സ്വാതന്ത്ര്യവും ലാക്ഷണിക പ്രയോഗവും...
സ്വാതന്ത്ര്യം എന്ന പദം നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്.. ഈ സ്വാതന്ത്ര്യമെന്നത് ഇന്നു നാം പറയുന്ന, മനസ്സിലാക്കിയ അർഥത്തെയാണോ പ്രതിനിധീകരിക്കുന്നത്.
സ്വാതന്ത്ര്യം എന്ന പദത്തിന് അർഥം എന്താണ് എന്നു മനസ്സിലാക്കുന്നത് അതിന്റെ അർഥതലങ്ങളെ മനസ്സിലാക്കാനുപകരിക്കും..
എന്താണ് സ്വതന്ത്രത. സ്വസ്യ തന്ത്രം യത്ര, തന്നിൽ നിന്ന് തന്റെ ആത്മാവിൽ നിന്ന് വിസ്തരിച്ചതായ എന്തോ അതാണ് തന്ത്രം, തന്യതെ വിസ്താര്യതെ ഇതി. അതായത് നമ്മൾ നമ്മളിൽ നിന്ന് സ്വയം വിസ്തരിപ്പിച്ച് നാം ഉണ്ടാക്കിയതെല്ലാം തന്നെ സ്വതന്ത്രം ആണ്, നമ്മൾക്ക് അധീനമാണ്. നാം അങ്ങിനെയുണ്ടാക്കുന്നവരാണ് പുത്രന്മാർ, ഭൃത്യന്മാർ, പ്രജകൾ, ശിഷ്യർ തുടങ്ങിവർ. ഇവരുള്ള കാലത്തോളം നാം സ്വതന്ത്രർ ആണ്.
ഇതിനെ കുറച്ചു കൂടി ആഴത്തിൽ മനസ്സിലാക്കാൻ സ്വതന്ത്രമെന്നതിന്റെ ചില ഉദാഹരണങ്ങളെ കൂടി നോക്കാം...
ഒരു ഗൃഹത്തെ നയിക്കുന്നവർ സ്വതന്ത്രരാണ്, അതായത് തന്നിൽ നിന്നു സൃഷ്ടിച്ച വിസ്തരിപ്പിച്ച തന്റെ ബന്ധുവർഗ്ഗങ്ങളാലും, ഭൃത്യന്മാരാലും കെട്ടപ്പെട്ടവരാണ്. പക്ഷെ നേരെ മറിച്ച് ഭൃത്യാദികൾക്ക് ഒന്നും തന്നെ അങ്ങിനെയൊരു കെട്ടപ്പെടലുമില്ല അവർ അതന്ത്രരാണ്.
ഒരു കുടുംബത്തിൽ ഒരു കുട്ടി ജനിച്ചാൽ ആ ജനിക്കുന്ന സമയം അദ്ദേഹം അതന്ത്രനാണ്. പക്ഷെ അതിനു താഴെ ഒരു സഹോദരൻ ജനിച്ചാൽ ജ്യേഷ്ഠൻ ആയി തീരുന്ന നിമിഷം സഹോദരധർമ്മത്താൽ കെട്ടപ്പെട്ടു. ജ്യേഷ്ഠൻ,തന്നിൽ നിന്ന് വിസ്തരിച്ചതായ കെട്ടപ്പെടലുകൾ കൊണ്ട് സ്വതന്ത്രനാണ്. തന്നിൽ നിന്ന് തന്റേതെന്ന് ഭാവത്തിൽ കെട്ടപ്പെട്ടു എന്നാശയം. നേരേ മറിച്ച് സഹോദരൻ സ്വതന്ത്രമില്ലാത്തവനാണ്, അതായത് അതന്ത്രനാണ്. സ്വാതന്ത്രന്തു സ്മൃതം ജ്യേഷ്ഠേ എന്ന് ആചാര്യൻ ഇതിനെ വിശദീകരിക്കുന്നു.
ഒരു രാജാവ് സ്വതന്ത്രനാണ് അതായത് തന്നാൽ വിസ്തരിക്കപ്പെട്ട പ്രജകളുടെ പാലനമെന്ന ധർമ്മത്തിൽ കെട്ടപ്പെട്ടവനാണ്. പ്രജകൾ രാജാവിനെ അപേക്ഷിച്ച് അതന്ത്രർ ആണ്, അതായത് കെട്ടപ്പെട്ടവരല്ല.
അസ്വതന്ത്രാഃ പ്രജാഃ, സർവാഃ സ്വതന്ത്രഃ പൃഥിവീ പതിഃ.
ഗുരുസ്ഥാനം സ്വയം സ്വീകരിച്ച് തന്നാൽ വിസ്തരിക്കപ്പെട്ട, തന്നാൽ സ്വീകരിക്കപ്പെട്ട ശിഷ്യരു ഹേതുവായി ഗുരു സ്വതന്ത്രനാണ്. അവരെ ഉയർത്തുന്നതു വരെ കെട്ടപ്പെട്ടവനാണ്, ശിഷ്യർ സ്വതന്ത്രരല്ല അതായത് കെട്ടപ്പെട്ടവരല്ല.
അസ്വതന്ത്രഃ സ്മൃതഃ ശിഷ്യ ആചാര്യസ്യ സ്വതന്ത്രതാ.
ഇവിടെ ആചാര്യനാണ് സ്വതന്ത്രതാ.
പിതാവ് സ്വന്തം ബീജം കൊടുക്കുന്ന നിമിഷം മുതൽ പുത്രനിൽ കെട്ടപ്പെടുന്നു. പുത്രൻ പിതാവിൽ നിന്ന് വിസ്തരിക്കപ്പെടുന്നതാണ്. അതുകൊണ്ട് പിതാവ് സ്വതന്ത്രനാണ്. അമ്മ ബീജത്തെ തന്റെ ഉദരത്തിൽ വളർത്തി ജന്മം കൊടുക്കുന്ന സമയം മുതൽ സ്വതന്ത്രയാണ്. തന്നിൽ നിന്ന് സ്വയം വിസ്തരിപ്പിക്കുന്നവളാണ്, അവൾ സ്വതന്ത്രയാണ്.
ഇപ്രകാരം ഇവിടെ പറയപ്പെട്ട ജ്യേഷ്ഠൻ, അച്ഛൻ, അമ്മ, രാജാവ്, ഗുരു ഇവരെല്ലാവരും സ്വാതന്ത്ര്യത്തോടു കൂടിയവരാണ് എന്നു പറയുമ്പോൾ യഥാർഥത്തിൽ ആചാര്യൻ പറയുന്നത് നേർ വിപരീതമായ അർഥതലത്തിലാണ്.
ശാസ്ത്രത്തിൽ സ്വാതന്ത്ര്യ ശബ്ദം തന്നിൽ നിന്ന് വിസ്തരിക്കുന്നതു ഹേതുവായി സ്വയം ധർമ്മത്താൽ വിസ്തരിക്കപ്പെട്ടവരാണ്, കെട്ടപ്പെട്ടവരാണ് എന്ന അർഥത്തിലാണ് പല സ്ഥലങ്ങളിലും പ്രയോഗിച്ചിരിക്കുന്നത്.
സൂത്രപദ്ധതിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളെ വിഷയാസ്പദമായി യുക്തിയുക്തമായി ചിന്തിക്കാതെ കോശാർഥങ്ങളെ വച്ചു മാത്രം അർഥനിർധാരണം ചെയ്യാൻ ശ്രമിച്ചാൽ അത് നേർ വിപരീതമായ അർഥത്തെയാകും നമുക്ക് തരുക. ശാസ്ത്രഗ്രന്ഥങ്ങളിൽ ശ്രദ്ധിക്കേണ്ടതും ഇതാണ്.
ആകെ ചെയ്യേണ്ടത്, ആചാര്യനെന്താണ് പറയാൻ ശ്രമിക്കുന്നത് എന്നു ചിന്തിക്കുക എന്നതാണ്. (ശ്രദ്ധിക്കുക, എല്ലാ സ്ഥലത്തും മുകളിലെഴുതിയ പോലെ ലക്ഷണയാകണമെന്നില്ല, പൂർവാപരത്തെ അതായത് ഗ്രന്ഥത്തിൽ സ്വാതന്ത്ര്യശബ്ദം പ്രയോഗിച്ചതിന്റെ മുൻപും പിൻപും നോക്കിയും, വിഷയത്തെ നോക്കിയും മനസ്സിലാക്കികൊള്ളണം)
ഒന്നൂടി വ്യക്തമാക്കാൻ ശ്രമിച്ചാൽ, നമ്മളാൽ സ്വയം വിസ്തരിച്ച്, അതായത് നാം തന്നെയുണ്ടാക്കിയ പുത്രപൌത്രാദി ബന്ധുജന രൂപമായ കെട്ടിൽ നിന്നുള്ള മോചനം, സ്വന്തം അതന്ത്രതയാണ്, വിസ്തരിക്കപ്പെടാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം.. അതാണ് യഥാർഥ മോചനം. അതായത് സ്വതന്ത്രതയല്ല സ്വാതന്ത്ര്യം.... അതന്ത്രതയാണ് ..
അഭിനവ ബാലാനന്ദഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment