Monday, December 11, 2023

ആരാണ് അദ്ധ്യാപക/ൻ ? ഗുരു ? ആചാര്യൻ?

 ആരാണ് അദ്ധ്യാപക/ൻ ? ഗുരു ? ആചാര്യൻ?

ഗുരു ആചാര്യൻ ഇവയെല്ലാം ഒരേ വാക്കിന്റെ പര്യായങ്ങളായാണല്ലോ മനസിലാക്കാറ്. ഇവരെല്ലാവരും വേദാദി ശാസ്ത്രങ്ങളിലൂടെ നമ്മളെ ഉപദേശിക്കുന്നവരും ജ്ഞാനത്തിലൂടെ നമ്മെ മോക്ഷത്തിലേക്ക് നയിക്കുന്നവരും ആണ്. പക്ഷെ ഇവരിൽ ഓരോത്തരുടേയും ധർമ്മം വെവ്വേറെ ആണ് . ആ ധർമ്മത്തെ
ഓരോ പദത്തേയും അതിന്റെ അർത്ഥത്തേയും വ്യാഖ്യാനിച്ചു കൊണ്ട് പല രീതിയിൽ മനസിലാക്കാം.
ശാസ്ത്രാദി കാര്യങ്ങളെ ധ്യാപനം ചെയ്യുന്നവൻ അഥവാ വീണ്ടും വീണ്ടും ഉച്ചരിക്കുവാൻ പഠിപ്പിക്കുന്നവനാണ് അദ്ധ്യാപക/ൻ.
ഗുരു എന്നതുകൊണ്ട് ഗൃണാതി ഉപദിശതി, കൂടെ തന്നെ നിർത്തി ഉപദേശത്തെ നിർദേശത്തെ നൽകുന്നവനാണ്.
ആചാര്യ/നാകട്ടെ ശാസ്ത്രാർത്ഥങ്ങളെ സ്വയം ആചരിക്കുകയും, താൻ ആചരിച്ചത് ശിഷ്യന് പകർന്നു കൊടുക്കുകയും ശിഷ്യ/നിൻ തന്നേക്കാൾ ഉന്നതി ഇച്ഛിക്കുകയും ചെയ്യുന്നതാരാണോ അതാണ് ആചാര്യ/ൻ.
പഠനകാലത്ത് ഗുരുനാഥൻ പറഞ്ഞു തന്നതായ ഒരു ഉദാഹരണമാണ് ഈ തത്ത്വത്തെ എന്റെ മനസിൽ ഉറപ്പിച്ചത്.
നമുക്ക് ഒരു നദിക്കപ്പുറമുള്ള ഒരു സ്ഥലത്ത് എത്തണം എന്നു വിചാരിക്കുക.
അദ്ധ്യാപക/ൻ നമുക്ക് വഴികാട്ടുന്ന ആളാണ്
അതായത് നമ്മൾ നദി കടക്കുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ കൃത്യമായ വഴിയും രീതിയും കടത്തുവഞ്ചിയുടെ സമയവും
നദിതരണം ചെയ്യിപ്പിക്കുന്ന വഞ്ചിക്കാരനെയും പറഞ്ഞു തരുന്ന ആൾ.
ഈ വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ അറിവ് പൂർണമാകണമെന്നോ നിങ്ങൾ അവിടെ എത്തണമെന്നോ, നിങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നോ ചിന്തിക്കേണ്ട ആവശ്യമേയില്ല. നിങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം തരുക എന്നതുമാത്രമാണ് ഇവിടെ ധർമ്മം. അദ്ദേഹം അവിടെ പോയിട്ടുണ്ടോ അനുഭവിച്ചിട്ടുണ്ടോ ഇതൊന്നും ഇവിടെ പ്രസക്തമല്ല. ചോദിച്ച ചോദ്യത്തിന് ഉത്തരം യാത്രയിൽ വഴി തെറ്റിയെന്ന് തോന്നുമ്പോൾ നാം ആരോടെങ്കിലും ചോദിക്കാറില്ലെ. വഴി പറഞ്ഞു തരുക എന്നതുമാത്രമാണ് പറഞ്ഞയാളിന്റെ ഉത്തരവാദിത്തം.
ഗുരുവെന്നാൽ, ഈ നദിയെങ്ങിനെയാണ് കടക്കേണ്ടത് എന്നു ചോദിച്ചാൽ, എങ്ങിനെ പോകണമെന്നു പറഞ്ഞു തരുക മാത്രമല്ല ചെയ്യുക. വഞ്ചിയിൽ നമ്മളെ കയറ്റി നമ്മളുടെ കൂടെ തന്നെ യാത്രചെയ്ത് കരയിലേക്ക് ഇറക്കിവിട്ടിട്ട് ഇനി ഇവിടെ നിന്ന് ഇത്ര ദൂരം കൂടി പോയാൽ നിങ്ങളുടെ സ്ഥാനം എത്തും എന്നുപദേശിച്ച് തിരിച്ചു നടക്കുന്നവരാണ് . ഇവിടെ അനുഭവം പ്രസക്തമാണ്, ഈ സഞ്ചാരത്തിൽ വഴി തെറ്റാൻ സാധ്യതയുണ്ട് അതിനെ മറികടക്കാൻ ശിഷ്യ/ന് ഉറപ്പാക്കും വരെ കൂടെ തന്നെ ഗുരു ഉണ്ടാകും. തുടർന്ന് അവർ ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങും... വീണ്ടും മറ്റൊരു വ്യക്തിക്ക് വേണ്ടി കാത്തിരിക്കുന്നു..
ഈ ചോദ്യം ആചാര്യനോടെങ്കിൽ,
അവർ കാര്യകാരണ സഹിതം ഉപദേശത്തെ തരുന്നു. വരും വരായ്കയെ ഉപദേശിക്കും.യാത്ര ചെയ്യണമെന്നു നാം ഉറപ്പിച്ചാൽ നമ്മളെ വഞ്ചിയിൽ കയറ്റും. അവർ വഞ്ചിയിൽ കയറുകയല്ല ചെയ്യുക, വെള്ളത്തിൽ അവരിറങ്ങി വഞ്ചിയെ തള്ളും. കരയിൽ എത്തുന്നതിന് മുന്പ് വഴിയിൽ ഇനി യാത്രയിൽ ചെയ്യേണ്ട അറിയേണ്ട കാര്യങ്ങളെല്ലാം നമ്മൾക്ക് പകർന്നു തന്നിട്ടുണ്ടാകും. മറുകരയിൽ നമ്മളെ എത്തിച്ചു കഴിഞ്ഞാൽ പിന്നെ അവരില്ല ശ്വാസത്തെ മടക്കി ആ ജലത്തിൽ തന്നെ സമാധിയടയുന്നു. തന്നെപോലെരൊളെ സൃഷ്ടിക്കുക എന്നതാണ് ഇവിടുത്തെ ധർമ്മം.
ജ്ഞാന പദ്ധതിയെ മുന്നോട്ട് നയിക്കാൻ ഈ മൂന്ന് തലവും അത്യാവശ്യമാണ്. വ്യക്തി ഒന്നു തന്നെയാണ്, പക്ഷെ ജ്ഞാനത്തെ പകരുന്നത് ചോദ്യത്തിന്റെ ഇച്ഛയേയും ശുദ്ധതയേയും
അധികരിച്ചായിരിക്കും. ശുദ്ധമായി അറിവിനെ സ്വീകരിക്കുന്ന ശിഷ്യ/ന്റെ ലഭ്യതയെ ആധാരമാക്കിയാണ് ഏത് തലം സ്വീകരിക്കണമെന്ന് തീരുമാനിക്കുക.
ചോദിക്കുന്ന ചോദ്യത്തിന്റെ ആഴമാണ് ഉത്തരത്തിന്റെയും ആഴം.
അറിവ് ജലമാണ്, ഇരിക്കുന്ന ഇടത്തിനനുസരിച്ച് ഏത് അളവിലേക്കും ഒതുങ്ങാനും പരക്കാനും കഴിവുണ്ടതിന്. അത് ഏത് പാത്രത്തിലേക്ക് പകരണമെന്നുള്ളത് പകരുന്നവന്റെ യുക്തിയാണ് .
ശ്രീ ഗുരുഭ്യോ നമ:
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം

No comments:

Post a Comment