കാവുകളിൽ നിന്ന് ക്ഷേത്രങ്ങളിലേക്ക്..
ക്ഷേത്രപുനരുദ്ധാരണത്തെ ആധാരമാക്കി എഴുതിയതാണ്. ഇവിടെ പരിമിതിയുണ്ട്, എന്നിരുന്നാലും ശ്രമിച്ചിട്ടുണ്ട്. സമയം എടുത്ത് വായിക്കുവാൻ ശ്രമിക്കുക. (സാധിക്കുമെങ്കിൽ ഷെയർ ചെയ്യുക. )
ആദ്യം പ്രമാണങ്ങളെ നോക്കാം.....
പ്രഥമേ കല്‌പനേ സൈവ ദ്വിതീയേ കല്‌പനേ ഭവേല്
മൂര്ത്തിസ്‌തദ്ദേവ തന്ത്രം ച സ ഏവ സ്ഥാപക: പുന:
തന്ത്രാധികാരി മൂര്ത്തീനാം വ്യത്യയേ കല്‌പിതേ സതി
നൃണാം നരപതേശ്ചൈവ രാഷ്‌ട്രസ്യ ച ഭവേത് ക്ഷയ:
ഇത് സിദ്ധാന്തസങ്കരമെന്ന ഗ്രന്ഥത്തിലും, പാഞ്ചരാത്രരക്ഷാ എന്ന ഗ്രന്ഥത്തിൽ ജീർണോദ്ധാരാധ്യായേ എന്നു പറഞ്ഞു കൊണ്ടും ആചാര്യൻ വിവരിക്കുന്നതാണ്.
ഏതൊരു മൂർത്തിയാണോ , ഏത് തന്ത്രത്തെ കൊണ്ട് ഏത് അധികാരിയാൽ ആദ്യമായി കല്പിക്കപ്പെട്ടത് അതു തന്നെയാകണം രണ്ടാമത്തേതിലും കല്പിക്കേണ്ടത്. മൂർത്തിയും അതു തന്നെയാകണം, തന്ത്രവും അതുപോലെ സ്ഥാപകനും അതു തന്നെയാകണം. തന്ത്രാധികാരി മുർത്തിയുടെ വ്യത്യയം അഥവാ വ്യത്യാസം കല്പിച്ചാൽ അത് മനുഷ്യരുടേയും നരപതിയുടേയും അതുപോലെ രാഷ്ട്രത്തിന്റേയും ക്ഷയത്തിന് ഹേതുവായി തീരും.
ഇനി പാരമേശ്വര ആഗമത്തിൽ പ്രതിഷ്ഠാധ്യായത്തിൽ, വിശേഷേണ സ്വയം വ്യക്തേ ദിവ്യേ എന്നു തുടങ്ങി പറയുന്നു.
ന ലക്ഷണാന്തരം കുര്യത് ന പ്രമാണാന്തരം തഥാ
ന തു ദ്രവ്യാന്തരം ചൈവ ന കുര്യാത് ക്രിയാന്തരം
മന്ത്രാന്തരം ന കുർവീത സർവം കുര്യാദ്യഥാപുരം
കുര്യാച്ചേദേവമാദീനാം വിപര്യായ മഹാമതേ
രാജ്ഞോ രാഷ്ട്രസ്യ നാശഃ സ്യാതസർവസ്യാപി സ്വസന്തതേ
ലക്ഷണങ്ങളെ മാറ്റി മറിക്കരുത്. ഒരു ദേവാലയത്തിനെ ദേശ വ്യവസ്ഥയ്ക്ക് അനുസരിച്ച് ലക്ഷണത്തെ ആധാരമാക്കിയാണ് സൃഷ്ടിക്കുന്നത് അതിനെ മാറ്റരുത്. പ്രമാണങ്ങളെ മാറ്റരുത്. പൂജാദികർമ്മങ്ങളിൽ പറയുന്നതായ ദ്രവ്യങ്ങളെ മാറ്റരുത്, ക്രിയകളെ മാറ്റരുത്. മന്ത്രങ്ങളെ മാറ്റി മറ്റൊന്നാക്കരുത്. എപ്രകാരമാണോ മുൻപ് ഉണ്ടായിരുന്നത് അതുപോലെ തന്നെയാകണം തുടരേണ്ടത്. അല്ലായെങ്കിൽ രാജാവിന്റേയും രാഷ്ട്രത്തിന്റേയും നാശത്തിന് അത് കാരണമാകും. അതുപോലെ സ്വസന്തതികളുടേയും നാശത്തിന് അതു ഹേതുവായിത്തീരും.
വീണ്ടും പറയുന്നു,
ഭോഗാനാം ച വിപര്യാസഃ മന്ത്രാണാം ച വിപര്യയം.
ധ്യാനാനാം ചൈവ മുദ്രാണാം ദേവതാനാം തഥൈവ ച
അന്യേഷാമേവമാദീനാം വ്യത്യാസഃ ന സമാചേരത്
ഭോഗങ്ങളുടെ, ദേവന്മാർക്ക് കൊടുക്കേണ്ടതായ നൈവേദ്യം മാറ്റരുത്. മന്ത്രത്തിന് വിപര്യാസം വരുത്തരുത്. ധ്യാനത്തിനും മന്ത്രത്തിനും, ദേവതകൾക്കും അതുപോലെ തന്നെ മാറ്റം വരുത്തരുത്.
യദ്യദ്ബിമ്ബം യേന ശാസ്ത്രേണ സമാരബ്ധം പുരാ ദ്വിജ
പ്രാസാദം വാ തതസ്തേന ശാസ്ത്രേണൈവ സമർചയേത്
തച്ഛാസ്ത്രമന്തരേണൈവ യോ യജേദന്യവർത്മനാ
രാജ്ഞോ രാഷ്ട്രസ്യ കർതുശ്ച നാശം കർതുമിച്ഛതി
ന കദാചിദപി പ്രാജ്ഞ പ്രകുര്യാച്ഛാസ്ത്രസങ്കരം
ശാസ്ത്രസങ്കരദോഷേണ മഹാൻ ദോഷോ ഭവേദ്ധ്രുവം
ഏത് ബിംബമാണോ ഏത് ശാസ്ത്രം കൊണ്ട് സൃഷ്ടിക്കപ്പെട്ടത് അല്ലെങ്കിൽ ആരംഭിച്ചത്, പ്രാസാദമായിക്കോട്ടെ, അത് അതേ ശാസ്ത്രം കൊണ്ട് നല്ല രീതിയിൽ അർച്ചിക്കപ്പെടേണ്ടതാണ്. യാതൊരുവനാണോ അതിനു വിപരീതമായി മറ്റൊരു ശാസ്ത്രം കൊണ്ട് യജിക്കുന്നത് ആ വ്യക്തി രാജാവിനും, രാഷ്ട്രത്തിനും അതുപോലെ ചെയ്യിപ്പിക്കുന്നവനേയും നാശത്തിലേക്ക് നയിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ശാസ്ത്രത്തെ സങ്കര വിധാനത്തിൽ പ്രയോഗിക്കരുത്. ശാസ്ത്രത്തിൽ സങ്കരം അഥവാ രണ്ടു വ്യത്യസ്ത സംപ്രദായങ്ങളെ യോജിപ്പിച്ചാൽ അത് മഹത്തായ ദോഷത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുന്നതാണ്.
പാരമേശ്വരം തന്നെ പറയുന്നു,
പ്രാസാദശ്ച തഥാ ബിംബോ യേന ശാസ്ത്രേണ നിർമിതൌ
പ്രതിഷ്ഠാപ്യ ച തേനൈവ നിത്യാദൌ പൂജയേദ്ധരിം
യോ അർചയേന്മമാർഗേണ തഥാ ചാർചാപയേത്തു യഃ
താവുഭൌ കലുഷാത്മാനൌ രാജ്ഞസ്യ രാഷ്ട്രസ്യ വൈ ഗുരോഃ
പ്രാസാദവും ബിംബവും ഏത് ശാസ്ത്രം കൊണ്ടാണോ നിർമ്മിക്കപ്പെട്ടത് അതേ രീതിയിൽ തന്നെ, അതിനെ നിർമ്മിച്ച അതേ നിത്യാദികളെ തന്നെ വച്ചുമാത്രമേ ദേവനെ പൂജിക്കാവു. അതല്ലാതെ മറ്റ് അന്യമാർഗ്ഗങ്ങളെ കൊണ്ട് യാതൊരുവനാണോ പൂജിക്കുന്നത്, അതുപോലെ പൂജിപ്പിക്കുന്നതും അവരു രണ്ടുപേരും കലുഷ ആത്മാക്കളാണ്. അതുപോലെ അവർ രാജാവിന്റേയും രഷ്ട്രത്തിന്റേയും ഗുരുവിന്റേയും, കുലത്തിനും ദുഃഖത്തിനേയും വ്യാധിയേയും വിത്തഹാനിയോയും ആലയത്തിന്റെ നാശത്തേയും കൊണ്ടുവരും.
കാലോത്തരാഗമത്തിൽ ഇപ്രകാരം പറയുന്നു,
വൈദികൈസ്താന്ത്രികൈർവാപി ശ്രൌതൈർവാപി ദ്വിജോത്തമ
സ്വയവ്യക്തേ തു ഭവനേ മിത്രൈർവാ ദേവമര്ചയേത്
ഋഷ്യാദി പൂജിതേ സ്ഥാനേ പാരമ്പര്യക്രമം വിനാ
വിശേഷ നാചരേത് കിഞ്ചിത് രാജരാഷ്ട്ര സമൃദ്ധയേ
വൈദികമായാലും താന്ത്രികമായാലും ശ്രൌതമായാലും സ്വയം അല്ലങ്കിൽ മിത്രങ്ങളെ കൊണ്ട് ദേവനെ പൂജിക്കാം. ഋഷ്യാദി പൂജിതമായ സ്ഥലത്ത് പാരമ്പര്യക്രമത്തിലല്ലാതെ മറ്റൊരു തരത്തിലും വിശേഷമായി ആചരിക്കരുത് അത് രാജ്യത്തിനും രാജാവിന്റേയും സമൃദ്ധിക്ക് അങ്ങിനെയ ചെയ്യാവൂ.
ഇനി നമുക്ക് പൂജാവിധാനം നോക്കാം.
സാത്ത്വികേന തു പൂജാദ്യം വർതതേ യത്ര ചാന്വഹം
തത്ര രാജസ മാർഗ്ഗേണ ന കുര്യാത് പൂജനാദികം
യത്ര രാജസമാർഗേണ പ്രവൃത്തം ത്വർചനാദികം
തത്ര താമസ മാർഗേണ ന കുര്യാദർചനാദികം
വിവിധാനാം രാജസാനാമന്യോന്യം സ്യാന്ന സങ്കരഃ
സാത്വികമായി പൂജ ദിവസവും നടത്തുന്ന സ്ഥലത്ത് രാജസ മാർഗ്ഗം പൂജിക്കുന്നതിന് ഉപയോഗിക്കരുത്. എവിടെയാണോ രാജസമാർഗം അർചനാദികൾക്ക് ഉപയോഗിക്കുന്നത് അവിടെ താമസം ഉപയോഗിക്കരുത്. വിവിധങ്ങളായ സത്ത്വ രജ താമസാദികളായ ഭാവങ്ങളെ അന്യോന്യം സങ്കരം ചെയ്യരുത്. .
ന കുര്യാത് ശാസ്ത്രസാങ്കര്യം ഹിതൈഷീ ശാസ്ത്രകോവിദഃ
അതായത് ശാസ്ത്രത്തെ അറിയുന്നവനും ലോകത്തിന് ഹിതത്തെ ചെയ്യുവാൻ ആഗ്രഹിക്കുന്നവനും ഒരു കാരണവശാലും ശാസ്ത്രത്തിനെ സാങ്കര്യം ചെയ്യരുത് അഥവാ കൂട്ടികുഴക്കരുത്.
ക്ഷേത്രം, കോട്ടം, കാവ്, തുടങ്ങി വച്ചു സേവ വരെയുള്ള അനേക പദ്ധതികളുള്ള പല തരത്തിലുള്ള ആചാര വിചാരങ്ങളുള്ള ആരാധനാ സംപ്രദായങ്ങളെ എങ്ങിനെ കാണണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് ആഗമാദി ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതിന്റെ ചില പ്രമാണങ്ങളു മാത്രമാണ് മുകളിലെഴുതിയത്.
പഞ്ചപ്രാകാരസമന്വിതമായ ക്ഷേത്രത്തിൽ അരൂപിയായ ശിവനെ ഉപാസകർക്ക് ആരാധ്യരൂപനായ സശരീരനായ ലിംഗത്തിലേക്ക് ആവാഹിതനാക്കുന്നു. പത്മപാദുകം, തറ, വേദിക, ഭിത്തികാല്, പഞ്ജരം, ഘനധ്വാരം, തോരണക്കാൽ, തോരണം, പീഠം പീഠം, ഗർഭഗൃഹത്തറ, ഗർഭഗൃഹഭിത്തി, തൊരവ്, വാരോത്തരം, കഴുക്കോൾ, കൂടം, അവസാനപ്പലക, താഴികക്കുടം, കല്ലുത്തരം, വളര്, കപോതങ്ങൾ, സോപാനം എന്നിങ്ങനെ വളരെ വ്യക്തമായ പദ്ധതി തന്ത്രസമുച്ചയം മുന്നോട്ടു വക്കുന്നുണ്ട്.
ഇതിന് നേർവിപരീതമാണ് മറ്റു സ്ഥലങ്ങളിൽ വിന്യസിച്ചിരുന്ന ദേവതാ ചൈതന്യങ്ങൾ. അതിനെ പൂർണ്ണമായും ക്ഷേത്രത്തിന്റെ തലത്തിലേക്ക് കൊണ്ട് വരുമ്പോൾ നാം പൂർവം പറഞ്ഞതായ ശാസ്ത്രസാങ്കര്യമാണ് വരുത്തുന്നത്. അതായത് ഒരു ആവശ്യത്തിന് വേണ്ടി പ്രത്യേകമായി വിധിക്കപ്പെട്ട ഒന്നിനെ മറ്റൊരു വിധാനത്തിലേക്ക് കൊണ്ടു വരുന്നു.
ഏത് ഒരു ദേവാലയങ്ങളും അത് ഒരു കാവായാലും ക്ഷേത്രമായാലും മറ്റ് സംപ്രദായത്തിനുള്ള സങ്കേതങ്ങളായാലും ദേശത്തിനു വേണ്ടിയോ, ആ സങ്കേതത്തിനു അടുത്തു വസിക്കുന്ന ജനങ്ങൾക്കു വേണ്ടിയോ ആചാര്യന്മാരാൽ കാര്യ കാരണത്തിനെ ചിന്തിച്ച് സ്ഥാപിച്ചതാണ്. അതുകൊണ്ടാണ് ചില ദേവതകളെ ദേശദേവതകളായും, ചില ദേവതകളെ കാമ്യമായ ശ്രീ, യശസ്, രോഗാവസ്ഥാ നിവാരണം എന്നീ വിഷയത്തിനു വേണ്ടിയായും, വ്യത്യസ്ത ഭാവത്തിൽ നാം വ്യത്യസ്ത സ്ഥലങ്ങളിൽ കാണുന്നത്. ഒരു ദേവതയെ പ്രതിഷ്ഠിക്കുന്ന സമയത്താണ് അതിന്റെ വിധാനം കാര്യ കാരണം അനുസരിച്ച് നിശ്ചയിക്കപ്പെടുന്നത്. അതിനെ അതേ രീതിയിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് ഏതൊരു ശാസ്ത്രവും ഉപയോഗിക്കേണ്ടത്. അല്ലാതെ മാറ്റുന്നതിന് അല്ല. മാറ്റിയാൽ അത് ദേശത്തിനും വ്യക്തിക്കും എല്ലാം ദോഷം വരുമെന്നത് അതേ ശാസ്ത്രം തന്നെ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് വീട്ടിൽ ഒരു കാർപോർച്ച് കൂട്ടിച്ചേർക്കുന്നതുപോലെ ലാഘവത്വത്തോടെ ചെയ്യാവുന്ന ഒന്നല്ല ഒരു ദേവതാസങ്കേതവുമായി ബന്ധപ്പെട്ട ഒന്നും. അത് ആരാധനാലയമല്ല ദേവാലയമാണ്.
ഇന്ന് കാവായും മറ്റു തലത്തിലും പ്രതിഷ്ഠിച്ച ഒരു സങ്കേതത്തെ അതിന് കടകവിരുദ്ധമായി ക്ഷേത്രത്തിന്റെ തലത്തിലേക്ക് മാറ്റുമ്പോൾ തന്നെ പൂർവം പറയപ്പെട്ട പ്രമാണം അനുസരിച്ച് തന്നെ ശാസ്ത്രവിരുദ്ധം അഥവാ സങ്കരം ആയി കഴിഞ്ഞു.
ഇനി ഇതേ വിഷയത്തെ നാം ആചാര്യന്മാരെന്നു സ്വീകരിച്ചവർ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാം.
തന്ത്രവിദ്യാപീഠത്തിന്റെ പഞ്ചവിംശ വർഷ സ്മരണികയിൽ കെ പി സി അനുജൻ ഭട്ടതിരിപ്പാട് കേരളീയ തന്ത്രശാസ്ത്രം എന്ന പേരിൽ എഴുതിയ ലേഖനത്തെ നോക്കാം.
കേരളീയ ക്ഷേത്രങ്ങളെല്ലാം തന്നെ ആരംഭദിശയിൽ കാവുകളു തന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഓരോ ജനപദത്തോട് അനുബന്ധിച്ച് കുറെ സ്ഥലം സംരക്ഷിതവനമായി തന്നെ നിലനിർത്തി. പിന്നീട് ഈശ്വരനെ സമൂർത്തമാക്കേണ്ടി വന്നപ്പോൾ ആണ് ഈ കാവുകളിൽ ഇന്നത്തെ കാലത്തുകാണുന്ന അവസ്ഥ വന്നിരിക്കുന്നത്. ( ഇവിടെ അദ്ദേഹത്തോടു എനിക്കുള്ള ചോദ്യം, ആർക്കു സമൂർത്തമാക്കേണ്ടി വന്നപ്പോൾ. ദേശത്തിനും ജനങ്ങള്ക്കും ദോഷമായിരിക്കെ എന്തിന് സമൂർത്തമാക്കി)
അദ്ദേഹത്തിന്റെ വാക്കുകളെ മനനം ചെയ്താൽ, കാവുകളിൽ ഉള്ളത് സമൂർത്തമായ ഈശ്വരഭാവമല്ല അതുകൊണ്ട് തന്നെ ക്ഷേത്രത്തിന്റെ സമൂർത്തമായ വിധാനം അതിന് സ്വീകരണീയവുമല്ല.
അദ്ദേഹം ആ ലേഖനം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്,
ആചാര്യന്മാർക്ക് തെറ്റൊന്നും പറ്റിയിട്ടില്ല. അല്പജ്ഞന്മാരായ അനുയായികൾ ബിംബാരാധനയുടെ യഥാർഥതത്ത്വം ഉൾക്കൊള്ളാതെ പോയി. അത്രയും പോര നമ്മൾ വിഗ്രാഹാരാധകരാണെന്ന് ധരിച്ചു വശാവുകയും ചെയ്തു. എത്ര ദയനീയമായ ദശാപരിണാമം.
ബിംബാരാധകരാക്കുന്നത് ആണ് ഇന്നത്തെ ദശാപരിണാമം എന്ന് അനുജൻ ഭട്ടതിരിപ്പാടു പറഞ്ഞു വക്കുമ്പോൾ
കാവിനേയും മറ്റ് ദേവാലയങ്ങളേയും ബിംബരൂപമായ സപരിവാരപൂജയിലേക്ക് കൊണ്ടു വന്ന് വിരുദ്ധമായ വിധാനം എന്തിനാണ് കല്പിക്കുന്നത്. ആരാണ് ശരി. ഈ പറയുന്ന ആചാര്യന്മാരോ ഇന്നത്തെ ആചാര്യന്മാരോ.
ഇതെ മാസികയിൽ മണ്ണാറശാലയിലെ ശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി പറയുന്നത്, ഓരോ കുടുംബത്തിനും സർപ്പകാവുകളുണ്ടായിരുന്നു എന്നാണ്.
ഓരോ കുടുംബത്തിലുമുണ്ടായിരുന്ന കാവുകളിൽ നിന്ന് നാഗങ്ങളെ ആവാഹിച്ചു ഒരു ക്ഷേത്രത്തിലേക്ക് യോജിപ്പിച്ചത് കേരളത്തിലെ ഇതെ പരമ്പരകളു തന്നെയാണ്. അതും ഓരോ കാവുകളും ദേശം വർണം എന്നിവയെ ആധാരമാക്കി നിർമ്മിക്കപ്പെട്ടവയാണെന്നിരിക്കെ ഇതിന് നേർവപരീതമായി അവയെ ആവാഹിച്ച് മറ്റൊരു ക്ഷേത്രത്തിലേക്ക് ഏത് സംപ്രദായപ്രകാരമാണ് ആവാഹിക്കാന് ഉള്ള പ്രമാണമുള്ളത് എന്നത് ചിന്തനീയമാണ്. ഇവിടെ ആവാഹിക്കുന്നത് ദേവനെയാണോ. ആ കുടുംബത്തിലെ ദുരിതത്തെ ആവാഹിച്ചു കൊണ്ടുപോകാറുണ്ടോ. ഇനി നാഗത്തെ ആവാഹിക്കാനുള്ള വിധാനമേതാണ്. രക്ഷസിനേയും നാഗത്തേയും ആവാഹിച്ച് കൊണ്ടുപോകാനാകുമോ..
ഇതേ സുവുനീറിൽ പറവൂർ ശ്രീധരൻ തന്ത്രികൾ പറയുന്നത്,
ഉത്തമനായ ആചാര്യനെ വരിച്ച് കഴിഞ്ഞാൽ ഗുരുനിർദേശത്തോടു കൂടിയാണ് ദേവപ്രതിഷ്ഠയ്കു വേണ്ടിയുള്ള സ്ഥലവും ദേവവിഗ്രാദിവിഷയങ്ങളേയും സ്വീകരിക്കുന്നത്.
ശൈലി ദാരുമയീ ലൌഹീ ലേപ്യാ ലേഖ്യാ ച സൈകതീ
തുടങ്ങി പല തരത്തിൽ വിഗ്രഹങ്ങളെ കേരളത്തിൽ കാണാം. അതിന് കാരണം ആ ദേശത്തിന്റെ ആവശ്യകതയനുസരിച്ചാണ്.
അദ്ദേഹത്തിന്റെ വാക്കുകളെ കടമെടുത്താൽ,
വെളുത്ത ശിലകൊണ്ട് വിഗ്രഹം മോക്ഷവും, ചുമന്ന ശില ധനവർദ്ധനയും, കൃഷ്ണ ശില ധാന്യാഭിവൃദ്ധിയ്കുമാണ്.
ഇതുപോലെ ലോഹം രത്നം, ദാരു, മൃത്ബിംബം ഇവയ്കുകം അതിന്റെതായ ഫലഭാഗങ്ങളുണ്ട്. സ്വർണവിഗ്രഹം ഭുക്തിമുക്തിപ്രദവും, രജവിഗ്രഹം പുഷ്ടിയ്കും, ചെമ്പ, പിച്ചള ഇവ സന്താനലാഭത്തിനും, ഓട് ആയുരാരോഗ്യത്തിനും എന്ന രീതിയിൽ കേരളത്തിലെ ഓരോ സ്ഥലത്തേയും വിഗ്രഹം ഓരോ ആവശ്യകതക്കു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അതായത് ഓരോ സ്ഥലത്തും ഓരോ ആവശ്യത്തിന് വ്യക്തമായ ചിന്തനം കൊണ്ട് സൃഷ്ടിച്ചതാണ് ഓരോ ദേവതാലയങ്ങളും.
ഇനി ഇതെല്ലാം കൂട്ടി വായിച്ചു നോക്കൂ, യഥാർഥത്തിൽ നാം എന്താണ് ചെയ്യുന്നത്. പുനരുദ്ധരിക്കുകയോ നശിപ്പിക്കുകയോ..
ക്ഷേത്രമെന്നത് പറയുന്നത് ക്ഷി നിവാസ ഗത്യോഃ എന്ന അർഥത്തിലാണ്. മൂല പ്രകൃതി മഹദങ്കാരം ആകാശം വഹ്നി വായു വാരി വസുന്ധരാ വാക് പാണി പാദം പായു ഉപസ്ഥം ത്വക് ചക്ഷു ശ്രോത്രം ഘ്രാണ ജിഹ്വാ മന പ്രാണ അപാന വ്യാന ഉദാന സമാന ജീവാഃ
ഈ തത്ത്വങ്ങളെ ബിംബത്തിലും ഉണ്ടാക്കി തത്ത്വസംഹാരം, ധ്യാനാധിവാസം, സൃഷ്ടി എന്ന താന്ത്രിക പദ്ധതിയിലൂടെ ചൈതന്യവത്താക്കുകയാണ് ക്ഷേത്രത്തിലെ ക്രിയ.
തന്ത്രമനുസരിച്ച് സൃഷ്ടിയിൽ സൃഷ്ടി, സൃഷ്ടിയിൽ സ്ഥിതി, സൃഷ്ടിയിൽ സംഹാരം എന്നിങ്ങനെ മൂന്നു അവസ്ഥയും, ഈ മൂന്നും ചേർത്ത് ഒൻപതു വിഭാഗമാണ്. ഇതിനും മുകളിൽ ഈ മൂന്നു വർഗ്ഗത്തിനും അധിപന്മാരുണ്ട്. തന്ത്രത്തിൽ ഈശ്വരൻ ഒന്നല്ല. ഭഗവാൻ, ഈശ്വരൻ, സർവേശ്വരൻ, പരമേശ്വരൻ എന്നിങ്ങനെ പേരുകളിൽ വിളിക്കുന്നത് വേറെ വേറെയാണ്. ബാലാ പരമേശ്വരീ എന്നേ വിളിക്കൂ, കാരണം അത് ആ ദേവിയുടെ സ്ഥാനമാണ്.
ഭഗവാൻ എന്നു പറഞ്ഞാൽ
ഐശ്വര്യസ്യ സമഗ്രസ്യ വീര്യസ്യ യശസഃ ശ്രിയഃ
ജ്ഞാന വൈരാഗ്യയോശ്ചൈവ ഷണ്ണാം ഭഗ ഇതീംഗനാ
അതായത് ആറു ഐശ്വര്യങ്ങളോടു കൂടിയവനാണ് ഭഗവാൻ. ഇതാണ് ക്ഷേത്രത്തിലെ സങ്കല്പ വിധി. ഇതേ കാരണം കൊണ്ട് ഏത് ദേവൻ ഏത് തലത്തിലാണോ വിന്യസിക്കപ്പെട്ടത് അതിനു അനുകൂലമായിരിക്കും ദേവതയുടെ പൂജാ വിധാനവും ദ്രവ്യവും എല്ലാം.
ഈശ്വരൻ എന്നതിന് നിയന്താവ്, നിയന്ത്രിക്കുന്നവനെന്നോ നയിക്കുന്നവനെന്നോ പറയാം. ഷഡ്ഭാവ വികാരങ്ങളെയാണ് ഇവിടെ നിയന്ത്രിക്കുന്നത്. യാസ്കന്റെ വാക്കുകളെ കടമെടുത്താൽ ഉത്പത്തി സംഭവിച്ചതായ പദാർഥത്തിന് ജന്മാദി തുടങ്ങി സംഭവിക്കുന്നത് ആണ് ഭാവവികാരങ്ങൾ. ജായതേ അസ്തി വിപരിണമതേ വർധതേ അപക്ഷീയതേ വിനശ്യതി ജായതേ. അതായത് ഉണ്ടാകുന്നു ഉണ്ടായി വിപരിണാമം സംഭവിക്കുന്നു വർദ്ധിക്കുന്നു അപക്ഷയം സംഭവിക്കുന്നു നശിക്കുന്നു വീണ്ടും ഉണ്ടാകുന്നു. ഈ ആറു ധർമ്മങ്ങളും ഓരോ സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലുമുണ്ട്. ഇവയോരോന്നിനേയും നീയന്ത്രിക്കുവാൻ ഓരോ ദേവതാ സങ്കല്പവും ഇവയെ നീയന്ത്രിക്കുന്ന ദേവതാ ഭാവങ്ങളും അതിന്റെ മന്ത്രപദ്ധതിയും വളരെ വ്യക്തമായി നമ്മുടെ മന്ത്രവിഭാഗങ്ങളിലുണ്ട്.
മുകളിൽ പറയപ്പെട്ട ഈശ്വരീ ഭാവങ്ങളു ഹേതുവായിട്ടാണ് ഈശ് ധാതുവിന് അർഥം അശ്നുതേ വ്യാപ്നോതീതി എന്നു പറഞ്ഞിരിക്കുന്നത്. അതായത് വ്യാപിച്ചു സ്ഥിതിചെയ്യുന്നത് എന്തോ അത്. മറ്റു ദേവാലയങ്ങൾ ക്ഷേത്രത്തിന്റെ പരിമിതിയില്ല നിൽക്കുന്നത് അത് വ്യാപിച്ചാണ്. ചോദ്യം വരാം, ഒരു കാവു തന്നെ അപ്പോൾ വ്യാപിച്ചും പരിധിയിലും സ്ഥിതിചെയ്യാമല്ലോ എന്ന്. തീർച്ചയായും ആകാം, ദേശദേവതയായി കണക്കാക്കുന്ന അനേകം സ്ഥലങ്ങളുണ്ട്. നേരേ തിരിച്ചും കാണാം. പക്ഷെ ക്ഷേത്രം എന്ന പരിമിതമായ സ്ഥലത്തുള്ള രീതിയല്ല അവിടെ ക്രിയയെന്നു മാത്രം.
നാദം, സ്വരം, സ്വനം, രവം, ധ്വനി, ധ്വാനം, ശബ്ദം, (അതിൽ തന്നെ പരാ, പശ്യന്തി, മധ്യമാ, വൈഖരീ), മാതൃകാ, അക്ഷരം, വർണം എന്നിങ്ങനെ അനേകം ഭാവങ്ങളുണ്ട് തന്ത്രത്തിൽ. ഇതിനെല്ലാം തന്നെ ആധാര ദേവതകളും, ഇവർക്കെലാം തന്നെ അതിനു അനുസരിച്ചുള്ള ദ്രവ്യവിധാനവും ക്രിയാ വിധാനവുമുണ്ട്. അതുകൊണ്ട് ഈശ്വരനൊന്നേയുള്ളു എന്ന വേദാന്ത പ്രമാണങ്ങളുദ്ധരിച്ച് തന്ത്രശാസ്ത്രത്തെ കാണുവാൻ ശ്രമിക്കരുത്.
ഇത്രയും വ്യത്യസ്തതയോടു കൂടിയ കേരളത്തിലെ തനത് പദ്ധതികളെയാണ് ഇന്ന് ഒരു ദേവതാ സംപ്രദായത്തിലേക്ക് കൊണ്ടു വരുവാൻ ശ്രമിക്കുന്നത്. അക്ഷരങ്ങളുടെ വിന്യാസം എത്രയുണ്ടോ അത്രയും ദേവതയെ സൃഷ്ടിക്കാനാകും. ഇത്രയും ദേവതകളെ, ദും ദുർഗായൈ നമഃ എന്ന ഒരു ദുർഗയാക്കിയാൽ എന്തായിരിക്കും അവസ്ഥ. സ്ഥിതിയിലെ സ്ഥിതിരൂപിണി മാത്രമാണെന്ന് ദും എന്ന അക്ഷരം കൊണ്ടു തന്നെ മനസ്സിലാക്കാനാകുമ്പോൾ, ബാക്കി ദേവകളെല്ലാം എന്തു ചെയ്യുമെന്ന് ചോദ്യത്തിന് ഉത്തരമില്ലാതെയാകുക.
ഇനി നമുക്ക് ക്ഷേത്രമെന്ന ഭൌതികമായ തലത്തിൽ ഇന്നു നാം കാണുന്ന വിഷയങ്ങളെ കൂടി യുക്തിസഹമായി ചിന്തിക്കാം. ഉദാഹരണത്തിന് ക്ഷേത്രങ്ങളിലെ ധ്വജം.
ക്ഷേത്രത്തിൽ ചൈതന്യത്തെ ഉയർത്തുന്നതിന് ഉത്സവാദികളാവശ്യമാണ്. ഉത്സവമെന്നത് ആഘോഷമല്ല, അങ്കുരാദി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ, പൂജാരിയുടെ അശ്രദ്ധകൊണ്ടും, അവിടെ വരുന്നവർ അറിയാതെ ചെയ്യുന്ന പാകപിഴകളും, തന്ത്രത്തിലെ വ്യക്തി, വസ്തു ദോഷങ്ങളെ കൊണ്ടും ഉണ്ടാകുന്ന ദേവന്റെ ചൈതന്യ ലോപം നികത്തുവാനാണ് ഉത്സവം. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ചെയ്യുന്ന വ്യക്തികളോട്, അതിനോട് ബന്ധപ്പെട്ടു ചെയ്യുന്ന ക്രിയ എന്താണെന്ന് ചോദിച്ചാൽ മതി. ഒരു കലശത്തിന് 5 ലക്ഷം വരെ പറഞ്ഞ് ഒരാളിൽ നിന്നു കാശു മേടിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ഭക്തനെന്ന നിലയിൽ നിങ്ങൾക്ക് ആ ക്രിയയുമായി ഒരു ബന്ധവുമില്ലായെന്നും ദേവനുള്ള ക്രിയയെ ബിസിനസ് ആക്കിയെന്നതും മാത്രമാണ്. (ദേവന്റെ ചൈതന്യം ഉയർത്തുന്നതിന് ഉത്സവാദികളോ, കലശാദികളോ ചെയ്യുന്നത് ഗുണകരമല്ലായെന്നു ഞാൻ പറയുന്നില്ല, പക്ഷെ അതിൽ യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞും ചെയ്യിച്ചും മഹാമനീഷികളാൽ ഉണ്ടാക്കപ്പെട്ട തന്ത്രശാസ്ത്രവുമായി യോജിപ്പിച്ച് ഭക്തജനങ്ങളെ പറ്റിക്കരുത് എന്നു മാത്രം)
ക്ഷേത്രത്തിലാണ് പള്ളിവേട്ടയുടെ ആവശ്യം ധർമ്മസംരക്ഷണത്തിന്, അതുവരെ മതിൽകെട്ടിനകത്ത് നിറഞ്ഞു നിൽക്കുന്ന ദേവത പുറത്തേക്ക് വരുന്നത് ആസമയം മാത്രമാണ്. ബലി തൂകൽ തുടങ്ങി ദേവനും പാർഷദന്മാർക്കും ഭൂതങ്ങൾക്കും എല്ലാം ക്ഷേത്രത്തിലാണ്. കാവിൽ ഭഗവതിമാർക്ക് അത്തരത്തിലൊരു വിധാനമില്ല തന്നെ. അതുകൊണ്ട് തന്നെ മുകളിൽ പറയപ്പെട്ടതായ ഒരു പരിഹാര ക്രിയയും അവിടെ വേണ്ടി വരുന്നുമില്ല.
കാവില് മറ്റ് ആരാധനയോ പൂജയോ വഴിപോടുകളോ നിലനില്ക്കുന്നില്ല. അന്തിത്തിരിയന് തെളിയിക്കുന്ന അന്തിത്തിരി മാത്രമാണ് കാവിന്റെ ഏക ദൈവസാക്ഷ്യം. മൂലധനതാല്പര്യം മുന്നിര്ത്തി നാം അവയെ കോണ്ക്രീറ്റ് സൗധങ്ങളാക്കി, കാവ് തീണ്ടരുത്, കാവില് ഇരുമ്പ് കൊണ്ടുപോകരുത്, കാവ് തീണ്ടിയാല് കുളം വറ്റും കുലം മുടിയും, കാവിന്റെ നേര്ക്ക് വിരല് ചൂണ്ടരുത്, ഒറ്റമരം കാവല്ല ഇതൊക്കെ ഇതിനെ തന്നെ സൂചിപ്പിക്കുന്നതാണ്.
ഇവിടേക്കാണ് ധ്വജം കൊണ്ടു വരുന്നത്. ഓരോ സ്ഥലത്തും ഇരിക്കുന്ന ദേവതകൾക്ക് അനുസരിച്ച് അനുകൂലമായ ക്രിയക്കു വേണ്ടി മാത്രം ചരമായും അചരമായും വേണ്ടതായ ധ്വജത്തെ ഇന്നു സകല കാവുകളിലും സ്ഥിരപ്രതിഷ്ഠയായി വക്കുന്നു. പ്രത്യേകിച്ച് ധ്വജത്തെ നട്ടെല്ലായിട്ടാണ് വ്യാഖ്യാനിക്കുന്നത്. നിങ്ങൾ ക്ഷേത്രത്തിൽ ധ്വജത്തെ നട്ടെല്ലായോ കൈയ്യായോ കാലായോ വ്യാഖ്യാനിച്ചു കൊള്ളു. അത് കാവിലേക്കും മറ്റ് ആരാധനാ സംപ്രദായങ്ങളിലേക്കും യോജിപ്പിക്കാതെ ഇരുന്നാൽ മതി. അല്ലായെങ്കിൽ, കാവുകളിലെല്ലാം നട്ടെല്ലില്ലാത്ത ദേവതയെ പ്രതിഷ്ഠിച്ചതായ പൂർവികരെല്ലാം മണ്ടന്മാരായിരുന്നു എന്നാകും. പ്രത്യേകിച്ച് അത് സ്വീകരിച്ചാൽ കേരളത്തിലെ പകുതിയിലധികം ദേവിമാരും ദേവന്മാരും നട്ടെല്ലില്ലാത്തവരാകണം.
ധ്വജത്തിൽ സ്ഥാപിക്കുന്ന കൊടിക്കൂറ അഥവാ പതാക കുണ്ഡലിനിയുടെ അഗ്നിഭാവത്തെയാണ് കാണിക്കുന്നത് എന്നു ഒരു പ്രഭാഷണത്തിൽ കേട്ടു. ഏതായാലും ഈ കാവുകളിൽ അഗ്നി നല്ല വണ്ണം ഉള്ളതായിട്ടാണ് ഇതുവരെ അനുഭവം. പുതിയതായി കണ്ഡലിനിയെ പുറത്തു നിന്ന് വരുത്തുവാനായിട്ടാണോ ഇവിടെ കൊടി അഥവാ പതാക കെട്ടുന്നത്. കൊടിയില്ലാത്ത സ്ഥലത്ത് കുണ്ഡലിനിയെ ഇല്ലായെന്നാണോ പറയുന്നത്.
ഇനി ഉത്സവത്തിന് വേണ്ടി ഉണ്ടാക്കുന്ന ധ്വജത്തിൽ ധ്വജ പടായാദി മാനം ഉണ്ടല്ലോ. അതിലെ സന്നിധത്സ്വ പടേ തുഭ്യം എന്നു പറയുന്ന ഭാഗത്ത് ആരെയാണ് പറയുന്നത്.
സ്തംഭയോഗാദികൾക്ക് മാനം കല്പിക്കുന്നത്,
അന്തസ്സാരോ ബഹിസ്സാരോ നിസ്സാരസ്ത്രിവിധഃസ്തരുഃ
ക്രമുകാദി ബഹിസ്സാരം പ്രശസ്തം വിദുരുത്തമം.
അന്തസ്സാരം ചന്ദനാദി പ്രശസ്തം സ്തംഭകല്പനേ
നിസ്സാരം വർജ്ജയേത് സ്തംഭം ശതതാളായതം ശുഭം
നിസ്സാരത്തെ അഥവാ സാരമില്ലാത്തവയെ ദോഷമായി തന്നെ തന്ത്രം പറയുമ്പോൾ ഏത് പ്രമാണം വച്ചാണ് കോണ്ക്രീറ്റ് വാർത്ത് അതിന്റെ മുകളിൽ സ്വർണ്ണം പൊതിയുന്നത് . ചന്ദനം ദേവദാരു എന്നിവയാണ് പ്രമാണത്തിൽ പറയുന്നത്. ശിലയാണെങ്കിൽ ദോഷത്തോടു കൂടിയതായിട്ടും മരമാണെങ്കിലും ദോഷമില്ലാത്തത് ആണെന്നും അല്ലെ പ്രമാണം. ജനങ്ങൾക്കു ദോഷമാണെന്ന് അറിഞ്ഞു കൊണ്ട് എന്തിന് ജനങ്ങളുടെ തന്നെ കയ്യിലെ കാശു മേടിച്ച് കോണ്ക്രീറ്റ് വാർത്ത് സ്വർണം പൂശുന്നു.
അന്തഃസാര ചന്ദനാദി സ്തംഭകല്പനേ ക്രമുകാദി ബഹിഃസാരം എന്നിത്യാദിയല്ലെ പ്രമാണം.
ഇനി പ്രധാനമായി ഉള്ള ചോദ്യം ഈ ക്രിയകളു ചെയ്യുന്ന വ്യക്തികളോടാണ്.
ഒരു ധർമ്മത്തിൽ ആചരിച്ചു വരുന്ന അതായത് ഉദാഹരണത്തിന് കുലാലന്മാരുടെ, അല്ലെങ്കിൽ കൃഷിക്കാരുടെ അവരുടെ വർണത്തിലുള്ള അവരുടെ ധർമ്മ ദൈവ രൂപമായി അവർ ആചരിച്ചു വരുന്ന ദേവനെ നിങ്ങൾ മനസ്സു കൊണ്ട് സ്വന്തം പ്രാണനിലേക്ക് ആവാഹിക്കുമോ. ആ ദേവന്റെ പ്രസാദത്തെ നിങ്ങൾ കഴിക്കുമോ. ആ വർണത്തെ നിങ്ങൾ മനസ്സു കൊണ്ട് വരിക്കുമോ. അതു വരിക്കാതെ നിങ്ങൾ എങ്ങിനെയാണ് ശിവോ ഭൂത്വാ ശിവം യജേത് എന്ന ഭാവത്തിൽ ആരാധിക്കുന്നത്.
( ഈ ചോദ്യം ജാതീയമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിശദീകരിക്കാം.
ഒരു അദ്ധ്യാപക വൃത്തിയിലുള്ള വ്യക്തി ഉദാഹരണത്തിന് കളരിയിൽ അക്ഷര കളരിയി അദ്ധ്യാപക വൃത്തിയിൽ ഉള്ള വ്യക്തിയുടെ ഉപാസനാ മൂർത്തി ഷഡക്ഷരീ രൂപിണിയായ ബാലാ സരസ്വതിയായിരിക്കും എന്നു വിചാരിക്കൂ. നേർ വിപരീതമായി കുഴി കളരിയിൽ ആയുധം എടുത്തു അഭ്യസിക്കുന്നവർക്ക് അതല്ല ദേവത, അവിടേ ഭൈരവനും കാളിയും എല്ലാം ആകും ദേവത. ഇവിടെ ചോദ്യം അദ്ധ്യാപനം യജനം യാചനം ഇവയെ വർണമായി, അഥവാ അതിനെ കർമ്മമായി സ്വീകരിച്ച വ്യക്തികൾ, മറ്റൊരു വർണത്തിന് അഥവാ കർമ്മത്തിന് അധീശ്വരിയായി നിൽക്കുന്ന ദേവതയെ എങ്ങിനെയാണ് യജിക്കുക. ആ മന്ത്രദേവതയെ നിങ്ങൾ ഉപാസിക്കാതെ എങ്ങിനെയാണ് അതിനെ ബാലാലയ പ്രതിഷ്ഠ നടത്തി ക്ഷേത്രത്തിലേക്ക് ആവാഹിക്കുക. ഈ പറയുന്ന വ്യക്തികൾ പറക്കുട്ടിയേയും, യക്ഷിയേയും, രക്ഷസ്സിനേയും ചാത്തനേയും എല്ലാം എങ്ങിനെയാണ് തന്റെ പ്രാണനിലേക്ക് എടുക്കുക. അങ്ങിനെ എടുക്കുന്നു എങ്കിൽ വൃത്തി നിങ്ങളുടെ ഏതായിരിക്കും അതായത് ഏത് ധർമ്മമാണ് ആ സമയം നിങ്ങളിലുണ്ടാകുക. ഇതാണ് മുകളിലെ ചോദ്യത്തിന്റെ മൂലം)
ഭഗവതിക്കാവുകളണ് കേരളത്തിൽ അധികമായി ഉള്ളത്. അതുപോലെ തന്നെ പുരുഷ ദൈവങ്ങളെ വച്ചാരാധിക്കുന്ന കാവുകളും, മറ്റനേകം ഉപദേവതകളും കൂടിയതാണ് കാവുകൾ. ഇവയെ ക്ഷേത്ര തലത്തിലേക്ക് മാറ്റുമ്പോൾ, ഈ ഉപദേവതകളുടെ വിഗ്രഹം പോലും ഇല്ലാത്ത അവയെ തിരിച്ചറിഞ്ഞ് ഏത് പ്രമാണം കൊണ്ടാണ് ക്ഷേത്രത്തിന്റെ തലത്തിലേക്ക് വിന്യസിക്കുക. എവിടെയാണ് അവരെ സ്ഥാപിക്കുക. സൃഷ്ടി സ്ഥിതി സംഹാരം ഇവ ക്രമത്തിൽ നോക്കിയാൽ സൃഷ്ടി സൃഷ്ടി തുടങ്ങി, സർവേശ്വരൻ, ചതുർമൂർത്തി, സാക്ഷി, പരബ്രഹ്മ എന്നിങ്ങനെയുള്ള ദേവതാ ഭാവം വരെയുണ്ടാകുമെന്നിരിക്കെ തന്ത്രസമുച്ചയത്തിലെ ഏത് പ്രമാണത്തെ കൊണ്ടാണ് ദേവതയെ ബിംബത്തിലേക്ക് ആക്കുന്നത്. അതായത് ദേവതാ മന്ത്രങ്ങളെ പ്രാണ പ്രതിഷ്ഠ ചെയ്യുമ്പോൾ ഏത് തലത്തിലാണ് ഉറപ്പിക്കുന്നത്. ദേവതയേതാണ് എന്നു തിരിച്ചറിഞ്ഞ് പ്രയോഗിക്കുന്ന തന്ത്രവിധാനം ഏതാണ്. ( ശ്രദ്ധിക്കുക, ഇവിടെ ജ്യോതിഷമല്ല ചോദിക്കുന്നത് തന്ത്രത്തിലെ വിധാനമാണ്, കാരണം ജ്യോതിഷം തന്ത്രത്തിൽ ഗണിക്കേണ്ട വിഷയത്തിൽ മാത്രമാണ്)
ഇവിടെ വിഷയത്തെ കുറച്ചു കൂടി വ്യക്തമായി ചോദിച്ചാൽ സൃഷ്ടിയിലെ സ്ഥിതിയാണോ, സ്ഥിതിയിലെ സൃഷ്ടിയാണോ സംഹാരത്തിലെ സ്ഥിതിയാണോ, സൃഷ്ടിയുടെ സർവേശ്വര ഭാവമാണോ ദേവതകൾക്ക് എന്ന് നിങ്ങളെങ്ങിനെയാണ് നിശ്ചയിച്ച്, ഇവയെ ദേവതാ മണ്ഡലരൂപത്തിലേക്ക് അതും പ്രാണ പ്രതിഷ്ഠാ രൂപത്തിലേക്ക് മാറ്റുന്നത്.
കാവുകളെ പോലെ കാണുന്ന മുണ്ട്യകൾ, കോട്ടം, കൂലോം അഥവാ കോവിലകം, മടപ്പുര തുടങ്ങിയ അനേകം ദേവതാ സങ്കല്പങ്ങളും വച്ചു സേവാ മൂർത്തികളുൾപ്പടെ ആരാധനാ സംപ്രദായങ്ങളിൽ നിൽക്കുമ്പോൾ ഇവയെ എങ്ങിനെയാണ് തന്ത്രസമുച്ചയം എന്നപോലെയുള്ള ഒരു ക്ഷേത്രപദ്ധതിയിലേക്ക് കൊണ്ടുവരുന്നത്. ആ ഗ്രന്ഥത്തിൽ ഇന്നു ചെയ്യുന്നതുപോലെ ചെയ്യുന്നതിനുള്ള പ്രമാണം ഉദ്ധരിക്കാമോ.
കുടികിടപ്പ് പ്രതിഷ്ഠാ രൂപത്തിലുള്ളതിൽ മുതിർന്ന കാരണവരാണ് പ്രതിഷ്ഠക്ക് അധികാരിയായി വരുന്നത്. കോട്ടത്തെ മാത്രം എടുത്താൽ ആരക്കയ്യാൽ ഏവരക്കയ്യാൽ എടുത്തു വച്ച ബിംബവും, കായകുടിയാൻ തൻ കയ്യാൽ എടുത്തു വച്ച ബിംബവും എന്നാണ് തോറ്റം. അവിടെ ഏത് തന്ത്രത്തിന്റെ ക്രിയയിലൂടെയാണ് ബാലാലയ പ്രതിഷ്ഠയിലൂടെ ക്ഷേത്രത്തിലേക്ക് എന്ന പ്രയോഗം കൊണ്ടു വരുക.
കോട്ടങ്ങളും കാവുകളും കൊവ്വലുകളും മണ്ട്യകളും എല്ലാം ഓരോ സമുദായത്തിന്റെ അവരുട സംസ്കാരത്തിന്റെ കാഴ്ചകളാണ്. അതിനെ മാറ്റി, ഒരു ക്ഷേത്രമാക്കി ഒരു സംസ്കാരത്തിലേക്ക് കൊണ്ടുവരുമ്പോൾ ശരിക്ക് നമ്മുടെ വൈവിധ്യത്തെ നാശത്തിലേക്ക് നയിക്കുയല്ലെ ചെയ്യുന്നത്.
തറകളുണ്ടാക്കിയ കർഷകർ കുറ്റിയെടുത്തു തിരികത്തിച്ചിരുന്ന സ്ഥലത്ത് മതിൽ കെട്ടി സ്വർണപ്രശ്നം നടത്തി പുനഃപ്രതിഷ്ഠയും ക്ഷേത്രം നടത്തി വരുന്നതാണ് ഇന്നത്തെ ഉദ്ധാരണം.
1427 ൽ രചിച്ചതായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയം ആണ് ഇന്ന് നാ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങളിൽ പ്രധാനം. ഈ തന്ത്രസമുച്ചയത്തിൽ തന്നെ ശിവൻ, വിഷ്ണു, ദുർഗ്ഗ, ഗണപതി, സുബ്രഹ്മണ്യൻ, ശങ്കരനാരായണൻ ശാസ്താവ് എന്നീ ഏഴു ദേവന്മാരുടെ ക്രിയകളു മാത്രമേ പ്രതിപാദിക്കുന്നുള്ളു. അതുകൊണ്ടാണ് അതിനും പുറമേയുള്ള നിത്യപൂജക്കു വേണ്ടി ശങ്കരൻ നമ്പൂതിരിപ്പാട് ശേഷസമുച്ചയം എഴുതിയത്. അതിലെ പ്രഥമശ്ലോകം തന്നെ അതിന്റെ വിഷയത്തെ പ്രമാണപൂർവം പറയുന്നുണ്ട്. ഇപ്പോഴും ശേഷസമുച്ചയം പറയാത്തതായ അനേകം ദേവതകളു കേരളത്തിലുണ്ട്. ഇവയെ ഏത് തലത്തിലാണ് ഏത് ക്രിയകളെ കൊണ്ടാണ് ക്ഷേത്രത്തിലേക്ക് മാറ്റുന്നത്.
ഈ വൈവിധ്യത്തെ എല്ലാം തന്നെ ഒരു താന്ത്രിക പദ്ധതിയിലേക്ക് മാറ്റുക എന്നത് യുക്തമാണോ എന് സ്വം നാം വിചാരിക്കേണ്ടതാണ്.
ഇനി, ശാസ്ത്രവും പ്രമാണവും എല്ലാം മാറ്റി വച്ചു ചിന്തിക്കൂ, ഒരു തേക്കിൻ കഴ സംഘടിപ്പിച്ച് ധ്വജം ഉണ്ടാക്കാനാവാത്ത വിധം ശേഷിയില്ലാത്തവരായിരുന്നോ നമ്മളുടെ ദേശത്തെ കാരണവന്മാർ. കേരളത്തിൽ അങ്ങോളം ഇങ്ങോളം ബൃഹത്തായ ക്ഷേത്രങ്ങളുണ്ടാക്കിയവർ, മഴയും ചെളിയും കൊള്ളുന്ന തരത്തിൽ മേൽക്കൂരയില്ലാത്ത ഒരു ചെറിയ ആരാധനാ സ്ഥലങ്ങളുണ്ടാക്കിയത് കാശില്ലാത്തതുകൊണ്ടാണ് എന്നു ആരെങ്കിലും വിചാരിച്ചു എങ്കിൽ അത് തന്ത്രത്തിന്റെ അടിസ്ഥാന നിയമം അറിയാത്തതു കൊണ്ടാണ് എന്നു മാത്രമേ പറയാനാകൂ.
തന്ത്രശാസ്ത്രത്തിലും ഇന്നുള്ളവരേക്കാൾ പാണ്ഡിത്യവും ശുദ്ധിയും ഏറിയവരായിരുന്നു അന്നത്തെ ദേശക്കാരും ആചാര്യന്മാരും. അപ്പോൾ അവർ ബോധപൂർവ്വം ഒഴിവാക്കിയ ഒന്നിനെ അവരെ അപേക്ഷിച്ച് അല്പഞ്ജാനികളായ പുതുതലമുറ എഴുന്നള്ളിക്കുന്നത് സ്വന്തം കാരണവന്മാർക്ക് ബോധമുണ്ടായിരുന്നില്ല എന്ന വിളിച്ചുപറയൽ കൂടിയല്ലേ?!
ഇനി മറ്റൊന്ന്, ദേശത്തെ രക്ഷിക്കുന്ന ദേവതാസങ്കേതങ്ങളിലെ ക്രിയകൾ മാറ്റി മറിച്ചും വിരുദ്ധദേവതകളെ പ്രതിഷ്ഠിച്ചും ക്രിയാലോപവും ക്രിയാവൈരുദ്ധ്യവും വരുത്തിയ വ്യക്തികൾ ഇന്നു സ്വസ്ഥരാണോ എന്നു നോക്കിയാൽ പൂർവം പറയപ്പെട്ടതായ കാര്യം സത്യമാണോ എന്ന് ഉത്തരമാകും.
തന്ത്രശാസ്ത്രത്തിലെ പ്രമാണത്തിൽ പറഞ്ഞതുപോലെ തന്നെ, ചെയ്ത പരമ്പരകളെല്ലാം തന്നെ ഛിന്നഭിന്നരാണ്. സന്തതി പരമ്പരകളില്ലാതെ ദത്തുമാത്രമായ അവസ്ഥയാണ് പകുതിയിലധികം പരമ്പരകളും. സ്വന്തം കാവിൽ ദേവതകളെ മാറ്റിയ കുടുംബങ്ങളെല്ലാം തന്നെ കുലം മുടിഞ്ഞ് സന്തതിയറ്റ് നാമാവശേഷരായി. ഇന്ന് ഏറ്റവം കൂടുതൽ ജ്യോതിഷ പ്രശ്നം നടക്കുന്നത് സ്വന്തം കുടുംബത്തിലെ ദേവതയാരെന്ന് തിരിച്ചറിയാനാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം ( ഇത് ഒരു വിഭാഗത്തെയല്ല പറയുന്നത്, ഈ തന്ത്രശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന എല്ലാവരേയും ചേർത്താണ്.)
(ഇത്രയും എഴുതിയത് ശാസ്ത്രത്തേയും ദേവതയേയും മാനിക്കുന്ന ഒരു വിഭാഗമാണ് ഇന്നുള്ളത് എന്ന ധാരണയിലാണ്. കാരണം ഒരുപാടു പേരായി ഇത്തരത്തിലൊരു നോട്ട് വേണമെന്നു പറയുന്നു. വ്യക്തിഗതമായി ഓരോരുത്തർക്കും അയക്കുക സാധ്യമല്ല. അതുകൊണ്ട് ഇവിടെ എഴുതിയെന്നു മാത്രം. അതല്ല, പഴയപോലെ ഇനിയും മുൻപോട്ട് പോകട്ടെയെന്നു വിശ്വസിക്കുന്നവർ എല്ലാവരും ഈ എഴുതിയത് ഒന്നും വിഷയമാക്കേണ്ടതുമില്ല ! ആയതുകൊണ്ട് ഈ പോസ്റ്റിന്റെ താഴെ വിപരീതമായ കമെന്റ് എഴുതേണ്ടതുമില്ല. ഈ പോസ്റ്റ് അവർക്കു വേണ്ടിയുള്ളതല്ല. )
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment