ഗണപതിയും എലിയും....
എലിയുടെ പുറത്തിരിക്കുന്ന ആനയുടെ ചിത്രം കാണാത്തവർ ചുരുങ്ങും. വിദ്യാരംഭത്തിലായാലും നിത്യജീവിതത്തിൽ ഏതൊരു കർമ്മത്തിലായാലും, തന്ത്രത്തിലായാലും ഗണപതിയെ ആണ് ആദ്യം നാം നമസ്കരിക്കുന്നത്. ഗണപതിയെ പല തരത്തിൽ നാം വ്യാഖ്യാനിക്കാറുണ്ട്.. എന്താണ് ഈ ഗണപതിയുടെ ആശയം. ദേവനെങ്ങിനെയാണ് അക്ഷരങ്ങളുമായി ബന്ധപ്പെട്ടവനും ആദ്യമേ തന്നെ പൂജനീയനും ആകുന്നത് ?
ഗണമെന്നാൽ കൂട്ടമെന്നാണ് സാമാന്യമായി പറയുന്നത്. എന്നാൽ ഗണമെന്ന ധാതുവിന്റെ അർഥം സംഖ്യാനം എന്നാണ്. സർവേഷാം ഗുണാനാം സംഖ്യാനം പ്രകാശോ യസ്മാത്, സകല ഗുണങ്ങളേയും പ്രകാശിപ്പിക്കുന്നത് യാതൊന്നുകൊണ്ടാണോ അതാണ് സംഖ്യാനം. ഗുണങ്ങളെ നാം പ്രകടിപ്പിക്കുന്നത് അക്ഷരങ്ങളെ കൊണ്ടാണ്. ഖ്യാ പ്രകഥനേ എന്ന അർഥത്തെ കൂടി സ്വീകരിച്ചാൽ പ്രകർഷമായി വാക്യങ്ങളെ രചിക്കുന്നതാണ് കഥനം. അക്ഷരങ്ങളെ വച്ചാണ് നാം നമ്മുടെ ആശയങ്ങളെ പ്രകടിപ്പിക്കുന്നത്, ഗ്രന്ഥങ്ങളെ രചിക്കുന്നത്. അക്ഷരങ്ങളാണ് ഇവിടെ പറയുന്ന ഗണം. പതിയെന്നാൽ പാലന പോഷണത്തെ ചെയ്യുന്നവൻ. ഗണങ്ങളാകുന്ന അക്ഷരങ്ങളുടെ പാലനപോഷണത്തെ ചെയ്യുന്നവനാണ് ഗണപതി.
ഗണപതിയുടെ ഗജാനനം എന്ന നാമത്തെ കൂടി സ്വീകരിച്ചാൽ, ഗജം എന്നാൽ ഗജ സ്വനേ, ധ്വനിക്ക് കാരണമായി ഇരിക്കുന്നതാണ് സ്വനം. അതിന്റെ പ്രാണനാണ് ഗജാനനൻ, അന് പ്രാണനേ. ഇതിൽ നിന്ന് ഗണപതി എന്നത് ശബ്ദത്തിന്റെ സ്വരൂപമാണ് എന്നു മനസ്സിലാക്കാം.
അടുത്തത് വാഹനമാണ്...
ഗണപതിയുടെ വാഹകനാണ് മൂഷികൻ. പദാര്ഥവിജ്ഞാനീയത്തെ നോക്കിയാൽ മൂഷികന്റെ കർമ്മത്തെയാണ് ആചാര്യൻ യോജിപ്പിച്ചിരിക്കുന്നത്. മൂഷികൻ നമ്മളുടെ വീട്ടിൽ ഏത് വസ്തുക്കളേയും മുറിച്ചു കളയും അഥവാ ഖണ്ഡിക്കും.. രണ്ടാമത് തിന്നാനുള്ള വസ്തുക്കളിൽ പകുതി അപഹരിക്കും..
ഇതെ കർമ്മത്തെയാണ് സംസ്കൃതത്തിൽ മുഷ് ഖണ്ഡനേ, സ്തേയേ എന്നിങ്ങനെ ധാത്വർഥം പറയുന്നത്. നിങ്ങൾ ശബ്ദങ്ങളെ ഉച്ചരിക്കുമ്പോൾ, പ്രാണനെ പൂർണമായി ഖണ്ഡിച്ചാൽ ഒരു സ്വരം പൂർണമായി കിട്ടും. ഉദാഹരണത്തിന് അ.. ആ.. ഇ... ഈ... പൂർണാക്ഷരങ്ങളെ ഉച്ചരിക്കണമെങ്കിൽ പ്രാണനെ പൂർണമായി ഖണ്ഡിക്കണം. അടുത്തത് സ്തേയമാണ്, അപഹരിക്കുന്നതാണ് സ്തേയം. അതായത് സംയുക്താക്ഷരങ്ങളിലെ ആദ്യത്തെ അർദ്ധാക്ഷരങ്ങളുച്ചരിക്കുമ്പോൾ പ്രാണനെ പൂർണമായി ഖണ്ഡിക്കാതെ പകുതി ഉച്ചരിക്കും. ബാക്കി പകുതി വിട്ടുകളയും അഥവാ അപഹരിക്കും. ക്ഷ, എന്നുച്ചരിക്കുമ്പോൾ ക് എന്നു പകുതി പ്രാണനെ നിർത്തി അടുത്തത്തിലേക്ക് യോജിപ്പിക്കും.. ഇപ്രകാരം പൂർണമായി പ്രാണനെ ഖണ്ഡിച്ചും പകുതി ഹരിക്കപ്പെട്ടും ഗമിക്കുന്നതാണ് അക്ഷരങ്ങൾ. ഇതാണ് ഗണപതിയുടെ മൂഷികത്വം.
ഗം ഗണപതയെ നമഃ എന്നു പറയുന്നതിന് കാരണവും ഇതുകൊണ്ട് തന്നെ. ഗൈ ശബ്ദേ, ശബ്ദസ്വരൂപനായ ദേവനെയാണ് നാം ആദ്യമായി നമസ്കരിക്കുന്നത്... നാമരൂപാത്മകമായ ജഗത്തിന്റെ കാരണം അക്ഷരമാണ്. ഏത് കര്മ്മം ചെയ്യുമ്പോഴും ആദ്യം പൂജിക്കുന്നതിന് കാരണവും ഇതു തന്നെ.
ഈ അക്ഷരങ്ങളുടെ ഗുണം, കർമ്മം, വിശേഷാവസ്ഥകളെല്ലാമാണ് ഗണപതിയുടെ മറ്റു നാമങ്ങളിലൂടെവിവരിക്കുന്നത്. ഏതൊരു ദേവതക്കും സ്ഥൂലമായി വിശേഷവിധാനങ്ങളു പറയുമ്പോഴും അതിനെല്ലാം തന്നെ അന്തർമുഖമായ ഒരു സൂക്ഷ്മതലം തന്ത്രത്തിലുണ്ട് എന്നത് മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
ഇപ്രകാരം വിശേഷമായ നയിക്കുന്ന വിനായകനായ ആ ഗണപതി എല്ലാവര്ക്ക് ജ്ഞാനത്തെ പ്രദാനം ചെയ്യട്ടെ..
ശ്രീ ഗുരുഭ്യോ നമ:
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം
No comments:
Post a Comment