മൃത്യുഞ്ജയത്തിലെ കുമ്പളങ്ങ!
മൃത്യുഞ്ജയമന്ത്രത്തിന്റെ പല വ്യാഖ്യാനങ്ങളും നോക്കിയാൽ സ്ഥിരമായികാണുന്ന പ്രയോഗമാണ് ഞെട്ടറ്റു വീഴുന്ന കുമ്പളങ്ങ. ഭാവനാശേഷി കൂടി അത് മത്തങ്ങ, കക്കിരിക്ക, ചുരയ്ക്ക, തണ്ണിമത്തൻ ഒക്കെ ആകാറുണ്ട്. എന്നാൽ ഇപ്പറഞ്ഞ പച്ചക്കറികളെല്ലാം പാകമായാൽ നാം ഞെട്ടിൽ നിന്നും മുറിച്ചെടുക്കാറാണു പതിവ്. ചീഞ്ഞാലോ ഉണങ്ങിയാലോ പോലും ഞെട്ട് അവിടെത്തന്നെ കാണും. അപ്പോൾ പ്രകൃതിയിൽ കാണാത്ത ഒരു ഉദാഹരണത്തെ ആചാര്യന്മാർ മന്ത്രത്തിലേക്കു യോജിപ്പിക്കുമോ? ഭാരതീയ ശാസ്ത്രങ്ങൾ പഠിച്ച ആരും നിസ്സംശയം ഇല്ല എന്നു തന്നെ പറയും.
ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാന്മൃത്യോർമുക്ഷീയ മാമൃതാത്.
എന്ന മൃത്യുഞ്ജയമന്ത്രത്തിലെ ഉർവാരുകം എന്ന പദത്തിനാണ് അത്യാവശ്യം പച്ചക്കറികളുടെയെല്ലാം പേര് പ്രഭാഷണങ്ങളിലെല്ലാം പതിവായി കിട്ടിപ്പോരുന്നത്. രാജനിഘണ്ടുകാരൻ ഉർവാരു എന്നതിന് കർക്കടി എന്ന അർഥം പറഞ്ഞിട്ടുണ്ട്. അതിൽ നിന്നാണെന്നു തോന്നുന്നു ഇപ്പറഞ്ഞ വ്യാഖ്യാനങ്ങളുടെയെല്ലാം ഉദ്ഭവം. എന്നാൽ രാജനിഘണ്ടു എന്നത് സാമാന്യമായി ഒരു ആയുർവേദകോശമാണ്. അപ്പോൾ ആയുർവേദത്തിലെ ഒരു അർഥത്തെ താന്ത്രികമായും വൈദികമായും ഉള്ള ഒരു മന്ത്രത്തിലേക്ക് എങ്ങിനെ സ്വീകരിക്കും?!
ഉർവാരുകത്തെപ്പോലെ എന്നേ മന്ത്രത്തിൽ പറഞ്ഞിട്ടുള്ളൂ. പാകമായ എന്നോ ഞെട്ടറ്റ എന്നോ ഒന്നും ഇല്ല. അപ്പോൾ പച്ചക്കറിയുടെ ആ വിശേഷത്തെയാണ് സ്വീകരിക്കേണ്ടത് എന്ന യുക്തിക്ക് ആധാരം എന്താണ്?
ഇതിൽ കൂടുതൽ കുഴപ്പിക്കുന്ന രണ്ടു പദങ്ങളാണ് മന്ത്രത്തിൽ തൊട്ടുമുന്നിൽ കിടക്കുന്ന സുഗന്ധിം, പുഷ്ടിവർദ്ധനം എന്ന വിശേഷണങ്ങൾ. അവ ത്ര്യംബകത്തിലേക്കു യോജിപ്പിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കാം. ത്ര്യംബകം എന്ന പദത്തിന് അർഥമായി ശിവതത്ത്വത്തെ സ്വീകരിച്ചാൽ, പഞ്ചഭൂതങ്ങളിൽ അവസാനത്തേതായ പൃഥ്വീഗുണമായ ഗന്ധത്തെ വിശേഷണമായി എടുക്കാൻ പറ്റില്ല. പഞ്ചഭൂതങ്ങൾക്കെല്ലാം മുമ്പേതന്നെ ശിവതത്ത്വമുണ്ട്, അത് ഗുണാതീതമാണ്. വർദ്ധിക്കുന്നതിനെല്ലാം നാശവുമുണ്ടെന്നതിനാൽ പുഷ്ടിവർദ്ധനവും ശിവതത്ത്വത്തിന് ചേരില്ല. ഇനി ഉർവാരുകത്തിലേക്ക് ചേർത്താൽ, അത് കുമ്പളങ്ങയോ മറ്റോ ആണെങ്കിൽ, അതിന് സുഗന്ധവുമില്ല, അത് പൌഷ്ടികത്തെ പ്രദാനം ചെയ്യുന്നതുമല്ല.
അപ്പോൾ എന്താവാം ഈ ഉർവാരു?
ഉരു യയാ തഥാ ഋച്ഛതി എന്നാണ് സമാസം. മറഞ്ഞിരിക്കുന്നതും പ്രത്യേകമായ ഗതിരൂപമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഭ്രമണം ചെയ്യുന്നതും എന്തോ അതാണ് ഉർവാരു. ഉരു എന്നതും ഋ എന്നതും ചേർത്തുണ്ടാക്കുന്ന പദമാണിത്. ഉരു എന്നാൽ ഊർണു ആച്ഛാദ്യതേ, അതായത് മറഞ്ഞിരിക്കുന്നത് എന്തോ അത്. ഋ എന്നാൽ (അനിശ്ചിതമായ) ഗതി.
ശരീരത്തിൽ മറഞ്ഞിരിക്കുന്നതും അതുപോലെ ഭ്രമണം ചെയ്യുന്നതും പ്രാണനാണ്. എപ്പോഴും ഗതിരൂപമായതുകൊണ്ട് പ്രാണന് അഥവാ വായുവിന് സദാഗതിയെന്നും പേരുണ്ട്.
ഈ പ്രാണൻ്റെ/വായുവിൻ്റെ വിശേഷണമാണ് സുഗന്ധിത്വവും പുഷ്ടിവർദ്ധനത്വവും. വായുവിനെ ഗന്ധവാഹ എന്ന് വിളിക്കുന്നത് ഗന്ധത്തെ വഹിക്കുന്നതു കൊണ്ടാണ്. ഇതേ വായുവാണ് പ്രാണരൂപത്തിൽ അതായത് പ്രാണാപാനസമാനോദാനവ്യാനരൂപത്തിൽ, പഞ്ചവൃത്തിരൂപമായ ഇന്ദ്രനീലപ്രതീകാശമായ പ്രാണൻ്റെ രൂപത്തിൽ, ഹൃദയാകാശത്തിൽ ഇരുന്ന് ശരീരത്തിന്റെ പുഷ്ടിയെ വർദ്ധിപ്പിക്കുന്നത്. മൃത്യുവിന് കാരണം പ്രാണന്റെ ഈ പൌഷ്ടികത്വം നശിക്കുന്നതാണ്. അപ്പോൾ മൃത്യുഞ്ജയമന്ത്രത്തിലെ ഉർവാരു പ്രാണവായുവാണ്, കുമ്പളങ്ങയോ മത്തങ്ങയോ ഒന്നുമല്ല എന്ന് വ്യക്തമാകുന്നു.
ഇനി, രാജനിഘണ്ടുകാരൻ കർക്കടി എന്ന അർഥം എങ്ങനെ സ്വീകരിച്ചു എന്നാണെങ്കിൽ, ഈ വള്ളിച്ചെടിയുടെ വളർച്ചയുടെ പ്രത്യേകത കൊണ്ടാണ്. വായുവിന് പ്രത്യേകമായ ഗതി പറയാനാകാത്തതുപോലെ കർക്കടിയുടെ വള്ളിയും ഏത് ഭാഗത്തേക്കാണ് വളരുന്നത് എന്നു പറയാനാകില്ല. അങ്ങോട്ടും ഇങ്ങോട്ടും വളഞ്ഞുപുളഞ്ഞ് പടർന്നുപന്തലിക്കുകയാണ് ചെയ്യുക, വായുവിനെപ്പോലെ. ആ ഗുണത്തെ ആധാരമാക്കി, ഗൗണമായി രാജനിഘണ്ടുകാരൻ സ്വീകരിച്ച അർഥത്തെ പദത്തിൻ്റെ യഥാർത്ഥ അർഥമായി നാം തെറ്റിദ്ധരിച്ചുകൂടാ.
മന്ത്രങ്ങളുടെ അർഥം പിഴക്കരുതെന്ന നിർബ്ബന്ധബുദ്ധികൊണ്ടാണ് വേദാംഗങ്ങളോടെയുള്ള അദ്ധ്യയനം പൂർവ്വാചാര്യന്മാർ നിഷ്കർഷിച്ചിരുന്നത്. ഭാവത്തിൻ്റെ ബലം വർദ്ധിപ്പിക്കാനാണ് മന്ത്രങ്ങൾ. അപ്പോൾ മന്ത്രത്തിൻ്റെ ഭാവതലത്തിലേ പ്രാണനു പകരം കുമ്പളങ്ങ കേറിയാൽ പിന്നെ പ്രാണൻ വള്ളിയിൽ തൂങ്ങിയാടലാവാം ക്രിയാഫലം! ഇടയിൽ കടന്നുകൂടിയ ഇത്തരം അബദ്ധങ്ങളെ അടിയുറച്ച ശാസ്ത്രാഭ്യാസം കൊണ്ട് പദവാക്യപ്രമാണാനുസാരവും പൂർവ്വാപരയുക്തികൊണ്ടും തിരുത്തിയില്ലെങ്കിൽ നമ്മുടെ ജ്ഞാനപാരമ്പര്യം കെട്ടുകഥകൾ മാത്രമായേക്കാം!
No comments:
Post a Comment