Monday, December 11, 2023

തന്ത്രഗ്രന്ഥങ്ങളിലെ മന്ത്രോദ്ധാരം

 തന്ത്രഗ്രന്ഥങ്ങളിലെ മന്ത്രോദ്ധാരം

വാങ്മായാ ബ്രഹ്മസൂസ്തസ്മാത് ഷഷ്ഠം വക്ത്രസമന്വിതം
സൂര്യോऽവാമശ്രോത്രബിന്ദു സംയുക്തഷ്ടാത്തൃതീയകഃ
നാരായണേന സമ്മിശ്രോ വായുശ്ചാധരയുക് തതഃ
വിച്ചേ നവാര്ണകോऽണുഃ സ്യാനമഹാദാനന്ദദായകഃ
ദേവ്യഥർവശീര്ഷത്തിലെ ശ്ലോകമാണ്.. പ്രത്യേകിച്ച് മന്ത്രോദ്ധാരമാണ് ആചാര്യൻ ചെയ്തിരിക്കുന്നത്.
വിഷയത്തെ നോക്കാതെ സംസ്കൃതശ്ലോകം ആണല്ലോ എന്ന് ചിന്തിച്ച് വ്യാഖ്യാനിച്ചാലെങ്ങിനെയിരിക്കും.. പറഞ്ഞു ഫലിപ്പിക്കാൻ ശരിക്കും വിയര്ക്കേണ്ടിവരുമെന്ന് തോന്നണു...
വാക്കും മായയും ബ്രഹ്മത്തിലാണ് ആ കാരണം കൊണ്ടു ആറാമത്തേത് വക്ത്രത്തോടു ചേര്ന്നിരിക്കുന്നു. സൂര്യനാകട്ടെ അവാമശ്രോത്രനും ബിന്ദു സംയുക്തവും ആറാമത്തേതും തൃതീയവുമാണ്. നാരായണനോടു ചേര്ന്നിരിക്കുന്നതും, വായു അധരത്തോടു ചേര്ന്നതുമാണ്. വിച്ചെ ആകട്ടെ ഒന്പതു ചേര്ന്നതായ അക്ഷരമാണ്. അതാകട്ടെ മഹത്തായ ആനന്ദത്തെ തരുന്നതുമാണ്. വേണേ കുറച്ചു കൂടി സംസ്കൃത പദങ്ങളെ നോക്കിയാൽ മനോഹരമായി വ്യാഖ്യാനിക്കാനാകും..
ഇനി നമുക്ക് ഇതിന്റെ അര്ഥത്തെ സാമാന്യമായി നോക്കാം..
വാണീ.. വാണിയുടെ അക്ഷരം തന്ത്രത്തില് ഐം ആണ്.. മായാ ബീജം ഹ്രീം. ബ്രഹ്മസൂ- കാമാക്ഷരമാണ് അതായത് ക്ലീം. ഇതിനു മുന്പിൽ ആറാമത്തെ വ്യഞ്ജനാക്ഷരം അതായത് ച, അതാകട്ടെ വക്ത്രസമന്വിതം ആണ് ചാ. സൂര്യൻ അക്ഷരം മ, അവാമശ്രോത്ര – അതായത് ദക്ഷിണ കര്ണം ഉ, ബിന്ദുസംയുക്തം അതായത് അനുസ്വാരത്തോടു ചേര്ന്നത് – മും. ടകാരത്തിൽ നിന്നു മൂന്നാമത്തേത് ഡകാരം. അതു തന്നെ നാരായണ നോടു ചേര്ത്ത് പറയുമ്പോൾ ആ എന്നതു ചേര്ത്താൽ ഡാ എന്നാകും. വായു എന്നാൽ യ, അതു തന്നെ അധരത്തോട് ചേര്ത്ത് അതായത് ഐ നോട് ചേര്ത്ത് പറയുമ്പോൾ യൈ. വിച്ചൈ എന്നിങ്ങനെയുള്ള ഒന്പതക്ഷരത്തോടു ചേര്ന്ന മന്ത്രം ഉപാസകന്മാര്ക്ക് ആനന്ദത്തേയും ബ്രഹ്മസായുജ്യത്തേടും കൊടുക്കുന്നതാണ് എന്നാണ് ശ്ലോകാര്ഥം. പദ്ധതികളിൽ വ്യത്യാസം കാണാറുണ്ട് എങ്കിലും ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ എന്നാണ് ശ്ലോകത്തിലൂടെ ആചാര്യൻ വിശദീകരിക്കുവാൻ ശ്രമിച്ചിരിക്കുന്നത്.
വിയദീകാര സംയുക്തം വീതിഹോത്രസമന്വിതം
അര്ധേന്ദുലസിതം ദേവ്യാ ബീജം സർവാര്ഥസാധകം
വിയത് ആകാശം അതായത് ഹ. അത് ഈകാരത്തോടു ചേര്ന്നത് വീതിഹോത്രസമന്വിതം, അതായത് അഗ്നി രകാരം അത് സഹിതമാണ്. അര്ധചന്ദ്രനോട് അലംകൃതം ഹ് ര് ഈ ം. ചേര്ത്താൽ ഹ്രീം.
.
കൌമാരന്ത്രത്തിലെ മയൂരബീജം നോക്കിയാലും
ഷഷ്ഠവര്ഗാന്തിമം ബീജം മായാനലസമായുതം
ബിന്ദുനാദസമായുക്തം മായൂരം ബീജമുച്യതേ..
അതായത് ഓം മ്രീം മയൂരായ നമഃ എന്ന മയൂരമന്ത്രത്തെയാണ് ആചാര്യൻ പറയുന്നത്.
ചോദ്യം എന്താണെന്നാണെങ്കിൽ ഇത്തരത്തിൽ ഗൂഡമായി വ്യാഖ്യാനിച്ചിരിക്കുന്ന ആചാര്യന്മാർ ഇതെല്ലാം കാര്യകാരണമില്ലാതെ ചെയ്തതാകുമോ..ചുമ്മാ ഇരിക്കുമ്പോൾ തോന്നിയ വികടത്തം പോലെ..അതും ഛന്ദസെല്ലാം യോജിപ്പിച്ച് ശാസ്ത്രയുക്തിയോടു കൂടി.. അങ്ങിനെയല്ലായെങ്കിൽ കൃത്യമായ പദ്ധതിയുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടാകില്ലെ.. ഭൂതസംഖ്യയാണെങ്കിലും കടപയാദിയാണെങ്കിലും വര്ണ്ണാക്ഷരവിധാനമാണെങ്കിലും ഇത്ര സൂക്ഷ്മമായി പറയുമ്പോൾ അതെന്തിനു വേണ്ടിയാകും. നേരെ ഇതുപയോഗിച്ചാൽ എന്താകും ദോഷം വരുന്നത്.. യോഗ്യരായ വ്യക്തികളിലൂടെ മാത്രമേ ഇത് വരാവൂ എന്നതാണോ യുക്തി അതോ മറ്റെന്തെങ്കിലും ആണോ..സാമാന്യം മന്ത്രം നേരേ പറയുന്ന രീതി ആചാര്യന്മാര്ക്കില്ലായെന്നതാണ് കണ്ടിരിക്കുന്നതും. ഇപ്രകാരം മന്ത്രോദ്ധാരത്തെ പഠിപ്പിക്കുകയാണ് രീതി.. ഇന്ന് ഈ മന്ത്രോദ്ധാരമെന്ന പദ്ധതി യഥാര്ഥത്തിൽ നഷ്ടപ്പെട്ടപോലെയാണ് കാണപ്പെടുന്നത്. കാരണം ഇതറിയണമെങ്കിൽ ഭൂതസംഖ്യയുള്പ്പെടെ മന്ത്രാക്ഷരകോശം മനസ്സിലാക്കാതെ സാധ്യമല്ല. അര്ഥം പിഴച്ചാൽ മന്ത്രം പിഴക്കും.. അതോടെ പ്രയോഗവും തെറ്റും..
പിന്നീടുള്ള സംശയം....
എങ്ങിനെയാണ് ഈ നവാക്ഷരിയെ പോലെയുള്ള മന്ത്രങ്ങളിൽ മന്ത്രാര്ഥങ്ങളെ യോജിപ്പിച്ചിരിക്കുന്നത്. രഹസ്യം എന്നതു ശ്ലോകങ്ങളിൽ മാത്രമാകില്ലല്ലോ.. വര്ണ്ണങ്ങളിലും കൂടിയേ തീരൂ.. കാരണം ഈ മന്ത്രം ആണല്ലോ പ്രയോഗിക്കുമ്പോൾ ഫലം തരുന്നത്. അതെങ്ങിനെയാണ്.. വര്ണ്ണാക്ഷരത്തിന്റെ സൂക്ഷ്മതലങ്ങൾ ഏതൊക്കെയാണ്.. എങ്ങിനെയാണ് അത് ശരീരത്തിന്റെ അതിസൂക്ഷ്മമായ തലങ്ങളെ സ്വാധീനിക്കുന്നത്. ഉദാഹരണത്തിന് മാതംഗീ മന്ത്രം ചൊല്ലുന്നവര്ക്ക് മദ്യം കഴിച്ച അവസ്ഥ വരാറുണ്ട്. എന്തുകൊണ്ടാണിത്...ചില മന്ത്രങ്ങള് ചൊല്ലുമ്പോള് ശരീരത്തില് ചില പ്രത്യേക ഭാഗങ്ങളില് വേദനയും സ്വാഭാവികം.. സ്വഭാവത്തിലും വ്യത്യാസം കാണാം..
തന്ത്രം രസകരമാകുന്നത് ഇത്തരത്തിലുള്ള പല ചോദ്യങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുമ്പോഴാണ്..പലപ്പോഴും ഈ ശാസ്ത്രം നിഗൂഢമായി ഇരിക്കുന്നത് ഈ ഉത്തരങ്ങളൊന്നും തന്നെ നേരേ ലഭ്യമല്ലായെന്നതു കൊണ്ടു തന്നെയാകണം.. അഴിക്കുന്തോറും കൂടുതൽ കുരുക്കെന്ന പോലെ.. ചോദ്യത്തിനുത്തരം ചോദ്യം.. ഈ യാത്ര തന്നെയാണ് ഇതിന്റെ പ്രത്യേകതയും ആസ്വാദ്യതയും.. ആഴങ്ങളിലേക്കു പോകാതെ മുത്തുകിട്ടില്ലായെന്നതു പോലെയാണ് ഇവിടേയും.. അര്ണവം എന്ന വാക്കു ഈ ശാസ്ത്രത്തിനു ചേരുന്നത് ഇപ്രകാരത്തിലുള്ള സമുദ്രം ആയതുകൊണ്ടു തന്നെയാകണം.. ഹരി ഓം
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment