Thursday, December 7, 2023

വൃക്ഷങ്ങളും ജീവിതവും...

 വൃക്ഷങ്ങളും ജീവിതവും...


ഗുരുനാഥൻ വൃക്ഷങ്ങളെ ചൂണ്ടിക്കാട്ടി സ്ഥിരം പറയാറുണ്ട്..നാം വൃക്ഷങ്ങളെ പോലെയാണ്. അന്ന് മനസ്സിലായിരുന്നില്ല എന്താണ് ശരിക്കു അർഥമെന്ന്. അന്ന് ചോദിച്ചപ്പോൾ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്ന വൃക്ഷങ്ങളെ പോലെയാകണം എന്നാണ് തത്ത്വം പറഞ്ഞത്.   സുഭാഷിതം പഠിച്ച സമയത്തും ചിന്തിച്ചത് അതു തന്നെ. 


 കഴിഞ്ഞ തവണയും ഗുരുനാഥന്റെ അടുത്തു എത്തിയപ്പോ അതു തന്നെ വീണ്ടും പറഞ്ഞു. സുഹൃത്തു അപ്പോൾ തന്നെ ചോദിച്ചു എന്താണ് ഇതിന്റെ അർഥം. ഇതു തന്നെയാണോ. 


എന്നോട് ഗുരുനാഥൻ ചോദിച്ചു എന്താ നിനക്കും വ്യത്യാസം വല്ലതും തോന്നിയോ ഇത്രയും കാലം കൊണ്ട് ?

 ഇപ്പോൾ ശരിക്കും അർഥം മനസ്സിലായി എന്ന് മറുപടി പറഞ്ഞു. 


എന്നാ പറയൂ എന്നായി അദ്ധേഹം.


രണ്ട് മരങ്ങളെ ചൂണ്ടിക്കാട്ടി, ഒന്നു പൂർണമായി ഇലകളാൽ സമൃദ്ധമായതും രണ്ട് ഉണങ്ങി വീഴാറായ ഒന്നും. കാറ്റും കോളും നിറഞ്ഞതാണ് ഇവരുടെ ജീവിതവും.  ഓരോ കൊടുങ്കാറ്റ് വരുമ്പോഴും വൃക്ഷം വീഴാതെ പിടിച്ചുനിൽക്കും. 


തന്നിൽ ഉള്ള പൂക്കളേയും ഫലങ്ങളേയും രക്ഷിക്കാൻ. പക്ഷെ കാലം ഒരു ദിവസം വൃക്ഷത്തിൽ നിന്ന് ഇലകളേയും ഫലങ്ങളേയും വേർപ്പെടുത്തി ഉണങ്ങിയ തടിമാത്രമാക്കി മാറ്റും. ഒരുപാട് ഇലകളും പൂക്കളും ഫലങ്ങളും നിറഞ്ഞ വൃക്ഷത്തിൽ നിന്ന് ഉണങ്ങിയ മരത്തിലേക്കുള്ള യാത്ര. 


ഇതുപോലെയാണ്  ജീവിതവും. ആർക്കൊക്കെയോ വേണ്ടി ജീവിതത്തിലെ ഓരോ പരീക്ഷണവും നാം അതിജീവിക്കും.  പക്ഷെ കാലം നമ്മിൽനിന്ന് ബന്ധങ്ങളെ  വേർപ്പെടുത്തി ഒരു ദിവസം ഉണങ്ങിയ വൃക്ഷം എങ്ങിനെയോ അതുപോലെ കാണിച്ചു തരും. തനിയ്ക് താൻ മാത്രമാണ് ഉള്ളത്  എന്ന സത്യം. എന്നാലും മനുഷ്യന്റെ ജീവിതത്തിലെ അപൂർവത എന്തെന്നാൽ ഉണങ്ങിയ മരം പോലെ നിൽക്കുമ്പോഴും ഒരു മഴ വരുമെന്നും വീണ്ടും കിളിർക്കുമെന്നുമുള്ള മോഹം. എല്ലാമറിയുമ്പോഴും മനുഷ്യന്റെ ആശ, അതാണ്  ജീവിതത്തിന്റെ രസകരമായ വശവും.


ഗുരുനാഥന്റെ മുഖത്ത് ചെറിയ പുഞ്ചിരി..


വീണ്ടും അതേ വാക്കുകൾ നാം വൃക്ഷങ്ങളെ പോലെയാണ്. 🙏 

No comments:

Post a Comment