വിശേഷ നവരാത്രികള്.....
ഭാരതമൊട്ടാകെ ആഘോഷിക്കപ്പെടുന്ന മഹോത്സവമാണ് നവരാത്രി. ദേവീപൂജയ്ക് ഏറ്റവും ശ്രേഷ്ഠമായ ഒൻപതു രാത്രികൾ, രാജസതാമസഭാവങ്ങളെ വ്രതശുദ്ധിയാകുന്ന ദിവ്യാഗ്നിയിൽ ശുദ്ധീകരിച്ച് സാത്വികഭാവത്തിലേക്ക് ഉയർത്തുന്ന നാളുകളാണിത്.
നവരാത്രിയെ കുറിച്ച് വിശദീകരിക്കുന്ന അനേകം ഗ്രന്ഥങ്ങൾ ലഭ്യമാണ്. രുദ്രയാമളം, ഡാമരതന്ത്രം, ദേവീപുരാണം തുടങ്ങിയവയിലും, തിഥിതത്ത്വം, ചതുർവര്ഗ ചിന്താമണി, കാലതത്ത്വം തുടങ്ങിയവയെല്ലാം തന്നെ നവരാത്രിയെ കുറിച്ച് വിശദീകരിക്കുന്നുണ്ട് .
രണ്ട് ഋതുക്കളായ, കാലദംഷ്ട്രകൾ എന്ന പേരിലറിയപ്പെടുന്ന ശരത്കാലവും വസന്തകാലവും ആണ് നാം ആഘോഷിക്കുന്ന വ്യത്യസ്ത രണ്ട് നവരാത്രികൾ. ശരത് കാലത്ത് ആശ്വിനമാസത്തിൽ ശുക്ലപക്ഷപ്രഥമ മുതൽ ആരംഭിക്കുന്ന നവരാത്രി ശാരദാ നവരാത്രിയെന്ന പേരിലും, വസന്തഋതുവിൽ ചൈത്രമാസശുക്ലപക്ഷപ്രഥമ മുതലുള്ള നവരാത്രി ലളിതാമഹാത്രിപുരസുന്ദരീ നവരാത്രി എന്നുമാണ് സാമാന്യമായി അറിയപ്പെടുന്നത്..
നവരാത്രിയുടെ ഏറ്റവും പ്രധാനദിനങ്ങൾ ദുർഗാഷ്ടമി മഹാനവമി വിജയദശമി എന്നിവയാണ്. ദക്ഷയാഗം മുടിക്കുവാനായി ഭദ്രകാളി തിരു അവതാരമെടുത്ത പുണ്യദിനമാണ് ദുർഗാഷ്ടമി എന്നാണ് പറയുന്നത്.... ദുർഗാദേവി മഹിഷാസുരനേയും, ശ്രീരാമൻ രാവണനേയും, ദേവേന്ദ്രൻ വൃത്രാസുരനേയും, പരമശിവൻ ത്രിപുരന്മാരേയും, മഹാവിഷ്ണു മധുകൈടഭന്മാരേയും നിഗ്രഹിച്ചതും, വിരാടരാജ്യം ആക്രമിച്ച കൌരവരെ അർജുനന്റെ നേതൃത്വത്തിൽ വിജയിച്ച ദിവസത്തെ ആധാരമാക്കിയും വിജയദശമി എന്നതിനെ പറയുന്നുണ്ട്..
ആശ്വിന ശുക്ലപ്രതിപദം തുടങ്ങി നവമീ പര്യന്തം ഒൻപതു ദിനം ചെയ്യുന്ന ദുർഗ്ഗാ വ്രതത്തെയാണ് നാം നവരാത്രി എന്നു വിശേഷിപ്പിച്ചു കണ്ടിട്ടുള്ളത്.
ചൈത്രത്തിൽ, ആശ്വിനത്തിൽ, ആഷാഢത്തിൽ, മാഘത്തിൽ എന്നിങ്ങനെ നാലു നവരാത്രികളിലും ദേവിയെ വിശേഷമായി പൂജിക്കുവാൻ പറയുന്നു ...
ചൈത്രേ ആശ്വിനേ തഥാഷാഢേ മാഘേ കാര്യോ മഹോത്സവഃ.
നവരാത്രേ മഹാരാജ പൂജാ കാര്യാ വിശേഷതഃ.
ശയനമെന്നും ബോധനമെന്നും നവരാത്രി രണ്ടു തരത്തിലാണ്. ഇതിൽ ശയനം ചൈത്രത്തിലും ബോധനം ആശ്വിനത്തിലും ആണ് ചെയ്യേണ്ടത്.
തിഥി ശരീരം തിഥിരേവ കാരണം തിഥിഃ പ്രമാണം തിഥിരേവ സാധനമിതി.
തിഥി തന്നെയാണ് ശരീരം. തിഥി തന്നെയാണ് കാരണം. തിഥി തന്നെയാണ് പ്രമാണം. തിഥി തന്നെയാണ് സാധനമായി ഇരിക്കുന്നത്. അതുകൊണ്ട് തിഥിയെ ആധാരമാക്കി നവരാത്രിയെ നോക്കണമെന്നാണ് ആചാര്യന്മാരുടെ വിവക്ഷ.
ഹേമാദ്രി തന്റെ ചതുർവർഗ ചിന്താമണിയിലും, ഭവിഷ്യപുരാണത്തിലും, ജഗത്മാതാവായ അംബികയെ അഷ്ടമിയിലും നവമിയിലും ആശ്വിനത്തിൽ പൂജിക്കണമെന്ന് പറയുന്നു. ഇതേ ഗ്രന്ഥങ്ങളിൽ നവരാത്രിയിൽ ചെയ്യേണ്ടതായ വ്രതാദികളേയും പറയുന്നുണ്ട്.
കാത്യായനീ കല്പം, ഭദ്രകാളീ കല്പം, ഉഗ്രചണ്ഡാ കല്പം എന്നിങ്ങനെ കല്പഭേദം അനുസരിച്ച് ദേവീ പൂജ വ്യത്യസ്തമായി കാണാം.
ശാരദീയ നവരാത്ര പർവത്തിൽ ഭഗവതീ പൂജനത്തിൽ മഹിഷാസുര വധത്തിൽ മൂന്നു പ്രത്യേക സ്വരൂപങ്ങളാണ്. രംഭകല്പത്തിൽ പതിനെട്ടു കൈകളോടു കൂടിയ ഉഗ്രചണ്ഡീ ആണ് മഹിഷാസുരനെ വധിച്ചത്.
നീലലോഹിത കല്പത്തിലാകട്ടെ പതിനാറു ഭുജങ്ങളോടു കൂടി ഭദ്രകാളിയാണ് മഹിഷാസുരനെ വധിച്ചത്. ശ്വേതവരാഹ കല്പത്തിലാകട്ടെ പത്തു കൈകളോടു കൂടിയ കാത്യായനീ രൂപത്തിലാണ് മഹിഷാസുര വധം നടന്നത്.
ആശ്വിന ശുക്ല അഷ്ടമിയിലാകട്ടെ ഭഗവതി രുരു പുത്രനായ ദുർഗനെന്ന രാക്ഷസനെയാണ് വധിച്ചത് എന്നു പറയുന്നു.
മഹാകാള സംഹിത അനുസരിച്ച് നാലു നവരാത്രികൾ യുഗത്തിൽ മാറുന്നുണ്ട്. സത്യയുഗത്തിൽ ചൈത്രശുക്ലപക്ഷത്തിലും, ത്രേതായുഗത്തിൽ ആഷാഢ ശുക്ലപക്ഷത്തിലും, ദ്വാപരത്തിൽ മാഘ ശുക്ലപക്ഷത്തിലും, കലിയുഗത്തിൽ ആശ്വിന ശുക്ലപക്ഷത്തിലും നവരാത്രി പറയുന്നു.
മാഘമാസത്തിലെ ശിശിര നവരാത്രി പൂജനത്തിൽ നന്ദാ ദേവിയുടെ പൂജയാണ് പ്രധാനം. ചൈത്രമാസത്തിൽ വാസന്തിക നവരാത്രി ആകട്ടെ പതിനെട്ടു കൈകളോടു കൂടിയ മഹാലക്ഷ്മീ മഹിഷമർദിനീ രൂപത്തിലും ഉത്പന്നയായതായി പറയുന്നു. ഇതിനെ രക്തചാമുണ്ഡാ എന്ന പേരിൽ സ്വീകരിച്ചു പറയുന്നു.
ആഷാഢ മാസത്തിലെ നവരാത്രിയിലാകട്ടെ ശുംഭാസുര വധത്തെ ചെയ്തതായ മഹാസരസ്വതിയുടെ പൂജയാണ് ചെയ്യേണ്ടത്.
ശാരദീയ നവരാത്രിയാകട്ടെ ദേവതകളുടെ രാത്രിയാണ്, അതേ പോലെ ഭഗവതിയുടെ ശയന കാലമായി അതായത് അകാലമായി സ്വീകരിച്ചിരിക്കുന്നു. വസന്തകാലത്തിലെ പൂജാ ബോധിത പൂജയാണെന്ന് കൂടി മനസ്സിലാക്കികൊള്ളണം.
ഭദ്രകാളീ കല്പവിധാനത്തിൽ ഒൻപതു ദുർഗാ ഭാവമായി, ശൈലപുത്രീ ബ്രഹ്മചാരിണീ ചന്ദ്രഘണ്ടാ കൂഷ്മാണ്ഡാ സ്കന്ദമാതാ കാത്യായനീ കാളരാത്രീ മഹാഗൌരീ സിദ്ധിദാത്രീ തുടങ്ങിയ ദേവതകളെയാണ് പറയുന്നത്. ശൈവസംപ്രദായത്തിലും ഇതെ ഭാവമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
ഉഗ്രചണ്ഡാ കല്പത്തിലാകട്ടെ ദേവിയെ രുദ്രചണ്ഡാ, പ്രചണ്ഡാ, ചണ്ഡോഗ്രാ, ചണ്ഡനായികാ, ചണ്ഡാ, ചണ്ഡവതീ, ചണ്ഡരൂപാ, അതിചണ്ഡികാ, ഉഗ്രചണ്ഡാ എന്നിങ്ങനെയാണ് വിവരിക്കുന്നത്.
ദക്ഷിണ ഭാരതത്തിൽ ശൈലപുത്രീ തുടങ്ങിയ ദേവതകളെയല്ലാതെ പ്രയോഗം കാണാം. വനദുർഗാ, ശൂലിനീ, ജാതവേദാ, ശാന്തി, ശബരീ, ജ്വാലാദുർഗാ, ലവണാ, ആസുരീ, ദീപദുർഗാ ഇവയാണവ.
വൈഷ്ണവ സംപ്രദായത്തിൽ, ശ്രീദേവീ, അമൃതോദ്ഭവാ, കമലാ, ചന്ദ്രശോഭിനീ, വിഷ്ണുപത്നീ, വൈഷ്ണവീ, വരാരോഹാ, ഹരിവല്ലഭാ, ശാർങ്ഗിണീ തുടങ്ങി ദേവിമാരെ ഇതിൽ ഭജിക്കുന്നു.
വളരെ വിശേഷമായി കുമാരീ പൂജയെ നവരാത്രിയിൽ യോജിപ്പിക്കാറുണ്ട്. രണ്ട് വര്ഷം തുടങ്ങി പത്തു വരെ പ്രായമുള്ള കുട്ടികളെയാണ് കുമാരീ പൂജയിൽ പൂജിക്കേണ്ടത്. ഇവരെ യഥാക്രമം കുമാരികാ, ത്രിമൂർത്തി, കല്യാണീ, രോഹിണീ, കാളീ, ചണ്ഡികാ, ശാംഭവീ, ദുർഗാ, സുഭദ്രാ എന്നിങ്ങനെ ഒൻപതു ഭാവത്തിൽ പൂജിക്കേണ്ടതാണ്.
കുമാരീ പൂജാ, ദുഃഖദാരിദ്ര്യ നാശത്തിനും, ശത്രുക്ഷയത്തിലും ധനായുഷ്യ ബലവൃദ്ധിക്കുമാണ്.
ഐശ്വര്യത്തേയും ധനത്തേയും കാമിക്കുന്നവരും, സമ്മോഹനത്തിന് വേണ്ടിയും ശാംഭവീയെ പൂജിക്കേണം. എന്നിങ്ങനെ ഓരോ പൂജക്കും പ്രത്യേക കാര്യസാധ്യം കൂടി ആചാര്യന്മാർ വിവക്ഷിച്ചിട്ടുണ്ട്.
നവരാത്രിയിൽ പുസ്തകം വച്ചാൽ പഠിക്കരുത് എന്നാണ് പറയുക.
നാധ്യാപയേന്ന ച ലിഖേന്നാധീയീത കദാചന
പുസ്തകേ സ്ഥാപിതേ ദേവി വിദ്യാകാമോ ദ്വിജോത്തമഃ
വിദ്യയെ കാമിക്കുന്നവരായ വ്യക്തികൾ, പഠിപ്പിക്കുകയോ, എഴുതുകയോ, പഠിക്കുകയോ ചെയ്യരുത് എന്ന് കൂടി ഇവിടെ ആചാര്യന്മാർ പറയുന്നുണ്ട്.
സാമാന്യമായി നവാക്ഷരീ രൂപത്തിലാണ് നവരാത്രിയിൽ പൂജ ചെയ്യേണ്ടത്. ദുർഗാഷ്ടമീ നാളിൽ പ്രഭാതത്തിൽ ഹംസവാഹിനീ മന്ത്രവും, ഉച്ഛയ്ക് വിശ്വരൂപാ മന്ത്രവും, സന്ധ്യയ്ക് സുരനായികാ മന്ത്രവും, മഹാനവമീ നാളിൽ പ്രഭാതത്തിൽ വാഗ്വാദിനീ മന്ത്രവും ഉച്ഛയ്ക് സൌഭാഗ്യരൂപിണീമന്ത്രവും, വൈകീട്ട് സമൃദ്ധിമന്ത്രവും വിജയദശമി നാളിൽ രാവിലെ വിദ്യാമന്ത്രവും ഇവയോടൊപ്പം നവാക്ഷരീമന്ത്രവും ഉരുക്കഴിക്കാവുന്നതാണ്. ( ഇവിടെ ലഭ്യമായ ഒരു പക്ഷത്തെ യോജിപ്പിച്ചു എന്നുമാത്രം. പല പക്ഷങ്ങളും വിധാനങ്ങളും ലഭ്യമാണ്)
ഇപ്രകാരം നിർമലമായ ഭക്തന്മാരുടെ ഹൃദയ പദ്മത്തിൽ ശ്രദ്ധ, ധാരണാ മേധാ സ്വരൂപിണിയായി വസിക്കുന്നവളും. മനസ്സിന് നിർമ്മലത ദാനം ചെയ്യുന്നവളും, മനോജ്ഞയും , പാർവതീ ദുർഗാ കമലാ എന്നീ ത്രിപുരാദി രൂപങ്ങളിൽ വർത്തിക്കുന്നവളും, വാക്കിനു അധീശ്വരിയും, ജഗത്തിനു ആധാരഭൂതയുമായി ബാലാഭാവത്തിൽ വാഗ്രൂപിണിയായി വിരാജിക്കുന്ന ആ പരമേശ്വരി എല്ലാവർക്കും ഈ നവരാത്രിയിൽ സമസ്തവിദ്യകളേയും പ്രദാനം ചെയ്യട്ടെ.
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment