Monday, December 11, 2023

കൊടുങ്ങല്ലൂര്.....

കൊടുങ്ങല്ലൂര്.....


ഇന്ന് ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ ആണ് എവിടെ നോക്കിയാലും..പ്രത്യേകിച്ച് കൊടുങ്ങല്ലൂരമ്പലത്തിലെ. ഇതിനെ കുറച്ചുള്ള അഭിപ്രായം ചോദിച്ച് എനിക്കും വന്നു റിക്വസ്റ്റ് ...ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയാൻ ഞാനാളല്ല.. അതു ശരിക്കും കുറെ യുക്തിയുക്തമായ പഠനത്തിലൂടെ പറയേണ്ട കാര്യമാണ്..

പക്ഷെ പറയാനുള്ളത് മറ്റൊന്നാണ്..അമ്മയുടെ കയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് പോയിരുന്ന ഒരുസാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കുട്ടി കണ്ടത് എന്തോ അത്. അതു പറയണതിനു മുന്പ് കുറച്ചു കാര്യം കൂടി പറയണം എന്നാലെ അതു മനസ്സിലാകൂ..
ഇന്നത്തെ പോലെ എല്ലാ ദിവസവും ഓണം അന്ന് ഞങ്ങള്ക്ക് ഇല്ലായിരുന്നു.. മനസ്സിലായില്ലായെങ്കിൽ ഒന്നൂടി വിശദീകരിക്കാം. ആകെ വര്ഷത്തിലൊരിക്കലാണ് പുതിയ ഡ്രസ്സു കിട്ടുക.. ഓണക്കോടി.. ഇന്ന് ഏത് ദിവസവും ഓണമാണ്.. പറയുന്ന സെക്കന്റിൽ പുതിയ ഡ്രസ്സ് റെഡി..
അന്നു ഞങ്ങള്ക്ക് എന്നു വിഷു ആഘോഷമില്ല.. രണ്ടു കൂട്ടം കറിയും ഉപ്പേരിയും പപ്പടവും കിട്ടണമെങ്കിൽ വര്ഷത്തിലൊരിക്കൽ പിറന്നാളു വരെയോ (അതും ഉറപ്പില്ല) അല്ലെ വിഷു വരുന്ന വരെ കാത്തിരിക്കണം.. അല്ലാതെ ഇന്നത്തെ പോലെ നാലു നേരം അഞ്ചു കൂട്ടം കൂട്ടി കഴിക്കുക പതിവില്ല.. പ്രത്യേകിച്ച് സ്വിഗ്ഗിയോ ഊബറോ ഒന്നും ഉള്ള കാലമല്ല..
വെള്ളച്ചോറും വെളിച്ചെണ്ണയും, വീടിന്റെ കിഴക്കുവശത്ത് നട്ടുവളര്ത്തുന്ന ചെരിയ കാന്താരിമുളകും.. കിട്ടിയാൽ കഞ്ഞിയും ഉള്ളി ചമ്മന്തിയും, അല്ലെങ്കിൽ തക്കാളിരസം ചോറ് ഇതൊക്കെയാണ് വിഭൃസമൃദ്ധമായ ഊണ്..
ഇന്ന് നൂറു രൂപ കൊടുത്ത് ചെയ്ന്ജ് ബാക്കിവച്ചോളു എന്നു പറയുന്നതാണ് കുട്ടികളുടെരീതി.. അന്നു പത്തു പൈസയാണ് എരൂരിൽ നിന്ന് തൃപ്പൂണിത്തുറ വരെയുള്ള ബസ് ടിക്കറ്റ് സ്കൂൾ കുട്ടികള്ക്ക്.. അതു ലാഭിക്കാൻവേണ്ടി നാലു അഞ്ചു കിലോമീറ്റർ നടക്കുകയാണ് പതിവ്..
ഐസ് മേടിക്കണേ അഞ്ചു കശുവണ്ടി ഐസുകാരനു കൊടുത്താൽ മതി.. ഏഴു കശുവണ്ടി കൊടുത്താൽ ദുര്ഗ്ഗാ തീയറ്ററിൽ സിനിമ.. ഇതായിരുന്നു കാലം.. ബാര്ട്ടർ സിസ്റ്റം ഞങ്ങള്ക്ക് ജീവിതത്തിൽ അറിയാമായിരുന്നു.. ഇന്ന് പുസ്തകത്തിലു കേട്ടു കേള്വിയെ ഉണ്ടാകൂ..
25 പൈസയ്ക് പഞ്ചസാരയും അന്പതു പൈസക്കു എണ്ണയും എല്ലാം മേടിച്ചിരുന്ന കാലത്ത് ക്ഷേത്രത്തിൽ കാശു കൊടുത്ത് ക്യൂ നിന്ന് ദേവിയെ കാണാനും 101 രൂപയുടെ ശത്രുസംഹാര പുഷ്പാഞ്ജലിയൊന്നും ഞങ്ങള്ക്ക് ചിന്തിക്കുക അസാധ്യമായിരുന്നു.
അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേവിയെന്നത് കാശു കൊടുത്താലോ പൂജ ചെയ്താലോ കിട്ടുന്ന ഒന്നായിരുന്നില്ല. മന്ത്രം ചൊല്ലിയാൽ എന്തേലും കിട്ടുമെന്ന് അന്ന് അറിയില്ലായിരുന്നു എന്നതാണ് സത്യം..അല്ലെ ഒരു കൈ നോക്കായിരുന്നു..
ഇന്നത്തെ പോലെ മിനിറ്റിൽ പുറകെ പുറകെ ഓടുന്ന ബസില്ല.. ബസ് ഇല്ലെ എന്നാ ഊബർ പോകട്ടെ ഓട്ടോറിക്ഷ വിളിക്കാൻ പോലും കയ്യിൽ കാശു കാണില്ല. അടുത്ത ഒരു ഒന്നൊന്നര മണിക്കൂർ നിൽക്കുക തന്നെ ശരണം. ചിലപ്പോള് പ്രോഗ്രാം തന്നെ മാറ്റി വച്ച് തിരിച്ചു വന്ന സമയം ഉണ്ട്.. ഓട്ടോ വിളിക്കണത് ആകെ ഹോസ്പിറ്റലുപോലുള്ള കാര്യത്തിനാണ്.. ഓട്ടോക്കാരനായ സുകുമാരന് ചേട്ടന്റെ നമ്പറു കലണ്ടറിൽ എഴുതിവച്ചിരുന്നു ആക്സിഡന്റ് കേസ് വന്നാല് വിളിക്കാന് ..
എന്റെ ഓര്മ്മശരിയാണേ, ഞാൻ പ്രീഡിഗ്രീ പഠിക്കുന്ന കാലത്താണ് വീട്ടിൽ കറന്റു വന്നത്.. കറന്റ് വന്നാൽ പോരല്ലോ വീട്ടിലേക്ക് കണക്ഷനെടുക്കാൻ കാശു വേണ്ടെ.. അതുകൊണ്ട് തന്നെ മണ്ണെണ്ണ വിളക്കെ ശരണം. രണ്ട് മൂന്നു ലിറ്റർ കൊണ്ടു ഒരു മാസം ഓടിക്കണം.. അതുകൊണ്ട് ഏഴര എട്ടു മണിയ്കുള്ളിൽ വിളക്കണക്കണം..
ഈ മൊബൈലില്ലെ അതു ഒന്നും ചിന്തിക്കരുത്...12 രൂപ കണക്കില് ഫോണ് ചെയ്യാൻ ഇന്കമിങ്ങിനും ഔട് ഗോയിങ്ങിനും കാശു കൊടുക്കേണ്ടി വന്നിരുന്ന കാലമാണ്. അതുകൊണ്ട് ഇല്ലിക്കൽ പടി സ്റ്റോപ്പിൽ ഫോണ് ചെയ്യാൻ ക്യൂ നിക്കണം.. കാരണം ഒരു എസ് ടി ഡി ഷോപ്പേയുള്ളു.. അതും സെക്കന്റു പോകണത് നോക്കിയേ വിളിക്കു.. 59 സെക്കന്റ് ആയ കട് ചെയ്യും കാരണം അടുത്തത് വീണാ കൊടുക്കാൻ കാശില്ല..
ടിവിയിൽ മഹാഭാരതവും രാമായണവും ഒക്കെ കാണാൻ ഞായറാഴ്ച രാവിലെ കുട്ടികളുടെ പടപ്പുറപ്പാടുണ്ട്..
അപ്പോ പറഞ്ഞു വന്നത് ഇപ്രകാരമുള്ള ഒരു കാലത്തെ മനസ്സിൽ വച്ചുകൊണ്ട് നമക്ക് കൊടുങ്ങല്ലൂരമ്മയുടെ കാവിനെ നോക്കാം..
ക്ഷേത്രത്തിൽ പോകാനാഗ്രഹിച്ചാൽ മാത്രം പോരാ പോകാനുള്ള കാശു സ്വരുകൂട്ടണം. കാരണം പോകണത് കുടുംബം മൊത്തമാണ്.. കല്യാണത്തിന് ചേര്ത്ത് വയ്കണ പോലെ കാശു കൂട്ടി വയ്കണം..പിന്നെ ആ ദിവസം പോകണേ തൃപ്പൂണിത്തുറക്കാര്ക്കാണേ രാവിലെ വല്ലപ്പോഴും വരുന്ന ബസിൽ ഇടിച്ചു കുത്തികയറി ചേരാനല്ലൂർ വരെ.. പിന്നെ അവിടെ നിന്ന് ഫെറിയിൽ എത്തുക..അതു കടന്ന് അടുത്ത സ്റ്റാന്റിൽ ബസ് വരുന്ന വരെ നോക്കി നിന്ന് വണ്ടിയിൽ ഇടിച്ചു കുത്തികയറി ക്ഷേത്രത്തിലെത്തുക..ഇനി അവിടെ വരുന്നവർ താഴെ ഇരിക്കാൻ തെയ്യാറായെ വരൂ.. വിരി വയ്കാൻ ശബരി മലയിലെ പോലെ കരുതിയിട്ടുണ്ടാകും. കാരണം അവിടെ നിന്ന് ഇന്നു മേടിക്കണ പോലെ പായയൊന്നും മേടിക്കുവാൻ കയ്യിൽ കാശുണ്ടാകില്ല. ഭക്ഷണം വരെ കൊണ്ടു വരും.. എന്തിന് വെള്ളം വരെ കയ്യിലു കരുതിതന്നെയാണ് വരുക..
ഇനി ക്ഷേത്രദര്ശനം എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് സുഖമായി പോകാമെന്നു വിചാരിക്കണ്ട കഴിഞ്ഞു പോകുമ്പോൾ ബസുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല.. നടക്കാൻ തെയ്യാറായി തന്നെയാണ് പലരും വരിക...പകുതിയലധികം പേരും അടുത്തുള്ള സ്വന്തം വീട്ടുകാരെ തന്നെയാണ് സഹായത്തിന് വിളിക്കുക..
പറഞ്ഞു വന്നത് ഇത്രയും ബുദ്ധി മുട്ടി അമ്മയെ കാണാൻ വരുന്നവർ ആരും ഇന്നത്തെ പോലെ സെല്ഫിയെടുത്തും വീഡിയോ ലൈവ് ആയി ഫെയ്സ് ബുക്കിൽ ഇടാനും ഡ്രസ് ചുളുങ്ങാത്ത ചുവന്ന ഡ്രസ്സ് ഒക്കെ ഇട്ടുവരുന്ന ഉപാസകരൊന്നുമല്ലായിരുന്നു.. സാധാരണക്കാരിൽ സാധാരണക്കാരായ ഭക്തന്മാരായിരുന്നു. ഈ ഉപാസകരെന്ന പേരു തന്നെ പണ്ടു കാലത്ത് കേട്ടിട്ടുണ്ടോ എന്ന് സംശയം. ഈ ഉപദേശവും കൊടുത്ത് ശിഷ്യഗണങ്ങളൊന്നും കണ്ടതായി എന്റെ ഓര്മ്മയില്ല.. ഇനി ഉണ്ടായേക്കാം.. ഇങ്ങിനെയൊക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ആ തട്ടകത്ത് ഭക്ഷണം കിട്ടാതെ ആരും ഉറങ്ങിയതായി എനിക്ക് ഓര്മ്മയില്ല. വിരി വയ്കുന്നവർ പരസ്പരം ജാതി ചോദിക്കാറില്ല.. ഭക്ഷണം ആരുടെ കയ്യിലുണ്ടോ അത് അടുത്തവരോടു ചോദിക്കാതെ തന്നെ കൊടുക്കും അതായിരുന്നു കൊടുങ്ങല്ലൂർ....അമ്മയെന്നാൽ അമ്മയായിരുന്നു.. അന്നപൂര്ണ്ണയെന്നാൽ അന്നപൂര്ണ്ണ തനന്നെയായിരുന്നു.. വിളിച്ചാൽ വിളിപ്പുറത്തു വരുന്ന അമ്മ..
ഇനി ഭക്തിയെ കുറിച്ചു കുറച്ചൂടി..
നിങ്ങള്ക്ക് പറഞ്ഞാ മനസ്സിലാകുമോ എന്നറിയില്ല. എന്നാലും പറയാം.... ഞങ്ങളുടെ ചെറുപ്പത്തിൽ ഒരു വലിയ ഒരു മുട്ടനാടു (സാധാരണ വലിപ്പമൊന്നുമല്ലാട്ടോ ഇടികിട്ടിയാ വിവരം അറിയും) വീടുകളിൽ വരും..എല്ലാവര്ക്കും അതിനെ കണ്ടാൽ അറിയാം അത് ക്ഷേത്രത്തിലെയാണ് ന്ന്.. അതിനെ കണ്ടാ ആദ്യം ഞങ്ങളു പ്ലാവിന്റെ കമ്പ് വെട്ടി അതിന്റെ ഇല കൊണ്ടു വന്ന് തിന്നാൻ കൊടുക്കും..കയ്യിൽ കിട്ടണത് കൊടുക്കാറുണ്ട് അല്ലാത്തവർ. കൊടുത്തുതീര്ന്നാ അവന്റെ മുതുകത്തോ തലയിലോ രണ്ടു തട്ടി തട്ടിയാൽ അടുത്ത വീട്ടിലേക്ക്.. ഇതിനെന്താ ഇത്ര പറയാനെന്നാണേ, ആടെന്ന് വിചാരിക്കണ്ട എരൂരിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ബസിൽ ഇതേ ആടിന്റെ കൂടെ യാത്ര ചെയ്തവര് അനേകം പേരുണ്ട്.. ബസുകാരു പോലും കയറ്റിയിരുന്നു എന്നര്ഥം. ഇതായിരുന്നു അന്നത്തെ ഭക്തി. അന്നു ഭക്ഷണം കഴിക്കാനില്ലായിരുന്നു പക്ഷെ അതിനെ വെട്ടി കൊന്നു തിന്നാൻ ആരും വിചാരിച്ചിട്ടില്ല..അതിന് അന്നംകൊടുക്കുമ്പോൾ നിൽക്കണത് ആടാണെന്ന് അല്ല വിചാരിക്കാ ദേവിയാണെന്ന് തന്നെയാണ്..തല്ലില്ല.. ഇന്നായിരുന്നു എങ്കിൽ മൂക്കു മുട്ടെ തിന്നാൻ ഉള്ളപ്പോഴും അത് ആരുടെയെങ്കിലും വീട്ടിലെ കറിയായേനേ..
അപ്പോ പറഞ്ഞു വന്നത്...
ഈ ഭാവത്തെ ഉള്കൊണ്ടു കൊണ്ട് കൊടുങ്ങല്ലൂരെ പോലെയുള്ള ദേവതാ ചൈതന്യത്തെ ചിന്തിച്ചാൽ മാത്രമേ ഭക്തിയെന്തെന്നു മനസ്സിലാകൂ.. അല്ലെ അമ്മയെന്താണെന്ന് മനസ്സിലാകൂ..മൂന്നു നേരം കഴിക്കുന്നതിനു പകരം നാലു നേരം കഴിച്ച് അന്നത്തിന്റെ കഷ്ടപ്പാടറിയാത്തവർ പുസ്തകങ്ങളിലൂടെ ഉള്ള അറിവു വച്ച് കഷ്ടപ്പാടിനെയും വിശപ്പിനേയും മനസ്സിലാക്കിയെന്നു പറഞ്ഞ് മന്ത്രാധീനം തു ദൈവതം എന്ന ഭാവത്തില് അന്നപൂര്ണ്ണയെ കുറിച്ചുപറയുന്നതുകേള്ക്കുമ്പോൾ ശരിക്കും അതറിഞ്ഞവർക്കു ഒരു പുഞ്ചിരി തോന്നിയെങ്കിൽ അവരെ കുറ്റം പറയാനാകുമോ.. ഇതാകും ഇന്ന് ശരിക്കു കൊടുങ്ങല്ലൂരമ്മയെ അമ്മയായി അറിഞ്ഞവർ ചെയ്യണുണ്ടാകുക..🙂🙏

No comments:

Post a Comment