ആരാണ് ബാലാ...
ഈ കൊച്ചു കുട്ടിയുടെ സ്വരൂപത്തിൽ ഇരിക്കുന്ന ദേവിയാരാണെന്ന് എല്ലാവർക്കും കൌതുകമുള്ളതാണ്.
ബാലാ ഗുണാതീത സ്വരൂപത്തിൽ നിൽക്കുന്നതുകൊണ്ടു
ബാലാ, എന്നത് ബല് ധാതുവിൽ നിന്നുണ്ടായ ശബ്ദമാണ്. ഇതിന് പ്രാണനെന്നാണ് സാമാന്യാര്ഥം. ദേവി പ്രാണസ്വരൂപിണിയാണ്. നിരൂപണം എന്നാണ് മറ്റൊരു അർഥം. പ്രാണനെ കൊണ്ടാണ് നാം ഏതൊന്നിനേയും വിശകലനം ചെയ്യുന്നത്, വിചാരം ചെയ്യുന്നത്. ദേവിയാണ് ഇതിന് എല്ലാം ആധാരമായി ഇരിക്കുന്നത്. ബാലശബ്ദത്തിന് ബലതി രക്ഷതി സംവൃണോതീതി വാ എന്നു സമാസം പറയുന്നതിന് കാരണം ഈ പ്രാണനായിട്ടു നമ്മളെ സംരക്ഷിക്കുന്നതുകൊണ്ടും എല്ലാത്തിന്റേയും ആധാരമായി ഇരിക്കുന്നതുകൊണ്ടുമാണ്.
ഈ പ്രാണസ്വരൂപിയായ ദേവിയെ എന്തുകൊണ്ട് കൊച്ചു കുട്ടിയായി സ്വീകരിക്കുന്നു. അത് പ്രാണന്റെ ഗുണത്തെ പറയുന്നതിന് വേണ്ടിയാണ്. ഒരു കൊച്ചു കുട്ടി എങ്ങിനെയാണോ എല്ലായിപ്പോഴും ഓടി നടക്കുന്നത്, അതുപോലെ ഗതിയോടു കൂടിയ പ്രാണരൂപിണിയാണ് ബാലാ. ഒരു കുട്ടിയെ നമുക്ക് സ്വന്തം മടിയിൽ പിടിച്ചു വക്കാനാകില്ല , അതുപോലെ തന്നെ ഇവിടേയും പ്രാണരൂപിണിയായ ദേവിയെ പിടിച്ചിരുത്തുക സാധ്യമല്ല. ഒരു കുട്ടി സ്വയം അവളുടെ ഇച്ഛയാലാണ് നമ്മളുടെ മടിയിലിരിക്കുക. അത് നമ്മളുടെ സ്വച്ഛതയേയും ഭാവത്തേയും ആധാരമാക്കിയാണ് സംഭവിക്കുക.
പ്രാണനെ ശുദ്ധമായി നിലനിർത്തുവാൻ ശ്രമിക്കുക, അത് നിങ്ങളിൽ അതിന്റെ ഗുണം സഹജമായി തന്നെ ധ്വനിപ്പിക്കും. ദേവി മന്ത്രാധീനമല്ലായെന്നു പറയുന്നതിന് കാരണം, സ്വയം അവൾ മന്ത്രത്തിന് തന്നെ ആധാരമായ പ്രാണനായതുകൊണ്ടാണ്.
ലോകത്തിലെ വ്യക്തിഗതമായ രാഗങ്ങൾ കുട്ടികളെ ബാധിക്കാറില്ല. അത് വരുടെ സഹജമായ ഗുണമാണ്. സുഖദുഃഖങ്ങൾ രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നു മനസ്സിലാക്കുക .
ഒരു കുട്ടിയെ പോലെ, ബാലയുടെ ഉപാസകർ സ്വരൂപത്തിലിരിക്കുക. അവൾ ആനന്ദസ്വരൂപിണിയാണെങ്കിൽ നാം അവളുടെ തന്നെ സ്വരൂപമാണ്.
വായു കെട്ടികിടക്കുമ്പോൾ അത് അശുദ്ധമാകും അതുപോലെയാണ് ബാലാ പരമേശ്വരിയുടെ ഉപാസകർ ചിന്തിക്കേണ്ടതും. ഈ ലോകം തന്റെത് മാത്രമല്ല.. ദേവിയുടെ ഇച്ഛ കൊണ്ട് അവളുടെ ഇച്ഛാപൂർത്തിക്ക് പ്രവൃത്തിരൂപരായി ജനിച്ചവരാണ് നാം. ഈ ലോകത്തിലെ സകലതിനേയും തന്റെ സ്വരൂപമായി കാണുക. പ്രാണനൊന്നാണ് വിഭുവാണ് നിത്യമാണ്. തലക്കുമുകളിലുള്ള ഒരെ ഗുരുപാദുകത്തിലാണ് സകലരും എന്നു ഉറപ്പിച്ചു നടക്കുക.. ഒരു പരമ്പരയേയും നിന്ദിക്കരുത് എന്നു ശ്രീവിദ്യാ പരമ്പരയിൽ നിയമം പറയുന്നതിന് കാരണം ഇതാണ്.
പ്രാണനായ ഇതേ ബാല തന്നെയാണ് സരസ്വതീ ബാലാ ആയി മാറുന്നത്. അവൾ തന്നെയാണ് ജ്ഞാന രൂപിണിയായ മേധാ സരസ്വതീ. അവളുടെ അനുഗ്രഹം കൊണ്ട് പരമ്പരാ പ്രാപ്തമായ ജ്ഞാനത്തെ തന്റേത് എന്നു പറഞ്ഞു കെട്ടിയിടാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക. കെട്ടിയിട്ട ജലം എപ്രകാരമാണോ ഗുണത്തിന് പകരം ദോഷത്തെ ചെയ്യുന്നത് അതുപോലെ തന്റെത് മാത്രമാണെന്ന് കരുതുന്ന ജ്ഞാനം അഹത്തെയുണ്ടാക്കി സ്വന്തം നാശത്തിന് കാരണമാകും. ജ്ഞാനത്തെ യോഗ്യമായ സമയത്ത് യോഗ്യരായവരിലേക്ക് പകരുക.
സകലതും അവളാണ്.. സകലതിലും അവളാണ്.. ആ പരമേശ്വരിയാണ് നമ്മളുടെ പ്രാണൻ. ഒരിക്കലും നിലക്കാത്ത പ്രവാഹമായി അതു നിങ്ങളിൽ ഒഴുകികൊണ്ടേയിരിക്കും. ഒന്നും നിങ്ങളുടേതല്ല പരമേശ്വരിയുടേതാണ്. നിങ്ങളൊരു നിമിത്തമായി ഇരിക്കുക..
അവൾ തന്നെയാണ് ഗുരുവും പരമ്പരയും ജ്ഞാനവും.
സകല ജഗത്തിന്റേയും കാരണഭൂതയായി സകലാനന്ദ സ്വരൂപിണിയായി കൈവല്യദായിനിയായിരിക്കുന്ന പരമേശ്വരിയാണ് ബാലാ..
ഇപ്രകാരം എല്ലായിപ്പോഴും ആനന്ദസ്വരൂപിണിയായി പരിലസിക്കുന്ന ആ ബാലാ പരമേശ്വരി എല്ലാവരേയും അനുഗ്രഹിക്കട്ടെ..
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment