ദേവതാ നിശ്ചയം.....
(ആദ്യമേ തന്നെ പറയട്ടെ, ഇത് തന്ത്രപ്രധാനമായ വിഷയമായിട്ടാണ് എഴുതുന്നത് , അതുകൊണ്ട് തന്നെ വ്യക്തിപരമായ ഭക്തിയേയും വേദാന്തത്തേയും ഇവിടെ യോജിപ്പിക്കരുത്)
കേരളത്തിൽ ഇന്നു ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന, അല്ലെങ്കിൽ അഭിമുഖീകരിക്കുന്ന ഒരു വിഷയമാണ് ദേവതയെ നിശ്ചയിക്കുന്നത്. അത് ക്ഷേത്രത്തിലാകാം വ്യക്തിഗതമായി കുടുംബത്തിലെ ആകാം. താന്ത്രിക വിഷയത്തിൽ യുക്തിപൂർവം ചെയ്യേണ്ട കാര്യങ്ങളാണ് ഇത് എന്നതിൽ ഒരു സംശയമില്ല. പക്ഷെ കണ്ടിടത്തോളം ഈ വിഷയത്തിന്റെ പ്രാധാന്യം എത്ര പേർ സീരിയസായി ചിന്തിച്ച് പറയുന്നുണ്ട്, പറയുന്നവർ താന്ത്രികമായ തലത്തെ എത്ര ചിന്തിച്ചാണ് പറയുന്നത് എന്നു സംശയം തോന്നാറുണ്ട്. ഒരുപാടു സംശയങ്ങൾ ഇന്ബോക്സിലും അല്ലാതേയും വന്നതുകൊണ്ട് എന്റെ അഭിപ്രായം ഇവിടെ പറയുന്നു.
ഇന്ന് കേരളത്തിൽ ദേവീ ക്ഷേത്രങ്ങളിൽ ചെന്ന് ഏത് ദേവതയുടെ വിധാനം എന്ന് ചോദിച്ചാൽ ദുർഗയാണെന്നാണ് പറയുക, അല്ലായെങ്കിൽ കാളി. അത് ക്ഷേത്രമായാലും കാവായാൽ പോലും കേട്ടിട്ടുണ്ട്. ഇവിടെ ചോദ്യം, ദുർഗയാണെന്നു ചിന്തിച്ചാൽ തന്നെ, ഏത് ദുർഗയാണ് ? അതായത് ദുർഗ്ഗയെന്നു പറയുന്നത്, ഭഗവതിയായ ദുർഗ്ഗയാണോ പരമേശ്വരിയായ ദുർഗ്ഗയാണോ ?
ഇതിനെ കുറിച്ചു കൂടി മനസ്സിലാക്കാൻ, ചോദ്യം കുറച്ചു കൂടി വ്യക്തമാക്കാം.
ഇവിടെ പറയുന്ന ദുർഗ്ഗ, ദേവിയാണോ, ഭഗവതിയാണോ, ഈശ്വരിയാണോ. സർവേശ്വരിയാണോ പരമേശ്വരിയാണോ ?
ഇത് ചോദിക്കുവാൻ കാരണം മുകളിൽ പറഞ്ഞിരിക്കുന്ന ഓരോന്നിനും പ്രത്യേകം മന്ത്ര വിധാനമുണ്ട്. ഭഗവതിയുടെയും ഈശ്വരിയുടെയും കർമ്മവും വേറെ വേറെയാണ്. അതുകൊണ്ട് തന്നെ മൂലാക്ഷരവും വേറെയാണ്. ബാലാ ഭഗവതി എന്നു പറയില്ല ബാലാ പരമേശ്വരിയെന്നേ പറയൂ. കാരണം ആ ദേവതക്ക് ആ സ്ഥാനമാണ് ഉള്ളത്. അങ്ങിനെയാണെങ്കിൽ ഇവിടെ പറയുന്ന ദുർഗ്ഗ ഏത് ദുർഗ്ഗയാണ് ?
മന്ത്രങ്ങളെ കണ്ടാൽ ഏതാണ് അതിന്റെ സ്വരൂപമെന്നും, അവരുടെ കർമ്മമേതെന്നും, നേരേ തിരിച്ച് ബിംബം കണ്ടാൽ മന്ത്രമേതെന്നും മനസ്സിലാക്കാനുള്ള വിധാനം തന്ത്രത്തിലുണ്ട്. ആ സ്ഥാനമറിയാതെ ദേവതയെ മുകളിലേക്കോ താഴേക്കോ കൊണ്ടു പോകുന്നത് തന്ത്രമനുസരിച്ച് യുക്തമാകില്ല. ഒരു പ്രധാനമന്ത്രിയെ പിടിച്ച് ക്ലർക്കും, അതുപോലെ തിരിച്ചും ആക്കുന്നതുപോലെയാകും തന്ത്രത്തിലെ അവസ്ഥ. അത് നാശത്തിലെ കലാശിക്കൂ.
ഇനി ദേവതയെ നിർണയിക്കുമ്പോൾ തന്നെ, ഏത് രൂപത്തിലാണോ അവരു സ്ഥിതി ചെയ്യുന്നത് അവരുടെ കര്മ്മത്തേയും യോജിപ്പിച്ചിട്ടുണ്ടാകും. അപ്പോഴാണ് അവരുടെ രൂപ പരിണാമം നാം കാണുന്നത്. അതായത് സ്ഥിതിമൂർത്തിയാണെങ്കിൽ സ്ഥിതിയിലെ തന്നെ മൂന്നും, അതിന്റെ തുടർച്ചയായും വരുന്ന കർമ്മങ്ങളിൽ ഏത് കർമ്മമാണ് നാം കാണുന്ന ബിംബത്തിലേക്ക് യോജിപ്പിച്ചിരിക്കുന്നത് അതനുസരിച്ച് ദേവതയുടെ സ്വരൂപം മാറും. അതനുസരിച്ചായിരിക്കും അവരുടെ സ്ഥിതിയും കയ്യിലുള്ള ആയുധങ്ങളും, അവരുടെ സപരിവാരവും ചിന്തിക്കുന്നത് തന്നെ. അതായത് ദേവി കയ്യിൽ അന്നം പിടിച്ചിരിക്കുമ്പോൾ സപരിവാരം അതുമായി ബന്ധപ്പെട്ടേ വരൂ, അല്ലാതെ അതുമായി ചേരാത്ത യുദ്ധമൂർത്തികൾ ആകില്ലായെന്നത് സാമാന്യ യുക്തിയാണ്.
ഒരു സ്ഥലത്ത് കാളിയെന്നു പറയുന്നത് മാത്രമല്ല, ആ കാളിയുടെ ധർമ്മം ആ സ്ഥലത്ത് എന്താണ്, ഏതാണ് മന്ത്രം,അതിന്റെ ഘടനയെന്താണ് എന്നു പറയേണ്ടത് കൂടി ആവശ്യമാണ്.
അതായത് ഒരു ദേവതയിന്നതാണ് എന്നു പറഞ്ഞാൽ മാത്രം പോരാ, ആ ദേശത്തിൽ ആ ദേവത ഏത് സ്വരൂപത്തിലാണ് ഇപ്പോൾ ഉള്ളത്, ആ സന്നിധാനത്ത് എന്താണ് അതിന്റെ ധർമ്മം, അതിനോടു ബന്ധപ്പെടുത്തി നിൽക്കുന്ന സപരിവാരം എന്താണ് എന്നിങ്ങനെ കുറെ ചോദ്യങ്ങളു കൂടി നാം പറയേണ്ടതായി വരും. അപ്പോഴെ അത് പൂർണ്ണമാകൂ
ഇതിന് വേണ്ടി ഏത് പദ്ധതി വേണമെങ്കിലും ഉപയോഗിക്കാം. ഉപാസനാ ക്രമത്തിലായാലും ജ്യോതിഷത്തെ കൊണ്ടായാലും അല്ലെങ്കിൽ താന്ത്രികമായ പദ്ധതിയെ കൊണ്ടായാലും പറയുമ്പോൾ അതിന്റെ പൂർണ്ണമായ യുക്തിയെ അത് പൂർണ്ണമായ തലത്തിൽ പറയണമെന്നതാണ് നിയമം. അല്ലായെങ്കിൽ അത് ആ ക്ഷേത്രത്തെ മാത്രമല്ല ദേശത്തിനും അവിടെ താമസിക്കുന്ന വ്യക്തികൾക്കു കൂടി അപകടം വരുത്തിവയ്കുമെന്നതിൽ സംശയമില്ല തന്നെ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment