Thursday, December 7, 2023

കടൽ കടന്നാൽ ഭ്രഷ്ടാകുമോ ?

 കടൽ കടന്നാൽ ഭ്രഷ്ടാകും എന്നുള്ള നമ്മുടെ ഒരു പഴയ ധാരണ വെറും അനാചാരം അല്ലെങ്കില് ദുരാചാരം മാത്രമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന് ധർമ്മശാസ്ത്രങ്ങളുടേയോ സ്മൃതികളുടേയോ അടിസ്ഥാനം ഇല്ല.


ഇത് ഒരു വാട്സ് ഗ്രൂപ്പിൽ ചർച്ചായപ്പോൾ ആ ഗ്രൂപ്പിലെ ഒരു സുഹൃത്തു എന്നോട് ചോദിച്ചതാണ്. 


എനിക്ക് പലപ്പോഴും തോന്നാറുള്ളത്, നമുക്ക് മനസ്സിലാകാത്തത് എന്തോ അത് എല്ലാം അനാചാരവും ദുരാചാരവും ആണ്. ആചാര്യന്മാരെല്ലാം മണ്ടത്തരം എഴുതി വച്ചതാണെന്നും പറയുകയും ചെയ്യും. 


അച്ഛനെ കൊല്ലണം ഗുരുവിനെ കുത്തണം എന്നെല്ലാം പഴയ ധാരണകളാണ്. ഇത് കേട്ടാൽ എന്ത് മണ്ടത്തരമാണ് ഈ പഴയ ആളുകൾ പറഞ്ഞു വച്ചിരിക്കുന്നത് എന്നു തോന്നിപ്പോകും. പക്ഷെ അച്ഛനെ കൊല്ലാനല്ല പറയുന്നത്. അച്ഛന്റെ പേരിൽ ജീവിതകാലം മുഴുവൻ ജീവിക്കാതെ തന്റെ പേരിൽ അച്ഛനറിയപ്പെടണം എന്നു ഉപദേശിക്കുകയാണ്.   ഗുരുവിനെ കത്തികൊണ്ട് കുത്താനല്ല പറയുന്നത് ചോദ്യങ്ങളു ചോദിച്ചു സംശയ നിവൃത്തി വരുത്തികൊണ്ടിരിക്കണം എന്നാണ്. ഇത് പഴയ കാലത്ത് ധർമ്മം ഉപദേശിക്കുന്ന ഒരു രീതിയാണ്. അച്ഛനെ കൊല്ലണം എന്നത്  ധർമ്മശാസ്ത്രത്തിലോ സ്മൃതിയിലോ  കാണുന്നില്ല എന്നു ചിന്തിച്ചാൽ, അതുപോലെയാണ് ഇവിടെ നദി കടക്കരുത് എന്നത് ധർമ്മശാസ്ത്രത്തിലില്ല എന്നു പറയുമ്പോൾ തോന്നിയത്. 


മുകളിൽ പറഞ്ഞിരിക്കുന്ന അതേ രീതി തന്നെയാണ് ഇവിടെ കടൽ കടക്കരുത് എന്നു പറയുന്നതിലും ഉപയോഗിച്ചിരിക്കുന്നത്. ഓരോ ദേശത്ത് ഇതിന്റെ തന്നെ വ്യത്യസ്ത ശൈലിയിൽ, പുഴ കടക്കരുത്, തോടു മുറിച്ചു കടക്കരുത് എന്നെല്ലാം പറയാറുണ്ട്. 


ഏതൊരു വ്യക്തിയും ഒരു കാലത്ത്  തന്റെ വാക്കുറപ്പിച്ചിരുന്നത് ജലത്തെ കൊടുത്തുകൊണ്ടാണ്. ഉദാഹരണത്തിന് വാമനന് മഹാബലി ജലത്തെ ഒഴിച്ചാണ് വാക്കുകൊടുക്കുന്നത്. ഈ സത്യരൂപമായ ജലത്തെ തരണം ചെയ്യരുത്  അതായത്  കൊടുത്ത വാക്ക് മാറരുത് അതിനെ ലംഘിക്കരുത്. ഇതാണ് ആശയം.


ഇനി ഇതിന്റെ തന്നെ സ്ഥൂലമായ ഒരു തലം കൂടിയുണ്ട്. 


നമ്മളെല്ലാം താമസിക്കുന്നത് ഓരോ ഗ്രാമങ്ങളിലാണ്.  ഓരോ ഗ്രാമങ്ങളിലും കൃത്യമായ ഓരോ കർമ്മം ചെയ്യുന്ന വിഭാഗങ്ങളുണ്ടായിരുന്നു. അത് കുലാലനാകാം, മുടി വെട്ടുകാരനാകാം, ഇരുമ്പു പണിയെടുക്കുന്നവനാകാം, വസ്ത്രം ഉണ്ടാക്കുന്നവനാകാം. ഇവരെല്ലാം പരസ്പര പൂരകമായി തന്നെ ജീവിച്ചിരുന്നവരാണ്. ഒരു വ്യക്തിയുടെ ധർമ്മം മറ്റൊരു വ്യക്തി ചെയ്യില്ല. ഉദാഹരണത്തിന് വൈദ്യ വൃത്തി ചെയ്യുന്ന ഒരാളുടെ അടുത്ത് ഭൂതദോഷത്തിന് പരിഹാരം ചോദിച്ചാൽ താൻ ഇന്ന ആളുടെ അടുത്ത് ചെന്ന് ഈ ക്രിയ ചെയ്തിട്ടു വരൂ എന്നിട്ട് ഞാൻ മരുന്നു തരാം എന്നേ പറയൂ. ചെയ്യാനറിയാമെങ്കിൽ പോലും അതു ചെയ്യില്ല. നേരേ മറിച്ച് ഭൂതദോഷ നിവാരണം ചെയ്യുന്ന ആൾക്ക് വൈദ്യ വൃത്തി അറിയാമെങ്കിൽ പോലും വൈദ്യന്റെ ധർമ്മം ചെയ്യില്ല.  കാരണം അത് തന്റെ ധർമ്മല്ല,  അങ്ങിനെ ചെയ്താൽ താൻ കാരണം മറ്റൊരാളുടെ അന്നം മുടങ്ങുമെന്ന് ചെയ്യുന്ന വ്യക്തിക്ക് അറിയാം. അങ്ങിനെ ചെയ്താൽ മാത്രമേ സമൂഹം പരസ്പരം ക്ഷേമത്തോടു കൂടി നിലനിൽക്കൂ. ഇനി  എങ്ങാനും അത്തരത്തിൽ മറ്റൊരാളുടെ ധർമ്മം ചെയ്യേണ്ടി വന്നാൽ ആ വ്യക്തിയുടെ അനുമതിയോടു കൂടി മാത്രമേ അദ്ദേഹത്തെ മുൻ നിർത്തി ക്രിയക്ക് മുതിരൂ. 


(പഴയ ആളുകൾക്ക് ഇത് വേഗം മനസ്സിലാകും)


അതാണ് നദി കടക്കരുത്. അതായത് മറ്റൊരാൾക്ക് ആശ്രയീ ഭൂതമായ സ്ഥലത്ത് അവന്റെ ധർമ്മത്തിലേക്ക് കൈ കടത്തരുത്. സ്വധർമ്മം നിധനം ശ്രേയഃ പരധർമ്മോ ഭയാവഹഃ  എന്നു ആചാര്യന്മാരു പറയാൻ കാരണം ഇതാണ്.  താൻ മാത്രമല്ല ഈ ലോകത്ത് ജീവിക്കേണ്ടത്. തന്നെ പോലെ അതേ ധർമ്മം ചെയ്യുന്ന ഓരോരുത്തരും ജീവിക്കണമെങ്കിൽ പരസ്പരം അറിഞ്ഞ് ആചരിക്കണം. ഇന്ന്  മറ്റുള്ളവർക്ക് നഷ്ടം വന്നാലും തനിക്ക് ഗുണമുണ്ടായാൽ മാത്രം മതിയെന്നു മാത്രമാണ്  നമ്മളുടെ ചിന്താഗതി. അതാണ് ഇത്തരത്തിൽ ഉള്ള വാക്കുകളു മനസ്സിലാകാത്തതിന് കാരണം.    


ഇനി സമുദ്രമെന്നതിന്റെ ശാസ്ത്ര യുക്തി നോക്കണോ. സമുദ്രം ഇത്യസ്യ അന്തരിക്ഷം ഇത്യർഥഃ എന്നു നിരുക്തകാരൻ തന്നെ പറയുന്നുണ്ട്. അന്തരിക്ഷത്തെ മറികടക്കരുത് എന്നു ആചാര്യന്മാരു പറയില്ലല്ലോ. സ്വന്തം ജീവൻ പോയാലും പ്രാണരൂപമായ വാക്കു തെറ്റിക്കരുത് എന്നു മാത്രമേ ആചാര്യന്മാരു പറയാൻ ശ്രമിക്കുന്നുള്ളു. ഇത് നമുക്കുള്ള ഉപദേശമാണ്.


താൻ ജീവിക്കുന്നതിന് ഒപ്പം തന്നെ തന്റെ കൂടെയുള്ളവർ കൂടി സന്തോഷമായി ജീവിക്കണം. അതുകൊണ്ട് അവരുടെ കർമ്മമണ്ഡലത്തിലേക്ക് കയറി അവരുടെ വയറ്റത്തടിച്ചാകരുത് നാം ജീവിക്കേണ്ടത്. അതുമാത്രമാണ് സമുദ്രം കടക്കരുത് , നദി കടക്കരുത് എന്നൊക്കെ പറയുന്നതിന് കാരണം. 


ഇനി സ്വയം ആലോചിച്ചൂ നോക്കൂ. ഇത് അനാചാരമാണോ ദുരാചാരമാണോ. സ്വന്തം യുക്തിയ്കു വിടുന്നു. 


( ഇന്ന് ഈ കാലത്ത് ഇതൊക്കെ പ്രാവർത്തികമാണോ, ഇന്നലെ വരെ ഇതൊക്കെ ആചരിച്ചിരുന്നുവോ എന്നൊന്നും ഇതിൽ കമന്റിടരുത്. കാരണം മദ്യവും പുകവലിയും ശരീരത്തിന് ആപത്കരം ആണെന്ന് എഴുതി വച്ചിട്ടു അതിന്റെ മുൻപിൽ നമ്മളുടെ മുഖത്തേക്ക് പുക വിടുന്നവരാണ്. യോഗ്യരായവർ പറഞ്ഞിട്ടുണ്ട്. ആചരിക്കാത്തത് പറഞ്ഞവരുടെ കുറവല്ല. )


അഭിനവ ബാലാനന്ദഭൈരവ

ശാരദാ പ്രതിഷ്ഠാനം

No comments:

Post a Comment