Monday, December 11, 2023

സന്ധ്യാവന്ദനവും അർചനയും...

 സന്ധ്യാവന്ദനവും അർചനയും...

സാ നിശാ സകലലോകമോഹിനീ വാസരഃ സ ഖലു സർവബോധകഃ
സാമരസ്യമിഹ സന്ധിരേതയോഃ ശ്രീപരൈവ നനു സന്ധ്യദേവതാ എന്ന് ചിദ്വിലാസത്തിൽ പറയുന്നു.
സമസ്തജഗത്തിനേയും മോഹിപ്പിക്കുന്ന മായാരൂപിണിയായ ശക്തി തന്നെയാണ് രാത്രി. സർവചരാചരങ്ങളേയും ബോധമുണ്ടാക്കുന്ന അഥവാ ജ്ഞാനത്തെ പ്രദാനം ചെയ്യുന്ന ശിവനാണ് ദിവസം. ഈ രണ്ടിന്റേയും സന്ധി എപ്പോഴാണോ സംഭവിക്കുന്നത് ആ സന്ധിയാണ് ജഗത് സ്വരൂപിണിയായ ശ്രീവിദ്യ.
സ്വപ്രകാശശിവ ഏവ ഭാസ്കരഃ സദ്വിമർശവിഭവാ മരീചയഃ. യൈസ്തഥാ സ യദി വേദിണ്ഡലം തസ്യ പൂജനമഹന്തയാ മതിഃ.
സ്വപ്രകാശരൂപം ആയ ഭഗവാൻ ശിവൻ തന്നെയാണ് സൂര്യൻ , ആ ശിവന്റെ സത് ശക്തിവൈഭവം തന്നെയായ വിമർശരൂപമാണ് കിരണസമൂഹം.
ആ കിരണമണ്ഡലത്തിൽ അകാരരൂപവും പ്രകാശരൂപവുമായ ശിവന്റേയും, ഹകാരരൂപവും വിമർശരൂപിണിയുമായ ശക്തിയുടേയും സാമരസ്യരൂപവുമായ അഹം രൂപമായി പൂജിക്കുന്നതാണ് സാധകന് ഏറ്റവും അഭിമതമായിട്ടുള്ളത്.
ഇതിന്റെ കൂടെ നാം സ്ഥിരം കേൾക്കുന്ന സന്ധ്യയ്ക് നാമം ചൊല്ലണം എന്നതിനെ യോജിപ്പിച്ചാൽ എന്തുകൊണ്ട് സന്ധ്യാവന്ദനം എന്നതിന് ഉത്തരം കിട്ടും . സമ്യക് ഏകാഗ്രതാം പ്രാപ്നുവന്തി ധിയാ ചിത്തവൃത്തയഃ എന്നാണ് സന്ധ്യയ്ക് വിഗ്രഹം പറയുന്നത്. ഏറ്റവും കൂടുതൽ ചിത്തവൃത്തിയ്ക് ഏകാഗ്രത കിട്ടുന്ന സമയം ആണ് സന്ധ്യ . ആ സമയം ജപം ചെയ്യണമെന്ന് പറയുന്നത് സാക്ഷാത് പരാശക്തിയുടേയും ശിവന്റേയും സാമരസ്യം വരുന്ന സമയം കൂടിയായതു കൊണ്ടാണ് അതായത് ശ്രീവിദ്യാ സ്വരൂപിണിയായ ദേവി വാണരുളുന്ന സമയം കൂടിയാണ് സന്ധി സമയങ്ങൾ. ആ സമയത്ത് അർച്ചന ചെയ്യുവാനാണ് നമ്മളോട് പറയുന്നത്.
ത്വക്പാലാസ്ഥിമയഭിത്തിഭാവിതം ജ്ഞാനദീപവിഗലത്തമോഗുണം
ആത്മതത്ത്വമിഹ യാഗമണ്ഡപം തസ്യ പൂജനവിധാനമർചനം
അതായത് സത്ത്വം, രജസ്, തമസ് എന്നിവയുടെ പരിണാമത്താലാണ് ശരീരം ഉണ്ടായിരിക്കുന്നത്. ഇതെ ത്വക്ക്, മാംസം അസ്ഥിമയമായ ശരീരം തന്നെയാണ് സാധനയ്ക് ആധാരഭൂതമായിട്ടുള്ളതും. ഇതിൽ സത്ത്വഗുണാത്മകമായ ജ്ഞാനസ്വരൂപമായ ദീപം കൊണ്ട് തമോഗുണാത്മകമായ അന്ധകാരത്തെ നശിപ്പിച്ച് സ്വന്തം ആത്മാവിനെ യജ്ഞമണ്ഡപം ആക്കി അതിനെ സാക്ഷാത് പരാശക്തി രൂപമാക്കി പൂജിക്കുന്നതിനെയാണ് അര്ച്ച എന്ന് പറയുന്നത്.
സന്ധ്യാവന്ദനം യഥാര്ഥത്തിൽ സാക്ഷാത് പരാശക്തിയായ ശ്രീവിദ്യാപൂജ തന്നെയാണ് എന്നർഥം. അതിനാലാണ് സന്ധ്യാവന്ദനം നിത്യകര്മ്മം ആയി ആചാര്യന്മാരുപദേശിക്കുന്നത്. ശിവശക്ത്യൈക്യസ്വരൂപിണിയായി സാക്ഷാത് ശ്രീവിദ്യാ സ്വരൂപിണിയായി വാണരുളുന്ന സാക്ഷാത് പരാശക്തി എല്ലാവർക്കും മംഗളങ്ങളെ പ്രദാനം ചെയ്യട്ടെ. ഹരി ഓം.

No comments:

Post a Comment