നളപാചകം... മാംസാഹാരത്തിലൂടെ....
നളപാചകം നളപാചകം എന്നു നാം പറയാറുണ്ട് കേൾക്കാറുണ്ട്.. ഇതു കേട്ടാൽ എല്ലാവരും വിചാരിക്കുക നളപാചകം എന്നാൽ പപ്പടം പഴം പായസം ചേർന്ന സദ്യ ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് എഴുതിയ ഗ്രന്ഥമാണ് എന്നാകും..
എന്നാൽ അങ്ങിനെയല്ല..
സാമാന്യമായി രണ്ട് മാസം ആണ് ഒരു ഋതുവായി പറയുന്നത്. ദിവസവും ഋതുക്കൾ വരുന്നുണ്ട്, അതുകൊണ്ട് മാസത്തിനു അനുഗുണമായി ദിനത്തിലും ചിന്തിച്ച് ഭക്ഷിക്കണമെന്നാണ് പാകശാസ്ത്രം ഉപദേശിക്കുന്നത്.
പ്രതിദിനം ബുദ്ധിമാനായ വ്യക്തി, ദിനത്തേയും രാത്രിയേയും സൂര്യോദയം തുടങ്ങി സൂര്യാസ്തമയം വരെ ക്രമത്തിൽ ആറായി തിരിക്കണം. ദിനത്തിൽ ആദ്യഭാഗം വസന്ത ഋതുവാണ്. തുടർന്ന് ഗ്രീഷ്മം, വർഷം, ശരദ്, ഹേമന്തം, ശിശിരം എന്നിങ്ങനെ വരുന്നു.
ഇതിൽ വസന്താദി ഋതുക്കളിൽ കടു, മധുര, ലവണരസത്തോടു കൂടിയ പദാർഥങ്ങളാണ് പഥ്യം. കാരണം ഇത് ബലവൃദ്ധിയേയും, ജാഠരാഗ്നിയേയും വർദ്ധിപ്പിക്കും.
ഗ്രീഷ്മ ഋതുവിൽ മധുരം, അമ്ലം, ലവണ രസത്തോടു കൂടിയ പദാർഥങ്ങളാണ് യോഗ്യം. ഇത് വാതവികാരത്തെ ശാന്തമാക്കുന്നു അതുപോലെ ശരീരത്തേയും ശാന്തമാക്കും.
വർഷ ഋതുവിൽ കടു, മധുരം, ലവണങ്ങളാണ് പഥ്യമായിട്ടുള്ളത്. ഇത് വാതവികാരത്തെ ശാന്തമാക്കുകയും അതുപോലെ ജഠരാഗ്നി വർദ്ധിപ്പിക്കുന്നു.
ശരദ് കാലത്തിൽ മധുരവും അതുപോലെ തിക്തവും കഴിക്കാം.ഹേമന്തത്തിലാകട്ടെ മധുരം, കടു, തിക്തം, കഷായം ഈ രസങ്ങൾ കഴിക്കേണ്ടതാണ്. ശിശിരത്തിൽ തിക്തം, മധുരം ഇവ കഴിക്കാം.
ഇപ്രകാരം മധുരം, പുളി, ഉപ്പ്, കയ്പ്, എരിവ്, ചവർപ്പ് എന്നിങ്ങനെ ആറു രസങ്ങളെ യോഗ്യമായ തരത്തിൽ ഉപയോഗിക്കണം. ഇപ്രകാരം കഴിക്കുന്നത് അനേക പ്രകാരത്തിൽ ശരീരത്തിലുണ്ടാകുന്ന ദോഷങ്ങളെ നശിപ്പിക്കുന്നു. ഇതോടൊപ്പം മനുഷ്യൻ ദേശം കാലം, വയസ്, അവസ്ഥാ, ധാതു ഇവയെ ആധാരമാക്കി നോക്കി സേവിക്കണം.
ഋതുസന്ധിയിലാകട്ടെ അന്നത്തിന്റേയും ജലത്തിന്റേയും വ്യതിക്രമം ഹേതുവായി പ്രാണികളിൽ കഫം കൂടാറുണ്ട്. വസന്തം, ഗ്രീഷ്മം, വർഷ ഋതുക്കളിൽ പ്രാണികളിൽ അഗ്നി പ്രജ്വലിച്ചാണ് ഇരിക്കുക. ശരദ്കാലത്തിലും, ഹേമന്തത്തിലും ശിശിരത്തിലും വായുവിന്റെ ഉത്പത്തിയുണ്ടാകും. ഇതേ കാരണം കൊണ്ട് ഋതു അനുസരിച്ച് അതിന് യോഗ്യമായ മാംസം കഴിക്കണമെന്നാണ് വിധി.
വസന്ത ഋതുക്കളിൽ ഏണീ ഹരിണാദി മാംസം ആണ് പഥ്യം. ഗ്രീഷ്മത്തിൽ മേഷത്തിന്റെയും, വർഷ ഋതുവിൽ കുക്കുടത്തിന്റേയും, ശരദ് കാലത്തിൽ മത്സ്യാദികളും, ഹേമന്ത ഋതുവിൽ ശശ- ശൂകരാദികളുടേയും, ശിശിരത്തിൽ കലല- ലാവക- ചടകാദി പക്ഷികളുടേയും മാംസങ്ങളും കഴിക്കണമെന്നാണ് വിധി.
ഈ നള പാചകത്തിൽ ഈ മാംസത്തെ എങ്ങിനെ പാകം ചെയ്യണമെന്നു പറയുന്ന മാംസഗ്രഹണ വിധി എന്ന ഭാഗമുണ്ട്.
ഛാഗ മേഷ ശകുന്താദി പ്രാണിനാം പലലം ബുധഃ. അതായത് ആട്, ചെമ്മരിയാട്, ശകുന്തപക്ഷി ഇവയുടെ മാംസം എങ്ങിനെയാണ് പാകം ചെയ്ത് കഴിക്കേണ്ടത് എന്നാണ് ഇതിലെ ആദ്യഭാഗം വിശദീകരിക്കുന്നത്.
ഇതിൽ തന്നെ ഉത്ക്രാണോദകം എന്നു പറഞ്ഞ് മാംസത്തോടു കൂടിയ ചോറ് (ഇന്നത്തെ ബിരിയാണി ആകാം) എങ്ങിനെയാണ് ഉണ്ടാക്കണ്ടത് എന്നു പറയുന്നു. ഏറ്റവും ഉത്കൃഷ്ടമായതുകൊണ്ടും സകല രസ സ്വരൂപം ആയതുകൊണ്ടുമാണ് ഇതിനെ ഉത്ക്രാണോദകം എന്നു വിളിക്കുന്നത് (ആ രീതിയിൽ തന്നെയുണ്ടാക്കണമെന്നു മാത്രം).
ഇതിന്റെ തുടർച്ചയായി സാമാന്യമായി മാംസം ചേർത്ത് ചോറുണ്ടാക്കേണ്ട വിധാനവും, ഇന്ന് കിട്ടുന്ന തഹരീ, ചിത്രപാകീയം, ലാവുക അഥവാ ലാവുകപക്ഷിയുടെ മംസൌദനം, കുക്കുട മാംസത്തിന്റെ തൈലോദനം, സൂക്ഷ്മ മാംസൌദന നിർമാണം എന്നിങ്ങനെ വ്യത്യസ്ത മാംസങ്ങളുടെ പാകം ആചാര്യൻ വിശദീകരിക്കുന്നുണ്ട്.
ഇതൊടൊപ്പം രുചികരമായ സസ്യാഹാരങ്ങളുടെ അനേക പ്രകാരത്തിലുള്ള അന്നങ്ങൾ, ഉദാഹരണത്തിന് വ്യത്യസ്തങ്ങളായ പായസങ്ങൾ, ഘൃതാന്നം, മാങ്ങകൊണ്ടും, ഫലങ്ങളെ കൊണ്ടുള്ള ചമ്മന്തികൾ, ക്ഷീരാദികളുടെ പ്രയോഗങ്ങൾ, ദധി കൊണ്ടുള്ള വ്യത്യസ്ത പാകക്രിയകളെല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്.
അതായത് നളപാചകം എന്നത് സസ്യാഹാരം മാത്രം വിശദീകരിക്കുന്ന ഗ്രന്ഥമല്ല. ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏതൊരു അന്നത്തേയും അതിന്റെ ശുദ്ധമായ തലത്തിൽ എങ്ങിനെ പാകം ചെയ്ത് ഭക്ഷിക്കണമെന്നു വിശദീകരിക്കുന്ന ഗ്രന്ഥമാണ് എന്നാശയം.
No comments:
Post a Comment