കരതലാമലകവും കയ്യിലെ നെല്ലിക്കയും...
ഉള്ളം കയ്യിലെ നെല്ലിക്ക എന്നു കേൾക്കാത്തവർ ചുരുങ്ങും...അനായാസം ചെയ്യാവുന്നതും കൈപ്പിടിയിലൊതുക്കാവന്നതുമായ കാര്യത്തിനാണ് നാം വ്യംഗ്യമായി ഇതിനെ പറയുന്നത്...
കരതലാമലകമെന്നതിന് ഉള്ളം കയ്യിലെ നെല്ലിക്കയെന്നു പറഞ്ഞാൽ ഹസ്തസ്ഥിതം ആമലകം എന്ന അർഥത്തിൽ പറയുന്ന ഹസ്താമലകനെന്തായിരിക്കും അർഥം. ചിന്തിച്ചിട്ടുണ്ടോ... എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം...
കരവും ഹസ്തവും ഒന്നാണോ എന്നു ചോദിച്ചാൽ നാം കൈയെന്നു മാത്രമാണ് അർഥം പറയുന്നത്. കം രാതി ദദാതീതി കരം. കൊടുക്കുന്നതാണ് കരം. കരാംഗുലി എന്നാൽ ഇതെ അർഥത്തിലാണ് പ്രയോഗം, അംഗ്യതെ വിഷയോ ബുധ്യതേ ഇതി അംഗുലീ. ആ വിഷയത്തെ കൊണ്ടു വന്ന് കൊടുക്കുന്നത് കൊണ്ട് കരാംഗുലി. നാം സംസാരിക്കുമ്പോൾ വിഷയത്തെ ബോധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് വിരലുകളാണ്. അതില്ലാതെ സംസാരിക്കുക സാധ്യമല്ല. അതുകൊണ്ടാണ് അതിനെ കരാംഗുലീ എന്നു വിളിക്കുന്നത്...
ഹസ്തമെന്നാൽ ഹസതി വികശതീതി, വികസിക്കുന്നതാണ് ഹസ്തം. വിരലുകളുടെ വികാസരൂപമാണ് ഇത്. കരത്തിന്റേയും ഹസ്തത്തിന്റേയും വ്യത്യാസം ഒന്നു കമഴ്ത്തിയും ഒന്നു മലർത്തിയും പിടിക്കുന്നതാണ്.
കരതലാമലകം, കൈ കമിഴ്ത്തി പിടിച്ചിരിക്കുകയാണ്, ശ്രദ്ധിച്ചില്ലെങ്കിൽ കൈയ്യിൽ നിന്നു പോകും. ഹസ്താമലകം നേരെ തിരിച്ചാണ്, മലർത്തി പിടിച്ചിരിക്കുന്ന കയ്യിൽ നിന്ന് പോകില്ല കാരണം ഉള്ളം കയ്യിൽ കിട്ടിയിരിക്കുന്നതാണ്.
അനായാസം ചെയ്യാൻ കഴിയുന്ന കാര്യങ്ങളു പോലും അതായത് കരാതലമലകം ആണെങ്കിലും ശ്രദ്ധിക്കുക കാരണം അനായാസമായി തോന്നുമെങ്കിലും ആത്യന്തികമായി അത് കരം ആണ്. ഹസ്താമലകൻ നേരേ തിരിച്ചുമാണ്...അതുകൊണ്ടാണ് ആചാര്യസ്വാമികളുടെ ശിഷ്യന് ഹസ്താമലകൻ എന്നു തന്നെ പേരിട്ടിരിക്കുന്നത്.
വാക്കുകളിൽ ഉള്ള ഈ അർഥതലങ്ങളാണ് ഈ ഭാഷയുടെ മാധുര്യം... നെല്ലിക്കയെ പോലെ ആദ്യം കുറച്ച് പുളിക്കുമ്പോഴും പിന്നീട് മധുരിക്കും...
No comments:
Post a Comment