Monday, December 11, 2023

വ്യാസനും ശുകമഹർഷിയും പുത്രന്മാരും ..

 വ്യാസനും ശുകമഹർഷിയും പുത്രന്മാരും ..

ഭാഗവതത്തെ നമുക്കു പറഞ്ഞു തന്ന ശുകമഹര്ഷി ആരാണ് എന്നു വളരെ കാലമായിട്ടുള്ള സംശയമായിരുന്നു.. സാക്ഷാത് വ്യാസൻ അരണി കടഞ്ഞപ്പോഴാണ് ശുകനുണ്ടായത് എന്നാണ് വായിച്ചിരുന്നതും. ദേവീ മാഹാത്മ്യത്തിനു വേണ്ടി അതിന്റെ സൂക്ഷ്മാര്ഥ വിചാരം ചെയ്തപ്പോൾ മനസ്സിൽ തോന്നിയ ഒരു അര്ഥമാണ് എഴുതുന്നത്.
വ്യാസന്റെ പുത്രനാണല്ലോ ശുകൻ. നമുക്ക് അതുകൊണ്ട് വ്യാസന്റെ പേരിൽ നിന്നു തുടങ്ങാം. പ്രത്യേകിച്ച് ഈ പേരുകളിലാണ് ചില രഹസ്യങ്ങളു വച്ചിരിക്കുന്നത്. അവരുടെ പേരുകളിലൂടെ ഒരു യാത്ര പോയി നോക്കാം...
വ്യാസ ശബ്ദം വന്നിരിക്കുന്ന വി അസ് എന്ന ധാതുവിൽ നിന്നാണ്. അസ് ശബ്ദത്തെ നോക്കിയാൽ വിശേഷമായി കാണപ്പെടുന്നത് എന്നര്ഥം. ഏകവും നിരതിശയവും സച്ചിദാനന്ദലക്ഷണത്താൽ പ്രകീര്ത്തിതവുമായ ബ്രഹ്മ സ്വരൂപിണിയായ ദേവി മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. (ഞാൻ ദേവീ എന്നു വിളിക്കുന്നു) ഇതാണ് വ്യാസഭാവം. വിസ്തരിച്ചവളെന്നുള്ള വ്യാസശബ്ദത്തിനു അര്ഥം ഇതു തന്നെ.
അതെ ദേവി നമ്മളുടെ ഹൃദയവര്ത്തിയായി വരുമ്പോൾ ഗുഹ്യരൂപിണിയായാണ് പറയുന്നത്.. അതായത് ശുകൻ. എങ്ങിനെയെന്നാണെങ്കിൽ ശുകശബ്ദത്തിന് ശുഭ ദീപ്തൌ എന്നാണര്ഥം. ദീപ്തിയോടു കൂടിയിരിക്കുന്നത്. മറഞ്ഞിരിക്കുന്നത് എന്ന അര്ഥത്തിൽ വസ്ത്രം എന്നു പറയാറുണ്ട്. ഇതിനെ ഒന്നു കൂടി വിശേഷമായി പറഞ്ഞാൽ....
പരമാത്മസ്വരൂപിണിയായ ദേവിയുടെ മഹത്തായ ആയതനമായി ശ്രുതിയാൽ പറയപ്പെട്ടിട്ടുള്ളത് ഹൃദയമാകുന്നു. അതിന്റെ മദ്ധ്യത്തിൽ എല്ലായിടത്തും ജ്വാലയുള്ള വിശ്വ തോമുഖമായി ആഹാരത്തെ വിഭജിക്കുന്നതായി സ്ഥിതിചെയ്യുന്നതും ജരയില്ലാത്തതും മഹത്തായതുമായ അഗ്നി ദേഹത്തെ ആപാദചൂഡം ചൂടുള്ളതാക്കുന്നു. അതിന്റെ മദ്ധ്യത്തിൽ അത്യന്തം സൂക്ഷ്മവും കാര്മേഘങ്ങളുടെ നടുവിലുള്ള മിന്നൽകൊടിപോലെ ശോഭിക്കുന്നതും വരിനെല്ലിന്റെ മുനമ്പുപോലെ കൃശവും അണുതുല്യവുമായ വഹ്നിശിഖ സ്ഥിതിചെയ്യുന്ന തുമായി മഹാനാരായണോപനിഷത് പറയുന്നു. ഈ ശിഖയുടെ മദ്ധ്യത്തിലാണ് പരമാ ത്മാവ് നിലകൊള്ളുന്നത്. അത് ബ്രഹ്മമാകുന്നു. അത് ശിവനാകുന്നു. അത് വിഷ്ണുവും ഇന്ദ്ര നുമാകുന്നു. അത് നാശരഹിതവും ഉത്കൃഷ്ടവും സ്വയം പ്രകാശരൂപവുമാകുന്നു.
അതായത് ശുകനെന്ന പേരിൽ ദീപ്തിയോടു കൂടി സ്ഥിതിചെയ്യുന്നത് ദേവിയുടെ ഈ ഭാവമാണ്.. ഇതിനെ തന്നെ നമുക്ക് മൂലമന്ത്രാത്മികാ ഭാവമെന്നു വിശേഷിപ്പിക്കാം..
ശുകമഹര്ഷിക്ക് നാലു പുത്രന്മാരാണ് കൃഷ്ണൻ, ഗൌരപ്രഭൻ, ഭൂരി, ദേവശ്രുതൻ. ഒരു മകൾ കീര്ത്തി..ഇവരെ കൂടി മനസ്സിലാക്കിയാൽ കുറച്ചു കൂടി അര്ഥതലം പൂര്ണ്ണമാകും.. ദേവിയുടെ ഭാവം പ്രപഞ്ചത്തിലേക്ക് വന്നിരിക്കുന്നത് പരാ, പശ്യന്തി മദ്ധ്യമാ വൈഖരീ എന്നീ നാലു ഭാവത്തിലാണ്.
ഇതിൽ ആദ്യത്തേത് പരാ ഭാവമാണ്. ഇതാണ് കൃഷ്ണശബ്ദം കൊണ്ട് അര്ഥമാക്കുന്നത്... കൃഷ്ണ ശബ്ദത്തിനര്ഥം മഹാപ്രഭാവ ശക്ത്യാ പരിണമയതീതി. സ്വന്തം പ്രഭാവശക്തിയാൽ പരിണാമത്തെയുണ്ടാക്കുന്നവൾ.
ഇവിടെ നിന്നാണ് സൃഷ്ടി തുടങ്ങുന്നത്... വായു ചലിച്ച് സർവവ്യാപകമായ ശബ്ദബ്രഹ്മത്തെ സ്പന്ദിപ്പിക്കുമ്പോൾ ആ സ്പന്ദനം പരയായ വാക് എന്ന പേരിൽ നിഷ്പന്ദമായിത്തീരുന്നു. പരാനാദം നിഷ്പന്ദവും സ്വപ്രകാശവുമായ ശബ്ദബ്രഹ്മമാണ്. വാക്കിനും മനസ്സിനും ആ പരാനാദം വിഷയമല്ല.
നാമരൂപങ്ങള്ക്ക് ബീജരൂപവും അവ്യാകൃതമെന്നു പേരോടു കൂടിയതും ഉപാധിഭേദങ്ങളൊന്നുമില്ലാത്തതും ആകാശത്തെ പോലെ സർവമൂര്ത്തിവര്ജ്ജിതവും സ്വയം ജ്യോതിസ്വരൂപവുമായ ഈ പരാരൂപിയായ ദേവി തന്നെയാണ് സംവ്യവഹാരത്തിന് വിഷയവും ആകാശമെന്നു പറയുന്നതുമായ അക്ഷരരൂപിണിയായി ഊടും പാവും എന്ന രീതിയിൽ പിണഞ്ഞു ചേര്ന്നിരിക്കുന്നത്. ഇതാണ് പ്രകൃതിയുടെ ആദിരൂപമായ പരിണാമവും...
രണ്ടാമത്തെ മകനാണ് ഗൌരപ്രഭൻ. ഗുരതെ അവ്യക്തം ശബ്ദയതീതി ഇതാണ് ഗൌരശബ്ദത്തിന്റെ സമാസം. അവ്യക്തമായി ശബ്ദിക്കുന്നത് എന്ന് ഇതിനര്ഥം. പ്രഭ എന്നാൽ പ്രകര്ഷേണ ഭാതി.. വിശേഷമായി കാണുന്നത്. അതായത് അവ്യക്തമായ ശബ്ദമായി കാണുന്നതാണ് ഗൌരപ്രഭൻ. ഇതാണ് ശബ്ദബ്രഹ്മത്തിന്റെ രണ്ടാമത്തെ പശ്യന്തീ എന്ന ഭാവം. പരയായ വാക്ക് വായുവിനാൽ അഭിവ്യക്തമായും വിമര്ശരൂപമായ മനസ്സിനോടു ചേര്ന്നുമിരിക്കുമ്പോൾ സാമാന്യമായ സ്പന്ദനവും പ്രകാശവും കൈകൊണ്ട് പശ്യന്തി എന്നവാക്കായി ത്തീരുന്നു.
അടുത്ത പുത്രൻ ഭൂരിയാണ്. ഭൂരിയെന്നാൽ ഭവിച്ചത് എന്നര്ഥം. അതായത് ഇവിടെ ശബ്ദത്തിന്റെ സ്വരൂപം ഭവിച്ചുകഴിഞ്ഞു എന്നര്ഥം. അഭിവ്യക്തമായ ശബ്ദബ്രഹ്മസ്വരൂപമാണ് മധ്യമാ.
ശബ്ദബ്രഹ്മം ഹൃദയം വരെ വ്യാപിച്ച വായുനിമിത്തം അഭിവ്യക്തമായി നിശ്ചയരൂപമായ ബുദ്ധിയോടു ചേരുമ്പോൾ വിശേഷസ്പന്ദരൂപമായി മധ്യമാ എന്ന് പറയപ്പെടുന്ന വാക്കായിത്തീരുന്നു. ഇത് വിശേഷസ്പന്ദനമുള്ളതും ബുദ്ധികൊണ്ടു ഗ്രഹിക്കാൻ കഴിയുന്നതുമാണ്. ഇതുകൊണ്ടാണ് ഭവിച്ചത് എന്ന അര്ഥത്തിൽ ഭൂരി എന്ന നാമധേയം.
അടുത്ത പുത്രനാണ് ദേവശ്രുതൻ. ദേവശബ്ദത്തിന് ഇന്ദ്രിയമെന്നര്ഥം. ശ്രുതമെന്നാൽ കേള്ക്കുന്നത്. ഇന്ദ്രിയം കൊണ്ടു കേള്ക്കുന്നതാണ് ദേവശ്രുതൻ.
കണ്ഠം മുതലായ സ്ഥാനങ്ങളിൽ അഭിവ്യക്തമായ വര്ണസ്വരൂപമായി കേള്ക്കത്തക്ക വിധമുള്ള വാക്കിനെയാണ് വൈഖരീ എന്ന് പറയുന്നത്. ശബ്ദബ്രഹ്മം ബുദ്ധിയിൽ നിന്നും വായുവരെയെത്തുന്ന വായുനിമിത്തം കണ്ഠം മുതലായ സ്ഥാനങ്ങളിൽ അഭിവ്യക്തമായി അകാരം മുതൽ ക്ഷകാരം വരെയുള്ള വര്ണമാലയുടെ രൂപം കൈകൊണ്ട് അന്യര്ക്കു കൂടി കേള്ക്കത്തക്ക വിധത്തിൽ വൈഖരീ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന വാക്കായിത്തീരുന്നു. നാം ഇന്ദ്രിയം കൊണ്ടു കേള്ക്കുന്നത് കൊണ്ട് ദേവശ്രുതൻ..
ഇനി ഒ രു മകളാണ്. അവളാണ് കീര്ത്തി.. കീര്ത്തിയുടെ അര്ഥം കൃൃത് സംശബ്ദെ എന്നാണ്, ഉത്തമമായ ശബ്ദത്തെയുണ്ടാക്കുന്നവൾ, അല്ലെങ്കിൽ അതായിരിക്കുന്നവളെന്നര്ഥം. ഇതാണ് സാക്ഷാത് ദേവി... ഏതൊന്നിനും ശക്തിസ്വരൂപിണിയായിരിക്കുന്നവളെന്നര്ഥം.
ശബ്ദബ്രഹ്മത്തിന്റെ അതിസൂക്ഷ്മരൂപമായ പരയിൽ നിന്നും സ്പന്ദനത്തിലൂടെ പശ്യന്തിയും, ബുദ്ധിയോടു ചേര്ന്ന് മധ്യമയായും, അതിൽ നിന്ന് വര്ണരൂപത്തെ കൈകൊണ്ട് കണ്ഠത്തിലൂടെ അഭിവ്യക്തമായ വൈഖരിയായി ഭക്തന്മാരുടെ ചിത്തവൃത്തികളാകുന്ന മനോഹരമായ സ്വരങ്ങളായി ഗമിച്ച് സ്ഥിതിചെയ്യുന്ന ഭാവത്തെ മനോഹരമായി വര്ണ്ണിക്കുകയാണ് ഇവിടെ ആചാര്യൻ....
ഭാഗവതം തുടങ്ങുന്നത് ഇവിടെ നിന്നാണ്.. സകലാനന്ദ സ്വരൂപിണിയായ ദേവിയുടെ രൂപഭാവങ്ങളായി... ചില അര്ഥ തലങ്ങൾ ദേവിയുടെ ലീലയാണ് എന്ന് തോന്നാറുണ്ട്.. സകലം ദേവീ മയം ജഗത് എന്നു പറയുന്നതിന് കാരണവും ഇതുതന്നെയാകണം..

No comments:

Post a Comment