Thursday, December 7, 2023

സന്യാസസംപ്രദായം...ഒരു വിവരണം

 സന്യാസസംപ്രദായം...ഒരു വിവരണം.


 സന്യാസം എന്ന് കേള്ക്കുമ്പോൾ നാം ഇന്ന് കാണുന്ന സന്യാസരീതികളെ അവലംബിച്ചാണ്  സന്യാസസംപ്രദായത്തെ കാണുവാൻ ശ്രമിക്കുക. യഥാര്ഥത്തിൽ സന്യാസത്തിന് കൃത്യമായ പദ്ധതിയും നിയമങ്ങളും ഉണ്ട്. 


സന്യാസിമാരെ ജ്ഞാനസന്യാസി, വേദസന്ന്യാസി, കര്മ്മസന്യാസി എന്ന് മൂന്നു തരത്തിലാണ് പറയുന്നത്. ഇന്ന് ഭാരതത്തിൽ സാമാന്യമായി കേള്ക്കുന്നത് ശങ്കരാചാര്യസ്വാമികളുടെ പരമ്പരാ രൂപമായി പറയപ്പെടുന്ന ദശനാമി സംപ്രദായമാണ്.  അതുകൊണ്ട് അതിനെ വിശദീകരിച്ചിട്ട് സന്യാസിമാരുടെ വിഭാഗത്തേയും അവരുടെ കര്മ്മഭാഗത്തേയും കുറിച്ച് വിശദീകരിക്കാം. 


യുഗഭേദം അനുസരിച്ച് സന്യാസിമാരുടെ പേരുകൾ വ്യത്യസ്തമാണ്. ആദ്യ വേദാന്താചാര്യനായി പറയുന്നത് ബ്രഹ്മാവാണ്. രണ്ടാമത്തേത് വിഷ്ണു, മൂന്നാമത്തേത് രുദ്രൻ, നാലാമത്തേത് വശിഷ്ഠൻ, അഞ്ചാമത്തേത് ശക്തിഃ, ആറാമത്തേത് പരാശരൻ,  ഏഴാമത്തേത് വ്യാസൻ, എട്ടാമത്തേത് ശുകൻ, ഒന്പതാമത്തെ ഗൌഡൻ, പത്താമത്തേത് ഗോവിന്ദൻ, പതിനൊന്നാമത്തേത് ശ്രീശങ്കരാചാര്യൻ ഇങ്ങിനെയാണ് പരമ്പര പറയപ്പെടുന്നത്. സത്യയുഗത്തിൽ ബ്രഹ്മവിഷ്ണു രുദ്രന്മാരും, ത്രേതായുഗത്തിൽ വശിഷ്ഠ ശക്തിപരാശരന്മാരും, ദ്വാപരത്തിൽ വ്യാസശുകന്മാരും, കലിയുഗത്തിൽ ഗൌഡ ഗോവിന്ദശങ്കരാചാര്യന്മാരും എന്ന് പറയുന്നു. ശങ്കരാചാര്യന് നാലു ശിഷ്യന്മാരാണ്. സ്വരൂപാചാര്യർ, പദ്മാചാര്യർ, ത്രോടകാചാര്യർ, പൃഥ്വീധരാചാര്യർ എന്നിങ്ങനെ.  ഇതിൽ ദശനാമങ്ങളായി പറയുന്നത് ഇവരുടെ പരമ്പരയാണ്. സ്വരൂപാചാര്യരുടെ ശിഷ്യരാണ് തീര്ഥനും ആശ്രമനും. പദ്മാചാര്യരുടെ ശിഷ്യദ്വയങ്ങളാണ്  വനനും അരണ്യനും. ത്രോടകാചാര്യനു ശിഷ്യത്രയം ആണ് ഗിരി പർവത സാഗരൻ. പൃഥ്വീധരാചാര്യരാകട്ടെ മൂന്നു ശിഷ്യന്മാരാണ് സരസ്വതീ ഭാരതീ പുരീ എന്നിങ്ങനെ. ഇങ്ങിനെയാണ് സന്യാസ പരമ്പര.  അതായത് തീര്ഥാ ആശ്രമ വന അരണ്യ ഗിരി പർവത സാഗര സരസ്വതീ ഭാരതീ പുരീ എന്നിങ്ങനെ പത്തു വിഭാഗം. ഇവരുടെ നാമങ്ങളെ അടിസ്ഥാനമാക്കിയാണ് ഭാരതത്തിലെ ദശനാമി  സന്യാസസംപ്രാദയം അറിയപ്പെടുന്നത്. (വ്യത്യാസങ്ങൾ കാണപെടുന്നുണ്ട് )


സാമാന്യമായി പറഞ്ഞാൽ ഒരു വ്യക്തിയ്ക് സന്യാസം സ്വീകരിക്കാൻ യോഗ്യനായ സദ്ഗുരുവിന്റെ സമീപം സകലവിദ്യാപരിശ്രമജ്ഞനായി തീര്ന്ന് ഏഷണാത്രയങ്ങളെ ഉപേക്ഷിച്ച് ബ്രഹ്മചര്യത്തെ അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമത്തിലും ആ ആശ്രമം തീര്ത്തതിനുശേഷം വാനപ്രസ്ഥം സ്വീകരിക്കാം അല്ലെങ്കിൽ വാനപ്രസ്ഥത്തിൽ നിന്നോ ബ്രഹ്മചര്യത്തിൽ നിന്നോ നേരിട്ടോ സന്യാസം സ്വീകരിക്കാം. 


സന്യാസോപനിഷത്ത് പറയുന്നതിനുസരിച്ച് നാല്പതു വിധത്തിലുള്ള സംസ്കാരത്തോടു കൂടിയവനും എല്ലാറ്റിലും പൂര്ണ വിരക്തി വന്നവനും ചിത്തശുദ്ധനും ആശ, അസൂയ, ഈര്ഷ്യ, അഹങ്കാരം എന്നിവ നശിപ്പിച്ച് സാധന ചതുഷ്ഠയ സമ്പന്നനുമാണ് സന്യാസി.  ഫലാപേക്ഷ കൂടാതെ സന്യാസയുക്തനായി അഗ്നിയേയും വര്ണത്തേയും ത്യജിച്ച് വാനപ്രസ്ഥാശ്രമം സ്വീകരിക്കണം. അതായത് യഥാര്ഥ വാനപ്രസ്ഥനും സംന്യാസിയും ഗൃഹം വെടിയുന്നത് പരമപദപ്രാപ്തിയ്കാണ് എന്നര്ഥം. 


സന്യാസിമാർ നാലു തരത്തിലുണ്ട്. വൈരാഗ്യ സന്യാസി, ജ്ഞാന സന്യാസി, ജ്ഞാന വൈരാഗ്യ സന്യാസി, കര്മ്മസന്യാസി എന്ന് സന്യാസോപനിഷത് വിശദീകരിക്കുന്നു.  കണ്ടതും കേട്ടതുമായ വിഷയങ്ങളോട് താത്പര്യമില്ലാതെ പൂർവ പുണ്യഫലമായി വൈരാഗ്യം വന്നതിനാൽ സംന്യസിച്ച വ്യക്തിയെ ആണ് വൈരാഗ്യസന്യാസിയെന്ന് പറയുന്നത്.  


ശാസ്ത്രജ്ഞാനം നേടി ലോകത്തിലെ നന്മ തിന്മകൾ അനുഭവിച്ചറിഞ്ഞ് പ്രപഞ്ചത്തിനു നേര്ക്കുള്ള താത്പര്യം വിട്ട് ദേഹവാസന ശാസ്ത്രവാസന ലോകവാസന എന്നീ ഏഷണത്രയം വിട്ട്  എല്ലാ വിധത്തിലുമുള്ള പ്രാപഞ്ചിക വൃത്തികളും ഛര്ദ്ദിച്ചിട്ട പദാര്ഥം പോലെ കരുതി സാധനാ ചതുഷ്ടയം ചേര്ന്ന് സന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാന സന്യാസി


ക്രമാനുസൃതമായി സകലതും അഭ്യസിച്ച് എല്ലാറ്റിന്റേയും അനുഭവം നേടി ജ്ഞാനവൈരാഗ്യ തത്ത്വങ്ങൾ ശരിക്കും ഗ്രഹിച്ച് ദേഹം മാത്രം അവശേഷിപ്പിച്ച് സംന്യാസം സ്വീകരിക്കുന്നവനാണ് ജ്ഞാനവൈരാഗ്യസംന്യാസി. 


ബ്രഹ്മചര്യം, ഗാര്ഹസ്ഥ്യം വാനപ്രസ്ഥം എന്നീ മൂന്നാശ്രമങ്ങളേയും യഥാവിധി നിർവഹിച്ചതിനുശേഷം വൈരാഗ്യം ഉണ്ടായില്ലെങ്കിൽ പോലും നിയമാനുസരണം സംന്യാസം സ്വീകരിക്കുന്നവനാണ് കര്മ്മസന്യാസി. 


സന്യാസിമാർ ആറുവിധമാണ്.  കുടീചകൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ, തുരീയാതീതൻ, അവധൂതൻ. 

ഇതിൽ കുടീചകൻ ശിഖയും പൂണൂലും ധരിച്ച് ദണ്ഡം കമണ്ഡലു, കൌപീനം, കന്ഥ, കമ്പിളാ എന്നിവയോടുകൂടി  പീഠം, കുന്താലി, ശിക്യം എന്നിവയുമായി ഒരിടത്തുനിന്നു മാത്രം ഭക്ഷണം കഴിച്ച് ശ്വോതോര്ധ്വപുണ്ഡ്രധാരിയായി ത്രിദണ്ഡിയായി സഞ്ചരിക്കുന്നു.

ബഹൂദകൻ ശിഖ, കന്ഥ എന്നിവ ധരിക്കുന്നവനും എല്ലാ വിധത്തിലും  കുടീചകനെപോലെ   തന്നെ ചെയ്യുന്നവനും, എട്ടുരുള ചോറുമാത്രം ഭക്ഷിക്കുന്നവനുമാണ്. 

ഹംസൻ ജടാധാരിയാണ്. ത്രിപുണ്ഡവും അര്ദ്ധപുണ്ഡ്രധാരിയും പലയിടത്തും നിന്നും ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കുന്നവനും കൌപീനമാത്ര ധാരിയുമാണ്.

അഞ്ചുവീടുകളിൽ നിന്നും കൈയില് ഭിക്ഷ സ്വീകരിക്കുന്നു. അല്ലെങ്കിൽ ഭസ്മം ധരിച്ച് ഒരു വിരിപ്പു മാത്രം സ്വീകരിച്ച് സകലതും കൈവെടിഞ്ഞു ജീവിക്കുന്നവനാണ്  പരമഹംസൻ. 


സർവസംഗപത്യാഗിയാണ് തുരീയാതീതൻ. അവൻ ഗോമുഖവൃത്തിയും മൂന്നു വീടുകളിൽ നിന്ന് അന്നമോ ഫലമൂലാദികളോ ഭിക്ഷയായി സ്വീകരിക്കുന്നവനും ദേഹമാത്രം പുലര്ത്തുന്നവനും ദിഗംബരനുമാണ്. അവൻ സ്വന്തം ശരീരത്തെ മൃതശരീരം പോലെ കരുതി ജീവിതം നയിക്കുന്നു.


അവധൂതന് യാതൊരു നീയമവുമില്ല. അവൻ പതീതന്മാരും നിന്ദിതന്മാരും ഒഴികെ എല്ലാ വര്ണ്ണങ്ങളിൽ നിന്നും പെരുമ്പാമ്പിന്റെ മട്ടിൽ കിട്ടുന്നതുകൊണ്ട്  തൃപ്തിപ്പെട്ട് കഴിഞ്ഞുകൂടുന്നു. അവൻ സ്വസ്വരൂപാനുസന്ധാനത്തിൽ മുഴുകിയിരിക്കുന്നു. 


ആതുരസന്യാസം സ്വീകരിച്ചവൻ ജീവിച്ചിരിക്കുകയാണെങ്കിൽ അവൻ ക്രമസന്യാസം സ്വീകരിക്കാൻ ശ്രമിക്കണം. ആതുരനും, കുടീചകനും ഭൂലോകവും ഭുവർലോകവും, ബഹൂദകന്  സ്വര്ഗ്ഗലോകവും ഹംസന് തപോലോകവും പരമഹംസന്  സത്യലോകവും ലഭിക്കുന്നു. തുരീയാതീതന്റേയും അവധൂതന്റേയും നിലയിലുള്ളവർ ഭ്രമര കീടന്യായേന സ്വസ്വരൂപാനുസന്ധാനം ചെയ്ത് കൈവല്യാവസ്ഥയിൽ സ്ഥിതി ചെയ്യുന്നു. 


സന്യാസികൾ യോഗപ്രവൃത്തിയോ സാംഖ്യ ശാസ്ത്രാഭ്യാസമോ മന്ത്രതന്ത്ര വ്യാപാരാദികളോ ഒന്നും ചെയ്യേണ്ടതില്ല. അതൊക്കെ വര്ജ്ജ്യമാകുന്നു. ആരെങ്കിലും അതു ചെയ്തു എങ്കിൽ അത് ശവത്തെ അലങ്കരിക്കുന്നതുപോലെയാണ്.  നാമസങ്കീര്ത്തനങ്ങളിലും സന്യാസി വ്യാപരിക്കരുത്. കാരണം എന്തെങ്കിലും കര്മ്മം ചെയ്താൽ അതിന്റെ ഫലം അനുഭവിക്കേണ്ടതായി വരുന്നു. സന്യാസിയ്ക്  ഏതെങ്കിലും ദേവതയുടെ പ്രസാദം ദര്ശിക്കുകയോ ഏതെങ്കിലും ബാഹ്യദേവതയെ പൂജിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.


മേദസ്സ് വര്ദ്ധിപ്പിക്കുന്ന ആഹാരമൊന്നും കഴിക്കാതെ കൃശശരീരനായി വിഹരിക്കണം. കൈയിലോ പാത്രത്തിലോ ഭിക്ഷസ്വീകരിച്ച് കാലം നയിക്കണം. ആത്മജ്ഞാനിയായ സന്യാസി ആത്മസംഹിതമായ ആഹാരമേ കഴിക്കാൻ പാടുള്ളൂ.

 ഭിക്ഷാവൃത്തി  സ്വീകരിക്കുമ്പോഴും ഒരേ വീട്ടിൽ നിന്ന് തുടരെ ആഹാരം കഴിക്കരുത്. ശാന്തമായി കാത്തിരിക്കുന്നവരുടെ വീട്ടിൽ ഭിക്ഷയ്കു പോകുക. 

ശുദ്ധാചാരികളയാവരുടെ അഞ്ചോ ഏഴോ വീടുകളിൽ ഭിക്ഷയ്ക് പോകാം. പശുവിനെ കറക്കാൻ ആവശ്യമുളളിട സമയത്തോളമേ കാത്തുനിൽക്കാവൂ. രാത്രിയിലെ ആഹാരത്തേക്കാൾ ഉപവാസം ശ്രേഷ്ഠമായി സ്വീകരിക്കണം. 


അസംക്ലിപ്തം, മാധുകരം, പ്രാക് പ്രണീതം, അയാചിതം, താത്കാലികം ഉപപന്നം എന്നിങ്ങനെ ഭിക്ഷ അഞ്ചു തരത്തിലുണ്ട്. 

മനസ്സിൽ മുന്കൂട്ടി ഉറയ്കാതെ ഏതെങ്കിലും മൂന്നോ ആഞ്ചോ ഏഴോ വീടുകളിൽ ചെന്ന് തേനീച്ചയെപോലെ ഭിക്ഷ സ്വീകരിക്കുന്നത് അസങ്കല്പിത മധുകരമാണ്. 

പ്രഭാത വേളയിലോ പ്രഥമ ദിവസം തന്നെയോ ആരെങ്കിലും ഭക്തിപൂർവം അപേക്ഷിച്ചാൽ അവിടെ പ്രാക് പ്രണീതഭിക്ഷ സ്വീകരിക്കുന്നതിന് പോകാവുന്നതാണ്. 

ഭിക്ഷാര്ഥം സഞ്ചരിക്കുമ്പോൾ ആരെങ്കിലും ക്ഷണിച്ചാൽ അവിടെ പോയി സംന്യാസി ഭിക്ഷ സ്വീകരിക്കുന്നത് അയാചിത ഭിക്ഷയാണ്. 

ഭിക്ഷയ്ക് പുറപ്പെടുമ്പോൾ ഒരു ബ്രാഹ്മണൻ വന്ന് ആഹാരം കഴിക്കാൻ  ക്ഷണിച്ചാൽ ആ താത്കാലിക ഭിക്ഷ സ്വീകരിക്കാം.  

നിത്യവും ഒരു ബ്രാഹ്മണൻ തന്റെ ഗൃഹത്തിൽ പാകം ചെയ്ത ആഹാരം കൊണ്ടു വന്നു തന്നാൽ മോക്ഷേച്ചുവായ സന്യാസിക്ക് ഉപപന്ന ഭിക്ഷയായി അത് കൈകൊള്ളാം. 

ഒരു ദിവസത്തിൽ രണ്ടു തവണ ഭക്ഷിക്കരുത്. സഭാദികൾ ശ്മശാനമായി മാത്രം കരുതുക.  ഒരെ വീട്ടിൽ നിന്നുള്ള ഭക്ഷണം മൃതപിണ്ഡം പോലെ കരുതി കൈവെടിയണം. 


ആസന്നം, പാത്രലോപനം, സഞ്ചനം, ശിഷ്യസഞ്ചയം, ദിവാസ്വപ്നം, വൃഥാലാപം ഈ ആറും യതിയ്ക് ബന്ധകാരണമാണ്. 

ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില് മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില് അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്ബ്ബദന്ധബുദ്ധിക്കാണ് 'ആസനം' എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്ക്കു മഠങ്ങളില്ലായിരുന്നു. സന്യാസിമാരുടെ നീയമം അനുസരിച്ച് മാത്രം ആണ് ജീവിക്കേണ്ടത് എന്നര്ഥം. 


രണ്ടാമത്തേത് 'പാത്രലോപ'മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്മ്മത്തെ ഉദ്ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന് അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് 'പാത്രലോപം'. അതു വരാതെയിരിക്കാൻ സംന്യാസിമാര് പ്രത്യേകം സൂക്ഷിക്കണം.


'സഞ്ചയ'മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്ത്ഥം പറയാം. അത്യാവശ്യസാധനങ്ങള് കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള് വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള് രണ്ടു ജലപാത്രങ്ങള്കൂ,ടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില് പൊതുവേ ചില നിയമങ്ങള് ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്വ്വനസാമാന്യമായ ഒരു നിയമം ഉള്ളപ്പോള് അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള് ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്നിന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്ക്കു വേണ്ടി ധനധാന്യാദികള് സമ്പാദിക്കുന്നു എങ്കില് അത് സഞ്ചയമാണ്.


അടുത്തത് 'ശിഷ്യസംഗ്രഹ'മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്ക്കും  വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് 'ശിഷ്യസംഗ്രഹ'മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാൻ അര്ഹതയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില് കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര് ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്ക്കു മാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന് തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?

''ശുശ്രൂഷാലാഭപൂജാര്ത്ഥം  യശോര്ത്ഥംഒ വാ പരിഗ്രഹഃ

ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ''

(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്നിവന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.


അടുത്തത് 'ദിവാസ്വാപ'ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്ത്ഥം. സംന്യാസികള് പകലുറങ്ങാന് പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.

''വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ

വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ''

വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് 'പകല്' എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് 'രാത്രി' എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില് ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്ഷിയമാര് സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്, വിദ്യയിൽ - ആത്മവിദ്യയിൽ- സംന്യാസിമാർ  യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില് ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.


ആറാമത്തേത് 'വൃഥാലാപ'മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന് സംസാരിക്കുവാന്. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്ജ്ജിക്കേണ്ടതാണ്.''


ആപത്തുകാലത്തല്ലാതെ സംന്യാസി വഴിച്ചിലവിന് ഒന്നും കൈവശം വെയ്കരുത്.  ആരോഗ്യവാനും യുവാവുമായ സംന്യാസി ഒരിക്കലും അന്യന്റെ ഗൃഹത്തിൽ കഴിയരുത്. മറ്റുള്ളവര്ക്കുവേണ്ടി എന്തെങ്കിലും വസ്തു വാങ്ങുകയോ കൊടുക്കയോ പാടില്ല. 


സന്യാസിക്ക്  മാര്ജ്ജാരി എന്നും വാനരിയെന്നും വൃത്തികൾ രണ്ടുവിധത്തിലുണ്ട്.  ജ്ഞാനാഭ്യാസികള്ക്ക് മുഖ്യമായും മാര്ജ്ജാരീവൃത്തിയാണ്. ചോദിക്കാതെ യാതൊന്നും അങ്ങോട്ടു കേറിപറയരുത്. ആരെങ്കിലും അന്യായത്തെപ്പറ്റി ചോദിച്ചാലും മിണ്ടരുത്.   മനോ വാചാ കര്മണാ പാപം കൃത്യം നടന്നാൽ പന്തീരായിരം താരകമന്ത്രം ജപിച്ച് പാപം പരിഹാരം ചെയ്യണം. 


ബ്രഹ്മചര്യം നാലുവിധമാണ്.  അതുപോലെ ഗാര്ഹസ്ഥ്യം ആറുവിധമാണ്. മാതാപിതാക്കളുടെ ആജ്ഞാനുവര്ത്തിയായ  ഒരു ബാലനെ ഉപനയനം ചെയ്യിക്കണം. ഒരു സദ്ഗുരുവിനെ സമീപിച്ച് ഗുരുകുലവാസമനുഷ്ഠിക്കണം. ഗുരുവിന്റെ ആജ്ഞാനുസരണം വെളിയിൽ പന്ത്രണ്ടുവര്ഷകാലം ഗുരുശുശ്രൂഷ ചെയ്ത് സർവവിദ്യകളും അഭ്യസിക്കണം. അധ്യയനം പൂര്ത്തിയായാൽ സ്വകുലത്തിന് അനുരൂപയായ ഒരു കന്യകയെ ഗുരുവിന്റെ ആജ്ഞാനുസാരണം വിവാഹം ചെയ്ത് സ്വവംശവൃദ്ധിയെ മാത്രം ലാക്കാകി പുത്രോത്പാദനം ചെയ്ത് ഇരുപത്തിയഞ്ചു വര്ഷം ഗൃഹസ്ഥാശ്രമിയായി കഴിയണം. അതിനുശേഷം അടുത്ത ഇരുപത്തിയഞ്ചു വര്ഷം വാനപ്രസ്ഥം സ്വീകരിച്ച് ചിലവഴിക്കണം. ത്രിസന്ധ്യകളിലും സ്നാനം ചെയ്യുകയും പകൽ നാലാം യാമത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുകയും വേണം.  ഗ്രാമവും പട്ടണവും പരിചയമാര്ഗ്ഗങ്ങളും ഉപേക്ഷിച്ച് ഏകാകിയായി വനത്തിൽ തന്നെ കഴിയണം.  ഉഴുതു വിതയ്കാന് ശ്രമിക്കാതെ കിട്ടുന്ന അരിയോ മറ്റോ ശേഖരിച്ച് അതുകൊണ്ട് മാത്രം ആശ്രമധര്മ്മം നിറവേറ്റി സുഖഭോഗങ്ങളിൽ തികച്ചും വൈരാഗ്യം കലര്ന്ന് നാല്പതുവിധം സംസ്കാരം കൈ കൊണ്ട്  ചിത്തത്തെ സർവഥാ ശുദ്ധമാക്കി വെയ്കണം. 


വാനപ്രസ്ഥം എന്നാൽ വനത്തിൽ താമസിച്ച് തപസ്സുചെയ്യുവാൻ ഉറച്ചവൻ എന്നോ വനഭൂമിയിൽ താമസിക്കുന്നവനെന്നോ പറയാം. ശരീരത്തിൽ വാര്ദ്ധക്യലക്ഷണവും, സ്വസന്താനത്തിനു സന്താനവും ഉണ്ടായി എന്ന് കാണുമ്പോൾ ഗൃഹസ്ഥൻ തപസ്സിനുവേണ്ടി വനത്തിലേക്ക് പോകണം എന്ന് സ്മൃതി അനുശാസിക്കുന്നു. വനത്തിലുള്ള ഫലമൂലാദികൾ ഭക്ഷിച്ചും കൃച്ഛ്ര ചാന്ദ്രായണാദിവ്രതങ്ങളും ബ്രഹ്മചര്യവും അനുഷ്ഠിച്ച് പിതൃക്കളേയും ദേവന്മാരേയും പൂജിച്ച് വേണം ജീവിക്കുവാൻ. ദിവസവും പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സന്ധ്യക്കും സ്നാനം ചെയ്യുക, ജടയും വല്കലവും ധരിക്കുക, ഭൂമിയിൽ ശയിക്കുക, മുതലായവ വാനപ്രസ്ഥന്റെ ചര്യകളായി പറയുക. ഇതിനെ നമുക്ക് ഒന്നു കൂടി വിശദീകരിച്ചു  നോക്കാം.


വാനപ്രസ്ഥൻ എല്ലാവിധത്തിലും പരിശുദ്ധനായി ബ്രഹ്മചര്യവ്രതം പരിപാലിക്കേണ്ടതാണ്. വീടുമായുള്ള മമത ഉപേക്ഷിച്ച് ഗ്രാമത്തിനു വെളിയിൽ നിര്ജ്ജനമായ വനപ്രദേശത്ത് കുടിലുണ്ടാക്കി അവിടെ ശാന്തനായി ഇരുന്നു തപസ്സു ചെയ്യണം. പിന്നീട് ഗ്രാമത്തിലോ വീട്ടിലോ പോകുവാൻ പാടില്ല. ഭാര്യയെ പുത്രനെ ഏല്പിച്ചിട്ടോ, അല്ലെങ്കിൽ ഭാര്യയേയും ഒന്നിച്ചോ വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കാവുന്നതാണ്. ഗ്രാമത്തിലുള്ളതും കൃഷിചെയ്തുണ്ടാക്കിയതുമായ സാധനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. വനത്തിലുണ്ടായ ധാന്യങ്ങളും ഫലമൂലാദികളം കൊണ്ട് ദേവന്മാരേയും അതിഥികളേയും  പൂജിച്ചിട്ടുവേണം ഭക്ഷണം കഴിക്കുവാൻ.അഗ്നിയിൽ വേവിച്ചതോ പാകം വരാത്തതോ ആയ ഫലമൂലാദികൾ മാത്രമേ ഭക്ഷിക്കാവൂ. ഫലമൂലാദികൾ സംഭരിച്ചുവച്ചത് ഉപയോഗിക്കരുത്. അപ്പോളപ്പോൾ വനത്തിൽ നിന്ന് കിട്ടുന്നത് സാധനങ്ങൾ കൊണ്ട് ഉപജീവിക്കണം. ദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. മീശയും കേശവും രോമങ്ങളും നഖങ്ങളും ക്ഷൌരം ചെയ്യരുത്. ഗൃഹസ്ഥാശ്രമത്തിൽ ചെയ്തിട്ടുള്ള പാപകര്മ്മങ്ങളുടെ പരിഹാരത്തിനും അന്തഃകരണപരിശുദ്ധിക്കും വേണ്ടിയാണ് വാനപ്രസ്ഥൻ തപസ്സുചെയ്യുന്നത്. വാനപ്രസ്ഥാശ്രമത്തിൽ ഇരുന്ന് ബ്രഹ്മജിജ്ഞാസ വര്ദ്ധിക്കുമ്പോൾ വാനപ്രസ്ഥൻ സന്യാസാശ്രമം സ്വീകരിക്കണമെന്നാണ് നിയമം. ഇത്രയുമാണ് വാനപ്രസ്ഥത്തിന്റെ അടിസ്ഥാന നിയമങ്ങൾ..


ഈ നീയമങ്ങളെ അനുശാസിക്കുന്നവരെ ശാസ്ത്രത്തിൽ വൈഖാനസന്മാർ, ബാലിഖില്യൻ, ഔഡുംബരൻ, ഫേണപൻ കുടീചകൻ, ബഹ്വോദൻ ഹംസൻ നിഷ്ക്രയൻ   എന്നിങ്ങനെ നാമങ്ങളിലൂടെയാണ് പറയുന്നത്. ഇത് എഴുതിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണെങ്കിൽ...  


വൈഖാനസാ വാലിഖില്യൌഡുംബരാഃ ഫേണപാ വനേ. ന്യാസേ കുടീചകഃ പൂർവം ബഹ്വോദോ ഹംസ നിഷ്ക്രിയൌ എന്ന് ശ്രീഭാഗവതം പറയുന്നു. വനേ സ്ഥിതാശ്ചത്വാരഃ. തത്ര വൈഖാനസഃ അകൃഷ്ടപച്യവൃത്തയഃ. വാലിഖില്യാഃ നവേ അന്നേ ലബ്ധേ പൂർവ സഞ്ചിതാന്നത്യാഗിനഃ. ഔഡുംബരാഃ പ്രാതരുത്ഥായ യാം ദിശം പ്രഥമം പശ്യന്തി തത ആഹൃതൈഃ ഫലാദിഭിര്ജീവന്തഃ. ഫേണപാഃ സ്വയം പതിതൈഃ ഫലാദിഭിര്ജീവന്തഃ. കുടീചകഃ സ്വാശ്രമധര്മ്മപ്രധാനഃ. ബഹ്വോദഃ കര്മ്മോപസര്ജ്ജനീകൃത്യ ജ്ഞാനാഭ്യാസപ്രധാനഃ. ഹംസോ ജ്ഞാനാഭ്യാസനിഷ്ഠഃ. നിഷ്ക്രയഃ പ്രാപ്തതത്ത്വഃ എന്ന് ശ്രീധരസ്വാമി ഇതിനെ വ്യാഖ്യാനിക്കുന്നു. 


സംസ്കൃതമായതുകൊണ്ട് ഇതിനെ മനസ്സിലാക്കുക സാമാന്യര്ക്ക് സാധ്യമല്ല. അതുകൊണ്ട് മലയാളത്തിൽ അര്ഥത്തെ നോക്കാം.. വൈഖാനസൻ എന്നതിന് അകൃഷ്ടപച്യവൃത്തനെന്നാണ്,   കലപ്പകൊണ്ട് ഉഴുത് എടുക്കാത്ത സ്ഥലത്തുണ്ടായ അതായത് സ്വയം വനത്തിൽ ഉണ്ടാകുന്നതായ ധാന്യം അഥവാ നീവാരാദികൾ കഴിക്കുന്നവർ. വാലിഖല്യനാകട്ടെ പുതിയ അന്നത്തെ ലഭിക്കുമ്പോൾ ആദ്യമേ തന്നെ സഞ്ചിതമാക്കിയ അഥവാ സ്വരുക്കൂട്ടിവച്ചിരുന്ന അന്നത്തെ ത്യാഗം ചെയ്യുന്നവനാണ്. ഔംഡുബരനാകട്ടെ രാവിലെ എണീറ്റ് ഏതൊരു ദിശയാണോ ആദ്യം കാണുന്നത് അവിടെ നിന്ന് ശേഖരിച്ച ഫലാദികള്കൊണ്ട് ജീവിക്കുന്നവരാണ്.  ഫേണപശബ്ദത്തിന് സ്വയം പതിതഫലാദി ജീവിതമുനിവിശേഷഃ എന്നാണ് അര്ഥം പറയുക അതായത് സ്വയം താഴെ വീണ ഫലാദികൾ കൊണ്ട് ജീവിക്കുന്ന മുനിമാരെന്നര്ഥം.  കുടീചകന്മാരാകട്ടെ സ്വാശ്രാമധര്മ്മപ്രധാനികളാണ്.  കുട്യാം പര്ണകുടീരേ ചകതേ തൃപ്തോനി വസതീതി അതായത് കുടിയിൽ അഥവാ കുടിരത്തിൽ വസിക്കുന്നവരാണ് കുടീചകന്മാർ. ബഹ്വോദന്മാരാകട്ടെ കര്മ്മത്തെ ഉപസര്ജനം ചെയ്തിട്ട് അതായത് സ്വകര്മ്മത്തെ അപ്രധാനമായി കണക്കാക്കിയിട്ട് ജ്ഞാനാഭ്യാസത്തെ പ്രധാനികളാക്കിയവരാണ്. ഹംസന്മാരാകട്ടെ ജ്ഞാനാഭ്യാസനിഷ്ഠന്മാരാണ് അതായത് പഠിച്ചതായ ശാസ്ത്രത്തെ ആചരിച്ച് നിഷ്ഠനേടിയവർ എന്നര്ഥം. നിഷ്ക്രയന്മാരാകട്ടെ പ്രാപ്തതത്വന്മാരാണ്. നിഷ്ക്രയശബ്ദത്തിന് നിഷ്ക്രീയതേ വിനിമീയതേ അനേനേതി. അതായത് എല്ലാത്തിൽ നിന്നും നിഷ്ക്രിയം അഥവാ വിട്ടുപോകുന്നവരെന്ന് സാമാന്യാര്ഥം


ഷണ്ഡനും, പതിതനും, പരദാംഗമിയും, വൈഖാനസനായ ബ്രാഹ്മണനും ചക്രിയും, ലിംഗിയും പാഷണ്ഡനും  അയാജ്ഞികനും വേതനം പറ്റുന്ന അധ്യാപകനും രണ്ടോ മൂന്നോ തവണ സംന്യാസം സ്വീകരിച്ച് കഴിഞ്ഞവനും ആതുരസന്യാസികളാകാം അവർ ക്രമസന്യാസത്തിന് അര്ഹരല്ല.


വൈരാഗ്യം വന്നിട്ടേ  സന്യാസം സ്വീകരിക്കാവൂ മനസ്സിൽ രാഗം അവശേഷിക്കെ സന്യാസം സ്വീകരിക്കുന്ന വ്യക്തി ദ്വിജാധരൻ എന്ന നരകത്തിൽ പതിക്കുന്നു.  നാക്ക്, ഉപസ്ഥം, വയറ്, കൈകൾ  തുടങ്ങിയ ഇന്ദ്രിയങ്ങളെ ജയിച്ചിട്ടുള്ളവനും അവിവാഹിതനും ബ്രഹ്മചര്യ സമ്പന്നനുമായ ബ്രാഹ്മണൻ സന്യാസം സ്വീകരിക്കാം. വിജനസ്ഥലത്ത് താമസിക്കുകയും ഏകനായി സഞ്ചരിക്കുകയും വേണം. ഏകവസ്ത്രധാരിയായി ജീവിക്കേണ്ടവനാണ് സന്യാസി.  എല്ലാ വിധത്തിലുള്ള  മമതയും, കാമക്രോധാദിദോഷങ്ങളും സന്യാസി കൈ വെടിയണം. രണ്ട് കണ്ണ്, രണ്ട് ചെവി, രണ്ടു നാസാദ്വാരം മുഖം ഈ ഏഴു ദ്വാരങ്ങളുമായി വാക്ക് ബന്ധപ്പെട്ടിരിക്കുന്നു. അതിനെ അസത്യഭാഷണത്തിലേക്ക് നയിക്കരുത്.  


സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില് മാത്രമേ മുക്തനാകയുള്ളു.''

രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്. ഷഡ്രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.


അപ്പോ ജനിച്ചു പെണ്കുട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന് കഴിയുന്നവനാണ് ഷണ്ഡകന് (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം. 


മലമൂത്രവിസര്ജ്ജുനങ്ങള്ക്കും  ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില് കവിയാത്ത ദൂരത്തില് സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന് മുടന്തന് (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്ത്ഥം .


നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന് കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന് (കുരുടന്) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം. 


ലൗകികോല്ക്കുര്ഷശത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള് കേട്ടാലും കേള്ക്കാസത്തവണ്ണം തജ്ജന്യമായ വികാരങ്ങള് ആരെയാണോ സ്പര്ശിക്കാത്തത്, അവന് ബധിരന് (പൊട്ടന്) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില് പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.


എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്ഷംകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില് വര്ത്തിലക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല് ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്. 


ഇനി നമുക്ക് സന്യാസത്തിലെ സാമാന്യരീതിയിൽ കര്മ്മഭാഗത്തെ നോക്കാം..

അഗ്നി തന്നെ പ്രാണൻ അഗ്നി പ്രാണന്റെ കര്ത്താവാണ് എന്ന മന്ത്രത്താൽ അഗ്നിഹോത്രാഗ്നി കൊണ്ട് അഗ്നിയാൽ അനുഷ്ഠാനം നിർവഹിക്കണം.  അഗ്നി ലഭിക്കാതെ വരുകയാണെങ്കിൽ സർവദേവതാ രൂപമായ ജലത്താൽ ഹോമകര്മ്മം നടത്താവുന്നതാണ്. നിര്ദ്ദിഷ്ടമന്ത്രവിധി പ്രകാരം ഹവനം ചെയ്ത് നെയ് ചേര്ന്ന ഹവിസ്സ് ഭക്ഷിക്കണം. ഇത് വീരമാര്ഗ്ഗവിധിയെന്ന്  അറിയപ്പെടുന്നു. 


സ്വസ്ഥചിത്തനായി വേണ്ടവിധം  ആത്മശ്രാദ്ധവും വീരജാഹോമവും നടത്തണം. അഗ്നിയെ ആത്മാവിലാരോപിച്ച് തന്റെ കഴിവുകളും പതിനാല് കരണപ്രവൃത്തികളും പുത്രനിലോ, പുത്രനില്ലെങ്കിൽ ശിഷ്യനിലോ തന്റെ തന്നെ ആത്മാവിലോ ആരോപിക്കണം. ബ്രഹ്മാത്വ മന്ത്രം  ചെയ്ത് സാവിത്രിയിൽ പ്രവേശിക്കണം. വേദമാതാവിനെ മൂന്നു വ്യാഹൃതികളിൽ ലയിപ്പിച്ച്  ജലപാനം ചെയ്യാം. പ്രണവാചരണത്തോടെ ശിഖയേയും പൂണൂലിനേയും ഛേദിക്കണം. വസ്ത്രങ്ങൾ ഭൂമിയിലോ ജലത്തിലോ നിക്ഷേപിച്ച് ഓം സ്വാഹാ  തുടങ്ങിയ മന്ത്രത്താൽ നഗ്നനായി സ്വരൂപധ്യാനം ചെയ്ത്  പ്രാണനേയും വ്യാഹൃതിയോടു കൂടി മനനം ചെയ്തു മനസ്സു കൊണ്ടും വാക്കുകൊണ്ടും മൂന്നു തവണ സന്യായസ്വീകാരം ചെയ്ത് പ്രണവധ്യാനം ചെയ്ത് ബ്രഹ്മസ്വരൂപമായി സങ്കല്പിച്ച് വടക്കു ദിക്കു നടക്കണം. ശുദ്ധസ്വരൂപത്തിൽ സഞ്ചരിക്കണം ഇതാണ് സന്യാസ നീയമം. 


ജ്ഞാനസ്വരൂപത്തിൽ കുടീചകനായി ബഹൂദകനായി ഹംസനായി പരമഹംസനായി ദിഗംബരനായി സഞ്ചരിക്കണം എന്നാണ് നീയമം.  ഗ്രാമത്തിൽ ഒരു രാത്രി, തീര്ഥത്തിൽ മൂന്നു രാത്രി, നഗരത്തിൽ അഞ്ചുരാത്രി, ക്ഷേത്രത്തിൽ ഏഴു രാത്രി ഈ ക്രമത്തിലാണ്  താമസം വിധിച്ചിരിക്കുന്നത്.  ദിനരാത്രങ്ങൾ  തുല്യമാകയാൽ പരമഹംസൻ എപ്പോഴും ജാഗ്രദവസ്ഥയിൽ തന്നെ ഇരിക്കുന്നു. ബ്രഹ്മപ്രണവവധ്യാനത്തോടു കൂടിയുള്ള സന്യാസം സ്വീകരിച്ച് ദേഹത്യാഗം ചെയ്യുന്ന വ്യക്തി പരമഹംസപരിവ്രാജകനാകുന്നു.


 പരമഹംസന്മാർ ആകട്ടെ അവ്യക്തലിംഗധാരികളും അവ്യക്താചരണരും ജാഗരൂകരെങ്കിലും ഉന്മത്തരെപ്പോലെ പ്രവര്ത്തിക്കുന്നവരാണ്.  ശൂന്യഗൃഹം, ദേവാലയം, ആശ്രമം, വല്മീകം, വൃക്ഷമൂലം, കുശവന്മാരുടെ ഗൃഹം യജ്ഞശാല നദീതടം ഗുഹ പാറകൾ മുതലായവയിൽ സ്ഥിരമായി ഗൃഹം നിര്മ്മിക്കാതെ കഴിഞ്ഞുകൂടി ശുഭാശുഭചിന്ത കൂടാതെ സന്യാസധര്മ്മത്തിലിരുന്ന് ദേഹം ത്യജിക്കുന്നവനാണ് പരമഹംസൻ. 


പരമഹംസപരിവ്രാജകൻ ചെയ്യുന്ന ഈ പ്രണവം പതിനാറ് മാത്ര ചേര്ന്ന് നാലവസ്ഥകളിൽ നാലു അവസ്ഥകളിൽ നാലു വീതം പതിനാറു വിധമാണ്.  ജാഗ്രദാദി നാലവസ്ഥകൽ സ്വപ്നാദി നാലവസ്ഥകൾ സുഷുഷ്പിയിൽ സുഷുപ്ത്യാദി നാലവസ്ഥകൾ തുരീയത്തിൽ തുരീയാദി നാലവസ്ഥകൾ ഇപ്രകാരം ബ്രഹ്മപ്രണവം പതിനാറു മാത്രയിൽ ആരൂഢമായിരിക്കുന്നു. 

അതിൽ തൊണ്ണൂറ്റിയാര് തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. അത് മൂന്നായി വിഭജിച്ച് മുപ്പത്തിരണ്ടു തത്ത്വങ്ങളുടെ സന്നികര്ഷമായ രൂപം സമ്പാദിച്ച് ജ്ഞാനത്താൽ വിശുദ്ധമായ ത്രിഗുണസ്വഭാവത്തോടു കൂടിയതാണെന്ന് മനസ്സിലാക്കി സൂര്യൻ ചന്ദ്രൻ അഗ്നി എന്നീ കലാരൂപമായി ഏകീഭവിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ അനുസന്ധാനം ചെയ്ത്  നാഭി മുതൽ ബ്രഹ്മ ബില്വം വരെയുള്ള വിഭിന്നമായ ഇരുപത്തിയേഴു തത്ത്വങ്ങളെ സംബന്ധിക്കുന്ന സാരം ഗ്രഹിച്ച് ഏകത്വം സ്ഥാപിച്ച് ഇടതു തോൾ മുതൽ വലത്തെ അരക്കെട്ട് പ്രദേശം വരെ ഭാവന ചെയ്ത് ചിത്തശുദ്ധിയാൽ രമിക്കുന്നു. 

അതായത് തുരീയാതീതൻ പരമഹംസൻ അവധൂതൻ എന്നിവർ ഇതെ ബ്രഹ്മപ്രണവത്തെയാണ് ഉപാസിക്കുന്നത് അതിനാൽ വിദേഹമുക്തിയും സംഭവിക്കുന്നു. 


ഛാന്ദോഗ്യത്തിലെ അഞ്ചാമദ്ധ്യായത്തിൽ  ജബാലപുത്രനായ സത്യകാമൻ വ്യാഘ്രപത്തിന്റെ പുത്രനായ ഗോശ്രുതിയ്ക്  പ്രാണദര്ശനത്തെ പറഞ്ഞുകൊടുക്കുന്നുണ്ട്.  മന്ഥമെന്നു പറയുന്ന കര്മ്മത്തെയാണ് ഇവിടെ ആചാര്യൻ വിശദീകരിക്കുന്നത്.  ദേവയാന പിതൃയാനപ്രാപ്തിരൂപമായ ഈ മാര്ഗ്ഗം മഹത്ത്വം വേണമെന്നാഗ്രഹിക്കുന്നവര്ക്കു വേണ്ടി മാത്രമാണ് എന്നും വിഷയോപഭോഗത്തെ ആഗ്രഹിക്കുന്നവനു വേണ്ടിയല്ല എന്നും ആചാര്യൻ പ്രത്യേകമായി തന്നെ പറയുന്നുണ്ട്. 


ഇതിന്റെ വിധി പറയുന്നത് കറുത്ത വാവു ദിവസം ദീക്ഷിക്കണം. ദീക്ഷിക്കുക എന്നുവച്ചാൽ ദീക്ഷിച്ചിരിക്കുന്നവനെ പോലെ ഭൂമിയിൽ ശയിക്കുക മുതലായ തപോരൂപമായ നിയമം അനുഷ്ഠിച്ചുകൊണ്ട് സത്യവചനം, ബ്രഹ്മചര്യം മുതലായ ധര്മ്മങ്ങളോടു കൂടിയിരിക്കുക എന്നര്ഥം.  അല്ലാതെ ദീക്ഷയിലള്ള എല്ലാ കര്മ്മണങ്ങളും ഇവിടെ എടുക്കുന്നില്ല. മന്ഥമെന്നു പറയുന്ന കര്മ്മം മറ്റൊരു കര്മ്മത്തിന്റേയും വികൃതിയല്ലാത്തതുകൊണ്ട്  പ്രകൃതിഭൂതമായ കര്മ്മത്തിന്റെ ചടങ്ങുകളെല്ലാം അനുഷ്ഠിക്കേണ്ട ആവശ്യം വരുന്നില്ല. ഉപസ്രദ്വതീ എന്ന് ശ്രുതി പറഞ്ഞിരിക്കുന്നതുകൊണ്ട് ശുദ്ധികാരണമായ തപസ്സായി പാൽ മാത്രം ഭക്ഷിക്കുക എന്നതിനെ സ്വീകരിക്കുന്നു. ഉപസത്തുക്കൾ എന്നു പറയുന്ന പ്രവര്ഗ്ഗ്യാഹസ്സുകളിലുള്ള ഇഷ്ടികളിൽ പാൽ മാത്രം കുടിക്കുക എന്നുള്ളതാണ് നീയമം ആ വ്രതത്തോടു കൂടിയിരുന്നു വേണം മന്ഥകകര്മ്മം ചെയ്യുവാൻ. 


ഈ ദീക്ഷയെടുത്തിട്ട് വെളുത്ത വാവുനാൾ കര്മ്മം ആരംഭിക്കണം. അതിലേക്ക് നാട്ടിലും കാട്ടിലുമുള്ള ഓഷധികൾ കുറെശ്ശെ എടുത്ത് ഉമികളഞ്ഞ് പച്ചയ്കു തന്നെ അരച്ച് അതിനെ അത്തിത്തടി കൊണ്ടുണ്ടാക്കിയ പാത്രത്തിൽ തേനും  തൈരും ഒഴിച്ച് ആജ്യഹോമം ചെയ്ത്   മന്ത്രപ്രോക്ഷണമാദികത്തോടു കൂടി മന്ഥത്തിൽ വീഴ്ത്തി മന്ത്രഭാഗം ചെയ്ത് ഒരിക്കൽ വായിൽ കൊള്ളുന്നത് ഭക്ഷിക്കണം.  ഈ വിശിഷ്ടഭോജനത്താൽ ശ്രീക്കു കാരണമായ മഹത്ത്വത്തെ അഥവാ ശുദ്ധാത്മാക്കളായി തീരുന്നു എന്ന് സവിതാവായ ദേവന്റെ സ്വരൂപത്തെ ധ്യാനിക്കണം. ഇതുപോലെ തന്നെ ഋക്കിനെ ചൊല്ലി രണ്ടാമതും മൂന്നാമതും നാലാമതും കൊണ്ട്  ആചമിച്ച് വടിച്ചു കുടിക്കുകയും  ഒ ഔദുംബരപാത്രത്തെ കഴുകി വയ്കുകയും വേണം.  കൃഷ്ണാജിനത്തിലോ വെറും തറയിലോ മൌനവ്രതത്തോടു കൂടി സ്ത്രീ മുതലായ അനിഷ്ടസ്വപ്നങ്ങളെ കണ്ടതുകൊണ്ട് ഇളക്കമൊന്നുമുണ്ടാകാത്തവിധത്തമുള്ള ചിത്തസംയമനത്തോടു കൂടി കിടന്നുറങ്ങണം. 

വാനപ്രസ്ഥരും നൈഷ്ഠികബ്രഹ്മചാരികളും, ഹിരണ്യഗര്ഭൻ എന്നു പറയുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവരും എല്ലാം അര്ച്ചിരഭിമാനിയായ ദേവതയെ പ്രാപിക്കുന്നു ഈ മാര്ഗ്ഗത്തെ തന്നെ ദേവയാനമെന്ന് പറയുന്നത്. 


പുരാണങ്ങളും സ്മൃതികളും അനുസരിച്ച് ഊര്ധ്വരേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് ആദിത്യസംബന്ധത്താൽ ഉത്തരായണോപലക്ഷിതമായ ദേവയാനമെന്ന് പറയുന്ന മാര്ഗ്ഗം പ്രസിദ്ധമാണ്. അതിനാൽ അഖണ്ഡിതമായ ബ്രഹ്മചര്യത്താൽ അരണ്യവാസികള്ക്കൊപ്പം അര്ചിരാദി ഗതി കിട്ടുന്നു. ഈമാര്ഗ്ഗത്തിനെ പറയുവാനുള്ള കാരണം ആചാര്യൻ പറയുന്നത്, ഗൃഹസ്ഥന്മാർ സാമാന്യമായി അശുദ്ധരാണ്. ശത്രുക്കളോടും മിത്രങ്ങളോടും ഉള്ള സംയോഗം നിമിത്തം ദ്വേഷവും രാഗവും അവര്ക്കു വരുന്നു. ഹിംസയും അനുഗ്രഹവും നിമിത്തമുള്ള അധര്മ്മവും ധര്മ്മവും അവര്ക്കുണ്ട്. ഹിംസ, അനൃതം, മായ, അബ്രഹ്മചര്യം മുതലായ പല അശുദ്ധികാരണങ്ങളും അവര്ക്ക് ഒഴിവാക്കാൻ  നിവൃത്തിയുമില്ല. ആയതിനാൽ അവർ അശുദ്ധരാകുന്നു. അവര്ക്ക് ഈ മാര്ഗ്ഗം യുക്തമാണ്.  എന്നാൽ രാഗദ്വേഷാദികൾ വെടിഞ്ഞ വിരജസന്മാര്ക്കാകട്ടെ ഉത്തരമാര്ഗ്ഗഗമനം ആണ് യുക്തമായത്.  ഇങ്ങിനെ പഞ്ചാഗ്നികളെ അറിയുന്ന ഗൃഹസ്ഥര്ക്കും അരണ്യവാസികള്ക്കും മാര്ഗ്ഗം തുല്യമായിരിക്കുകയും ഫലം ഒരുപോലെ ലഭിക്കുകയും ചെയ്യും. 


തപസ്സ്, സന്തോഷം, ആസ്തിക്യം, ദാനം, ലജ്ജ, മതി, ജപം, വ്രതം, ഈശ്വരപൂജ, സിദ്ധാന്തശ്രവണം ഇവയാണ് പത്തുനിയമങ്ങൾ. 

വേദവര്ണിതമായ കൃച്ഛചാന്ദ്രയണാദി വ്രതങ്ങളാൽ ശരീരം ക്ഷീണിപ്പിക്കുന്നത് തപസ്സാണ്. മോക്ഷലാഭത്തെപ്പറ്റിയും ആത്മാവിന് സംസാരബന്ധനം പെടുന്നതിനുള്ള കാരണത്തെപ്പറ്റിയും ചിന്തിക്കുന്നത് തപസ്സാകുന്നു. ഈശ്വരേച്ഛയനുസരിച്ച് എന്തുകിട്ടിയാലും അതിൽ സന്തോഷവും പ്രസന്നതയും ഉണ്ടാകുന്നത് സന്തോഷം. വേദങ്ങളിലും സ്മൃതികളിലും പറയപ്പെട്ടിട്ടുള്ള ധര്മ്മത്തിൽ ദൃഢമായ ആത്മാവോടെ വര്ത്തിക്കുക എന്നതാണ് ആസ്തിക്യം. ധനം തുടങ്ങിയ ആവശ്യവസ്തുക്കൾ ദുഃഖിതരായ ഉത്തമന്മാര്ക്കു കൊടുക്കുന്നത് ദാനം.  വാഗ്ദോഷം അസത്യഭാഷണം മുതലായ ദോഷങ്ങളിൽ നിന്നും അകന്ന് വിശുദ്ധവാക്ക് രോഗാദിവിമുക്തമായ ഹൃദയം ഹിംസ ക്രൂരത തുടങ്ങിയവ ഇല്ലാത്ത കര്മ്മം എന്നിവയാണ് ഈശ്വരപൂജനം. 


ആത്മാവ് സത്യവും ജ്ഞാനസ്വരൂപവും  സർവോത്കൃഷ്ടവും നിത്യവും അനന്തവും അന്തര്യാമിയുമാണ്. ഈ സിദ്ധാന്തം നിരന്തരം ശ്രവിച്ച് അതിനു യോജിച്ച് നിലയിൽ വിശ്വസിക്കുന്നതാണ് സിദ്ധാന്തശ്രവണം. ലൌകികമാര്ഗ്ഗങ്ങളിൽ സർവസമ്മതമായ കര്മ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ സ്വാഭാവികമായിട്ടുണ്ടാകുന്ന സങ്കോചമാണ് ലജ്ജ. ഗുരുക്കന്മാരുടെ അനുമതി ലഭിച്ചാലും വേദവിരുദ്ധമാര്ഗ്ഗങ്ങൾ അവലംബിക്കാതെ വേദോക്തങ്ങളായ ഉപദേശങ്ങളിൽ പൂര്ണശ്രദ്ധ ഉണ്ടായിരിക്കുന്നതാണ് മതി. വേദോക്ത വിധിപ്രകാരം വീണ്ടും വീണ്ടുമുള്ള മന്ത്രാനുഷ്ഠാനവും, ധര്മ്മശാസ്ത്രങ്ങളിലും പുരാണേതിഹാസങ്ങളിലും മനസ്സ് നിരന്തരം മുഴുകിയിരിക്കുന്നതാണ് ജപം.  മാനസിക ജപം എന്നും വാചികജപവും എന്ന് ജപം രണ്ടു തരത്താണ്. വാചിക ജപവും രണ്ടുവിധമാണ് ഒന്ന് ഉച്ചം, മറ്റേത് ഉപാംശു. മാനസിക രൂപവും രണ്ടു വിധത്തിലുണ്ട് ഒന്ന് മനനം, മറ്റേതേ ധ്യാനം. 


അദ്വിതീയമായും, ജാതിഗുണക്രിയാ രഹിതമായും, ഷഡ്കര്മ്മി ഷഡ്ഭാവാദി സർവദോഷരഹിതമായും (ഷഡ്കര്മി- വിശപ്പ്, ദാഹം, ജര, മരണം, ശോകം, മോഹം.  ഷഡ്ഭാവം- സത്തസ ജനനം വളര്ച്ച, അവസ്ഥാന്തരപ്രാപ്തി, ക്ഷയം നാശം) സത്യജ്ഞാനാനന്ദസ്വരൂപമായും, സ്വയം വികല്പഹീനമായും, സകലകല്പങ്ങള്ക്കും ആധാരമഭൂതമായും സർവഭൂതങ്ങളിലും അന്തർയാമിയായും, ആകാശം പോലെ ഉള്ളിലും പുറതതും വ്യാപിച്ചതായും, അഖണ്ഡാനന്ദസ്വരൂപമായും, അപ്രമേയമായും, അനുഭവൈകവേദ്യമായും, പ്രത്യക്ഷത്വേന ഭാസിക്കുന്നതായും, ഇരിക്കുന്ന ആത്മാവിനെ കരതലാമലകം പോലെ സാക്ഷാത്കരിച്ച്  കൃതാര്ഥനായും, കാമ രാഗാദിദോഷരഹിതനായും ശമദമാദി സമ്പന്നനായും മാത്സര്യ തൃഷ്ണാശാദിഹീനനായും, ദംഭാഹംകാരാദി സ്പര്ശലേശമന്യേ യാതൊരുവൻ വര്ത്തിക്കുന്നവോ അവൻ തന്നെയാണ് ബ്രാഹ്മണൻ എന്ന് ശ്രുതി സ്മൃതി പുരാണേതിഹാസങ്ങളുടെ അഭിപ്രായം ഇതിൽ നിന്ന് ഭിന്നമായി  യാതൊരു തരത്തിലും ബ്രാഹ്മണ്യം സിദ്ധിക്കയില്ല എന്നതുകൊണ്ട്  ആത്മാവു തന്നെയാണ് സച്ചാദിനന്ദസ്വരൂപനെന്നും അദ്വിതീയമെന്നും ധരിച്ച് ബ്രഹ്മഭാവത്തെ മനുഷ്യൻ ഭാവനചെയ്യേണ്ടതാണ്. 


സന്യാസി ആയാൽ ബ്രഹ്മചര്യം, അഹിംസ അപരിഗൃഹം, സത്യം എന്നിവ പരിപാലിക്കണം.  വര്ഷക്കാലത്ത് ഒരിടത്ത് സഞ്ചരിക്കാം  എന്നാൽ എട്ടുമാസം ഏകാകിയായോ ഒരാളുടെ സഹായത്തോടു കൂടിയെ സഞ്ചരിക്കാവൂ. 


അവധൂതചര്യ സാമാന്യമായി പറഞ്ഞാൽ വര്ണ്ണാശ്രമരഹിതനായ ആത്മാവിൽ തന്നെ സ്ഥിതിചെയ്യുന്ന വര്ണാശ്രമരഹിതനായ യോഗിയാണ് അവധൂതൻ.  അവരുടെ പ്രപഞ്ചം സ്വന്തം ഇഷ്ടമനുസരിച്ചുളഅള സ്വൈരവിഹാരമാണ്. അവരിൽ നഗ്നരായോ വസ്ത്രയുക്തരായോ കാണപ്പെടുന്നു. അവര്ക്ക് ധര്മ്മാധര്മ്മങ്ങളോ മേധ്യാമേധ്യങ്ങളോ ഇല്ല.  പൂർണശുദ്ധരാകയാൽ പാപപുണ്യങ്ങളാൽ ലിപ്തനാകുന്നില്ല. 


വേദാന്തവാക്യേഷു സദാ രമന്തോ

ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ

അശോകമന്തഃകരണേ രമന്തഃ

കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''


ഇതാണ് ഒരു സംന്യാസിയുടെ യഥാര്ഥക്ഷണം. അതായത് അവന് എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്ത്ഥചിന്തനത്തില് രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നംകൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്ശകമില്ലാതെ അന്തര്മ്മുകഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്. ഇതാണ് ഭാരതീയമായ സന്യാസശബ്ദം കൊണ്ട് വിവക്ഷിക്കുന്നത്.  ആ ഗുരുപരമ്പര എല്ലാവര്ക്കും മംഗളത്തെ നൽകട്ടെ. ശ്രീഗുരുഭ്യോ നമഃ. ഹരി ഓം.


✍️അഭിനവ ബാലാനന്ദഭൈരവ

🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment