ഋഗ്വേദം- ബ്രഹ്മണാം ബ്രഹ്മണസ്പതേ
ഇന്ന് ഋഗ്വേദത്തിലെ രണ്ടാമത്തെ അഷ്ടകത്തിലെ ഗണാനാം ത്വാ എന്ന മന്ത്രം കാണുകയുണ്ടായി. അതിൽ ബ്രഹ്മണാം ബ്രഹ്മണസ്പതേ എന്നതിന് അർഥമായി കണ്ടത് ബ്രഹ്മജ്ഞരുടെ ബ്രഹ്മജ്ഞപാലയിതാവേ എന്നാണ്. അതിന്റെ ബാക്കി അർഥമെന്തൊക്കെയാണ് എഴുതിയിരുന്നത് എന്നു ചോദിക്കരുത്. കാരണം സായണൻ പോലും ആത്മഹത്യ ചെയ്യും.
ഇനി ഇതിന്റെ പൂർണാർഥത്തെ നോക്കാൻ സായണ ഭാഷ്യം നോക്കിയാൽ, അതിന് മന്ത്രാണാം സ്വാമിനം എന്നു അർഥം പറയുന്നത്. അവിടേയും ഈ ബ്രഹ്മണത്വത്തിന് മന്ത്രങ്ങളുടെ എന്ന അർഥം സ്വീകരിച്ചത് എങ്ങിനെയെന്ന് പറയുന്നില്ല.
ബ്രഹ്മണസ്പതി എന്നാൽ ബ്രഹ്മണസ്പതിർബ്രഹ്മണഃ പാതാ വാ പാലയിതാ വാ എന്ന് നിരുക്തം വ്യക്തമായി പറയുന്നു. ഇവിടെ ബ്രഹ്മം എന്നാൽ ബൃഹ് വർദ്ധതെ ഇതി ബ്രഹ്മ, പ്രാണന്റെ വർദ്ധനയാണ് സൃഷ്ടി. ആ വർദ്ധനയാകട്ടെ അക്ഷരങ്ങളിലൂടെ ഉണ്ടാക്കപ്പെടുന്ന നാമരൂപങ്ങളായിട്ടാണ്.
ഭാരതത്തിലെ ഏതൊരു വിഷയവും ബ്രഹ്മാണ്ഡത്തേയും പിണ്ഡാ ണ്ഡത്തേയും ചേർത്താണ് പറയുക. അതുകൊണ്ട് ഇതിനെ ബ്രഹ്മാണ്ഡത്തെ ആധാരമാക്കി ചിന്തിച്ചാൽ, മേഘത്തിലെ ജലത്തിന്റെ രക്ഷകനും പാലകനുമായ വായുവാണ് ബ്രഹ്മണസ്പതി. അത് മേഘജലത്തെ രക്ഷിക്കുകയും അതുപോലെ അതിനെ വ്യാപിക്കുകയും വേണ്ട സ്ഥലത്ത് ഒഴുക്കുകയും ചെയ്യും. ഇവിടെ വായു, അഗ്നി, ജലം ഇവയുടെ പ്രവർത്തനം നമുക്ക് കാണാം.
ഇതിനെ തന്നെ പിണ്ഡാണ്ഡത്തിലേക്ക് യോജിപ്പിച്ചാൽ, നമ്മൾ പ്രാണൻ ശരീരത്തിലേക്ക് സ്വീകരിക്കുന്നു എന്നതു കൊണ്ട് മാത്രം കൊണ്ട് ജീവൻ നിലനിൽക്കില്ല, ആ പ്രാണനിൽ നിന്ന് അഗ്നിയും അതിൽ നിന്ന് ജലവും അതിന്റെ തുടർച്ചയായ ഗതിയും ഉണ്ടാകണം. എന്നാൽ മാത്രമെ ശരീരത്തിന്റെ സപ്തധാതുക്കളും കൃത്യമായി നിലനിൽക്കൂ. ശരീരത്തിലെ പ്രാണാഗ്നിസംയോഗത്താൽ രക്തരൂപമായ ജലം ശരീരം മുഴുവൻ വ്യാപിക്കുന്നു. അതിന് ആധാരമായി നിൽക്കുന്നത് പ്രാണനാണ്. ഈ പ്രാണനാണ് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും സംയോജിപ്പിക്കുന്നത്. നാഡികളിലുള്ള ഈ പ്രാണന്റേയും ജലസ്വരൂപമായ രക്തത്തിന്റേയും ഗതിയാണ്, സൃഷ്ടിയുടെ മൂലമായി ഇരിക്കുന്ന അക്ഷരസ്വരൂപമായ ശബ്ദത്തിനും, ശരീരത്തിന്റെ തന്റെ പ്രവൃത്തിക്ക് ആധാരമായി ഇരിക്കുന്ന നാദത്തിനും കാരണമായി നിൽക്കുന്നത്.
നാം സംസാരിക്കുമ്പോൾ കേൾക്കുന്നത് ശബ്ദമായിട്ടാണ്, എന്നാൽ പുറത്തേക്ക് വരുന്നത് പ്രാണനും അഗ്നിയുമായിട്ടാണ്. മൂക്കിൽ കൈ വച്ചാൽ മതി പ്രാണന്റെ ഗതിയേയും, അതിന്റെ അഗ്നിഭാവത്തേയും മനസ്സിലാക്കാൻ. പ്രാണാഗ്നികളുടെ സഹായത്തോടു കൂടി ഓടുന്ന രക്തത്തിന്റെ ഗതി വേഗമാണ് ശബ്ദം ഉണ്ടാകുന്നതിന് കാരണവും.
ഇപ്രകാരം ഉണ്ടാകുന്ന അക്ഷരസ്വരൂപമായ, ഗണരൂപമായ ഭാവത്തെ നിലനിർത്തുന്നത് പ്രാണൻ തന്നെയാണ്. ഈ പ്രാണസ്വരൂപത്തെയാണ് ബ്രഹ്മണസ്പതി എന്ന പേരിൽ ആചാര്യന്മാരു പറയുന്നത്. അതായത് ബൃഹ് വര്ദ്ധതെ എന്ന ധാത്വർഥത്തിൽ വൃദ്ധിക്ക് കാരണവും, അതിലൂടെ സൃഷ്ടിയുടെ മൂലരൂപമായ പ്രണവതലത്തിലും, അക്ഷരങ്ങളുടെ വർദ്ധനക്കും കാരണ രൂപനായ ദേവനെയാണ് ബ്രഹ്മണസ്പതേ എന്നു പ്രാർഥിക്കുന്നത്.
സൂര്യനെപ്രകാരമാണോ അന്തരീക്ഷത്തിലെ പ്രാണനുമായി ചേർന്ന് ജലത്തെ വർഷിച്ച് ഭുവനത്തിന് ആധാരമായി സ്ഥിതിചെയ്യുന്നത് അതുപോലെ സ്വയം ഈ പ്രാണൻ ഇപ്രകാരമുള്ള വർഷത്തെ ചെയ്ത് ശരീരമാകുന്ന ത്രിലോകങ്ങളേയും പ്രാണനായും അതുപോലെ ജലമായും സംരക്ഷിക്കുന്നു എന്നാശയം.
മന്ത്രങ്ങളുണ്ടാകുന്നത് അക്ഷരങ്ങളലൂടെയാണ് അതാണ് സായണൻ തന്റെ ഭാഷ്യത്തിൽ മന്ത്രസ്വാമിയെന്നു തന്നെ ബ്രഹ്മണസ്പതി ശബ്ദത്തിന് അർഥം പറയുന്നതിന് കാരണം. ഇനി അതിനു മുന്പുള്ള ജ്യേഷ്ഠരാജം എന്നതിലെ ജ്യേഷ്ഠശബ്ദത്തിന് അതിശയേന വൃദ്ധഃ എന്നാണ് അർഥം. വൃദ്ധിയെ പ്രാപിക്കുന്നത് എന്തോ അതാണ് ജ്യേഷ്ഠത്വം.
ഇപ്രകാരം സാമാന്യാർഥത്തിലല്ല ഇവിടെയുള്ള പ്രയോഗങ്ങളൊന്നും തന്നെ. ഇത്രയും സൂക്ഷ്മമായി ശരീരത്തിന്റെ പ്രവൃത്തികളെ പറയുന്നതാണ് ഈ മന്ത്രങ്ങൾ.
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment