Monday, December 11, 2023

ഹരിയും നാരായണനും വിഷ്ണുവും...

 ഹരിയും നാരായണനും വിഷ്ണുവും.

ആരാ ഹരി ?...വിഷ്ണു. ഓ അപ്പോ വിഷ്ണുവോ ?.. നാരായണൻ...
ഒരു വാക്കിന്റെ അര്ഥം ചോദിച്ചാൽ മറ്റൊരു നാമം അതിന്റെ മറുപടിയായി പറയും. ഇങ്ങിനെയാണ് നാം ഇപ്പോൾ കേട്ടു പരിചയിച്ച ശൈലി...
സംസ്കൃതത്തിൽ വിഷ്ണുവിന് തന്നെ അനേക പദങ്ങളുണ്ട്. എന്തിനാണ് ഇങ്ങിനെയൊരു പ്രയോഗ ശൈലി..
അത് പദാര്ഥങ്ങളെ തിരിച്ചറിയാനുള്ള ഉപാധിയാണ്. എങ്ങിനെയാണ് എന്നു മനസ്സിലാക്കാൻ ആദ്യം കുറച്ച് ഉദാഹരണം നോക്കാം..
ഒന്പതു ദ്രവ്യങ്ങളിലെ അഗ്നിയെ സ്വീകരിച്ചു എന്നു വക്കൂ. ഇതിന്റെ ധാത്വര്ഥം അഗി ഗതൌ, ഗതിരൂപമായതാണ്. അഗ്നി മുകളിലേക്ക് ആണ് ഗമിക്കുക. അതുകൊണ്ട് അംഗതി ഊര്ധ്വം ഗച്ഛതി ഇതി അഗ്നി. മുകളിലേക്ക് ഗമിക്കുന്നത് കൊണ്ട് അഗ്നി.
ഇനി നാമരൂപങ്ങളെ യോജിപ്പിച്ചാൽ,
വിഷ്ണു എന്നതിന് നിരുക്തകാരൻ പറയുന്നത്, വിഷ് ലൃ വ്യാപ്തൌ, വിശേഷേണ വ്യാപ്നോതി ഇതി. വ്യാപിച്ചിരിക്കുന്നതുകൊണ്ട് വിഷ്ണു.
വിഷ്ണുവിന്റെ മറ്റൊരു പേരാണ് നാരായണൻ.
നാരായണ ശബ്ദത്തിന് നാരം അയനം യസ്യ എന്നാണ് സമാസം. അയ ഗതൌ എന്നും, നൃൃൻ നയതി എന്നും ധാത്വര്ഥം സ്വീകരിച്ചാൽ, നയിക്കുന്നതായ ഗതിയെയാണ് നാരായണ ശബ്ദം കൊണ്ട് ആചാര്യൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം.
ഇനി ഒന്നിന്റെ സ്വരൂപത്തെ മനസ്സിലാക്കണമെന്നു വക്കുക.
ഉദാഹരണം കര്കടി..കര്കം പരിണാമേ ശുക്ലതാം അടതി ഗച്ഛതി വാ ഇതി. അതായത് പരിണാമത്തിൽ ശുക്ലതയെ പ്രാപിക്കുന്നത് എന്തോ അതാണ് കര്കടി. ഇതിന് മറ്റൊരു അര്ഥം കൂടിയുണ്ട്. കര്കം കണ്ടകം അടതി ഗച്ഛതി. മുള്ളുണ്ടാകുന്നതാണ് കര്കടീ. അപ്പോൾ ദ്രവ്യത്തെ തിരിച്ചറിയാനുള്ള രൂപാദികളെയാണ് ഇവിടെ ധാത്വര്ഥത്തിൽ യോജിപ്പിച്ചിരിക്കുന്നത്.
ഇനി ഒരു ദ്രവ്യത്തിന്റെ കര്മ്മത്തെ മനസ്സിലാക്കണമെന്നു വക്കൂ..
ഉദാഹരണത്തിന് കകുഭം. സാധാരണ നീര്മരുത് എന്നാണ് മലയാളത്തിൽ ഇതിന് അര്ഥം പറയുന്നത്. കം വാതം സ്കുഭ്നാതി വിസ്താരയതി ഇതി കകഭഃ. വാതത്തെ വിസ്തരിപ്പിക്കുന്നതുകൊണ്ടാണ് കകുഭം എന്ന പദം വന്നിരിക്കുന്നത്.
അതായത് ഓരോ പദവും ഉണ്ടാക്കിയിരിക്കുന്നത് ധാതുക്കളെ കൊണ്ടാണ്. അതിനെ ആധാരമാക്കി ആ പദത്തിൽ ഒരു അര്ഥത്തെയും യോജിപ്പിച്ചിട്ടുണ്ടാകും.
വിധാതാ എന്നാൽ ബ്രഹ്മാവ്, ഹരിയെന്നാൽ വിഷ്ണു, ശിവനെന്നാൽ രുദ്രൻ ഇങ്ങിനെ ഒന്നിന് മറ്റൊരു നാമം അര്ഥമായി പറയുമ്പോൾ നഷ്ടമാകുന്നത് ആ പദത്തിലൂടെ ദ്യോതിപ്പിക്കുന്ന ആശയം കൂടിയാണ്. ഇതെ പോലെ വിശ്വം, ജഗത്, ലോകം ഇവയെല്ലാം ഒന്നല്ല.
ദ്രവ്യം ഗുണം കര്മ്മം സാമാന്യം വിശേഷം സമവായം അഭാവം തുടങ്ങി ഏഴു തരത്തിൽ പദാര്ഥങ്ങളെ വിഭജിച്ച്, അതിനെ മനസ്സിലാക്കുന്നതിന് വേണ്ടി ആ അര്ഥങ്ങളെ ധാതുവിലൂടെ യോജിപ്പിച്ചാണ് സംസ്കൃതത്തിൽ പദങ്ങളുണ്ടാക്കിയിരിക്കുന്നത്. പദാര്ഥവിജ്ഞാനീയത്തിനാണ് ഇത്തരത്തിൽ ശൈലിയെ സ്വീകരിച്ചിരിക്കുന്നത്. ഒരു പദത്തിന് മറ്റൊരു പദം അര്ഥമായി പറഞ്ഞാൽ ഈ അര്ഥം നമുക്ക് മനസ്സിലാക്കാൻ സാധ്യമാകാതെ വരും എന്നു മാത്രമല്ല നേർവിപരീതമായ അര്ഥം തോന്നുകയും ചെയ്യും.
സംസ്കൃതത്തിൽ വ്യത്യസ്തമായ പദങ്ങളെന്തിന് എന്ന് മനസ്സിലായി കാണുമല്ലോ... ഒരു നാമത്തിന്റെ അര്ഥം മറ്റൊരു നാമമല്ല. ഓരോ പദത്തിന്റേയും അര്ഥം മനസ്സിലാക്കേണ്ടത് അതിന്റെ തന്നെ ധാതുവിൽ നിന്നാണ്. അതു മനസ്സിലക്കാൻ ഒരെ ഒരു വഴിയേയുള്ളു, ആ പദത്തിന്റെ ധാതുവിനെ മനസ്സിലാക്കി ആ അര്ഥത്തെ അറിയുക.

No comments:

Post a Comment