രാമായണം; ഇതിഹാസവും രാമന്റെ അയനവും…
രാമായണ മാസം തുടങ്ങുകയാണ്. ഇതിഹാസ കൃതിയായ രാമായണം ആസേതു ഹിമാചലം ഭാരതത്തിൽ ഇത്രയധികം പ്രാധാന്യത്തോടു കൂടി നിൽക്കുന്നതിന് എന്തായിരിക്കും കാരണം. അതു മനസിലാക്കിയാൽ രാമായണം എന്തിനാണ് രചിച്ചതെന്നും ഇതിഹാസ പുരാണാദികളായ കൃതികളെ ഏത് തരത്തിലാണ് യക്തിസഹമായി സമീപിക്കേണ്ടത് എന്നും നമുക്ക് മനസിലാക്കാനാകും.
ആദ്യമേ തന്നെ മനസിലാക്കേണ്ടത് ഇതിഹാസമായി പറയുന്ന രാമായണം ചരിത്രകാവ്യമല്ല എന്നതാണ്. ഭാരതത്തിൽ ചരിത്രകാവ്യങ്ങൾ പ്രത്യേകമായി തന്നെയുണ്ട്. സേതുബന്ധം, ഹർഷചരിതം, ഗൗഡവധം, ഭുവനാഭ്യുദയം, നവസാഹസാങ്കചരിതം, വിക്രമാങ്ക ദേവചരിതം, രാജതരംഗിണീ ഇവയാണ് ചരിത്രകാവ്യങ്ങൾ. കേരളത്തിലെ ചരിത്രകാവ്യങ്ങളായി പറയുന്നത് മൂഷികവംശം, ആംഗലസാമ്രാജ്യം, കേരളോദയം ഇവയാണ്. ഇതിലൊന്നുംതന്നെ രാമായണത്തെ യോജിപ്പിക്കാനാകില്ല. കാരണം ഈ ശൈലിയല്ല രാമായണത്തിൽ ആചാര്യൻ യോജിപ്പിച്ചിരിക്കുന്നത്.
അനുശാസനം, ഹിതകഥനം, പാരമ്പര്യോപദേശം എന്നെല്ലാം അർഥമുള്ള ഇതിഹ എന്നതിനോട് ഉപവേശനം അഥവാ ആധാരം എന്നർഥമുള്ള ആസം എന്ന പദവും ചേരുമ്പോഴാണ് ഇതിഹാസം എന്ന പദം വരുന്നത്. ഉപദേശം ആധാരമായി ഇരിക്കുന്നത് ഏതൊന്നിലാണോ അതാണ് ഇതിഹാസം. പാരമ്പര്യോപദേശത്തിൽ പെടുന്ന വിഷയങ്ങളെന്താണ് എന്നത് രാമായണത്തിന്റെ തുടക്കത്തിൽ, കോ ന്വസ്മിൻ സാംപ്രതം ലോകെ ഗുണവാൻ കഃ എന്നു പറഞ്ഞു വാൽമീകി തന്റെ ചോദ്യങ്ങളിൽ തന്നെ പ്രതിപാദിക്കുന്നുണ്ട്.
ഗുണാവാൻ, വീര്യവാൻ, ധർജ്ഞൻ, കൃതഞ്ജൻ, സത്യവാക്, ദൃഢവ്രതൻ, ചാരിത്രയുക്തൻ, സർവലോകഹിതൻ, ജിതക്രോധൻ, വിദ്വാൻ, പ്രിയദർശനൻ, ദ്യുതിമാൻ, അസൂയയില്ലാത്തവൻ ഇങ്ങിനെയുള്ളത് ആരാണ് എന്നാണ് ആചാര്യന്റെ ചോദ്യം. ചോദ്യോത്തരം വാല്മീകിയും നാരദനും തമ്മിലാണ്, പക്ഷെ ഉത്തരം നമ്മളോടാണ്. എങ്ങിനെയാണ് നാം ഗുണവാനായും, വീര്യത്തോടു കൂടിയവനായും, ധർമ്മജ്ഞനായും, കൃതജ്ഞനായും, സത്യവാക്കായും ദൃഢവ്രതനായും മാറേണ്ടത് എന്നതാണ് രാമായണത്തിലെ പ്രതിപാദ്യ വിഷയം. അതുകൊണ്ട് തന്നെ ഇത് എഴുതിയിരിക്കുന്നത് നമ്മളെ പോലെ സാധാരണക്കാർക്ക് വേണ്ടിയാണ്.
ഇവിടെ മനസിലാക്കേണ്ടത്, ആചാര്യന്മാർ അതിന് പല വഴികളും പ്രയോഗിക്കുമെന്നതാണ്. ഉപദേശങ്ങളെ പറയുമ്പോൾ രണ്ട് തരത്തിൽ പറയും. എന്ത് ചെയ്താലാണ് ധർമ്മത്തിലൂടെ പുണ്യം സമ്പാദിക്കാനാകുക. നേർ വിപരീതമായി എന്ത് ചെയ്താലാണ് ജീവിതത്തിന്റെ പുണ്യം നശിച്ച് നാശത്തിലേക്ക് നയിക്കുക. ഈ രണ്ട് വിഷയങ്ങളെ, ഓരോ വ്യക്തിയിലും കാലം, ദേശം, അവസ്ഥ ഇവ മാറുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ മാറ്റം വരുന്നു എന്നതാണ് ആചാര്യൻ പറയുക.
ഈ ഉപദേശങ്ങളെ എങ്ങനെ, ഏത് തരത്തിൽ നാം നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കണമെന്നത് വ്യക്തി നിഷ്ഠമാണ്. അതിനു വേണ്ടിയാണ് യുക്തിയെ ആചാര്യന്മാർ ന്യായശാസ്ത്രത്തിലൂടെ പഠിപ്പിച്ചു തരുന്നത്. ഉദാഹരണമായി ഹരിശ്ചന്ദ്രന്റെ കഥ പറയുമ്പോൾ, അതിന് നേർ വിപരീതമായി ഏറ്റവും അസത്യം ആചരിക്കുന്ന വ്യക്തിയുടെ കഥയും യോജിപ്പിച്ചിട്ടുണ്ടാകും. ഏത് തരത്തിൽ ജീവിക്കണം, ഏത് തരത്തിൽ ജീവിച്ചുകൂടാ എന്നതാണ് ഇവിടെ ഉപദേശിക്കുവാൻ ശ്രമിക്കുന്നത്. വാത്മീകി തന്റെ കാവ്യത്വ ശൈലിയെ സ്വീകരിച്ചുകൊണ്ട് യോഗ്യമായ കഥാതന്തുക്കളെ സ്വീകരിച്ച് പൂർവം പറയപ്പെട്ട വിഷയങ്ങള ഉൾക്കൊള്ളിച്ചുകൊണ്ട് ഉപദേശിക്കുന്നു. ഇതാണ് ഇവിടെ ഇതിഹ, അഥവാ പാരമ്പര്യോപദേശം എന്നു പറയുന്നതിന് കാരണം.
ഈ പാരമ്പര്യോപദേശം ഏത് ഗ്രന്ഥത്തിലാണോ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്, ലഭ്യമായിരിക്കുന്നത് ആ ഗ്രന്ഥത്തെയാണ് ഇതിഹാസം എന്നു വിളിക്കുന്നത്. ഇതേ അർഥത്തെ യോജിപ്പിച്ചാണ്, പാരമ്പര്യോപദേശ ആസ്‌തേ അസ്മിൻ എന്ന സമാസം ആചാര്യന്മാർ ഇതിഹാസത്തിനു പറയുന്നത്.
ധർമ്മാർഥകാമമോക്ഷാണാമുപദേശ സമന്വിതം
പൂർവവൃത്ത കഥായുക്തമിതിഹാസം പ്രചക്ഷതേ
ധർമ്മം അർഥം കാമം മോക്ഷം ഇവകളുടെ ഉപദേശങ്ങളോടു കൂടി, പൂർവം സംഭവിച്ചതായ കഥകളെ പറയുന്നതാണ് ഇതിഹാസം എന്ന് ലക്ഷണം. ഈ ലക്ഷണത്തെ നോക്കിയാൽ, ഒരു വ്യക്തിക്ക് ധർമ്മത്തെ ഉപദേശിക്കുന്നതിനു സഹായകമായതും, ആ കാലഘട്ടങ്ങളിൽ സംഭവിച്ചതോ, അറിയപ്പെട്ടിരുന്നതോ ആയ കഥകളെ യോജിപ്പിച്ചു കൊണ്ട് പറയുന്നതാണ് ഇതിഹാസം.
രാമകഥയെ ആധാരമാക്കി വാല്മീകി മാത്രല്ല ഇപ്രകാരം ഉപദേശിച്ചിരിക്കുന്നത്. ആനന്ദരാമായണത്തിൽ അഷ്ടമ സർഗ്ഗത്തിൽ ഉമാ മഹേശ്വര സംവാദത്തിൽ അനേകം രാമായണങ്ങളെ പറയുന്നുണ്ട്.
വാൽമീകിയാൽ എഴുതപ്പെട്ടതും ആദിഭൂതമായതും സർവമംഗളങ്ങളേയും പ്രദാനം ചെയ്യുന്നതാണ് ആദി രാമായണം എന്ന് പറയുന്നു. തുടർന്ന് യോഗവാസിഷ്ഠം എന്നു പേരായ രാമായണവും, അതിനെ തുടർന്ന് അദ്ധ്യാത്മ രാമായണവും എഴുതപ്പെട്ടു. വായുപുത്രനാലും, നാരദനാലും എഴുതപ്പെട്ടതായ രാമായണമാണ് തുടർന്ന് വന്നത്. ലഘുരാമായണം, വൃത്തരാമായണം, രമത്തെ പ്രദാനം ചെയ്യുന്ന ബ്രഹ്മരാമായണം, ഭാരദ്വാജനാൽ എഴുതപ്പെട്ട ഭാരദ്വാജ രാമായണം, ശിവരാമായണം, ക്രൌഞ്ചൻ, ഭരതൻ, ജൈമിനി എന്നിവരാൽ എഴുതപ്പെട്ടതായ രാമായണങ്ങൾ, ആത്മധർമ്മൻ, ശ്വേതകേതു, ജടായുഷൻ, രവി, പുലസ്ത്യൻ, ദേവ്യൻ, ഗുഹ്യകൻ, മംഗളൻ, ഗാധി, സുതീക്ഷ്ണൻ, സുഗ്രീവൻ, വിഭീഷണൻ തുടങ്ങിയവരുടെ രാമായണങ്ങളും, ആനന്ദരാമനാൽ എഴുതപ്പെട്ടതായ മംഗള രൂപമായ രാമായണങ്ങളും ഭാരതത്തിൽ ലഭ്യമാണ്.
ഇതേ രാമായണത്തെ വേദാന്ത തത്വരൂപമായി പറയുന്ന ഉപനിഷദ്് രൂപത്തിലും നമുക്ക് കാണാം. രാമരഹസ്യോപനിഷത്, ശ്രീരാമ പൂർവതാപനീയോപനിഷത്, ശ്രീ രാമോത്തര താപിന്യുപനിഷത്, സീതോപനിഷത്, താരാസാരോപനിഷത് ഇവയെല്ലാം രാമ കഥയെ ഭിന്നങ്ങളായ തലങ്ങളിൽ പരാമർശിച്ചിട്ടുണ്ട്.
പുരാണങ്ങളിലാകട്ടെ പദ്മ, ഭാഗവത, ബ്രഹ്മാണ്ഡാദി പുരാണങ്ങളിൽ രാമകഥ പറയുന്നുണ്ട്. ബ്രഹ്മാണ്ഡ പുരാണത്തിൽ ഉത്തരഭാഗത്ത് ആദികാവ്യത്തിൽ സപ്തകാണ്ഡമായി അദ്ധ്യാത്മ രാമായണം എന്ന പേരിൽ ഉമാ മഹേശ്വര സംവാദരൂപത്തിൽ രാമന്റെ പരബ്രഹ്മത്വരൂപത്തെ പ്രതിപാദിച്ചിട്ടുണ്ട്.
പക്ഷെ ഇത്രയധികം രാമായണങ്ങൾ ഉള്ളപ്പോഴും, വാൽമീകി രാമായണം വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇതിൽ സ്വധർമ്മത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്നതാണ്. അത് നേരിട്ടും അല്ലാതെയും വാല്മീകി പറയുന്നുണ്ട്.
സീതയെ തട്ടികൊണ്ടുവരുവാൻ രാവണനാൽ പ്രേഷിതനായ മാരീചൻ രാവണസമക്ഷം പറയുന്നത് ഇപ്രകാരമാണ്.
രാമോ വിഗ്രഹവാൻ ധർമ്മസ്സാധുസ്സത്യപരാക്രമഃ രാമൻ സ്വയം ധർമ്മത്തിന്റെ സ്വരൂപവും, സാധുവും സത്യവാനും പരാക്രമിയും ആണ്.
രാമന്റെ സേനയുടെ നിവേശത്തെ പരീക്ഷിക്കുവാൻ പറഞ്ഞുവിട്ടതായ രാവണപക്ഷിയായ ശുകൻ ധർമ്മ സ്വരൂപമായ രാമനെ ഇപ്രകാരമാണ് വർണ്ണിക്കുന്നത്.
ഇക്ഷ്വാകൂണാമതിരഥഃ ലോകേ വിഖ്യാത പൌരുഷഃ
യസ്മിന്നചലതേ ധർമ്മോ യോ ധർമ്മാന്നാതി വർത്തതേ
ഇക്ഷ്വാകു വംശത്തിൽ അതിരഥിയാണ് രാമൻ. ലോകത്തിൽ വിഖ്യാതനായ പൗരുഷനാണ്. യാതൊരുവനിൽ നിന്നാണോ ധർമ്മം വ്യതിചലിക്കാത്തത് ധർമ്മത്തിൽ നിന്ന് യാതൊരുവൻ ആണോ വ്യതിചലിക്കാതെ ഇരിക്കുന്നത് അവനാണ് ഈ രാമൻ.
ഇപ്രകാരം രാമന്റെ സ്വരൂപത്തിലൂടെ ധർമ്മത്തെയാണ് വാല്മീകി പ്രയോഗപഥത്തിലേക്ക് കൊണ്ടു വരുന്നത്. ഇതേ ധർമ്മത്തെ ആദിദൈവികമായും ആദിഭൗതികമായും ആധ്യാത്മികമായും ( താപത്രയരൂപമായ തലമല്ല) പല ആചാര്യന്മാർ ധർമ്മാർഥ കാമമോക്ഷഹേതുവായി പല പ്രകാരത്തിൽ വിശദീകരിക്കുന്നു എന്നു മാത്രം.
അദ്ധ്യാത്മ രാമായണം കേരളത്തിലെ വ്യത്യസ്തമാകുന്നത് അന്തർമുഖമായ തലത്തിൽ വിശദീകരിച്ചിരിക്കുന്നത് കൊണ്ടാണ്. അദ്ധ്യാത്മ രാമായണം എന്നാൽ ആത്മനി- ഇത്യധ്യാത്മം, ആത്മനി ചിത്തേ വർത്തമാനോ യോ രാമഃ രമന്തേ യോഗിനഃ അത്ര, ഇതി വ്യുത്പത്ത്യാ അന്തർയാമീ ഈശ്വരഃ, തസ്യായനം ചിത്തശുദ്ധിദ്വാരാ പ്രാപകം, തത് പ്രതിപാദകത്വാത് തദദ്ധ്യാത്മരാമായണം. ആത്മാവിലുള്ളതാണ് അദ്ധ്യാത്മം. ആത്മാവിൽ ചിത്തത്തിൽ സ്ഥിതിചെയ്യുന്നതാണ് രാമൻ എന്ന് സാമാന്യായി വിശദീകരിക്കാം.
യോഗികൾ രമിക്കുന്നത് യാതൊന്നിലാണോ അതാണ് രാമൻ എന്ന വ്യുത്പത്തിയനുസരിച്ച് അന്തർയാമിയായ ഈശ്വരൻ, അതിലേക്കുള്ള അയനം അഥവാ ഗതിയെന്നത് ചിത്തശുദ്ധിയാൽ മാത്രമാണ് സാധ്യമാകുന്നത്. അത് പ്രതിപാദിക്കുന്ന ഗ്രന്ഥം ആയതുകൊണ്ട് അദ്ധ്യാത്മ രാമായണം. രാമന്റെ നിത്യമായ സച്ചിദാനന്ദ സ്വരൂപത്തെ നിരൂപിക്കുന്നതിന് വേണ്ടി വാല്മീകിയാൽ പറയാത്തതായ വിഷയങ്ങളെ അദ്ധ്യാത്മരാമായണത്തിൽ യോജിപ്പിച്ചിട്ടുണ്ട്. രാമന്റെ പരതത്വരൂപ നിരൂപിണവും, തത്വവിചാരത്തേയും ആണ് അദ്ധ്യാത്മരാമായണത്തിൽ കൂടുതലായി കാണാനാകുക.
ഈ പാരമ്പര്യോപദേശമായ രാമായണത്തിൽ രാമന്റെ കഥയായിട്ടും, സീതായനം എന്ന പേരിൽ സീതയുടെ ഗതിയായിട്ടും നാം പറയുന്നത് കേട്ടിട്ടുണ്ട്. അത് വ്യക്തിനിഷ്ഠമായ തലമാണ്.
രാമനെയാണോ രാമായണത്തിലൂടെ കാണാൻ ശ്രമിക്കുന്നത്.. അങ്ങനെയാണെങ്കിൽ രാമസ്യ അയനം രാമായണം, രമന്തെ യസ്മിൻ സർവേ ജനാഃ ഗുണൈഃ ഇതി രാമഃ, യാതൊന്നിലാണോ സകല ജനങ്ങളും ഗുണങ്ങളെ കൊണ്ട് രമിക്കുന്നത് അത് രാമൻ.
ഇതിനെ തന്നെ അധ്യാത്മികഭാവത്തിൽ സ്വീകരിക്കണമെങ്കിൽ, അധ്യാത്മികേ തിഷ്ഠതി യഃ പരാത്മാ രാമോ? യതേ യത്ര ഹി തത്ത്വവിജ്ഞൈഃ, അധ്യാത്മ ഭാവത്തിൽ സ്ഥിതിചെയ്ത് പരമാത്മാ രൂപത്തിൽ എവിടെയാണോ രാമൻ ഗമിക്കുന്നത് അതാണ് രാമായണം.
സീതയുടെ ഗതിയായി രാമായണത്തെ കാണണമെന്നുള്ളവർക്ക് അതും ആകാം. രാമായാഃ അയനം രാമായണം. രാമന്റെ പത്‌നിയായ രാമായുടെ അയനം ആണ് രാമായണം.
ശിവാഭേദ സ്വരൂപമായ ശക്തിയെന്നപോലെ സ്വീകരിക്കണമെന്നുള്ളവർക്ക് അതും ആകാം, രാമശ്ച രാമാ ച രാമൌ, തയോഃ അയനം രാമായണം. രാമനും രാമായും ചേരുമ്പോൾ രാമൗ, അവരുടെ അഥവാ രാമന്റേയും സീതയുടേയും അയനമാണ് രാമായണം.
അനന്യാ ഹി മയാ സീതാ ഭാസ്‌കരേണ പ്രഭാ യഥാ, സൂര്യന്റെ പ്രഭയെ പോലെ സീത രാമനിൽ നിന്ന് അനന്യയാണ്. ഇതേ ആശയത്തെ, അനന്യാ രാഘവേണാഹം ഭാസ്‌കരേണ പ്രഭാ യഥാ, സീതയും രാവണനോട് പറയുന്നുണ്ട്. അതായത് രാമായണമെന്ന ഗ്രന്ഥത്തിൽ, പുരുഷരൂപത്തിലും, സ്ത്രീ രൂപത്തിലും. അഭേദരൂപത്തിലും ആശയത്തെ സ്വീകരിക്കാം.
ആചാര്യൻ രാമായണത്തിലെ കഥാപാത്രങ്ങളിലൂടെയാണ് ആശയത്തെ മുൻപിലേക്ക് വെക്കുന്നത്. അതായത് ആദിഭൗതികമായി ആദിദൈവികമായി അല്ലെങ്കിൽ അധ്യാത്മികമായി വിഷയങ്ങളെ യോജിപ്പിച്ചിരിക്കുന്നത് ഓരോ പദങ്ങളുടേയും അർഥത്തിലൂന്നിയാണ്. അതിന് ആദ്യമേ തന്നെ നമുക്ക് രഘുവംശത്തിൽ തുടങ്ങാം. ഇവിടെ തത്വരൂപത്തിൽ ശരീരനിഷ്ഠമായ രാമനെ എങ്ങനെയാണ് കാണേണ്ടത് എന്നതാണ് പ്രതിപാദിക്കുവാൻ ശ്രമിക്കുന്നത്.
രഘു എന്നാൽ ലംഘ് ധാതുവിൽ നിന്ന് വന്നിരിക്കുന്ന പദമാണ്. ലംഘതി ജ്ഞാനസീമാം പ്രാപ്‌നോതി ഇതി, ജ്ഞാനത്തിന്റെ സീമയെ ലംഘിച്ചവരാരാണോ അവരെയാണ് രഘുക്കന്മാർ എന്നു വിളിക്കുക. ഉദ്ഗാരം അഥവാ പുറത്തേക്ക് വരുന്നത് എന്തോ അത് എന്ന അർഥത്തിലുള്ള വമ് ധാതുവിൽ നിന്നാണ് വംശം എന്ന പദം വരുന്നത്. ജ്ഞാനത്തിന്റെ സ്വരൂപമായി പുറത്തേക്ക് വരുന്നതാണ് രഘുവംശം. അപ്പോൾ രഘുവംശത്തിൽ പിറന്നവരാണ് എന്നാൽ നമ്മളുടെ ശരീരത്തിൽ ഉള്ള ജ്ഞാനഭാവമാണ് ശ്രീരാമാദികൾ എന്നു മനസ്സിലാക്കാം.
ഇതിന്റെ തുടർച്ചയായി വരുന്ന ദശരഥനേയും പത്‌നിമാരേയും വിശദീകരിക്കുന്നതിന് മുന്പ് മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയുടെ ക്രിയ എങ്ങിനെയാണ് സംഭവിക്കുന്നത് എന്നതാണ്.
ആത്മജന്യാ ഭവേദിച്ഛാ ഇച്ഛാ ജന്യാ ഭവേത് കൃതിഃ കൃതിജന്യാ ഭവേച്ചേഷ്ടാ ചേഷ്ടാജന്യാ ഭവേത് ക്രിയാ
ഒരു വ്യക്തിയ്ക്ക് ഒരു ക്രിയ ചെയ്യണമെങ്കിൽ ആദ്യം ഇച്ഛയുണ്ടാകണം. ആ വ്യക്തിയുടെ ഇച്ഛ എന്നത് ആത്മാവിൽ നിന്നുണ്ടാകുന്നതാണ്. ആത്മാവാകട്ടെ ജ്ഞാനത്തിന്റെ അധികരണമാണ്. ആ ജ്ഞാനസ്വരൂപമായതിൽ നിന്ന്, അഥവാ ആത്മസ്വരൂപമായി ഉണ്ടാകുന്ന ഇച്ഛയിൽ നിന്ന് കൃതി അഥവാ അന്തർമുഖമായ പ്രയത്‌നരൂപമായ വ്യാപാരം ഉണ്ടാകുന്നു.ആ വ്യാപരത്തിലൂടെ ശരീരത്തിൽ ചേഷ്ട സംഭവിക്കുന്നു. ഈ ചേഷ്ടയുടെ തുടർച്ചയാണ് നാം വ്യക്തികളിൽ കാണുന്ന ക്രിയ. ഇങ്ങനെയുള്ള നാലു ക്രിയകളുടെ കൂടിച്ചേരലിലൂടെയാണ് ശരീരത്തിലെ പ്രവൃത്തികൾ സംഭവിക്കുന്നത്.
ഈ നാലു തരത്തിരുള്ള ക്രിയകളുണ്ടാകണമെങ്കിൽ ശരീരത്തിലെ പത്തു വായുക്കൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രാണൻ, അപാനൻ, സമാനൻ, വ്യാന, ഉദാനൻ എന്നീ അഞ്ചു വായുക്കളും, നാഗൻ, കൂർമ്മൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നീ അഞ്ചു ഉപവായുക്കളേയും നിയന്ത്രിക്കുമ്പോഴാണ് പൂർണ രൂപത്തിലുള്ള ക്രിയകളെ ഒരു വ്യക്തിയ്ക്ക് ചെയ്യാനാകുക. ഈ പത്തു വായുക്കളെ നിയന്ത്രിക്കുന്നവനാരോ അവനാണ് ദശരഥൻ.ഈ തലമാണ് ദശരഥനിൽ യോജിപ്പിച്ചിരിക്കുന്നത്.
ദംശ് ധാതുവിൽ നിന്ന് ഹിംസാ അഥവാ രദകരണക വ്യാപാരമെന്ന അർഥത്തിലാണ് ദശ എന്നതിന് അർഥം പറയുന്നത്. രദം എന്നാൽ ഉത്ഖാതത്തെ, വിലേഖനത്തെ അഥവാ സൃഷ്ടിയെ ചെയ്യുന്നതാണ് ദശത്വം. ഇപ്രകാരമുള്ള സൃഷ്ടി അഥവാ രമം സംഭിക്കുന്നത് എവിടെയാണോ അതാണ് ദശരഥത്വം. ശരീരമാണ് സകല സുഖങ്ങൾക്കും ഗതിക്കും ആധാരം ആയി ഇരിക്കുന്നത്, അതുകൊണ്ട് ദശരഥൻ എന്നാൽ നാം സ്വയം ആണ്. പത്തു വായുക്കളെ നിയന്ത്രിച്ച് സൃഷ്ടിക്ക് മൂലകാരണമായി ഇരിക്കുന്ന നാം തന്നെയാണ് ദശരഥൻ. ഇതിന്റെ വിസ്താര രൂപമായ, പരിണാമരൂപമായ ഭാവമാണ് ശതം, അതായത് പത്തു പ്രാണങ്ങളെ പത്തു തരത്തിലുള്ള ക്രിയകളായി യോജിപ്പിച്ചാൽ അത് നൂറാകും. അതിന്റെ പൂർണതയിൽ സഹസ്രമായി. പ്രാണൻ നൂറു തരത്തിലുള്ള ക്രിയകളായി വ്യാപരിച്ച് സഹസ്രഗതിയായി വിശ്വത്തെ വ്യാപരിച്ച് സ്ഥിതി ചെയ്യുന്നതായി സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷ സഹസ്രപാത് എന്നുപുരുഷസൂക്തം വിശദീകരിക്കുന്നതും ഇതി നെ തന്നെയാണ്. ഇതാണ് ദശരഥത്വം.
ഇപ്രകാരം ദശരഥത്വത്തിൽ നിൽക്കുന്ന വ്യക്തികൾക്ക് മൂന്നു തരത്തിലുള്ള ശക്തികളാണ് ഒരു ക്രിയയെ പൂർത്തീകരിക്കുവാൻ വേണ്ടത്. അതുകൊണ്ട് തന്നെ ദശരഥന്റെ പത്‌നിമാരെ സ്വശക്തിയായി ചിന്തിക്കാവുന്നതാണ്.
ദശരഥന്റെ ആദ്യത്തെ പത്‌നിയാണ്, കൗസല്യ. സംശ്ലേഷണം, ദീപ്തി എന്നീ രണ്ട് അർഥങ്ങളോടു കൂടിയ കുസ് ധാതുവിൽ നിന്നാണ് കോസല ശബ്ദം വരുന്നത്. നാം ഏത് പ്രവർത്തി ചെയ്യണമെങ്കിലും ശരീരത്തിലെ ഷഡംഗങ്ങളും പരസ്പര സംബന്ധം ഉണ്ടാക്കുകയും അതിന് ദീപ്തിയെ പ്രദാനം ചെയ്ത് നിർത്തുകയും വേണം. അതായത് ജംഘങ്ങൾ, ബാഹുക്കൾ, ശിരസ്, മധ്യം എന്നിങ്ങനെയുള്ള എല്ലാ ഭാഗങ്ങളേയും പരസ്പര പൂരകമാക്കി നിർത്തിയാൽ മാത്രമേ ശരീരം സുഷ്ഠുവായി നിലനിൽക്കൂ. ഈ പരസ്പര സംബന്ധത്തെ വേണ്ടും വണ്ണം നിലനിർത്താനാണ് നാം യോഗമാർഗ്ഗങ്ങളെ ചെയ്യുന്നത്. ഈ സംബന്ധത്തെ ചെയ്യുന്ന ശരീരത്തിലെ ശക്തിഭാവത്തെയാണ് കൗസല്യാ എന്നു വിളിക്കുന്നത്.
കൈകേയീ ശബ്ദമെന്ന അർഥത്തിലുള്ള കൈ എന്ന ധാതുവിൽ നിന്നാണ് കൈകേയീ എന്ന പദം വരുന്നത്. കേ മൂർധനി കായതി ഇതി കേകാ, മൂർധാവിൽ ഉണ്ടാകുന്ന ശബ്ദമാണ് കേകത്വം. അതായി ഗമിക്കുന്നതാണ് കൈകേയത്വം. ഇവിടെ കൈകേയത്വം നമ്മുടെ സ്വയം സൃഷ്ടിരൂപമായ ശബ്ദമാണ്. ഈ ശബ്ദമാണ് ശരീരത്തിന്റെ ധാരണയേയും പോഷണത്തേയും ചെയ്യുന്നത്. നിങ്ങൾക്ക് ശരീരം അനക്കണമെങ്കിൽ ശരീരത്തിൽ ശബ്ദം സഞ്ചരിച്ചേ മതിയാകൂ. സുഷ്ഠുവായ ശബ്ദം ആണ് ശരീരത്തിനെ ധരിച്ച് അതിനെ പൗഷ്ടികമാക്കി നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ കൈകേയീ എന്നത് ആ ശബ്ദരൂപമായ ശക്തിയാണ്.
സുമിത്ര- പ്രസവൈശ്വര്യയോഃ എന്ന അർഥത്തിലുള്ള സു എന്ന ധാതുവിനോട് മാനം പരിമാണം എന്ന അർഥത്തിലുള്ള മാ ധാതു ചേരുമ്പോഴാണ് സുമിത്ര ശബ്ദം വരുന്നത്. അതായത് നമ്മളുടെ ഉള്ളിൽ ബുദ്ധിയിൽ ഉണ്ടാകുന്ന ആശയത്തെ കൃത്യമായി മാനം ചെയ്ത് സൃഷ്ടിക്കുന്നതാണ് സുമിത്രത്വം. മിനോതി മാനം കരോതി ഇതി മിത്രം. സുഷ്ഠുവായി മാനം ചെയ്യുന്നതാണ് സുമിത്രാ. ശരീരത്തിൽ ഇച്ഛയായും, ബുദ്ധിയിലും ക്രിയയുണ്ടായാൽ മാത്രം അതു പൂർത്തീകരിക്കുവാൻ സാധ്യമല്ല തന്നെ. അതിനെ ഏത് തരത്തില് കൃത്യമായി ചെയ്യണമെന്നതാണ് അതിന്റെ പൂർണതയെ പ്രദാനം ചെയ്യുന്നത് അതിന്റെ ശക്തിഭാവമാണ് സുമിത്ര.
ഈ മൂന്നു പേരാണ് പ്രാണന്റെ ശക്തിസ്രോതസ്സുകൾ. ഇവയുടെ ബലാബലം ആണ് സൃഷ്ടിയുടെ ഉത്തമത്തിനും അധമത്തിനും കാരണമായി ഇരിക്കുന്നത്.
ഇതിൽ കൗസല്യാ പുത്രനാണ് രാമൻ. ക്രീഡാ അഥവാ ചാലനം എന്ന അർഥത്തിലുള്ള രമ് ധാതുവിൽ നിന്നാണ് രാമ ശബ്ദം വരുന്നത്. ഇതാണ് ശരീരത്തിൽ ഇച്ഛാ രൂപമായ ഗതി. കാരണം ശരീരത്തിൽ ഏതൊരു ഗതിക്കും കാരണമായി ഇരിക്കുന്നത് ജ്ഞാനത്തിന് ആധാരമായ ആത്മാവിലുള്ള ഇച്ഛയാണ്. ഇതിലാണ് ഏതൊരു യോഗിയും രമിക്കുന്നത്. ആത്മനസ്തു കാമായ പ്രിയം ഭവതി എന്നു പറയുന്നതിനു കാരണവും ഇതു തന്നെ. ഈ ചാലനരൂപമായ, സകലതിന്റെയും ചാലക ശക്തിയായി ഇരിക്കുന്നതാണ് രാമൻ. ഇതാകട്ടെ ശിരപ്രധാനമായ ശക്തിയാണ്. അതുകൊണ്ട് രാമന്റെ അമ്മയായി കൗസല്യയെ പറയുന്നു.
ഭരതൻ എന്നത് ധാരണ പോഷണം എന്ന അർഥത്തിലുള്ള ഭൃ ധാതുവിൽ നിന്നു വന്ന പദമാണ്. വിസ്തരിക്കുന്നത് എന്നതാണ് തന് എന്നതിന് അർഥം. ധാരണ പോഷത്തെ ചെയ്ത് വിസ്തരിപ്പിക്കുന്നവനാണ് ഭരതൻ. അതായത് രാമന്റെ ഇച്ഛയെ പൂർത്തിയാക്കി അതിനെ ധാരണം ചെയ്ത് പോഷണം ചെയ്ത് വിസ്തരിപ്പിക്കുന്നവനാണ് ഭരതൻ. ഇതിനെ തന്നെയാണ് പാദുകമാക്കി ആചാര്യൻ വിശദീകരിക്കുന്നത്. ശബ്ദമാണ് ശരീരത്തിൽ ധാരണ പോഷണത്തെ ചെയ്യുന്നതിന് ആധാരമായി ഇരിക്കുന്നത് അതുകൊണ്ട് കൈകേയിയാണ് ഭരതന്റെ അമ്മ.
തുടർന്ന് വരുന്നത് ലക്ഷ്മണ ശത്രുഘ്‌നന്മാരാണ്. ദർശനേ, അങ്കനം എന്നീ അർഥമുള്ള ലക്ഷ് ധാതുവിൽ നിന്നാണ് ലക്ഷ്മണ ശബ്ദം വരുന്നത്. ലക്ഷ്മണമസ്ത്യസ്യേതി ഇതി ലക്ഷ്മണ. അതായത് നാം എന്തിനെയാണോ ഇച്ഛിച്ചത് അത് പൂർത്തീകരിച്ച് ദർശന രൂപത്തില്, അല്ലെങ്കിൽ ലിഖിതമായ രൂപത്തിലേക്ക് നാമ രൂപാത്മകമായ തലത്തിലേക്ക് എത്തിക്കുന്നതാണ് ലക്ഷ്മണൻ. ശരീരത്തിൽ ഇതിനെയാണ് ചേഷ്ടയെന്നു പറയുന്നത്. നമ്മളുടെ ഉള്ളിൽ ഈ ഇച്ഛയുടെ പൂർത്തിയുണ്ടാകുന്നതിനു ശേഷമാണ് നാം ക്രിയയെ ചെയ്യുക. അതാണ് ലക്ഷ്മണത്വം.
ശത്രുഘ്‌നനാണ് ലക്ഷ്മണന്റെ തുടർച്ച. ശാതനം അഥവാ തനൂകരണം എന്ന അർഥത്തിലുള്ള ശോ ധാതുവിൽ നിന്നാണ് ശത്രു എന്ന പദം വരുന്നത്. ഇച്ഛാ രൂപത്തിൽ ഉണ്ടാക്കപ്പെട്ട് കൃതിയായും ചേഷ്ടയായും ഉണ്ടായ ഒന്നിനെ നാമരൂപാത്മകമായ ജഗത്തിലേക്ക് ഗമിപ്പിക്കുന്നതാണ് ശത്രുഘ്‌നത്വം. ലക്ഷ്മണന്റേയും ശത്രുഘ്‌നന്റേയും ആധാരം എന്നത് ഉള്ളതായ ഒന്നിനെ ഭാവവികാരങ്ങളിലേക്ക് മാറ്റി വികാസ പരിണാമത്തെയുണ്ടാക്കുക എന്നതാണ്. അതാണ് സുമിത്ര. സൂര്യനെ പ്രകാരമാണോ ആറു ഭാവവികാരങ്ങളെ, അതായത് ഉണ്ടാകുന്നു, ഉണ്ടായി, പരിണാമം സംഭവിക്കുന്നു, വർദ്ധിക്കുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു, വീണ്ടും ഉണ്ടാകുന്നു എന്നതിന് ആധാരമായി ഇരിക്കുന്നത് അതുപോലെ ഇവിടെ സുമിത്ര ഈ ക്രമത്തിന്റെ ശക്തിയായി ഇരിക്കുന്നു. അതുകൊണ്ട് ലക്ഷ്മണ ശത്രുഘ്‌നന്മാരുടെ അമ്മയായി പറയുന്നു.
ആത്യന്തികമായി പറഞ്ഞാൽ, ദശരഥനെന്നത് ജ്ഞാനത്തിന് ആധാരമായി ഇരിക്കുന്ന നമ്മളാണ്. അതിലൂടെയുണ്ടാകുന്ന ഇച്ഛയുടെ പൂർത്തീകരണത്തിന് ഉള്ള മൂന്നു ശക്തികളാണ് കൗസല്യ, കൈകേയീ, സുമിത്ര എന്നിവർ ഇവരിലൂടെയുണ്ടാകുന്ന ഇച്ഛ, കൃതി, ചേഷ്ട, ക്രിയ എന്നീ നാലു ഭാവങ്ങളാണ് രാമ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാർ. രാമായണം എന്നത് നമ്മളുടെ ചാലനമാണ് അഥവാ നാം ജീവിതത്തിൽ എങ്ങനെയാണ് സഞ്ചരിക്കേണ്ടത് എന്നു പഠിപ്പിക്കുന്നതാണ് രാമായണം എന്നാശയം
സ്വാമി അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment