ശാസ്ത്ര ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുമ്പോൾ...
ഒരു ഗ്രന്ഥത്തെ വ്യാഖ്യാനിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് ചെയ്യേണ്ടതായ ചില കാര്യങ്ങളുണ്ട്.
ആദ്യം പദം പിരിച്ച് പറയണം. തുടർന്ന് വിഭക്തി പറഞ്ഞ്, പദങ്ങളുടെ അർത്ഥം പറയണം. എല്ലാ പദങ്ങളേയും അന്വയിച്ച് അന്വയാർത്ഥത്തെ പൂർവ്വ പരശബ്ദങ്ങളോട് യുക്തി പൂർവ്വം യോജിപ്പിച്ച് പറയണം.
ഇന്ന് ഏത് ശ്ലോകങ്ങളായാലും ഇത്തരത്തിൽ പദങ്ങളെ അന്വയിക്കാതെ അർത്ഥം പറയും.
അതിന്റെ ഗുണം, അർത്ഥത്തെ ആർക്കും ഏത് തരത്തിലും തോന്നിയ പോലെ വ്യാഖ്യാനിക്കാം.
ഹരിയെന്താ, വിഷ്ണു. അപ്പോ വിഷ്ണുവിനെ കുറിച്ച് പറയാം. രുദ്രനെന്ന പദത്തെ ശിവനാക്കി ശിവനെ കുറിച്ച് പറയാം. നേരെ തിരിച്ച് അന്വയിച്ചാൽ പൂർവ്വാപര ബന്ധം പറയണ്ടി വരും. അങ്ങിനെ പറഞ്ഞാൽ തോന്നിയ പോലെ വ്യാഖ്യാനിക്കാൻ സാധ്യമല്ല. കാരണം ആദ്യം പറഞ്ഞ അർഥം ഒരു ശ്ലോകത്തിൽ മാത്രമല്ല ഗ്രന്ഥം പൂർണമാകും വരെ യോജിപ്പിച്ച് കൊണ്ടു പോകണ്ടി വരും. അല്ലെങ്കിൽ ദ്വിരുക്തി ദോഷം വരും. അവ്യാപ്തി അതിവ്യാപ്തി ദോഷം വരും.
അന്വയിക്കാതെ ഇരുന്നാൽ, അർത്ഥം അറിയാത്ത, മനസ്സിലാകാത്ത പദങ്ങളെ ഒഴിവാക്കാം. ആർക്കും പദം ഒഴിവാക്കിയത് മനസ്സിലാകില്ല. അന്വയിക്കുന്നില്ലല്ലൊ.
ഇനി അർത്ഥം പറയുമ്പോൾ ഒരു പദത്തിന്റെ അമരം പറയുന്നതല്ല അർത്ഥം. അതായത്
ഹരി- വിഷ്ണു, മുകുന്ദൻ -കൃഷ്ണൻ, ഉമാ- പാർവ്വതി, പിതാമഹൻ - ബ്രഹ്മാവ് ഇങ്ങിനെ പറയുന്നത് അല്ല പദാർഥം.
ഓരോ പദത്തിനും അതിന്റെ തന്നെ ധാതുവിലൂടെ അർഥം ആചാര്യന്മാരു യോജിപ്പിച്ചിട്ടുണ്ട്. അതാണ് പദാർഥം. അതിനെയാണ് അന്വയിച്ച് അർഥം പറയേണ്ടത്.
വിശ്വമെന്താണ് ലോകം .
അപ്പോൾ ജഗത്, അത് ലോകം .
അപ്പോൾ പ്രപഞ്ചം അതോ അതും ലോകം . അപ്പോ ലോകമോ അതും ലോകം. ഇതാണ് ഇന്നത്തെ രീതി..
ഈ ഓരോ പദത്തിനും പ്രത്യേക അർത്ഥമുണ്ട്. ആ പ്രത്യേക അർത്ഥത്തെ സൂചിപ്പിക്കാനാണ് ആ പദ പ്രയോഗം. അതിന് ആ പദത്തിന്റെ റൂട്ട് ആയ ധാതു എന്താണോ അതിനെ ആധാരമാക്കി പറയണം.
ഒരു പദത്തിന് അതിന്റെ മറ്റൊരു പദം അർത്ഥം ആയി പറഞ്ഞ് അതിനെ വ്യാഖ്യാനിക്കുമ്പോൾ ആചാര്യനുദ്ദേശിച്ച അർഥം കിട്ടില്ലായെന്ന് മാത്രമല്ല മറ്റൊരു അർഥം വരികയും ചെയ്യും.
ശക്രൻ ഇന്ദ്രനല്ല. ഉമാ പാർവ്വതിയല്ല. ഹരി വിഷ്ണു അല്ല.രുദ്രൻ ശിവനുമല്ല. ഇവിടെ പറയുന്ന ഓരോ പദത്തിനും അതിന്റെ അർഥമുണ്ട്.
പാദപത്തിന് വൃക്ഷമെന്ന് അർത്ഥം പറഞ്ഞാൽ മൂലം കൊണ്ട് ജലം പാനം ചെയ്യുന്നത് എന്ന അർത്ഥം ധ്വനിക്കില്ല. അതിന് പാദപത്തിന്റെ അർത്ഥം തന്നെ പറയണം .
അതുകൊണ്ട് തന്നെ ഗ്രന്ഥ വ്യാഖ്യാനം ചെയ്യുന്നവർ ഇത്രയുമെങ്കിലും ശ്രദ്ധിച്ച് ചെയ്യുന്നത് ഗുണകരമാകും. ശാസ്ത്രത്തെ ശാസ്ത്ര ശൈലിയിൽ തന്നെ പറയാൻ ശ്രമിക്കുക. അല്ലായെങ്കിൽ ശാസ്ത്ര ദോഷമായി നാം പറഞ്ഞത് നമ്മുടെ നേരെ തന്നെ തിരിച്ച് വരും .
No comments:
Post a Comment