Thursday, December 7, 2023

സംഗീതരസികയും ശ്യാമളാദണ്ഡകവും...

 സംഗീതരസികയും ശ്യാമളാദണ്ഡകവും...


ഭാരതത്തിലെ ഏത് ഗ്രന്ഥത്തെ കൊണ്ടും  ഭാരതീയ ശാസ്ത്രങ്ങളെ പഠിപ്പിക്കാനാകും. ഉദാഹരണത്തിന്  സംഗീതശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കിക്കുവാൻ ശ്യാമളാ ദണ്ഡകം മതിയാകും.   ഇതിന്റെ ഗുണം, ഭക്തിയെന്ന ഭാവത്തെ കൂടി യോജിപ്പിച്ചാകും നാം അദ്ധ്യാപനം ചെയ്യുക.   


സംഗീതരസികേ എന്ന ശ്യാമളാദണ്ഡകത്തിലെ  ദേവിയുടെ  പ്രാർഥന എടുക്കാം.  


സംഗീതരസികെ എന്നതിൽ പറയുന്ന സംഗീതം എന്താണ്...


സംഗീതമെന്നാൽ പ്രേക്ഷണാർഥ നൃത്യ ഗീത വാദ്യം. നൃത്യം, ഗീതം, വാദ്യം ഇവയെ പറയുന്ന ശാസ്ത്രത്തെയാണ് നാം സംഗീതമെന്നു വിളിക്കുന്നത്.

ഗീതവാദ്യനൃത്യത്രയം നാട്യം തൌര്യത്രികഞ്ച തത്. 

സംഗീതം പ്രേക്ഷണാർഥോऽസ്മിൻ ശാസ്ത്രോക്തേ നാട്യധർമ്മികാ. 

എന്ന് പറയുന്നു. 


സംഗീതത്തെ നോക്കിയാൽ, ഇന്ന് പ്രസിദ്ധമായി സ്വീകരിച്ചു വരുന്ന സോമേശ്വരൻ, ഭരതൻ, ഹനുമൻ, മല്ലിനാഥൻ എന്നിങ്ങനെയുള്ള ആചാര്യന്മാരുടെ പേരുകളിൽ  ഹനൂമന്മതമാണ് ഇപ്പോ ഏറ്റവും പ്രചരിച്ചു വരുന്നത്.


ശാസ്ത്രശൈലിയെ നോക്കിയാൽ ഏഴു അദ്ധ്യായങ്ങളാണ്.

സ്വരാധ്യായം, രാഗാധ്യായം, താളാധ്യായം, നൃത്യാധ്യായം, ഭാവാധ്യായം, കോകാധ്യായം, ഹസ്താധ്യായം.  


കാണാതെ പഠിക്കുന്നതിനേക്കാൾ ഇവയെ ഓർക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഈ പേരുകളുടെ പ്രായോഗികത ശരീരത്തിലേക്ക് യോജിപ്പിക്കുക എന്നതാണ്. 


ആദ്യത്തേത് സ്വരം. 

സ്വരമെന്നതു കൊണ്ട് സ്വരന്തി ശബ്ദായന്തേ ഇതി സ്വരഃ. ഉദാത്തം, അനുദാത്തം, സ്വരിതം തുടങ്ങി മൂന്നു ശബ്ദതലങ്ങളിലൂടെയാണ്  ശരീരത്തിന്റെ ഗതി അഥവാ ചലനം തുടങ്ങുന്നത്. ഈ സ്വരസ്ഥാനങ്ങളെ ബോധിപ്പിക്കുന്നതാണ് സ്വരാധ്യായം. അതിനെ ആണ് ആദ്യം മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ആദ്യ അദ്ധ്യായം സ്വരാദ്ധ്യായം. 


ആ സ്വരരൂപമായ ഗതി തുടങ്ങണമെങ്കിൽ അതിന് വിഷയം വേണം. വിഷയം ഉണ്ടാകണമെങ്കിൽ രാഗം വേണം. സത്ത്വ രജസ്തമോഗുണങ്ങളുടെ മേളനമാണ് രാഗം. ശുദ്ധസത്ത്വേ രജസ്തമോഭ്യാം രഞ്ജനം രാഗഃ, സത്വരജസ്തമസ്സുകളുടെ ആധിക്യം ന്യൂനത്വവും ആണ് പ്രകൃതിയുടെ ഭാവതലങ്ങളുടെ വ്യത്യസ്തതക്ക് കാരണം. ഇതിനെ മനസ്സിലാക്കിവേണം സംഗീതം ചെയ്യുവാൻ. അതുകൊണ്ട് അതാണ് രണ്ടാമത്തെ അദ്ധ്യായം. 


ഇനി  ഇതിന്റെ സ്ഥാനം ആണ് അഥവാ അത് പ്രതിഷ്ഠിക്കപ്പെട്ടതായ സ്ഥലത്തെ കുറിച്ചു മനസ്സിലാക്കണം.  കാരണം ചെയ്യുന്നത് എന്തായാലും ചെയ്യുന്ന വ്യക്തിയിൽ നല്ല രീതിയിൽ  വിഷയം പ്രതിഷ്ഠിക്കപ്പെടണം.  അതിന്റെ ഫലാഫലം മനസ്സിലാക്കാന് ആ വ്യക്തിക്കാകണം. അതുകൊണ്ടാണ് താളത്തിന്റെ ധാതുവിന്  പ്രതിഷ്ഠായാം എന്ന് പറയുന്നത്. ശരീരത്തിൽ ഈ വിഷയത്തിന്റെ പ്രതിഷ്ഠയും അതെങ്ങിനെ ശബ്ദരൂപമായ ഗതിയിലേക്ക് വരുന്നു എന്നതും  ബോധിപ്പിക്കുന്നത് മൂന്നാമത്തെ അദ്ധ്യായം. 


രാഗരൂപത്തിൽ ഉണ്ടായതായ ഗതി ശരീരത്തിൽ  ഉണ്ടാകുന്നത് നൃത്യത്തിലൂടെയാണ്. അതുകൊണ്ടാണ് നൃത്യമെന്നതിന്  താള മാന രസാശ്രയവിലാസാംഗവിക്ഷേപം എന്നു അർഥം പറയുന്നത്. അതായത് നാം മുന്പ് പറഞ്ഞതായ മൂന്നിന്റേയും തുടർച്ച. താളത്തിനും അതനുസരിച്ചുള്ള അതിന്റെ മാനം അഥവാ പരിമാണരൂപമായി ഉണ്ടാകുന്ന ശബ്ദത്തിനെ ആശ്രയിച്ച് ആണ് നാം  വിലാസരൂപമായി നമ്മളുടെ അംഗങ്ങളിലൂടെ വിഷയത്തെ പ്രേരണാരൂപത്തിൽ വ്യക്തികളെ  ബോധിപ്പിക്കുന്നത്.  ശരീരത്തിലെങ്ങിനെയാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഈ ഭാഗം.  


ഭാവമെന്നതുകൊണ്ട് നിങ്ങളിൽ പ്രതിഷ്ഠിക്കപ്പട്ടതായ ഒന്നിനെ നിങ്ങളുടെ പ്രേരണാരൂപത്തിൽ പ്രകടിപ്പിക്കുമ്പോൾ സംഭവിക്കുന്ന ഭാവതലമാണ്. ഭാവയതി ചിന്തയതി പദാർഥാൻ എന്നതുകൊണ്ട് യാതൊന്നാണോ നിങ്ങൾ പ്രേരണാ രൂപത്തിൽ ചിന്തിപ്പിക്കുന്നത് അതാണ് ഭാവം. അതുകൊണ്ട് അടുത്തത് ഭാവം. 


കോകമെന്നതുകൊണ്ട് കുക് ആദാനേ എന്നാണ് അർഥം.  ഇതിലൂടെ നാം എന്താണ് ഗ്രഹിക്കുന്നത്, സ്വീകരിക്കുന്നത് അതാണ് കോകത്വം.  ഏതൊന്നിലൂടേയും ഓരോ വ്യക്തികളും ആ വ്യക്തിയുടെ തലത്തിന് അനുസരിച്ച് ഒരു വിഷയത്തെ തന്നിലേക്ക് സ്വീകരിക്കും. അതിന്റെ വിശേഷാഖ്യാനം ആണ് കോകം. 


ഹസ്താധ്യായമെന്നതുകൊണ്ട് ഇതിന്റെയെല്ലാം വികാസ പരിണാമങ്ങളാണ്. അതായത് ഒരു സംഗീതശാസ്ത്രം പഠിക്കുമ്പോൾ എന്തെല്ലാം ആണ് നമ്മളിൽ ആ ശാസ്ത്രത്തിലൂടെ  സംഭവിക്കുന്നത് എന്നത് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇവിടെ ഹസ്തമെന്നത് അധ്യാത്മം ആണ്. അധിഭൂതത്തിലാകട്ടെ കർമ്മങ്ങളാണ്. അധിദൈവതത്തിലാകട്ടെ ശുക്രനാണ് ദേവൻ. ( ഈ വിഷയം ഫെയ്സ് ബുക്കിൽ എഴുതുന്നതിന് പരിമിതിയുണ്ട്.)


ഹസ്താവധ്യാത്മമിത്യാഹുരധ്യാത്മവിദുഷോ ജനാഃ

അധിഭൂതഞ്ച കർമ്മാണി ശുക്രസ്തതത്രാധിദൈവതം


എന്ന് മഹാഭാരതം ആശ്വമേധികപർവം പറയുന്നു.


ഇപ്രകാരം ഏഴു അദ്ധ്യായം ഏഴു വിധാനത്തെ ബോധിപ്പിക്കുന്നു. (ശ്രദ്ധിക്കുക, ഓരോ ആചാര്യന്മാരും ഈ വിഷയത്തെ വേറെ വേറെയായിട്ടും, അതുപോലെ തന്നെ ഒരുമിച്ചും പറയും. ഇവിടെ സാമാന്യമായി പറഞ്ഞു എന്നു മാത്രം).


ഇപ്രകാരം സംഗീത രസികേ എന്നാൽ സംഗീത രൂപത്തിൽ  ശരീരത്തിന്റെ ഏഴു പ്രധാന പ്രവൃത്തികളുടേയും സ്വരൂപമായി ഇരിക്കുന്ന നാദത്തിന്റെ ആധാരമൂർത്തിയായ ദേവിയെയാണ് പറയുന്നത്.  മനസ്സിലാക്കേണ്ടത് ആ ദേവിയായി ഇരിക്കുന്നത് സംഗീതത്തെ ഉപാസിക്കുന്ന നിങ്ങളു തന്നെയാണ് എന്നതാണ്.  ദേവി സംഗീതമാകുന്ന പ്രവൃത്തിയിൽ രസിക്കുന്നവളു മാത്രമല്ല നിങ്ങളിൽ ആ സംഗീതമായി പരിലസിക്കുന്നതും ആ പരമേശ്വരി തന്നെയാണ്. 


ശംഭോർനൃത്തകരസ്യ മംഗളതനോർനാട്യം സദാ പാതു നഃ

ആ നൃത്തകരനായ ശംഭുവിനോട് ചേർന്നിരിക്കുന്ന  പരമേശ്വരി എല്ലാവരേയും അനുഗ്രഹിക്കട്ടെ.


അഭിനവ ബാലാനന്ദഭൈരവ

ശാരദാ പ്രതിഷ്ഠാനം🔥🔥🔥

No comments:

Post a Comment