ പ്രാര്ഥന.
ദ്വിഷോ ജഹി.. ശത്രുക്കളെ നശിപ്പിച്ചാലും. എന്താണ് ശത്രുക്കൾ.. കാമക്രോധാദീൻ ശത്രൂൻ ജഹി നാശയ, കാമക്രോധാദികളാകുന്ന ശത്രുക്കളെ നശിപ്പിച്ചാലും. ഇവിടെ രാഗാദിശബ്ദം കൊണ്ട് രാഗ ദ്വേഷ ലോഭ മോഹ മദ മാത്സ്യര്യ ഡംഭാ അഹംകാരങ്ങളെയാണ് ആചാര്യൻ വര്ണിക്കുന്നത്.
ഇപ്രകാരം അര്ഗളത്തിലെ ഓരോ വാക്കുകളും ഒരുപാസകന്റെ ആന്തരികവും ബാഹ്യവുമായ കായ വാങ്മനോഭാവങ്ങളുടെ ശുദ്ധതയ്കു വേണ്ടിയുള്ള പ്രാര്ഥനയാണ്..
ഇത്തരത്തിൽ ശുദ്ധമായ ഭാവത്തോടു കൂടി ദേവതയെ അറിയുവാനുള്ള ഒരുപാസകന്റെ ആദ്യത്തെ യത്നമാണ്. അര്ഗളം. ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ എപ്രകാരമാണോ ഒരു വ്യക്തി ശാരീരികവും മാനസികവുമായ ശുദ്ധതയെ വരുത്തുന്നത് അതുപോലെ ഇവിടേയും അതാ ഭാവത്തെ തന്നെയാണ് സാധകൻ ദേവിയോടു തരുുവാൻ പ്രാര്ഥിക്കുന്നത്..

No comments:

Post a Comment