Monday, December 11, 2023

ഖളൂരികാ അഥവാ ഖലൂരികാ...

 ഖളൂരികാ അഥവാ ഖലൂരികാ...

കേരളത്തിൽ കളരിയോടു ബന്ധപ്പെട്ടു പറയുന്ന പേരുകളിലൊന്നാണ് ഖലൂരികാ അഥവാ ഖളൂരികാ എന്നത്. കളൂരികാ ഖലൂരികാ ഖളൂരികാ എന്നെല്ലാം ഇതിന് ഭേദം കാണുന്നുണ്ട്...
ആദ്യം നോക്കേണ്ടത് ഈ പദം വന്നത് എവിടെ നിന്നാണ് എന്നാണ്..ഈ പദം ദ്രാവിഡ പദമായിട്ടാണ് സ്വീകരിക്കുന്നത്.
വ്യുത്പത്തി രത്നാകരകലിതാ എന്ന പുസ്തകത്തിൽ ഖലൂരികാ ശബ്ദത്തിന്റെ വ്യുത്പത്തിയെ
തദ്ഭൂഃ ഖലൂരികാ എന്നാണ് പറയുന്നത്.
ശ്രാമ്യതേ അനേന ഇതി ശ്രമഃ. ശ്രമു തപസി ഖേദേ ച. തസ്യ ശ്രമസ്യ സാധനായ ഭൂഃ തദ്ഭൂഃ.
അതായത് സ്വന്തം അഭീഷ്ടം സാധിക്കുന്നതിനുള്ള ശ്രമമാണ് തപസ്. ഈ തപം കൊണ്ടു മാത്രമേ ജ്ഞാനം വിജ്ഞാനവും സമ്പന്നതയും സൌഭാഗ്യവും സ്വാധ്യയമായാലും കർമ്മമായാലും സാധിക്കു അതു ചെയ്യുന്നതാണ് ശ്രമം.ആ ശ്രമത്തെ സാധിക്കുന്നതിനുള്ള സ്ഥലമാണ് തദ്ഭൂഃ. ആ സ്ഥലത്തെയാണ് ഖലൂരമെന്നു വിളിക്കുന്നത്.
ഖലൂരികാ ശബ്ദം വരുന്നത് ഖഡി ഭേദനേ എന്ന ധാത്വർഥത്തിൽ നിന്നാണ്. (ഖഡി ഖഡ ഭേദേ എന്നു സ്വാമിയും, ഖഡ ഖഡി കഡി ഭേദനേ എന്ന് മൈത്രേയ സായണന്മാരും, ഖഡി ഖഡി മന്ഥേ എന്ന് ധാതുപ്രദീപികയും പറയുന്നു). ഇതിൽ നിന്ന് ഖർജൂരാദിത്വം കൊണ്ട് ഊരച്, ലത്വവും വരുമ്പോൾ ഖലൂരഃ എന്നും, അതിൽ സ്വർഥത്തിൽ കൻ വന്ന് ടാപ് വരുമ്പോൾ ഖലൂരികാ ശബ്ദം ലഭിക്കും എന്ന് വ്യാകരണവ്യുത്പത്തി.
ഇവിടെ ഭേദനമെന്ന അർഥം തപസ് കൊണ്ട്, അഥവാ അതിലൂടെയുണ്ടായ ജ്ഞാനത്തെ കൊണ്ട് അജ്ഞാനത്തെ ഛേദിക്കുന്നു എന്ന അർഥത്തിലാണ്. ഖലൂരികാ എന്നത് അഭ്യാസ സ്ഥലമാണ്. ഇവിടെ അഭ്യാസത്തിന് ഈപ്സാർഥമാണ് അതായത് സ്വന്തം ഇച്ഛയെ ചെയ്യുന്നത്. ഓരോ വ്യക്തിയും തനിക്ക് വേണ്ടത് എന്തോ അതിനെ സ്വീകരിച്ച് വീണ്ടും വീണ്ടും അനുശീലനത്തോടു കൂടി ചെയ്യുന്നതാണ് അഭ്യാസം.
ഉപാസനാ തലത്തെയോജിപ്പിച്ചാൽ, ഏകസ്മിന്നാലംബനേ ദേവാദൌ ഇതരതഃ സമാഹൃത്യ മനസഃ സഥാപനേ, അതായത് ഒരു ആധാരത്തിൽ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് മനസ്സിനെ സ്ഥാപിക്കുന്നതാണ് അഭ്യാസം.
ഇതനുസരിച്ച് നോക്കിയാൽ ഖലൂരികാ എന്നത് ഇന്നത്തെ പോലെ അസ്ത്രശസ്ത്രങ്ങളെ മാത്രം പഠിപ്പിക്കുന്ന സ്ഥലമല്ല, സകല ശാസ്ത്രങ്ങളേയും ഉപദേശിക്കുന്ന, അത് അഭ്യസിപ്പിച്ചിരുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലാക്കാം.
ഇനി ഈ അർഥങ്ങളെ സാധൂകരിക്കുന്നതായ റഫറന്സ് നോക്കിയാൽ,
ഹലായുധ കോശം പറയുന്നു, അഭ്യാസഃ കഥ്യതേ യോഗ്യാ ശ്രമസ്ഥാനം ഖലൂരികാ, അഭ്യാസത്തെ ചെയ്യുന്ന, അതിന് യോഗ്യമായ ശ്രമത്തെ ചെയ്യുന്ന സ്ഥലമാണ് ഖലൂരികാ.
ഈ ഖലൂരികാ എവിടെ എങ്ങിനെയുണ്ടാക്കണമെന്ന് മയമുനിയാൽ എഴുതപ്പെട്ട മയമതത്തിൽ നമുക്ക് കാണാം.
മൃണ്മയാ വാ ലുപാരൂഢാ തൃണാദിച്ഛാദനാന്വിതാ
ഖലൂരികാ വാ കര്തവ്യാ വേദികാപാദശോഭിതാ
ഇതുപോലെ പല സ്ഥലങ്ങളിലായി ഈ ഗ്രന്ഥത്തിൽ ഇതിന്റെ റഫറന്സ് ഉണ്ട്.
പദ്മ സംഹിതയിൽ ഖലൂരികയെ ഇങ്ങിനെ യോജിപ്പിച്ചിരിക്കുന്നു,
ഇന്ദ്രാഗ്നിമധ്യേ വാ ആഗ്നേയേ തസ്യ സ്ഥാനം വിധീയതേ
ഖലൂരികാ സമായുക്തം മധ്യേ ചാങ്കണ സംയുതം
ഇന്ദ്രന്റേയും അഗ്നിയുടേയും മധ്യത്തിലോ, ആഗ്നൈയത്തിലോ ആണ് ഖലൂരികയുടെ സ്ഥാനം.
സുശീല നാമമാലയിൽ പറയുന്നു,
ശസ്ത്രാഭ്യാസ സ്ഥലം തദ്ഭൂഃ സ്യാത് ഖലൂരഃ ഖലൂരികാ.
ശസ്ത്രാഭ്യാസ സ്ഥലമാണ് ഖലൂരികാ. ഇവിടെ ശസ്ത്രകലയെന്തെന്നു കൂടി പറയുന്നുണ്ട്,
ഉപാസനം ശരാഭ്യാസോ യോഗ്യാ ച ഖുരളീ ശ്രമഃ
പ്രോക്തഃ ശസ്ത്രകലാഭ്യാസോऽപി പുനരുച്യതേ.
ഉപാസനയും, ശരം, ശസ്ത്രം, ശ്രമരൂപമായ തപസ്സും ചെയ്യുന്നതാണ് അഭ്യാസം. ഇതിനെ ചെയ്യുന്ന സ്ഥലമാണ് ഖലൂരികാ.
അഭിധാനക ചിന്താമണിയിൽ,
യോഗ്യാഭ്യാസസ്തരഃ ഖലൂരികാ എന്നു പറയുന്നു. യോഗ്യാ എന്നാൽ ശസ്ത്രാഭ്യാസഃ എന്നു കല്പദ്രുമകാരൻ തന്നെ അര്ഥം പറയുന്നുണ്ട്.
ഖലൂരികാ എന്ന പദം ഹീരസൌഭാഗ്യം എന്ന കാവ്യത്തിൽ,
ഖലുരികാ ശസ്ത്രാഭ്യാസ ഭൂരിവാഭൂദ്ധഭൂവ എന്നു പറഞ്ഞിരിക്കുന്നു, അതായത് ഖലൂരികാ എന്ന ശസ്ത്രാഭ്യാസ ഭൂമിയെ പോലെ ഭവിച്ചു.
കേശവന്റെ കല്പദ്രുമകോശത്തിൽ,
ഖലുരികാ തു മല്ലാനാം ശ്രമസ്യ സ്ഥാനഭൂരഥ,
ഇവിടെ മല്ലന്മാരുടെ ശ്രമത്തിന്റെ സ്ഥാനഭൂവായിരുന്നു എന്ന് ഖലൂരികയെ വിശേഷിപ്പിക്കുന്നു.
ഹീരസൌഭാഗ്യം എന്ന മഹാകാവ്യത്തിൽ,
കുസുമായുധ ധാനുഷ്കസ്യ ധനൂഷി കോദണ്ഡാ വിശിഖാ ബാണാസ്തൈരുല്ലസന്തി ശോഭന്തേ ഇത്യേവം ശീലാഃ ഖലുരികാ ധനുർവിദ്യാഭ്യാസനഭൂമയ ഇവ.
ധനുർവിദ്യയെ അഭ്യസിക്കുന്ന ഭൂമിയായ ഖലൂരികയെ പോലെ ശോഭിക്കുന്നു എന്ന് ആശയം.
ശ്രീമദ് വേദാന്ത ദേശികന്റെ സങ്കല്പസൂര്യോദയത്തിൽ,
ഖലൂരികാ മുഖമണ്ഡപഃ. തസ്യ സമീപഭാഗാഃ വര്ഗസ്ത്രീഭിഃ പരിഷ്കൃതാഃ എന്ന് പറയുന്നുണ്ട്. മുഖമണ്ഡപത്തിൽ തന്നെയുള്ള ഖലൂരികാ വിശേഷണം ഇവിടെ കാണാം.
ഭരത ബാഹുബലി മഹാകാവ്യത്തിൽ. ഖലൂരികാ എന്നതിന് ഹയശ്രമഭൂ തത്ര കേളിഃ ക്രീഡാ, തസ്യ നിബദ്ധാ ലാലസാ അഭിലാഷ, യേഷാം തേ.
യോദ്ധാക്കളാൻ ആഗ്രഹിക്കുന്നവരാണ് അവിടെ എത്തുന്നത്. അതിയായി അഭ്യാസയുക്തന്മാരായവരാണ്. ജലത്തിൽ ക്രീഡിക്കുന്നവരാണ് എന്നു വിശേഷമായി തന്നെ ഖലൂരികയെ പറയുന്നു.
ചില ആചാര്യന്മാരാൽ അജ്ഞാത കർതൃകമായി പറയുന്ന ധ്യാനത്തിൽ,
പുരാതനൈഃ പ്രപൂജിതേ കഠോരഭാവമാശ്രിതൈ
ഖളൂരികാ നിവാസിനീം വദേത് തദാതു ദൈവതം.
ഖളൂരികയിൽ നിവസിക്കുന്നതായ ദേവിയെയാണ് ഇവിടെ പറയുന്നത്. ഖളൂരിക ദേവിയല്ല, ഖളൂരികയിൽ വസിക്കുന്നവളാണ് ദേവി.
കളരിയിലെ പ്രതിഷ്ഠകളെ യോജിപ്പിച്ചാലും,
വടുക പദയുതാം ചോത്തരേ ഭദ്രകാളീം
ഐശാന്യാം വാസ്തുനാഥം ത്വഭിമതമുദരേ ദൈവതം തദ് ഖളൂര്യാം എന്നാണ്
ഇവിടെ ഖളൂര്യാം എന്നതുകൊണ്ട് ഖളൂരികയിൽ എന്നാണ് അര്ഥം. അഭ്യസിക്കുന്ന സ്ഥലമായ ഖലൂരികയിൽ എന്നാശയം.
എം. ജി രാഘവൻ ഇപ്രകാരം പറയുന്നു, കളരി സംസ്കൃത ശബ്ദമായ ഖലൂരികയിൽ നിന്നു വന്നതാണ്. ഖലൂരികാ എന്നതിന് അർഥം പരേഡ് ഗ്രൌണ്ട്, അരീന എന്നാണ്. ഇതിന്റെ സംസ്കൃതത്തിലെ ധാതു ഖല് ആണ്. സെന്റ് പീറ്റേഴ്സ്ബര്ഗ് ലെക്സിക്കണില് വരെ ഖലൂരികാ എന്ന പദത്തിന്റെ റഫറന്സ് കാണാം.
ഇവിടെ പറഞ്ഞ ഉദാഹരണങ്ങളെ പരിശോധിച്ചാൽ ഖളൂരികാ എന്നത് ദേവതയല്ല. അത് ശാസ്ത്രാഭ്യാസത്തിന് ഉള്ള സ്ഥലമാണ് എന്നു മനസ്സിലാക്കാം.
കേരളത്തെ മാത്രം ചിന്തിച്ചാൽ ഖലൂരികാ സ്ഥാനമായ കളരിയെന്നത് ഇന്നത്തെ പോലെ ആയുധാഭ്യാസം പഠിപ്പിച്ചിരുന്ന സ്ഥലം മാത്രമല്ലായെന്നും, സകല ശാസ്ത്രപാരംഗതരായ ആചാര്യന്മാർ സകല വിദ്യകളേയും ഉപദേശിച്ചിരുന്ന സ്ഥലമാണ് എന്നും മനസ്സിലാക്കാനാകും. അതായത് അക്ഷരം തുടങ്ങി ഉപാസനയും, ജീവിതത്തിന്റെ സമസ്ത മേഖലകളേയും യോജിപ്പിച്ചിരുന്ന ഒരു സ്ഥലമാണെന്നു പറയേണ്ടി വരും. സാമൂഹ്യമായ പ്രശ്നങ്ങളും, വിദ്യകളെ പരമ്പരാഗതമായി കൈമാറി വന്നതിലെ ലോപവും ആകണം സകല ശാസ്ത്രത്തിന്റേയും ആധാരമായിരുന്ന ഈ സ്ഥലം അഭ്യാസത്തിന് മാത്രമായി ഇന്ന് ചുരുങ്ങാൻ കാരണം.
ഈ ഖലൂരികാ എന്ന പദത്തിന്റെ പ്രയോഗം അനേകം ഗ്രന്ഥങ്ങളിൽ ഇതെ അര്ഥതലത്തിൽ പ്രയോഗിച്ചു കാണുന്നുണ്ട്. പാരമ്പര്യത്തെ തിരിച്ചെടുക്കണമെങ്കിൽ നാം എവിടെയായിരുന്നു എന്നും, ഇന്ന് നാം എവിടെ നിൽക്കുന്നു എന്നും ഉള്ള യാഥാർഥ്യത്തെ തിരിച്ചറിയേണ്ടത് ആവശ്യമാണ്. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് പഠനമാണ്.
അതിന് ഖളൂരികാ നിവാസികളായ ദേവന്മാർ തന്നെ അനുഗ്രഹിക്കട്ടെ..

No comments:

Post a Comment