Monday, December 11, 2023

അന്നപ്രാശനവും വിവാഹവും പേരിടലും....

 അന്നപ്രാശനവും വിവാഹവും പേരിടലും....



ഇന്ന് എന്റെ രണ്ടു സുഹൃത്തുക്കൾ അവരുടെ കുട്ടിയേയും കൊണ്ട് ദേവിയെ തൊഴാൻ വന്നു... വർഷങ്ങൾക്കു ശേഷം കാണുകയാണ്. സംസാരത്തിനിടയിൽ, രണ്ട് സ്ഥലത്ത് കൊച്ചിന് ചോറു കൊടുത്തു ഇനി ഒരു സ്ഥലത്തു കൂടി വഴിപാടുണ്ട് എന്ന് പറഞ്ഞു.

ഇത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എനിക്ക് സംശയമായി...
അന്നപ്രാശനം ക്ഷേത്രത്തിൽ പറയപ്പെട്ട ഒന്നല്ല.
ക്രിയക്ക് ഉപയോഗിക്കുന്ന അഗ്നി ഓരോ കർമ്മത്തിലും വേറെ വേറെയാണ്. പുംസവനത്തിൽ ചന്ദ്രനെന്ന അഗ്നിയാണ്. സീമന്തത്തിൽ മംഗളമെന്ന അഗ്നിയാണ്, വിവാഹത്തിൽ യോജകനെന്ന അഗ്നിയാണ്. അന്നപ്രാശനത്തിലാകട്ടെ ശുചിയെന്ന അഗ്നിയാണ്. ഈ അഗ്നിയെ സ്ഥാപിച്ച് വിരൂപാക്ഷജപവും, മഹാവ്യാഹൃതിഹോമവും, ആജ്യം കൊണ്ട് പഞ്ചാഹുതിയും, പഞ്ചപ്രാണഹോമവും, ശാട്യായനഹോമാദികളെല്ലാം ചെയ്ത് മന്ത്രത്തോടു കൂടിയാകണം അന്നം കൊടുക്കേണ്ടത്. ഇത് ഗൃഹത്തിലാണ് ചെയ്യേണ്ടത്. പ്രാശനത്തിനു ഉപയോഗിക്കുന്ന അന്നം ക്ഷേത്രത്തിൽ ഉപയോഗിക്കരുത്. നേരെ തിരിച്ച് ദേവനുള്ള അന്നം പ്രാശനത്തിനു ഉതകുന്നതുമല്ല. ദേവനും സപരിവാരങ്ങൾക്കും ഉള്ള അന്നമല്ലാതെ ഒന്നും ക്ഷേത്രത്തിൽ ഉണ്ടാക്കരുത് എന്നിരിക്കെ, ഗാർഹപത്യാഗ്നി ആധാരമായി ഇരിക്കുന്ന ഗൃഹകർമ്മങ്ങളിൽ പെടുന്ന അന്നപ്രാശനം ക്ഷേത്രത്തിൽ നടത്തുന്നത് എങ്ങിനെ. സംസ്കാരത്തിൽ പെടുന്ന, ഗൃഹത്തിൽ ചെയ്യേണ്ട, മീമാംസയിൽ പെടുന്ന അന്നപ്രാശനം ഏത് വിധാനത്തിലാണ് ക്ഷേത്രതന്ത്രത്തിൽ ചെയ്യുന്നത്.
ഇനി കൊടുക്കുമ്പോൾ, അന്നം ആദ്യമായി കഴിക്കുന്ന കുട്ടി കഴിക്കുമ്പോൾ തുപ്പുകയോ, കൊടുക്കുന്ന വ്യക്തിയുടെ കയ്യിൽ നിന്ന് ഉച്ഛിഷ്ടം ക്ഷേത്രാങ്കണത്തിൽ വീഴുകയോ ചെയ്താൽ ദോഷം ഉണ്ടാകും. ഗ്രഹബാധയെന്ന ദോഷം കുട്ടിയെ ബാധിക്കും (ദയവായി വെള്ള സാരിയുടുത്ത യക്ഷി പ്രേതം എന്ന് പറഞ്ഞു കൊണ്ട് വരരുത്, ഇത് ദോഷമായി നിങ്ങളെ ബാധിക്കുന്നതാണ്) എന്നത് സാമാന്യയുക്തിയാണ്. ക്ഷേത്രാങ്കണത്തിൽ കൈ കുടയുക പോലും ചെയ്താൽ അശുദ്ധിയാണെന്നിരിക്കെ, കലശാദികളെ കൊണ്ട് ക്ഷേത്രം ശുദ്ധമാക്കാം..ഇതു കാരണം ഉണ്ടാകുന്ന കുട്ടിയുടെ ദോഷത്തെ ആരു മാറ്റികൊടുക്കും.. ( ദയവായി ഭക്തിയും കൊണ്ട് ഇതിൽ ആരും വരരുത്, ഇവിടെ ക്ഷേത്രതന്ത്രത്തെയാണ് പറയുന്നത്. ക്ഷേത്രത്തിലെ ദോഷ പരിഹാരത്തിന് ആരും ഭക്തിയല്ലല്ലോ തന്ത്രത്തിലെ കലശാദികളു തന്നെയല്ലെ ചെയ്യുക)
ഇതു പോലെ തന്നെ സംസ്കാരത്തിൽ പെടുന്നതാണ് വിവാഹം. യോജകനെന്ന അഗ്നിയെയാണ് വിവാഹത്തിന് ഉപയോഗിക്കുന്നത്. അത് ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതല്ല. കന്യാദാനം ചെയ്യുന്ന നിമിഷം മുതൽ സ്ത്രീ പുരുഷ ബന്ധം മാനസികമായി വരും എന്നാണ് വിവാഹത്തിന്റെ രീതി. അതുകൊണ്ട് തന്നെ ക്ഷേത്രത്തിൽ വച്ച് വിവാഹം തന്ത്രശാസ്ത്രത്തിന്റെ യുക്തിയിൽ നിഷിദ്ധകർമ്മമാണ്. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹാദി കർമ്മങ്ങൾ വിവാഹത്തിതര്ക്കു ദോഷമേയുണ്ടാക്കൂ.
ഇവയെല്ലാം നമ്മുടെ സംസ്കാരത്തിലുള്ളതാണ്.. അനുഷ്ഠിക്കേണ്ടതാണ്.... പക്ഷെ കർമ്മങ്ങൾക്ക് കൃത്യമായ സ്ഥാനം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്... അവിടെയെ അത് ചെയ്യാവൂ..... അത് ശ്രാദ്ധമായാലും, വിവാഹമായാലും, ചോറൂണ് ആയാലും അങ്ങിനെയെ പാടുള്ളൂ...
ഈ സംസ്കാരാദികളായ കർമ്മങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നത് ദോഷമേയുണ്ടാക്കൂ എന്ന് അറിയാത്തവരല്ല ഈ ചെയ്യിക്കുന്നവർ. അതിന് ഏറ്റവും നല്ല ഉദാഹരണം കേരളത്തിലെ ഈ വിവാഹാദി കർമ്മങ്ങൾ ചെയ്യിപ്പിക്കുന്നവരുടെ എത്ര കുടുംബങ്ങൾ സ്വന്തം കുട്ടികളുടെ വിവാഹവും, ചോറൂണ് തുടങ്ങി സംസ്കാരങ്ങൾ ക്ഷേത്രത്തിൽ വച്ചു നടത്തിയിട്ടുണ്ട് എന്നു നോക്കിയാൽ മതി. ചെയ്യില്ല.. കാരണം അതിന്റെ ദോഷങ്ങളും വരുംവരായ്കളും അവർക്ക് നന്നായി അറിയാം.. (ഇനി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത്‌ വിഷയം അറിയാതെ ആകും)
മുകളിൽ എഴുതിയത്, എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു വിചാരിക്കരുത്... ശാസ്ത്രമാണ്.. കേരളത്തിലെ മുൻ നിരയിൽ പെടുന്ന തന്ത്രിമാരോടും ജ്യോതിഷികളോടും ഇതെ പറ്റി സംസാരിച്ചപ്പോൾ അവർക്കും ഇതിൽ എതിരഭിപ്രായമില്ല. ഇത്തരത്തിലുള്ള ക്രിയകൾ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷെ പൂച്ചക്ക് ആരു മണികെട്ടും എന്ന പറഞ്ഞതുപോലെയാണ്..ആരും പറയില്ല. സമൂഹത്തിൽ ഇത് പറയുവാൻ ആരു ധൈര്യപ്പെടും എന്നതാണ് പ്രധാന ചോദ്യം..
ആരു ചെയ്താലും തെറ്റ് തെറ്റാണ്. സമൂഹത്തിന് ദോഷകരമായി വരുമെന്ന് തോന്നുന്ന വിഷയം എന്തു തന്നെയായാലും അതു തിരുത്തേണ്ടതാണ്..
ക്ഷേത്രത്തിലെ തന്ത്രിമാർക്കെങ്കിലും സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതലയുണ്ട്. ലോകകല്യാണത്തിനു വേണ്ടിയെന്നു കരുതി, ലോക കല്യാണ ഹേത്വർഥം സ്ഥിരീഭവ എന്നു പറഞ്ഞു നിങ്ങളുണ്ടാക്കിയ ഈ ക്ഷേത്രം സമൂഹത്തിൽ നേർവിപരീതമായ അവസ്ഥയെ ഉണ്ടാക്കി ലോക കല്യാണത്തിന് പകരം അമംഗളമുണ്ടാക്കുന്ന സ്ഥലമായി മാറും. ദേവന്മാരും പിതൃക്കളുമെല്ലാം ദേശ കാലം മാറിയാൽ ബാധയാണ്... അതു സംഭവിക്കാതെ ഇരിക്കാൻ എങ്കിലും, ഇത്തരത്തിലുള്ള ദോഷകർമ്മങ്ങളെ കുറിച്ച് അറിവുള്ളവരെന്ന നിലക്കെങ്കിലും ഇതു നിർത്താൻ നിങ്ങൾ ബാധ്യസ്ഥരാണ്... അതിനു മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇനിയും ഇതു പറയാതെ ഇരിക്കുന്നത് വരും തലമുറയോട് ചെയ്യുന്ന തെറ്റാണ്...
ശ്രീ ഗുരുഭ്യോ നമഃ..

No comments:

Post a Comment