ഓണവും ദേവീ പൂജയും....
ഓണമെന്നത് വാമനന്റേയും മഹാബലിയുടേയും കഥയുമായി ചേർത്താണ് നാം കേട്ടിട്ടുള്ളത്. പക്ഷെ കഥയെന്നതിനുപരി പത്തു ദിവസത്തെ പൂക്കളത്തിനും മറ്റു കാര്യങ്ങൾക്കും വേറെയെന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നി. കാരണം കേരളത്തിന്റെ ഏതൊരു കുടുംബവും ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കും അതിന്റേതായ കാരണം ഉണ്ടായിരുന്നു.
കേരളത്തിൽ പ്രധാനമായി കാളീ പൂജയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഏതൊരു വീട്ടിലും ദേവിയെ പൂജിച്ചിരുന്നവരാണ് കേരളീയർ. ആ രീതിയിൽ ചിന്തിച്ചാൽ കേരളസംപ്രദായത്തിൽ ഓണവും അതേ ദേവീ പൂജയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിന് കാരണം കേരളത്തിൽ ഇടുന്ന ഓണക്കളം മാത്രം ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും. അതിന് കൃത്യമായ ഒരു രീതിയുണ്ട്. അതായത് ഒരു പാറ്റേണ്.. സാധാരണക്കാരുടെ ദേവീ പൂജയെന്നു ഇതിന് വിശേഷിപ്പിക്കാം.. ശ്രീചക്രേശ്വരിയായ ദേവിയെ താന്ത്രികർ പൂജിക്കുമ്പോൾ ഇവിടെ സകലാനന്ദ സ്വരൂപിണിയായ ദേവിയെ സാധാരണക്കാർ പൂജിക്കുന്നു.
ഉദാഹരണത്തിന് വേണ്ടി എഴുതിയാൽ...
ആദ്യ ദിവസം നാം ചെയ്യുന്നത് ഒരു വൃത്തത്തിലുള്ള തറ ഉണ്ടാക്കുന്നു. അതിൽ ചാണകം മെഴുകി വൃത്തിയാക്കി ഒരു മുക്കൂറ്റി നട്ടു വയ്കുന്നു. ശക്തിദർശനത്തെ മുൻ നിർത്തി ചിന്തിച്ചാൽ ആദ്യം തത്ത്വം കേവലം ഒന്നുമാത്രമാണ്. അതാകട്ടെ തുരീയാതീതവും ആദ്യവുമായ മഹാകാളിയായിട്ടാണ് സ്വീകരിച്ചിരിക്കുന്നത്.
ആധാരഭൂതാ ജഗതസ്ത്വമേകാ മഹീസ്വരൂപേണ യതഃ സ്ഥിതാസി.
അല്ലയോ അമ്മേ പൃഥ്വീ രൂപത്തിൽ അമ്മ തന്നെയാണ് സമ്പൂർണ ചരാചരമായി ജഗത്തായി ധരിച്ചിരിക്കുന്നത്.
ഏകൈവാദ്യാ ജഗത്സൂതിഃ സച്ചിദാനന്ദ വിഗ്രഹാ
തത്തദ്വിഭൂതി ഭേദേന ഭിന്നാനേകത്വമാഗതാഃ എന്ന തന്ത്രവാക്യം തന്നെ ഇതിന് പ്രമാണമായി സ്വീകരിക്കാം.
മഹാകാളസംഹിതാ ഈ ദേവതാ സ്വരൂപത്തെ മഹാശൂന്യമായി നിരൂപിച്ചിരിക്കുന്നത്.
മഹാനിർഗുണരൂപാ ച വാചാതീതാ പരാ കലാ
മഹാജ്വാലാനലൈർദീപ്തം മുണ്ഡബിന്ദു വിഭൂഷിതം
ഏവം ദേവി മഹാശൂന്യം മഹാദക്ഷിണകാളികാ
വ്യാപ്യ തിഷ്ഠതി ദേവേശി ശൂന്യം ബ്രഹ്മസ്വരൂപകം.
വൃത്തത്തെ കണക്കാക്കിയാൽ മഹാശൂന്യസ്വരൂപം തന്നെയാണ്.
മഹാമായാ സ്വരൂപിണിയായ ദുർഗ്ഗ ചിത് രൂപത്തിൽ ബ്രഹ്മാണ്ഡസ്വരൂപിണിയായി വ്യാപിച്ചിരിക്കുന്നു. അതെ ശക്തിയെ തന്നെയാണ് കാശ്മീര ശൈവ ദർശനത്തിൽ വിമർശം, സ്ഫൂർത്തി, ഉല്ലാസം, പ്രകാശം എന്നീ നാമങ്ങളിൽ വിവേചിച്ച് പറഞ്ഞിരിക്കുന്നത്.
ഭവാനിയായി വിളിക്കുന്നതും, മഹാലക്ഷ്മിയായും പാർവതിയായും വൈഷ്ണവിയായും എല്ലാം വിളിക്കുന്നതും ഇതെ ദേവിയെ തന്നെ. . ഇതാണ് ആദ്യത്തെ സ്വരൂപം.. വൃത്തം.. രൂപത്തിൽ ഒന്നുമാത്രമായുള്ള അവസ്ഥ.
എന്തുകൊണ്ടാണ് പത്തെന്ന സംഖ്യയ്കു പ്രാധാന്യമെന്നു ചോദിക്കാം. അതിനേയും ഇതുമായി യോജിപ്പിച്ച് തന്നെ ചിന്തിക്കാനാകും. ദുർഗാ സപ്തശതിയെ പ്രമാണമായി നോക്കിയാൽ ആദിശക്തിയായി പറയുന്നത് മഹാലക്ഷ്മിയെയാണ്. ഇതെ ദേവിയുടെ പത്തു അവതാരങ്ങളേയും പറയാറുണ്ട്. മഹാകാളീ, മഹാലക്ഷ്മീ, മഹാസരസ്വതീ, നന്ദാ, രക്തദന്തികാ, ശതാക്ഷീ, ശാകംഭരീ, ദുർഗാ, ഭീമാ, ഭ്രാമരീ ഇവയാണവ.
ലക്ഷ്മിയുടെ പത്തുകാര്യങ്ങളെ കണക്കാക്കി ദേവിയെ പത്തു പേരുകളിൽ വിളിക്കാറുണ്ട്. മഹാമായാ, മഹാകാളീ, മഹാമാരീ, ക്ഷുധാ, തൃഷാ, നിദ്രാ, തൃഷ്ണാ, ഏകവീരാ, കാലരാത്രി, ദുരത്യയാ ഇവയാണവ.
ഇതെ ദേവി സരസ്വതിയായി ബൌദ്ധികമായി മാറിയപ്പോൾ പത്തു രൂപത്തിലായി പറയുന്നു. മഹാവിദ്യാ, മഹാവാണീ, ഭാരതീ, വാക്, സരസ്വതീ, ആര്യാ, ബ്രാഹ്മീ, കാമധേനു, വേദഗർഭാ, ധീശ്വരീ ഇവയാണവ.
നവാവരണത്തെ ചിന്തിച്ചാൽ പത്താമത് ആണ് അധീശ്വരിയായ സാക്ഷാത് ഭഗവതിയെ നാം പൂജിക്കുന്നത്.
ഇനി എന്തുകൊണ്ട് രണ്ടായി എന്നാണെങ്കിൽ
ആധാരം വന്നാൽ അപ്പോൾ വികാരോത്പത്തിയുണ്ടാകണം. അതായത് സൃഷ്ടിയുണ്ടാകണം എന്ന ഇച്ഛയെ ഇവിടെ എടുക്കാം. അതിൽ നിന്നു രണ്ടായി ഭാവം വരുന്നു. അപ്പോ സൃഷ്ടിഭാവത്തിൽ നമുക്ക് രണ്ടായി വിചാരിക്കാം...
ഇതിന് പ്രമാണത്തെ ചിന്തിച്ചാൽ,
കേരളത്തിലെ കാളീ ഭാവത്തെ കണക്കാക്കിയാൽ,
കാളീ മായാ തു യാ ശക്തി ർബിംബാദ്യപ്രതിബിംബകാ
കാളീ വ്യാപക സച്ഛായാ മഹാകാലഃ പ്രകീർത്തിതഃ
കാശ്മീര ദര്ശനത്തിൽ പരമശിവന് സൃഷ്ടിയുടെ ഇച്ഛയുണ്ടാകുമ്പോൾ രണ്ടായിട്ടാണ് പറയുന്ന. ഒന്നു ശിവരൂപമായും രണ്ട് ശക്തിരൂപമായും. ആദ്യാവസ്ഥയിൽ പ്രകാശസ്വരൂപവും രണ്ടാമത്തേതിൽ വിമര്ശരൂപമായും.
ഇനി മൂന്നാമത്തേതാണ്....എങ്ങിനെയാണ് ത്രിഗുണഭാവം.
സൃഷ്ടിയുടെ ആരംഭത്തിൽ ത്രിഗുണമയിയാണ് ദേവി. ദേവിയുടെ രാജസസ്വരൂപത്തിൽ നിന്ന് ബ്രഹ്മാ- സരസ്വതിയും, സാത്ത്വികമായ രൂപത്തിൽ നിന്നു വിഷ്ണു-ലക്ഷ്മിയും, താമസ സ്വരൂപത്തിൽ നിന്ന് മഹാകാളി-രുദ്രനും ഉണ്ടായി.
ഏവം യുവതയഃ സദ്യഃ പുരുഷത്വം പ്രപേദിരേ.
സാമാന്യമായി 36 തത്ത്വങ്ങളായി പറയുന്നത് പരമശിവൻ തുടങ്ങി ഭൂമി വരെയാണ്. ഈ മുപ്പത്തിയാറു തത്ത്വങ്ങളെ മൂന്നായിട്ടാണ് വിഭാഗീകരിച്ചിരിക്കുന്നത്.
ആത്മതത്ത്വം, മായാതത്ത്വം ശിവതത്ത്വം. ഇവയാണവ
സ്വന്തം സ്വരൂപത്തിൽ കേവലമായിരുന്നതിൽ നിന്ന് സൃഷ്ടിയുണ്ടാകുന്നതിന് ഇച്ഛാശക്തിയുണ്ടായി. അതിൽ നിന്ന് ജ്ഞാനശക്തിയും, അതിൽ നിന്ന് ക്രിയാശക്തിയും ഉണ്ടായി. ഈ മൂന്നിന്റെ ചേർച്ചയിലൂടെ ശബ്ദശക്തിയുണ്ടായി.
ഇതിനെയാണ് സൃജനേച്ഛായുക്ത രൂപോപാധിവിശിഷ്ട സദാശിവ എന്നു വിളിക്കുന്നത്. സത്ത്വരജസ്തമോ ഗുണഭാവമായി പറയുന്നതും ഇതിനെ തന്നെ.
ഇതാണ് മൂന്നാം ദിവസത്തെ ത്രിഗുണഭാവം.
ഇതിന്റെ തന്നെ തുടര്ച്ചയായി, എട്ടാമത്തെ ദിവസത്തെ അഷ്ടകോണിനെ എടുത്താൽ..
ശൈവദർശനത്തിൽ ശിവനെ അഷ്ടമൂർത്തിയെന്നു വിളിക്കാറുണ്ട്. ഇതെ പരമശിവനാണ് ശർവ രൂപത്തിൽ പൃഥ്വീ സ്വരൂപത്തിലും ഭവരൂപത്തിൽ ജലസ്വരൂപനായും വര്ത്തിക്കുന്നത്. രുദ്രരൂപത്തിൽ അഗ്നിയും, ഉഗ്രരൂപത്തിൽ വായുവും, ഭീമരൂപത്തിൽ ആകാശവും, പശുപതി രൂപത്തിൽ ചന്ദ്രനും, മഹാദേവ രൂപത്തിൽ സൂര്യനും, ഈശാന രൂപത്തിൽ ജീവസ്വരൂപനും ആയി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത്. അഷ്ടമൂർത്തിരജാ ജൈത്രീ ലോകയാത്രാ വിധായിനീ... നാം കാണുന്ന എല്ലാ രൂപങ്ങളും ദേവിയുടെ ഭാവം ആണ്...
ഇതുപോലെ ഓരോ ദിവസത്തെ കളങ്ങൾക്കും കൃത്യമായി വിഷയത്തെ ചിന്തിക്കാനാകും. അവസാന ദിവസം സർപ്പക്കെട്ടാണ് ഉപയോഗിക്കുന്നത്. പൂക്കുലയും കുരുത്തോലയും എല്ലാം കേരളത്തിലെ സർപ്പബലിയ്കും കുരുതിയ്കും പ്രധാനമായി ഉപയോഗിക്കുന്നതാണ്. സ്വരൂപം അഥവാ കളം മാത്രമല്ല അതിലുപയോഗിക്കുന്ന പൂവുകളും പ്രത്യേകം പ്രത്യേകം ഉണ്ട് ഓരോ ദിവസവും. ദ്രവ്യഗുണഭാവത്തെ ആധാരമാക്കി അതിനെ നോക്കാനാകും.
ഇത്തരത്തിൽ ഇടുന്നതിന് ചില സ്ഥലങ്ങളിൽ പണ്ടു കാലത്ത് വായ്ത്താരി കൂടിയുണ്ടായിരുന്നു.
ഈ വിഷയത്തിൽ കൂടുതലായി അിറിയാവുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ ഒന്നു ഷെയർ ചെയ്യാമോ..ഷെയർ ചെയ്താൽ കൂടുതൽ വ്യക്തമായ ഒരു നോട്ടുണ്ടാക്കുവാൻ സഹായകമാകും..
നോട്ട് : ഇതിൽ ഇട്ടിരിക്കുന്ന പിക്ചറുകൾ ഒരു സ്ഥലത്തു നിന്നു മനസ്സിലാക്കിയ മോഡൽ മാത്രമാണ്.
No comments:
Post a Comment