ശ്രാദ്ധവും അന്നവും...
ശ്രദ്ധയാ ദീയതേ യസ്മാത് ശ്രാദ്ധം തേന നിഗദ്യതേ. ശ്രദ്ധയോടു കൊടുക്കുന്നത് കൊണ്ട് അതിന് ശ്രാദ്ധം എന്നു പറയുന്നു. എന്നാൽ മാത്രമേ അത് കഴിക്കാൻ യോഗ്യമാകൂ.
അപ്പോൾ എന്താണ് ഈ ശ്രദ്ധാ..ശ്രത് സത്യം, തസ്മിൻ ധീയതേ ഇതി ശ്രദ്ധാ. ശ്രത് എന്നാൽ സത്യം. അതിനെ ധരിക്കുന്നതാണ് ശ്രദ്ധാ. അപ്പോൾ ഇവിടെ അന്നം കൊടുക്കുന്നതു മാത്രമാണോ ശ്രാദ്ധം.
അടുത്ത ചോദ്യം എന്തിന് ഈ ശ്രാദ്ധത്തിന് അന്നം തന്നെ തിരഞ്ഞെടുക്കുന്നത് എന്നതാണ്.
സ്ഥൂലത്തിൽ മാതാപിതാക്കന്മാർ പാലനത്തേയും പോഷണത്തേയും ചെയ്യുന്നവരാണ്. എന്നാൽ സൂക്ഷ്മത്തിൽ പാലന പോഷണം ചെയ്യുന്നത് അന്നമാണ്. അതുകൊണ്ടാണ് പിതുഃ എന്നതിന് അന്നം എന്നു തന്നെ നിഘണ്ടു കാരൻ പറയുന്നത്. പിതുരിത്യന്ന നാമ. പാ രക്ഷേ പാതേർവാ പിബതേർവാ പ്യായതേർവാ.
ഈ അന്നമാണ് വൃദ്ധിയെ പ്രദാനം ചെയ്ത് ശരീരത്തേയും മനസ്സിനേയും ആത്മാവിനേയും ബലത്തോടെ നിർത്തി രക്ഷിക്കുന്നത്. പ്യായീ വൃദ്ധൌ ഇതി പിതു.
അന്നമില്ലായെങ്കിൽ മനസ്സോ, അതിന്റെ തുടർച്ചയായ ശബ്ദമോ, അതിലൂടെയുണ്ടാകുന്ന വ്യാപാരമോ സാധ്യമല്ല. അതുകൊണ്ട് തന്നെ പിതൃപോഷണ രൂപമായി നാം സ്വീകരിച്ചിരിക്കുന്നത് അന്നത്തെയാണ്.
നമ്മുടെ പിതൃക്കൾ ശുഭകർമ്മം കൊണ്ട് ദേവത്വം പ്രാപിച്ചു എങ്കിൽ ശ്രാദ്ധാന്നം അമൃതം ആയി ദേവനിലേക്ക് അനുഗമനം ചെയ്യുന്നു. ദൈത്യനാണ് എങ്കിൽ ഭോഗമായി ആ രൂപത്തിൽ പിന്തുടരും. പശുത്വം സംഭവിച്ചാൽ തൃണമായി ഭവിക്കുന്നു. നാഗത്വം ആണെങ്കിൽ ശ്രാദ്ധാന്നം വായുരൂപത്തിലും, യക്ഷനാണെങ്കിൽ പാനരൂപമായ ജലഭാവത്തിലും, ഗൃധ്രനാണെങ്കിൽ ആമിഷരൂപത്തിലും, ദനുജനാണെങ്കിൽ മാംസരൂപത്തിലും, പ്രേതമാണെങ്കിൽ രുധിരോദന രൂപത്തിലും, മാനുഷനാണെങ്കിൽ അന്നപാനാദി രൂപത്തിൽ നാനാഭോഗരസമായിട്ടും ശ്രാദ്ധാന്നം മാറി അവരിലേക്ക് എത്തിച്ചേരും എന്ന് ഹേമാദ്രിയുടെ ശ്രാദ്ധകല്പത്തിൽ വിശദീകരിക്കുന്നു.
നാം ഇന്ന് കഴിക്കുന്ന ഓരോ അന്നവും ഓരോ വ്യക്തികളിലൂടേയും കൈമാറി നമ്മിലെത്തിച്ചേരുന്നതാണ്.. അവരവരുടെ ധർമ്മാചരണത്തിനുള്ള അനുഗ്രഹത്തിനാണ് ഓരോരുത്തരും ശ്രാദ്ധത്തിലൂടെ പ്രാർത്ഥിക്കുക... വിത്ത് ഇടുന്നത് മുതൽ ഓരോ വ്യക്തികളും അവരുടെ ശ്രദ്ധയാൽ ആഹുതി ചെയ്തതാണ് നാം കഴിക്കുന്ന അന്നം. ആ അന്നമാണ് നമ്മുടെ സ്വരൂപമായി പരിണമിക്കുന്നത്.
ലോകം മുഴുവൻ അന്നത്തിന്റെ പല രീതിയിലുള്ള ഒരു യജ്ഞം ആണ് ചെയ്യുന്നത്.
സ്വധര്മ്മത്തെ ബോധിപ്പിച്ചു കൊണ്ട് തന്നിലേക്ക് വന്ന കർമ്മങ്ങളെ സത്യസന്ധമായി ആചരിച്ചുകൊള്ളാമെന്നു മാത്രമല്ല.. തന്റെ പിതാവിനെ പോലെ, താൻ കഴിക്കുന്ന അന്നം അനേക പരമ്പരകളിലൂടെ കൈ മാറി വരുന്നതാണെന്നും,. താനും അതിൻ്റെ ഭാഗമാണെന്നും, അതിനെ പാലിക്കണമെന്നും ആദരിക്കേണമെന്നും കൂടി ബോധിപ്പിക്കുന്നതാണ് ശ്രാദ്ധം.. അന്നം ബ്രഹ്മ...
ഒറ്റവാക്കിൽ പറഞ്ഞാൽ തൻ്റെ പരമ്പരയുടെ മൂലമായ ധർമ്മം ആചരിക്കാതെ കാശ് കൊടുത്ത് ചെയ്യിക്കുന്നത് അല്ല ശ്രാദ്ധം എന്നർത്ഥം...
സ്വധാ രൂപിണ്യൈ നമ:
No comments:
Post a Comment