ബുദ്ധഗയാ... ഒരു അവലോകനം
ഗയാ എന്ന പേരു കേട്ടാൽ ആരായാലും ഓർക്കുക ബുദ്ധനെയാണ്. കാരണം ബുദ്ധഗയാ എന്ന് നാം പറയുന്നത് തന്നെ സാക്ഷാത് ബുദ്ധന് ബോധോദയം ഉണ്ടായ സ്ഥലമെന്ന രീതിയിലാണ്. ഈ ബുദ്ധൻ എന്തുകൊണ്ട് ഗയാ തന്നെ തന്റെ പ്രാർഥനക്ക് തിരഞ്ഞെടുത്തു എന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അദ്ദേഹം ഏഴു ആഴ്ചയിലധികം ഒരു സ്ഥലത്ത് തന്നെ അതും ഗയയിൽ തന്നെ ഇരിക്കാൻ ഉള്ള കാരണം എന്തായിരിക്കും ?
ഈ ചോദ്യം വർഷങ്ങൾക്കു മുന്പ് ലളിത വജ്രയാനം മനസ്സിലാക്കുവാൻ ശ്രമിക്കുന്ന സമയം ചോദിച്ചതാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞാൽ ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലം ആണോ, അതോ ബോധോദയം കിട്ടാനിടയാക്കിയ സ്ഥലമാണോ ഗയാ എന്ന് നമുക്ക് മനസ്സിലാകും. ഗുരുവായൂരിൽ ഭജന ഇരുന്നു ഒരു വ്യക്തിക്ക് ബോധോദയം ഉണ്ടായാൽ തീർച്ചയായും ബോധോദയം കിട്ടിയ വ്യക്തിയേയും നമസ്കരിക്കണം എന്നതിൽ സംശയമില്ല. പക്ഷെ അതേ സമയം തന്നെ അത്തരത്തിൽ ബോധോദയം ഉണ്ടാകാൻ ഇടയാക്കിയ സ്ഥലത്തിന്റെ മാഹാത്മ്യം കൂടി ചിന്തനീയമാണല്ലോ.
വിഷ്ണുപാദ ക്ഷേത്രത്തിലാണ് നാം ഗയാ ശ്രാദ്ധം അതായത് പിതൃക്കൾക്ക് ശ്രാദ്ധം ചെയ്യുന്നത്. ഇത് ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലത്ത് നിന്ന് 9-10 കിലോമീറ്റർ ദൂരത്താണ്. എന്താണ് ഇവ തമ്മിലുള്ള ബന്ധം.
ബുദ്ധഗയ സന്ദർശിച്ച് ബോധി വൃക്ഷത്തെ നമസ്കരിക്കുന്ന ആരും തന്നെ അതിന്റെ തന്നെ തൊട്ടടുത്ത് ജീർണശീർണമായി സ്ഥിതിചെയ്യുന്ന സോമേശ്വര മൂർത്തിയെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. രുദ്ര രൂപത്തിൽ ദേവനും, വൈഷ്ണവ ഭാവത്തിൽ അന്നപൂർണയും സ്ഥിതി ചെയ്തിരുന്ന ക്ഷേത്രമാണ്. ഇന്ന് ഇതെ ക്ഷേത്രം കാണപ്പെടുന്നത് ആളുകളുടെ സമാധി സ്ഥാനമായിട്ടാണ്. ക്ഷേത്രമെന്നു പറയാനാകാത്ത വിധത്തിൽ, തിരിച്ചറിയാനാകാത്ത വിധത്തിൽ ജീർണമായി കഴിഞ്ഞു. എത്ര നാൾ അതുണ്ടാകുമെന്നും അറിയില്ല.
ഈ ദേവന്റെ ക്ഷേത്രപരിധിയിലാണ് ബുദ്ധന് ബോധോദയം കൊടുത്തു എന്നു പറയുന്ന അശ്വത്ഥവൃക്ഷം. ക്ഷേത്രത്തിനു ചുറ്റും സമാധികളുണ്ടാക്കി മതിലു കെട്ടി പരിധി നിർണയിച്ചതോടു കൂടി ഈ ക്ഷേത്രത്തിലുൾപ്പെടുന്ന ഭാഗമാണ് എന്ന് ആർക്കും മനസ്സിലാകില്ല. അധികം ആരും അങ്ങോട്ട് പോകുകയുമില്ല. ഇന്നു ചെന്നപ്പോഴും ഇതെ ക്ഷേത്രത്തിന്റെ മുകളിലെ നിലയിൽ ഇരുന്നു ഭജിക്കുന്ന ബൌദ്ധഭിക്ഷുക്കളെ കണ്ടിരുന്നു. എന്തുകൊണ്ടാകും ഇത്രയും സ്ഥലമുണ്ടായിട്ടും ഈ പഴയ ഇടിഞ്ഞു വീഴാറായ ക്ഷേത്രത്തിന്റെ മുകളിൽ ഇരുന്ന് ഭജിക്കുന്നത്. ബുദ്ധഗയയിൽ പ്രധാന മൂർത്തിയായ ബുദ്ധന്റെ അവിടെ തന്നെ നിങ്ങൾക്ക് അന്നപൂർണാ ദേവിയുടെ ബോർഡും കാണാം. എന്തുകൊണ്ടാണ് ഇവിടെ അന്നപൂർണാ.
വായു പുരാണത്തിൽ ഗയാ മാഹാത്മ്യം പറയുന്നത്, പഞ്ചക്രോശം ഗയാ ക്ഷേത്രം എന്നാണ്. അതായത് ഏകദേശം നമുക്ക് പതിനൊന്നു കിലോമീറ്റർ എന്നു പറയാം. അതിൽ ത്രൈലോക്യത്തിലുള്ള സർവ തീർഥങ്ങളും അടങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. വിഷ്ണുവും, ശിവനും ബ്രഹ്മദേവനുമുൾപ്പടെ സകല ദേവതകളും ഒരുമിച്ചിരിക്കുന്ന സ്ഥലം കൂടിയാണ് ഗയാ. ഗയാസുരന്റെ കഥയുമായി ചേർത്തും ഗയാ എന്ന രാജാവിന്റെ പേരിനെ ചേർത്തും ഇവിടെ ഐതിഹ്യം പറയുന്നുണ്ട്. ബ്രഹ്മ ജ്ഞാനത്തിന് ആധാരമായി ഇരിക്കുന്ന ഗയാ എന്ന ഈ സ്ഥലത്താണ് അക്ഷയവടമെന്ന വടവൃക്ഷമുള്ളത്.
അശ്വത്ഥ രൂപോ ഭഗവാൻ വിഷ്ണുരേവ ന സംശയഃ
രുദ്രരൂപോ വടസ്തദ്വത് പലാശോ ബ്രഹ്മരൂപധൃക്
ദർശന സ്പർശനാദേവ തേ വൈ പാപഹരാഃ സ്മൃതാഃ
അശ്വത്ഥരൂപത്തിലിരിക്കുന്നത് സാക്ഷാത് വിഷ്ണു തന്നെയാണ്, രുദ്രരൂപമാണ് വടവൃക്ഷം. പലാശമാകട്ടെ ബ്രഹ്മരൂപമാണ്. ഇതിന്റെ സ്പർശനം കൊണ്ട് തന്നെ സർവ പാപങ്ങളും ഹരിക്കപ്പെടുമെന്നാണ്.
ഇതാണ് ഗയയുടെ പ്രത്യേകതയും.
ഗയാഗജോ ഗയാദിത്യോ ഗായത്രീ ച ഗദാധരഃ
ഗയാ ഗയാസുരശ്ചൈവ ഷഡ്ഗയാ മുക്തിദായികാഃ.
പരമമായ മുക്തിയെ പ്രദാനം ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ഗയാ. പ്രത്യേകിച്ച് വിഷ്ണുപാദത്തിൽ പിണ്ഡദാനം കൊണ്ട് പിതൃക്കൾക്കും രുദ്രസ്ഥാനത്ത് വ്യക്തികൾക്ക് പരമ ജ്ഞാനവും, അന്നപോഷണ രൂപിണിയായ അന്നപൂർണയെ കൊണ്ട് രോഗമുക്തിയും. ഇതാണ് ഗയയുടെ പ്രത്യേകതയും. ഇവിടെ ബ്രഹ്മജ്ഞാനം കൊണ്ട് മുക്തിലഭിക്കുമെന്നതിൽ സംശയമില്ലായെന്ന് ഗയാമാഹാത്മ്യം തന്നെ ഉറപ്പിച്ചു പറയുന്നു.
ബുദ്ധന് ബോധം കിട്ടുന്നതിനേക്കാൾ എല്ലാം അനേകം വർഷങ്ങള്ക്കു മുൻപ് തന്നെ ഇതെ ഗയയെ മോക്ഷദായിനീ എന്നും മുക്തി ദായിനീയെന്നും ആചാര്യന്മാരു വിശേഷിപ്പിച്ചിട്ടുണ്ട്. അതെന്തുകൊണ്ടാകും. ഉത്തരം വളരെ സരളമാണ്, ബുദ്ധനേക്കാൾ എല്ലാം വളരെ പണ്ട് തന്നെ ഗയാ പരമജ്ഞാനത്തെ പ്രദാനം ചെയ്യുന്ന സ്ഥലമായതുകൊണ്ടാണ്.
ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലമായത് കൊണ്ടല്ല ഗയ ഗയയാത്, ബുദ്ധന് ബോധത്തെ പ്രദാനം ചെയ്ത സ്ഥലമായതുകൊണ്ടാണ്. ഗയയെന്താണെന്ന് ആരെങ്കിലും ഇനി ചോദിച്ചാൽ, ബുദ്ധന് ബോധോദയം കിട്ടിയ സ്ഥലമല്ല, ബോധത്തെ പ്രദാനം ചെയ്ത സ്ഥലം എന്നു ഉത്തരം പറയണമെന്ന് അർഥം.
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment