Thursday, March 26, 2015

ലളിതാസഹസ്രനാമവും സുരാപാനവും....

ലളിതാസഹസ്രനാമവും സുരാപാനവും....

മധുമതിയും, മദശാലിനിയും, വാരുണീമദവിഹ്വലയും, മദഘൂര്ണിതരക്താക്ഷിയും, മാദ്ധ്വീ പാനാലസാ , മത്താ, കാദംബരീപ്രിയയും ഒപ്പം മഹാപാതകനാശിനീയും...
മധുമതി, മദ്യം വളരെ ഇഷ്ടമായവൾ അഥവാ മദ്യം കൊണ്ടു പൂജിക്കപ്പെടുന്നവളെന്നര്ഥം കാണുന്നു. വാരുണീ മഹവിഹ്വല എന്നതിൽ വാരുണീ എന്നതിന് ഈന്തപഴത്തിൽ നിന്നുണ്ടാക്കിയ ഒരു മദ്യം കഴിച്ച് വിഹ്വലയായവൾ എന്ന് അര്ഥം. കാദംബരീ എന്നതിന് കദംബപ്പൂ വാറ്റി ഉണ്ടാക്കിയ മദ്യം ഇഷ്ടപ്പെടുന്നവളാണ് ദേവി എന്ന് നാമാര്ഥം. മദഘൂര്ണിതരക്താക്ഷി എന്നതിന് ആകട്ടെ മദ്യപാനം കൊണ്ടു കണ്ണുകൾ ചുവന്ന ദേവിയെ ഇവിടെ വര്ണിക്കുന്നു. മദശാലിനീ മദ്യപാനം കൊണ്ടു മദിച്ചിരിക്കുന്ന ദേവി എന്ന് വ്യാഖ്യാനം. മാധ്വീപാനാലസാ മത്താ എന്നതിന് മുന്തിരികൊണ്ടുണ്ടാക്കിയ മദ്യം. മത്താ എന്നതിന് അതുകഴിച്ച് മദിച്ചിരിക്കുന്നവളാണ് ദേവി എന്ന് അര്ഥം.

ഇനി നമുക്ക് മഹാപാതകനാശിനീ എന്ന നാമത്തിന്റെ അര്ഥം നോക്കാം.. ഭാസ്കരരായർ പറയുന്നു, ബ്രഹ്മഹത്യാദി പാതകങ്ങളെ നശിപ്പിക്കുന്നവളാണ് ദേവി. അതായത് ബ്രഹ്മഹത്യ തുടങ്ങിയത് എന്നര്ഥം. എന്താണ് ഈ തുടങ്ങിയത്.. ബ്രഹ്മഹത്യ, സുരാപാനം അഥവാ മദ്യപാനം, മോഷണം, ഗുരുപത്നീഗമനം ഇവ മഹാപാതകങ്ങളാണെന്നും അവരുമായുള്ള സംസര്ഗം പോലും മഹാപാതകമാണെന്നും ആണ് ഈ ആദിശബ്ദം കൊണ്ട് വിവക്ഷിക്കുന്നത്. ഇത് ഭാസ്കരറായരു തന്നെ മഹാപാതകനാശിനീ എന്ന നാമത്തിൽ ബ്രഹ്മഹത്യാദി എന്ന വാക്കിലൂടെ വിശധീകരിക്കുന്നു. പക്ഷെ അദ്ദേഹം എന്തുകൊണ്ട് ബാക്കി പറയാഞ്ഞത്.. ഒന്നു ചിന്തിച്ചു നോക്കാം.. ഉദാഹരണത്തിന് സുരാപാനം എടുക്കാം.. സുരാപാനം മഹാപാപമാണെന്നു കാണിക്കുന്നതിനുള്ള പ്രാമാണ്യം ചിന്തിക്കാം.

ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ. മഹാന്തി പാതകാന്യാഹുഃ സംസര്ഗശ്ചാപി തൈഃ സഹ എന്ന് സ്മൃതി പറയുന്നു.
ബ്രഹ്മഹത്യാ സുരാപാനം ബ്രാഹ്മണസുവര്ണഹരണം ഗുരുദാരഗമനം ഇതി മഹാപാതകാനി. 35.1. തത്സംയോഗശ്ച. ഇതി വിഷ്ണുപുരാണം.
ബ്രഹ്മഹത്യാ സുരാപാനം സുവര്ണസ്തേയമേവ ച. കൃത്വാ ച ഗുരുതല്പം ച പാപകൃദ് ബ്രാഹ്മണോ യദി. എന്ന് ലിംഗപുരാണവും പറയുന്നു.
അഗ്നി പുരാണത്തിലാകട്ടെ ബ്രഹ്മഹത്യ സുരാപാനം സ്തേയം ഗുർവംഗനാഗമഃ മഹാന്തി പാതകാന്യാഹുഃ സംയോഗശ്ചൈവ തൈഃ സഹ എന്നും,
നാരദപുരാണം ഉത്തരാര്ധം അധ്യായം 31 ൽ ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ.(31-32) മഹാന്തി പാതകാന്യേതാന്യാശു ഹന്തി ഹരേര്ദിനം (33).
കൂര്മപുരാണം ഉത്തരഭാഗത്തിൽ അധ്യായം 32 ൽ വീണ്ടും പറയുന്നു, ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുർവംഗനാഗമഃ. കൃത്വാ തൈശ്ചാപി സംസര്ഗം ബ്രാഹ്മണഃ കാമകാരതഃ. കുര്യാദനശനം വിപ്രഃ പുണ്യതീര്ഥേ സമാഹിതഃ.

അതായത് മഹാപാതകങ്ങളിൽ പെടുന്ന സുരാപാനത്തെ നശിപ്പിക്കുന്നവളായ ദേവി ഈന്തപ്പഴത്തിൽ നിന്നുണ്ടാക്കുന്നതും, മുന്തിരിയിൽ നിന്നുണ്ടാക്കുന്നതും, കദംബപൂവിൽ നിന്നുണ്ടാക്കുന്നതുമായ മദ്യത്തെ സേവിക്കുന്നു എന്നു ആചാര്യൻ പറയുമ്പോൾ നാം ഏതിനെയാണ് സ്വീകരിക്കുക. ഒരു നാമത്തിൽ മഹാപാതകമായും അതെ സമയം തന്നെ മറ്റൊരു സ്ഥലത്ത് മദ്യത്തെ സേവിക്കുന്നവളായും ദേവിയെ സ്വീകരിക്കുന്നത് എങ്ങിനെ. ചിത്താകുന്ന അഗ്നികണ്ഡത്തിൽ നിന്ന് ജനിച്ച സകലതത്ത്വാര്ഥസ്വരൂപിണിയായ ദേവി മഹാപാതകമായ മദ്യം കഴിച്ച് മദോന്മത്തയായി കണ്ണുകൾ ചുവന്നിരിക്കുന്നതായി പറയുമ്പോഴുണ്ടാകുന്ന യുക്തി എങ്ങിനെയാണ് സ്വീകരിക്കുക. ബ്രഹ്മഹത്യാദി എന്നതിനു പകരം മുഴുവനായി അത് വ്യാഖ്യാനിച്ചാൽ ബാക്കി നാമങ്ങളിൽ പറയുന്ന സുരാപാനവ്യാഖ്യാനം എല്ലാം തെറ്റാകും. ബ്രഹ്മവിദ്യയെന്നു പറയുന്ന ലളിതാസഹസ്രനാമത്തിൽ മഹാപാതകമായി പറയുന്ന മദ്യത്തെക്കുറിച്ച് മാത്രം ഏഴുനാമങ്ങളിൽ അധികം...ഇവിടെ യുക്തി മാത്രമാണ് സഹായകമാകുക, വാഗ്ദേവികളാൽ എഴുതപ്പെട്ട സഹസ്രനാമത്തിൽ മഹാപാതകമായി പറയുന്ന മദ്യപാനം പറയാൻ സാധ്യതയുണ്ടോ.. അത്രയുമാണ് എനിക്ക് ചോദിക്കാനുള്ളതും.. ഹരി ഓം

ലളിതാസഹസ്രനാമ വ്യാഖ്യാനങ്ങളിലെ ഛന്ദോഭംഗവും അര്ഥഭേദവും...

ലളിതാസഹസ്രനാമ വ്യാഖ്യാനങ്ങളിലെ ഛന്ദോഭംഗവും അര്ഥഭേദവും...

സഹസ്രനാമവ്യാഖ്യാനം എഴുതുമ്പോൾ ആചാര്യന്മാരെ നാം നമസ്കരിക്കുമ്പോഴും നാം നോക്കുക അതിലെ വാക്കുകളുടെ വിഷയാസ്പദമായ അര്ഥവും ശ്രുതി യുക്തിപ്രമാണവും പൂർവാപരവും ആണ്. പ്രധാനമായും ലളിതാസഹസ്രനാമം മാത്രമല്ല ഏതൊരു ഗ്രന്ഥത്തേയും പഠനവിധേയമാക്കുമ്പോൾ ആരു അത് ചെയ്തു എന്നല്ല നോക്കുക, ശാസ്ത്രയുക്തിയെ ആണ്.. ഇവിടെ ആചാര്യന്മാരു കാണിച്ചു തന്ന വഴിയിലൂടെ മത്രമേ മുന്പോട്ടു പോകാനാകു.. അവരിലൂടെ തന്നെയാണ് നാം ഗ്രന്ഥത്തെ മനസ്സിലാക്കുന്നതും..പക്ഷെ എവിടെയാണോ കാലത്തിന്റെ അല്ലെങ്കിൽ ശാസ്ത്രത്തിന്റെ ത്രുടി വരുന്നത് അവിടെ പ്രാമാണ്യത്തോടു കൂടി തിരുത്തുവാൻ ശ്രമിക്കും.. ഒരുപക്ഷെ സഹസ്രനാമം ആയതുകൊണ്ടും കണ്ടും കേട്ടും വളര്ന്നതിനെ ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസംതൃപ്തി ആകും പലപ്പോഴും ഈ ഭാവത്തെ സ്വീകരിക്കുവാൻ എല്ലാവര്ക്കും ബുദ്ധിമുട്ടു വരുന്നത്. ഉദാഹരണത്തിന് സഹസ്രനാമത്തിൽ നാം ചൊല്ലുന്ന ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ എന്ന നാമത്തെ എടുക്കാം. 

ലളിതാസഹസ്രനാമത്തിന് ഓരോ പാദത്തിലും എട്ടക്ഷരമുണ്ട്. അതനുസരിച്ച് നാം ചൊല്ലുമ്പോൾ നിര്ത്തേണ്ടത് ലക്ഷ്യരോമലതാധാര എന്ന സ്ഥലത്താണ്.. അടുത്ത പാദമാണ് താസമുന്നേയമധ്യമാ. പക്ഷെ സഹസ്രനാമസ്തോത്രം കേട്ടാൽ മനസ്സിലാകും പ്രധാനമായി ഇന്നു കിട്ടുന്ന എല്ലാവരും ചൊല്ലി നിര്ത്തുന്നത് ലക്ഷ്യരോമലതാധാരതാ എന്നും സമുന്നേയ മദ്ധ്യമാ എന്നുമാണ്. അതായത് ഒരു പാദത്തിൽ ഒന്പതും അടുത്ത പാദത്തിൽ ഏഴും. ഛന്ദോഭംഗം വന്നു എന്നു മാത്രമല്ല പ്രശ്നം. അര്ഥവും തെറ്റുന്നു . കാരണം അര്ഥം പറയുമ്പോൾ ലക്ഷ്യ രോമലതാ ആധാര എന്നതിന് പകരം ഇവിടെ അടുത്ത പാദത്തിലെ താസശബ്ദത്തിലെ താ എന്നത് ആധാരത്തിലേക്ക് എടുത്തു ആധാരതാ എന്നാക്കി..എന്നിട്ടു നാലാം പാദത്തിലെ താസയിലെ ബാക്കിയുള്ള സകാരത്തെ സമുന്നേയം എന്നാക്കി അര്ഥം പറഞ്ഞു. ഇവിടെ എങ്ങിനെയാണ് ആധാരതാ ശബ്ദം വരുക.. എങ്ങിനെയാണ് സമുന്നേയ ശബ്ദം വരുക.. ഭാസ്കരരായരുടെ ആണ് പ്രധാന വ്യാഖ്യാനമായി ഇന്ന് സ്വീകരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ് ലക്ഷ്യാ യാ രോമലതാധാരതാ രോമാവലിരൂപവല്യാവാപസ്ഥാനത്വം. ആധാരതാസംബന്ധേന രോമലതൈവ ലിംഗമിതി യാവത്. തയാ സമ്യഗുന്നേയം പ്രമാനുമിതിവിഷയോ മധ്യമം വലഗ്നം യസ്യാഃ. ജയമംഗള വ്യാഖ്യാനകാരനായ ഭട്ടനാരായണനും ഇതു തന്നെ പറയുന്നു. ഭാസ്കരറായരുടെ വ്യാഖ്യാനത്തിന്റെ അതേ ശൈലി പിന്തുടരുന്ന ബ്രഹ്മശ്രീ സുബ്രഹ്മണ്യ അയ്യരുടേ വാക്കുകൾ ലക്ഷ്യം- കാണപ്പെടാൻ കഴിയുന്നത്. ആധാരതാ- ആധാരമായ അവസ്ഥ. സമുന്നേയം - ഊഹിക്കപ്പെടുവാൻ കഴിയുന്നത്. മദ്ധ്യമാ – മദ്ധ്യപ്രദേശം. ഇങ്ങിനെയാണ്.
ഇനി ശാസ്ത്രയുക്തി നോക്കിയാൽ ലക്ഷ്യരോമലതാധാര എന്നും താസമുന്നേയമധ്യമാ എന്നും തന്നെയാണ് വരേണ്ടത്. അതിനു തന്നെയാണ് അര്ഥം പറയേണ്ടതും.. വ്യാഖ്യാനത്തെ യുക്തിപരമായി ചിന്തിച്ച് ശരിയും തെറ്റും ചിന്തിച്ച് വേണ്ടതിനെ സ്വീകരിക്കുക.. അതാണ് ഭാരതീയപദ്ധതി.. അതോ തെറ്റാണെന്നു മനസ്സിലാകുമ്പോഴും പഴയതിനെ അങ്ങിനെ തന്നെ സ്വീകരിക്കണമോ എന്നാണ് നമ്മൾ സ്വയം ചോദിക്കേണ്ടതും. ഈ ചോദ്യം സ്വയം വന്നതുകൊണ്ടാണ് ആചാര്യന്മാരെ നമസ്കരിച്ച് പഠിപ്പിച്ച ആചാര്യന്മാരുടെ അനുഗ്രഹത്തോടു കൂടി ശാസ്ത്രയുക്തി ആവശ്യമെന്നു തോന്നി ഒരു വ്യാഖ്യാനത്തിനു ശ്രമിക്കുന്നത്. ഈ വ്യാഖ്യാനം എഴുതുവാനായത് തന്നെ ദേവിയുടേയും പൂർവാചാര്യന്മാരുടേയും അനുഗ്രഹം മാത്രം. ഹരി ഓം.

കൈലാസവും മാനസസരോവരും..

കൈലാസവും മാനസസരോവരും..

സുഹൃത്തിന്റെ അമ്മയ്ക് കൈലാസം മാനസസരോവർ യാത്ര പോകണമെന്നു പറഞ്ഞപ്പോൾ ഈ പ്രായത്തിൽ അമ്മ എന്തിനാ അവിടെ വരെ പോകുന്നത് എന്ന് സ്വാഭാവികമായി ചോദിച്ചുപോയി. അതിനു മറുപടി അമ്മ തന്നെ പറഞ്ഞു, കൈലാസയാത്ര ചെയ്ത് മാനസസരോവരിൽ പോയി കുളിച്ചാൽ മോക്ഷം കിട്ടുമത്രേ. 58 മത്തെ വയസ്സിൽ പോകാനുള്ള ഒന്നരലക്ഷം രൂപ കടം മേടിച്ചു ബുദ്ധിമുട്ടി കൈലാസത്തിൽ പോയാൽ മാത്രമേ മോക്ഷം കിട്ടുകയുള്ളു എന്നാണോ..അങ്ങിനെയാണേ അമര്നാഥിലും, വൈഷ്ണവിയിലും മാനസസരോവർ യാത്രയിലും ഒക്കെ ഭാരം ചുമക്കുന്നവര്ക്ക് അല്ലെ മോക്ഷം കിട്ടണ്ടിയിരുന്നത്. കാരണം നമ്മളേക്കാൾ ഏറ്റവും കൂടുതൽ അവരല്ലെ അവിടെ പോകുന്നത്. അതുമാത്രമല്ലാ..കേരളത്തിൽ മൊത്തം കണക്കെടുത്താൽ മോക്ഷം കിട്ടിയവരായിരുന്നേനെ കൂടുതൽ കാരണം അത്രയും ആളുകൾ വര്ഷാവര്ഷം മാനസസരോവർ യാത്ര ചെയ്യുന്നുണ്ടല്ലോ..

കൈലാസത്തിനും ഗംഗോത്രിയ്കും അമര്നാഥിനുമൊക്കെ തീര്ഥസ്ഥാനത്തിന്റെ മഹത്ത്വം ഉണ്ടെന്നതിൽ സംശയമില്ല. പക്ഷെ മോക്ഷപ്രദാനം എന്നു പറഞ്ഞ് കൈലാസയാത്ര നടത്തുന്നവരോടു പറയാനുള്ളത് കൈലാസം എന്നത് കൈലാസം എന്ന പർവതമല്ല എന്നതാണ്. കേ ശിരസി ശിവയോഃ ലാസോ നൃത്യം, തദസ്യാസ്തീതി കൈലാസഃ. ശിവയുടെ ലാസം അഥവാ ലാസ്യം എന്നു പറഞ്ഞാ നൃത്യം എന്നര്ഥം. ഏതൊരു വ്യക്തിയുടെ ശിരസിൽ ആണോ ദേവി നൃത്യം ചെയ്യുന്നത്, അഥവാ എവിടേയാണോ ദേവിയിരിക്കുന്നത് അതാണ് കൈലാസം. കൈലാസയാത്ര എന്നു പറയുന്നത് തന്റെ തന്നെ ഉള്ളിലെ ദേവീഭാവത്തെ അറിയുന്നതാണ് അഥവാ തത്ത്വത്തെ ഗ്രഹിക്കുന്നതാണ് കൈലാസയാത്ര. ഉപാസനയാൽ ഇന്ദ്രിയങ്ങളെ നല്ലവണ്ണം അടക്കി എല്ലാത്തിലും സമബുദ്ധിയോടു കൂടി സർവഭൂതഹിതത്തിനായി ദേവിയെ ഉപാസിക്കുന്നവർ ചിത്തവൃത്തിജാലമായ ഈ ജഗത്തിന്റെ ലയനത്തിലൂടെ അമൃതകലയുടെ ആനന്ദരസത്തെ പാനം ചെയ്തു കൊണ്ട് നീന്തിത്തുടിക്കുന്നു. ഇങ്ങിനെ സമാനവൃത്തി പ്രവാഹരൂപമായ ഉപാസനയാൽ ലഭ്യമാകുന്ന അമൃതരസത്തെയാണ് കൈലാസസരോവരം എന്നു പറയുന്നത്.. അത് പാനം ചെയ്യാനുള്ള അഥവാ ആ അമൃതരസത്തിൽ ആനന്ദിക്കാനുള്ള സാധകന്റെ യാത്രയാണ് കൈലാസയാത്ര.. അല്ലാതെ കയ്യിലെ കാശും കളഞ്ഞ് കൈലാസശിഖരത്തിൽ കയറി മാനസസരോവരിൽ കുളിച്ചു എന്നു കരുതി ആ സമയം തന്നെ മോക്ഷം ലഭിക്കുമെന്നു വിചാരിക്കുന്നത് പരമ അബദ്ധം തന്നെയാകും. ദേവിയെ അറിയുന്നതിന് കൈലാസം വരെ പോകണമെന്നു യാതൊരു നിര്ബന്ധവുമില്ല . താൻ തന്നെയാണ് ദേവി എന്നു അറിയുന്നതാണ് കൈലാസയാത്ര. നാം തന്നെയാണ് കൈലാസം. അതിൽ യാത്രചെയ്യേണ്ടതും നാം തന്നെ.. "അഹം ദേവീ ന ചാന്യോസ്മി ബ്രഹ്മൈവാഹം ന ശോകഭാക് " എന്ന് അറിയുന്നവനാണു ശ്രീവിദ്യാ ഉപാസകൻ. ഹരി ഓം