യോഗമാർഗ്ഗം...ചില യാത്രകൾ...
ഹഠയോഗപ്രദീപികയുടെ ജ്യോത്സ്നാ കമെന്ററിയെ ആധാരമാക്കിയുള്ള പഠനത്തിനുവേണ്ടിയാണ് ഉത്തർപ്രദേശിലെ ഒരു സുഹൃത്തിന്റെ അച്ഛനെ കാണാനായി പോയത്..
രാവിലെ ഒരാളെ പരിചയപ്പെടുത്തിതരാമെന്ന് പറഞ്ഞ് അച്ഛനെന്നെ കൊണ്ടുപോയത് കൃഷിചെയ്യുന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വീട്ടിലേക്കാണ്. പത്തുപതിനഞ്ചു ദിവസം അവിടെ താമസിക്കുവാൻ നിർദ്ദേശിച്ചു തിരിച്ചുപോവുകയും ചെയ്തു.
എന്തെങ്കിലും മോനു കിട്ടിയോ.. പുഞ്ചിരിക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. കാരണം സംസാരിക്കുവാൻ കിട്ടിയിട്ടു വേണ്ടെ സംശയം ചോദിക്കുവാനും പഠിക്കുവാനും.
മനസ്സുവായിച്ച പോലെ അദ്ദേഹം തുടർന്നു, പാടത്തു കിളക്കുന്ന സമയം എന്തു യോഗമാർഗ്ഗം ചോദിക്കുമെന്നല്ലെ ചിന്തിക്കുന്നത്.
മോൻ കാണുന്നത് യോഗമാണ്.. ശരിക്കുള്ള യോഗം.
കൃഷിക്ക് വിത്തു നടുന്നതിനു മുന്പ് നോക്കുക പ്രകൃതിയെ ആണ് .ഇപ്പോൾ വിത്തിടുന്നതിന് അനുകൂലസമയമാണോ. ദേശകാലത്തെ തിരിച്ചറിഞ്ഞുവേണം വിത്തു നടുന്നത്. യജ്ഞം ചെയ്യുന്നതിനു മുന്പ് കാലദേശത്തെ ചിന്തിക്കുന്നതുപോലെ തന്നെ.
ശിഷ്യന്റെ യോഗ്യതയാണ് മാനദണ്ഡം. അതുപോലെ തന്നെയാണ് വിത്തു നടുന്ന ക്ഷേത്രവും. ത്രിഗുണസ്വരൂപം ആണ് ശരീരം. അതിൽ തന്നെയാണ് യോഗി യോഗമാകുന്ന യജ്ഞത്തെ ചെയ്യുന്നത്. യജ്ഞം ചെയ്യുന്നതിനു മുന്പ് ശരീരത്തെ യജ്ഞകർമ്മത്തിന് യോഗ്യമാക്കേണ്ടതുണ്ട്.
യമനിയമങ്ങളാൽ ശരീരശുദ്ധിവരുത്തു മ്പോൾ ഇവിടെ കൃഷിയിടം കിളച്ചു മറിക്കുന്നു. യോഗ്യമല്ലാത്തവ മാറ്റപ്പെടുന്നു. ശരീരത്തിന്റെ സ്വരൂപം തന്നെയാണ് ക്ഷേത്രം. ഈ ദിവസങ്ങളിൽ പാടം കിളച്ചു മറിക്കുന്നത് കണ്ടത് യോഗമാർഗ്ഗത്തിന്റെ ആദ്യപടിയാണ്.
ഗുരുസ്ഥാനീയനായ വ്യക്തിയിൽ നിന്ന് യോഗമാർഗ്ഗത്തെ സ്വീകരിക്കുന്ന നിമിഷം മുതൽ യമനിയമാദികളിലൂടെ പൂർണമായും ചെയ്യുന്നത് ഇതു തന്നെയാണ് .
പൂർണശുദ്ധതയുണ്ടായാലെ ഫലം ശുദ്ധവുമാകൂ. വിത്തു മുളക്കുക എന്നത് എവിടേയും ആകാം . പക്ഷെ പൂർണമായ ആരോഗ്യത്തോടു കൂടിയുണ്ടാകുമ്പോഴാണ് പ്രവൃത്തിയുടെ ഫലവും പൂർണമാകൂ. ആ രീതിയിലുള്ള ഫലത്തിനു വേണ്ടിയാണ് യോഗി നിരന്തരാഭ്യാസം അനുഷ്ഠിക്കുന്നതും. ഒന്നു സ്ഥൂലത്തിലും ഒന്നു സൂക്ഷ്മത്തിലും. രണ്ടിന്റേയും സ്വരൂപം ഒന്നു തന്നെയാണ്..
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിങ്ങനെയുള്ള സ്ഥലത്തെ പഞ്ചഭൂതഭാവങ്ങളെ തിരിച്ചറിയണമെങ്കിൽ ആദ്യം തന്റെ കണ്ണിന്റെ മുൻപിൽ നാം അനുഭവിക്കുന്ന ഭൂമിയേയും ആകാശത്തേയും അഗ്നിയേയും തിരിച്ചറിയാനാകണം. അതു മനസ്സിലാകാത്ത വ്യക്തിയ്ക് എങ്ങിനെയാണ് ഉള്ളിലെ സൂക്ഷ്മമായ പഞ്ചഭൂതങ്ങളെ മനസ്സിലാക്കാനാകുക.
എന്റെ പോക്കറ്റിൽ വച്ചിരിക്കുന്ന ലളിതാസഹസ്രനാമം ബുക്കിലെ ദേവിയുടെ പടം കാണിച്ചു അദ്ദേഹം പറഞ്ഞു, കരിമ്പു പിടിച്ചിരിക്കുന്ന ദേവിയെ കാണുമ്പോൾ സ്ഥൂലസൂക്ഷ്മഭാവത്തെയാണ് ദേവിയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്നും, അപ്പോൾ കരിമ്പുണ്ടാക്കുന്നത് എങ്ങിനെയെന്നെങ്കിലും മനസ്സിലാക്കേണ്ടത് ആവശ്യമല്ലെ.
ശരീരത്തിലെ ഓരോ സ്ഥാനങ്ങള്ക്കും ജഗത്തിന്റെ സ്ഥിതിയുമായി അഭേദ്യ ബന്ധമുണ്ട്. അതറിയുന്നവനാണ് ശരിക്കുള്ള യോഗി. കാലത്തെ മനസ്സിലാക്കി ജലസ്ഥാനത്തെ ചിന്തിച്ച് വായുവിന്റെ ഗതിയെ വരെ സൂക്ഷ്മമായി ചിന്തിച്ച് ഭൂമികർഷണരൂപമായ കൃഷി ചെയ്യുവാൻ അറിയുന്നവനെ യോഗിയാകാനാകൂ. യോഗത്തെ അറിയുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗ്ഗവും ഇതു തന്നെ. കൃഷി എന്നത് നെല്ല് വിതക്കുന്നതോ കരിമ്പുണ്ടാക്കുന്നതോ ഉരുളക്കിഴങ്ങുണ്ടാക്കുന്നതോ അല്ല.
അന്നം പ്രാണാ ബലഞ്ചാന്നമന്നം സർവാർഥസാധകം. അതിനെ അറിയുന്നതാണ് യോഗം.അതിന് ആദ്യം പ്രകൃതിയെ അറിയൂ.
യോഗമാർഗ്ഗത്തിലെ ഒരു സൂത്രവാക്യം പോലും പറയാതെ അദ്ധേഹം വീണ്ടും കൃഷിപ്പണിയിലേക്ക്. ഒരു പക്ഷെ യോഗമെന്തെന്ന് സകലതും ആ അഞ്ചുമിനിറ്റുകൊണ്ട് അല്ലെ ജീവിതം കൊണ്ട് പറഞ്ഞു തന്നു എന്ന് വേണം പറയാൻ.
ആ പാടത്തിന്റെ നടുക്ക് മലർന്ന് കിടക്കുമ്പോൾ ഒരു കാര്യം മനസ്സിലായി ക്ഷേത്രത്തിലെ പൂജാരിക്കു തുല്യമാണ് കൃഷിക്കാരൻ. അറിഞ്ഞും അറിയാതേയും, നിത്യം രാവിലെ തന്റെ ക്ഷേത്രത്തെ നിർമ്മാല്യം ചെയ്ത് രാവിലെ മുതൽ രാത്രി വരെ പൂജ ചെയ്ത് അവിടെ തന്നെകിടന്ന് അല്ലെങ്കിൽ അതിന്റെ സംരക്ഷണം മാത്രം ചിന്തിച്ച് ജീവിക്കുന്ന അവരേക്കാൾ വലിയ നിത്യ പൂജചെയ്യുന്നവരാരുണ്ട്. യോഗമാർഗ്ഗികളാരുണ്ട്.
അവിടെ ഇരുപതു ദിവസത്തിലധികം താമസിച്ച് തിരിച്ചെത്തിയപ്പോൾ സുഹൃത്തിന്റെ അച്ഛൻ ചോദിച്ചു, യോഗത്തിൽ അദ്ധ്യാപകനെങ്ങിനെയുള്ളവനാകണം എന്ന് മനസ്സിലായില്ലെ. അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഒരു കാര്യം മനസ്സിലായി. യോഗമുൾപ്പടെയുള്ള ദർശനങ്ങളെ അറിഞ്ഞനുഭവിച്ച് ജീവിക്കുന്നവരുമുണ്ട്. ദിവസവും നിത്യയജനം ചെയ്യുന്നവർ. എല്ലാവരും ഭാവം കൊണ്ടു ചിന്തിക്കുമ്പോൾ സ്ഥൂലത്തിൽ ജീവിക്കുന്നവർ. ഒരു പക്ഷെ ജീവിതം കൊണ്ടു ശാസ്ത്രം പഠിപ്പിക്കുവാൻ ഏറ്റവും യോഗ്യരും അവരു തന്നെ. ശ്രീ ഗുരുഭ്യോ നമഃ
No comments:
Post a Comment