തന്ത്രസമുച്ചയം... അര്ഥനിര്ധാരണവും...
ഗുരുദിവാകരഭദ്രകടാക്ഷരുക്
സ്ഫുരിതഹൃത്കമലോദരസംഭൃതം
ലിഖിതയാമ്യഥ തന്ത്രസമുച്ചയം
ഗുണനികാവിധി സാധനസിദ്ധയേ
വിധിപ്രകാരം അഭ്യാസത്തെ ചെയ്യുന്നതിനു സാധനം ഉണ്ടാക്കുന്നതിനായികൊണ്ട്, ഗുരുവാകുന്ന ആദിത്യന്റെ പ്രസന്നങ്ങളായിരിക്കുന്ന കടാക്ഷങ്ങളാകുന്ന രശ്മികളെകൊണ്ട് വിടർന്നിരിക്കുന്ന എന്റെ ഹൃദയമാകുന്ന താമരപ്പൂവിന്റെ ഉള്ളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്, എന്തോ അത് (ഗുരുകടാക്ഷം കൊണ്ട് മനസ്സിൽ തോന്നിയത്) ഞാൻ തന്ത്രസമുച്ചയമെന്നു പേരോടു കൂടിയിരിക്കുന്ന ഗ്രന്ഥത്തെയെഴുതുന്നു. ഗുരുദിവാകരൻ എന്നതുകൊണ്ട് ഗുരുവിന്റെ പേരും രവി എന്നതുകൊണ്ട് പിതാവിന്റെ പേരും ഇവിടെ സൂചിക്കപ്പെട്ടു. വ്യഞ്ജന കൊണ്ട് ഇതിൽ ഉത്തമകാവ്യത്വവും സിദ്ധമായിട്ടുണ്ട്.
ഇന്നു ലഭ്യമായ തന്ത്രസമുച്ചയ വ്യാഖ്യാനത്തിലെ ഒരു ഭാഗമാണ് ഞാൻ മുകളിലെഴുതിരിക്കുന്നത്. തന്ത്രസമുച്ചയകാരനെഴുതിയിരിക്കുന്ന ആശയത്തിന്റെ അന്തഃസത്ത ഇവിടെ എത്രത്തോളമുണ്ട് എന്നു നോക്കാനായി ഈ ശ്ലോകത്തിലെ വാക്കുകളുടെ ധാത്വർഥത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം...
ലിഖിതയാമി, എഴുതാൻ പോകുകയാണ്. എന്താണ് ഇവിടെ ആചാര്യനെഴുതാൻ പോകുന്നത് ? തന്ത്രസമുച്ചയമാണ്. എന്തിനു വേണ്ടിയാണ്, ഗുണനികാ വിധിസാധനസിദ്ധയേ. ഗുണനികാ എന്നാൽ ഗുണ മന്ത്രണേ എന്നതിനോട് ആമ്രേഡനം അതായത് വീണ്ടും വീണ്ടും ചൊല്ലുക എന്ന അർഥത്തിലാണ് പ്രയോഗം. മന്ത്രത്തിന്റെ ആവർത്തനത്തിനുള്ള വിധിയേയും അതിന്റെ സാധനാ തലത്തിലുള്ള സിദ്ധിയേയും കുറിച്ചുള്ള വിധാനത്തെയാണ് തന്ത്രസമുച്ചത്തിലൂടെ ഞാൻ പ്രകടമാക്കാൻ പോകുന്നത് അല്ലെങ്കിൽ എഴുതാൻ പോകുന്നത്.
ആ മന്ത്രം, അതെങ്ങിനെയുള്ളതാണ്?
സ്ഫുരിത ഹൃത് കമലോദര സംഭൃതമാണ്. ഹൃദയരൂപമായ കമലത്തിൽ നിന്നും ഉദരത്തിൽ നിന്നും പുഷ്ടിയാക്കപ്പെട്ടതാണ് ഞാനെഴുതാൻ പോകുന്നത്. എന്താണ് ഇപ്രകാരം ഈ സ്ഥലത്തു നിന്നു പുഷ്ടിയാക്കപ്പെടുന്നത്?
ആചാര്യന്മാരു പറയുന്നു,
ആത്മനാ പ്രേരിതം ചിത്തം വഹ്നിമാഹന്തി ദേഹജം.
ബ്രഹ്മഗ്രന്ഥഖിസ്ഥിതം പ്രാണം സ പ്രേരയതി പാവകഃ
പാവകപ്രേരിതഃ സോऽഥ ക്രമാദൂർധ്വപഥേ ചരൻ
അതിസൂക്ഷ്മധ്വനിം നാഭൌ ഹൃദി സൂക്ഷ്മം ഗളേ
പുനഃ പുഷ്ടം ശീർഷേ ത്വപുഷ്ടഞ്ച കൃത്രിമം വദനേ തഥാ.
ആവിർഭാവയതീത്യേവം പഞ്ചധാ കീർത്ത്യതേ ബുധൈഃ.
ഇപ്രകാരമുള്ള പ്രമാണത്തെ നോക്കിയാൽ, ആത്മാവിനാൽ പ്രേരിപ്പിക്കപ്പെട്ടതായ ചിത്തം ദേഹത്തിലെ വഹ്നിയെ പ്രേരിപ്പിക്കുന്നു. ആ ബ്രഹ്മഗ്രന്ഥിസ്ഥിതമായ പ്രാണൻ പാവകനെ പ്രേരിപ്പിക്കുന്നു. പാവകനാൻ പ്രേരിപ്പിക്കപ്പെട്ട് അത് ക്രമത്തിൽ ഊർധ്വഗതിയിലേക്ക് സഞ്ചരിക്കുന്നു. അതിസൂക്ഷ്മ ധ്വനിയെ നാഭിയിലും ഹൃദിയിലും തുടർന്ന് കണ്ഠത്തിലും ഉണ്ടാക്കുന്നു. പുഷ്ടമായതിനെ ശീർഷത്തിലും അപുഷ്ടമായതിനെ കൃത്രിമമായ വദനത്തിലും ഉണ്ടാക്കുന്നു. ഇപ്രകാരം ആണ് അക്ഷരം സൃഷ്ടിക്കപ്പെടുന്നത്. ഇതിനെയാണ് ഒരു വരിയിലൂടെ ആചാര്യൻ പറയുന്നത്. മന്ത്രത്തിന്റെ ആധാരമായ ശബ്ദത്തിന്റെ സൃഷ്ടി.
നാം ചൊല്ലുന്നതായ മന്ത്രം എങ്ങിനെയാണ് ഉണ്ടാകുന്നത് എന്നു ആചാര്യൻ പറഞ്ഞു.
ഇനി ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മന്ത്രമെങ്ങിനെയുള്ളതാണ് എന്നു പറയുന്നു, ഗുരു ദിവാകര ഭദ്ര കടാക്ഷരുക് ആണ്.
ഗുരു, ഗൃ വിജ്ഞാനേ ജ്ഞാനമെന്നർഥം. ദിവാകര, ദിവ് ജിഗീഷേച്ഛയോഃ, അതായത് ഉത്കർഷമായ ഇച്ഛ. ഭദ്ര ഭദി കല്യാണേ സുഖേ അതായത് തത്കൃതൌ. ഇച്ഛാ രൂപമായിട്ടുള്ളത് എന്തോ അത് ചെയ്യുന്നതാണ് തത്കൃതി അതായത് വ്യാപാരം.
ആത്മജന്യാ ഭവേദിച്ഛാ
ഇച്ഛാ ജന്യാ ഭവേത് കൃതിഃ
കൃതിജന്യാ ഭവേച്ചേഷ്ടാ
ചേഷ്ടാജന്യാ ഭവേത് ക്രിയാ
ആത്മാവിൽ നിന്ന് ഇച്ഛയുണ്ടാകുന്നു, അതിൽ നിന്ന് കൃതി അഥവാ വ്യാപാരം ഉണ്ടാകുന്നു. ആ വ്യാപാരത്തിൽ നിന്ന് ചേഷ്ടയും അതിലൂടെ ക്രിയയും ഉണ്ടാകുന്നു. ഇവിടെ മൂന്നിനേയും യോജിപ്പിച്ചാൽ ഇച്ഛാ ജ്ഞാനം ക്രിയാ രൂപത്തിൽ ലഭ്യമായത് എന്തോ അതാണ് പൂർവം പറയപ്പെട്ടതായ ശബ്ദമെന്നാശയം.
അതെങ്ങിനെയുള്ളതാണ്, കടാക്ഷ രുക് ആണ്. കടതി അക്ഷതി വ്യാപ്നോതീതി. ശരീരത്തിൽ പൂർണ്ണമായി വ്യാപിച്ചത് എന്തോ അത് കടാക്ഷം. രുക് എന്നാൽ ശോഭയോടു കൂടിയത്.
ഇങ്ങനെ പൂർണമായ അർഥത്തെ യോജിപ്പിച്ചാൽ, ഇച്ഛാ ജ്ഞാനം ക്രിയാ എന്നീ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട് ഹൃദയകമലത്തിലൂടേയും ഉദരത്തിലൂടേയും പൌഷ്ടികമാക്കപ്പെട്ട് ശരീരത്തിൽ പൂർണ്ണമായും വ്യാപിക്കുന്നതും ശോഭയെ പ്രദാനം ചെയ്യുന്നതും മാതൃകാ രൂപമായതുമായ മന്ത്രത്തിന്റെ വിധിയും അതെങ്ങിനെയാണ് സാധിക്കേണ്ടത് എന്നും ആണ് തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിലൂടെ ഞാൻ എഴുതുവാൻ പോകുന്നത്.
ഇത്രയും വിസ്തരിച്ചാണ് തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിലെ ഈ ശ്ലോകം പോകുന്നത്. അപ്പോൾ ഇന്നു പഠിക്കുന്ന വിവർത്തനം ഈ അർത്ഥത്തിൽ നിന്നും എത്ര ദൂരെയാണെന്നു നോക്കൂ!
തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിൽ എന്തുകൊണ്ടാണ് പല തരത്തിൽ അബദ്ധമായ അർഥങ്ങൾ വന്നത് എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാനാകും. തന്ത്രത്തിന്റെ ആധികാരികമായ അധികാര വിഷയ സംബന്ധപ്രയോജനം നോക്കാതെ വ്യാഖ്യാനിച്ചതിന്റെ ഫലമാണ്; സകല ലോകർക്കും ഹിതകരമായ ശാസ്ത്ര വിഷയത്തിൽ എഴുതപ്പെടുന്ന ഗ്രന്ഥങ്ങൾ വ്യക്തികൾ സ്വന്തം സ്വാർത്ഥത്തിലേക്കോ പരിമിതികളിലേക്കോ ചുരുക്കി, തന്ത്രവിഷയത്തിൽ നിന്ന് മാറി വ്യാഖ്യാനിച്ചതു കൊണ്ടുമാത്രമാണ് ഈ അനർത്ഥങ്ങൾ വന്നു കൂടിയത്. പതിതശബ്ദത്തിന് സ്വധർമ്മഭ്രഷ്ടഃ എന്നതിന് പകരം ജാതി എഴുതി ചേർത്തതിന് കാരണവും മറ്റൊന്നല്ല.
ആദ്യ ശ്ലോകം മുതൽ തന്നെ ഈ ഗ്രന്ഥത്തെ ശാസ്ത്രീയമായി ശുദ്ധീകരിച്ച് ഇറക്കിയാൽ കാലത്തിന്റെ ആവശ്യകതയായ ദേവതാ വിഷയത്തിൽ കുറെക്കൂടി ശുദ്ധതയും കൃത്യതയും നമുക്ക് പുലർത്താനാകും!
ശ്രീ ഗുരുഭ്യോ നമഃ...
No comments:
Post a Comment