Thursday, December 7, 2023

ചണ്ഡികാ എന്നതിന്റെ അർഥം എന്താണ് ?

 ചണ്ഡികാ എന്നതിന്റെ അർഥം എന്താണ് ?


ആരാണ് ചണ്ഡികാ എന്നു മനസ്സിലാക്കുവാൻ  നാം ഓരോരുത്തരം ദേവിയെ എന്തിനാണ് വിളിക്കുന്നത് എന്ന് ചിന്തിച്ചാൽ മതി. 


നമ്മുടെ ജീവിതത്തെ നിലനിർത്തുവാൻ നമുക്ക് വേണ്ടത് അന്നവും പ്രാണനുമാണ്. രണ്ടാമത്, വ്യവഹാരരൂപമായ ഈ ലോകത്ത് നിലനിൽക്കുവാൻ ബുദ്ധിയോടു കൂടി പ്രയോഗിക്കുന്ന ശുദ്ധമായ  വാക്കുകളാണ് ആവശ്യം. മൂന്നാമത് ഈ ലോകത്തെ നിലനിർത്തുവാൻ നമുക്ക് വേണ്ടത് ഉത്തമമായ സൃഷ്ടിയാണ്. ഈ മൂന്നു തലങ്ങളിലും അതായത് നമ്മുടെ നിത്യവൃത്തിക്ക് ആധാരമായി ഇരിക്കുന്ന  അന്നപൂർണ്ണയായിട്ടും, വ്യവഹാരത്തിനും ബുദ്ധിയ്ക്കും കാരണമായി ഇരിക്കുന്ന നാദബ്രഹ്മമയിയായിട്ടും, സൃഷ്ടിക്ക് മൂലകാരണസ്വരൂപമായ  പരമേശ്വരിയായി വിളങ്ങുന്ന ദേവിയെയാണ് നാം ചണ്ഡീ എന്നു വിളിക്കുന്നത്. 


ഈ കാരണത്താലാണ് ചണ്ഡികാ എന്ന പദത്തിന്  ചമ് അദനെ, ചഡി കോപേ, ചണ് ശബ്ദേ എന്ന മൂന്നു ധാതുക്കളെ  യോജിപ്പിച്ചിരിക്കുന്നത്.

നാം നമ്മളിലേക്ക് സ്വീകരിക്കുന്ന പ്രാണനും, ഭക്ഷണവും,  ഇന്ദ്രിയവൃത്തികളേയും ചേർത്താണ് അദനം എന്നു പറയുന്നത്.  ശരീരത്തിൽ ഈ അന്ന-പ്രാണങ്ങളുടെ ചാലനത്തിനു കാരണമായി ഇരിക്കുന്ന സകല ഇന്ദ്രിയങ്ങളുടേയും അധിഷ്ഠാത്രിയും ആണ് ചണ്ഡീ.  


ശബ്ദമെന്ന അർത്ഥത്തെ സ്വീകരിച്ചാൽ നമ്മളിൽ സഹജമായി ഗമിക്കുന്ന ഹൃദയവർത്തിയായ നാദമായിട്ടും, നാം ഉണ്ടാക്കുന്നതായ വിഷയരൂപമായ ശബ്ദത്തിന്റെ, പരാ-പശ്യന്തീ-മധ്യമാ-വൈഖരീ രൂപത്തിലും വിളങ്ങുന്ന പരമേശ്വരിയായ ദേവിയാണ് ചണ്ഡീ.


കോപമെന്ന അർത്ഥത്തെ സ്വീകരിച്ചാൽ,  കോപം ചിത്തവൃത്തിഭേദമാണ്.  കോപിഷ്ഠയായ സംഹാരരൂപിണിയായ തലത്തിൽ ദേവിയെ  പറയുന്നതിന് കാരണം സംഹാരമാണ് സൃഷ്ടിക്ക് ഹേതു എന്നത് കൊണ്ടാണ്. 


ഇപ്രകാരം മൂന്നു രൂപത്തിലും അതായത് അന്നപ്രാണരൂപത്തിലും, വാക് രൂപിണിയായിട്ടും, സൃഷ്ടിരൂപിണിയായ പരമേശ്വരിയായിട്ടും വിരാജിക്കുന്ന വിശ്വേശ്വരിയാണ് ചണ്ഡീ.  


तव स्तन्यं मन्ये धरणिधरकन्ये हृदयतः

पयः पारावारः परिवहति सारस्वतमिव ।

दयावत्या दत्तं द्रविडशिशुरास्वाद्य तव

यत् कवीनां प्रौढानामजननि कमनीयः कवयिता।।


തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ

പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ |

ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്

കവീനാം പ്രൗഢാനാമജനനി കമനീയഃ കവയിതാ


ആ ചണ്ഡികാ എല്ലാവർക്കും മംഗളങ്ങളെ പ്രദാനം ചെയ്യട്ടെ..


🙏🔥🔥🔥


അഭിനവ ബാലാനന്ദഭൈരവ

No comments:

Post a Comment