സംഖ്യകളും അർഥനിർധാരണവും
ഒന്നു രണ്ട് മൂന്ന് എന്നിവയെ ഭാഷയിൽ ഉപയോഗിക്കുന്നത് സംഖ്യയെ ബോധിപ്പിക്കാനാണ്. അതുപോലെ സംസ്കൃതത്തിൽ ഉപയോഗിക്കുന്ന പദങ്ങളാണ് ഏകഃ, ദ്വൌ, ത്രയഃ എന്നിവ.
പലപ്പോഴും ഗ്രന്ഥങ്ങളിൽ സംഖ്യാവാചികളായ ശബ്ദങ്ങളെ പ്രയോഗിക്കുമ്പോൾ ആചാര്യന്മാർ ഒന്ന് രണ്ട് മൂന്നു എന്ന സംഖ്യാ ഭാവത്തെ മാത്രമല്ലാ ബോധിപ്പിക്കുവാൻ ശ്രമിക്കുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്. ഇന്ന് പല ഗ്രന്ഥങ്ങളിലും സംഖ്യാശബ്ദവാചിയായി മാത്രം ഇവയെ സ്വീകരിച്ചപ്പോൾ യഥാർഥത്തിൽ ഇവയുടെ അർഥം നഷ്ടമായി എന്നതാണ് സത്യം.
ഉദാഹരണത്തിന് ഏകമെന്ന പദത്തെ നോക്കാം. ഇതിന്റെ ധാതു ഇണ് ആണ്. ഇതിന് ഗതിയെന്നാണർഥം. അതായത് ഏകം എന്നാൽ ഗതിരൂപമായിട്ട് ഇരിക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഗതിരൂപമായി ഇരിക്കുന്നത് വായു അഥവാ പ്രാണനാണ്. അതാകട്ടെ ഏകവും നിത്യവും വിഭുവും ആണ് എന്ന് ശാസ്ത്രം പറയുന്നു. അത് ഒന്നുമാത്രമേയുള്ളു എന്നത് കൊണ്ട് അതിനെ ആധാരമാക്കി ഏക. ഏതീതി ഏകം ഗമിക്കുന്നത് കൊണ്ട് ഏകത്വം. അതായത് ഏക ശബ്ദം കാണുമ്പോൾ സംഖ്യാ വാചകം മാത്രമല്ല ഏകവും നിത്യവും വിഭുവുമായ പ്രാണനെ കൂടി ആണ് ആചാര്യനുദ്ദേശിച്ചിരിക്കുന്നത്.
രണ്ട് എന്നതിന് ദ്വി എന്നാണ് സംസ്കൃതപദം. ഇത് വന്നിരിക്കുന്നത് ദ്വൃ എന്ന ധാതുവിൽ നിന്നാണ്. ഇതിന് സംവരണം, സ്ഥഗനം എന്നിങ്ങനെ രണ്ട് അർഥങ്ങളാണ്. സംവരണം എന്നാൽ സ്വീകരിക്കുക. ഏകമായി നിൽക്കുന്ന പ്രാണനെ നാം അകത്തേക്ക് സംവരണം ചെയ്യുമ്പോൾ അതായത് ഉള്ളിലേക്ക് എടുക്കുമ്പോൾ അത് രണ്ടായി മാറുന്നു. അതുകൊണ്ട് ഏകമായ പ്രാണൻ രണ്ടായി മാറുന്നു എന്നത് കൊണ്ട് ദ്വിത്വം. ഇവിടെ ദ്വിത്വം കൊണ്ട് പ്രാണാപാന ഭാവത്തെയാണ് ആചാര്യന്മാരു പറയുന്നത്. ഇവിടെ നമ്മളാണ് അതിനെ രണ്ടാക്കുന്നത്. അതുകൊണ്ട് ദ്വിത്വഭാവം.
മൂന്നിന് സംസ്കൃതത്തിൽ ത്രയഃ എന്നാണ് പറയുന്നത്. തൃ ധാതുവിൽ നിന്ന് വന്നിരിക്കുന്ന ത്രയശബ്ദത്തിന് മൂന്നു അവസ്ഥാ പരിണാമങ്ങളുണ്ട്. അതിന്റെ അർഥം പ്ലവനം, തരണം, അഭിഭവം എന്നിങ്ങനെയാണ്. അതായത് സമുദ്രത്തിലെ തിരമാല പോലെ ഉണ്ടായി നിലനിന്ന് അപ്രത്യക്ഷമാകുന്നത് എപ്രകാരമാണോ അപ്രകാരം സംഭവിക്കുന്നത്. നാം ശ്വാസം എടുക്കുന്നു, അത് ശരീരത്തിൽ പ്ലവനം ചെയ്യുന്നു, അത് അപ്രത്യക്ഷമാകുന്നു. വീണ്ടും ശ്വാസം എടുക്കുന്നു അത് തുടരുന്നു. ഇപ്രകാരം ഏകമായ പ്രാണൻ ശരീരത്തിൽ എത്തുമ്പോൾ മൂന്നു അവസ്ഥകളായി നിലനിൽക്കുന്നത് കൊണ്ട് ത്രയഃ.
അതായത് ഏകം, ദ്വി, ത്രയഃ എന്നിങ്ങനെ പദങ്ങളെ കാണുമ്പോൾ ആദ്യമേ തന്നെ ഇതിനെ സംഖ്യാ വാചാകമായി കാണരുത് എന്നാശയം. ഇത്തരത്തിൽ ഓരോ പദത്തിനും അതിന്റെ അർഥതലത്തെ ആധാരമാക്കിയാണ് ആചാര്യൻമാർ ഓരോ പദങ്ങളേയും പ്രയോഗിക്കുന്നത്. ഏകവും നിത്യവും അദ്വയവും ആയ പരമേശ്വരിയെന്ന് പറഞ്ഞാൽ സംഖ്യാ ഭാവത്തെ മാത്രമല്ല അന്തർമുഖമായി പ്രാണസ്വരൂപിണിയായ ദേവിയെ കൂടി സ്ഥലകാലങ്ങളെ ആധാരമാക്കി ചിന്തിച്ച് മനസ്സിലാക്കികൊള്ളണം എന്നാശയം.
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment