സംശയങ്ങളും അനുഭവങ്ങളും....
കഴിഞ്ഞ ദിവസം കുറച്ച് അമ്മമാരോട് സംസാരിക്കുവാൻ അവസരം കിട്ടി... ആ സമയം അവരു കുറെ സംശയങ്ങളു ചോദിച്ചു..
ദേവന് പ്രത്യേകം പ്രസാദം കൊടുക്കണോ ?
നിലവിളക്കിൽ എത്ര തിരി ഇടണം ?
കരിന്തിരി കത്തിയാൽ ദോഷം ഉണ്ടോ?
ഇടക്ക് വിളക്കു കെടുത്തിയാൽ ദോഷമുണ്ടാകുമോ ?
മാസമുറ സമയത്ത് വീട്ടില് വിളക്കു വക്കാമോ ? അശുദ്ധിയാകുമോ ?
ഇങ്ങിനെ സംശയങ്ങൾ അനവധിയാണ്...
ഞാനീ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം അല്ല പറഞ്ഞത്.. കുറെ ചോദ്യങ്ങളാണ് അമ്മമാരോട് ചോദിച്ചത്. ചില അനുഭവങ്ങളെ ഓർമ്മിപ്പിച്ചാൽ ഉത്തരം തനിയെ വരും എന്നാണ്... ഒന്നര മണിക്കൂറിൽ പറഞ്ഞത് വിഷയത്തിലേക്ക് മാത്രം യോജിപ്പിച്ച് എഴുതാം ..
അമ്മക്ക് എത്ര വയസ്സായി...ഒരു എഴുപത് കഴിഞ്ഞു കാണില്ലെ..
ആയി ഇപ്പോ എഴുപത്തിരണ്ട് ആകണു..
വീട്ടിലെത്ര മക്കളുണ്ട്..
മക്കളു എട്ടു പേരുണ്ടായിരുന്നു.. മൂന്നു പെണ്ണും നാലു ആണും.. ഒരാളു മരിച്ചു..അവർക്കും മക്കളായി...
പഴയ കാലം അല്ലെ.. .കൂടെ ഇല്ലായ്മയും..
ആ സമയം എവിടെയാ മോനെ ഇന്നത്തെ പോലെ സൌകര്യം..ഒറ്റ മുറി... ചാണകം മെഴുകിയ തറ... ഇന്നത്തെ പോലെ വീട് വല്ലതും പണ്ട് ഉണ്ടായിരുന്നേ'.. പായയിൽ അച്ഛനും മക്കളും നിരന്ന് കിടന്നു ഉറങ്ങും.. അതും ഒരു കാലം,,
അതിനും ഒരു സുഖമുണ്ടായിരുന്നു ല്ലേ..
ഇല്ലായ്മയ്കും സുഖോണ്ടായിരുന്നു.. ഇന്ന് അതോർക്കണതാ സുഖം..
ഒറ്റമുറിയല്ലായിരുന്നുവോ.. അപ്പോ ഭക്ഷണം ഉണ്ടാക്കണത്..
അത് ഉള്ള സ്ഥലത്ത് അന്നന്ന് കിട്ടണത് വച്ച് കഞ്ഞി മക്കൾക്കും കൊടുക്കും ഞങ്ങളും കഴിക്കും..
വിറക്, തെങ്ങിന്റെ ഓല,പ്ലാവിന്റെ ഇലയും.. ഉണങ്ങിയ കമ്പുകൾ.. കിട്ടണത് അല്ലെ..
അതെ...ജീവിക്കണ്ടെ.. അപ്പോ നമുക്ക് പറ്റണത് പോലെ നമ്മളും..
അത് മനസ്സിലായി..ഒരു രൂപയിൽ അരി വെളിച്ചെണ്ണ പഞ്ചസാര ഒക്കെ ഒപ്പിച്ചിരുന്നതല്ലെ.. അല്ല അമ്മെ, ആ കാലത്ത് അമ്മ ഇന്നത്തെ നിലവിളക്ക് ആയിരുന്നോ ഉപയോഗിച്ചിരുന്നേ...
മണ്ണിന്റെ പാത്രം... പിന്നെ ഒരു വിളക്കുപാത്രം ആയിരുന്നു..ഇന്നിപ്പോ അത് കാണാനേയില്ല.
ചെറിയ അലൂമിനിയം കൊണ്ടുള്ള പോലെയുള്ളത് അല്ലെ..
അത് തന്നെ.. അത് ഇപ്പോ ഇല്ലായെന്നു തോന്നണു..
എത്ര തിരി ഇടുമായിരുന്നു.
ഒരു തിരി..അതന്നെ കഷ്ടിയാ.. തലെന്നത്തെ എണ്ണയുണ്ടെ അതിൽ തന്നെ കത്തിക്കും. പലപ്പോഴും കരിന്തിരിയായിരുന്നു..
എണ്ണയിൽ മുക്കി വലിച്ച തിരി അല്ലെ....
അത് തന്നെ.. സന്ധ്യ കഴിഞ്ഞാ അപ്പോ കെടുത്തും.. നാളേം കത്തിക്കണ്ടെ.. മണ്ണെണ്ണ വരെ ഒരു മാസം എത്തിക്കാൻ ചിലപ്പോ പാടു പെടും.. അടുത്ത വീട്ടിൽ നിന്ന് മേടിച്ചാ അടുപ്പിൽ ഒഴിക്കാ..
ഒറ്റ റൂമിലല്ലെ വിളക്കു കത്തിക്കാറ്..
അതെ... എന്തേ
അപ്പോ അമ്മയുടെ പെണ്മക്കളും അമ്മയുമൊക്കെ..
അത് ആ റൂമിൽ തന്നെ കിടക്കും..
അപ്പോ ശുദ്ധിയോ...( അമ്മയ്ക് ആ സമയത്ത് ആണ് ഞാനെങ്ങോട്ടാണ് ചോദ്യം ചോദിച്ച് കൊണ്ടുപോയത് എന്ന് മനസ്സിലായത് ..)
ഇനി അമ്മ പറഞ്ഞ കാര്യങ്ങളെ അഥവാ നാം എല്ലാം അനുഭവിച്ച കാര്യങ്ങളെ മാത്രം ആലോചിച്ചു നോക്കൂ..
അന്നന്ന് മക്കൾക്കു കൊടുക്കാൻ തന്നെ ഭക്ഷണം ഇല്ലാതെ ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു നമ്മൾക്ക് എല്ലാം.
അന്നു അച്ഛനും അമ്മയും, അവരുടെ അമ്മയും, ആണ്മക്കളും പെണ്മക്കളും എല്ലാവരും കൂടി താമസിച്ചിരുന്നത് ഒറ്റ റൂമിലായിരുന്നു. ആ റൂമിൽ തന്നെയായിരുന്നു ഇഷ്ടദേവതയും ഉണ്ടായിരുന്നത്... അവർക്ക് കൊടുക്കാൻ എന്നല്ല, നമ്മൾക്കും കഴിക്കാൻ തന്നെ കഷ്ടിയായിരുന്നു.. ആകെ അമ്മ ചെയ്യുക, ഉണ്ടാക്കിയ ചോറും, കറിയും ആദ്യം അടുപ്പിലേക്കും പിന്നെ പുറത്തേക്കും സ്പൂണിൽ എടുത്ത് എറിയും..
അഷ്ടിക്ക് വകയില്ലായെങ്കിലും മാസത്തിൽ കറുത്തവാവു വന്നാ തെക്കു ദിക്കിൽ രാവിലെ പച്ചരിചോറ് കൊണ്ട് ഒരു ഒരുള വച്ചിട്ടുണ്ടാകും പുറത്ത്.. അതായിരുന്നു പിതൃശ്രാദ്ധം...
ഇന്നത്തെ പോലെ ഓട്ടു നിലവിളക്കിൽ കിഴക്കോട്ടും പടിഞ്ഞാട്ടും, അല്ലെ അഞ്ചു തിരിയും എല്ലാം ഇട്ട് ശാസ്ത്രീയമായി ദേവിയെ വിളിക്കാൻ എണ്ണ മേടിക്കാൻ കാശ് ഇല്ലായിരുന്നു..
ഒറ്റതിരിയാണ് കത്തിച്ചിരുന്നത്.. പത്തു മിനിറ്റിൽ അത് കെടത്തുവാൻ പറയും.... അല്ലെ അടുത്ത ദിവസം കത്തിക്കാൻ എണ്ണ ഉണ്ടാകില്ല.
കോലുതിരിയായിരുന്നു പുറത്ത് കത്തിക്കാൻ.. എണ്ണയിൽ മുക്കി നനച്ച തുണി ഈർക്കിലിയിൽ ചുറ്റും.... അത് കരിന്തിരി ആയി കത്തിക്കും..
വർഷത്തിൽ പിറന്നാളു വന്നാൽ ക്ഷേത്രത്തിൽ ദേവിക്ക് പായസം കഴിച്ചാലായി അതും ഉണ്ടെങ്കിൽ..അരിയും ശർക്കരയും വിറകും വരെ നമ്മളു കൊണ്ടുപോകണം...
ഈ പറയുന്ന സകല കുടുംബാംഗങ്ങളും താമസിച്ചപ്പോഴും നമ്മൾ അമ്മയെ അമ്മയായി പൂജിച്ചിരുന്നു... . വൈദ്യവും, മന്ത്രവാദവും ചെയ്യുന്ന കുടുംബങ്ങൾ അടക്കം.. വിളിച്ചാൽ വിളപ്പുറത്തു വരുന്ന ദേവതകളെല്ലാം കുടുംബത്തിൽ ഉണ്ടായിരുന്നു.
ഒരു റൂമിൽ കിടന്നിരുന്നത് കൊണ്ടോ, പൂജാ റൂം പ്രത്യെകമായി ഇല്ലാത്തത് കൊണ്ടോ, വിശേഷാൽ പ്രസാദം കൊടുക്കാത്തത് കൊണ്ടോ, തിരി കെട്ടത് കൊണ്ടോ, കെടുത്തിയത് കൊണ്ടോ എന്തേലും ദോഷം വരുമെന്ന് ഉള്ള ഒരു ഭയവും നമുക്കില്ലായിരുന്നു...
ഇന്നലെ ഇല്ലാതിരുന്ന വലിയ നിലവിളക്ക് വന്നപ്പോ ഇന്ന് അത് ഏത് ദിക്കിൽ വക്കണം? ഇന്നലെ ഒരു തിരി തന്നെ കഷ്ടിയായിരുന്നു, ഇന്ന് എത്ര തിരി ഇടണം ? കിഴക്കോട്ട് ഇടണോ പടിഞ്ഞാട്ട് ഇടണോ ? തിരി ഇടക്ക് കെട്ടാ പ്രശ്നം... കെടുത്തിയാ പ്രശ്നം...
ഇന്നലെ വയറു നിറക്കാൻ തന്നെ ഇല്ലാതിരുന്ന ഭക്ഷണമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം....
ഭക്ഷണം എന്നത് ഒരു വ്യക്തിയുടെ വൃത്തി അതുസരിച്ചാണ് .. മുക്കുവർ പിടിക്കുന്ന മത്സ്യം എന്തു ചെയ്യണം... അവരുടെ അംഗം ജലവുമായി ആണ് ബന്ധപ്പെട്ടിരിക്കുന്നത്... അതല്ലെ അവർക്ക് ചേരുക... മത്സ്യം പിടിക്കണവരെ ധീവരരെന്നു വിളിക്കും... ശാസ്ത്രത്തിൽ കൈവർത്തകർ എന്നും... ഒന്നു ബംഗാളിൽ പോയാൽ മതി ഇവരാരാണ് എന്ന് മനസ്സിലാക്കാൻ... അവർ ഉപാസകർ അല്ലായെന്ന് ആരെങ്കിലും പറയുമോ...
മാംസം കഴിക്കണവർ പിശാചുക്കളാണ് എന്ന് പറയാറുണ്ട്.. എങ്കിൽ വ്യാധ ഗീത എഴുതിയ മാംസം വിറ്റിരുന്ന ആൾ ആരായി വരും? പിശാചിനെ ഉണ്ടാക്കുന്നവനൊ ? നളൻ പിശാചുക്കളെ ഉണ്ടാക്കണ രാജാവായിരുന്നുവോ? ആയുർവേദത്തിലെ മാംസ ഭാഗം ഏത് വിഭാഗത്തിൽ പെടുത്തും.. പാക ശാസ്ത്രത്തിൽ പെടുന്ന മാംസഭോജനാ ദികൾ പൈശാചികത്തിൽ പെടുമോ?
അന്തരീക്ഷചരാ: പിശാചാ എന്നാണ്... അന്തരീക്ഷത്തിൽ സഞ്ചരിക്കാൻ മാംസം കഴിച്ചാൽ മതിയോ? അർത്ഥം എങ്ങിനെ യോജിപ്പിക്കും...
ശാസ്ത്രീയതയെല്ലാം വേണം യാതൊരു സംശയവുമില്ല. പക്ഷെ അത് വേണ്ടത് വേണ്ട സ്ഥലത്ത്.. അല്ലാത്ത സ്ഥലത്ത് ശാസ്ത്രീയത പറഞ്ഞാൽ സ്വാനുഭവം ചിന്തിച്ചാൽ മതി... എന്നിട്ട് പറഞ്ഞ് കൊടുക്കുക.. (തന്ത്രം ചെയ്യുന്ന സ്ഥലത്തും, പദ്ധതിയിൽ ഉപാസന ചെയ്യുന്നവരും അവരവരുടെ നിത്യ ക്രമങ്ങൾ വേണമെന്ന് ഉപദേശം ഉണ്ടെങ്കിൽ അത് പാലിക്കുക ഇതുമായി കൂട്ടിക്കുഴക്കരുത്)
ഇനി സ്വയം ആലോചിച്ചു നോക്കൂ.. നമുക്ക് എവിടെയാ പിഴച്ചത്..
ഇന്നലെകളിലെ നമ്മളെ നാം മറന്നതും.... അത് തലമുറയിലേക്ക് പകർന്നു കൊടുക്കാത്തതും അല്ലെ ..
ഇല്ലാത്ത സമയം ഇല്ലാത്ത പോലെ... ഉള്ളപ്പോൾ അറിഞ്ഞ് ചെയ്യണ്ടെ... വേണം... പക്ഷെ സ്വന്തം അസ്തിത്വം കളഞ്ഞ് ആകരുത് ...
ഒന്നേയുള്ളു ഇത്തരം സംശയം വരാതെ ഇരിക്കാനുള്ള വഴി.. വന്ന വഴിയും തിന്ന ചോറും മറക്കാതെ ഇരിക്കുക....
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment