എങ്ങിനെ വായിക്കണം...
വായിക്കാൻ എല്ലാവർക്കും അറിയാം.. പക്ഷെ ഇതിനോടൊപ്പം അറിയേണ്ടത് എങ്ങിനെ വായിക്കണം.. എന്തിന് വായിക്കണം...എന്ത് വായിക്കണം എന്നെല്ലാമാണ്...
സ്ഥിരമായി എനിക്ക് വരുന്ന ഒരു ചോദ്യങ്ങളിൽ ഒന്നാണ്, എങ്ങിനെയാണ് ഇത്രയധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങളിൽ നിന്ന് പല തരത്തിലുള്ള വിഷയങ്ങളെ ഓർത്തെടുക്കാൻ സാധിക്കുന്നത്...
ശാസ്ത്രത്തിൽ അതിന് അധികാരി വിഷയം സംബന്ധം പ്രയോജനം എന്നു പറയും... ഇത് പ്രായഭേദമന്യേ ഏതൊരു വായനക്കാരനും ഉള്ളതാണ്.
അധികാരി...
നമ്മുടെ കയ്യിലേക്ക് ഏത് പുസ്തകം കിട്ടിയാലും ആദ്യം നോക്കേണ്ടത് ആ പുസ്തകം വായിക്കുന്നതിന് താൻ യോഗ്യനാണോ എന്നതാണ്. അല്ലായെങ്കിൽ തൽക്കാലം ആ പുസ്തകം തന്റെ ലൈബ്രറിയിൽ സൂക്ഷിച്ചു വക്കുക. നമ്മൾക്ക് വായിക്കാറാകുമ്പോൾ അത് വായിക്കാം..
അതിന് കാരണം...
ഓരോ വിഷയവും പഠിക്കുന്നതിന് ഒരു വഴിയുണ്ടാകും. അതാതു മാർഗ്ഗത്തിലൂടെ നടന്ന് നമുക്ക് കിട്ടിയ പുസ്തകം വായിക്കാൻ നമുക്ക് യോഗ്യതയായി എന്നു തോന്നുമ്പോൾ മാത്രമേ വായിക്കാവൂ.. അല്ലായെങ്കിൽ ആ വിഷയം നിങ്ങളുടെ സ്വന്തം മാർഗ്ഗത്തിന് തടസ്സമാകുക മാത്രമല്ല ബുദ്ധിഭ്രംശത്തേയും ഉണ്ടാക്കും.
ഉദാഹരണത്തിന് ആയുർവേദത്തിലെ അഷ്ടാംഗസംഗ്രഹം എന്ന പുസ്തകം വായിച്ചു മനസ്സിലാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് പദാർഥവിജ്ഞാനീയം പഠിച്ചേ തീരൂ.
വിഷയാസ്പദമായ ഒരു പുസ്തകം കിട്ടിയാൽ, അതെങ്ങിനെ വായിച്ചാലാണ് മനസ്സിലാക്കാനാകുക എന്ന് യോഗ്യരായ ആളുകളിൽ നിന്ന് മനസ്സിലാക്കി ആ രീതിയിൽ മാത്രം വായിക്കുവാൻ ശ്രമിക്കുക.
വിഷയം.
നാം വായിക്കുന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കമാണ് വിഷയം. കൃത്യമായി താനേത് വിഷയത്തെയാണ് വായിക്കുന്നത് എന്നു മനസ്സിലാക്കി വായിക്കുവാൻ ശ്രമിക്കുക.
സംബന്ധം
നാം വായിക്കുന്ന ഗ്രന്ഥത്തിനും വിഷയത്തിനും പരസ്പര ബന്ധം ഉണ്ടാകണം. തൻ്റെ വിചാരത്തിന് അനുയോജ്യമല്ലാത്ത ഗ്രന്ഥം വായിക്കാതെ ഇരിക്കുക. വ്യക്തമായി നമുക്ക് അറിയേണ്ട വിഷയത്തെ, നമ്മളുടെ യോഗ്യതയെ മനസ്സിലാക്കി ആ തലത്തിലുള്ള പുസ്തകം മാത്രം വായിക്കുവാൻ ശ്രമിക്കുക.
പ്രയോജനം
നാം വായിക്കുന്ന പുസ്തകം നമുക്ക് എന്ത് ഗുണമാണ് തരുക അതാണ് പ്രയോജനം. ഏതൊരു പുസ്തകവും വായിച്ചു കഴിയുമ്പോൾ അതിന്റെ ഗുണം നമ്മളിൽ ഉണ്ടാകേണ്ടതാണ്. അതു കൊണ്ട് ഗ്രന്ഥങ്ങളെ വായിക്കുവാൻ എടുക്കുമ്പോൾ തനിക്ക് ജീവിതത്തിൽ പ്രയോജനം നൽകുന്ന പുസ്തകങ്ങളെ തിരഞ്ഞെടുക്കുവാൻ പഠിക്കുക.
ഇത്തരത്തിൽ വായിച്ചാലുള്ള ഗുണം, ഓരോ പുസ്തകങ്ങളും അടുക്കും ചിട്ടയോടും കൂടി ഒരു അലമാരയിൽ വിഷയാസ്പദമായി വക്കുന്നതുപോലെ നമ്മളുടെ ഉള്ളിൽ ഇരിക്കും. പരസ്പര ബന്ധത്തോടു കൂടി, കാര്യകാരണത്തോടു കൂടി വായിച്ചിരിക്കുന്നത് കൊണ്ട് ഒരു നൂലിൽ കോർത്ത മുത്തുപോലെ ഒന്നിനു പുറകെയെന്ന പോലെ നിങ്ങൾക്ക് ഓർത്തെടുക്കാനാകും.
നേർവിപരീതമായി ചെയ്യുമ്പോൾ, അടുക്കും ചിട്ടയുമില്ലാതെ വക്കുന്ന അലമാര പോലെയാകും നമ്മളുടെ ഉള്ളും. പരസ്പര ബന്ധമില്ലാതെ വിഷയങ്ങൾ നിങ്ങൾക്ക് കോർത്തിണക്കാൻ സാധ്യമാകാതെ വരും. ഇതിൽ നിന്ന് ആവശ്യവും അനാവശ്യവും ഏതെന്നു തിരിച്ചറിയാനാകാതെ വരും..
ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം സ്വയം ജീവിച്ചത് വായനശാലയിൽ ലൈബ്രേറിയനായിട്ടാണ്. അതുകൊണ്ട് തന്നെ മുകളിലെഴുതിയത് എന്റെ സ്വാനുഭവം കൂടിയാണ്.
പുസ്തകങ്ങൾ രസിച്ച് വായിക്കുക... ഏത് വായിക്കരുത്.. ഏത് വായിക്കണം എന്ന വിവേചന ബുദ്ധിയോടു കൂടി വായിക്കുവാൻ ശ്രമിക്കുക... അതിന് ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടെ...
No comments:
Post a Comment