കേരളതന്ത്രപരമ്പരയും പരശുരാമനും
(കുറച്ചു പഴയ പോസ്റ്റാണ്... ചില സുഹൃത്തുക്കളുടെ റിക്വസ്റ്റ് പ്രകാരം ഒന്നു റീ പോസ്റ്റ് ചെയ്യുകയാണ് )
യാ മൂര്ത്തി യെന തന്ത്രേണ യാദൃശേനാധികാരിണാ
മൂര്ത്തിസ്‌തദ്ദേവ തന്ത്രം ച സ ഏവ സ്ഥാപക: പുന:
തന്ത്രാധികാരി മൂര്ത്തീനാം വ്യത്യയേ കല്‌പിതേ സതി
നൃണാം നരപതേശ്ചൈവ രാഷ്‌ട്രസ്യ ച ഭവേത് ക്ഷയ:
യാതൊരു പരാമ്പര്യമനുസരിച്ചുള്ള വിധിപ്രകാരമാണോ പ്രഥമ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അതേ പരമ്പര തന്നെ തുടർന്നും ആ ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനും പുനഃപ്രതിഷ്ഠ നടത്തുന്നതിനും വേണ്ടതാണ്. അല്ലെങ്കിൽ അത് രാഷ്ട്രത്തിനും ജനങ്ങൾക്കും ദോഷമാകുന്നു. ഇത് ഒരു തന്ത്രി എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ തന്നെ കുടുംബം ക്ഷേത്രതന്ത്രിയായത് എന്ന് പറയുന്നതിന് കോട്ട് ചെയ്തതാണ്.
ഇത് എന്തിനാണ് എഴുതിയത് എന്നത് പറയുന്നതിനു മുന്പ് നമുക്ക് കേരളത്തിലെ ഏറ്റവും പ്രസിദ്ധരും താന്ത്രികാവകാശവുമുള്ള തരണനല്ലൂർ, താഴമണ് കുടുംബത്തെ കുറിച്ച് നാം പഠിച്ചിരിക്കുന്ന വിഷയം നോക്കേണ്ടത് ആവശ്യമാണ്.
ഗാര്ഗ്ഗയുധിഷ്‌ഠിര സംവാദ രൂപത്തിലുള്ളതും 100 അദ്ധ്യായത്തോടുകൂടിയതും 2300 ശ്ലോകങ്ങളുള്ളതും ആയ കേരളമാഹാത്മ്യം എന്ന സംസ്‌കൃത ഗ്രന്ഥത്തില് ആണ് ദേവപ്രതിഷ്‌ഠ, തന്ത്രപ്രദാനം എന്നീ അദ്ധ്യായങ്ങളില് തരണനല്ലൂരിന്റെ തന്ത്രാധികാരത്തെകുറിച്ച് വിശദമായി പറയുന്നത്.
പരശുരാമൻ കേരള സൃഷ്ടിയ്കു ശേഷം കാഞ്ചീപുരത്തുനിന്നുമാണ് തരണനല്ലൂരിനെ സമന്വയിച്ചത് എന്നാണ് നാം മനസ്സിലാക്കിയിരിക്കുന്നത്. കരകവിഞ്ഞു നില്ക്കുന്ന കാവേരിയുടെ മറുകരയില് നില്ക്കുന്ന രണ്ട് ബ്രാഹ്മണരോട് ഇക്കരയിലേക്ക് കടന്നുവരുവാന് പരശുരാമന് ആവശ്യപ്പെടുകയും, സ്വന്തം തപശ്ശക്തിയാല് ഒരാള് ജലോപരിതലത്തിലൂടെയും, മറ്റെയാള് താഴെ മണ്ണില് കൂടിയും നടന്ന് പരശുരാമന്റെ അടുത്ത് എത്തിയത്രെ. മുകളില് കൂടി വന്ന പരമ്പരക്ക് തരണനല്ലൂര് എന്നും താഴെ ഭൂമിയില് കൂടി വന്ന പരമ്പരക്ക് 'താഴമണ്' എന്നും പരശുരാമന് പേര് നല്കി. ഊരില് നിന്നും നദി തരണം ചെയ്‌ത് വന്നതിനാല് തരണനല്ലൂരായി.
തേനത്വം 'തരണോ' നാമ്‌നാ ഭവിഷ്യസി
കേരളച്ചിജാതീനാം ശ്രേഷ്‌ഠശ്ചാപി ഭവിഷ്യസി
( അതിനാല് നിങ്ങള് തരണനല്ലൂകരന് അറിയപ്പെടുകയും കേരള ബ്രാഹ്മണരില് ഏറ്റവും ശ്രേഷ്‌ഠരായി ഭവിക്കുകയും ചെയ്യട്ടെ) എന്ന് അനുഗ്രഹിച്ച് 'പരശുരാമ പദ്ധതി' എന്ന പേരില് പ്രസിദ്ധമായ താന്ത്രിക ഗ്രന്ഥം നല്കുകയും ചെയ്‌തു. ഇന്നും ഈ പരശുരാമ പദ്ധതി പ്രകാരമാണ് തരണനല്ലൂര് തന്ത്രം നിര്വ്വഹിച്ചു വരുന്നത്. മാത്രമല്ല
`സംഗമേശപുരേ സതസൈയ ഗൃഹം ച പ്രഭദൌ പ്രഭു':
സംഗമേശപുരിയില് (ഇരിങ്ങാലക്കുട) അവര്ക്ക് ഗൃഹവും പരശുരാമന് നല്കി എന്ന് കേരളമാഹാത്മത്തില് തന്ത്ര പ്രദാനം എന്ന ഇരുപതാം അദ്ധ്യായത്തില് പറഞ്ഞിരിക്കുന്നു. അതിനുശേഷം തരണനല്ലുരും, താഴമണ്ണം അവരുടെ ശിഷ്യ പരമ്പരകളും (മറ്റ് തന്ത്രി കുടുംബങ്ങള്) ചേര്ന്ന് ഇന്ന് കേരളത്തില് തന്ത്രാധികാരം നടത്തിവരുന്നു.
ഇതിൽ പല സ്ഥലത്തും വ്യത്യസ്ത കഥകൾ കൂട്ടിചേർക്കപ്പെട്ടിട്ടുണ്ട്. അത് അവിടെ നിക്കട്ടെ. അടിസ്ഥാനമായി ഇതിനെ സ്വീകരിച്ചുകൊണ്ട് ഇതിന്റെ യുക്തിഭദ്രത എന്തെന്ന് നോക്കാം..നാം അറിഞ്ഞതും അല്ലെ നാം പഠിക്കുന്നതുമായ ഈ ഹിസ്റ്ററി ശരിയാണോ എന്നതു അല്ലെ പ്രധാനം.
ഇനി ഈ ഹിസ്റ്ററി പറയുന്ന വ്യക്തികളോട് ഹിസ്റ്ററി വച്ചുകൊണ്ട് തന്നെ നമുക്ക് ചില ചോദ്യം ചോദിക്കാം.. ആദ്യമേ തന്നെ പറയുന്നു. ഇത് വ്യക്തിപരമല്ല.. ഏത് ഹിസ്റ്ററിയാണോ ഇവിടെ ഈ കഥയെ സമർഥിക്കാനായി പറഞ്ഞത് അതേ ഹിസ്റ്ററിയിലെ മറ്റൊരു ഭാഗത്തെ ഞാൻ ചൂണ്ടികാണിക്കുകയാണ്.
പരശുരാമൻ കേരളത്തിലേക്ക് വിളിച്ചു കൊണ്ടു വന്നു എന്നു പറഞ്ഞുവല്ലോ ഏത് കേരളത്തിലേക്കാണ് അദ്ദേഹം കൊണ്ടുവന്നത്. കൊണ്ടു വന്നു എന്ന് പറഞ്ഞ കേരളം ഏതാണ്.
സുബ്രഹ്മണ്യം സമാരഭ്യ യാവദ്ദേവോ ജനാർദ്ദനഃ
താവത് കേരളദേശഃ സ്യാന്മധ്യേ ച സിദ്ധകേരളഃ
രാമേശ്വരോ വേംകടദേശോ ഹംസകേരളസംജ്ഞകഃ
അനന്തസേനമാരഭ്യ യാവത്സ്യാദുഡുപം പരേ
താവത് സർവേശനാമാ തു കേരളഃ പരികീർത്തിതഃ
അതായത് സുബ്രഹ്മണ്യം മുതൽ ജനാർദ്ദനം വരെ കേരളദേശം അഥവാ സിദ്ധകേരളം എന്നും, രാമേശ്വരം മുതൽ വ്യകംടദേശം വരെ ഉള്ളത് ഹംസകേരളം എന്നും, അനന്തശൈലം കാണപ്പെടുന്നതിനെ സർവേശം എന്നും വിളിക്കുന്ന കേരളവുമാണ് എന്ന് പുരാണപ്രസിദ്ധവും ആഗമപ്രസിദ്ധവുമായ ദേശകാലങ്ങളെ ആചാര്യന്മാർ പറയുന്നുണ്ട്. അപ്പോ ഏത് കേരളത്തിലേക്കാണ് ഇപ്പോ തരണനല്ലൂരെന്നും താഴമണെന്നും പറയുന്ന ആളുകൾ വന്നത്.
ഇനി പരശുരാമന് ശേഷം ആണ് ഇവിടെ താന്ത്രികപാരമ്പര്യം വന്നത് എന്ന് ചിന്തിച്ചാൽ കേരളശ്ചൈവ കാശ്മീരോ ഗൌഡശ്ചൈവ തൃതീയകഃ
സംപ്രദായത്രയം പ്രോക്തം സർവസിദ്ധിപ്രദായകം
സമ്യക് പ്രദീയതേ ജ്ഞാനം സംപ്രദായഃ പ്രകീർത്തിതഃ
കേരളം കാശ്മീരം ഗൌഢം എന്നീ മൂന്നു സംപ്രദായം സർവസിദ്ധിപ്രദായകം ആണ് എന്ന് സംപ്രദായ വിവേചനം കൃത്യമായി വിശദീകരിക്കുന്നു. അപ്പോ ആദ്യമേ തന്നെ ഭാരതത്തിൽ വളരെ വ്യക്തമായ സംപ്രദായം നിലവിലിരുന്നു എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് മൂന്നു സംപ്രദായത്തെ കുറിച്ചും അവരുപയോഗിച്ചിരുന്ന പൂജാദ്രവ്യങ്ങളെ കുറിച്ചു വരെ ആഗമാദി ഗ്രന്ഥങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. അങ്ങിനെയെങ്കിൽ ഇവരു വരുന്നതിനു മുന്പ് കേരളത്തിലുണ്ടായിരുന്ന ആഗമപ്രോക്തമായ സംപ്രദായം ഏതായിരുന്നു.
ഇനി കേരളത്തിൽ അങ്ങിനെയൊരു സംപ്രദായമില്ലായിരുന്നു എന്ന് ആർക്കെങ്കിലും സംശയം തോന്നുന്നു എങ്കിൽ ഇതാ ഇതാണ് കേരളത്തിലെ സംപ്രദായം.
കാമാദി ദോഷരഹിതഃ കാദിഹാദിമതാനുഗഃ
വാഞ്ചിതാ കല്പിതാ സിദ്ധിർമനോരഥമയീ തഥാ
സാധകസ്യ ഭവത്യേവ ലോകേ രത്ന ഇവാപരഃ
ചതുസ്സന്ധ്യാ സമായുക്തഃ പഞ്ചപാരായണാന്വിതഃ
വാഞ്ഛാകല്പലതായുക്തോ മന്ത്രമണ്ഡലസാധകഃ
മഹാവിദ്യാസമായുക്തഃ കാദിഹാദിമതേഷ്വപി
ഷഷ്ടിസിദ്ധീശ്വരോ യസ്തു കേരളഃ പരികീർത്തിതഃ
കാമാദി ദോഷരഗിതവും വാഞ്ചിതാർഥപ്രദവും, നാലു സന്ധ്യാസമായുക്തവും, മഹാവിദ്യസമായുക്തരും കാദിയിലും ഹാദിമതങ്ങളിലും ഷഷ്ടിസിദ്ധീശ്വരന്മാരാണ് കേരളത്തിലുള്ളവരെന്ന് ആഗമം തന്നെ പറയുന്നു. അപ്പോൾ ഇവിടെ പരശുരാമകല്പവിധിയേക്കാൾ മുന്പ് തന്നെ കാദിയും ഹാദിയും ഇവിടെ ഉണ്ടായിരുന്നു എന്നത് ആഗമോദ്ധാരണം കൊണ്ടു തന്നെ ഉറപ്പാണ്. അപ്പോ ഇവിടെ മഹാവിദ്യാസമായുക്തരായ കേരളസംപ്രദായം എവിടെ. എന്തിനാണ് പരശുരാമന് കൊണ്ടുവരേണ്ടി വന്നത്.
ഇത് ചോദിക്കാൻ കാരണം കേരളം എങ്ങിനെയുള്ളതായിരുന്നു എന്ന ആചാര്യന്മാരുടെ വാക്കുകൾ കേട്ടാൽ മനസ്സിലാകും. എങ്ങിനെയുള്ള കേരളമെന്നതിന് ആഗമം തന്നെ പറയുന്നു,
ശൈവകേരളകം ദേവി ശക്തികേരളകം തഥാ
ശിവശക്തികേരളാഖ്യം ത്രിതയം പരികീർത്തിതം
ശുദ്ധോഗ്രഗുപ്തഭേദേന നവധാ കേരളം ഭവേത്
നവധാ ചൈവ കാശ്മീരം നവധാ ഗൌഡമേവ ഹി എന്ന് ആഗമരഹസ്യം പറയുന്നു.
അതായത് ശൈവകേരളം, ശക്തികേരളം, ശിവശക്തികേരളം എന്നിങ്ങനെ മൂന്നു തരത്തിലാണ് കേരളം അറിയപ്പെട്ടിരുന്നത്. ഇതാകട്ടെ ശുദ്ധം, ഉഗ്രം, ഗുപ്തം എന്നിങ്ങനെ മൂന്നു തരത്തിൽ ഉണ്ട്. ഇത്തരത്തിൽ കേരളത്തെ ഒൻപതു തരത്തിലാണ് ആഗമരഹസ്യം തന്നെ പറയുന്നു.
സമ്മോഹനതന്ത്രത്തിൽ ക്ഷേത്രഭേദം അനുസരിച്ച് ചൈനയിൽ നൂറു മൂലതന്ത്രങ്ങളും, മുപ്പത്തിയാറു ഉപതന്ത്രങ്ങളും, ദ്രാവിഡത്തിൽ 20 മൂലതന്ത്രങ്ങളും, 25 ഉപതന്ത്രങ്ങളുമാണുള്ളത്. കേരളത്തിൽ അറുപത് മൂലതന്ത്രങ്ങളും അഞ്ഞൂറ് ഉപതന്ത്രങ്ങളുമുണ്ട്. കാശ്മീരിലാകട്ടെ നൂറ് മൂലതന്ത്രങ്ങളും, പത്ത് ഉപതന്ത്രങ്ങളുമാണുള്ളത്. ഗൌഡത്തിൽ ഇരുപത്തിയേഴ് തന്ത്രങ്ങളും, പതിനാറ് ഉപതന്ത്രങ്ങളുമാണുള്ളത്. ഇതിനെ തന്നെ ശൈവം, വൈഷ്ണവം, ഗാണപത്യം, സൌരം എന്നീ ഭേദങ്ങള്ക്കനുസരിച്ച് വീണ്ടും വേർതിരിച്ചിരിക്കുന്നു. സമ്മോഹന തന്ത്രം അനുസരിച്ചുള്ള ഭാഗങ്ങളെ നോക്കിയാൽ കേരളത്തിൽ അറുപത് തന്ത്രങ്ങളുണ്ടെന്ന് ഉറപ്പാണല്ലോ.
അതായത് മൂന്നു പ്രധാനരീതിയിലും അതിന്റെ പ്രയോഗം അനുസരിച്ച് ഒൻപതു തരത്തിലും കേരളത്തിൽ അറിയപ്പെട്ടിരുന്നു. അതിന്റെ ഗ്രന്ഥങ്ങളു വരെ പ്രമാണപൂർവം ആചാര്യന്മാരു പറയുന്നുണ്ട്.
ഇനി നാം പറയുന്നത് വിധാനമല്ലെ.. നമുക്ക് വിധാനം നോക്കാം. അതായത് ആഗമവും വിധാനവും നോക്കിയാൽ
കേരളേ സൃഷ്ടിപൂജാ ച ഗർഭകൌലാക്രമാത്
അർചനം ഗൌഡദേശേ തു സ്ഥിതമാർഗം കുമാരക
കാമരൂപപ്രദേശേ തു സംഹാരാർചനമേവ ച
ഗുപ്തഗൌഡാഗമം നാമ ഗൌഡദേശാർചനേ വിധിഃ
കാമരൂപാഗമം നാമ സംഹാരക്രമപൂജനം
ഗൌഡാഗമം ചാऽവലംബ്യ സാംഖ്യായനമുനിസ്തഥാ
ഉക്തവാനാഗമം ചൈവ സ്ഥിത്യർചാം ശൃണു പുത്രക
കേരളത്തിൽ സൃഷ്ടിപൂജാ, ഗർഭകൌലാഗമവും ആണ്. ഗൌഡദേശത്തിൽ സ്ഥിതിമാർഗ്ഗത്തിലും, ഗൌഡാഗമവും ആധാരമാക്കിയാണ് പൂജാമാർഗ്ഗം. ഇതിനെ തന്നെ ഗുപ്തഗൌഡാഗമം എന്നു വിളിക്കുന്നു. കാമരൂപത്തിൽ സംഹാരക്രമത്തിലും കാമരൂപാഗമവും ആണ് ആഗമപദ്ധതിയായി സ്വീകരിച്ചിരിക്കുന്നത്. അപ്പോ കേരളത്തിൽ വിധാനമില്ലായെന്ന് പറയാനാകില്ല. കാരണം മൂന്നു വിധാനങ്ങളിൽ കേരളത്തിൽ സൃഷ്ടിപരമാണെന്ന് ആഗമം വിശദീകരിക്കുന്നുണ്ട്. അതുപോലെ ഇവിടെയുള്ളത് ഗർഭകൌലാഗമം ആധാരമാക്കിയുള്ള വിധനമായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിര്ണയിക്കാം.
ഇനി നാം നോക്കുക ഗുരുപരമ്പരയെ ആണ്. അതു കൂടി നോക്കാം.. പൃഥ്വീധരാചാര്യർ പറയുന്നു,
മധ്യദേശ കുരുക്ഷേത്രനാഭോജ്ജയിനിസംഭവാഃ
അന്തർവേദിപ്രതിഷ്ഠാനാ ആവന്ത്യാശ്ച ഗുരൂത്തമാഃ
ഗൌഡാഃ ശാലോദ്ഭവാശ്ചൌലാഃ മാഗധാഃ കേരളാസ്തഥാ
കൌസലാശ്ച ദശാര്ണശ്ച ഗുരവഃ സപ്ത മധ്യമാഃ
കര്ണാടാഃ കൌങ്കണശ്ചൈവ കച്ഛാ ഭീരോദ്ഭവാസ്തഥാ
കാലിംഗാഃ കാമരൂപാശ്ച കാംബോജാശ്ചാധമാഃ സ്മൃതാഃ ഇതി
അതായത് മധ്യമരാണ് കേരളത്തിലെ ആചാര്യന്മാരെന്ന് ഇവിടെ ഉദ്ധരിക്കുന്നു. അപ്പോ ഇവിടെ ആചാര്യപരമ്പരയുണ്ടായിരുന്നു എന്നു ഉറപ്പായി.
അടുത്തത് ഭാഷയാണ്. ഇനി ഭാഷയെ നോക്കിയാൽ
അഷ്ടാദശഭാഷാധിഷ്ഠാത്രീ ദേവീ വാഗ്ദേവതാ. ശാസ്ത്രീയാഷ്ടാദശ ഭാഷാ, യഥാ.
പ്രാകൃതം, സംസ്കൃതം, ഉദീചീ, മഹാരാഷ്ട്രീ, മാഗധീ, മിശ്രാർധമാഗധീ, ശകാഭീരീ, ആവന്തീം, ദ്രാവിഡീം, ഉഡ്രീയാ, പാശ്ചാത്യാ, പ്രാച്യാ, വാഹ്ലീകാ, രന്തികാ, ദാക്ഷിണാത്യാ, പൈശാചീ, ആവന്തീ, സൌരസേനീ ചേതി. എന്നിവയാണ് ഭാഷയായി പറയുന്നത് പ്രത്യേകിച്ച് ഉപാസനാപദ്ധയിൽ. ചോദ്യം വീണ്ടും പരശുരാമൻ ഉണ്ടാക്കിയ മന്ത്രഗ്രന്ഥം ഏത് ഭാഷയിലായിരുന്നു. തഞ്ചാവൂരിൽ നിന്ന് വന്ന ഉപാസകർ ഏത് ഭാഷയിലാണ് ഇവിടെ പ്രയോഗപദ്ധതിയെ ചെയ്തത്. അതുവരെ കേരളത്തിൽ ഏത് ഭാഷയായിരുന്നു.
അടുത്തത് ആമ്നായമാണ്. നമുക്ക് ആമ്നായങ്ങളെ കൂടി നോക്കാം.
നാഗശക്ത്യാദയോ മന്ത്രാഃ പാതാളാമ്നായഗാഃ സ്മൃതാഃ
ശിവസ്യ മുഖപദ്മേഭ്യഃ സർവാമ്നായാഃ പ്രകീർത്തിതാഃ
കേചിത് പാതാളാമ്നായമപാസ്യ അനുത്തരമിതി പഠന്തി, തച്ച കാദിമതം
പശ്ചാദനുത്തരം ജ്ഞേയം പരബ്രഹ്മസ്വരൂപിണം
ഇവിടെ ഭാരതത്തിൽ ആമ്നായങ്ങളിൽ ഏറ്റവും നമസ്കരിക്കപ്പെടുന്ന കാദി പ്രസിദ്ധമായ പാതാളാമ്നായം അഥവാ അനുത്തരാമ്നായം എവിടെയാണ് ഇപ്പോ ഉള്ളത്. നാഗസംപ്രദായത്തെ കേരളമായി തന്നെ പറയുന്നതിന് ആവശ്യത്തിലധികം തെളിവുകളുണ്ട്. അത് ഹരികൃഷ്ണന്റെ പോസ്റ്റു കൂടി കൂട്ടി വായിച്ചാൽ മനസ്സിലാകും. അതുകൊണ്ട് റിപീറ്റ് ചെയ്യുന്നില്ല.
കേരളത്തിൽ കാണപ്പെടുന്ന ഏത് കര്മ്മങ്ങളും ആഗമപ്രോക്തവും അതിനനുസരിച്ചുള്ള പ്രയോഗവിധികളും ആണ് കാലങ്ങളായി ഉപോയോഗിച്ചിട്ടുണ്ടാകുക. ഈ പോസ്റ്റിന്റെ ആദ്യത്തെ ശ്ലോകത്തെ നോക്കിയാൽ യാതൊരു പരാമ്പര്യമനുസരിച്ചുള്ള വിധിപ്രകാരമാണോ പ്രഥമ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അതേ പരമ്പര തന്നെ തുടര്ന്നും ആ ചൈതന്യത്തെ പരിപോഷിപ്പിക്കുന്നതിനും പുനഃപ്രതിഷ്ഠ നടത്തുന്നതിനും വേണ്ടത് എന്ന ആപ്തവാക്യം നോക്കിയാൽ പരശുരാമപദ്ധതിയല്ല നോക്കേണ്ടത് ആഗമപ്രോക്തമായ ഗർഭകൌളാഗമം ആണ് ഇവിടെത്തെ പദ്ധതിയെന്ന് ഉറപ്പിക്കാം. അപ്പോ മറ്റൊരു പദ്ധതിയെ എങ്ങിനെയാണ് ഇവിടെ ആചാര്യൻ ഉപയോഗിച്ചു എന്ന് പറയുന്നത്.
ഇനി ചോദ്യം എന്തെന്നാൽ കേരളത്തിൽ ആഗമപ്രസിദ്ധമായി പറഞ്ഞിരുന്ന ശൈവകേരളം, ശക്തികേരളം, ശിവശക്തികേരളം ഇവയെല്ലാം എവിടെയാണ് പോയത്. ഈ നാം പഠിച്ച കേരളഹിസ്റ്ററിയിൽ കേരളോത്പത്തിയെന്ന ഗ്രന്ഥത്തെ ആധാരമാക്കി പരശുരാമനാണ് ഇവിടെ കേരളത്തിൽ തന്ത്രത്തെ കൊണ്ടു വന്നതു എന്നു പറയുകയാണെങ്കിൽ അതേ ഹിസ്റ്ററിയൽ തന്നെ ആചാര്യന്മാരു പറയുന്ന ചോദ്യങ്ങള്ക്ക് ഇതു പറയുന്നവർ ഉത്തരം തരാൻ ബാധ്യസ്ഥരാണ്. ഇതുപോലെ എത്ര വേണമെങ്കിലും ചോദ്യങ്ങളെഴുതാം. പക്ഷെ ആചാര്യന്മാരു പറയുന്നതുപോലെ ഒരു കലത്തിലെ ചോറു വെന്തോ എന്ന് നോക്കാൻ ഒരെണ്ണം തന്നെ ധാരാളമാണ്. ഇനി നാം ആണ് ചിന്തിക്കേണ്ടത്.. നാം കേള്ക്കുന്നത് സത്യമാണോ.. ഇതുവരെ ഇതു പഠിപ്പിച്ചവർ അല്ലെ പറയുന്നവർ ആണ് ഇന്നത്തെ തലമുറയ്ക് ഉത്തരം നൽകേണ്ടത്.. ഏതാണ് ശരി. ഏതാണ് തെറ്റ്..
(ഹരിയുടെ മഹാബലിയുമായി ബന്ധപ്പെട്ട പോസ്റ്റിലെ കേരളത്തെ കുറിച്ചുള്ള ഭാഗം കൂടി ഇവിടെ ഇടുന്നു ..)
സ്കന്ദപുരാണാന്തര്ഗതമായ സഹ്യാദ്രിഖണ്ഡത്തില് ഭാര്ഗ്ഗവഭൂമിയുടെ അതിര്ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്ദ്ധം)
അര്ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില് കിടക്കുന്നു,’ ഇതാകുന്നു ഭാര്ഗ്ഗവഭൂമിയുടെ അതിര്ത്തിനിര്ണ്ണയം.
അപ്പോള് നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില് ഈ മലയാളഭൂമിയുടെ അതിര്ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’
‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്വ്വതവും പടിഞ്ഞാറ് സമുദ്രവും.’
ഈ കാരണങ്ങളാല് ഭാര്ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല് വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല് തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന് കന്യാകുമാരിയോ മുതല് ‘നാസിക’ അല്ലെങ്കില് സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്സുരാഷ്ട്രാന്തമുദ്ധൃത്യഭാര്ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില് കാണുന്നു. കാവ്യസംഹിതയില് കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.
“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്ഗ്ഗവന്, ഖരന് പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല് മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.
“നന്ദീശസംഹിതയില്’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.
“ഗുഹ്യകാദ്രി(ഹിമവല്പാര്ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്ഷമാണ്. അതില്, വിശിഷ്ടകര്മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല് തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്. തലക്കാവേരി മുതല് തെക്കന്കന്യാകുമാരി വരെ ഭൂതലസ്വര്ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല് കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.
അപ്പോള് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ ഭാര്ഗ്ഗവരാമന് സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല് പരശുരാമന് മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.)
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment