പ്രിവന്ഷൻ ഈസ് ബെറ്റർ ദാന് ക്യുർ എന്ന് നാം സ്ഥിരം കേള്ക്കുന്നതാണ്. പക്ഷെ ആയിരക്കണക്കിന് വര്ഷങ്ങള്ക്കുമുന്പ് തന്നെ ഭാരതീയസംസ്കാരത്തിൽ പഠിപ്പിച്ചിരുന്ന ഒന്നാണ് സ്വസ്ഥവൃത്തം. അതായത് ഒരു വ്യക്തി ചിട്ടയായ നിത്യവൃത്തികൾ ശീലിക്കുകയാണെങ്കിൽ വ്യാധിവരാതിരിക്കുന്നതിന് അത് സഹായിക്കും എന്നര്ഥം. സ്വസ്ഥവൃത്തം എന്ന ഭാരതീയപാരമ്പര്യത്തെ നാം മനസ്സിലാക്കാതെയിരിക്കുന്നതിന്റെ ഭവിഷ്യത്താണ് ഇന്ന് പല രോഗങ്ങളേയും നാം അഭിമുഖീകരിക്കുന്നതിന് കാരണമാകുന്നത് . നമ്മുടെ അമ്മുമ്മമാരും പഴമക്കാരും പറയുന്ന നിത്യജീവിതത്തിലെ കാര്യങ്ങളുടെ ആഴം നാം മനസ്സിലാക്കാൻ ശ്രമിക്കാതെയിരുന്നു എന്നതാണ് നമ്മുടെ പഠനത്തിന്റെ കുറവ്. അതിന്റെ ഗഹനതയും അത് നിത്യജീവിതത്തിൽ നമ്മളെ എങ്ങിനെ പരിപാലിക്കുന്നു എന്നതും അറിയാതിരിക്കുന്നതാണ് ഭാരതീയസംസ്കാരത്തെ തള്ളിക്കളയുന്നതിന് പലപ്പോഴും കാരണമായിത്തീരുന്നത്. സ്വസ്ഥവൃത്തത്തിലെ പ്രധാനവിഷയങ്ങളിലൊന്നാണ് ദിനചര്യ. ദിനചര്യ നമ്മുടെ ആചാര്യന്മാർ എത്ര വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്ന് നോക്കുക എന്നിട്ട് പറയൂ പ്രിവന്ഷൻ ഈസ് ബെറ്റർ ദാൻ ക്യുർ എന്നത് ആര്ക്കാണ് കൂടുതൽ വ്യക്തമായി അറിയുമായിരുന്നത് എന്ന്..
ദിനചര്യ
വ്യാധി വരാതിരിക്കുന്നതിന് ഓരോ വ്യക്തിയും ചിട്ടയോടെ ശീലിക്കേണ്ട ചര്യകളാണ് ദിനചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദിനചര്യയിൽ സാമാന്യമായി നാക്ക്, മൂക്ക്, കണ്ണ്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുടെ വിഷയഗ്രഹണത്തെ നിലനിര്ത്തുന്നതിന് ഉള്ള മാര്ഗ്ഗങ്ങളാണ് ആചാര്യൻ വിശദീകരിച്ചിരിക്കുന്നത്.
ബ്രാഹ്മമുഹൂര്ത്തത്തിൽ എഴുന്നേൽക്കുവാനാണ് ആയുർവേദശാസ്ത്രം അനുശാസിക്കുന്നത്. മൂന്നുമണിക്കൂറുള്ള നാലു യാമങ്ങൾ വീതമുള്ളതാണ് പകലും രാത്രിയും. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കമെഴുന്നേൽക്കണം എന്നാണ് നിയമം. അതായത് ഇരുപത്തിനാലുമിനിറ്റാണ് ഒരു നാഴിക. രണ്ടു നാഴികയാണ് ഒരു മുഹൂര്ത്തം അഥവാ 48 മിനിറ്റ്. മുപ്പത് മുഹൂര്ത്തങ്ങൾ ചേര്ന്നതാണ് ഒരു അഹോരാത്രം. പതിനഞ്ചു മുഹൂര്ത്തം വീതമാണ് പകലും രാത്രിയും. അതിലെ പതിനാലാമത് മുഹൂര്ത്തമാണ് ബ്രഹ്മമുഹൂര്ത്തമായി കണക്കാക്കുന്നത്. ഇങ്ങിനെ കണക്കാക്കുമ്പോൾ പുലരാൻ നാലു നാഴിക അതായത് തൊണ്ണൂറ്റിയാറ് മിനിറ്റ് ഉള്ളപ്പോൾ. ലഭ്യമായ കലണ്ടറിലെ സൂര്യാസ്തമയത്തെ നോക്കി ബ്രാഹ്മമുഹൂര്ത്തത്തെ നിശ്ചയിച്ച് ഉണരുക. പുലരാൻ തുടങ്ങുന്ന യാമം അതായത് മൂന്നുമണിക്കൂർ സരസ്വതീ യാമം എന്നാണ് അറിയപ്പെടുന്നത്. സരസ്വതീ യാമത്തിനുള്ളിൽ തന്നെയാണ് ബ്രാഹ്മമുഹൂര്ത്തവും വരുന്നത്. പഠനപാഠനത്തിനു വേണ്ടിയും സ്വസ്ഥനാകുന്നതിനും ബ്രാഹ്മമുഹൂര്ത്തത്തിൽ തന്നെ എണീക്കണം എന്ന് അര്ഥം.
ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്വന്തം ദേഹസ്ഥിതിയെ പറ്റി ചിന്തിക്കണം. എഴുന്നേറ്റ് മുഖം തണുത്തവെള്ളം കൊണ്ടു കഴുകണം. പാച്ചോറ്റിത്തൊലി ഇട്ട കഷായം തലേദിവസം രാത്രിയിൽ തിളപ്പിച്ചുവച്ച മുഖം കഴുകുന്നതിന് ഉപയോഗിക്കുവാൻ ശ്രമിക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങളെ മല മൂുത്ര സ്വേദരൂപത്തിൽ ബഹിഷ്കരിക്കുന്നതിനും സ്രോതസ്സുകളെ ശുദ്ധമാക്കുന്നതിനും സഹായിക്കുന്നു. ഈ തണുത്ത ജലം തളര്ച്ച, ബോധക്ഷയം, ഛര്ദ്ദി, ശരീരക്ഷീണം, തലചുറ്റ്, തണ്ണീര്ദാഹം, ഉഷ്ണം, ചുട്ടുനീറ്റൽ എന്നിവയെ ശമിപ്പിക്കുന്നു. അത് മലശോധനയ്കള്ള വേഗത്തെ ക്രമപ്പെടുന്നു.
രാവിലെ എണീക്കുമ്പോൾ മണ്കൂജയിൽ അടച്ചുവച്ചിരിക്കുന്ന ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.
പ്രഭാതത്തിൽ വിണ്മൂത്രാദിവേഗങ്ങൾ പ്രവര്ത്തമാനങ്ങളായിരിക്കും. കോഷ്ഠശുദ്ധിയ്കായി അവയെ വിസര്ജ്ജിക്കണം. ജാതവേഗഃ സമുത് സൃജതേ എന്നാണ് പറയുന്നത്, വേഗങ്ങളെ ബലമായി മുക്കി വിസര്ജ്ജിക്കരുത് എന്നര്ഥം. ന തു യത്നാദുദീരയേത്. വൃത്തികെട്ട സ്ഥലം, വഴി, മണ്ണ് ചാരം, പശുക്കൾ കിടക്കുന്നിടം, ചാണകം എന്നിവയിലും താമസസ്ഥലത്തിനടുത്ത്, തീയ്ക് സമീപം, പുറ്റിനടുത്ത്, ഭംഗിയുള്ള സ്ഥലം, ഉഴുത നിലം, യാഗസ്ഥലം വൃക്ഷച്ചുവട് എന്നിവിടങ്ങളിലും വിസര്ജ്ജിക്കരുത്. സ്വാഭാവികമായി ശരീരത്തിന് അഹിതമായ പദാര്ഥങ്ങളെ ശരീരം ബഹിഷ്കരിക്കും. ഇതാണ് പ്രാതഃകാലത്ത് വേഗവിസര്ജ്ജനത്തിന് പ്രേരണയുണ്ടാക്കുന്നത്. ദഹനേന്ദ്രിയവ്യവസ്ഥയുടെ കീഴറ്റം എന്ന നിലയ്ക് മലദ്വാരം ദഹനേന്ദ്രിയത്തിലേയ്ക്കുള്ള രോഗകവാടം കൂടിയാണ് അതുകൊണ്ട് തന്നെ അത് വൃത്തിയായി സൂക്ഷിക്കുക. സാധിക്കുമെങ്കിൽ ശൌചം കഴിഞ്ഞ് സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
ഇതുപോലെ വായിലെത്തുന്ന മലാംശങ്ങളെ ദന്തധാവനം കൊണ്ട് ശുചിയാക്കണം. ദിവസവും രണ്ടുനേരം രാവിലേയും രാത്രിയിലും പല്ലുതേക്കണമെന്നാണ് ചരകൻ ഉപദേശിച്ചിരിക്കുന്നത്. പേരാൽ, വേങ്ങ, എരിക്ക്, കരിങ്ങാലി ഉങ്ങ്, കണവീരം, മരുത്, കരിവേലം, കടലാടി, പിച്ചകം, നീര്മരുത്, കൊട്ടം എന്നിങ്ങനെ ചവര്പ്പ്, എരുവ്, കയ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്കൊണ്ട് വേണം പല്ലുതേക്കാൻ. ഭക്ഷണങ്ങള്ക്കു ശേഷവും പല്ല് തേക്കണം. അനന്തരം ത്രികടു, ത്രിഫല ത്രിജാതകം (ചുക്ക് മുളക് തിപ്പലി, കടുക്ക, നെല്ലിക്ക താനിക്ക ഏലം ഇലവങ്ങം പച്ചില) ഇവ തേനിൽ ചാലിച്ചു ഉരസുകയും വേണം. കഷായ കടുതിക്തരസങ്ങൾ ദന്തത്തിലുള്ള കഫമലക്ലേദങ്ങളെ നശിപ്പിക്കുന്നു. വായിലുണ്ടാകുന്ന വ്രണങ്ങളെ ഉണക്കുന്നു.
അടുത്തതായി നാവുവടിക്കുക. വായിലെ മലങ്ങളെ കളഞ്ഞു രുചിയും രസബോധവും ഉണ്ടാക്കുക, ദുര്ഗന്ധമകറ്റുക, ജിഹ്വാരോഗങ്ങൾ മുഖരോഗങ്ങൾ ദന്തരോഗങ്ങൾ എന്നിവയെ നിവാരണം ചെയ്യുക, നാവിന് ലാഘവും ഉണ്ടാക്കുക എന്നിവയ്കു വേണ്ടിയാണ് ജിഹ്വാനിർലേഘനം അഥവാ നാവുവടിയ്കൽ ചെയ്യുന്നത്.
ഗ്രീഷ്മഋതുവിലും ശരത് ഋതുവിലും വായിൽ വെള്ളം നിറച്ചു തണുത്ത വെള്ളം കൊണ്ട് കണ്ണുകളെ കഴുകണം. അനന്തരം ദേവന്മാരേയും പിതൃക്കളേയും വൃദ്ധന്മാരേയും നമസ്കരിക്കുക. നിത്യവും കണ്ണിൽ സൌവിരാഞ്ജനം എഴുതുക. ഇത് കണ്ണിനു മനോഹാരിതയും നല്ല സൂുക്ഷ്മദൃഷ്ടിയും വര്ണ്ണജ്ഞാനവുമുണ്ടാക്കും. പക്ഷ്മങ്ങൾ സ്നിഗ്ധങ്ങളും ഘനങ്ങളുമാകുന്നു. പഞ്ചഭൂതസിദ്ധാന്തമനുസരിച്ച് തേജോഭൂത ഗുണഭൂയിഷ്ഠമാണ് നേത്രം. ജലഭൂതത്തിൽ നിന്നുണ്ടായ കഫഗുണങ്ങൾ തേജോ ഗുണവിപരീതമാണ്. അതുകൊണ്ട് കഫവികാരങ്ങൾ ചക്ഷുരിന്ദ്രിയത്തിന് ഹാനികരമാണ്. അതുകൊണ്ട് കഫത്തെ സ്രവിപ്പിക്കാനായി ആഴ്ചയിലൊരിക്കൽ രസാഞ്ജനം ഉപയോഗിക്കണം. സൌവീരാഞ്ജനം മരമഞ്ഞൾത്തൊലി കഷായത്തിൽ കുറുക്കി രസക്രിയയാക്കുന്നതാണ് രസാഞ്ജനം. ഇതാകട്ടെ തീക്ഷ്ണവും കഫത്തെ ഉരസിക്കളയുന്നതുമാണ്. ഇത് കണ്ണിനു ചൊറിച്ചിൽ, പുകച്ചിൽ എന്നിവ വരാതെ പരിരക്ഷിക്കുന്നു. കാറ്റ്, വെയിൽ ചൂട് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തീക്ഷ്ണ സൌമ്യ അന്തരിക്ഷങ്ങള്ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള നേത്രത്തിന്റെ ശക്തി ദീപ്തമാക്കുന്നു. സ്വര്ണവും മുത്തുകളും തൈലം തുണി രോമം എന്നിവ കൊണ്ട് തുടച്ചാൽ പരിശുദ്ധമായിത്തിളങ്ങുന്നതുപോലെ മനുഷ്യരുടെ നയനങ്ങൾ അഞ്ജനം, ആശ്ച്യോതനം അഥവാ കണ്ണിൽ ധാരചെയ്യുന്നത് എന്നിവയാൽ തെളിഞ്ഞ ആകാശത്തിലെ അമ്പിളിപോലെ തിളക്കമുള്ളതാകും എന്ന് ചരകനും പറയുന്നു.
സൌവീരാഞ്ജനം ആണ് കണ്ണിലെഴുതുവാൻ പറ്റിയത്. അതായത് തുണിക്കുള്ളിലാക്കി തിരിതെറുത്ത്, അഗ്രം നല്ലെണ്ണയിൽ മുക്കി വിളക്കിൻ തിരിയിൽ കത്തിച്ചിട്ട് അണയ്കുമ്പോൾ തിരിയിൽ നിന്ന് വരുന്ന പുക ശുദ്ധിയുള്ള മണ്ചട്ടയ്കുള്ളിലോ വാഴപ്പോളയിലോ ഏൽപ്പിച്ചെടുക്കുന്ന കരി കണ്ണെഴുതാൻ ഉപയോഗിക്കാവുന്നതാണ്. ഏഴുദിവസത്തിലൊരിക്കൽ രസാഞ്ജനം ഉപയോഗിക്കണം. സൌവീരാഞ്ജനം പൊടിച്ച് മരമഞ്ഞൾത്തൊലി കഷായം വച്ചതിൽ ഇട്ടുകുറുക്കി ഉണ്ടാക്കുന്നതാണ് രസാഞ്ജനം.
അഞ്ജനപ്രയോഗത്തിനു ശേഷം ദിനചര്യയിൽ നസ്യപ്രയോഗമാണ് പറയുന്നത്. ദിവസേന അണുതൈലം പ്രതിമര്ശ നസ്യമായി അതായത് രണ്ടോ മൂന്നോ തുള്ളി മൂക്കിലിറ്റിക്കുക. ശിരാശ്രിതമായ ഇന്ദ്രിയം ആണ് നാസിക അതുകൊണ്ട് തന്നെ കഫദോഷത്തിന് സാധ്യത ഏറെയാണ്. നിര്ത്താതെയുള്ള തുമ്മൽ, ജലദോഷം, എന്നിവ കഫദോഷസംബന്ധിയാണ്. നാസാ ഹി ശിരസോ ദ്വാരം. നസ്യം ശിരസ്സിലെ കഫാംശങ്ങളെ വായിലേക്കു കൊണ്ടുവരുന്നു. നെറ്റിയും കഴുത്തും ചുമലുകളും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് വിയര്പ്പിച്ചശേഷം പാദം അല്പം ഉയര്ത്തിയും ശിരസ്സ് അല്പം താഴ്ത്തിയും മലര്ന്നു കിടന്നുകൊണ്ട് ആദ്യം വലത്തെ നാസാദ്വാരത്തെ അടച്ചുകൊണ്ട് ഇടത്തെ നാസാദ്വാരത്തിൽ മൂന്നുതുള്ളി ശുദ്ധമായ എള്ളെണ്ണയും ഉപയോഗിക്കാവുന്നതാണ്. പ്രതിമര്ശനസ്യം എന്നറിയപ്പെടുന്ന കുറഞ്ഞ മാത്രയിലുള്ള ഈ നസ്യത്തിന് പ്രത്യേകിച്ച് പഥ്യമൊന്നും വേണ്ടായെന്നു മാത്രമല്ല ഇത് കഫത്തെ സ്രവിപ്പിക്കുവാൻ ശക്തിയുള്ളതുമാണ്. ഔഷധം മൂക്കിലൊഴിച്ചു കഴിഞ്ഞാൽ ഉള്ളങ്കാൽ, ചുമൽ, കൈ, കാത് എന്നീ സ്ഥാനങ്ങളെ നന്നായി തിരുമ്മുക, കിടന്നു കൊണ്ട് എണ്ണ അകത്തേക്കു വലിച്ച് എണ്ണയും കഫവും ഒരു ചെറുപാത്രത്തിലേക്ക് ഇരുവശങ്ങളിലേക്കും കാര്ക്കിച്ചു തുപ്പണം എന്നാണ് സാമാന്യ രീതി.
തുടര്ന്നു ഔഷധങ്ങളാൽ കവിൾകൊണ്ടാൽ വായയ്കു ശുദ്ധിവരുന്നു. അനന്തരം ശുദ്ധമായ നല്ലെണ്ണയോ, നെയ്യോ വായിൽ നിറച്ചു കവിൾ കൊണ്ടു നിര്ത്തണം. ഇതിനു ഗണ്ഡൂഷം എന്നാണ് ആയുർവേദസംജ്ഞ. കരിങ്ങാലിക്കാതൽ, ക്ഷീരീവൃക്ഷം, കറുവേലപ്പട്ട എന്നിവയുടെ കഷായവും കവിൾകൊള്ളാവുന്നതാണ്.
നസ്യത്തിനുശേഷം സാമാന്യമായി ചെയ്യുന്ന ഒന്നാണ് ധൂമപാനം. പ്രധാനനാഡീകേന്ദ്രം എന്ന നിലയിൽ മസ്തിഷ്കത്തിന് ബലമുണ്ടാക്കാനായി ആണ് ധൂമപാനം ചെയ്യുന്നത്. ഔഷധത്തിരിയുടെ പുക മൂക്കിലൂടേയും വായിലൂടേയും ഉച്ഛ്വസിക്കുന്ന ക്രിയയാണ് ധൂമപാനം. ഔഷധങ്ങൾ ദര്ഭയുടെ കുതിര്ന്ന തണ്ടിന്മേൽ അരച്ചു തേച്ച് ഉണക്കിയെടുക്കണം. ഇതിനെ ദര്ഭത്തണ്ടിൽ നിന്നും വേര്പ്പെടുത്തിയെടുത്താൽ ദ്വാരമുള്ള ധൂമവര്ത്തിയായി. ഈ ധൂമവര്ത്തി ധൂമനേത്രത്തിന്റെ അതായത് പുകവലിക്കുന്നതിനുള്ള കുഴലിന്റെ അഗ്രഭാഗത്തു വച്ച് അതിലൂടെ ധൂമപാനം ചെയ്യാവുന്നതാണ്. പ്രായോഗികം എന്ന ധൂമപാനമാണ് സ്വസ്ഥഹിതം. ഇതിൽ ചീറ്റിന്തൽ, കോലരക്ക്, അരേണുകം, താമരപ്പൂവ്, കരിങ്കൂവളപ്പൂവ്, പേരാലിന്റെ തൊലി, അത്തിത്തൊലി, അരയാൽത്തൊലി, ഇത്തിത്തൊലി, പാച്ചുറ്റിത്തൊലി, പഞ്ചസാര, ഇരട്ടിമധുരം, പൊന്മരത്തൊലി, പതിമുഖം, ചൊവ്വള്ളി, കൊട്ടവും തകരവും ഒഴിച്ചുള്ള ഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിക്കപ്പെടുന്നു. മൂക്കിൽ കൂടിയും വായിൽ കൂടിയും ധൂമപാനം ചെയ്യാം. പക്ഷെ പുക പുറത്തേക്കു വിടുന്നത് വായിൽകൂടി മാത്രമായിരിക്കണം. ആദ്യം ഇടതുമൂക്കിൻ ദ്വാരത്തിൽ കൂടി രണ്ടു തവണ വലിച്ചു വായിൽ കൂടി പുക പുറത്തു വിടുക. പിന്നെ വലതു മൂക്കിൽ കൂടി രണ്ടു വട്ടം വലിച്ച് വായിൽകൂടി വിടുക. ഇങ്ങിനെ മൂന്നോ നാലോ തവണ ആവര്ത്തിക്കുക. അവസാനം വായിൽ കൂടി ഒരു പ്രാവശ്യം വലിച്ച് വായിൽ കൂടി തന്നെ പുറത്തു വിടണം. ഇതാണ് ധൂമപാനത്തിന്റെ ക്രമം.
താമ്പൂലചർവണമാണ് അടുത്തത്. നല്ല തളിർവെറ്റില കഴുകിയെടുത്ത് ജാതിക്ക, തക്കോലം, ഗ്രാമ്പൂ, ചുക്ക്, കുരമുളക്, തിപ്പലി ശരിയാംവണ്ണം ഉണ്ടാക്കിയ ചുണ്ണാമ്പ്, അടയ്കാപ്പൊടി എന്നിവയാണ് മുറുക്കുന്നതിന് ഉപയോഗിക്കുക. വെറ്റിലയുടെ പുറം ഞരമ്പുകൾ ചുരണ്ടിക്കളഞ്ഞ് നേര്മയായി ചുണ്ണാമ്പു തേച്ച് അധികമാകാത്ത വിധത്തിൽ ദ്രവ്യങ്ങൾ ചേര്ത്തു ചുരുട്ടി വായിലിട്ട് ചവയ്കുക. വായിലൂര്ന്നുവരുന്ന ഉമിനീർ തുപ്പിക്കളയുകയും, അതുപോലെ തന്നെ ചർവണം തുടരുകയും ചെയ്യണം. ഒടുവിൽ ഒന്നും വായിൽ ശേഷിക്കാതെ ആകുമ്പോൾ ചർവണം നിര്ത്തി എല്ലാം തുപ്പിക്കളഞ്ഞ് ശുദ്ധജലം കൊണ്ട് വായുശുദ്ധമാക്കുക. പിത്താധികര്ക്ക് താമ്പൂലചർവണം പഥ്യമല്ല.
വ്യായാമം ആണ് അടുത്ത വിധി. എണ്ണതേച്ച് വ്യായാമം ചെയ്യണമെന്നാണ് സാമാന്യമായി പറയുക. വാതഹരവും സുഗന്ധപൂരിതവും, ഋതുക്കളനുസരിച്ച് ഉഷ്ണദ്രവ്യങ്ങളോ ശീതദ്രവ്യങ്ങളോ ചേര്ത്ത് സംസ്കരിച്ചതുമായ എണ്ണയാണ് തേക്കേണ്ടത്. അഭ്യംഗം ചെയ്താൽ വാതാദികളായ രോഗങ്ങളുണ്ടാകയില്ല ഒപ്പം ശരീരപുഷ്ടി ഉറക്കം എന്നിവ ഉണ്ടാക്കുന്നതും ശരീരം ദൃഢവും ആകാരം ഉന്നതമാക്കുന്നതുമാണ്.
ആദ്യം ശിരസ്സിൽ തേക്കുക. പിന്നെ സാമാന്യം തലയോട്ടിയിലും മുടികള്ക്കിടയും എണ്ണ തേച്ചു തിരുമ്മുക. ശരീരത്തു തേക്കാനുള്ള എണ്ണ കയ്യിലെടുത്ത് ആദ്യം നെഞ്ചത്തും, പിന്നെ മുതുകത്തും, ശേഷം കൈകളിലും കാലുകളിലും തേച്ച് ക്രമാനുഗതമായി ശരീരഭാഗത്തെ തിരുമ്മുക. ഇരുകര്ണങ്ങളും അതുപോലെ തന്നെ ഇടതുകാൽപാദം, പിന്നെ വലതു കാൽപാദം എന്നിവയിലും ഇതുപോലെ തന്നെ അഭ്യംഗം ചെയ്യുക. ശരീരത്തിന്റെ ഓരോരോ ഭാഗങ്ങളും ക്രമത്തിൽ തിരുമ്മി തോള് കൈമുട്ടുകൾ, കാൽ മുട്ട് തുടങ്ങിയ എല്ലാ സന്ധികളിലും എണ്ണയിട്ട് തിരുമ്മുക.
തലയിൽ തേച്ചാൽ മുടിക്കു നല്ലതും, ഇന്ദ്രിയങ്ങള്ക്കും ശിരസ്സിന്നും പോഷണവുമാണ്. ചെവിയിൽ ഒഴിക്കുന്നത് താടിയെല്ല് ചെന്നി തല എന്നിവിടങ്ങളിലെ വേദന ഇല്ലാതാക്കും. പാദാഭ്യംഗം കണ്ണിന് നല്ലതാണ്. എള്ളെണ്ണ, ധാന്വന്തരം, പിണ്ഡതൈലം തുടങ്ങി സ്വസ്ഥന് യുക്ത്യനുസരണം അഭ്യംഗത്തിനുള്ള തൈലം സ്വീകരിക്കാവുന്നതാണ്. അഭ്യംഗത്തെ കുറിച്ച് ആചാര്യൻ പറയുന്നു, ഒരു മണ്കുടം എണ്ണതേച്ചു തിരുമ്മിയാലും എതെങ്കിലും ചര്മ്മം എണ്ണയിട്ടു തിരുമ്മിയാലും ഒരു വണ്ടിചക്രം എണ്ണയിട്ടു തിരുമ്മിയാലും എത്രമാത്രം ക്ഷയിക്കാതേയും ഉറപ്പുള്ളതായും ക്ലേശങ്ങളെ സഹിക്കാൻ പ്രാപ്തിയുള്ളവയായും മാറുന്നുവോ അതുപോലെ തൈലമഭ്യംഗം ചെയ്താൽ ശരീരത്തിനു ബലവും ചര്മ്മത്തിനു സൌന്ദര്യവും ലഭിക്കുന്നു. അതുപോലെ തന്നെ വാതരോഗങ്ങളും അദ്ധ്വാനം കൊണ്ടുള്ള ക്ലേശങ്ങളും ഇല്ലാതാവുകയും ചെയ്യും.
ശരീരത്തിന് ആയാസത്തെ ഉണ്ടാക്കുന്നതാണ് വ്യായാമം. ശരീരത്തിന് പ്രവര്ത്തനക്ഷമത നല്ല അഗ്നി ദീപ്തി എന്നിവ പ്രദാനം ചെയ്യുന്ന വ്യായാമം ദുര്മേദസ്സിനെ നശിപ്പിക്കും. ശരീരശക്തിയുടെ പകുതിയെ വ്യായാമത്തിനുപയോഗിക്കാവു. നെറ്റി മൂക്ക് ശരീരസന്ധികൾ എന്നിവിടങ്ങളെല്ലാം നല്ല വണ്ണം വിയര്ത്താൽ ഈ അര്ദ്ധശക്തിയായി. വ്യായാമം കൊണ്ട് വാതകോപമുണ്ടാകാതിരിക്കാനായി സ്നിഗ്ദ്ധങ്ങളായ ആഹാരങ്ങൾ കഴിക്കണം. വ്യായമത്താൽ അഗ്നിദീപ്തി ഉണ്ടാകുകയാൽ ഭുക്തമായആഹാരം നല്ലവണ്ണം ദഹിക്കുകയും ധാതുക്കൾ പുഷ്ടിപ്പെടുകയും ചെയ്യും.
വ്യായാമശേഷം മേലാസകലം സുഖം തോന്നും വിധം സുഗന്ധൌഷധദ്രവ്യങ്ങൾ അരച്ചോ പൊടിച്ചോ എടുത്ത് പ്രതിലോമമായി അഥവാ രോമാവലികള്ക്ക് എതിരായി ദേഹത്തു തിരുമ്മുക. അരച്ചതുകൊണ്ട് തിരുമ്മുന്നതിനെ ഉത്സാദനമെന്നും പൊടിയിട്ടു തിരുമ്മുന്നതിനെ ഉത്ഘര്ഷമെന്നും പറയുന്നു. ഇതാകട്ടെ കഫം, മേദസ്സ് എന്നിവയെ ശമിപ്പിക്കും. കസ്തൂരിമഞ്ഞൾ വെള്ളം ചേര്ത്ത് കുഴമ്പുരൂപത്തിൽ ഉപയോഗിക്കാം. ഇത് ത്വക്ക് രോഗങ്ങളേയും വാതരക്തത്തേയും പ്രതിരോധിക്കാൻ സഹായിക്കും. വരട്ടു മഞ്ഞൾ വെള്ളത്തിൽ അരച്ചു കുഴമ്പാക്കി തിരുമ്മുന്നത് കഫപിത്തനാശകവും വര്ണപ്രസാദത്തെ ഉണ്ടാക്കുന്നതാണ്. മഞ്ജിഷ്ഠാ വെള്ളത്തിലരച്ച് തിരുമ്മുന്നതും, കരിങ്ങാലി വെള്ളത്തിലരച്ച് തേക്കുന്നതും, രക്തചന്ദനം വെള്ളത്തിലരച്ച് തേക്കുന്നതും ത്വക് രോഗങ്ങളെ നശിപ്പിക്കുവാൻ സഹായിക്കും.
ശരീരത്തിന് ബാഹ്യശുദ്ധിവരുത്തുന്നതിന് സ്നാനം ചെയ്യേണ്ടത് ആവശ്യമാണ്. കണ്ഠത്തിനു കീഴ്പോട്ട് ചൂടുവെള്ളത്തിലും ശിരസ്സ് പച്ച വെള്ളത്തിലും കുളിക്കണം. തലയിൽ ചൂടുവെള്ളം ഒഴിക്കുന്നത് കണ്ണിനും മുടിക്കും അഹിതമാണ്. അല്പജലത്തിലോ അത്യധികം തണുപ്പാര്ന്ന ജലത്തിലോ കുളിക്കരുത്. സർവേന്ദ്രിയാണി യേനാസ്മിൻ പ്രാണാ യേനച സംശ്രിതാഃ, സകല ഇന്ദ്രിയങ്ങളും ശിരസ്സിൽ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ശിരസ്സിനെ ഉത്തമാംഗം എന്ന അര്ഥത്തിൽ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് തല തണുത്തവെള്ളത്തിൽ മാത്രമേ കുളിക്കാവൂ എന്ന് പറയുന്നത്.ശരീരത്തിൽ ചൂടുവെള്ളമൊഴിക്കുന്നത് രക്തചംക്രമണവര്ദ്ധനയും ഉന്മേഷവും അതുപോലെ അഗ്നിദീപ്തിയും ഉണ്ടാക്കും. തണുത്ത വെള്ളം കൊണ്ട് ശിരസു സ്നാനം ചെയ്യുന്നതുകൊണ്ട് മസ്തിഷ്കത്തിന്റെ മാന്ദ്യതയകലുകയും ക്ഷീണം തലചുറ്റ് എന്നിവ ഇല്ലാതാകുകയും ചെയ്യും. രാത്രിയിൽ നിദ്രയും ലഭിക്കുന്നതാണ്. ദേഹം മാത്രമായി കുളിക്കരുത്, രാത്രിയിലാകട്ടെ ദേഹം കുളിച്ചിട്ട് അല്പം മാത്രം ജലമൊഴിച്ച് നന്നായി തുടയ്കുന്നതാണുത്തമം. അധികം ജലം ഒഴിച്ച് രാത്രി കുളിക്കുന്നത് നേത്രതിമിരം, സന്ധികള്ക്കു വേദനയും നീരും എല്ലാം വരാൻ കാരണമാകും. പകൽ കുളിക്കുമ്പോൾ ദേഹത്തും തലയിലും വെള്ളമൊഴിച്ച് തന്നെ കുളിക്കുകയും വേണം. അതുപോലെ തന്നെ ഭക്ഷണശേഷം ഉടനെ തന്നെ കുളിക്കുകയും അരുത്. ശിരസ്സിലും ശരീരത്തിലുമുള്ള എണ്ണകഴുകി കളയുന്നതിന് വേണ്ടി സ്നാന ചൂര്ണം ഉപയോഗിക്കാവുന്നതാണ്. ചെറുപയർ കസ്തൂരിമഞ്ഞൾ കറുവപട്ട ഇവ നന്നായി യോജിപ്പിച്ച് ആ ചൂര്ണം ഉപയോഗിക്കാവുന്നതാണ്. മുടിയ്കു വേണ്ടി ചെമ്പരത്തിയില ചതച്ചെടുത്ത് അതുകൊണ്ട് മുടി കഴുകാം.
അന്നപാനവിധിക്കനുസരിച്ച് ഭക്ഷണം കഴിക്കണം. ആഹാരശേഷം അത്യധികം ആയാസകരമായ ജോലികളിൽ ഏര്പ്പെടരുത്. മദ്ധ്യാഹ്നത്തിൽ ഉറക്കം ഹിതമല്ല. വൈകുന്നേരം സന്ധ്യയ്ക് മുന്പായി ലഘുവായ ആഹാരം കഴിക്കണം. പിന്നീട് മനസ്സിനെ നീയന്ത്രിച്ചും ഈശ്വരനെ ധ്യാനിച്ച് അന്നത്തെ തന്റെ ചര്യകളെ കുറിച്ച് ചിന്തിച്ച ശേഷം വൃത്തിയാര്ന്ന തിരക്കില്ലാത്ത സ്ഥലത്ത് മുട്ടിനോളം ഉയരമുള്ള കട്ടിലിൽ നന്നായി വിരിച്ച് സുഖവും മൃദുവാകും വിധം തലയണവച്ച് കിടക്കണം. തല കിഴക്കോട്ടോ തെക്കോട്ടോ ആയാണ് കിടക്കേണ്ടത്. ഇതാണ് സ്വസ്ഥന്റെ സാമാന്യമായ ഒരു ദിവസത്തെ ചര്യ.
ദിനചര്യയിൽ മൂന്നു കാര്യങ്ങള്ക്കാണ് പ്രസക്തി. അവയെ നമുക്ക് ഇങ്ങിനെ സംഗ്രഹിക്കാം. ശുചിത്വം ആഹാരം ആചാരം
ദന്തക്ഷാളനം തുടങ്ങി അഭ്യംഗാദികൾ വരെയുള്ള ചര്യകളെ വിസ്തരിച്ച് വിവരിക്കുന്നത് നിരങ്കുശമായ ശുചിത്വപാലനത്തിനാണ്. നഖങ്ങൾ, ശ്മശ്രുക്കൾ, മുടി എന്നിവ എപ്പോഴും വെട്ടി വൃത്തിയാക്കുവാനും, മലമാര്ഗ്ഗങ്ങൾ കഴുകി വൃത്തിയാക്കുവാനും നിര്ദേശിക്കുന്നു. അശുചിയായവയെ സ്പര്ശിക്കാതിരിക്കുവാനും, ചെരുപ്പ്, കുട എന്നിവയോടു കൂടി മാത്രമേ യാത്ര ചെയ്യാവു എന്നതും ശുചിത്വത്തിലൂടെ സ്വാസ്ഥസംരക്ഷണത്തിനാകുന്നു.
ആഹാരം- ആഹാരം നിദ്ര ബ്രഹ്മചര്യം എന്നിവ ആരോഗ്യത്തെ നിലനിര്ത്തുന്ന ത്രിസ്ഥൂണുകളാണ്. മൂന്നു തൂണുകളുള്ള ഒരു കെട്ടിടത്തിന്റെ നിലനില്പ് അവയെ മൂന്നിനേയും ആശ്രയിച്ചാണ്. ഒന്ന് താഴെ പതിച്ചാൽ കെട്ടടവും നിപതിക്കും.
ആചാരം – മോക്ഷം അഥവാ കര്മ്മക്ലേശങ്ങളിൽ നിന്നുള്ള മുക്തിയാണ് ജീവിതലക്ഷ്യം. അതിനായാണ് സ്വാസ്ഥ്യസംരക്ഷണം. സ്വാസ്ഥ്യഫലം ആകട്ടെ പാദചതുഷ്ടയവും അര്ഥകാമങ്ങളാകട്ടെ പുരുഷാര്ഥങ്ങളെ നേടുന്നതിനും തന്നെയാണ്.
സുഖാര്ഥാഃ സർവഭൂതാനാം മതാഃ സർവാഃ പ്രവൃത്തയഃ.
സുഖം ച ന വിനാ ധര്മാത് തസ്മാദ് ധര്മ്മപരോ ഭവേത്. എന്നാണ് ആചാര്യോപദേശം. ദോഷവൈഷമ്യങ്ങള്ക്ക് കാരണഭൂതമായി പ്രജ്ഞാപരാധത്തെയാണ് ആചാര്യൻ പറയുന്നത്. ആദ്യം മാനസികങ്ങളായ രജസ്തമോ ദോഷങ്ങളേയും പിന്നീട് മനസ്സിന്ന് ആധാരമായ ശരീരത്തിലെ വാതപിത്തകഫങ്ങളേയും പ്രകോപിപ്പിക്കുന്നതാണ് പ്രജ്ഞാപരാധം. തികച്ചും ശാരീരകങ്ങളായ ലക്ഷണങ്ങളെ പ്രകടമാക്കുന്നതാണെങ്കിലും ചില ത്വക് രോഗങ്ങൾ, കുടൽ വ്രണങ്ങൾ, രക്തസമ്മര്ദ്ദം എന്നിവയ്കെല്ലാം പ്രധാന ഹേതു മനോ വൈഷമ്യങ്ങളോ വിക്ഷുബ്ധതയോ തന്നെയാരികിക്കും. നാം ജീവിക്കുന്ന പരിതസ്ഥിതി, സാമുഹ്യബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം തന്നെ മാനസികാഘാതങ്ങള്ക്കും മനോ വിഷമങ്ങള്ക്കും ഹേതുവാകും. അതിനാൽ സമൂഹത്തിൽ വ്യക്തികൾ എപ്പോഴും സഹകരണഭാവം ദീക്ഷിക്കണം എന്നര്ഥം. ഇതിനെയാണ് സദാചാരമെന്ന് വിശേഷിപ്പിക്കുന്നത്. അര്ഥകാമങ്ങളുടെ ലാഭത്തിന്നായി ധര്മ്മത്തെ ഉപേക്ഷിക്കരുത്, ധര്മ്മത്തിലൂടെ അര്ഥത്തേയും, ധര്മ്മാര്ഥത്തിലൂടെ കാമിതങ്ങളേയും നേടി ജീവിതത്തെ സുഖാത്മകമാക്കുകയും, അപ്രകാരം സദാചാരത്തെ ദീക്ഷിച്ച് മോക്ഷത്തെ പ്രാപിക്കുകയും ചെയ്യണം. അതായത് കായികവും വാചികവും മാനസികവുമായ പത്തു പാപങ്ങളുണ്ടെന്നും അവയെ ഓരോ വ്യക്തിയും ത്യജിക്കണമെന്നും ആചാര്യനുപദേശിക്കുന്നത് തന്നെ സാമുഹ്യ സദാചാരജീവിതത്തെ ഉദ്ബോധിക്കുന്നതിനാണ്. പരപീഡനം, കളവ്, വ്യഭിചാരം എന്നിവ കായികങ്ങളായ പാപങ്ങളാണ്. പരദൂഷണം, പരുഷമായി സംസാരിക്കുക, വിഡ്ഡിത്തം പുലമ്പുക എന്നിവ വാചികമായ പാപങ്ങളാണ്. മറ്റുള്ളവരെ മാനസികമായി ശപിക്കുക, അന്യന്റെ വസ്തുക്കളെ മോഹിക്കുക, ധര്മോപദേശങ്ങള്ക്ക് വിരുദ്ധമായ ചിന്ത എന്നിവ മാനസകി പാപങ്ങളാണ്. രാഗദ്വേഷാദികൾ ആഭ്യന്തരശത്രുക്കളാണ്. അവയെ ജയിത്ത് പത്തു പാപങ്ങളെ അനുഷ്ഠിക്കാതെ സത്കര്മങ്ങളെ അനുസരിക്കണം. ഇതാണ് ഭാരതീയപാരമ്പര്യം അനുശാസിക്കുന്ന സ്വസ്ഥവൃത്തം. നമ്മുടെ ആചാര്യന്മാർ ഒരു വ്യക്തിയുടെ ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ കൂടെ ഉന്നമനത്തെ മുൻകൂട്ടി കണ്ട് കൊണ്ടാണ് നമ്മുടെ പഠന പാഠനരീതികളും നിത്യജീവിതത്തിലെ കര്മ്മങ്ങളേയും നിശ്ചയിച്ചിരുന്നത്. പ്രിവന്ഷൻ ഈസ് ബെറ്റർ ദാൻ ക്യുർ എന്നത് ആരാണ് യഥാര്ഥത്തിൽ ഗഹനമായി ചിന്തിച്ചിരിക്കുന്നത്. ഇനി ചിന്തിക്കേണ്ടത് നാം തന്നെയാണ്.
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം 🔥🔥🔥🙏
No comments:
Post a Comment