ആപദി കിം കരണീയം...
അയ്യപ്പപ്പണിക്കരുടെ ഒരു കവിതയിലെ വരികളാണ്, 'കാലു തെന്നുമ്പോൾ കയ്യുളുക്കുമ്പോൾ... കയ്യില് കാശില്ലാത്തപ്പോൾ ഞാനും വിളിച്ചുപോകും...' എന്നത്. കാക്കശ്ശേരി ഭട്ടതിരിയുടേതെന്ന് പ്രസിദ്ധമായ ‘ആപദി കിം കരണീയ‘മെന്ന ശ്ലോകവും വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ആ കോലത്തിലാക്കിയിട്ടുണ്ട് നാമിപ്പോൾ! ആപത്തു വരുമ്പോൾ മാത്രം എന്തിനാണ് ദേവിയെ സ്മരിക്കുന്നത്? പുതിയ (കു)യുക്തിവാദികളുടെ ഭാഷയിലെ പഞ്ചറൊട്ടിക്കാൻ വേണ്ടി അള്ളുവയ്ക്കുന്ന ദൈവമാണോ അമ്മ?!
ഇവിടെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്; ആപത്തു വരുമ്പോഴാണോ ഭഗവതിയെ വിളിക്കേണ്ടത്? മക്കൾക്ക് ആപത്തു വരാൻ നോക്കിയിരിക്കുകയാണോ ശ്രീമാതയായ അമ്മ? അങ്ങിനെയെങ്കിൽ, ആപത്തിൽ വിളിക്കാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്ന ബോധമില്ലാത്ത വ്യക്തികളെന്തു ചെയ്യും? സാക്ഷാത് ജഗദംബികയുള്ളപ്പോൾ ആ പരമേശ്വരിയുടെ ഭക്തർക്ക്, മക്കൾക്ക് എങ്ങിനെയാണ് അപകടം ഉണ്ടാകുക? ഇനി അപകടം ഉണ്ടായാൽ, ഏത് തരത്തിലുള്ള അപകടത്തെയാണ് ആചാര്യനിവിടെ ഉദ്ദേശിക്കുന്നത്? രോഗോത്പത്തി കായത്തിനോ മനസ്സിനോ?
ശാസ്ത്രബുദ്ധ്യാ ഒരു പദത്തിൻ്റെയാകട്ടെ, ശ്ലോകത്തിൻ്റെയാകട്ടെ, ഗ്രന്ഥത്തിൻ്റെയാകട്ടെ അർത്ഥം പറയുമ്പോൾ ആദ്യം നോക്കേണ്ടത് ശാസ്ത്രദോഷത്തെയാണ്. അവ്യാപ്തി, അതിവ്യാപ്തി, അസംഭവാദി ദോഷങ്ങളൊന്നും വരാത്തവിധം ചിന്തിച്ചുവേണം അർത്ഥനിർധാരണം.
എൻ്റെ ഗുരുനാഥനിൽ നിന്ന് ആദ്യമായി ഈ ശ്ലോകം കേട്ടപ്പോൾ ഞാൻ ചോദിച്ച ചോദ്യമാണ് ഇത്. ശ്ലോകമെഴുതിയ ആചാര്യനല്ല, അതിനെ വ്യാഖ്യാനിച്ചവർക്കാണ് അബദ്ധം പറ്റിയിട്ടുള്ളത് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞുതന്നത്.
ഇവിടെ പദം 'ആപദി' എന്നാണ്. അതിനർത്ഥം ആപത്ത് എന്നല്ല. പദ്യതേ ഇതി പദി. നിരുക്തകാരൻ വളരെ വ്യക്തമായി പറയുന്നു, ഗന്തവ്യേ - പദിർഗന്തുർഭവതി യത് പദ്യതേ. അപ്പോൾ ഗമിക്കുമ്പോൾ, സഞ്ചരിക്കുമ്പോൾ എന്നാണ് അർത്ഥം കാണേണ്ടത്; അല്ലാതെ ആപത്തുവരുമ്പോൾ എന്നല്ല.
അപ്പോൾ ശ്ലോകത്തിൻ്റെ ആദ്യപാദമെടുത്താൽ, 'ഓരോ വ്യക്തിയും തന്റെ ഉപാസനാതലത്തിൽ സഞ്ചരിക്കുമ്പോൾ ഓരോ കാൽവെപ്പിലും എന്താണ് ചെയ്യേണ്ടത്? സാക്ഷാത് പരാശക്തിയുടെ ചരണയുഗളത്തെ സ്മരിച്ചുകൊണ്ടേയിരിക്കണം', എന്ന് സംശയലേശമന്യേ വ്യക്തമാക്കുകയാണ് ഇവിടെ ആചാര്യൻ.
ചരണങ്ങളെന്ന് സ്ഥൂലത്തിൽ പറയുമ്പോൾ ആചാര്യൻ സൂക്ഷ്മാർത്ഥത്തെ കൂടി യോജിപ്പിക്കുന്നുണ്ട്. ചരശബ്ദത്തിന് പ്രധാന അർത്ഥങ്ങൾ രണ്ടാണ്; ഗതിയും അദനവും (ഭക്ഷണം). പ്രാണനും അന്നവും ആണ് ദേവിയുടെ സ്വരൂപമായി നമ്മിൽ നിൽക്കുന്നത്. ഈ രണ്ടുമില്ലാതെ നമുക്ക് നിലനിൽപ്പില്ല. അതുകൊണ്ട് ഉപാസകർ ഇവയെ പ്രത്യേകം ശ്രദ്ധിക്കണമെന്നുകൂടി ആചാര്യൻ ഇവിടെ പറയുന്നു. അംബാ, അംബതേ സ്നേഹേന അഭിഗമ്യതേ എന്നതിലെ അബി ഗതൌ എന്ന അർത്ഥം കൂടി ചേർത്തുചിന്തിച്ചാൽ, നമ്മളിൽ ഗതിയായും ഗതിക്കു കാരണമായും ഇരിക്കുന്ന ആ സൂക്ഷ്മഭാവത്തെ ആണ് സ്മരിക്കുവാൻ ആചാര്യൻ നിർദ്ദേശിക്കുന്നത്. കുറച്ചുകൂടി വിശേഷമായി ചിന്തിച്ച് ചരണത്തിൻ്റെ മൂന്നാമത്തെ അർത്ഥമായ 'ആചാരെ' കൂടി ചേർത്താൽ, ഉപാസകർ തൻ്റെ വ്യവഹാരത്തെയും ശ്രദ്ധിക്കണം എന്നുമാകും. ആചരണം ആണ് ഉപാസകരുടെ സ്വരൂപം. ശാസ്ത്രം പഠിച്ചാൽ മാത്രം പോരാ, അത് നിത്യജീവിതത്തിൽ ആചരണത്തിൽ കൂടി അനുഷ്ഠിക്കുന്നവരാകണം ഉപാസകർ.
ഇനി, ഇപ്രകാരം അന്നവും പ്രാണനും ജീവിത വ്യവഹാരവും ശ്രദ്ധിച്ചാൽ എന്താണ് ലഭ്യമാകുക? അതാണ്, തത് സ്മരണം കിം കുരുതേ? ബ്രഹ്മാദീനപി ച കിങ്കരീ കുരുതേ!
കിങ്കരീ കുരുതേ. കിം കരോമി ഇതി ആജ്ഞാം പ്രതീക്ഷത ഇതി കിംകരഃ എന്നു പറയും; അതായത് കർമ്മം ചെയ്യുന്നതിന് ആജ്ഞയെ പ്രതീക്ഷിച്ച് നിൽക്കുന്നവരാണ് കിങ്കരന്മാർ.
ഇതിനെ അന്തർമുഖമായ തലത്തിലേക്കെടുക്കുമ്പോൾ, സ്വയം ദേവിയെ സ്മരിക്കുന്നതുകൊണ്ട് ഉപാസകർക്ക് ഉണ്ടാകുന്ന ഗുണമാകണമല്ലോ ചിന്തിക്കേണ്ടത്. അപ്പോൾ എന്താണ് ആ ഗുണം?
കിഞ്ചിത് കരോതി എന്നാണ് കിങ്കര ശബ്ദത്തിന് സമാസം. ഈ കിഞ്ചിത് ശബ്ദം പാണിനിയുടെ മതത്തിൽ രണ്ടു പദങ്ങളാണ്.
കിം എന്നാൽ ജിജ്ഞാസിതാർഥം. യാതൊന്നിലാണോ ജിജ്ഞാസ, അറിയുവാൻ ആഗ്രഹം, അത്. വിചാരിതഃ - സ്വയം വിചാരിച്ചത്, പൃഷ്ടഃ - അറിയുവാൻ ആഗ്രഹിച്ച് ചോദിച്ചത് എന്നെല്ലാം അർത്ഥമെടുക്കാം.
സനാതനവും നിത്യവും പരമസ്വരൂപവും ബ്രഹ്മതത്ത്വരൂപവുമായ ഏതൊന്നാണോ നിന്നാൽ അറിയാനാഗ്രഹിച്ചത് അതാണ് ഇവിടെ 'കിം'.
ചിത് എന്നാൽ ചിത് സംജ്ഞാനേ. ജ്ഞാനം എന്നർത്ഥം. കിഞ്ചിത് എന്ന് ചേർത്തുപറഞ്ഞാൽ, ഏതൊന്നാണോ നാം ആഗ്രഹിച്ചത് ആ ജ്ഞാനം എന്നാശയം.
കരോതി - അതിനെ ചെയ്യും, ആ ജ്ഞാനം ലഭ്യമാകും എന്ന് താല്പര്യം.
ആരിലേക്കാണ് ഇവിടെ കിങ്കരത്വത്തെ യോജിപ്പിച്ചിരിക്കുന്നത് എന്നു കൂടി നോക്കിയാൽ ഈ ആശയം പൂർണ്ണമാകും. ബ്രഹ്മാദീനപി - ബ്രഹ്മാദികളെ പോലും.
ബ്രഹ്മ ശബ്ദത്തിലെ ബൃഹ് ധാതുവിൻ്റെ ധ്വനേ, വൃദ്ധൗ, ഉദ്യമനേ എന്നുള്ള അർത്ഥങ്ങളെടുത്താൽ ഇവിടെ സൃഷ്ടിയുടെ മൂലമാകുന്ന ധ്വനിയേയും അതിൻ്റെ വ്യാപനമായ വൃദ്ധിയേയും വ്യവഹാര രൂപമായ ഉദ്യമത്തേയും യോജിപ്പിച്ചിരിക്കുന്നു.
ആത്മജന്യാ ഭവേദിച്ഛാ ഇച്ഛാ ജന്യാ ഭവേത് കൃതിഃ
കൃതിജന്യാ ഭവേച്ചേഷ്ടാ ചേഷ്ടാജന്യാ ഭവേത് ക്രിയാ
ഒരു വ്യക്തിയുടെ ഇച്ഛ എന്നത് ആത്മജന്യമാണ്; ആത്മാവിനാൽ ഉണ്ടാക്കപ്പെടുന്നതാണ്. ആ ആത്മസ്വരൂപമായി ഉണ്ടാകുന്ന ഇച്ഛയാലാണ് കൃതി ഉണ്ടാകുന്നത്. കൃതിയെന്നാൽ വ്യാപാരം അഥവാ പ്രയത്നം സംഭവിക്കുന്നത്. ആ കൃതിയിലൂടെയാണ് അഥവാ വ്യാപരത്തിലൂടെയാണ് ചേഷ്ട സംഭവിക്കുന്നത്. ചേഷ്ടയിൽ നിന്നാണ് ക്രിയയുണ്ടാകുന്നത്. ഇങ്ങിനെയാണ് ശരീരത്തിലെ എല്ലാ പ്രവൃത്തികളും സംഭവിക്കുന്നത്.
ഈ ഇച്ഛാ, കൃതി അഥവാ വ്യാപാരം, ചേഷ്ടാ, ക്രിയാ ഇവയെല്ലാം തന്നെ സ്വന്തം ഇച്ഛാനുസാരം നിയന്ത്രണ വിധേയമാക്കുന്നു എന്ന് സാമാന്യമായി ഈ വരിയുടെ അർത്ഥത്തെ നമുക്കു സംഗ്രഹിക്കാം.
അന്തർമുഖ സമാരാധ്യാ ബഹിർമുഖ സുദുർലഭാ എന്ന ദേവീ തത്ത്വത്തെ കണക്കാക്കിയാൽ, പുറത്ത്, രാജാവിൻ്റെ ആജ്ഞയെ ശിരസ്സാവഹിക്കാനെന്നപോലെ ആത്മാനുവർത്തിയായി ഇന്ദ്രിയങ്ങൾ നിൽക്കുമ്പോൾ, അകത്ത്, നാം ദേവീ സ്മരണയാൽ ജ്ഞാനാർജ്ജനം ഹേതുവായി സൃഷ്ടിതത്ത്വത്തെ അറിഞ്ഞ് ഇച്ഛാജ്ഞാനക്രിയാശക്തികളെ സ്വയം ബോധപൂർവ്വം ചെയ്യുന്നവരായി ഭവിക്കുന്നു. ഉപാസകരെ സംബന്ധിച്ചിടത്തോളം ഉപശമിച്ചതായ മനസ്സാണ് ദേവതായജനത്തിന് വേണ്ടത്. അതിനു വേണ്ടതാകട്ടെ ശുദ്ധമായ ജ്ഞാനം ആണ്. അപ്പോൾ ദേവിയുടെ സ്മരണ കൊണ്ട് ഉപാസകന് ആ ജ്ഞാനം ആണ് സാധ്യമാകുന്നത്.
ദാക്ഷായണീ സ്തുതിയിൽ താഴെ പറയുന്ന രണ്ടു പാദങ്ങൾക്കു ശേഷമാണ് കാക്കശ്ശേരിയാൽ പറയപ്പെട്ട ഈ ശ്ലോകം കൊടുത്തിരിക്കുന്നത് എന്നതും ഈ അർത്ഥത്തെ സാധൂകരിക്കുന്നതാണ്.
പാതയ വാ പാതാളേ സ്നാപയ വാ സകല ലോക സാമ്രാജ്യേ
മാതസ്തവ പദയുഗളം നാഹം മുഞ്ചാമി നൈവ മുഞ്ചാമി.
- എന്നെ പാതാളത്തിൽ പതിപ്പിച്ചാലും, എന്നെ സകല ലോകങ്ങളിലുമുള്ള സാമ്രാജ്യത്തിലും സ്നാപനം ചെയ്യിച്ചാലും, അല്ലയോ അമ്മേ, നിൻ്റെ പദയുഗളം ഞാനൊരിക്കലും വിടില്ല.
തുടർന്നാണ് ആപദി കിം കരണീയം എന്ന ശ്ലോകം വരുന്നത്. അതുകൊണ്ട് പൂർവ്വാപരത്തെ യോജിപ്പിച്ചാൽ, ഉപാസകൻ ഏത് കാലത്തും, ഏത് അവസരത്തിലും, തൻ്റെ ഓരോ കാൽവെപ്പിലും എന്തു ചെയ്യണം എന്നതിന് ദേവീസ്മരണ തന്നെയാണ് വേണ്ടത് എന്നുപദേശിക്കുക തന്നെയാണ്; അല്ലാതെ ആപത്തു വന്നാൽ ദേവിയെ സ്മരിക്കണം എന്നു പറയുകയല്ല എന്നത് വ്യക്തമാണ്.
ഇതിനെ തന്നെയാണ് സൌന്ദര്യലഹരിയിൽ മറ്റൊരു തരത്തിൽ ആചാര്യസ്വാമികളുപദേശിച്ചിരിക്കുന്നത്:
ഞാൻ ഉച്ചരിക്കുന്നതെല്ലാം ദേവിയുടെ മന്ത്രങ്ങളാണ്. എൻ്റെ ഓരോ ചലനവും നിൻ്റെ ആരാധനക്കുള്ള മുദ്രകളാണ്. എൻ്റെ ഗതി നിൻ്റെ പ്രദക്ഷിണമാണ്. എൻ്റെ ആഹാരം നിനക്കുള്ള ആഹുതിയാണ്. എൻ്റെ ശയനം നിൻ്റെ നമസ്കാരമാണ്, എന്ന്.
ഈ ഭാവത്തെ തന്നെ മറ്റൊരു രീതിയിൽ ഈ ശ്ലോകത്തിലും ഉപദേശിക്കുന്നു: ആപദി കിം കരണീയം? സ്മരണീയം ചരണയുഗളമംബായാഃ. തൻ്റെ പ്രാണനായി തന്നിൽ ഇരിക്കുന്ന ജഗന്മാതാവായ ആ അംബയെ ഓരോ വ്യക്തിയും തങ്ങളുടെ ഓരോ കാൽവെപ്പിലും സ്മരിക്കുക.
ഇപ്രകാരം സ്മരിക്കപ്പെടുന്ന, ആനന്ദാമൃതവർഷിണിയായ സാക്ഷാത് പരമേശ്വരിയായി ഇരിക്കുന്ന ആ ദേവി സകലർക്കും നിത്യാനനന്ദത്തെ പ്രദാനം ചെയ്യട്ടെ...
No comments:
Post a Comment