Monday, December 11, 2023

കൊടുങ്ങല്ലൂര്.....

കൊടുങ്ങല്ലൂര്.....


ഇന്ന് ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ചുള്ള ചര്ച്ചകൾ ആണ് എവിടെ നോക്കിയാലും..പ്രത്യേകിച്ച് കൊടുങ്ങല്ലൂരമ്പലത്തിലെ. ഇതിനെ കുറച്ചുള്ള അഭിപ്രായം ചോദിച്ച് എനിക്കും വന്നു റിക്വസ്റ്റ് ...ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയാൻ ഞാനാളല്ല.. അതു ശരിക്കും കുറെ യുക്തിയുക്തമായ പഠനത്തിലൂടെ പറയേണ്ട കാര്യമാണ്..

പക്ഷെ പറയാനുള്ളത് മറ്റൊന്നാണ്..അമ്മയുടെ കയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് പോയിരുന്ന ഒരുസാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കുട്ടി കണ്ടത് എന്തോ അത്. അതു പറയണതിനു മുന്പ് കുറച്ചു കാര്യം കൂടി പറയണം എന്നാലെ അതു മനസ്സിലാകൂ..
ഇന്നത്തെ പോലെ എല്ലാ ദിവസവും ഓണം അന്ന് ഞങ്ങള്ക്ക് ഇല്ലായിരുന്നു.. മനസ്സിലായില്ലായെങ്കിൽ ഒന്നൂടി വിശദീകരിക്കാം. ആകെ വര്ഷത്തിലൊരിക്കലാണ് പുതിയ ഡ്രസ്സു കിട്ടുക.. ഓണക്കോടി.. ഇന്ന് ഏത് ദിവസവും ഓണമാണ്.. പറയുന്ന സെക്കന്റിൽ പുതിയ ഡ്രസ്സ് റെഡി..
അന്നു ഞങ്ങള്ക്ക് എന്നു വിഷു ആഘോഷമില്ല.. രണ്ടു കൂട്ടം കറിയും ഉപ്പേരിയും പപ്പടവും കിട്ടണമെങ്കിൽ വര്ഷത്തിലൊരിക്കൽ പിറന്നാളു വരെയോ (അതും ഉറപ്പില്ല) അല്ലെ വിഷു വരുന്ന വരെ കാത്തിരിക്കണം.. അല്ലാതെ ഇന്നത്തെ പോലെ നാലു നേരം അഞ്ചു കൂട്ടം കൂട്ടി കഴിക്കുക പതിവില്ല.. പ്രത്യേകിച്ച് സ്വിഗ്ഗിയോ ഊബറോ ഒന്നും ഉള്ള കാലമല്ല..
വെള്ളച്ചോറും വെളിച്ചെണ്ണയും, വീടിന്റെ കിഴക്കുവശത്ത് നട്ടുവളര്ത്തുന്ന ചെരിയ കാന്താരിമുളകും.. കിട്ടിയാൽ കഞ്ഞിയും ഉള്ളി ചമ്മന്തിയും, അല്ലെങ്കിൽ തക്കാളിരസം ചോറ് ഇതൊക്കെയാണ് വിഭൃസമൃദ്ധമായ ഊണ്..
ഇന്ന് നൂറു രൂപ കൊടുത്ത് ചെയ്ന്ജ് ബാക്കിവച്ചോളു എന്നു പറയുന്നതാണ് കുട്ടികളുടെരീതി.. അന്നു പത്തു പൈസയാണ് എരൂരിൽ നിന്ന് തൃപ്പൂണിത്തുറ വരെയുള്ള ബസ് ടിക്കറ്റ് സ്കൂൾ കുട്ടികള്ക്ക്.. അതു ലാഭിക്കാൻവേണ്ടി നാലു അഞ്ചു കിലോമീറ്റർ നടക്കുകയാണ് പതിവ്..
ഐസ് മേടിക്കണേ അഞ്ചു കശുവണ്ടി ഐസുകാരനു കൊടുത്താൽ മതി.. ഏഴു കശുവണ്ടി കൊടുത്താൽ ദുര്ഗ്ഗാ തീയറ്ററിൽ സിനിമ.. ഇതായിരുന്നു കാലം.. ബാര്ട്ടർ സിസ്റ്റം ഞങ്ങള്ക്ക് ജീവിതത്തിൽ അറിയാമായിരുന്നു.. ഇന്ന് പുസ്തകത്തിലു കേട്ടു കേള്വിയെ ഉണ്ടാകൂ..
25 പൈസയ്ക് പഞ്ചസാരയും അന്പതു പൈസക്കു എണ്ണയും എല്ലാം മേടിച്ചിരുന്ന കാലത്ത് ക്ഷേത്രത്തിൽ കാശു കൊടുത്ത് ക്യൂ നിന്ന് ദേവിയെ കാണാനും 101 രൂപയുടെ ശത്രുസംഹാര പുഷ്പാഞ്ജലിയൊന്നും ഞങ്ങള്ക്ക് ചിന്തിക്കുക അസാധ്യമായിരുന്നു.
അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേവിയെന്നത് കാശു കൊടുത്താലോ പൂജ ചെയ്താലോ കിട്ടുന്ന ഒന്നായിരുന്നില്ല. മന്ത്രം ചൊല്ലിയാൽ എന്തേലും കിട്ടുമെന്ന് അന്ന് അറിയില്ലായിരുന്നു എന്നതാണ് സത്യം..അല്ലെ ഒരു കൈ നോക്കായിരുന്നു..
ഇന്നത്തെ പോലെ മിനിറ്റിൽ പുറകെ പുറകെ ഓടുന്ന ബസില്ല.. ബസ് ഇല്ലെ എന്നാ ഊബർ പോകട്ടെ ഓട്ടോറിക്ഷ വിളിക്കാൻ പോലും കയ്യിൽ കാശു കാണില്ല. അടുത്ത ഒരു ഒന്നൊന്നര മണിക്കൂർ നിൽക്കുക തന്നെ ശരണം. ചിലപ്പോള് പ്രോഗ്രാം തന്നെ മാറ്റി വച്ച് തിരിച്ചു വന്ന സമയം ഉണ്ട്.. ഓട്ടോ വിളിക്കണത് ആകെ ഹോസ്പിറ്റലുപോലുള്ള കാര്യത്തിനാണ്.. ഓട്ടോക്കാരനായ സുകുമാരന് ചേട്ടന്റെ നമ്പറു കലണ്ടറിൽ എഴുതിവച്ചിരുന്നു ആക്സിഡന്റ് കേസ് വന്നാല് വിളിക്കാന് ..
എന്റെ ഓര്മ്മശരിയാണേ, ഞാൻ പ്രീഡിഗ്രീ പഠിക്കുന്ന കാലത്താണ് വീട്ടിൽ കറന്റു വന്നത്.. കറന്റ് വന്നാൽ പോരല്ലോ വീട്ടിലേക്ക് കണക്ഷനെടുക്കാൻ കാശു വേണ്ടെ.. അതുകൊണ്ട് തന്നെ മണ്ണെണ്ണ വിളക്കെ ശരണം. രണ്ട് മൂന്നു ലിറ്റർ കൊണ്ടു ഒരു മാസം ഓടിക്കണം.. അതുകൊണ്ട് ഏഴര എട്ടു മണിയ്കുള്ളിൽ വിളക്കണക്കണം..
ഈ മൊബൈലില്ലെ അതു ഒന്നും ചിന്തിക്കരുത്...12 രൂപ കണക്കില് ഫോണ് ചെയ്യാൻ ഇന്കമിങ്ങിനും ഔട് ഗോയിങ്ങിനും കാശു കൊടുക്കേണ്ടി വന്നിരുന്ന കാലമാണ്. അതുകൊണ്ട് ഇല്ലിക്കൽ പടി സ്റ്റോപ്പിൽ ഫോണ് ചെയ്യാൻ ക്യൂ നിക്കണം.. കാരണം ഒരു എസ് ടി ഡി ഷോപ്പേയുള്ളു.. അതും സെക്കന്റു പോകണത് നോക്കിയേ വിളിക്കു.. 59 സെക്കന്റ് ആയ കട് ചെയ്യും കാരണം അടുത്തത് വീണാ കൊടുക്കാൻ കാശില്ല..
ടിവിയിൽ മഹാഭാരതവും രാമായണവും ഒക്കെ കാണാൻ ഞായറാഴ്ച രാവിലെ കുട്ടികളുടെ പടപ്പുറപ്പാടുണ്ട്..
അപ്പോ പറഞ്ഞു വന്നത് ഇപ്രകാരമുള്ള ഒരു കാലത്തെ മനസ്സിൽ വച്ചുകൊണ്ട് നമക്ക് കൊടുങ്ങല്ലൂരമ്മയുടെ കാവിനെ നോക്കാം..
ക്ഷേത്രത്തിൽ പോകാനാഗ്രഹിച്ചാൽ മാത്രം പോരാ പോകാനുള്ള കാശു സ്വരുകൂട്ടണം. കാരണം പോകണത് കുടുംബം മൊത്തമാണ്.. കല്യാണത്തിന് ചേര്ത്ത് വയ്കണ പോലെ കാശു കൂട്ടി വയ്കണം..പിന്നെ ആ ദിവസം പോകണേ തൃപ്പൂണിത്തുറക്കാര്ക്കാണേ രാവിലെ വല്ലപ്പോഴും വരുന്ന ബസിൽ ഇടിച്ചു കുത്തികയറി ചേരാനല്ലൂർ വരെ.. പിന്നെ അവിടെ നിന്ന് ഫെറിയിൽ എത്തുക..അതു കടന്ന് അടുത്ത സ്റ്റാന്റിൽ ബസ് വരുന്ന വരെ നോക്കി നിന്ന് വണ്ടിയിൽ ഇടിച്ചു കുത്തികയറി ക്ഷേത്രത്തിലെത്തുക..ഇനി അവിടെ വരുന്നവർ താഴെ ഇരിക്കാൻ തെയ്യാറായെ വരൂ.. വിരി വയ്കാൻ ശബരി മലയിലെ പോലെ കരുതിയിട്ടുണ്ടാകും. കാരണം അവിടെ നിന്ന് ഇന്നു മേടിക്കണ പോലെ പായയൊന്നും മേടിക്കുവാൻ കയ്യിൽ കാശുണ്ടാകില്ല. ഭക്ഷണം വരെ കൊണ്ടു വരും.. എന്തിന് വെള്ളം വരെ കയ്യിലു കരുതിതന്നെയാണ് വരുക..
ഇനി ക്ഷേത്രദര്ശനം എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് സുഖമായി പോകാമെന്നു വിചാരിക്കണ്ട കഴിഞ്ഞു പോകുമ്പോൾ ബസുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല.. നടക്കാൻ തെയ്യാറായി തന്നെയാണ് പലരും വരിക...പകുതിയലധികം പേരും അടുത്തുള്ള സ്വന്തം വീട്ടുകാരെ തന്നെയാണ് സഹായത്തിന് വിളിക്കുക..
പറഞ്ഞു വന്നത് ഇത്രയും ബുദ്ധി മുട്ടി അമ്മയെ കാണാൻ വരുന്നവർ ആരും ഇന്നത്തെ പോലെ സെല്ഫിയെടുത്തും വീഡിയോ ലൈവ് ആയി ഫെയ്സ് ബുക്കിൽ ഇടാനും ഡ്രസ് ചുളുങ്ങാത്ത ചുവന്ന ഡ്രസ്സ് ഒക്കെ ഇട്ടുവരുന്ന ഉപാസകരൊന്നുമല്ലായിരുന്നു.. സാധാരണക്കാരിൽ സാധാരണക്കാരായ ഭക്തന്മാരായിരുന്നു. ഈ ഉപാസകരെന്ന പേരു തന്നെ പണ്ടു കാലത്ത് കേട്ടിട്ടുണ്ടോ എന്ന് സംശയം. ഈ ഉപദേശവും കൊടുത്ത് ശിഷ്യഗണങ്ങളൊന്നും കണ്ടതായി എന്റെ ഓര്മ്മയില്ല.. ഇനി ഉണ്ടായേക്കാം.. ഇങ്ങിനെയൊക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ആ തട്ടകത്ത് ഭക്ഷണം കിട്ടാതെ ആരും ഉറങ്ങിയതായി എനിക്ക് ഓര്മ്മയില്ല. വിരി വയ്കുന്നവർ പരസ്പരം ജാതി ചോദിക്കാറില്ല.. ഭക്ഷണം ആരുടെ കയ്യിലുണ്ടോ അത് അടുത്തവരോടു ചോദിക്കാതെ തന്നെ കൊടുക്കും അതായിരുന്നു കൊടുങ്ങല്ലൂർ....അമ്മയെന്നാൽ അമ്മയായിരുന്നു.. അന്നപൂര്ണ്ണയെന്നാൽ അന്നപൂര്ണ്ണ തനന്നെയായിരുന്നു.. വിളിച്ചാൽ വിളിപ്പുറത്തു വരുന്ന അമ്മ..
ഇനി ഭക്തിയെ കുറിച്ചു കുറച്ചൂടി..
നിങ്ങള്ക്ക് പറഞ്ഞാ മനസ്സിലാകുമോ എന്നറിയില്ല. എന്നാലും പറയാം.... ഞങ്ങളുടെ ചെറുപ്പത്തിൽ ഒരു വലിയ ഒരു മുട്ടനാടു (സാധാരണ വലിപ്പമൊന്നുമല്ലാട്ടോ ഇടികിട്ടിയാ വിവരം അറിയും) വീടുകളിൽ വരും..എല്ലാവര്ക്കും അതിനെ കണ്ടാൽ അറിയാം അത് ക്ഷേത്രത്തിലെയാണ് ന്ന്.. അതിനെ കണ്ടാ ആദ്യം ഞങ്ങളു പ്ലാവിന്റെ കമ്പ് വെട്ടി അതിന്റെ ഇല കൊണ്ടു വന്ന് തിന്നാൻ കൊടുക്കും..കയ്യിൽ കിട്ടണത് കൊടുക്കാറുണ്ട് അല്ലാത്തവർ. കൊടുത്തുതീര്ന്നാ അവന്റെ മുതുകത്തോ തലയിലോ രണ്ടു തട്ടി തട്ടിയാൽ അടുത്ത വീട്ടിലേക്ക്.. ഇതിനെന്താ ഇത്ര പറയാനെന്നാണേ, ആടെന്ന് വിചാരിക്കണ്ട എരൂരിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ബസിൽ ഇതേ ആടിന്റെ കൂടെ യാത്ര ചെയ്തവര് അനേകം പേരുണ്ട്.. ബസുകാരു പോലും കയറ്റിയിരുന്നു എന്നര്ഥം. ഇതായിരുന്നു അന്നത്തെ ഭക്തി. അന്നു ഭക്ഷണം കഴിക്കാനില്ലായിരുന്നു പക്ഷെ അതിനെ വെട്ടി കൊന്നു തിന്നാൻ ആരും വിചാരിച്ചിട്ടില്ല..അതിന് അന്നംകൊടുക്കുമ്പോൾ നിൽക്കണത് ആടാണെന്ന് അല്ല വിചാരിക്കാ ദേവിയാണെന്ന് തന്നെയാണ്..തല്ലില്ല.. ഇന്നായിരുന്നു എങ്കിൽ മൂക്കു മുട്ടെ തിന്നാൻ ഉള്ളപ്പോഴും അത് ആരുടെയെങ്കിലും വീട്ടിലെ കറിയായേനേ..
അപ്പോ പറഞ്ഞു വന്നത്...
ഈ ഭാവത്തെ ഉള്കൊണ്ടു കൊണ്ട് കൊടുങ്ങല്ലൂരെ പോലെയുള്ള ദേവതാ ചൈതന്യത്തെ ചിന്തിച്ചാൽ മാത്രമേ ഭക്തിയെന്തെന്നു മനസ്സിലാകൂ.. അല്ലെ അമ്മയെന്താണെന്ന് മനസ്സിലാകൂ..മൂന്നു നേരം കഴിക്കുന്നതിനു പകരം നാലു നേരം കഴിച്ച് അന്നത്തിന്റെ കഷ്ടപ്പാടറിയാത്തവർ പുസ്തകങ്ങളിലൂടെ ഉള്ള അറിവു വച്ച് കഷ്ടപ്പാടിനെയും വിശപ്പിനേയും മനസ്സിലാക്കിയെന്നു പറഞ്ഞ് മന്ത്രാധീനം തു ദൈവതം എന്ന ഭാവത്തില് അന്നപൂര്ണ്ണയെ കുറിച്ചുപറയുന്നതുകേള്ക്കുമ്പോൾ ശരിക്കും അതറിഞ്ഞവർക്കു ഒരു പുഞ്ചിരി തോന്നിയെങ്കിൽ അവരെ കുറ്റം പറയാനാകുമോ.. ഇതാകും ഇന്ന് ശരിക്കു കൊടുങ്ങല്ലൂരമ്മയെ അമ്മയായി അറിഞ്ഞവർ ചെയ്യണുണ്ടാകുക..🙂🙏

വ്യാസനും ശുകമഹർഷിയും പുത്രന്മാരും ..

 വ്യാസനും ശുകമഹർഷിയും പുത്രന്മാരും ..

ഭാഗവതത്തെ നമുക്കു പറഞ്ഞു തന്ന ശുകമഹര്ഷി ആരാണ് എന്നു വളരെ കാലമായിട്ടുള്ള സംശയമായിരുന്നു.. സാക്ഷാത് വ്യാസൻ അരണി കടഞ്ഞപ്പോഴാണ് ശുകനുണ്ടായത് എന്നാണ് വായിച്ചിരുന്നതും. ദേവീ മാഹാത്മ്യത്തിനു വേണ്ടി അതിന്റെ സൂക്ഷ്മാര്ഥ വിചാരം ചെയ്തപ്പോൾ മനസ്സിൽ തോന്നിയ ഒരു അര്ഥമാണ് എഴുതുന്നത്.
വ്യാസന്റെ പുത്രനാണല്ലോ ശുകൻ. നമുക്ക് അതുകൊണ്ട് വ്യാസന്റെ പേരിൽ നിന്നു തുടങ്ങാം. പ്രത്യേകിച്ച് ഈ പേരുകളിലാണ് ചില രഹസ്യങ്ങളു വച്ചിരിക്കുന്നത്. അവരുടെ പേരുകളിലൂടെ ഒരു യാത്ര പോയി നോക്കാം...
വ്യാസ ശബ്ദം വന്നിരിക്കുന്ന വി അസ് എന്ന ധാതുവിൽ നിന്നാണ്. അസ് ശബ്ദത്തെ നോക്കിയാൽ വിശേഷമായി കാണപ്പെടുന്നത് എന്നര്ഥം. ഏകവും നിരതിശയവും സച്ചിദാനന്ദലക്ഷണത്താൽ പ്രകീര്ത്തിതവുമായ ബ്രഹ്മ സ്വരൂപിണിയായ ദേവി മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. (ഞാൻ ദേവീ എന്നു വിളിക്കുന്നു) ഇതാണ് വ്യാസഭാവം. വിസ്തരിച്ചവളെന്നുള്ള വ്യാസശബ്ദത്തിനു അര്ഥം ഇതു തന്നെ.
അതെ ദേവി നമ്മളുടെ ഹൃദയവര്ത്തിയായി വരുമ്പോൾ ഗുഹ്യരൂപിണിയായാണ് പറയുന്നത്.. അതായത് ശുകൻ. എങ്ങിനെയെന്നാണെങ്കിൽ ശുകശബ്ദത്തിന് ശുഭ ദീപ്തൌ എന്നാണര്ഥം. ദീപ്തിയോടു കൂടിയിരിക്കുന്നത്. മറഞ്ഞിരിക്കുന്നത് എന്ന അര്ഥത്തിൽ വസ്ത്രം എന്നു പറയാറുണ്ട്. ഇതിനെ ഒന്നു കൂടി വിശേഷമായി പറഞ്ഞാൽ....
പരമാത്മസ്വരൂപിണിയായ ദേവിയുടെ മഹത്തായ ആയതനമായി ശ്രുതിയാൽ പറയപ്പെട്ടിട്ടുള്ളത് ഹൃദയമാകുന്നു. അതിന്റെ മദ്ധ്യത്തിൽ എല്ലായിടത്തും ജ്വാലയുള്ള വിശ്വ തോമുഖമായി ആഹാരത്തെ വിഭജിക്കുന്നതായി സ്ഥിതിചെയ്യുന്നതും ജരയില്ലാത്തതും മഹത്തായതുമായ അഗ്നി ദേഹത്തെ ആപാദചൂഡം ചൂടുള്ളതാക്കുന്നു. അതിന്റെ മദ്ധ്യത്തിൽ അത്യന്തം സൂക്ഷ്മവും കാര്മേഘങ്ങളുടെ നടുവിലുള്ള മിന്നൽകൊടിപോലെ ശോഭിക്കുന്നതും വരിനെല്ലിന്റെ മുനമ്പുപോലെ കൃശവും അണുതുല്യവുമായ വഹ്നിശിഖ സ്ഥിതിചെയ്യുന്ന തുമായി മഹാനാരായണോപനിഷത് പറയുന്നു. ഈ ശിഖയുടെ മദ്ധ്യത്തിലാണ് പരമാ ത്മാവ് നിലകൊള്ളുന്നത്. അത് ബ്രഹ്മമാകുന്നു. അത് ശിവനാകുന്നു. അത് വിഷ്ണുവും ഇന്ദ്ര നുമാകുന്നു. അത് നാശരഹിതവും ഉത്കൃഷ്ടവും സ്വയം പ്രകാശരൂപവുമാകുന്നു.
അതായത് ശുകനെന്ന പേരിൽ ദീപ്തിയോടു കൂടി സ്ഥിതിചെയ്യുന്നത് ദേവിയുടെ ഈ ഭാവമാണ്.. ഇതിനെ തന്നെ നമുക്ക് മൂലമന്ത്രാത്മികാ ഭാവമെന്നു വിശേഷിപ്പിക്കാം..
ശുകമഹര്ഷിക്ക് നാലു പുത്രന്മാരാണ് കൃഷ്ണൻ, ഗൌരപ്രഭൻ, ഭൂരി, ദേവശ്രുതൻ. ഒരു മകൾ കീര്ത്തി..ഇവരെ കൂടി മനസ്സിലാക്കിയാൽ കുറച്ചു കൂടി അര്ഥതലം പൂര്ണ്ണമാകും.. ദേവിയുടെ ഭാവം പ്രപഞ്ചത്തിലേക്ക് വന്നിരിക്കുന്നത് പരാ, പശ്യന്തി മദ്ധ്യമാ വൈഖരീ എന്നീ നാലു ഭാവത്തിലാണ്.
ഇതിൽ ആദ്യത്തേത് പരാ ഭാവമാണ്. ഇതാണ് കൃഷ്ണശബ്ദം കൊണ്ട് അര്ഥമാക്കുന്നത്... കൃഷ്ണ ശബ്ദത്തിനര്ഥം മഹാപ്രഭാവ ശക്ത്യാ പരിണമയതീതി. സ്വന്തം പ്രഭാവശക്തിയാൽ പരിണാമത്തെയുണ്ടാക്കുന്നവൾ.
ഇവിടെ നിന്നാണ് സൃഷ്ടി തുടങ്ങുന്നത്... വായു ചലിച്ച് സർവവ്യാപകമായ ശബ്ദബ്രഹ്മത്തെ സ്പന്ദിപ്പിക്കുമ്പോൾ ആ സ്പന്ദനം പരയായ വാക് എന്ന പേരിൽ നിഷ്പന്ദമായിത്തീരുന്നു. പരാനാദം നിഷ്പന്ദവും സ്വപ്രകാശവുമായ ശബ്ദബ്രഹ്മമാണ്. വാക്കിനും മനസ്സിനും ആ പരാനാദം വിഷയമല്ല.
നാമരൂപങ്ങള്ക്ക് ബീജരൂപവും അവ്യാകൃതമെന്നു പേരോടു കൂടിയതും ഉപാധിഭേദങ്ങളൊന്നുമില്ലാത്തതും ആകാശത്തെ പോലെ സർവമൂര്ത്തിവര്ജ്ജിതവും സ്വയം ജ്യോതിസ്വരൂപവുമായ ഈ പരാരൂപിയായ ദേവി തന്നെയാണ് സംവ്യവഹാരത്തിന് വിഷയവും ആകാശമെന്നു പറയുന്നതുമായ അക്ഷരരൂപിണിയായി ഊടും പാവും എന്ന രീതിയിൽ പിണഞ്ഞു ചേര്ന്നിരിക്കുന്നത്. ഇതാണ് പ്രകൃതിയുടെ ആദിരൂപമായ പരിണാമവും...
രണ്ടാമത്തെ മകനാണ് ഗൌരപ്രഭൻ. ഗുരതെ അവ്യക്തം ശബ്ദയതീതി ഇതാണ് ഗൌരശബ്ദത്തിന്റെ സമാസം. അവ്യക്തമായി ശബ്ദിക്കുന്നത് എന്ന് ഇതിനര്ഥം. പ്രഭ എന്നാൽ പ്രകര്ഷേണ ഭാതി.. വിശേഷമായി കാണുന്നത്. അതായത് അവ്യക്തമായ ശബ്ദമായി കാണുന്നതാണ് ഗൌരപ്രഭൻ. ഇതാണ് ശബ്ദബ്രഹ്മത്തിന്റെ രണ്ടാമത്തെ പശ്യന്തീ എന്ന ഭാവം. പരയായ വാക്ക് വായുവിനാൽ അഭിവ്യക്തമായും വിമര്ശരൂപമായ മനസ്സിനോടു ചേര്ന്നുമിരിക്കുമ്പോൾ സാമാന്യമായ സ്പന്ദനവും പ്രകാശവും കൈകൊണ്ട് പശ്യന്തി എന്നവാക്കായി ത്തീരുന്നു.
അടുത്ത പുത്രൻ ഭൂരിയാണ്. ഭൂരിയെന്നാൽ ഭവിച്ചത് എന്നര്ഥം. അതായത് ഇവിടെ ശബ്ദത്തിന്റെ സ്വരൂപം ഭവിച്ചുകഴിഞ്ഞു എന്നര്ഥം. അഭിവ്യക്തമായ ശബ്ദബ്രഹ്മസ്വരൂപമാണ് മധ്യമാ.
ശബ്ദബ്രഹ്മം ഹൃദയം വരെ വ്യാപിച്ച വായുനിമിത്തം അഭിവ്യക്തമായി നിശ്ചയരൂപമായ ബുദ്ധിയോടു ചേരുമ്പോൾ വിശേഷസ്പന്ദരൂപമായി മധ്യമാ എന്ന് പറയപ്പെടുന്ന വാക്കായിത്തീരുന്നു. ഇത് വിശേഷസ്പന്ദനമുള്ളതും ബുദ്ധികൊണ്ടു ഗ്രഹിക്കാൻ കഴിയുന്നതുമാണ്. ഇതുകൊണ്ടാണ് ഭവിച്ചത് എന്ന അര്ഥത്തിൽ ഭൂരി എന്ന നാമധേയം.
അടുത്ത പുത്രനാണ് ദേവശ്രുതൻ. ദേവശബ്ദത്തിന് ഇന്ദ്രിയമെന്നര്ഥം. ശ്രുതമെന്നാൽ കേള്ക്കുന്നത്. ഇന്ദ്രിയം കൊണ്ടു കേള്ക്കുന്നതാണ് ദേവശ്രുതൻ.
കണ്ഠം മുതലായ സ്ഥാനങ്ങളിൽ അഭിവ്യക്തമായ വര്ണസ്വരൂപമായി കേള്ക്കത്തക്ക വിധമുള്ള വാക്കിനെയാണ് വൈഖരീ എന്ന് പറയുന്നത്. ശബ്ദബ്രഹ്മം ബുദ്ധിയിൽ നിന്നും വായുവരെയെത്തുന്ന വായുനിമിത്തം കണ്ഠം മുതലായ സ്ഥാനങ്ങളിൽ അഭിവ്യക്തമായി അകാരം മുതൽ ക്ഷകാരം വരെയുള്ള വര്ണമാലയുടെ രൂപം കൈകൊണ്ട് അന്യര്ക്കു കൂടി കേള്ക്കത്തക്ക വിധത്തിൽ വൈഖരീ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന വാക്കായിത്തീരുന്നു. നാം ഇന്ദ്രിയം കൊണ്ടു കേള്ക്കുന്നത് കൊണ്ട് ദേവശ്രുതൻ..
ഇനി ഒ രു മകളാണ്. അവളാണ് കീര്ത്തി.. കീര്ത്തിയുടെ അര്ഥം കൃൃത് സംശബ്ദെ എന്നാണ്, ഉത്തമമായ ശബ്ദത്തെയുണ്ടാക്കുന്നവൾ, അല്ലെങ്കിൽ അതായിരിക്കുന്നവളെന്നര്ഥം. ഇതാണ് സാക്ഷാത് ദേവി... ഏതൊന്നിനും ശക്തിസ്വരൂപിണിയായിരിക്കുന്നവളെന്നര്ഥം.
ശബ്ദബ്രഹ്മത്തിന്റെ അതിസൂക്ഷ്മരൂപമായ പരയിൽ നിന്നും സ്പന്ദനത്തിലൂടെ പശ്യന്തിയും, ബുദ്ധിയോടു ചേര്ന്ന് മധ്യമയായും, അതിൽ നിന്ന് വര്ണരൂപത്തെ കൈകൊണ്ട് കണ്ഠത്തിലൂടെ അഭിവ്യക്തമായ വൈഖരിയായി ഭക്തന്മാരുടെ ചിത്തവൃത്തികളാകുന്ന മനോഹരമായ സ്വരങ്ങളായി ഗമിച്ച് സ്ഥിതിചെയ്യുന്ന ഭാവത്തെ മനോഹരമായി വര്ണ്ണിക്കുകയാണ് ഇവിടെ ആചാര്യൻ....
ഭാഗവതം തുടങ്ങുന്നത് ഇവിടെ നിന്നാണ്.. സകലാനന്ദ സ്വരൂപിണിയായ ദേവിയുടെ രൂപഭാവങ്ങളായി... ചില അര്ഥ തലങ്ങൾ ദേവിയുടെ ലീലയാണ് എന്ന് തോന്നാറുണ്ട്.. സകലം ദേവീ മയം ജഗത് എന്നു പറയുന്നതിന് കാരണവും ഇതുതന്നെയാകണം..

അന്നവും ഉപദേശവും....

 അന്നവും ഉപദേശവും....

സ്വാധ്യായം ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭക്തര്ക്ക് ഗുരുനാഥന്റ ഉപദേശം ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം ഒറ്റയ്കിരുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു ഒരു വ്യക്തി ശാസ്ത്രത്തെ ഉപദേശിക്കുവാൻ യോഗ്യനാകുന്നത് എപ്പോഴാണ്...
അദ്ദേഹം ഉത്തരം പറയുന്നതിനു പകരം പുഞ്ചിരിച്ചു എന്നിട്ടു തിരിച്ചു ചോദിച്ചു ഭക്ഷണം കഴിച്ചുവോ. ഞാൻ കഴിച്ചു എന്നു പറഞ്ഞു.. പിന്നെ മിണ്ടാതെ ഇരുന്നു.. ഉത്തരം കിട്ടാത്ത കണ്ടപ്പോൾ വീണ്ടും ചോദിച്ചു ഒരാൾ എപ്പോഴാണ് മറ്റൊരാളെ ഉപദേശിക്കുവാൻ യോഗ്യനാകുന്നത്.. എന്താണ് അതിനു മാനദണ്ഡമായിട്ടുള്ളത്..മൌനമായി ഇരിക്കുന്നതു കണ്ടപ്പോൾ വിചാരിച്ചു എന്റെ ചോദ്യം തെറ്റായിരിക്കുമെന്ന്. അരമണിക്കൂറിലധികം കഴിഞ്ഞ് ബാക്കിയുള്ളവരോടും സംസാരിച്ച് ഗുരുനാഥൻ ഇറങ്ങുന്ന സമയം പറഞ്ഞു ഇതിനുത്തരം മനസ്സിലാകണമെങ്കിൽ വ്രതാചാരിയായി ഇരിക്കണം.. അതുകൊണ്ട് ഇന്നു മുതൽ അന്നം കഴിക്കാതെയിരിക്കു..
അതുകേട്ടപ്പോൾ ആദ്യം അമ്പരപ്പ് ആണ് തോന്നിയത്.. ചെറിയ ചോദ്യത്തിന് വ്രതമോ.. അദ്ദേഹം പറഞ്ഞതുകൊണ്ട് പുറകിലെന്തെങ്കിലും കാരണമുണ്ടാകുമെന്ന് തോന്നിയത് കൊണ്ട് ആകാമെന്നു പറഞ്ഞു.. അദ്ദേഹം സഹജമായ പഞ്ചിരിയോടു കൂടി നടന്നു പോയി...
അന്നു രാത്രിയും അടുത്ത ദിവസവും വെള്ളം മാത്രം ആയി വ്രതം എടുത്തു.. വൈകുന്നേരം ആയി.. അന്നും പുഞ്ചിരി മാത്രം.. അടുത്ത ദിവസം വിളിച്ചു.. ഇവിടെ നിന്ന് നാലര കിലോമീറ്റർ ദൂരെ ഒരു സ്വാമിനി താമസിക്കുന്നുണ്ട്. ഒരു കൊച്ചു കുടിലാണ് താമസം. അവിടെ പോകൂ.. ഒരു കവർ കയ്യിലേക്ക് തന്ന് ഇത് അവിടെ ഏൽപ്പിച്ച് ഇന്നു അവിടെ താമസിച്ച് നാളേക്കു വരൂ..
വഴി കൃത്യമായി കേട്ടിട്ട് ശരിയെന്നു പറഞ്ഞു അങ്ങോട്ടെക്ക് ഇറങ്ങി.. വണ്ടി പോകാത്ത വഴിയായതുകൊണ്ട് നടന്നു തന്നെ കയറി... ഭക്ഷണം കഴിക്കാത്തതുകൊണ്ട് ക്ഷീണമുണ്ടായെങ്കിലും യാത്ര സുഖമായി... അടിച്ചു വാരാത്തതുകൊണ്ട് പൊടിപിടിച്ച് വൃത്തികേടായ പോലെ കിടക്കുന്ന ഒരു സ്ഥലത്ത് ഒരു അമ്മ താഴെ കിടക്കുന്നു... ആ സ്ഥലത്ത് വേറെയാരുമില്ലാത്തതുകൊണ്ട് അവാരായിരിക്കുമെന്ന് ഉറപ്പിച്ചു ...രണ്ടു പേര്ക്ക് കിടക്കാനാകുന്ന അത്രയും സ്ഥലമേയുള്ളു..
ഭൂവന്ദനം ചെയ്ത് അടുത്തു ചെന്നിരുന്നു.. ആരാണ് എന്നു ചോദിക്കുന്നതിനു പകരം, എന്നെ അത്ഭുതപ്പെടുത്തിയ അവരുടെ ചോദ്യം, ക്യാ ദുനിയാ കോ ഉപദേശ് ദേനാ ഹൈ ക്യാ.. ലോകത്തിന് ഉപദേശം കൊടുക്കണമോ..
ഞാൻ പറഞ്ഞു ഇല്ല.. എന്താണ് അതിന് മാനദണ്ഡം എന്നറിയണമെന്നുണ്ട്.. അവരു അതിന് മറുപടി പറയുന്നതിനു പകരം ഗുരുനാഥൻ ചിരിക്കുന്നതുപോലെ ചിരിച്ചു..
എനിക്ക് ഒരു പക്കറ്റ് കയ്യിലേല്പിച്ചിരുന്നു എന്നു പറഞ്ഞ് കൊടുത്തു..അതിൽ അഞ്ചാറു ചപ്പാത്തിയും ദാലും.. ലോ ബേട്ടാ ഖാലോ എന്നു പറഞ്ഞു അതു അവരു ആ പട്ടികള്ക്ക് കൊടുത്തു..
അവരു വീണ്ടും കണ്ണടച്ചു വീണ്ടും പഴയതുപോലെ ശിരസ് കയ്യിൽ വച്ച് കണ്ണടച്ചു. ഞാനെന്തു ചെയ്യണമെന്നു അറിയാതെ അവിടെ ഇരുന്നു... കാരണം രണ്ടു ദിവസം ആയി സ്വയം ഭക്ഷണം കഴിച്ചിട്ട്..നടന്നതിന്റെ കൂടിയായപ്പോൾ സ്ഥലമൊന്നും അറിയാതെ തന്നെ ഉറങ്ങിപോയി എന്നതാണ് സത്യം.. സമയം ഏകദേശം രാത്രിയായപ്പോഴാണ് അവരെന്നെ തട്ടിയുണര്ത്തിയത്.. വരൂ ഭക്ഷണം കഴിക്കാം... അവരുടെ കൂടെ അവിടെ നിന്ന് കുറച്ചു ദൂരം അറിയാത്ത വഴിയിലൂടെ നടന്നു.. ഒരു സ്ഥലത്തെത്തി..അവിടെയുണ്ടായിരുന്ന ഒരു വയസ്സായ ആള് എനിക്ക് ഒരു പ്ലെറ്റിൽ ഭക്ഷണം തന്നു എന്നിട്ട് കഴിച്ചു കൊള്ളു എന്നു പറഞ്ഞു.. മറ്റൊന്നും ചിന്തിക്കാതെ വിശപ്പുകൊണ്ട് അതു കഴിച്ചു.. കുറച്ചു നേരം അവരു സംസാരിക്കണതു കേട്ടുകൊണ്ടിരുന്നു..
അവിടെ നിന്നു പഴയ സ്ഥലത്തു വന്നു.. അവിടെ കിടക്കാനുള്ള സൌകര്യം ഉണ്ടാക്കി കിടന്നുറങ്ങി... രാവിലെ അമ്മയുടെ മുന്പിൽ ഇരിക്കുമ്പോഴും മനസ്സിലുള്ള ചോദ്യത്തിന് ഉത്തരം കിട്ടാത്ത വിഷമത്തിലായിരുന്നു ഞാൻ.. ആ അമ്മ എണീറ്റിരുന്നു.. എന്നിട്ട് പറഞ്ഞു ..
ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ലായെന്ന് അറിയാവുന്നതുകൊണ്ടാണ് നിന്റെ കയ്യിൽ ഭക്ഷണം തന്നു വിട്ടത്. ആ പട്ടികളെ ചൂണ്ടി പറഞ്ഞു, പക്ഷെ ഇവരുടെ വിശപ്പു മാറാതെ എങ്ങിനെയാണ് ഞാന് കഴിക്കുക അതുകൊണ്ടാണ് നീ കൊണ്ടു വന്ന റൊട്ടി അവര്ക്ക് കൊടുത്തത്.. ഇവിടെ ഭക്ഷണം ഇല്ലായെന്നറിയാവുന്നകൊണ്ട് ആണ് ആ സ്വാമിജി നിനക്ക് ഭക്ഷണം തന്നത്. ആ അമ്മയുടെ പുഞ്ചിരിയിൽ നിന്നു തന്നെ ആ സ്വാമിജി ഭക്ഷണം കഴിച്ചുവോ എന്ന് ചോദിക്കേണ്ടി വന്നില്ല എനിക്ക്.. സ്വന്തം ഭക്ഷണമാണ് എനിക്ക് തന്നത്...
അത് കേട്ട് സ്തംബ്ധയായിരിക്കുമ്പോഴാണ് അമ്മയുടെ പുഞ്ചിരി മാറാത്ത മുഖത്തു നിന്നും വീണ്ടും വാക്കുകളു വന്നു.. ഒരാളു ഉപദേശം കൊടുക്കുവാൻ എപ്പോഴാണ് യോഗ്യനാകുക എന്ന് മനസ്സിലായില്ലെ..
തിരിച്ച് ആശ്രമത്തിലെത്തി സ്വാമിജിയെ കാണുമ്പോൾ സ്വാമിജിയുടെ കണ്ണുകളിൽ ഒരു തിളക്കം.. അദ്ദേഹം പറഞ്ഞു, അന്നം കഴിക്കാത്ത കൊണ്ട് ഒരു വ്യക്തിക്ക് എപ്പോഴാണോ സ്വബുദ്ധി സ്ഥിരമായി നിൽക്കാത്തത് ആവ്യക്തി ശാസ്ത്രം ഉപദേശിക്കുവാൻ യോഗ്യനല്ല.. അതുപോലെ തിരിച്ചും... അതു മനസ്സിലാകണമെങ്കിൽ സ്വയം അന്നം കഴിക്കുകയും അതുപോലെ തന്നെ കഴിക്കാതെ ഇരുന്നു ശീലിക്കുകയും ചെയ്യണം.. അവിടെ മാത്രമേ ദേവി നിത്യസ്വരൂപിണിയായി വാഴൂ... അവർക്ക് പ്രാണൻ തന്നെ അന്നമായി ഭവിക്കും...
ഒരു കാര്യം അന്നാണ് മനസ്സിലായത് .... അന്നപൂർണ്ണയെ മന്ത്രാവഹന മൂർത്തിയായി കണക്കാക്കരുത് എന്ന ഉപദേശത്തിന്റെ അർത്ഥം..
നാം വയറു നിറച്ചു ഭക്ഷിച്ചു കഴിയുമ്പോൾ കൊടുക്കുന്നതല്ല ഉപദേശം.. ജീവിതത്തിൽ അതിനെ കൂടി തോൽപിച്ച് കഴിയുമ്പോഴാണ് ഉപദേശിക്കുവാൻ യോഗ്യനാകുക..
കാരണം ഈ അന്നത്തിനുവേണ്ടിയാണ് സകല ദുരാചാരങ്ങളും വ്യക്തി ചെയ്യുന്നത്...പേര് പ്രശസ്തി ധനം ഇതെല്ലാം ഇതിന്റെ തുടര്ച്ച മാത്രമാണ്...
ഭാഗവതാദികളെ ഉപദേശിക്കുന്ന സമയത്ത് ഗുരുവിന്റെ വ്രതാദികളെന്തിന് എന്നും കിടക്കുന്ന സ്ഥലം മുതൽ കഴിക്കുന്ന അന്നത്തിന് വരെ നീയമം വച്ചിരിക്കുന്നത് എന്തിനെന്നും മനസ്സിലായത് അപ്പോഴാണ്.. ആചാര്യനെന്നതിന് ആചാരം അറിഞ്ഞാൽ മാത്രം പോരാ അത് അനുഷ്ഠിച്ച് ആചരിച്ച് അനുഭവസമ്പത്തോടു കൂടിയവരു കൂടിയാകണം...
ഗ്രന്ഥപാരായണവും ഉപദേശവും ഒരു വ്യക്തിയ്ക് ചെയ്യുവാൻ അധിക കാലം വേണ്ടി വരില്ല.. പക്ഷെ പറയുന്നതിനെ നിത്യാഭ്യാസ രതനായി ജീവിതോപാസനയായി മനസാ വാചാ കർമ്മണാ അനുഷ്ഠിച്ചിട്ടുണ്ടോ എന്നതു ചോദിച്ചാൽ....

കേരളം - നീതിശാസ്ത്രവും മന്ത്രിയും....

 കേരളം - നീതിശാസ്ത്രവും മന്ത്രിയും....

“മന്ത്രീ ഭക്തഃ ശുചിഃ ശൂരോഽനുകൃതോ ബുദ്ധിമാന് ക്ഷമീ ।
ആന്വീക്ഷിക്യാദികുശലഃ പരിച്ഛേദീ സുദേശജഃ ॥
മന്ത്രജാതകര്ത്തവ്യനിശ്ചയകര്ത്താ..
ഇത് മന്ത്രിയുടെ ലക്ഷണമാണ്..
മേധാസുസ്ഥിരഭാഷണ ഗുണപരാഃ എന്നെല്ലാമാണ് ആചാര്യന്മാരു മന്ത്രിയ്കു വേണ്ട ഗുണത്തില് പറയുന്നത്..
ധീസചിവഃ, ധീസഖഃ എന്നെല്ലാമാണ് ഇതിന് പര്യായമായിപറയുന്നത്..
അതായത് ഇവിടെ ബൂുദ്ധിമാത്രമല്ല മന്ത്രിക്കു പറഞ്ഞിരിക്കുന്നത്.. ധീ കൂടി വേണമെന്നാണ്.. അതായത് ചിന്തിച്ച് പ്രവര്ത്തിക്കുന്നവന്...അതുമാത്രമാണോ പോരാ.. നല്ല മേധ വേണം.. ഏതൊരു വിഷയം അത് എത്ര വ്യത്യസ്തമായാലും അതു കേട്ട് അതിന്റെവിഷയത്തെ വേണ്ടും വണ്ണം മനസ്സിലാക്കാൻ കഴിവുള്ളവനാകണം. സർവം ബഹുശ്രുതം വിഷയീകരോതി ഇതി. ധാരണവതീ ബുദ്ധി... എന്ന് പറയാൻ കാരണം ഇതാണ്..
സുസ്ഥിരഭാഷണത്തോടു കൂടിയവനാകണം.. മാറ്റി മാറ്റി വിഷയത്തെ പറയുന്നവനാകരുത്.. ഒരു വിഷയത്തെ പറയുമ്പോൾ അതിന്റെ ഗുണദോഷങ്ങളേയും അതിലൂടെ വരാൻ സാധ്യതയുള്ള കാര്യങ്ങളേയും മുൻ കൂട്ടി മനസ്സിലാക്കാൻ ആ വ്യക്തിയ്കു കഴിയണം. അതു പറയുമ്പോഴും യുക്തിയുക്തവു ഭംഗിയോടും കൂടി ആളുകളോടു പറയണം. അതായത് തന്റെ കൂടെ നിൽക്കുന്നവരിൽ ഒരിക്കലും സംശയം വരുത്തുന്ന രീതിയിലോ ഭിന്നിപ്പു വരുന്ന രീതിയിലോ സംസാരിക്കരുത്. നീതിശാസ്ത്രത്തെ വ്യക്തമായി മനസ്സിലാക്കി ഏതൊരുഭാഷയലായാലും സുവ്യക്തമായി കവികളെ പോലെ സംസാരിക്കണമെന്നാണ് സാമാന്യമായ മന്ത്രിയുടെ ലക്ഷണത്തെ പറയുക..
കേരളത്തിൽ ഇന്നു നാം കാണുന്ന പരാജയത്തെ നോക്കിയാൽ അതിനു പ്രധാന കാരണം നേതൃസ്ഥാനത്തുള്ള വ്യക്തികളുടെ അസ്ഥാനത്തുള്ള വാക്കുകളും, അതിലൂടെ സംഭവിച്ച ഭിന്നിപ്പുമാണ്. ആരു ആരുടെ കൂടെയാണെന്ന് വ്യക്തമായി മനസ്സിലാക്കാനാകാത്ത തരത്തിൽ പരസ്പരം സ്വാഭിപ്രായം പറയുമ്പോൾ സംഭവിക്കുക കൂടെ നിൽക്കുന്നവർ പോലും അന്തം വിട്ടു നിൽക്കും..നേതൃസ്ഥാനത്തോടു സംശയം ജനിക്കും..മന്ത്രിമാരും പൌരപ്രമുഖരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആശയ സംവാദവും പോരും നടത്തിയപ്പോൾ മറന്നു പോയത് പുറത്തു ഒരു കൂട്ടം വ്യക്തികൾ അതു നോക്കി നിൽക്കുന്നുണ്ട് എന്നതാണ്.. അവിടെയാണ് ഇത്തരം കാര്യങ്ങളെ മനസ്സിലാക്കി പ്രവര്ത്തിക്കുവാനുള്ള മന്ത്രിയുടെ യുക്തിഭദ്രതയില്ലായ്മ കഴിവില്ലായ്മ ചിന്തിക്കേണ്ടത്.. ആരു സംസാരിക്കണം എങ്ങിനെ സംസാരിക്കണം.. അതിനു യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുത്ത് ആ വ്യക്തി മാത്രം സംസാരിക്കുക എന്നതാണ് നീതി ശാസ്ത്രത്തിന്റെ രീതി..
നീതിശാസ്ത്രത്തിൽ വ്യക്ത്യഭിപ്രായം ഇല്ലെ എന്നു ചോദിച്ചാൽ ഉണ്ട്, അങ്ങിനെയെങ്കിൽ ആ പദവിയിൽ ഇരിക്കരുത് എന്നുമാത്രം..അപ്പോൾ ഒരാള്ക്ക് വ്യക്തിയായി മാത്രം സംസാരിക്കാം..രാജാവിന്റെ മന്ത്രിയാണെങ്കിൽ രാജാവിനൊന്നും മന്ത്രിയ്കൊന്നും പൌരപ്രമുഖര്ക്കു വേറൊന്നു ആകുക സാധ്യമേയല്ല.. യോഗ്യനായ രാജാവിന് യോഗ്യരായ മന്ത്രിയും അതുപോലെ പ്രവര്ത്തകരും വേണം.. അപ്പോഴേ ജയം സാധ്യമാകൂ.. നമുക്ക് ഇല്ലാത്തതും അതാണ്..
ജയിക്കുവാനുള്ള സാധ്യതയെ നശിപ്പിക്കുവാൻ വ്യക്തികളുടെ വാക്കുകള്ക്കാകുമെന്ന് പരീക്ഷണ നിരീക്ഷണത്തിലൂടെ തെളിയിച്ച ആചാര്യന്മാരു തന്നെയാണ് സുസ്ഥിരഭാഷണമെന്നും, അതുപോലെ അധികം സംസാരിക്കരുത് എന്നും പറയുന്നത്. മന്ത്രി എന്ന് പറയുന്നതു തന്നെ അതുകൊണ്ടാണ്.. ഗുപ്തഭാഷണേ എന്നാണ് ധാത്വര്ഥം. അധികം സംസാരിക്കാതെ ഇരിക്കുക പറയുന്നത്, വ്യക്തമായും സ്ഫുടമായും ഇരിക്കുക.. അതും എന്തു സംസാരിക്കണം, രാജാവിന് അനുകൂലമായി സംസാരിക്കണം.. ചിദാനന്ദപുരി സ്വാമിജി പറഞ്ഞതുപോലെ മന്ത്രി രാജാവാണെന്നു തെറ്റിദ്ധരിച്ചു സ്വയം രാജാവിനെ പോലെ സംസാരിക്കുവാൻ ശ്രമിക്കുന്നതാണ് നമ്മുടെ പരാജയം..അപ്പോൾ ഓരോ വ്യക്തികളും താൻ രാജാവാണെന്നും മന്ത്രിയാണെന്നും തെറ്റിദ്ധരിച്ചാലുള്ള അവസ്ഥയെന്താകും..
ഇത്തരം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി ചെയ്തിരുന്നു എങ്കിൽ ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ വിജയം ബി ജെ പി യ്ക് കിട്ടുമായിരുന്നു.. അതുപോലെ തന്നെ നേരേ തിരിച്ചു കമ്മ്യൂണിസ്റ്റുകാരുടെ പരാജയവും അതു തന്നെയാണ്.. സ്ഥാനത്തും അസ്ഥാനത്തുമുള്ള വാക്കുകൾ.. അതു അവരുടെ അടിത്തറ തന്നെയിളക്കി.. നേരേ ബുദ്ധിമാനായ ഒരുത്തൻ ഒന്നും പറയാതെ പുറകിൽ നിന്നു.. അതുകൊണ്ട് ജയിക്കുകയും ചെയ്തു.. എത്ര സംസാരിക്കുന്നു എന്നതല്ല എന്തു സംസാരിക്കുന്നു ആരു സംസാരിക്കുന്നു എത്ര യുക്തിപൂർവം സംസാരിക്കുന്നു എന്നതെല്ലാമാണ് നീതിശാസ്ത്രത്തിൽ പ്രധാനം. കാരണം പറയാത്തവരെ അല്ല നാം ഓര്ക്കുക പറഞ്ഞവരെയാണ് ഓര്ക്കുക. നമ്മളെ വേദനിപ്പിച്ച അവരുടെ വാക്കുകളേയും..
ധര്മ്മത്തിന്റെ മൂര്ത്തീഭാവമെന്നു പറയുന്ന വിദുരൻ പോലും ആചാര്യന്മാരുടെ മുന്പിൽ ഉപദേശം ചോദിച്ചു തന്നെയാണ് സംസാരിച്ചിരുന്നത്..വസിഷ്ഠനും കൃപനും തുടങ്ങി ആചാര്യന്മാരുടെ ആവശ്യകതയും ഇതിനൊക്കെ തന്നെ..പ്രശ്നങ്ങളുണ്ടാക്കിയിട്ട് അതു തീര്ക്കാനല്ല ആചാര്യന്മാരുടെ അടുത്തു പോകേണ്ടത്, വേണ്ട സമയത്ത് എങ്ങിനെ പ്രവര്ത്തിക്കണമെന്നു ചോദിച്ചു മനസ്സിലാക്കി രാജ്യത്ത് പ്രശ്നങ്ങളുണ്ടാകാതെ ഇരിക്കുവാനാണ് അവരുടെ ഉപദേശം സ്വീകരിക്കേണ്ടത്....
ഭാരതീയ സംസ്കാരത്തെ കുറിച്ചു പറയുന്നവർ മിനിമം നമ്മുടെ കൌടില്യന്റെ അര്ഥശാസ്ത്രത്തേയോ, അല്ലെങ്കില് വിദുരനീതിയോ കാമാന്ദകീയമോ എടുത്തു നാലഞ്ചു അദ്ധ്യായമെങ്കിലും മറിച്ചു നോക്കുവാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ എന്നു ആശിച്ചു പോകുന്നു..
ഭാരതമെന്നാൽ അഭിമാനപൂരിതമാകണം പക്ഷെ ജീവിതത്തിൽ ആചരിച്ചുകൊണ്ടാകരുത് എന്നു മാത്രം.. ഇതാണല്ലോ ഇപ്പോഴത്തെ നമ്മുടെ പ്രധാന സവിശേഷത... ഇതൊക്കെ നേരില് കാണുമ്പോഴാണ് ആചാര്യന്മാരെത്ര ആഴത്തിൽ മനുഷ്യ മനസ്സിനെ അറിഞ്ഞുട്ടുണ്ടെന്നു മനസ്സിലാക്കാനാകുന്നത്.. നാളെയെങ്കിലും ഇതു ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാം.. 🙂🙏

ദേവീ മാഹാത്മ്യം- അര്ഗളം കീലകം കവചം

 ദേവീ മാഹാത്മ്യത്തിൽ അര്ഗളം കീലകം കവചം ഇത്യാദികളെ കാണുമ്പോൾ എന്താണ് ഈ അര്ഗളമെന്നു ഒരുപാടു പേരു സംശയമായി ചോദിച്ചിരുന്നു.

അര്ജ ധാതുവിൽ നിന്ന് നിഷ്പന്നമായതാണ് അര്ഗളശബ്ദം. അര്ജയതി കിമപി ലോകഃ സംസ്കരോതീത്യര്ഥഃ. എന്തിനെയെങ്കിലും സംസ്കരിപ്പിക്കുന്നതാണ് അര്ജ്ജനം. അലബ്ധസ്യ ലാഭഃ, അതായത് ലഭ്യമല്ലാത്തത് ലഭിക്കുന്നതിനുള്ള യത്നമെന്നു വേണമെങ്കിൽ പറയാം.
ഇവിടെ സംസ്കരണം ആണ് നിശ്ചയം. ഉപാസകൻ ദേവതാഭാവത്തിലേക്ക് കടക്കുന്നതിനുള്ള ഭാവത്തെ നിശ്ചയിച്ച് അര്ഗളത്തെ ചെയ്യുവാൻ ശ്രമിക്കുന്നു. എങ്ങിനെയെന്നത് ഒരു പ്രധാന ചോദ്യമായി വരുമ്പോൾ പറയുന്നു, കപാടം. അര്ഗളശബ്ദത്തിന് പറയുന്ന അര്ഥമാണ് കപാടം. കം വായും മസ്തകം വാ പാടയന്തീതി. പാടനമെന്നാൽ പട ഗതൌ, ഗതിയെയാണ് പറയുന്നത്. അതായത് പ്രാണായാമാദികളിലൂടെ വാതത്തെ സംസ്കരിച്ചുകൊണ്ട് ദേവതാ ധ്യാനത്തെ ചെയ്യുവാൻ തുടങ്ങുന്നതാണ് അര്ഗളമെന്ന് ആ വാക്കിലൂടെ തന്നെ മനസ്സിലാക്കാം.
ഈ അര്ഥത്ത തലത്തെ വച്ചുകൊണ്ടാകണം അര്ഗളത്തിലെ ഏതൊരു ശ്ലോകത്തിന്റേയും അര്ഥതലത്തെ ചിന്തിക്കുവാൻ. അതായത് ഒരു ഉപാസകൻ തന്റെ ദേവിയെ അറിയാനുള്ള പ്രയത്നം ആരംഭിക്കുമ്പോൾ അതിന് തടസ്സം വരുവാൻ സാധ്യതയുള്ള കാര്യങ്ങളെന്തെല്ലാമാണോ അത് നിവാരണം ചെയ്തു തരണമെന്നാകും പ്രാര്ഥിക്കുക എന്നത് സ്വാഭാവികമാണ്.
അത്തരത്തിൽ നോക്കിയാൽ രൂപം ജയം യശസ് ദ്വിഷോ ജഹി തുടങ്ങിയവയ്ക് എനിക്ക് രൂപത്തെ ജയത്തെ യശസ്സിനെ തന്നാലും എന്നതിനേക്കാൾ അര്ഗളത്തിന് ചേരുന്നതായ ഒരു അര്ഥതലം ഇതിനുണ്ടാകണം.
രൂപം എന്നതിന് ആചാര്യന്മാരു പറയുന്നു, രൂപം രൂപ്യതേ ജ്ഞായതേ ഇതി രൂപം പരമാത്മവസ്തു. അതായത് പരമാത്മവസ്തുവെ അറിയുവാൻ അനുഗ്രഹിക്കൂ. ഇതിന്റെ അര്ഥതലത്തെ കുറച്ചു കൂടി ആഴത്തിൽ ചിന്തിച്ചാൽ, രുപ് വിമോഹനേ എന്നാണ് ധാതു. വൈചിത്തീകരണം, അതായത് ചിത്തത്തിന് സംഭവിക്കുന്ന വിഭ്രാന്തീ. ഈ ലോകത്ത് വ്യാവഹാരദശയിലുള്ള ചിത്തവിഭ്രാന്തിയുണ്ടാകാതെ എന്നെ അനുഗ്രഹിച്ചാലും.
ജയം ദേഹി.. ജയത്തെ തന്നാലും. എന്തു ജയമാണ്.. പരമാത്മനഃ സ്വരൂപമിതി ജയോ വേദസ്മൃതിരാശിസ്തതോ ജയമുദീരയേദിതി. പരമാത്മാവിന്റെ സ്വരൂപത്തെ മനസ്സിലാക്കുന്നതാണ് ജയം എന്ന ഭാവം. അതിന് എനിക്ക് എന്തു തന്ന് അനുഗ്രഹിക്കണം. അതിനാണ് ജി എന്ന ധാതുവിന്റെ അഭിഭവം എന്ന അര്ഥം, അതായത് എന്റെ ഗർവ് അവസാനിപ്പിച്ചു തരൂ.. എന്താണ് ഗർവ്.. ഐശ്വര്യം, രൂപം, താരുണ്യം, കുലം, വിദ്യാ, ബലം, നമുക്ക് ഇഷ്ടമായ വസ്തുവിന്റെ ലാഭ ത്തിൽ മറ്റുള്ളവരോടുള്ള അവജ്ഞ ഇതാണ് ഗർവ് അഥവാ അഭിമാനം. ഇപ്രകാരെ ഉപാസകന്റെ ഉപാസകത്വത്തെ നശിപ്പിക്കുന്ന ഗർവിനെ നശിപ്പിച്ചു തരണേ എന്നാണ് ഉപാസകന്റെ പ്രാര്ഥന.
യശസ്സ് തന്നാലും.. ശ്രുതിപ്രസിദ്ധം തത്ത്വജ്ഞാനസംപാദനജന്യം യശസ്തദ്ദേഹി.. ശ്രുതി പ്രസിദ്ധമായ ആഗമാദിപ്രസിദ്ധമായ തത്ത്വജ്ഞാനത്തെ സംപാദനത്തിലൂടെയുണ്ടാകുന്ന യശസ്സിനെ ലഭിക്കുവാൻ അനുഗ്രഹിച്ചാലും. അതെങ്ങിനെയാണ് എനിക്ക് കിട്ടുക.. അതിനാണ് യശസ്സിന്റെ ധാത്വര്ഥം അശ് ഭോജനേ..
ശരീരത്തിൽ മാനസികമായ ഭാവം രണ്ടു തരത്തിലാണ് സംഭവിക്കുക ഒന്നു പ്രാണനിലൂടേയും അതായത് ഇന്ദ്രിയങ്ങളിലൂടേയും രണ്ടാമത്തേത് അന്നത്തിലൂടേയും. മായായാ ഭോജ്യരൂപേണ പരിണാണാമാത് വിഷ്ണോസ്തദധിഷ്ഠാനത്വാത് തഥാത്വമിതി എന്ന ഭാഷ്യത്തിലൂടെ വ്യവഹരിക്കുന്നത് ഭോജനരൂപമായ മായാ വൈഭവത്തെ തന്നെയാണ്. മനോ വൈചിത്ത്യത്തിനു കാരണമാകാത്ത അതായത് മനോ വിഭ്രമത്തിന് കാരണമാകാത്ത ശുദ്ധമായ ഭോജ്യത്തെ അഥവാ അന്നത്തെ പ്രദാനംചെയ്ത് ദേവീ തത്ത്വം അറിഞ്ഞവനെന്ന യശസ്സിനെ പ്രദാനം ചെയ്യണേ എന്ന് ഉപാസകന്റെ പ്രാര്ഥന.
ദ്വിഷോ ജഹി.. ശത്രുക്കളെ നശിപ്പിച്ചാലും. എന്താണ് ശത്രുക്കൾ.. കാമക്രോധാദീൻ ശത്രൂൻ ജഹി നാശയ, കാമക്രോധാദികളാകുന്ന ശത്രുക്കളെ നശിപ്പിച്ചാലും. ഇവിടെ രാഗാദിശബ്ദം കൊണ്ട് രാഗ ദ്വേഷ ലോഭ മോഹ മദ മാത്സ്യര്യ ഡംഭാ അഹംകാരങ്ങളെയാണ് ആചാര്യൻ വര്ണിക്കുന്നത്.
ഇപ്രകാരം അര്ഗളത്തിലെ ഓരോ വാക്കുകളും ഒരുപാസകന്റെ ആന്തരികവും ബാഹ്യവുമായ കായ വാങ്മനോഭാവങ്ങളുടെ ശുദ്ധതയ്കു വേണ്ടിയുള്ള പ്രാര്ഥനയാണ്..
ഇത്തരത്തിൽ ശുദ്ധമായ ഭാവത്തോടു കൂടി ദേവതയെ അറിയുവാനുള്ള ഒരുപാസകന്റെ ആദ്യത്തെ യത്നമാണ്. അര്ഗളം. ഒരു ക്ഷേത്രത്തിൽ പോകുമ്പോൾ എപ്രകാരമാണോ ഒരു വ്യക്തി ശാരീരികവും മാനസികവുമായ ശുദ്ധതയെ വരുത്തുന്നത് അതുപോലെ ഇവിടേയും അതാ ഭാവത്തെ തന്നെയാണ് സാധകൻ ദേവിയോടു തരുുവാൻ പ്രാര്ഥിക്കുന്നത്..

ഭാര്യാം മനോരമാം ദേഹി ...

 ഭാര്യാം മനോരമാം ദേഹി മനോവൃത്താനുസാരിണീം

രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി
കഴിഞ്ഞ ദിവസം ഈ ശ്ലോകാര്ഥത്തെ പോസ്റ്റിൽ സംശയമായി ചോദിച്ചിരുന്നു.. അവിടെ എഴുതുക ബുദ്ധിമുട്ടായി തോന്നിയതുകൊണ്ട് ഇവിടെ പുതിയ വിഷയമായി തന്നെ ഇടുന്നു...
ശ്ലോകത്തെ സാമാന്യാര്ഥത്തിൽ സ്വീകരിച്ചാൽ പുരുഷൻ ദേവിയോട് ചോദിക്കുകയാണ് എന്ന ദോഷമുണ്ട്. അതായത് സ്ത്രീ പുരുഷപ്രജ്ഞ ചിന്തിക്കണം. സാക്ഷാത് പരാശക്തിയായ അമ്മയെ സംബന്ധിച്ചിടത്തോളും പുരുഷനെന്നോ സ്ത്രീയെന്നോ ഭാവമേയില്ലായെന്നത് അര്ദ്ധനാരീശ്വരഭാവത്തിൽ തന്നെ നിസ്സംശയം ഉറപ്പിക്കാവുന്നതാണ്. പ്രത്യേകിച്ച് അര്ഗളമാണ്. അപ്പോൾ അവിടെ സാമാന്യാര്ഥത്തിൽ ഇതിനെ സ്വീകരിക്കുന്നത് യുക്തമല്ല.. പിന്നെ എന്താണ് എന്നാണെങ്കിൽ
ഭാര്യാ എന്നത് വന്നിരിക്കുന്നത് ഭൃ ധാതുവിൽ നിന്നാണ്. ധാരണേ പോഷണേ എന്നിങ്ങനെ രണ്ട് പ്രധാന അര്ഥങ്ങളാണ് ഇതിനുള്ളത്. ശരീരത്തിനും ഇന്ദ്രിയങ്ങള്ക്കും ബുദ്ധിയ്കും ബലമില്ലാത്തവര്ക്ക് ബ്രഹ്മജ്ഞാനത്തെ സാക്ഷാത്കരിക്കുവാൻ സാധ്യമല്ല. യോഗാദിസാധനകളാൽ ശരീരത്തിനും ഇന്ദ്രിയങ്ങള്ക്കും ശക്തി വര്ദ്ധിപ്പിക്കണമെന്ന് ആപ്യായന്തു മമാംഗാനി തുടങ്ങിയ ശാന്തിമന്ത്രങ്ങളും വ്യക്തമാക്കുന്നു. രൂപലാവണ്യബലവജ്രസംഹനനത്വാനി കായസംപത് എന്ന് യോഗസൂത്രം പറയുന്നു. രൂപം, ലാവണ്യം, ബലം, വജ്രസമാനമായ ദാര്ഢ്യം എന്നിവയാണ് കായസമ്പത്ത്. യോഗാദിസാധനകൾ ബ്രഹ്മസാക്ഷാത്കാരത്തി നു മുന്നോടിയുള്ള ചിത്തശുദ്ധിയ്കു് ഉപോത്ബലകങ്ങളാണ്. ബ്രഹ്മസാക്ഷാത്കാരത്തിനാ യി ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം പുഷ്ടിപ്പെടേണ്ടതാണ് .ഇതാണ് ഭാര്യാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മനോരമാ എന്നതിന് മനോ രമയതീതി. മനസ്സിനെ രമിപ്പിക്കുന്നത് എന്നര്ഥമാണ് മനോരമാ എന്നതിന്റെ അര്ഥം പറയുന്നത്. മനോജ്ഞം എന്നര്ഥത്തിൽ മനോ ജാനാതി ജ്ഞാപയതി തോഷയതീതി. മനസ്സുകൊണ്ട് അറിയുക മനസ്സിലാക്കുക തോഷിപ്പിക്കുന്ന എന്നെല്ലാമാണ് ഇതിനര്ഥം. ശരീരേന്ദ്രിയങ്ങളുടെ ഏതൊരു വികാരങ്ങളേയും അറിയുന്നത് മനസ്സു കൊണ്ടാണ്. വസ്തു മനഃ സംയോഗം ഏതൊരു ഇന്ദ്രിയവിഷയങ്ങളേയും അറിയാൻ ആവശ്യമാണ്. ഇന്ദ്രിയങ്ങളുടെ ചേഷ്ടകളെ ധരിക്കുന്ന മനസ്സ് പൂര്ണ്ണമായും ശുദ്ധമാകേണ്ടതാണ്. അല്ലാതെ മുകളിൽ പറയപ്പെട്ട ജ്ഞാനസ്വരൂപത്തെ അറിയുക സാധ്യമല്ല. മനസ് ശുദ്ധ ചൈതന്യസ്വരൂപിണിയായ ദേവിയെ അറിയുന്നതിനുപകരിക്കുന്ന ഉപാധിയാകുന്നു. ഈ ധൃതി ധാരണാ ഭാവമാണ് ഉപാസകനെ രാഗാദികളിൽ നിന്നുള്ള ദോഷഭാവത്തെ ദൂരീകരിക്കുന്നതിന് സഹായിക്കുന്നത്. അതായത് ശുദ്ധമായ ഇന്ദ്രിയവും മനസ്സും ആണ് ഉപാസകന്റെ ആധാരമായി നിൽക്കുന്നത്.
അപ്രകാരമുള്ള ചിത്തശുദ്ധയ്കനുയോജ്യമായ പുഷ്ടിയോടു കൂടി ശരീരേന്ദ്രിയങ്ങളേയും മനസ്സിനേയും നൽകിയാലും ഇതാണ് ആദ്യഭാഗം... എപ്രകാരമുള്ളത് എന്നു സംശയത്തിന് പറയുന്നു.
മനോവൃത്താനുസാരിണീം. ചിത്തത്തിന്റെ വൃത്തിയ്ക് അനുസരിച്ചുള്ളത്. ചിത്തത്തിന്റെ വൃത്തിയെന്നു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് വിഷയങ്ങളുടെ പരിണാമഭേദമാണ്. ഈ ചിത്തത്തിനഅറെ ഗതി അഥവാ വൃത്തി അഞ്ചു തരത്തിലാണ് പറയപ്പെടുന്നത്. പ്രമാണം, വിപര്യയം, വികല്പം, നിദ്രാ, സ്മൃതി ഇവയാണവ. വ്യത്യസ്തമായ അര്ഥതലം ഇവിടെ പറയാനാകും. (ഇവിടെ എഫ് ബി ആയതുകൊണ്ട് വ്യാഖ്യാനശൈലി കുറച്ചിട്ടുണ്ട്).
ഇപ്രകാരം പുഷ്ടിയോടു കൂടിയ ഇന്ദ്രിയങ്ങളും മനസ്സും ചിത്തവൃത്തിയ്കനുയോജ്യമായത് നൽകിയാലും എന്നു ദേവിയോടു പ്രാര്ഥനയാണ് ഇവിടെ ചെയ്യുന്നത്. 🙂🙏

ദേവതകളും ആയുധങ്ങളും... സംശയം..

 ദേവതകളും ആയുധങ്ങളും... സംശയം...

ദേവീ മാഹാത്മ്യത്തിന്റെ കവചം എഴുതുന്ന സമയം വന്ന സംശയം ആണ്. ഒരുപാടു പേരോട് ഈ വിഷയം ചര്ച്ച ചെയ്തു എങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാവരോടുമായി ചോദിക്കാമെന്നു വിചാരിച്ചത്..
സംശയം എന്താണെന്നാണെങ്കിൽ
ശങ്ഖം ചക്രം ഗദാം ശക്തിം ഹലം ച മുസലായുധം ।
ഖേടകം തോമരം ചൈവ പരശും പാശമേവ ച ॥
കുന്തായുധം ത്രിശൂലം ച ശാര്ങ്ഗമായുധമുത്തമം ।
ദൈത്യാനാം ദേഹനാശായ ഭക്താനാമഭയായ ച ॥
ശംഖാദികളായ ആയുധങ്ങളെ ദേവിമാർ ധരിച്ചിരിക്കുന്നത് ദൈത്യന്മാരുടെ നാശത്തിനും ദേവന്മാരുടെ ഹിതത്തിനുമാണ് എന്നാണ് ശ്ലോകാര്ഥം.
തന്ത്രമനുസരിച്ച് ചിന്തിച്ചാൽ ദേവന്മാരുടെ ഭാവം സ്വന്തം പ്രാണനിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്നാണ്. അതായത് ദേവത നമ്മളുടെ ശരീരാഭ്യന്തരവര്ത്തിയാണ്. അങ്ങിനെയെങ്കിൽ ശരീരത്തിൽ ഈ ആയുധങ്ങളെന്തിനെയാണ് പ്രതിനിധീകരിക്കുന്നത്.. ഉദാഹരണമായി ചിന്തിച്ചാല് ഒരു ക്ഷേത്രപ്രതിഷ്ഠാ കര്മ്മത്തിൽ ദേവതാ ഭാവത്തെ സൃഷ്ടിക്കുന്ന ഒരു വ്യക്തി ഈ ആയുധങ്ങളെ ഏത് തരത്തിലാണ് തന്നിലേക്ക് യോജിപ്പിക്കുന്നത്. എന്താണ് ഇതിന്റെ അടിസ്ഥാനം..
ഇതിനു മുന്പ് ഒരു വ്യക്തിഗതമായ ചര്ച്ചയിൽ ഈ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം തന്നത്, ശംഖചക്രഗദാ പദ്മാദികൾ ധര്മ്മാര്ഥകാമമോക്ഷാദികളെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ്. അപ്പോൾ ഞാൻ ചോദിച്ചു, കത്രികയും കുന്തവും വില്ലും ഒക്കെ എന്തു ചെയ്യും.. അതായത് നാലു ഭുജത്തിനു പകരം അഷ്ടഭുജം ആക്കിയാൽ....
ദുര്ഗ്ഗയ്ക് വാളുപയോഗിച്ചുകൂടെ.. വിഷ്ണുവെന്താണ് ത്രിശൂലത്തെ ധരിക്കാത്തത്..സ്കന്ദനെന്താണ് വില്ലുപയോഗിക്കാത്തത്.. ശക്തിയെന്ന വേലുമാത്രം ഉപയോഗിക്കുന്നത്.. ദേവീ മാഹാത്മ്യത്തിൽ തന്നെ ഭക്തന്മാരുടെ അഭയത്തിനു വേണ്ടിയാണ് ആയുധം ധരിക്കുന്നത് എന്നു പറയുമ്പോൾ ദേവതാഭാവത്തിൽ അസ്ത്രശസ്ത്രാദികള്ക്ക് ഒരു കാരണമുണ്ടാകാതെ തരമില്ലല്ലോ.. അങ്ങിനെയെങ്കിൽ ഇത് എന്തിനെയാണ് ശരീരത്തിൽ പ്രതിനിധീകരിക്കുന്നത്.. ശാർങ്ഗം വില്ലാണെന്നറിയാം.. ആ വില്ല് ശരീരത്തിലെന്താണ്...മഴുവും ശരീരവുമായി എന്ത് ബന്ധം.. അരിവാളും ഗദയും പരിചയും എല്ലാം ശരീരത്തിലേക്കു വരുമ്പോൾ അത് എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്..
ഈ വിഷയത്തിൽ സൂക്ഷ്മമായ പഠനം ആരെങ്കിലും ചെയ്തതായി അറിയാമോ.. അറിയുവന്നർ ഒന്നു സഹായിക്കാമോ..( ഗണപതിയുടെ വലിയ വയറ്, ചെറിയ ചെവി എന്നിങ്ങനെയുള്ള ഫിലോസഫിക്കലായ അര്ഥമല്ല ഇവിടെ ചിന്തിക്കുുന്നത്, ശാസ്ത്രയുക്തിയോടു കൂടിയ പ്രമാണമാണ്)
(യോഗ്യരായ ആചാര്യന്മാരുടെ പ്രമാണസഹിതമായ വാക്കുകളുണ്ടെങ്കില് അതു ദേവീ മാഹാത്മ്യമെന്ന ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിനു മുതൽക്കൂട്ടാകും..ഏതെങ്കിലും ഗ്രന്ഥങ്ങളീ വിഷയത്തിൽ ലഭ്യമാണോ..എനിക്ക് മനസ്സിലായ കാര്യങ്ങളുണ്ട്..അത് എഴുതാം..അല്ലാതെ ഉണ്ടോ എന്നതാണ് നോക്കുന്നത്

ബ്രഹ്മാവ് വിഷ്ണു ശിവൻ ....

 

 ബ്രഹ്മാവ് വിഷ്ണു ശിവൻ ...

ബ്രഹ്മാവ് വിഷ്ണു ശിവൻ എന്നിങ്ങനെ രൂപങ്ങളെ കാണുമ്പോൾ ആകെ സംശയമാണ് ഇങ്ങിനെയൊക്കെ രൂപങ്ങളുണ്ടാകുമോ.. ഒരു സ്ഥലത്ത് നാമരൂപവിവര്ജ്ജിതാ എന്നു പറയുകയും ചെയ്യും.. യഥാര്ഥത്തിൽ ഇവരെക്കെ എന്തിനാ ഈ രൂപം പറയുന്നത്..

ചില വിഷയങ്ങളെ പറയുന്നതിന് അല്ലെ മനസ്സിലാക്കിതരുവാൻ ആചാര്യന്മാരുണ്ടാക്കിയ ആശയമാണ് ഈ രചനകൾ.
ശിവൻ എന്നത് ത്രിശൂലധാരിയാണ്. ത്രിശൂലത്തെ ത്രിശിഖാ എന്നാണ് വിളിക്കുക.. ത്രിഗുണഭാവത്തേയും ദിവ്യം ഭൌമം ജഠരം എന്നിങ്ങനെ മൂന്നഗ്നിയായിട്ടും ഇതിനെ പറയുന്നു. അക്ഷരസ്വരൂപമായിട്ടാണ് നാം പറയുന്നത് തന്നെ.. നനാദ ഢക്കാം നവ പഞ്ചവാരം ... അൻപത്തിയൊന്നക്ഷരം ആ ഡമരുവിൽ നിന്നാണ്.. നാദോത്പത്തി ഈ അഗ്നിയുടെ പ്രവര്ത്തനം കൊണ്ടാണ്. നാദസ്വരൂപമാണ് ശിവനെന്ന് എങ്ങിനെ പറഞ്ഞു, ഡമരു ആണ് കയ്യിൽ. ഢമരു എന്നത് അവ്യക്തശബ്ദമായി സഞ്ചരിക്കുന്നത് അവ്യക്തശബ്ദം ഋച്ഛതീതി, എന്നാണര്ഥം. അത് ഹൃദയമാണ്... എപ്പോഴും അവ്യക്തമായി മിടിച്ചു കൊണ്ടിരിക്കും... എങ്ങിനെ സഞ്ചരിക്കുന്നു അത്.. ശിവന്റെ വാഹനം ഋഷഭമാണ്. എന്താണ് ഋഷഭം ഋഷ് ഗതൌ.. ഗമിക്കുന്നത്.. എങ്ങിനെ.. നന്ദി.. നദ് ധാതു നാദമായിട്ടാണ് ഗമിക്കുന്നത്.. സൃഷ്ടിയുടെ സ്വരൂപമായ നാദം ആണ് ശിവനെന്നു ഉറപ്പിക്കാമല്ലോ.
ശിവൻ മാത്രമാണോ അല്ല.. അര്ദ്ധനാരീശ്വരഭാവമാണ്.. അതിനേക്കാൾ എളുപ്പം മനസ്സിലാക്കാം. ശിവന്റെ ഹൃദയത്തിലാണ് ദേവിയുടെ സ്ഥാനം. ഒരു കുട്ടിയ്ക് മനസ്സിലാക്കികൊടുക്കാൻ വഴിയെന്താണ്. ശിവനെ നിര്ത്തി കാണിക്കാനാകില്ല അപ്പോൾ എന്താ ചെയ്യുക. കിടത്തുക.. പിന്നെയെന്താണ് വേണ്ടത് ദേവി അവിടെ ഉണ്ടെന്ന് കാണിക്കണം. പാദം ആണ് സ്ഥിതിയുടെ ആധാരം. അപ്പോ ദേവി അവിടെ പാദമൂന്നി നിൽക്കുന്നതായി കാണിച്ചു. അപ്പോൾ ശിവന്റെ ആധാരമായി സ്ഥിതിചെയ്യുന്ന ദേവി ഹൃദയസ്ഥവര്ത്തിയാണ് എന്നര്ഥം.
ബ്രഹ്മ ശബ്ദത്തിന് ബൃംഹ് വര്ദ്ധതേ എന്നാണ് ധാതു. വര്ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഒന്നായ ശ്വാസം രണ്ടായി മാറുന്നു. രണ്ടു അഞ്ചായി മാറുന്നു. അഞ്ച് പത്തായി മാറുന്നു.. പ്രാണൻ കയറിയിറങ്ങുമ്പോൾ പ്രാണനും അപാനനും ആയിതീരുന്നു. അത് വ്യാനനും ഉദാനനും ആയി അഞ്ചാകും. വീണ്ടും അതു ധനഞ്ജയാദികളായി പത്താകും. അതു ശരീരപ്രകൃതിയനുസരിച്ച് അനേകരൂപത്തിൽ ശരീരത്തിൽ വ്യാപിക്കുന്നു. ഇതു തന്നെയാണ് ബ്രഹ്മസ്വരൂപം. പ്രാണനായി വര്ദ്ധിക്കുക.. ഏതിലാണ് നാഡികളിലൂടെ..
हृदयस्य पुण्डरीकाकारस्य ब्रह्मो- पासनस्थानस्य सम्बन्धिन्यो नाड्यो हृदयमांसपिण्डात्सर्वतो विनिःसृता.. ബ്രഹ്മോപാസന എന്നത് നാഡികളാണ് എന്നുറപ്പായില്ലെ..
ബ്രഹ്മാവിനെ മൂന്നു തലയെന്തെന്നും നാലായിട്ടും ഒക്കെ പറയാറുണ്ട്. അതിന് രണ്ടു തരത്തിൽ യുക്തി എടുക്കാറുണ്ട്. നാഡികളുടെ മേളനം നാഭിയുടെ അധോഭാഗം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാവിന്റെ ഉത്പത്തി. അതിൽ നിന്നുണ്ടാകുന്ന നാഡികളിൽ ഏറ്റവും പ്രധാനം ഇഡാ പിംഗളാ സുഷുമ്നാ എന്നിങ്ങനെ മൂന്നു നാഡികള്ക്കാണ്. അതിൽ നിന്നാണ് മറ്റെല്ലാ നാഡികളുടേയും സൃഷ്ടിയും പ്രവര്ത്തിയും നടക്കുന്നത്. അതായത് സൃഷ്ടി നടക്കുന്നതു തന്നെ ഈ മൂന്നു പ്രധാന നാഡികളുടെ പ്രവര്ത്തനം കൊണ്ടു മാത്രമാണ്. ഇനി നാലു മുഖങ്ങളായി ചിന്തിച്ചാൽ ചതുർവക്ത്രം എന്നാണ് പറയുക. വച് ധാതുവിൽ നിന്ന് വന്ന വക്ത്രത്തിന് വാക്കുകളെന്നാണര്ഥം. വാക്കുകൾ പരാ പശ്യന്തീ മധ്യമാ വൈഖരീ ഇവയാണ്. ഇതിൽ പരാ എന്നതു ദൃശ്യമാകാത്ത ഭാവമാണ്. ബാക്കി മൂന്നും തന്നെ സ്പന്ദന രൂപത്തിൽ അറിയാനാകും. അതുകൊണ്ട് തന്നെ വക്ത്രം അഥവാ മുഖമായി സ്വീകരിച്ചാൽ നാലും സൂക്ഷ്മമായി സ്വീകരിച്ചാൽ മൂന്നും ബ്രഹ്മാവിന് പറയുന്നത്. നാഡികളില്ലാതെ യാതൊരു തരത്തിലും വാക്കുകളുണ്ടാകില്ല.. സൃഷ്ടിയും. ബ്രഹ്മാവിന്റെ പത്നിയായ സരസ്വതിയെ സ്വീകരിച്ചാൽ പൂര്ണ്ണമായും ശുദ്ധഭാവത്തെയാണ് കാണിക്കുന്നത് വെളുത്ത നിറം ശരീരശുദ്ധതയെന്നുറപ്പിക്കാം. ഇനിയെന്താണ്, ധരിച്ചിരിക്കുന്നത് കച്ഛപിയാണ്, വീണ. വാതമായി ജലത്തെ കൊണ്ടു അശുദ്ധതയെ പുറത്തേക്കു കളയുന്നത് അതാണ് കച്ഛപിയെന്നതിന് അര്ഥം. അതായത് അപാനവായു. ഇതില്ലായെങ്കിൽ അന്നം പചിക്കാതെ വരും. ശരീരത്തിലെ ഒരു പ്രവര്ത്തനവും നടക്കാതെ ഇരിക്കും. ശരീരത്തിലെ അശുദ്ധമായ ഭാവം പുറത്തേക്കു പോകാതെ ശരീരം നശിക്കും. പ്രാണാപാനസമായുക്തൌ പചാമ്യന്നം ചതുർവിധം. അന്നം പചിക്കണമെങ്കിൽ എല്ലാത്തിനും ആധാരം പ്രാണനും അപാനനുമാണ്. ഇതു തന്നെയാണ് ബ്രഹ്മസ്വരൂപവും സരസ്വതിയും. പ്രാണനും അപാനനും.. സൃഷ്ടി വേണോ ഇതു രണ്ടു വേണം...
വിഷ്ണു എന്നത് വിശ് ധാതുവിൽ നിന്ന് വന്നതാണ്. വ്യപിച്ചത് എന്നര്ഥം. എന്താണ് വിഷ്ണു ചെയ്യുന്നത് എന്നു ചിന്തിച്ചാൽ സ്ഥിതിയാണ്. ശരീരത്തിലെ എല്ലാ പ്രവര്ത്തനങ്ങളും നീയന്ത്രിക്കുകയും അതിനെ വേണ്ട രീതിയിൽ ചെയ്യുന്നതും വിഷ്ണുവാണ്. അതെങ്ങിനെയാണ് പ്രാണനായിട്ടെന്ന് ഉറപ്പിക്കാം. കാരണം ബ്രഹ്മാവിന്റെ നാഡിസ്വരൂപമാണ് എന്നു മുകളിൽ പറഞ്ഞു. അതിൽ പ്രാണനായിട്ടു സ്ഥിതിചെയ്യുന്നത് ബ്രഹ്മസ്വരൂപമാണ്. അതാണോ വിഷ്ണു അല്ല, കാരണം വിഷ്ണു ശരീരത്തിന്റെ സ്ഥിതിഭാവമായതുകൊണ്ട് അതിന് ഒരുപാധിയുണ്ടായെ തീരൂ.. എങ്ങിനെയാണ് സഞ്ചരിക്കുന്നത്, അതാണ് ഗരുഡൻ. വിഷ്ണുവിന്റെ വാഹനം ഗരുഡനാണ്. ഗരുദ്ഭ്യാം ഡയതേ ഇതി. ഗരുത്ഭ്യാം, ഗൈ ശബ്ദൈ, നാദം, നാദസ്വരൂപത്തിലാണ് നാഡികളിലൂടെ സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് നാഡി പിടിക്കുമ്പോൾ ശബ്ദം കേള്ക്കുന്നത്. ജീവനുണ്ടോ എന്ന് നോക്കുന്നത് നാഡിയുടെ മിഡിപ്പാണ്. അതില്ലെങ്കിൽ ആളില്ല.. ഇതാണോ വിഷ്ണുഭാവം, വെറുതെ നാദം മാത്രാമാണോ.. അല്ല വിഷ്ണുവിന്റെ പത്നിയേതാണ് ലക്ഷ്മീ.. ഏതിലാണ് ഇരിക്കുന്നത്. വെള്ളത്തിൽ പദ്മത്തിന്റെ പുറത്ത്. എന്താ പദ്മം നാഡീ സമൂഹം... പദ ഗതൌ.. ഗമിച്ചുകൊണ്ടിരിക്കുന്നതാണ്. അതിന് എന്താ വേണ്ടെ, വായു വേണം, പിന്നെ ജലോപരിയായതുകൊണ്ട് കൂടെ ജലം ഉണ്ടാകും എന്നുറപ്പ്. പിന്നെ ശബ്ദം ഉള്ളതുകൊണ്ട് നാദവും. ഇത്രയും ചേര്ന്ന് ശരീരത്തിന്റെ സ്ഥിതി നിലനിര്ത്തുന്നതാണ് വിഷ്ണുഭാവം.. നാഡിയിൽ ഇതെല്ലാം ഉണ്ട്.. ഇതാണ് വിഷ്ണുവിന്റെ പൂര്ണ്ണഭാവം. ഇതിലേതെങ്കിലും കുറഞ്ഞാൽ ശരീരം തളര്ച്ച നേരിടും. സ്ഥിതി നടക്കാതെയാകും..
ആലോചിച്ചു നോക്കൂ.. വായു ശരീരത്തിലേക്ക് എത്തുന്നു.. അതു ഇരട്ടിയാകുന്നു. അതു വീണ്ടും ശരീരപ്രവര്ത്തനത്തിന് അനുസരിച്ച് പല തരത്തിലായി മാറുന്നു. നാഡികളിലൂടെ നാദസ്വരൂപമായി സഞ്ചരിച്ച് ശരീരത്തിന്റെ ഓരോ കര്മ്മങ്ങളും ചെയ്യുന്നു. അതിൽ ജലവും വായുവും അതിന്റെ ഗമന ഭാവമായി നാദവും ഒരുമിച്ചു നിൽക്കുന്നു.
സംഗീതശാസ്ത്രത്തെ മാത്രം ചിന്തിച്ചാൽ പോലും ഇതു തന്നെ കാണാം..
“आत्मना प्रेरितं चित्तं वह्निमाहन्ति देहजम् । ब्रह्मग्रन्थिस्थितं प्राणं स प्रेरयति पावकः ॥ पावकप्रेरितः सोऽथ क्रमादूर्द्ध्वपथे चरन् । अतिसूक्ष्मध्वनिं नाभौ हृदि सूक्ष्मं गले पुनः ॥ पुष्टं शीर्षे त्वपुष्टञ्च कृत्रिमं वदने तथा । आविर्भावयतीत्येवं
ആകെ രണ്ടു നാലു ചിത്രങ്ങൾ.. ബ്രഹ്മാവ്.. വിഷ്ണു സരസ്വതി ലക്ഷ്മീ.. യോഗവും തന്ത്രവും തത്ത്വവും ശരീരഘടനയും എല്ലാം തന്നെ നമുക്ക് ഇതിലേക്ക് യോജിപ്പിക്കാം..ഇതാണ് പാഠ്യപദ്ധതി..
എഴുതുന്നതിന് പരിധിയുണ്ട് അതുപോലെ ഫെയ്സ് ബുക്കിന്റെ പരിമിതി വേറേയും. എന്നാലും ഏകദേശ ഘടന മനസ്സിലാക്കാൻ വേണ്ടി എഴുതിയതാണ്..

ഗോപാലനും പശുക്കളും .. ...

 ഗോപാലനും പശുക്കളും .. ...

കൃഷ്ണനെന്ന പേര് കേട്ടാൽ ഗോകുലത്തിൽ വസിക്കുന്ന കൃഷ്ണനേയും പശുവിനെയും ഓർക്കാത്തവർ ചുരുങ്ങും. .. ഈ പശുക്കളെ പാലിക്കുന്നവൻ എന്ന അർത്ഥത്തിൽ ആണ് നാം ഗോപാല ശബ്ദത്തെ പറയുന്നതും .. അർത്ഥ ശങ്കയില്ലാത്ത വിധം അത് സത്യവുമാണ്..ഗാ: പാലയതീതി ഗോപാല: ...
ഇത് സ്ഥൂലമായി പറയുമ്പോൾ തന്നെ ഇതിനെ സൂക്ഷ്മമായും ആചാര്യന്മാർ യോജിപ്പിച്ചിട്ടുണ്ട് .. ഉദാഹരണത്തിന്,
ഗമ്യതേ ജ്ഞായതേ അനേന ഇതി ഗോ എന്ന അർത്ഥത്തെ കുട്ടി യോജിപ്പിച്ചാൽ യാതൊന്നു കൊണ്ടാണോ നാം അറിയുന്നത് അതാണ് ഗോ.. നാം ഇന്ദ്രിയങ്ങളെ കൊണ്ടാണ് ഏതൊന്നും അറിയുന്നത്.. അതു കൊണ്ടാണ് ജ്ഞാന ഹേതുത്വം ഹേതുവായി ഗോ ശബ്ദത്തിന് ഇന്ദ്രിയം എന്ന അർത്ഥം ആചാര്യന്മാരു പറയുന്നത് ...
ഇവിടെ വരുന്ന സംശയം ഗോശബ്ദവും ഇന്ദ്രിയങ്ങളും എങ്ങനെയാണ് യോജിക്കുന്നത് ... എന്താണ് ഇവ തമ്മിൽ ഉള്ള ബന്ധം.
പശുവിനെ വേണ്ട രീതിയിൽ പരിപാലിച്ചാൽ മൃഗമായാലും അത് നമുക്ക് ശ്രേഷ്ഠതയെ മാത്രമേ പ്രദാനം ചെയ്യൂ... വേണ്ട സമയം അതിനെ കുളിപ്പിച്ച് അത് നിൽക്കുന്ന സ്ഥലം ശുദ്ധമാക്കേണ്ടത് ആവശ്യമാണ്..
നേർ വിപരീതമായാൽ രോഗകാരണവും ആകും..
ഇത് പോലെ തന്നെയാണ് ഇന്ദ്രിയങ്ങളും.. വേണ്ട രീതിയിൽ പരിപാലിക്കപ്പെട്ടാൽ അത് ശ്രേഷ്ഠതയെ പ്രദാനം ചെയ്യും... അതല്ല എങ്കിൽ നിങ്ങൾക്ക് നേർവിപരീതമായ അവസ്ഥയാകും സംഭവിക്കുക .. കഴിക്കേണ്ടത് കഴിക്കുകയും, കേൾക്കേണ്ടത് കേൾക്കുകയും തുടങ്ങി ഇന്ദ്രിയങ്ങളെ കെട്ടിയിടേണ്ട സമയം കെട്ടിയിട്ടുകയും ചെയ്യണം... സജ്ജന സംസർഗം ആവശ്യമാണ്...
അതായത് ഗോപാല ശബ്ദം കൊണ്ട് കൃഷ്ണനിലൂടെ ഭൗതികമായ ഗോപരിപാലനം മാത്രമല്ല ആചാര്യന്മാരു പറഞ്ഞിരിക്കുന്നത് ... അതിനൊപ്പം വ്യക്തിഗതമായ ഉയർച്ചയേയും കൂടിയാണ്...
ഭാരതത്തിലെ പാഠ്യപദ്ധതിയുടെ ശ്രേഷ്ഠതയും സൗന്ദര്യവും ഇതാണ്... നാം ചെയ്യുന്ന നിത്യകർമ്മത്തിലേക്കാണ് തത്ത്വങ്ങളെ യോജിപ്പിച്ചിരിക്കുന്നത് ...
ഗോപാലകൃഷ്ണൻ ഗോക്കളെ പാലിക്കുന്ന കൃഷ്ണനാണ് അതു പോലെ തന്നെ മനുഷ്യൻ്റെ ജ്ഞാനേന്ദ്രിയങ്ങളേയും കർമ്മേന്ദ്രിയങ്ങളേയും അന്തരിന്ദ്രിയങ്ങളായ മനോ ബുദ്ധ്യാദികളെ കൂടി പാലിക്കുന്നവനാണ്... ക്ലീം കൃഷ്ണായ എന്നതിൻ്റെ വ്യാപകർത്ഥങ്ങളേയും ദേവൻ്റെ ശരീരസ്ഥാനത്തേയും കൂടി യോജിപ്പിച്ചാൽ നമുക്ക് ഈ അർത്ഥം എങ്ങിനെയാണ് ആചാര്യന്മാർ യോജിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം..
ഇത്തരത്തിൽ സകല ജഗത് പരിപാലകനായ ആ ഗോപാലകൃഷ്ണൻ നമ്മളെ എല്ലാവരേയും പരിപാലിക്കട്ടെ..

തന്ത്രസമുച്ചയം... അര്ഥനിര്ധാരണവും...

 തന്ത്രസമുച്ചയം... അര്ഥനിര്ധാരണവും...


ഗുരുദിവാകരഭദ്രകടാക്ഷരുക്

സ്ഫുരിതഹൃത്കമലോദരസംഭൃതം
ലിഖിതയാമ്യഥ തന്ത്രസമുച്ചയം
ഗുണനികാവിധി സാധനസിദ്ധയേ
എന്നത് തന്ത്രസമുച്ചയത്തിലെ രണ്ടാമത്തെ ശ്ലോകമാണ്.
വിധിപ്രകാരം അഭ്യാസത്തെ ചെയ്യുന്നതിനു സാധനം ഉണ്ടാക്കുന്നതിനായികൊണ്ട്, ഗുരുവാകുന്ന ആദിത്യന്റെ പ്രസന്നങ്ങളായിരിക്കുന്ന കടാക്ഷങ്ങളാകുന്ന രശ്മികളെകൊണ്ട് വിടർന്നിരിക്കുന്ന എന്റെ ഹൃദയമാകുന്ന താമരപ്പൂവിന്റെ ഉള്ളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നത്, എന്തോ അത് (ഗുരുകടാക്ഷം കൊണ്ട് മനസ്സിൽ തോന്നിയത്) ഞാൻ തന്ത്രസമുച്ചയമെന്നു പേരോടു കൂടിയിരിക്കുന്ന ഗ്രന്ഥത്തെയെഴുതുന്നു. ഗുരുദിവാകരൻ എന്നതുകൊണ്ട് ഗുരുവിന്റെ പേരും രവി എന്നതുകൊണ്ട് പിതാവിന്റെ പേരും ഇവിടെ സൂചിക്കപ്പെട്ടു. വ്യഞ്ജന കൊണ്ട് ഇതിൽ ഉത്തമകാവ്യത്വവും സിദ്ധമായിട്ടുണ്ട്.
ഇന്നു ലഭ്യമായ തന്ത്രസമുച്ചയ വ്യാഖ്യാനത്തിലെ ഒരു ഭാഗമാണ് ഞാൻ മുകളിലെഴുതിരിക്കുന്നത്. തന്ത്രസമുച്ചയകാരനെഴുതിയിരിക്കുന്ന ആശയത്തിന്റെ അന്തഃസത്ത ഇവിടെ എത്രത്തോളമുണ്ട് എന്നു നോക്കാനായി ഈ ശ്ലോകത്തിലെ വാക്കുകളുടെ ധാത്വർഥത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം...
ലിഖിതയാമി, എഴുതാൻ പോകുകയാണ്. എന്താണ് ഇവിടെ ആചാര്യനെഴുതാൻ പോകുന്നത് ? തന്ത്രസമുച്ചയമാണ്. എന്തിനു വേണ്ടിയാണ്, ഗുണനികാ വിധിസാധനസിദ്ധയേ. ഗുണനികാ എന്നാൽ ഗുണ മന്ത്രണേ എന്നതിനോട് ആമ്രേഡനം അതായത് വീണ്ടും വീണ്ടും ചൊല്ലുക എന്ന അർഥത്തിലാണ് പ്രയോഗം. മന്ത്രത്തിന്റെ ആവർത്തനത്തിനുള്ള വിധിയേയും അതിന്റെ സാധനാ തലത്തിലുള്ള സിദ്ധിയേയും കുറിച്ചുള്ള വിധാനത്തെയാണ് തന്ത്രസമുച്ചത്തിലൂടെ ഞാൻ പ്രകടമാക്കാൻ പോകുന്നത് അല്ലെങ്കിൽ എഴുതാൻ പോകുന്നത്.
ആ മന്ത്രം, അതെങ്ങിനെയുള്ളതാണ്?
സ്ഫുരിത ഹൃത് കമലോദര സംഭൃതമാണ്. ഹൃദയരൂപമായ കമലത്തിൽ നിന്നും ഉദരത്തിൽ നിന്നും പുഷ്ടിയാക്കപ്പെട്ടതാണ് ഞാനെഴുതാൻ പോകുന്നത്. എന്താണ് ഇപ്രകാരം ഈ സ്ഥലത്തു നിന്നു പുഷ്ടിയാക്കപ്പെടുന്നത്?
ആചാര്യന്മാരു പറയുന്നു,
ആത്മനാ പ്രേരിതം ചിത്തം വഹ്നിമാഹന്തി ദേഹജം.
ബ്രഹ്മഗ്രന്ഥഖിസ്ഥിതം പ്രാണം സ പ്രേരയതി പാവകഃ
പാവകപ്രേരിതഃ സോऽഥ ക്രമാദൂർധ്വപഥേ ചരൻ
അതിസൂക്ഷ്മധ്വനിം നാഭൌ ഹൃദി സൂക്ഷ്മം ഗളേ
പുനഃ പുഷ്ടം ശീർഷേ ത്വപുഷ്ടഞ്ച കൃത്രിമം വദനേ തഥാ.
ആവിർഭാവയതീത്യേവം പഞ്ചധാ കീർത്ത്യതേ ബുധൈഃ.
ഇപ്രകാരമുള്ള പ്രമാണത്തെ നോക്കിയാൽ, ആത്മാവിനാൽ പ്രേരിപ്പിക്കപ്പെട്ടതായ ചിത്തം ദേഹത്തിലെ വഹ്നിയെ പ്രേരിപ്പിക്കുന്നു. ആ ബ്രഹ്മഗ്രന്ഥിസ്ഥിതമായ പ്രാണൻ പാവകനെ പ്രേരിപ്പിക്കുന്നു. പാവകനാൻ പ്രേരിപ്പിക്കപ്പെട്ട് അത് ക്രമത്തിൽ ഊർധ്വഗതിയിലേക്ക് സഞ്ചരിക്കുന്നു. അതിസൂക്ഷ്മ ധ്വനിയെ നാഭിയിലും ഹൃദിയിലും തുടർന്ന് കണ്ഠത്തിലും ഉണ്ടാക്കുന്നു. പുഷ്ടമായതിനെ ശീർഷത്തിലും അപുഷ്ടമായതിനെ കൃത്രിമമായ വദനത്തിലും ഉണ്ടാക്കുന്നു. ഇപ്രകാരം ആണ് അക്ഷരം സൃഷ്ടിക്കപ്പെടുന്നത്. ഇതിനെയാണ് ഒരു വരിയിലൂടെ ആചാര്യൻ പറയുന്നത്. മന്ത്രത്തിന്റെ ആധാരമായ ശബ്ദത്തിന്റെ സൃഷ്ടി.
നാം ചൊല്ലുന്നതായ മന്ത്രം എങ്ങിനെയാണ് ഉണ്ടാകുന്നത് എന്നു ആചാര്യൻ പറഞ്ഞു.
ഇനി ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മന്ത്രമെങ്ങിനെയുള്ളതാണ് എന്നു പറയുന്നു, ഗുരു ദിവാകര ഭദ്ര കടാക്ഷരുക് ആണ്.
ഗുരു, ഗൃ വിജ്ഞാനേ ജ്ഞാനമെന്നർഥം. ദിവാകര, ദിവ് ജിഗീഷേച്ഛയോഃ, അതായത് ഉത്കർഷമായ ഇച്ഛ. ഭദ്ര ഭദി കല്യാണേ സുഖേ അതായത് തത്കൃതൌ. ഇച്ഛാ രൂപമായിട്ടുള്ളത് എന്തോ അത് ചെയ്യുന്നതാണ് തത്കൃതി അതായത് വ്യാപാരം.
ആത്മജന്യാ ഭവേദിച്ഛാ
ഇച്ഛാ ജന്യാ ഭവേത് കൃതിഃ
കൃതിജന്യാ ഭവേച്ചേഷ്ടാ
ചേഷ്ടാജന്യാ ഭവേത് ക്രിയാ
ആത്മാവിൽ നിന്ന് ഇച്ഛയുണ്ടാകുന്നു, അതിൽ നിന്ന് കൃതി അഥവാ വ്യാപാരം ഉണ്ടാകുന്നു. ആ വ്യാപാരത്തിൽ നിന്ന് ചേഷ്ടയും അതിലൂടെ ക്രിയയും ഉണ്ടാകുന്നു. ഇവിടെ മൂന്നിനേയും യോജിപ്പിച്ചാൽ ഇച്ഛാ ജ്ഞാനം ക്രിയാ രൂപത്തിൽ ലഭ്യമായത് എന്തോ അതാണ് പൂർവം പറയപ്പെട്ടതായ ശബ്ദമെന്നാശയം.
അതെങ്ങിനെയുള്ളതാണ്, കടാക്ഷ രുക് ആണ്. കടതി അക്ഷതി വ്യാപ്നോതീതി. ശരീരത്തിൽ പൂർണ്ണമായി വ്യാപിച്ചത് എന്തോ അത് കടാക്ഷം. രുക് എന്നാൽ ശോഭയോടു കൂടിയത്.
ഇങ്ങനെ പൂർണമായ അർഥത്തെ യോജിപ്പിച്ചാൽ, ഇച്ഛാ ജ്ഞാനം ക്രിയാ എന്നീ രൂപത്തിൽ സൃഷ്ടിക്കപ്പെട്ട് ഹൃദയകമലത്തിലൂടേയും ഉദരത്തിലൂടേയും പൌഷ്ടികമാക്കപ്പെട്ട് ശരീരത്തിൽ പൂർണ്ണമായും വ്യാപിക്കുന്നതും ശോഭയെ പ്രദാനം ചെയ്യുന്നതും മാതൃകാ രൂപമായതുമായ മന്ത്രത്തിന്റെ വിധിയും അതെങ്ങിനെയാണ് സാധിക്കേണ്ടത് എന്നും ആണ് തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിലൂടെ ഞാൻ എഴുതുവാൻ പോകുന്നത്.
ഇത്രയും വിസ്തരിച്ചാണ് തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിലെ ഈ ശ്ലോകം പോകുന്നത്. അപ്പോൾ ഇന്നു പഠിക്കുന്ന വിവർത്തനം ഈ അർത്ഥത്തിൽ നിന്നും എത്ര ദൂരെയാണെന്നു നോക്കൂ!
തന്ത്രസമുച്ചയമെന്ന ഗ്രന്ഥത്തിൽ എന്തുകൊണ്ടാണ് പല തരത്തിൽ അബദ്ധമായ അർഥങ്ങൾ വന്നത് എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാനാകും. തന്ത്രത്തിന്റെ ആധികാരികമായ അധികാര വിഷയ സംബന്ധപ്രയോജനം നോക്കാതെ വ്യാഖ്യാനിച്ചതിന്റെ ഫലമാണ്; സകല ലോകർക്കും ഹിതകരമായ ശാസ്ത്ര വിഷയത്തിൽ എഴുതപ്പെടുന്ന ഗ്രന്ഥങ്ങൾ വ്യക്തികൾ സ്വന്തം സ്വാർത്ഥത്തിലേക്കോ പരിമിതികളിലേക്കോ ചുരുക്കി, തന്ത്രവിഷയത്തിൽ നിന്ന് മാറി വ്യാഖ്യാനിച്ചതു കൊണ്ടുമാത്രമാണ് ഈ അനർത്ഥങ്ങൾ വന്നു കൂടിയത്. പതിതശബ്ദത്തിന് സ്വധർമ്മഭ്രഷ്ടഃ എന്നതിന് പകരം ജാതി എഴുതി ചേർത്തതിന് കാരണവും മറ്റൊന്നല്ല.
ആദ്യ ശ്ലോകം മുതൽ തന്നെ ഈ ഗ്രന്ഥത്തെ ശാസ്ത്രീയമായി ശുദ്ധീകരിച്ച് ഇറക്കിയാൽ കാലത്തിന്റെ ആവശ്യകതയായ ദേവതാ വിഷയത്തിൽ കുറെക്കൂടി ശുദ്ധതയും കൃത്യതയും നമുക്ക് പുലർത്താനാകും!
ശ്രീ ഗുരുഭ്യോ നമഃ...

സൌന്ദര്യലഹരി....

 സൌന്ദര്യലഹരി....

ജഗത് സ്വരൂപിണിയായ ദേവിയുടെ സൌന്ദര്യത്തെ വർണിക്കുവാൻ സാക്ഷാത് പരമേശ്വരനു പോലും സാധ്യമല്ലായെന്നാണ് പറയുന്നത്... ഇവിടെ ചോദ്യം എന്താണ് ദേവിയുടെ വിവരിക്കുവാൻ പോലും സാധ്യമാകാത്ത സൌന്ദര്യം...
അന്തർമുഖസമാരാധ്യയും ശരീരത്തിൽ കുണ്ഡലിനീ സ്വരൂപത്തിൽ വിരാജിക്കുന്നവളെന്നും, ശിവശക്തിരൂപിണിയായ ശ്രീചക്രേശ്വരിയായിട്ടും, പ്രകൃതിരൂപിണിയായിട്ടും വിളങ്ങുന്ന ദേവിയെ ഏത് തരത്തിലാണ് സൌന്ദര്യമെന്ന പദത്തിലേക്ക് ആചാര്യൻ യോജിപ്പിച്ചിരിക്കുന്നത്....
ഇതിനെ വളരെ സരളമായി തന്നെ നമുക്ക് മനസ്സിലാക്കാനാകും...
ഒരു അമ്മയുടെ സൌന്ദര്യമെന്താണ്.. അത് സ്ഥൂലമായ ഒന്നാണോ തീർച്ചയായും അല്ല എന്നതിൽ നമുക്ക് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടതായി വരില്ല.. അപ്പോൾ ശ്രീമാതയായ സാക്ഷാത് പരമേശ്വരിയുടെ രൂപസൌന്ദര്യത്തെ ആചാര്യൻ ഏത് ഭാവത്തെയാണ് യോജിപ്പിച്ചിട്ടുണ്ടാകുക. സംശയമെന്താണ് അത് ആ മാതൃഭാവത്തെ തന്നെയായിരിക്കും..
അതെങ്ങിനെയാണ് ..
എന്താണ് ഒരു അമ്മയുടെ സ്വരൂപം...കരുണ.. ആർദ്രത... അത് ഒരു അമ്മയിലല്ലാതെ മറ്റാരിലാണ് കാണുക.. അതാണ് അമ്മയെ അമ്മയാക്കുന്നത്... അതു തന്നെയാണ് അമ്മയുടെ സൌന്ദര്യവും.. കരുണാമൂർത്തിയാണ് ദേവിയെന്നു പറയുമ്പോൾ തന്നെ അത് അമ്മയായിട്ടാണ് നാം പറയുന്നത്.. തന്നാൽ സൃഷ്ടിക്കപ്പെട്ടതിനോട്, മക്കളോട് ഒരു അമ്മയ്കുണ്ടാകുന്ന ചിത്തത്തിന്റെ ആർദ്രതയെയാണ് അത് പ്രകടമാക്കുന്നത്. ഇതു തന്നെയാണ് നമ്മുടെ അമ്മയെ കാണുമ്പോൾ ആ മാതൃഭാവത്തിന്റെ ആർദ്രതയെ കൊണ്ട്, അന്നം തരുമ്പോൾ എല്ലാം നമ്മുടെ ഉള്ളിൽ ചിത്തം ആർദ്രമാകുന്നത്... ഇതാണ് ഒരു അമ്മയുടെ സൌന്ദര്യം..
ഉന്ദ് ധാതുവിൽ നിന്നു വന്നിരിക്കുന്ന സൌന്ദര്യത്തിന്റെ അർഥവും ക്ലേദനത്തെ ഉണ്ടാക്കുന്നത് അഥവാ ആർദ്രമാക്കുന്നത് എന്നാണ്. ഇതിനോട് ലഹരിയെന്ന പദത്തിന്റെ തിരമാലകളെന്ന അർഥത്തെ യോജിപ്പിച്ചാൽ ഒരിക്കലും നിലക്കാത്ത തിരമാല പോലെ ലോകത്തിന് ആർദ്രതയെ, ജീവനെ പ്രദാനം ചെയ്യുന്ന ആ അമ്മയുടെ ആ മാതൃഭാവത്തെ ആചാര്യൻ യോജിപ്പിച്ചിരിക്കുകയാണ്...സൃഷ്ടിയിൽ ഒന്നു മാത്രമാണ് ഒരിക്കലും മായാതെ സ്ഥിരമായി നിൽക്കുന്നത് അത് പ്രകൃതിയുടെ ഈ മാതൃഭാവമാണ്.. അതാണ് അമ്മയുടെ സൌന്ദര്യവും...
ഇത് സ്ഥൂലമായ ഭാവത്തിൽ സ്വീകരിച്ചാൽ..എന്താണ് ഇതിന്റെ സൂക്ഷ്മമായ വശം ...
കൃത്യമായി സൃഷ്ടിക്കപ്പെട്ടുന്ന അംഗങ്ങളുടെ സന്നിവേശനമാണ് സൌന്ദര്യം എന്ന് നമുക്ക് അറിയാം. അത് സ്ഥൂലമായി സ്വീകരിക്കുമ്പോൾ നാം ബാഹ്യമായ അവസ്ഥയെ സ്വീകരിക്കുന്നു എന്നു മാത്രം. ഈ സുന്ദരശബ്ദത്തിന് സുഷ്ഠു ഉനത്തി ആർദ്രീകരോതി ചിത്തമിതി എന്നാണ് സമാസം. ചിത്തത്തെ ഏറ്റവും നന്നായി ആർദ്രീകരിക്കുന്നത് എന്തോ അതാണ് സൌന്ദര്യം. ഇവിടെ ദേവിയെങ്ങിനെയാണ് ചിത്തത്തെ ആർദ്രീകരിക്കുന്നത്.
ഷോഡശിയായി നാം പൂജിക്കുന്ന അതേ ദേവിയാണ് പതിനാറാമത്തെ കലയായി അമായിലൂടെ പ്രവേശിച്ച് പൂർവാഹ്നത്തിൽ അർക്കനിലും മധ്യാഹ്നത്തിൽ വനസ്പതിയിലും അപരാഹ്നത്തിൽ അപ്സുക്കളിലും പ്രവേശിച്ച് ജലരൂപത്തിൽ പ്രവേശിച്ച സോമന്റെ അമൃതകലയായി തൃണം ഗുല്മം ലതാ വൃക്ഷാദികളായ അന്ന സ്വരൂപിണിയായി മാറുന്നത്.
ഈ അന്നം ആണ് മനുഷ്യൻ കഴിക്കുമ്പോൾ, ശരീരത്തിൽ രസം ആയും രക്തമായും മാറി ആർദ്രതയെ പ്രദാനം ചെയ്യുന്നത്...അന്നത്തിന്റെ പരിണാമത്തിലൂടെ ശുക്രമായി ജീവന് ആധാരമായി ഇരിക്കുന്നത് അന്നമാണ്. അതായത് ദേവിയുടെ സോമകലയായ അന്നം തന്നെയാണ് നാം ആയി മാറുന്നത്. ഒരു അമ്മയുടെ ശരീരം തന്നെയാണ് നാം എന്നു പറയുന്നതുപോലെ ഇവിടെ പരമേശ്വരിയായ അന്നപൂർണ തന്നെയാണ് നാം. ഈ അന്നരസത്തിന്റെ പരിപാകമാണ് സമസ്ത കർമ്മങ്ങളുടേയും അതായത് ഇച്ഛാ ജ്ഞാന ക്രിയകളുടെയെല്ലാം ആധാരമായി സ്ഥിതിചെയ്യുന്നത്.
ഇതിനെ തന്നെയാണ് ആചാര്യൻ,
സർവോപമാദ്രവ്യസമുച്ചയേന യഥാപ്രദേശം വിനിവേശിതേന
സാ നിർമ്മിതാ വിശ്വസൃജാ പ്രയത്നാദേകസ്ഥസൌന്ദര്യാദിദൃക്ഷയേവ.
എന്ന പറയുന്നത്...
സ്വയം അന്നപൂർണയായി ഓരോ ദ്രവ്യങ്ങളേയും വേണ്ട വിധത്തിൽ വിനിവേശിച്ച് നിര്മ്മിക്കപ്പെടുന്ന വിശ്വത്തിന്റെ സൃഷ്ടിഭാവമാണ് സൌന്ദര്യം.
ഇതിലേക്ക് ലഹരിത്വം വരുമ്പോൾ മഹാതരംഗം എന്ന അർഥത്തിലുമാത്രമല്ല അതിന്റെ ആശയം വരുന്നത്.
ലേന ഇന്ദ്രേണവ ഹ്രിയതേ ഊർധ്വഗമനായ എന്നാണ് ലഹരീ എന്നതിന് അർഥം. ഇന്ദ്രനാൽ തന്നെ അഥവാ ഇന്ദ്രിയങ്ങളാൽ തന്നെ ഊർധ്വഗമനത്തിനു വേണ്ടി സ്വീകരിക്കപ്പെടുന്നതാണ് ലഹരി. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും മനോ ബുദ്ധി ചിത്താഹങ്കാരങ്ങളും ചേർന്ന ഇന്ദ്രിയങ്ങളിലൂടെയാണ് ഈ സുഷ്ഠുവാകുന്ന ക്ലേദനത്തെ ദേവി ചെയ്യിക്കുന്നത്. തരംഗത്തിന് മൂന്നു അവസ്ഥയാണ് തരണേ പ്ലവനേ അഭിഭവേ. ഉണ്ടായി ഗമനം ചെയ്ത് ഇല്ലാതായി വീണ്ടും മറ്റൊന്നുണ്ടായി കൊണ്ടേയിരിക്കും. ഒരിക്കലും അവസാനിക്കാറേയില്ല. ഇതു തന്നെയാണ് പ്രകൃതിയുടെ സ്വരൂപം... ഇതാണ് ആത്യന്തികമായ ദേവിയുടെ ഭാവവും..
ഇതെ അർഥത്തിലുള്ള ഒരു പദം കൂടി നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്, ഓദനം അഥവാ ചോറ്. ഉന്ദ് ധാതുവിന്റെ പ്രയോഗമാണ് ഓദനശബ്ദം. ഓദനം എന്നു പറയുന്നതിന് കാരണം ശരീരത്തിൽ ക്ലേദനം ചെയ്യിപ്പിക്കുന്നത് കൊണ്ടാണ്. ശരീരത്തിൽ ആർദ്രതയെ കൊണ്ടു വരുന്ന സൌന്ദര്യത്തെ കൊണ്ടുവരുന്ന അന്നപൂർണത്വം.. അതാണ് ഭക്ഷണത്തെ നാം നമസ്കരിക്കുന്നതിന് കാരണം..
സൌന്ദര്യലഹരിയെന്ന വാക്കിന്റെ അർഥത്തിൽ തന്നെ പതിനാറാമത്തെ കലയായി സൃഷ്ടിരൂപിണിയായി അന്നപൂർണയായി ഇരിക്കുകയും അതേ സമയം തന്നെ ഗതി രൂപിണി ആയി നമ്മളിൽ ഗമിക്കുന്ന സാക്ഷാത് പരാശക്തിയെയാണ് ആചാര്യസ്വാമികൾ വിവരിച്ചിരിക്കുന്നത്. ദേവിയുടെ തന്നെ സ്വരൂപമായ അന്നത്താൽ പരിപാകമായ നാം തന്നെയാണ് ദേവി. ഈ സൌന്ദര്യത്തെ, നാം തന്നെയായിരിക്കുവന്ന ആ പരമേശ്വരിയെ എങ്ങിനെയാണ് വാക്കുകളിലൂടെ വിവരിക്കാനാകുക.. അമ്മയുടെ മാതൃഭാവത്തെ അനുഭവിക്കാനെ സാധ്യമാകൂ വാക്കുകളിലൂടെ എങ്ങിനെയാണ് നമുക്ക് പറയാനാകുക..
വാക്കുകളു അടങ്ങുന്നത് അവിടെയാണ്... സകല ജഗത്തിനേയും അന്നപൂർണയായി സൃഷ്ടിക്കുന്ന ആ പരമേശ്വരി നിങ്ങളുടെ ഹൃദയത്തേയും ആർദ്രീകരിക്കട്ടെ..
ശ്രീ ഗുരുഭ്യോ നമഃ...