Thursday, December 7, 2023

വിദ്യാ ദദാതി വിനയം...

 വിദ്യാ ദദാതി വിനയം...


ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ശാസ്ത്ര ഗ്രന്ഥങ്ങളിലും ഉള്ള   വിശേഷാർത്ഥങ്ങളെ മനസ്സിലാക്കാതെ, വിഷയ സംബന്ധം നോക്കാതെ സാമാന്യമായി വ്യാഖ്യാനിക്കുന്നത് കാണാറുണ്ട്. സാമാന്യ ശ്ലോകം എന്നു നാം വിചാരിക്കുന്ന സ്ഥലങ്ങളിൽ പോലും വളരെ ആഴത്തിലുള്ള അർഥതലം ധാതുവിനെ നോക്കിയാൽ   ഗ്രന്ഥങ്ങളിൽ കാണാനാകും.  അർഥതലങ്ങളുടെ ആഴം മനസ്സിലാക്കാൻ ഒരുദാഹരണം നോക്കാം.  


വിദ്യാ ദദാതി വിനയം വിനയാത് യാതി പാത്രതാം

പാത്രത്വാത് ധനം ആപ്നോതി ധനാത് ധർമ്മഃ തതഃ സുഖം. 

നാരായണ പണ്ഡിതന്റെ ഹിതോപദേശത്തിലുള്ളതാണ് ഈ ശ്ലോകം. 


വിദ്യയെന്നത് വിനയത്തെ പ്രദാനം ചെയ്യും. അതായത് വിദ്യകൊണ്ട് വിനയവും, വിനയം കൊണ്ട് സജ്ജനങ്ങളും, സജ്ജനങ്ങളെകൊണ്ട് ധനവും, ധനം കൊണ്ട് ധർമ്മവും തുടർന്ന് സുഖവും ലഭിക്കുന്നു. ഇതാണ് പറഞ്ഞു വരുന്ന അർത്ഥം. 


ഹിതോപദേശം എല്ലായിപ്പോഴും ജീവിതത്തിൽ ഹിതകരമായ കാര്യത്തെ ഉപദേശിക്കുന്നതാണ്. സാമാന്യമായി പറയുമ്പോഴും അതിൽ ഉപദേശവും ഉൾപ്പെടുത്തുവാൻ ആചാര്യന്മാർ ശ്രമിക്കും. അത് കൂടി ചിന്തിച്ച് വേണം അർത്ഥത്തെ സ്വീകരിക്കാൻ.

ഇനി ഇതിന്റെ ധാതുവിനെ ആധാരമാക്കി നമുക്ക് അർത്ഥം നോക്കാം,


വിദ്യാ വിനയം ദദാതി. ഇവിടെ ദദാതി എന്ന പദം ദാനം, ലവനം എന്നീ അർഥങ്ങളുള്ള ദാ ധാതുവിൽ നിന്നു വന്നതാണ്. ലവനം എന്നാൽ ഛേദിക്കുക, ഛിനത്തി ഇതി. അപ്പോൾ ദാനം അഥവാ കൊടുക്കുക എന്നത് കൊണ്ട് ജ്ഞാനം കൊണ്ട് തന്റെ ഉള്ളിലെ വിഷയരൂപമായ അജ്ഞാനത്തെ ഛേദിച്ച് ആണ് ഇവിടെ കൊടുക്കുന്നത്. 


എന്താണ് ഇവിടെ ജ്ഞാനം കൊടുക്കുന്നത്, വിനയമാണ്. എന്താണ് ഇനി വിനയം എന്ന പദത്തിന്റെ അർഥം. വി എന്നതിനോട് നയനം, പ്രാപണം എന്നീ അർഥത്തിലുള്ള നീഞ് ധാതു ചേരുമ്പോഴാണ്  വിനയം എന്ന പദം ലഭിക്കുക. വിശേഷമായി നയിക്കുന്നത്. നിങ്ങളെ നയിക്കുന്നത് ഇന്ദ്രിയങ്ങളാണ്.  ജ്ഞാനം കൊണ്ട്  ഇന്ദ്രിയ വിഷയങ്ങൾ ശുദ്ധമായാൽ നിങ്ങളുടെ ഇന്ദ്രിയങ്ങൾ  സഹജമായി  ശുദ്ധമായി എന്നാണർഥം. മലയാളത്തിൽ വിനയം ഉള്ളവനാണെന്ന് പറയുന്നതിന് കാരണം ഈ ഇന്ദ്രിയ നിഗ്രഹമാണ്. ആരോട് എന്ത്  എപ്പോ എങ്ങിനെ പറയണം എന്ന് സ്വയം നിയന്ത്രിക്കുവാൻ സാധിക്കുന്നത് ആണ് വിനയത്വം. 

   


അപ്പോൾ വിദ്യ  നിങ്ങളുടെ അജ്ഞാനത്തെ നശിപ്പിച്ച് അത് ഇന്ദ്രിയങ്ങളുടെ ശുദ്ധിയെ പ്രദാനം ചെയ്ത് നിങ്ങളെ മുന്പിലേക്ക് നയിക്കും. 


ഇന്ദ്രിയനിഗ്രഹരൂപമായ വിനയം കൊണ്ട് എന്താണ് ഇനി ജീവിതത്തിൽ വരിക..

 

വിനയാത് പാത്രതാം യാതി. 


പാത്രമെന്നാൽ പാതി രക്ഷതി ക്രിയാം ആധേയം വാ, നിങ്ങളുടെ ക്രിയയേയും അതിന്റെ ആധാരത്തേയും രക്ഷിക്കും. നിങ്ങളുടെ ജ്ഞാനവും, അതിലൂടെ കിട്ടുന്ന നിങ്ങളുടെ ഇന്ദ്രിയ നിഗ്രഹവും നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കും. ചിത്തവൃത്തി നിരോധം നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ നിലനിർത്തും. രാഗങ്ങളാണ് രോഗത്തിന് കാരണം. അതില്ലാതായാൽ ശരീരം സുഷ്ഠുവാകും. ശരീരം ഖലു ധർമ്മസാധനം. ധർമ്മത്തിന് സാധനമായി ഇരിക്കുന്നത് ശരീരമാണ്. പാത്രതാം യാതി, യാതി എന്നാൽ യാ പ്രാപണേ(ഗതി),  നിങ്ങളുടെ ശരീരം ശുദ്ധമായ ഗതിയെ പ്രാപിക്കും. 


ശരീരം ശുദ്ധമായാൽ എന്ത് ഗുണമാണ്, പാത്രത്വാത് ധനം ആപ്നോതി, 


ധനം എന്നാൽ നാം പുറത്തു കാണുന്ന ധനം പോലെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ധനം എന്നത് ശുദ്ധമായ വാക്കാണ്. അവന്റെ ചിന്തകളാണ് വ്യക്തിയെ വ്യക്തിയാക്കുന്നത്. അതാണ് ധനം എന്നതിന്  രവം എന്ന്  ധാത്വർഥം പറയുന്നത്. ശുദ്ധമായ അന്തർമുഖമായ രവം ഉണ്ടാകും. നാം ഒരുു വിഷയത്തെ ചിന്തിക്കുമ്പോൾ,   പുറത്തു കേൾക്കാതെ ഇരിക്കുകയും താൻ മാത്രം കേൾക്കുകയും ചെയ്യുന്നതാണ് രവം എന്നു സാമാന്യമായി പറയാം. 


ഈ രവം എന്തായി ഭവിക്കും എന്നാണ് പറയുന്നത്, ധനം ആപ്നോതി. ആപ്നോതി എന്നത്, ലംഭനേ, വ്യാപ്തി എന്നീ അർഥങ്ങളോടു കൂടിയ ആപ്ലൃ ധാതുവിൽ നിന്നു വന്നതായ  പദം ആണ്. ലംഭനം എന്നാൽ ധ്വനി അതും അവ്യക്തമായ ധ്വനിയായി ശരീരത്തിൽ വ്യാപിക്കുമെന്നാശയം. ഇതുകൊണ്ട് നമ്മളുടെ  ശരീരത്തിൽ ഉണ്ടാകുന്ന  ചേഷ്ടകളെല്ലാം തന്നെ ശുദ്ധമായി ഭവിക്കും. അതായത് ചിന്തകളു ശുദ്ധമാകും എന്നാശയം.  


അടുത്ത വാക്കാണ് ഇതിന്റെ തുടർച്ച. ധനാത് ധർമ്മഃ. ധനത്തെ  കൊണ്ട് ധർമ്മം ലഭിക്കും. ധനം കൊണ്ട് ധർമ്മമോ. അതെ, ചോദനാ ലക്ഷണാർഥോ ധർമ്മഃ. നമുക്ക് ഉള്ളിൽ ഉണ്ടാകുന്ന പ്രേരണയാണ് ശുദ്ധമായ ഇച്ഛയായും ജ്ഞാനമായും ക്രിയയായും പുറത്തേക്ക് വരുന്നത്. അതിനെല്ലാം തന്നെ ശുദ്ധമായ പ്രേരണ ഇതിലൂടെ ലഭിക്കും. ഈ പ്രേരണയാണ് നല്ലതും ചീത്തയും വേർതിരിച്ച് അറിഞ്ഞ് മോശം ചെയ്യാതെ, നല്ലതു മാത്രം ചെയ്യുവാൻ നമ്മളെ സഹായിക്കുന്നത്. ഇതിലൂടെ ശുദ്ധമായ ചോദനയാൽ ശരീരത്തിന്റെ പതിനാലു ഇന്ദ്രിയങ്ങളും സുഷ്ഠുവായി തീരും അതിലൂടെ ഉണ്ടാകുന്ന പ്രവൃത്തികളും. അതുകൊണ്ട് അതിലൂടെ മനുഷ്യന് സഹജമായി തന്നെ സുഖവും ലഭിക്കുന്നു. തതഃ സുഖം, സുഖം ലഭിക്കും.


ഇപ്രകാരം ചെറിയ ശ്ലോകങ്ങളിൽ പോലും മനോഹരമായി ഓരോ അർഥതലങ്ങളെ ആചാര്യന്മാരു യോജിപ്പിച്ചിട്ടുണ്ട്. പദങ്ങളുടെ അർഥങ്ങളെ മനസ്സിലാക്കി അന്വയിച്ച് അതിലേക്ക്  പ്രമാണങ്ങളെ യോജിപ്പിച്ചാൽ മാത്രം മതിയാകും.


അഭിനവ ബാലാനന്ദ ഭൈരവ

ശാരദാ പ്രതിഷ്ഠാനം 🔥🔥🔥

No comments:

Post a Comment