കാശീ പുരാധീശ്വരി വിശ്വനാഥേ ...
കാശിയിൽ എത്തിയാൽ വിശ്വനാഥന്റെ ഈ നഗരിയെ ഓരോ വ്യക്തികളും തന്റേതായ ഭാവത്തിലാണ് കാണുക.. ചിലർക്ക് മൃത്യുവിന്റെ സ്വരൂപമായ കാല കാലന്റെ നഗരമാണ് കാശി. ചിലർക്ക് അന്നപൂർണയായ കാശീപുരാധീശ്വരിയുടെ സ്ഥലമാണ്. ചിലർക്ക് പിതൃക്കൾക്ക് ശ്രാദ്ധം ഊട്ടുന്ന സ്ഥലമാണ്.
ഈ കാശിയെല്ലാമാണ് ... ഇതിനെല്ലാമുപരി നമ്മളെ നമ്മളെങ്ങിനെ കാണണമെന്നു കാണിക്കുന്നത്, പഠിപ്പിക്കുന്നത് ഈ കാശിയാണ്.
ഈ പ്രാണന്റെ ആധാരമായ ശരീരം നിലനിർത്തുന്നത് പ്രകൃതിയിൽ മൂന്നു സാധനങ്ങളാണ്. പ്രാണൻ, അന്നം, ജലം ഇവയാണവ. ഇവയില്ലാതെ നമുക്ക് നിലനിൽക്കാനാകില്ല. ഈ മൂന്നു രൂപത്തിലും പരമേശ്വരിയായ ദേവി കാശിയിൽ പ്രകടമായി നിൽക്കുന്നു.
ഈ മൂന്നു രൂപത്തിലും ദേവി ലീലയാടാൻ തുടങ്ങുമ്പോൾ ദേവി ലളിതയാകുന്നു.
പ്രാണാത് പ്രാണഃ എന്ന സൃഷ്ടി തലത്തിൽ, പ്രാണരൂപിണിയായി ത്രിപുരത്തേയും ധരിക്കുന്നവളായ ബാലാംബികയായി ദേവിയെ പൂജിക്കുന്നു. അവൾ തന്നെ പതിനാറാമത്തെ കലയായി മാറുമ്പോൾ അന്നപൂർണ്ണയായും ഷോഡശിയായും വിശാലാക്ഷിയായും പരിലസിക്കുന്നു.
വിശാലാക്ഷിയെന്നാൽ വിശാലമായ കണ്ണുള്ളവളെന്നു മാത്രമല്ല അർഥം. വിശേഷമായി വിഷയ രൂപത്തിൽ വ്യാപിച്ചവളാണ് ദേവി. അശ്നുതെ വ്യാപ്നോതി ഇതി. പ്രപഞ്ചത്തിന്റെ ഓരോ അണുവിലും പ്രവേശിച്ച് കാലരൂപമായി ഗമിക്കുന്ന കാലകാലന്റെ ശക്തിയായി ദേവിയെ കാണുമ്പോൾ നാം അതേ പരമേശ്വരിയെ കാളിയെന്നു വിളിക്കുന്നു. ലോകത്തിന്റെ സ്പന്ദന സ്വരൂപിണിയായി ചാലന വർത്തിയായി നിൽക്കുമ്പോൾ ദേവി സ്വയം ധൂമാവതിയായി മാറുന്നു. അവളാണ് സകല ദേവതാ ഭാവത്തിലും നിലനിൽക്കുന്നത്.
ശല ചാലനേ, ഗതൌ, ശ്ലാഘായാം, കത്ഥനെ, വേഗേ, സ്തൃതൌ എന്നീ അർത്ഥങ്ങളെല്ലാം വിശാല ശബ്ദത്തിലേക്ക് യോജിപിച്ചിരിക്കുന്നത് ഇതിനാണ് . എങ്ങിനെയാണ് ദേവി ജഗത്തിൽ സ്ഥിതി ചെയ്യുന്നത്. ലോകത്തെ ചലിപ്പിക്കുന്നവളായി, ശബ്ദസ്വരൂപിണിയായി നാമ രൂപാത്മകമായ ജഗത്തായി, മാനം ചെയ്തുകൊണ്ട് രണ്ടായി മാറ്റികൊണ്ട്, മറഞ്ഞിരുന്നുകൊണ്ട്.
ഇപ്രകാരം സകല ജഗത്തിന്റേയും അധീശ്വരിയായി ഇരിക്കുന്നവളാണ് ദേവി. ആ പരമേശ്വരിയാണ് കാശീ വിശാലാക്ഷി. കാലകാലനായ ദേവന്റെ അർദ്ധാംഗിനി. പ്രാണസ്വരൂപനായ ദേവന്റെ കൂടെ തന്നെ യുള്ള നാദ സ്വരൂപിണിയായ ദേവീ. നമ്മുടെ ഉള്ളിൽ നമ്മുടെ ഹൃദയമിടിപ്പായി ഇരിക്കുന്ന പരമേശ്വരി ...
ആ ദേവി സകലർക്കും ആനന്ദത്തെ പ്രദാനം ചെയ്യട്ടെ...
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment