Monday, December 11, 2023

വ്യാകരണപഠനം....

 വ്യാകരണപഠനം....

എന്താണ് പഠിച്ചത്...വ്യാകരണം... ഓ സംസ്കൃതം ആയിരുന്നല്ലെ .. കാലങ്ങളായി വ്യാകരണമെന്നു പറഞ്ഞാൽ, അത് സംസ്കൃതമെന്ന ഒരു ഭാഷയുടെ മാത്രമാണ് എന്നും, വേദം പഠിക്കുവാൻ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ഒന്നാണെന്നും ആണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. പക്ഷെ ലിംഗ്വിസ്റ്റിക് എന്നു പറഞ്ഞാലോ ഭാഷാ വിജ്ഞാനമായി കണക്കാക്കുകയും ചെയ്യും മറ്റൊരു ചോദ്യവുമില്ല.
വ്യാകരണം എന്നത് ഭാഷയുടെ ഉച്ചാരണവും അത് എങ്ങിനെയാണ് സംഭവിക്കുന്നത് എന്നു പഠിപ്പിക്കുന്നതുമാണ്. സംസ്കൃതവ്യാകരണമെന്നു പറഞ്ഞാലെ അത് ആ സംസ്കൃതമെന്ന പ്രത്യേക ഭാഷയുടെ ആകൂ.
ഇനി വ്യാകരണം പഠിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നാണെങ്കിൽ, അത് ഭാരതത്തിലെ ഭാഷയുടെ വ്യത്യസ്തതകളെ മനസ്സിലാക്കിയാ മതി.
ഹേമചന്ദ്രൻ, മഹാരാഷ്ട്രീ, ശൌരസേനീ, മാഗധീ, ചൂലികാ തുടങ്ങി അപഭ്രംശം വരെയുള്ള എട്ടിലധികം ഭാഷയെ പറയുന്നു.
സാഹിത്യ ദർപണത്തിൽ ആഭീരീ, ചണ്ഡാലീ, ആവന്തികാ തുടങ്ങിയ പ്രാകൃത ഭാഷയെ വരെ യോജിപ്പിച്ച് പന്ത്രണ്ടിലധികം ഭാഷയാണ് വിവരിക്കുന്നത്.
പ്രാകൃത ലങ്കേശനാകട്ടെ, ഉദീചീ, മിശ്രാ, ശൈകാഭീരി, വാഹീകാ, രന്തികാ തുടങ്ങി പതിനേഴു ഭാഷകൾ ആണ് പറയുന്നത്.
പ്രാകൃത ചന്ദ്രികയാകട്ടെ, ദാക്ഷിണാത്യത്തേയും, അപഭ്രംശത്തെ കൂടി യോജിപ്പിച്ചുകൊണ്ട്, വ്രാചദാ, വൈദർഭാ, ഔദ്ര, കൌന്തല, സൈംഹര, ഗൌർജരാ, വൈഡാലാ തുടങ്ങി ഇരുപത്തിയേഴിലധികം ഭാഷകൾ പറയുന്നു.
ലക്ഷ്മീ ധരനാകട്ടെ പൈശാചീ ഭാഷ സംസാരിച്ചിരുന്ന സ്ഥലം സൂചിപ്പിച്ചു പാണ്ഡ്യ, കേകയ, വാഹീക , ഗാന്ധാര, കാംബോജാദി തുടങ്ങി പൈശാച ദേശങ്ങളെ വിവരിക്കുന്നു.
മഗാധീ, അവന്തിജാ,, പ്രാച്യാ, ശൌരസേനീ, അർധമാഗധീ തുടങ്ങി പ്രാകൃത വ്യാകരണ വിധാനങ്ങളുമുണ്ട്. ഇവ വൈദിക വ്യാകരണമല്ല പ്രാകൃത വ്യാകരണമാണ്.
ഇതോടൊപ്പം ശാബര, ആഭാരാ ചാണ്ഡാല തുടങ്ങി ഏഴു തരത്തിലുള്ള വിഭാഷകൾ.
കിരാടീ, സോമകീ, ചോലകീ, ഗുർജരീ തുടങ്ങി പ്രാകൃത ഡയലക്റ്റുകൾ..
ഇതുകൂടാതെ മയാഭാഷാ, മാരവഭാഷാ, കാസ്തീയ ജരണ ഭാഷാ ഇവയെല്ലാം ചേർത്താണ് ഭാരതത്തിലെ മാത്രം ഭാഷാ പ്രയോഗങ്ങളെ ആചാര്യന്മാർ പോലും വിവരിക്കുന്നത്.
ഭാഷകൾ,വിഭാഷകൾ, അപഭ്രംശങ്ങൾ, പൈശാചികളെന്നിങ്ങനെ ഭാരതത്തിൽ ഭാഷകൾ അനേകമുണ്ട്.
ഇതെല്ലാം മനസ്സിലാക്കാൻ ഉള്ള ഒരേ ഒരു വഴി ആ ഭാഷയുടെ വ്യാകരണത്തെ അറിയുക എന്നതാണ്.
പ്രാകൃത വ്യാകരണം പഠിക്കാൻ പോയ സമയത്തെ വ്യക്തിപരമായ അനുഭവം പറഞ്ഞാൽ, അവിടെ ഹേമചന്ദ്രന്റെ പ്രാകൃത വ്യാകരണമാണ്. പാണിനി വ്യാകരണമല്ല....പാപത്തിനു പാവമെന്നും, വനത്തിനു വണമെന്നും എല്ലാം ആണ് കേൾക്കുക. അതു മനസ്സിലാക്കാനുള്ള ഒരെ ഒരു വഴി ആ വ്യാകരണം പഠിക്കുക എന്നതാണ്.
പറഞ്ഞു വന്നത് വ്യാകരണം എന്നത് ഒരു പ്രത്യേക ഭാഷയുടെ വ്യാകരണ രീതി മനസ്സിലാക്കുന്നത് അല്ല. ഓരോ ദേശത്തേയും വാക്കുകളുടെ പ്രവൃത്തിയും അതിന്റെ ആന്തരികമായ വൃത്തിയും അർഥത്തേയും അറിയുന്നവനെയാണ് വൈയാകരണനെന്നു വിളിക്കുന്നത്. അതുകൊണ്ടാണ് വ്യാക്രിയന്തെ വ്യുത്പാദ്യന്തെ സാധുശബ്ദാ അസ്മിൻ അനേന ഇതി വ്യാകരണം എന്ന് സമാസം പറയുന്നത്.
ഈ വ്യാകരണ പ്രയോഗം അറിയില്ലായെങ്കിൽ ഭാരതത്തിന്റെ ഭാഷയിലൂടെ ആചാര്യന്മാരെന്താണ് പറയാൻ ശ്രമിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധ്യമല്ല.
ഓടക്കുഴലിലൂടെ നാം കേൾക്കുന്നത് ഹൃദയസ്പർശിയായ പാട്ടാണ്, പക്ഷെ ഊതുന്ന വ്യക്തി സപ്തസ്വരങ്ങളാണ് ഉപയോഗിക്കുന്നത്. അതുപോലെ ശരീരത്തിലെ നാഡീചലനത്തിലൂടെ എങ്ങിനെയാണ് ശബ്ദം വ്യത്യസ്തമായി സൃഷ്ടിക്കപ്പെടുന്നത് എന്നു മനസ്സിലാക്കി തരുന്നതാണ് വ്യാകരണം. ഏത് ഭാഷയായാലും ആ ഭാഷയുടെ വ്യാകരണശാസ്ത്രത്തിലൂടെയെ അതു മനസ്സിലാക്കാനാകൂ. അത് പഠിക്കുന്നവനാണ് വൈയാകരണൻ.
പ്രത്യേകിച്ച് ഭാരതീയ ശാസ്ത്രത്തെ നോക്കിയാൽ ദേവതാ പൂജനം ചെയ്ത് ഉപദേശം സ്വീകരിച്ച് പഠിക്കുന്ന ഒരു ശാഖ കൂടിയാണ്. നിത്യപൂജയിൽ ഉപാസനാ തലത്തിൽ തന്നെ അധിദേവതയായ മന്ത്രമൂര്ത്തിയെ ഉപാസിച്ച് കൊണ്ട് പഠിക്കണമെന്നാണ് വിധി.
ഓരോ വ്യക്തികളും ഉപാസിക്കുന്ന ഗുരു പാദുകം തന്നെയാണ് ഇവിടെയും ആധാരം...ഭാരതത്തിലെ വ്യാകരണപഠനം ഉപാസനാ തലം കൂടിയാണെന്നു സാരം.
ശ്രീ ഗുരുഭ്യോ നമ:

No comments:

Post a Comment