ശ്രീ ഗുരുഭ്യോ നമഃ 🙏
ഗുരു ശബ്ദത്തിന് അനേകം അർഥങ്ങളു പറയാം, അനേക വ്യാഖ്യാനങ്ങളെയും നമുക്ക് ചെയ്യാനാകും. എന്റെ ഗുരുനാഥന്റെ വാക്കുകളെ കടമെടുത്താൽ, ഒരു ഗുരു നാഥൻ മൂന്നു കാര്യങ്ങളെ ശിഷ്യനെ പഠിപ്പിക്കാറുള്ളു, അത് ഏത് സ്ഥലത്തും ഏത് അവസ്ഥയിലും ഏത് ശാസ്ത്രത്തിലൂടെ പറയുവാൻ ശ്രമിച്ചാലും ആത്യന്തികമായി ഈ മൂന്നു തന്നെ ആയിരിക്കും.
ഗൃൃ നിഗരണേ, എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കരുത്. ( വായിലൂടെ നിങ്ങൾ കഴിക്കുന്ന അന്നമായാലും ഇന്ദ്രിയങ്ങളിലൂടെ നിങ്ങൾ സ്വീകരിക്കുന്ന വിഷയമായാലും എല്ലാം ഭക്ഷണം ആണ്. അത് ഏത് സ്വീകരിക്കണം ഏത് സ്വീകരിക്കരുത് എന്ന് മനസ്സിലാക്കുക)
ഗൃ വിജ്ഞാനേ, ഏത് ജ്ഞാനത്തെ സ്വീകരിക്കണം ഏതിനെ നിഷേധിക്കണം. ( അറിവ് ആണ് നമ്മളെ നയിക്കുന്നത്, പക്ഷെ അറിവിനെ ബോധിക്കണമെങ്കിൽ നമുക്ക് ഏത് സ്വീകരിക്കണം ഏതാണ് നിഷേധിക്കേണ്ടത് എന്നു മനസ്സിലാക്കാനാകണം.)
ഗൃ ശബ്ദേ, എന്ത് പറയണം എന്ത് പറയരുത്. (അറിയുന്നത് പറയുക എന്നത് നമ്മളുടെ ശീലമാണ്, പക്ഷെ എവിടെ പറയണം ആരോട് പറയണം എന്തിന് പറയണം ഏത് പറയണം ഇതാണ് നാം പഠിക്കേണ്ടത്. )
ഇതിനെ ആധാരമാക്കിയാണ് ഒരു വ്യക്തിയുടെ ജീവിത ചര്യ മുൻപിലേക്ക് സ്വസ്ഥമായി പോകുക. ഈ കാര്യങ്ങളെ മനസ്സിലാക്കാനായാൽ ഒരു വ്യക്തി സ്വസ്ഥവൃത്തനായിരിക്കും.
ഇത്ര മാത്രമേ ഒരു ഗുരുനാഥന് തന്റെ കൂടെയുള്ള കുട്ടിക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കൂ. പക്ഷെ അത് ഓരോ ഗുരുനാഥനും കൂടെയുള്ള കുട്ടിയുടെ സംസ്കാരം സ്വഭാവം എല്ലാം നോക്കി അതിന് പല വഴിയാകും സ്വീകരിക്കുക. ചിലപ്പോ സുകുമാര കവിയ്ക് കൊടുത്ത പോലെ ചീത്തയും ഭർത്സ്നവും ആകും. ചിലപ്പോ ആട്ടിയോടിക്കലാകും. ചിലപ്പോൾ സൌമനസ്യമാകും. നമ്മുടെ കുറവുകളെ മാറ്റുന്നതിന് ഉള്ള ഉപാധിയാകും അദ്ദേഹത്തിന്റെ വഴി. അത് വ്യക്തിനിഷ്ഠവുമായിരിക്കും.
ഇതെല്ലാം കഴിഞ്ഞ് നാം നാമായി കഴിയുമ്പോൾ, നമ്മളെ നാമാക്കിയ അവർക്ക് എന്ത് ഗുണമെന്നു ചോദിച്ചാൽ, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കുറെ സമയം നമുക്ക് നൽകിയതും, സ്വധർമ്മം അനുഷ്ഠിച്ചത് കൊണ്ടുള്ള, അല്ലെ തന്നെ താനാക്കിയ പരമ്പരയോടുള്ള ഋണം തീർക്കാൻ സാധിച്ച ചെറിയ ഒരു സന്തോഷവും. അത്രയൊക്കെയുള്ളു ആ വേഷത്തിന് അവർക്ക് കിട്ടുന്ന സമ്പാദ്യം. ( പ്രത്യേക ശ്രദ്ധക്ക് - ഇന്നത്തെ കാശു കൊടുത്ത് മേടിക്കുന്ന ദീക്ഷാ സംപ്രദായത്തെ അല്ല ഇവിടെ പറഞ്ഞിരിക്കുന്നത്) .
ഇതെല്ലാം തിരിച്ചറിഞ്ഞ് മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളെ ഉറപ്പിച്ച് ജീവിച്ചു കാണിക്കാനായാൽ അതു തന്നെയാകും നമുക്ക് ഗുരുക്കന്മാർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.
ശ്രീ ഗുരുഭ്യോ നമഃ 🙏
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment