അമാവാസിയും ശരീരവും...
ഉത്തരായനമെന്നും ദക്ഷിണായനമെന്നും അമാവാസിയെന്നും സംക്രമണെന്നും എല്ലാം ചെറുപ്പം മുതലു നാം കേട്ടുവളരുന്നതാണ്. ബ്രഹ്മാണ്ഡത്തിലുളളത് പിണ്ഡാണ്ഡത്തിലും കാണണമെന്നും ആണ് ആചാര്യവചനവും. പക്ഷെ ഇതൊക്കെ അധികം ആരും പറഞ്ഞു കേട്ടിട്ടുമില്ല എന്നതാണ് സത്യവും. ഉപനിഷത്തുകളിൽ വളരെ വ്യക്തമായി നാഡികളെ കുറിച്ച് വിവരിച്ചിട്ടുണ്ട് എന്ന് ഇതിനു മുന്പ് എഴുതിയിരുന്നു. അതുപോലെ തന്നെ ഈ വിഷയത്തേയും പല ഉപനിഷത്തിലും വളരെ വിശധമായി വിവരിച്ചിട്ടുണ്ട്. ഉദാഹരണമായി ജാബാലദർശനോപനിഷത്തിലൽ പറഞ്ഞിരിക്കുന്നത് നോക്കാം..
പ്രാണൻ, അപാനൻ, വ്യാനൻ, സമാനൻ, ഉദാനൻ, നാഗം, കൂർമം, കൃകല, ദേവദത്തം, ധനഞ്ജയം എന്നീ പത്തു വായുക്കൾ ശരീരത്തിലെ സർവനാഡികളിലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ പത്തു നാഡികൾ ശരീരത്തിലെ വ്യത്യസ്തകർമങ്ങളെ നീയന്ത്രിക്കുകയും ചെയ്യുന്നു. ശ്വാസോച്ഛ്വാസവും കാസവും പ്രാണവായുവിന്റെ കർമ്മങ്ങളാണ്. മലമൂത്രവിസർജ്ജനാദികൾ അപാനന്റെ പ്രവർത്തനങ്ങളാണ്. സമാനന്റെ കൃത്യം ശരീരത്തെ സമാനനിലയിൻ നിലനിർത്തുകയെന്നതാണ്. ഉദാനൻ സദാ മുകളിലോട്ട് ഗമിക്കുന്നു. വ്യാനൻ ധ്വനി വ്യഞ്ജകമാണ്. ഉദ്ഗാരാദി ഗുണങ്ങൾ നാഗത്തിന്റേതാണ്. ധനഞ്ജയർ ശരീരശോഭ വളർത്തുന്നു. കൂർമ്മത്തിന്റെ പ്രേരണയിലാണ് നേത്രോന്മീലനം നടക്കുന്നത്. കൃകരവായു വിശപ്പും ദാഹവും ഉണ്ടാക്കുന്നു. ദേവദത്തത്തിന്റെ കൃത്യം ആലസ്യമാണ്. ഇങ്ങിനെ ശരീരത്തിലെ വ്യത്യസ്തകർമങ്ങളു നടത്തുന്നത് ദശപ്രാണങ്ങളാണ്. അതുപോലെ തന്നെ ഓരോ നാഡികൾക്കും ദേവതയേയും പറയുന്നുണ്ട്. ഉദാഹരണത്തിന് സുഷുമ്നാ നാഡിയുടെ ദേവത ശങ്കരനും, ഇഡയുടേത് വിരാട്ടും, പുഷാ നാഡിയുടെ ദേവ പൂഷാവ് എന്നു പേരുള്ള സൂര്യനും, യശസ്വിനിയുടേത് ഭാസ്കരനും, ശംഖിനിയുടെ ചന്ദ്രനും, പയസ്വിനിയുടെ പ്രജാപതിയും ആണ്.
ഇഡാ നാഡിയിൽ ചന്ദ്രനും പിംഗളയിൽ സൂര്യനും നിത്യവും സഞ്ചരിക്കുന്നു. പിംഗള ഇഡാ എന്നീ നാഡികളുടെ സംവത്സരസംബന്ധിയായി പ്രാണമയസൂര്യന്റെ സംക്രമണത്തെയാണ് വേദാന്തികൾ ഉത്തരായണമെന്ന് പറയുന്നത് അതുപോലെ ഇഡയിൽ നിന്നും പിംഗളയിലേക്കുള്ള സൂര്യന്റെ സംക്രമണത്തെ ദക്ഷിണായനമെന്നും പറയുന്നു. പ്രാണൻ, ഇഡ, പിംഗള എന്നിവയുടെ സന്ധിയിലെത്തുമ്പോൾ ശരീരത്തിൽ തന്നെ അമാവാസി വരുന്നു. പ്രാണൻ മൂലാധാരത്തിൽ പ്രവേശിക്കുമ്പോൾ അത് അന്തിമവിഷുവയോഗത്തിൽ സ്ഥിതിചെയ്യുന്നു എന്ന് പറയുന്നു. എല്ലാ ഉച്ഛ്വാസ നിശ്വാസങ്ങളും മാസസംക്രാന്തിയാണെന്ന് പറയപ്പെട്ടിരിക്കുന്നു. ഇഡ മുഖേന പ്രാണൻ കുണ്ഡലിനീ സ്ഥാനത്തെത്തുമ്പോൾ ചന്ദ്രഗ്രഹണസമയെന്ന് പറയുന്നു. എന്നാൽ പിംഗളാനാഡിയിൽ നിന്നും പ്രാണൻ കുണ്ഡലിനിയിൽ വരുമ്പോൾ അതാകട്ടെ സൂര്യഗ്രഹണം എന്നും പറയുന്നു.
അതുപോലെ ശിരസ്സിൽ ശ്രീശൈലമെന്ന തീര്ഥവും, നെറ്റിയിൽ കേദാരതീര്ഥവും, മൂക്കിനും പുരികങ്ങള്ക്കും മധ്യേ വാരാണസിയും, സ്തനദ്വയസ്ഥാനത്ത് കുരുക്ഷേത്രവും, ഹൃദയമധ്യത്തിൽ ചിദംബരതീര്ഥവും മൂലാധാരത്തിൽ കുവലയതീര്ഥവും സ്ഥിതിചെയ്യുന്നു എന്നും ശ്രുതി പറയുന്നു. ആത്മതീർഥം സർവതീർഥത്തിലും ശ്രേഷ്ഠമാണ്. ഭാവമയതീരർഥമാണ് സർവോത്കൃഷ്ടമായ തീർഥമെന്ന് ശ്രുതി തന്നെ വ്യക്തമാക്കുന്നു.
മംഗളസ്വരൂപനായ ഈശ്വരൻ ഈ ശരീരത്തിൽ തന്നെ സ്ഥിതിചെയ്യുന്നു. അതായത് നമ്മുടെ ശരീരത്തിൽ തന്നെ ഉത്തരായണ ദക്ഷിണായനങ്ങളും, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നടക്കുന്നു. അതുപോലെ നമ്മളിൽ തന്നെ എല്ലാ തീർഥങ്ങളും സ്ഥിതിചെയ്യുന്നു. വിജ്ഞാനികളുടെ ഹൃദയത്തിൽ ഭഗവാന്റെ വിശ്വാസം ജനിപ്പിച്ച് പ്രജ്ഞാനഘനസ്വരൂപയും അദ്വിതീയയും സത്യാനന്ദസ്വരൂപവുമായ ആ ജഗത്സ്വരൂപിണിയെ സ്വന്തം ആത്മാവായി കാണുവാനാണ് ഈ ബാഹ്യകർമങ്ങളുടെയെല്ലാം ലക്ഷ്യം. അതുകൊണ്ട് തന്നെ ഏത് കർമങ്ങൾക്കൊപ്പവും ആന്തരികമായ ഈ ഭാവത്തേയും ഉൾക്കൊണ്ടു തന്നെ കർമങ്ങളനുഷ്ഠിക്കുക. ലീലായുക്തമായി സ്വവിലാസത്താൽ സകലജഗത്തിനേയും സൃഷ്ടിക്കുന്ന ചിത്സ്വരൂപിണിയും, സകലാനന്ദസ്വരൂപിണിയും ആയി സ്ഥിതിചെയ്യുന്ന ആ ബാലാലീലാവിനോദിനീ എല്ലാവരേയും അനുഗ്രഹിക്കട്ടെ..
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment