Thursday, December 7, 2023

തർക്കസംഗ്രഹം ! നയിക്കുന്നത് എങ്ങോട്ട് ?

 തർക്കസംഗ്രഹം ! നയിക്കുന്നത് എങ്ങോട്ട് ?


തർക്കസംഗ്രഹം എന്നു കേൾക്കുമ്പോൾ ആദ്യം വരുന്ന ചോദ്യം ആണ് ഇത് ആത്മാന്വേഷണത്തിന് ഉതകുന്നതാണോ ?


ദേവിയെ ആധാരമാക്കി ചിന്തിക്കാം…


ദേവി വിദ്യാ സ്വരൂപിണിയാണോ ? ആണ്. 

ഭാരതത്തിലെ പതിനെട്ടു വിദ്യകളിൽ ന്യായം ഉണ്ടോ ? ഉണ്ട്. 

അപ്പോൾ, ആ ന്യായ ശാസ്ത്രം ആത്മാന്വേഷണത്തിനുള്ളതാണോ?  ആണ്.


അല്ലായെന്നു പറഞ്ഞാൽ, ഭാരതത്തിലെ വിദ്യകളുടെ ആധാരം നഷ്ടമാകും. കാരണം ഏത് മാർഗ്ഗവും ധർമ്മാർഥകാമമോക്ഷങ്ങളിലേക്ക് നയിക്കുന്നതാകണം. 


ഇനി പ്രമാണരൂപമായി ചിന്തിക്കാം.


ന്യായത്തിന്റെ ദേവതയാണ് സമീരണൻ. നമ്മളിൽ  പ്രേരകനായി ഇരിക്കുന്ന പ്രാണന് ആണ് സമീരണൻ. സം എന്ന ഉപസർഗ്ഗത്തോടു കൂടി ഈര് ധാതുവാണ്. സമീരയതീതി സമീരണഃ. ഈര് ധാതുവിന് പ്രേരണാ, ഗതി, കമ്പനം എന്നെല്ലാം അർഥം. 


എന്തിനെയാണ് ഇവിടെ പ്രേരിപ്പിക്കുന്നത് ?  ന്യായത്തെ ആധാരമാക്കി പറഞ്ഞാൽ ആത്മാവിൽ നിന്നുണ്ടാകുന്ന ഇച്ഛാ, അതിന്റെ തുടർച്ചയായ കൃതി, ചേഷ്ടാ, ക്രിയാ എന്നിവയുടെ ആധാരമാണ് സമീരണൻ. 


ഇതിനെ മനസ്സിലാക്കാൻ ന്യായം വേണോ ? വേണം. 


അപ്പോൾ ന്യായം ആത്മാന്വേഷണത്തിന് ആധാരമാണോ ? ചിന്തിക്കൂ.


ഇനി,

ലളിതാ സഹസ്രനാമവും, ദേവീ ഭാഗവതവും എല്ലാം പറയുന്ന ദേവി, ഇച്ഛാ ജ്ഞാനം ക്രിയാ രൂപിണിയാണോ ? അതേ.

 

ഇച്ഛാ, കൃതി, ചേഷ്ടാ, ക്രിയാ ഇതു തന്നെയല്ലെ മുകളിൽ മറ്റൊരു ഭാഷയിൽ പറഞ്ഞിരിക്കുന്നത്. അപ്പോൾ ആദ്യത്തേത് ആത്മാന്വേഷണമാണ്. ന്യായം എന്നാൽ നേരേ വിപരീതവും. 


ഇനി ന്യായത്തിന്റെ അർഥം എന്താണ് ?  നിയമേന ഈയതേ ഇതി, നീയന്തേ പ്രാപ്യന്തേ വിവക്ഷിതാർഥാ യേനേതി, മുകളിൽ  നാം വിവക്ഷിച്ചതായ അർഥതലങ്ങളെ ബോധിപ്പിക്കുന്നതാണ് അതിലേക്ക് നയിക്കുന്നതാണ് ന്യായം. 


വാഗർഥാവിവ സംപൃക്തൌ വാഗർഥ പ്രതിപത്തയെ

ജഗതഃ പിതരൌ വന്ദേ പാർവതീ പരമേശ്വരൌ,


രഘുവംശത്തിലെ ഈ ശ്ലോകം വിവക്ഷിതാർഥത്തിലൂടെ ആത്മാന്വേഷണത്തെ  ബോധിപ്പിക്കുന്നതാണ്. എന്നാൽ ഇതിന് ആധാരമായിട്ടുള്ള ന്യായം ആത്മാന്വേഷണത്തിന് ഉതകുന്നതല്ല.   


ഇനി തന്ത്രം എടുക്കൂ.

തന്ത്രശാസ്ത്രത്തിൽ, തന്ത്രി പ്രാണനിലൂടെ തന്റെ ഉള്ളിലുള്ള അഗ്നിയെ ഉണർത്തി ദേവതയെ സൃഷ്ടിക്കുന്നത് ഏതിന്റെ പ്രേരണയാലാണ്,  തന്റെ പ്രാണന്റെ. അതിന്റെ ആധാരമാണ് പ്രേരണാ രൂപമായി ഇരിക്കുന്ന  സമീരണൻ. 


പക്ഷെ തന്ത്രത്തിന് ന്യായം വേണ്ട.


ഇനി ശാക്ത തന്ത്രം എടുക്കൂ.

നമുക്ക് ഉദാഹരണമായി ശ്യാമളാ ദേവിയെ എടുക്കാം. ദശമഹാവിദ്യാ സ്വരൂപിണിയായ ശ്യാമളാ ആത്മാന്വേഷണത്തിന്റെ ഉത്തുംഗ ശൃംഗത്തെ പ്രദാനം ചെയ്യുന്നു. ശ്യൈങ് ഗതിം ലാതി ഇതി ശ്യാമളാ. ഗതിയെ കൊണ്ടുവരുന്നവളാണ് ദേവി. ഏത് ഗതിയാണ് ?  ഇച്ഛാ രൂപമായ ഗതിയെ. അപ്പോ ശാക്തത്തിൽ സമീരണൻ ആരാണ് ? ശാക്തത്തിലെ ശ്യാമളാ. ശ്യാമളാ ആത്മാന്വേഷണോപാധിയാണ്.  അതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ന്യായം ആത്മസ്വരൂപത്തെ അറിയാനുള്ളതാണോ അല്ലയോ ?


ഇനി വ്യാകരണം എടുക്കാം. 

ധ്വന്യവും വർണവും ആണ് വ്യാകരണത്തിന്റെ ആധാരം. അതുണ്ടാകുന്നത്, അതായത് സവർണം ഉണ്ടാകുന്നത് എപ്പോഴാണ്. ഇച്ഛയുണ്ടാകുമ്പോൾ. അതെങ്ങിനെയാണ്. പ്രേരണ കൊണ്ട്. ആ സവർണം തിരിച്ചറിയുന്നത് എങ്ങിനെയാണ്, ആന്തരതമ്യ പരീക്ഷണത്തിലൂടെ. അപ്പോ സമീരണൻ അവിടേയും വേണം.  പക്ഷെ ന്യായം വേണ്ട. 


ഇനി ശിക്ഷാ ശാസ്ത്രത്തെ കൂടി യോജിപ്പിച്ച് ചിന്തിക്കാം. പ്രത്യേകിച്ച് പാണിനീയ ശിക്ഷാ.

ആത്മാ ബുദ്ധ്യാ സമേത്യർഥാൻ 

മനോ യുങ്ക്തേ വിവക്ഷയാ

മനഃ കായാഗ്നിമാഹന്തി 

സ പ്രേരയതി മാരുതം

മാരുതസ്തൂരസി ചരന്മന്ത്രം ജനയതി സ്വരം


ആത്മാവിന്റെ പ്രേരണാ രൂപമായി മാരുതന്റെ ഗതി കൊണ്ടാണ് ഇവിടെ സ്വരം ഉണ്ടാകുന്നത് എന്ന് പാണിനി തന്നെ ശിക്ഷാശാസ്ത്രത്തിൽ വിവക്ഷിക്കുന്നു. അപ്പോൾ ഇച്ഛയെ നിയന്ത്രിക്കുന്നതായ പ്രാണനാണ് സമീരണൻ. ശിക്ഷാ ആത്മാന്വേഷണത്തിന് വേണം. കാരണം മന്ത്രം ചൊല്ലണമല്ലോ. പക്ഷെ അത് അറിയാനുള്ള ഉപാധിയായ ന്യായം ആത്മാന്വേഷണത്തിന് വിലങ്ങു തടിയാണ്. 


ഇനി ആയുർവേദം നോക്കാം. 

പദാർഥ വിജ്ഞാനീയം എന്നത് ആയുർവേദത്തിന്റെ ആധാരമാണ്. അതിന്റെ അറിവാണ് വാത പിത്തകഫങ്ങളെ മനസ്സിലാക്കാനുള്ള ഉപാധി. കാരണം  ആത്മാവിന്റെ ഇച്ഛാ രൂപമാണ് പദങ്ങളുടെ സൃഷ്ടി. പദ ഗതൌ.  വ്യക്തിയുടെ ഇച്ഛയാൽ സത്ത്വ രജസ്തമോ ഗുണങ്ങളിലുണ്ടാകുന്ന ന്യൂനത്വവും ആധിക്യവുമാണ് രോഗത്തിന് നിദാനം. അതാണ്  പ്രധാനമായി വാതപിത്തകഫങ്ങളെ നിയന്ത്രിക്കുന്നത്.  രുജന്തീതി രോഗാഃ കായമനാംസി, കായത്തിലും മനസ്സിലും ആണ് രോഗം വരുന്നത്. 

രാഗാദി രോഗാൻ എന്ന അഷ്ടാംഗഹൃദയത്തിലെ ആദ്യ ശ്ലോകം മതിയാകും ഇതിനെ മനസ്സിലാക്കാൻ.  അപ്പോൾ ശരീരമനസ്സിലുള്ള രോഗത്തിന് കാരണം ഇച്ഛയാണ്. അതിന്റെ കാരണം പ്രേരണാ. ആധാരം സമീരണൻ. പക്ഷെ ഇതു മനസ്സിലാക്കാനുള്ള ന്യായശാസ്ത്രം എന്നത് സംസ്കൃതം പഠിക്കാനുള്ള ഉപാധി മാത്രം.


ഇനി യോഗം നോക്കാം.


ചിത്തത്തിന്റെ നിരോധം ആണ് യോഗം. എന്താണ് ചിത്തത്തിന്റെ ചലനത്തിന് കാരണം, വിഷയരൂപമായ ഇച്ഛാ. ആ വിഷയങ്ങളുടെ  രോധനമാണ്  യോഗം. പ്രാണായാമത്തിലൂടെ ഏതിനെയാണ് നാം അപ്പോൾ നിയന്ത്രിക്കുന്നത് ?  ഇച്ഛക്ക് കാരണ രൂപമായി ഇരിക്കുന്ന സമീരണനെ.  യോഗം ആത്മാന്വേഷണമാണ്. പക്ഷെ വിഷയങ്ങളു വരുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കി തരുന്ന ന്യായം ആത്മാന്വേഷണത്തിന് വിരുദ്ധം.   


ഇനി വേദത്തെ നോക്കാം. 

വിദ് ജ്ഞാനെ എന്നാണല്ലോ പറയുന്നത്. അതിൽ തന്നെ  അഗ്നിയാണല്ലോ വൈദികത്തിന്റെ ആധാരം. അഗ്നിയെ ഉയർത്താൻ എന്താണ് വൈദികർ ചെയ്യുന്നത്. ശുദ്ധമായ ഇച്ഛയാൽ തന്റെ പ്രാണരൂപമായ അഗ്നിയെ ശക്തിരൂപമായ    സ്വാഹാ ഭാവത്തിൽ ഉയർത്തുന്നു. ഈ ശക്തിയെങ്ങിനെയാണ് ഉണ്ടാക്കുന്നത്. തന്റെ ശുദ്ധമായ ഇച്ഛയാൽ. ആ ഇച്ഛയെങ്ങിനെയാണ് വരുന്നത് പ്രേരണ കൊണ്ട്. അപ്പോ ഭാരതത്തിന്റെ വൈദികപാരമ്പര്യം ആത്മാന്വേഷണത്തിനുള്ളതാണ്. പക്ഷെ അതെന്താണ് എന്നു പഠിപ്പിക്കുന്ന ന്യായം അതിന് വിലങ്ങു തടിയും.


ഇത്രയും പറഞ്ഞു വന്നത് ഒരു കാര്യം ബോധിപ്പിക്കാനാണ്. ഓരോ വ്യക്തികളും സ്വധർമ്മം അനുഷ്ഠിക്കുന്നത് ന്യായം എന്നതു വച്ചാണ്.  ഓരോരുത്തരും സ്വധർമ്മത്തെ ചെയ്യുമ്പോൾ ആ വ്യക്തികളിൽ ഉണ്ടാകുന്ന ഇച്ഛ വേറെ വേറെയാകും.  അതുമാത്രമാണ് വ്യത്യാസം. പക്ഷെ അതിന്റെ വികാസ പരിണാമം   ഒരുപോലെയാണ്.   


അടിസ്ഥാനപരമായി സംസ്കൃത വിദ്യാർഥികൾക്കുള്ളത്, പ്രത്യേകിച്ച് ന്യായം എന്ന ശാസ്ത്രത്തെ പഠിക്കുന്നവർക്ക് വേണ്ടി മാത്രം അല്ല ന്യായം. ഓരോ വ്യക്തികൾക്കും തന്റെ ജീവിതത്തെ കാണുന്നത് മനസ്സിലാക്കി തരുന്ന ശാസ്ത്രഭാഗമാണ് ന്യായം. എങ്ങിനെയാണ് ഇച്ഛ വരുന്നത്. അതെങ്ങിനെയാണ് വികസിക്കുന്നത്. അതിന്റെ അന്തർമുഖവും ബഹിർമുഖവും ആയ അവസ്ഥകളെങ്ങിനെയാണ് ഇതൊക്കെയാണ് അതിലെ വിഷയങ്ങൾ.  അതാണ് ആത്മാന്വേഷണത്തിനുള്ള ആദ്യ പടി. ഈ ലോകം നമ്മളാണ് സൃഷ്ടിക്കുന്നത്. അതുണ്ടാകുന്നത്  എങ്ങിനെയെന്ന് അറിയാതെ അതിനെ നേരെയാക്കുക സാധ്യമല്ല. അതു മനസ്സിലാക്കിയാണ് ആചാര്യന്മാർ പതിനെട്ടു വിദ്യകളിൽ ന്യായശാസ്ത്രത്തെ യോജിപ്പിച്ചിരിക്കുന്നത്.


ന്യായതത്ത്വങ്ങൾ എല്ലാം തന്നെ സംക്ഷിപ്തരൂപമായി  ഉപദേശിക്കുന്ന ഒരു ഗ്രന്ഥമാണ് തർക്ക സംഗ്രഹം.  മുക്താവലി, ന്യായഭാഷ്യം തുടങ്ങിയ ഗ്രന്ഥങ്ങളിലേക്ക്  കയറുന്നതിന് മുന്പ് അടിസ്ഥാനത്തെ ഉറപ്പിക്കുവാൻ ഉള്ള  പന്ഥാവാണത്.  


ഇനി സ്വയം ആലോചിക്കൂ തർക്കസംഗ്രഹം ആത്മാന്വേഷണത്തിനുള്ളതാണോ ?


ഇത്രയും വിഷയങ്ങളിലൂടെയുള്ള ഒരു ചെറിയ യാത്രയിലായിരുന്നു ഈ നാലഞ്ചു ദിനങ്ങള്.

  

ബാക്കി വരും ദിവസങ്ങളിൽ...

No comments:

Post a Comment